ചൊവ്വാഴ്ച, നവംബർ 29, 2005

മണ്ണേ അടിയന്‌ മാപ്പ്‌തരൂ

എനിക്ക്‌ നേരിട്ട്‌ കഴിക്കുവാൻ കഴിയാത്തതൊന്നും ഞാൻ മണ്ണിന്‌ അധികമായി നൽകുകയില്ല എന്ന്‌ പ്രതിജ്ഞയെടുക്കുന്നു. എൻ.പി.കെ പൂർണമായും ഒഴിവാക്കി റബ്ബർ കൃഷി ജൈവകൃഷിരീതിയിലേയ്ക്ക്‌ മാറ്റുന്നു. ബയോഗ്യാസ്‌ സ്ലറി ഉപയോഗിക്കുമ്പോൾ കട്ടിയാകുന്ന കറയുടെ കട്ടി കുറയ്ക്കുവാൻ ആവശ്യത്തിനനുസരിച്ച്‌ സെക്കന്ററി ന്യൂട്രിയൻസായ മഗ്നീഷ്യവും കാൽസ്യവും നൽകുന്നു. റബ്ബർബോർഡിലെ മുൻ ഗവേഷക എൽ.തങ്കമ്മ ഉത്തേജക ഔഷധമായ എഥിഫോൺ ഹാനികരമാണ്‌ എന്നുപറഞ്ഞത്‌ ഞാനിപ്പോൾ മനസിലാക്കുന്നു. മൂന്നു വർഷത്തിനകം കേരളത്തിലെ പ്രതിഹെക്ടർ ഉത്‌പാദനം രാസവളവും എഥിഫോണും കാരണം കുറയുവാൻ പോകുന്നു. ഇത്‌ കർഷകർ ഒരു മുന്നറിയിപ്പായി കണക്കാക്കുക.
എഥിഫോൻ ഉപയോഗിക്കുമ്പോൾ ലാറ്റക്സ്‌ ക്രമാതീതമായി പുറന്തള്ളുകയും ഫ്ലോയരസം പാൽക്കുഴലുകളെ നിറയ്ക്കുകയും മഗ്നീഷ്യത്തിന്റെ കുറവുകാരണം കാർബോഹൈഡ്രേറ്റ്‌സിന്റെ ഉത്‌പാദനം കുറയുകയും ക്രമേണ പട്ടമരപ്പായി ഫ്ലോയം പോലും ഉണങ്ങുവാൻ കാരണമാകുന്നു. മനുഷ്യ ശരീരത്തിൽ വിഷം കടത്തിവിട്ട്‌ ചോര ഊറ്റുന്നതുപോലെതന്നെയാണ്‌ ഇതും.എൻ.പി.കെ തുടർച്ചയായി നൽകിയാൽ മണ്ണിലെ ജീവാണുക്കൾ നശിക്കുകയും മണ്ണിന്റെ മരണത്തിന്‌ കാരണമാകുകയും ചെയ്യും. ജീവാണുക്കളെ നിലനിറുത്തുവാനും മണ്ണിനെ ഫലഭൂയിഷ്ടമാക്കുവാനും ബയോഗ്യാസ്‌ സ്ലറി നൽകുന്നതിലൂടെ സാധിക്കും. ഓർഗാനിക്‌ റീ സൈക്ലിംഗ്‌ എന്ന പ്രക്രിയ കളയും കളപ്പയറും പശുക്കൾക്ക്‌ നൽകി അതിൽ നിന്ന്‌ ലഭിക്കുന്ന ഓർഗാനിക്‌ പാൽ കഴിച്ചും ചാണകവും ജൈവാവശിഷ്ടങ്ങളും സ്ലറിയാക്കി മാറ്റിയും മണ്ണിരകളെ വളരുവാൻ അവസരമൊകുക്കിയും ആഗോളവത്‌ക്കരണത്തിന്റെ നല്ല വശങ്ങളുടെ സഹായത്താൽ കർഷകന്റെ കടമ നിറവേറ്റും ഞാൻ മണ്ണിനോട്‌ കാട്ടിയ ചതി ചൂഷണം മുതലായവ അവസാനിപ്പിച്ച്‌ മണ്ണിന്‌ കുടിയ്ക്കാൻ ശുദ്ധജലവും ജൈവാഹാരവും നൽകും. ആഗോളവത്‌ക്കരണ സ്വകാര്യവത്‌ക്കരണ ഉദാരവത്‌ക്കരണങ്ങളുടെ ദോഷവശങ്ങളെയും ആഭ്യന്തര ചൂഷണത്തെയും നേരിടുകതന്നെ ചെയ്യും.

തിങ്കളാഴ്‌ച, നവംബർ 21, 2005

കേരളത്തിലെ മണ്ണിനങ്ങൾ

ഇത്‌ മണ്ണും മനുഷ്യനും പരിസ്ഥിതിയും എന്ന ബ്ലോഗിന്റെ തുടർച്ചയാണ്‌:-
ഇന്ത്യയിലെ മണ്ണിനങ്ങളിൽ മിക്കവയും കേരളത്തിൽ കാണപ്പെടുന്നവയാണ്‌. അവയുടെ സ്വഭാവവൈജാത്യങ്ങളെപ്പറ്റി താഴെ പ്രതിപാദിച്ചിരിക്കുന്നു.
൧. വനമണ്ണ്‌: കേരളത്തിന്റെ വിസ്‌തൃതിയുടെ ഏതാണ്ട്‌ 26 ശതമാനം ഈ മണ്ണുകൊണ്ട്‌ മൂടിയിരിക്കുന്നു. മൃത്തികാ പർഛേദികയുടെ ഉപരിതലത്തിൽ കാണുന്ന ക്ലേദ്നിര ഇവയുടെ ഒരു പ്രത്യേകതയാണ്‌. സസ്യനിബിഡമായ ഈ പ്രദേസങ്ങളിൽ ജൈവാംസത്തിന്റെ അളവ്‌ താരതമ്യേന കൂടുതലാണ്‌. അതിനാൽ ഇവയ്ക്ക്‌ കറുപ്പ്‌` കലർന്ന തവിട്ടുനിറമാണുള്ളത്‌. വളക്കൂറുള്ള ഈ മണ്ണുകളുടെ വിന്യാസം ഏറ്റവും മെച്ചപ്പെട്ടതത്രെ. വർഷപാതത്തിന്റെ ആധിക്യം കാരണം ഇവയിലെ കുമ്മായാംശം വളരെ കുറഞ്ഞിരിക്കുന്നു. കൂടാതെ പരിഛേദികയിലെ സംസ്തരങ്ങൾ തമ്മിലുള്ള വിഭേദനം (അന്തരം) വളരെ പ്രകടമായിരിക്കുകയും ചെയ്യുന്നു. കേരളത്തിലെ മറ്റു മണ്ണിനങ്ങളെപ്പോലെ ഇവയിലും ഫോസ്ഫരസിന്റെ അളവ്‌ തുലോം കുറവാണ്‌. ഇവയുടെ പി.എച്ച് മിക്കവാറും 6-ൽ താഴെയായിരിക്കും. കേരളത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഇവ വ്യാപിച്ചുകിടക്കുന്നു.
൨. വെട്ടുകൽ മണ്ണ്‌: യഥാർത്ഥത്തിലുള്ള വെട്ടുകൽമണ്ണ്‌ കേരളത്തിലാണ്‌ കാണപ്പെടുന്നത്‌. ഉഷ്ണമേഖലയിൽ സ്ഥിതിചെയ്യുന്നതിനാലും ധാരാളം മഴയുള്ളതുകൊണ്ടും ഇത്തരം മണ്ണുകളുടെ രൂപ്പീകരണം ഇവിടെ വളരെ വേഗത്തിൽ സംഭവിക്കുന്നു. ആദ്യമായി ഈ മണ്ണുകളെ ശാസ്ത്രീയപഠനത്തിന്‌ വിധേയമാക്കിയതും നാമകരണം ചെയ്തതും കേരളത്തിലായിരുന്നു. ഫ്രാൻസിസ്‌ ബുക്കാനൻ എന്ന ആംഗ്ലേയ ശാത്രജ്ഞൻ പെരിന്തൽമണ്ണയ്ക്കടുത്തുള്ള അങ്ങാടിപ്പുറത്തുനിന്നും ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചശേഷമാൺ് ഇവയെപ്പറ്റിയുള്ള ശാസ്ത്രീയ പഠനമാരംഭിച്ചത്‌. ഇഷ്ടിക എന്നർത്ഥം വരുന്ന ലാറ്റർ എന്ന പദത്തിൽ നിന്നാണ്‌ ഇവയ്ക്ക്‌ ലാറ്ററൈറ്റ്‌ എന്ന പേര്‌ ലഭിച്ചത്‌. അധികരിച്ചതോതിൽ അയണിന്റെയും അലുമിനിയത്തിന്റെയും ഹൈഡ്രീകൃത ഓക്സൈഡുകൾ അടങ്ങിയിരിക്കുന്നുവെന്നതാണ്‌ ഇവയുടെ ഒരു പ്രത്യേകതയെന്ന്‌ നാം മുൻപ്‌ മനസിലാക്കിയല്ലോ. അമ്ലസ്വഭാവമുള്ള ഈ മണ്ണുകളിലെ ഫോസ്‌ഫറസ്‌,കുമ്മായാംശം, പൊട്ടാഷ്‌ എന്നിവയുടെ അളവ്‌ സസ്യോൽപ്പാദനത്തെ സംബന്ധിച്ചിടത്തോളം തൃപ്തികരമല്ല. കേരളത്തിൽ ഇടനാടു മുഴുവനും ഇത്തരം മണ്ണു കാണപ്പെടുന്നു.
൩. എക്കൽമണ്ണ്‌: നദീമുഖങ്ങളിലും, കായൽതീരങ്ങളിലും കണ്ടുവരുന്ന ഇത്തരം മണ്ണുകൾ പൊതുവേ ഗുരുത്വമേറിയവയും താരതമ്യേന ജൈവാംശമുള്ളവയുമാണത്രെ. ചെറിയതോതിൽ അമ്ലാംശമുള്ളവയാണെങ്കിലുംകേരളത്തിൽ കൃഷിക്കുപയോഗിക്കുന്ന മണ്ണുകളുടെ കൂട്ടത്തിൽ ഏറ്റവും ഫലപുഷ്ടിയുള്ളവയാണ്‌. കുട്‌ടനാട്‌, കോൾ നിലങ്ങൾ, പൊക്കാള നിലങ്ങൾ, കൈപ്പാട്‌ നിലങ്ങൾ എന്നിവ ഇത്തരം മണ്ണുകളുടെ വിസ്‌തൃതമായ പാടശേഖരങ്ങളത്രെ. കായലുകളുടെയും സമുദ്രത്തിന്റെയും സാമീപ്യം നിമിത്തം ചില കാലങ്ങളിൽ ഇവയുടെ ലവണാംശം അധികരിച്ചിരിക്കുന്നു.
൪. ചൊരിമണ്ണ്‌ അഥവാ മണൽമണ്ണ്‌: ക്ലേയാംശം വളരെ കുറവും പരുക്കൻ മണൽ വളരെ കൂടുതലും ഉള്ള ഇത്തരം മണ്ണുകൾ കേരളത്തിന്റെ സമുദ്രതീരപ്രദേശങ്ങളിൽ കണ്ടുവരുന്നു. ഇവ ചെറിയതോതിൽ അമ്ലാംശം അടങ്ങിയവയാണ്‌. ഇവയിലെ സസ്യാഹാര മൂലകങ്ങളുടെ അളവ്‌ തുലോം കുറവാണ്‌. അതിനാൽ ഇവയുടെ ഫലപുഹ്ടി ഏറ്റവും കുറഞ്ഞിരിക്കുന്നു. ഈ മണ്ണുകളിലെ പ്രധാന ധാതുഘട്കം ക്വാർട്ട്‌സ്‌ ആണ്‌. ജലസംഭരണശേഷി വളരെ മോശമായ ഈ പ്രദേശൻഗളിലെ പ്രധാനകൃഷി തെങ്ങാണ്‌. വേണ്ടത്ര തോതിൽ ജൈവാംശവും, മറ്റുവളങ്ങളും ചേർക്കുന്നതുവഴി ഇവയുടെ ഫലപുഷ്ടി ഒരു പരിധിവരെ മെച്ചപ്പെടുത്താവുന്നതാണ്‌.
൫. കാതര മണ്ണ്‌: തമിഴ്‌നാട്‌, ആന്ധ്ര, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ വിപുലമായ തോതിൽ കാണപ്പെടുന്ന ഇത്തരം മണ്ണുകൾ കേരളത്തിൽ വളരെ കുറച്ചു സ്ഥലങ്ങളിൽ മാത്രമേ കണ്ടുവരുന്നുള്ളു. പാലക്കാട്‌` ജില്ലയിലെ ചിറ്റൂർ താലൂക്കിന്റെ കിഴക്കൻ പ്രദേശങ്ങളിൽ മാത്രമാണ്‌ ഇവ കാണപ്പെടുന്നത്‌. ജൈവാംശം താരതമ്യേന കുറവാണെങ്കിലും ഇവയ്ക്ക്‌ കടുപ്പമേവ്വ്രിയ കറുപ്പുനിറമാണുള്ളത്‌. കുറഞ്ഞതോതിലുള്ള നൈട്രജൻ, ഫോസ്‌ഫറസ്‌ എന്നിവയും, താരതമ്യേന മെച്ചമായ തോതിലടങ്ങിയിട്ടുള്ള പൊട്‌ടാഷ്‌, കാൽസ്യം എന്നിവയും ഈ മണ്ണുകളുടെ പ്രത്യേകതയാണ്‌. വരണ്ട കാലാവസ്ഥയിൽ ഈ മണ്ണ്‌ വെടിച്ചുകീറി ഇവയിൽ വലിയ വിള്ളലുകൾ ഉണ്ടാകുക സാധാരണമാണ്‌. മറ്റ്‌ സ്ഥലങ്ങളിലേതിനെ അപേക്ഷിച്ച്‌ ഇവിടത്തെ കാതര മണ്ണിൽ ക്ഷാരത താരതമ്യേന കുറഞ്ഞിരിക്കുന്നു. കരിമ്പ്‌, നിലക്കടല, നെല്ല്‌ എന്നിവയാണ്‌ ഈ മണ്ണുകളിൽ പ്രധാനമായും കൃഷിചെയ്യുന്ന വിളകൾ.
൬. ചെമ്മണ്ണ്‌: കേരളത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ തിരുവനന്തപുരം, നെയ്യാറ്റിങ്കര എന്നീ താലൂക്കുകളിൽമാത്രം കാനപ്പെടുന്ന ഒരു മണ്ണിനമത്രെ ചെമ്മണ്ണ്‌. ഈ മണ്ണിലെ സംസ്തരങ്ങൾ തമ്മിലുള്ള അന്തരം അത്ര പ്രകടമല്ല. ചൊരിമണൽ താരതമ്യേന കൂടിയ തോതിൽ അടങ്ങിയിരിക്കുന്നതുകൊണ്ട്‌ ഇവയിൽ നീർവാർച്ച കൂടിയിരിക്കുന്നു. അയണിന്റെ സംയുക്തങ്ങളുടെ ആധിക്യവും ജൈവാംശത്തിന്റെ കുറവും കാരണമാണ്‌ ഇവയ്ക്ക്‌ കടുത്ത ചുവപ്പുനിറമുണ്ടായിരിക്കുന്നത്‌. അമ്ലീയമായ ഈ മണ്ണുകളിലെ പ്രധാന സസ്യാഹാര മൂലകങ്ങളുടെ അളവ്‌ കുറവാണ്‌. എങ്കിലും സമീകൃത വളപ്രയോഗം കൊണ്ട്‌ ഇവയുടെ ഫലപുഷ്ടി വർദ്ധിപ്പിക്കാമെന്ന്‌ പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്‌.
൭. കരിനിലങ്ങൾ: ചതുപ്പുനിലങ്ങളുടെ കൂട്ടത്തിൽ പെടുന്ന ഈ നിലങ്ങൾ ആലപ്പുഴ ജില്ലയിലും കോട്ടയം ജില്ലയിലേയും, വൈക്കം തലൂക്കിലുമായി ഏതാണ്ട്‌ 80 ച.മൈൽ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. ഇവയിലെ ജൈവാംശം വളരെ കൂടിയിരിക്കുന്നതിനാൽ (20 ശതമാനത്തിലസ്ധികം) നല്ല കറുത്ത നിറമാണുള്ളത്‌. ഗുരുത്വമേറ്യ ഈ മണ്ണുകളിലെ നീർവാർച്ച വളരെ കുറവാണ്‌. കടുത്ത അമ്ലാംശമുള്ള ഇവയുടെ പി.എച്ച്‌ സൂചിക മിക്കവാറും 4-ൽ താഴെ ആയിരിക്കുന്നു. അലുമിനിയം, അയൺ എന്നിവയുടെ ലേയത്വം കൂടിയ ലവ്‌അണങ്ങൾ വലിയതോതിൽ അടങ്ങിയിരിക്കുന്നതിനാൽ പല സ്ഥലങ്ങളിലും കൃഷി സാധ്യമല്ല. വർഷ്ഠ്തിൽ ഏറിയ സമയവും ജലത്താൽ മൂടപ്പെട്ടിരിക്കുന്നതിനാൽ ഒരു വിള മാത്രമേ ഇവയിൽനിന്നും എടുക്കാൻ കഴിയുന്നുല്ലു. നൈട്രജെന്റെ അളവ്‌ മെച്ചമാണെങ്കിലും ഫോസ്‌ഫറസ്‌, കുമ്മായാംശം എന്നിവയുടെ അഭാവം ഈ മന്നിന്റെ സങ്കീർണ സ്വഭാവത്തിന്‌ ആക്കം കൂട്ടുന്നുണ്ട്‌.
"കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റിയിലെ (Soil Science) മുൻ പ്രൊഫസർ കൈമാറിയ ഇത്രയും വിലപിടിപ്പുള്ള അറിവ്‌ മാത്രം മതി കേരളത്തിലെ കർഷകർക്ക്‌ സ്വയം അവരുടെ കൃഷി പരിപാലനത്തിന്‌."

ഞായറാഴ്‌ച, നവംബർ 20, 2005

മണ്ണും മനുഷ്യനും പരിസ്ഥിതിയും

ലേഖകന്‍: ഡോ. തോമസ്‌വര്‍ഗീസ്‌ - 1995 -ല്‍ പ്രസിദ്ധീകരിച്ചത്‌
ലോക ഭക്ഷ്യകാര്‍ഷിക സംഘടനയുടെ കണക്കുകളനുസരിച്ച്‌ ഒരു ദിവസം സൂര്യനുദിച്ച്‌ അസ്തമിക്കുന്നതിനിടയില്‍ ഈ പൂമുഖത്ത്‌ പതിനായിരത്തിലേറെപേര്‍ പട്ടിണികാരണം മരണമടയുന്നു! കാര്‍ഷികമേഖലയില്‍ വമ്പിച്ച പുരോഗതി ഉണ്ടായിട്ടും ലോക ജനസംഖ്യയുടെ ഇരുപത്‌ ശതമാനത്തോളം ജനങ്ങള്‍ക്ക്‌ ആരോഗ്യകരമായ ജീവിതം നയിക്കുവാനുള്ള ആഹാരം ലഭിക്കുന്നില്ലെന്നും കണക്കുകള്‍ കാണിക്കുന്നു. ആമാശയ ദുഃഖം അടക്കുവാനാകാത്ത അനേക സഹസ്രം കുഞ്ഞുങ്ങള്‍ ഭൂമദ്ധ്യരേഖയോടടുത്ത്‌ കിടക്കുന്ന ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലുമുള്ള രാജ്യങ്ങളില്‍ പട്ടിണിക്കും രോഗത്തിനും മരണത്തിനും വിധേയരാകുന്ന ദുസ്ഥിതിയിലാണിന്ന്‌.
എന്തുകൊണ്ടാണ്‌ ഭൂമദ്ധ്യരേഖയ്ക്ക്‌ സമീപം സ്ഥിതിചെയ്യുന്ന മൂന്നാം ലോകരാജ്യങ്ങള്‍ പട്ടിണിയുടെ പിടിയിലമര്‍ന്നിരിക്കുന്നത്‌? പട്ടിണിയുടെ പൊരുളും പൊരുത്തക്കേടും അന്വേഷിച്ചിറങ്ങുമ്പോഴാണ്‌ ഈ രാജ്യങ്ങളിലെ കാര്‍ഷികോല്‍പ്പാദനത്തിലും ഉല്‍പ്പാദനക്ഷമതയിലും പരിസ്ഥിതിയിലും സംഭവിച്ചിരിക്കുന്ന താളക്കേടുകള്‍ മനസിലാവുക. ഒരുകാലത്ത്‌ ഇടതൂര്‍ന്ന ഉഷ്ണമേഖലാ വനങ്ങള്‍ നിറഞ്ഞിരുന്ന പ്രദേശമായിരുന്നു ഈ രാജ്യങ്ങള്‍. കൊളോണിയല്‍ ഭരണം വ്യാപിച്ചതോടെ ഈ വനങ്ങള്‍ അതിവേഗത്തില്‍ വെട്ടി നശിപ്പിക്കുകയുണ്ടായി. പ്രകൃതിയുമായി ഇണങ്ങുന്ന പാരമ്പര്യ കൃഷിരീതികള്‍ പ്ലാന്റേഷന്‍ കൃഷിരീതികള്‍ക്ക്‌ വഴിമാറിയതോടെ മണ്ണിന്റെ ഫലപുഷ്ടിയിലും മാറ്റങ്ങള്‍ സംഭവിച്ചു.
മണ്ണ്‌ മരിക്കുന്നുവോ?
മണ്ണിന്‌ സംഭവിച്ച ഈ അപക്ഷയമാണ്‌ മൂന്നാം ലോകരാജ്യങ്ങളിലെ കാര്‍ഷികോല്‍പ്പാദന ശ്രമങ്ങളെ പലതിനെയും തകിടം മറിച്ചതെന്നാണ്‌ ഇക്കാര്യത്തെപ്പറ്റി പഠിച്ച പല അന്താരാഷ്ട്ര വിദഗ്ദ്ധ സമിതികളും അഭിപ്രായപ്പെട്ടിരിക്കുന്നത്‌`. വാഷിംടണ്‍ ആസ്ഥാനമായുള്ള വേള്‍ഡ്‌ റിസോര്‍സസ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ നടത്തിയ പഠനമനുസരിച്ച്‌ രണ്ടാം ലോകമഹയുദ്ധത്തിനുശേഷം ലോകത്താകമാനം ഏതാണ്ട്‌ 120 കോടി ഹെക്ടര്‍ കൃഷിഭൂമി ഉപയോഗശൂന്യമായിക്കഴിഞ്ഞുവെന്ന്‌ അവകാശപ്പെടുന്നു. ഇന്ത്യയുടെയും ചൈനയുടെയും മൊത്തം വിസ്‌തൃതിയ്ക്ക്‌ തുല്യമാണിത്‌. മണ്ണ്‌ അനശ്വരമായ ഒരു അക്ഷയപാത്രമാണെന്നാണ്‌ പൊതുവെയുള്ള വിശ്വാസം. എന്നാല്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തുന്ന വിവേചനരഹിതമായ പ്രവര്‍ത്തനങ്ങള്‍ വഴി ഈ അനശ്വരശേഖരം തകര്‍ന്ന്‌ തരിപ്പണമാകുമെന്നും അങ്ങിനെ മണ്ണിന്റെ മരണത്തോടൊപ്പം അത്‌ ജന്മം നല്‍കിയ മനുഷ്യ സംസ്കാരവും മരിക്കുമെന്നും ശാസ്ത്രം മുന്നറിയിപ്പുനല്‍കുന്നു.
രണ്ടായിരം കൊല്ലങ്ങള്‍ക്ക്‌ മുമ്പ്‌ യൂഫ്രട്ടീസ്‌, ടൈഗ്രീസ്‌ എന്നീ നദികള്‍ക്കിടയില്‍ നിലനിന്നിരുന്ന സസ്യശ്യാമള ഭൂവിഭാഗമായിരുന്നു മെസപ്പൊട്ടാമിയ എന്നാണ്‌ ചരിത്രം. ഇന്ന്‌ ആ സ്ഥാനത്ത്‌` ഇറാക്ക്‌ എന്ന മണലാരണ്യപ്രദേശമാണെന്ന്‌ ഓര്‍ക്കണം. ഇന്ത്യയിലുമുണ്ട്‌ ഇമ്മാതിരി മരുവല്‍ക്കരണത്തിന്റെ ഉദാഹരണങ്ങള്‍. പഞ്ചാബിലെ പാബി-ശിവാലിക്‌ കുന്നുകള്‍ ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ കാലത്ത്‌ ഇടതൂര്‍ന്ന വനങ്ങളായിരുന്നുപോലും. ഇന്നാകട്ടെ മുള്‍പടര്‍പ്പുകളും, കുറ്റിച്ചെടികളും മൊട്ടക്കുന്നുകളുമാണവിടെ. കേരളത്തിലെ അട്ടപ്പാടിയും, ഇരുട്ടുകാനവും, കുളിര്‍കാടും, നിലമ്പൂരും, ഇടുക്കിയും ഈ ദുരന്തത്തിന്റെ മൂക സാക്ഷികളായി തീര്‍ന്നിരിക്കുന്നു.
അനേകായിരം വര്‍ഷങ്ങളായി ഭൂമിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഭൌതിക-രാസ-ജൈവ പരിണാമ പ്രക്രിയയുടെ ഫലമായാണ്‌ നാം ഇന്ന്‌ കൃഷിചെയ്യാനുപയോഗിക്കുന്ന മണ്ണ്‌ ഉണ്ടായിട്ടുള്ളത്‌. പ്രകൃത്യാ സങ്കീര്‍ണമായ ഈ മണ്ണില്‍ പരിസ്ഥിതികള്‍ക്കനുസൃതമായി നിരന്തരം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ മാറ്റങ്ങളുടെ ആകെത്തുകയാ ഒരു പ്രത്യേക ഇനം മണ്ണിന്റെ ഉല്‍പ്പാദനശേഷി നിര്‍ണയിക്കുന്നത്‌. പാറ പൊടിഞ്ഞ്‌ മണ്ണുണ്ടാകുന്നുവെന്നാണ്‌ പലരും ധരിച്ചിരിക്കുന്നത്‌. പാറ പൊടിഞ്ഞാല്‍ മണ്ണല്ല പാറപ്പൊടിയാണ്‌ കിട്ടുക. ജീവനുള്ള ഇത്തരം മണ്ണ്‌ പ്രകൃതിയുടെ അമൂല്യ സംഭാവനയാണ്‌ ഭൂമിയുടെ ഉപരിതലത്തില്‍ ഒരു ഇഞ്ച്‌ ജീവനുള്ള മേല്‍മണ്ണ്‌ ഉണ്ടാകുവാന്‍ ഒരായിരത്തിലേറെ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌.
അപക്ഷയം സംഭവിച്ച പാറക്കഷണങ്ങളില്‍ കാലാവസ്ഥ, ജൈവലോഹം, നിമ്നോന്നത എന്നീ ഘടകങ്ങളുടെ സ്വാധീനം ഒരു നിശ്ചിത കാലത്തോളം നടക്കുമ്പോഴാണ്‌ ഒരു പ്രതേക ഇനം മണ്ണ്‌ രൂപം കൊള്ളുന്നത്‌. ഇപ്രകാരം ഉണ്ടാകുന്ന മണ്ണ്‌ പ്രകൃത്യായുള്ള പരിസ്ഥിതിയുമായി സമതുലനാവസ്ഥയിലായിരിക്കുമ്പോള്‍ അതിന്റെ മൂല്യ നഷ്ടം കാര്യമായ തോതില്‍ സംഭവിക്കാനിടയില്ല. എന്നാല്‍ മനുഷ്യന്‍ എന്ന ഘടകം സ്വന്തം ആവശ്യങ്ങള്‍ക്കായി ഈ സന്തുലിതാവസ്ഥ തകര്‍ക്കുവാന്‍ തുടങ്ങുമ്പോഴാണ്‌ മണ്ണിന്റെ നാശം ആരംഭിക്കുന്നത്‌.
ഫലപുഷ്ടിയുള്ള മേല്‍മണ്ണ്‌ ഭൂമുഖത്തിന്റെ ഉപരിതലത്തില്‍ ഏതാണ്ട്‌ ഒരടി താഴെവരെ മാത്രമേ കാണുകയുള്ളു. വനപ്രദേശങ്ങളില്‍ ഇതിന്റെ ആഴം മൂന്നോ നാലോ അടിയോളം കണ്ടേയ്ക്കാം. എന്നാല്‍ വന നശീകരണവും, വിവേചനരഹിതമായ കൃഷിരീതികളും കൊണ്ട്‌ പലസ്ഥലങ്ങളിലും ഈ അമൂല്യ ശേഖരത്തിന്റെ കനം ഏതാനും ഇഞ്ച്‌മാത്രമായി ചുരുങ്ങിവരുന്നുവെന്നുള്ളതാണ്‌ ദുഃഖകരമായ യാഥാര്‍ത്ഥ്യം. മനുഷ്യനുള്‍പ്പെടെ ഭൂമിയിലെ എല്ലാ ജീവജലങ്ങളുടെയും നിലനില്‍പ്പ്‌ ഈ നേരിയ കനത്തിലുള്ള മേല്‍മണ്ണിനെ ആശ്രയിച്ച് ആണ്‌ ഇരിക്കുന്നത്‌.
മരുവല്‍ക്കരണം എങ്ങനെ?
മണ്ണിന്റെ അപക്ഷയവും തന്മൂലമുണ്ടാകുന്ന മരുവല്‍ക്കരണവും രൂക്ഷമായി കാണപ്പെടുന്നത്‌` ഭൂമദ്ധ്യരേഖയ്ക്ക്‌ സമീപമുള്ള ആര്‍ദ്രതയേറിയ ഉഷ്ണമേഖല പ്രദേശങ്ങളിലാണ്‌. അതിവൃഷ്ടിമൂലമുണ്ടാകുന്ന മണ്ണൊലിപ്പ്‌, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം എന്നിവയ്ക്ക്‌ പുറമേ ലാറ്ററീകരണം എന്ന ഭൌതിക-രാസപ്രക്രിയയും ഈ മേഖലയിലെ കൃഷിയിടങ്ങള്‍ക്ക്‌ നാശം വിതയ്ക്കുന്നു. കനത്ത വര്‍ഷപാതവും, വരള്‍ച്ചയും ഇടവിട്ടുണ്ടാകുന്ന മേഖലകളിലാണ്‌ ലാറ്ററൈറ്റ്‌ അഥവാ വെട്ടുകല്‍മണ്ണുകളുണ്ടാവുന്നത്‌. മണ്ണിന്റെ ഉല്‍പ്പാദനക്ഷമത നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നീ ക്ഷാരമൂലകങ്ങളും സിലിക്കയും ലാറ്ററീകരണ പ്രക്രിയയിലൂടെ നിര്‍ഗമന ജലത്തോടൊപ്പം മണ്ണില്‍നിന്ന്‌ കീഴ്‌നിരകളിലേയ്ക്ക്‌ നീക്കം ചെയ്യപ്പെടുകയും ഇരുമ്പിന്റെയും, അലുമിനിയത്തിന്റെയും ഓക്‌സൈഡുകള്‍ മേല്‍ നിരകളില്‍ കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുന്നു. ഇരുമ്പിന്റെ അംശം ഏറിവരുന്നതിനാലും ജൈവാംശം നഷ്ടപ്പെട്ടുപോയതിനാലും ആണ്‌ ഇവയുടെ നിറം ചുവപ്പായി തീര്‍ന്നിരിക്കുന്നത്‌. അമ്ലത അധികരിച്ചതും ഉല്‍പ്പാദനശേഷി കുറഞ്ഞതുമായ ഇത്തരം വെട്ടുകല്‍ മണ്ണുകള്‍ ഇന്ന്‌ ഉഷ്ണമേഖലാ പ്രദേശത്തുള്ള പല വികസ്വര രാജ്യങ്ങളുടെയും പുരോഗതിയ്ക്ക്‌ പ്രധാന വിലങ്ങായിത്തീര്‍ന്നിരിക്കുന്നു. മണ്ണിന്റെ മരണത്തിനിടയാകുന്ന ലാറ്ററീകരണത്തെപ്പറ്റി കാര്‍ഷിക ശസ്ത്രജ്ഞന്മാര്‍ തിരക്കിട്ട ഗവേഷണത്തിലേര്‍പ്പെട്ടിരിക്കുകയാണ്‌. ഭൂമുഖത്തെ മണ്ണിനങ്ങളില്‍ 13 ശതമാനത്തിലേറെയും വെട്ടുകല്‍ മണ്ണുകളാണ്‌. തെക്കേ അമേരിക്ക, ആഫ്രിക്ക, ആസ്ട്രേലിയ, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിലാണ്‌ ഇവയിലേറെയും വ്യാപിച്ചുകിടക്കുന്നത്‌`. ഇന്ത്യയില്‍ത്തന്നെ ഏഴ്‌ കോടി ഹെക്ടര്‍ സ്ഥലത്ത്‌ വെട്ടുകല്‍ മണ്ണുകളും അവയ്ക്ക്‌ സമാനമായ ചെമ്മണ്ണുകളുമുണ്ടെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌. കേരളത്തിലാകട്ടെ മൊത്തം കൃഷിയിടത്തിന്റെ 60 ശതമാനത്തിലേറെയും ഇത്തരം മണ്ണുകളാണുള്ളത്‌. ലാറ്ററൈറ്റ്‌ എന്ന പദം ആദ്യമായി ഉപയോഗിച്ചതും ഈ പ്രത്യേകതരം ധാതു പദാര്‍ത്ഥത്തെ ആദ്യമായി ശാസ്ത്രശ്രദ്ധയ്ക്ക്‌ വിഷയീഭവിപ്പിച്ചതും കേരളത്തില്‍നിന്നാണെന്നത് എടുത്ത്‌ പറയേണ്ട കാര്യമത്രേ. എ.ഡി 1800-ല്‍ ഫ്രാന്‍സിസ്‌ (ഹാമില്‍ട്ടണ്‍) ബുക്കാനന്‍ എന്ന ഇംഗ്ലീഷുകാരനായ ശാസ്ത്രജ്ഞന്‍ തന്റെ ഔദ്യോഗികപര്യവേഷണത്തിന്റെ ഭാഗമായി കേരളത്തിലെത്തി. തെക്കേമലബാറിലെ അങ്ങാടിപ്പുറത്ത്‌ വെട്ടുകല്ല്‌, വീടുനിര്‍മാണത്തിനായി വെട്ടിയെടുക്കുന്നത്‌ കണ്ട ബുക്കാനനാണ്‌ ഇതിനെ ലാറ്ററൈറ്റ്‌ എന്ന്‌ ആദ്യമായി നാമകരണം ചെയ്തത്‌. ഇഷ്ടിക എന്നര്‍ത്ഥം വരുന്ന "ലാറ്റര്‍" എന്ന ലത്തീന്‍ പദത്തില്‍ നിന്നാണ്‌ ലാറ്ററൈറ്റ്‌ എന്ന ശാസ്ത്ര സംജ്ഞയുണ്ടായതും. ബുക്കാനന്റെ യാത്രാ വിവരണങ്ങളിലൂടെ അത്‌ ലോക ശാസ്ത്രജ്ഞന്മാരുടെ ശ്രദ്ധയാകര്‍ഷിച്ചതും. വിവിധ അന്തര്‍ദ്ദേശീയ ശാസ്ത്ര സംഘടനകള്‍ ചേര്‍ന്ന്‌ അങ്ങാടിപ്പുറത്ത്‌ ബുക്കാനന്‍ സ്മാരകം പണിതുയര്‍ത്തിയിട്ടുണ്ട്‌.
ലാറ്ററീകരണം കാര്‍ഷികവികസനത്തിന്‌ ഏല്‍പ്പിക്കുന്ന ആഘാതങ്ങള്‍ ഒട്ടേറെയാണ്‌. ജൈവാംശത്തിന്റെ കുറവ്‌, അധികരിച്ച അമ്ലത, കുമ്മായ അംശത്തിന്റെ അഭാവം, ഇരുപത്‌ അലുമിനിയം സംയുക്തങ്ങളുടെ ആധിക്യം, സസ്യാഹാര മൂലകങ്ങളെ അധിശോഷണം ചെയ്യുവാനുള്ള കഴിവില്ലയ്മ തുടങ്ങിയ കാരണങ്ങളാല്‍ ഇത്തരം മണ്ണുകളുടെ ഉല്‍പ്പാദനക്ഷമത കണക്കിലെടുത്താല്‍ ഇവ ഏതാണ്ട്‌ മരുഭൂമിക്ക്‌ സമാനമായി തീര്‍ന്നിരിക്കുകയാണ്‌. ഈ പ്രസ്താവം സ്വല്‍പം അതിശയോക്തിപരമായി തോന്നിയേക്കാം. പ്രത്യേകിച്ചും ലാറ്ററൈറ്റിന്റെ ജന്മനാടെന്ന്‌ പറയാവുന്ന കേരളത്തിന്റെ പച്ചത്തഴപ്പ്‌ കാണുമ്പോള്‍.
ഈ പച്ചത്തഴപ്പ്‌ കേവലം പുറമ്മോടി മാത്രമാണ്‌. യഥാര്‍ത്ഥത്തില്‍ പ്രകൃതി കനിഞ്ഞ്‌ അനുഗ്രഹിച്ച്‌, കനത്ത വര്‍ഷപാതമുള്ള ഈ പച്ചത്തഴപ്പിനടിയില്‍ ഒരു കാലത്ത്‌ കനക ഗര്‍ഭമായിരുന്ന സ്ഥാനത്ത് ഇന്ന്‌ വന്ധ്യത ബാധിച്ചതുമായ മണ്ണാണുള്ളത്‌. ലാറ്ററീകരണം നടക്കുവാന്‍ അനുകൂലമായ കാലാവസ്ഥയുള്ള ഈ പ്രദേശങ്ങളെ ഒരു പരിധിവരെ രക്ഷിച്ചുപോന്നത്‌ നമ്മുടെ വനസമ്പത്തായിരുന്നു. അതിവേഗത്തിലുള്ള മണ്ണിന്റെ അപക്ഷയം തടയുവാന്‍ ഈ വനങ്ങള്‍ നാനാവിധത്തില്‍ സഹായിച്ചു വന്നിരുന്നു. മണ്ണൊലിപ്പ്‌ തടഞ്ഞും, ജൈവാംശം വര്‍ദ്ധിപ്പിച്ചും, സൂര്യതാപം കുറച്ചും വനങ്ങള്‍ ചെയ്തിരുന്ന സേവനങ്ങള്‍ നാമിന്ന്‌ അതിവേഗത്തില്‍ അവസാനിപ്പിച്ചുകൊണ്ടിരിക്കുന്നു. അതുമൂലം മിക്ക വനമേഖലകളിലും ലാറ്ററീകരണം ഗുരുതരമായ രീതിയില്‍ ഏറിവരുന്നതായി കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നടത്തിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
കേരളത്തില്‍
കേരളത്തില്‍ ലാറ്റെറീകരണത്തിന്റെ രൂക്ഷത ഏറ്റവും കൂടുതലായി കാണപ്പെടുന്നത്‌ മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്‌ ജില്ലകളിലാണ്‌. പ്രതിവര്‍ഷം നാലായിരം മില്ലിലിറ്ററിലേറെ മഴ കിട്ടുന്നുവെങ്കിലും ഈ പ്രദേശങ്ങളിലെ വരള്‍ച്ചയുടെ കാലം എട്ട്‌ മാസത്തോളമാണ്‌. ലാറ്ററീകരണത്തിന്‌ ഏറ്റവും അനുയോജ്യമായ ഇത്തരം കാലാവസ്ഥയാണ്‌ ഉത്തര കേരളത്തിലെ മണ്ണുകളുടെ ശാപമായിത്തീര്‍ന്നിരിക്കുന്നത്‌. മണ്ണ്‌ കട്ടീയാകുന്ന പ്രക്രിയ മൂലം അവിടങ്ങളില്‍ പലേടത്തും കൃഷി തീര്‍ത്തും അസാദ്ധ്യമായിക്കഴിഞ്ഞിരിക്കുന്നു. വനനിബിഢമായിരുന വയനാട്ടില്‍ വെട്ടുകല്‍ മണ്ണുകള്‍ വിരളമായിരുന്നുവെങ്കിലും, വന നശീകരണം കാരണം അവിടെയും ലാറ്ററീകരണം വ്യാപിച്ചുവരുന്നതായി കാണുന്നു.
വെട്ടുകല്‍ മണ്ണുകളുടെ ഉല്‍പ്പാദനക്ഷമത കുറയുന്നുവെന്നു മാത്രമല്ല ഇത്തരം മണ്ണുകളിലെ വിളകള്‍ വളരെ വേഗം രോഗങ്ങള്‍ക്കും കീടങ്ങള്‍ക്കും വിധേയമായിത്തീരുന്നു. രോഗഗ്രസ്ഥമായ മണ്ണില്‍ രോഗാതുരരായ സസ്യങ്ങള്‍ എന്നത്‌ കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു യാധാര്‍ത്ഥ്യമായിത്തീര്‍ന്നിരിക്കുന്നു. കുരുമുളക്‌, ഏലം, ഇഞ്ചി, വാഴ, നാളികേരം എന്നിവയ്ക്കെല്ലാം ഇന്നും ഉത്തരം കിട്ടാത്ത എത്രയോ രോഗങ്ങളാണുള്ളത്‌. ഈ രോഗങ്ങളില്‍ പലതും കഴിഞ്ഞ തലമുറകളിലെ കര്‍ഷകര്‍ക്ക്‌ അന്യമായിരുന്നവയല്ലേ? ലാറ്ററീകരണത്തിന്‌ ഒരു കാര്‍ഷികേതരവശം കൂടിയുണ്ടെന്ന കാര്യം വിസ്മരിക്കാനാവില്ല. ഭൂവിജ്ഞാന ശാസ്ത്രജ്ഞന്മാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും, വ്യവസായികള്‍ക്കും താല്‍പ്പര്യമുള്ള ഒരു മേഖലയാണീത്‌. ഇരുമ്പ്‌, അലുമിനിയം, എന്നിവ ഇത്തരം മണ്ണുകളില്‍ കേന്ദ്രീകരിക്കുന്നതിനാല്‍ അവയുടെ അയിരുകളായ ഹേമറ്റൈറ്റ്‌, ബോക്സൈറ്റ്‌ എന്നിവ ഈ മേഖലകളില്‍നിന്നും ഖനനം ചെയ്തെടുക്കുന്നു. കൂടാതെ തീരദേശങ്ങളിലെ ലാറ്ററൈറ്റുകളുടെ അടിനിരകളില്‍നിന്നും കയോളിന്‍ അഥവാ ചീനക്കളിമണ്ണും ഖനനം ചെയ്യാറുണ്ട്‌. കാര്‍ഷികമായി മരണം സംഭവിക്കുന്നുവെങ്കിലും വ്യാവസായിക സാധ്യത വര്‍ദ്ധിക്കുന്നില്ലെയെന്ന്‌ ചിലരെങ്കിലും സമാധാനിക്കുന്നുണ്ടാവാം. എന്നിരുന്നാലും വരും തലമുറകളുടെ നിലനില്‍പ്പിനും പ്രകൃതിയുടെ സംരക്ഷണത്തിനും മരിക്കാത്ത മണ്ണിനുവേണ്ടി നാം പ്രയത്നിച്ചേ തീരൂ. "നാമിന്ന്‌ കൃഷി ചെയ്യുന്ന മണ്ണ്‌ നമുക്ക്‌ പൈതൃകമായി ലഭിച്ചതല്ല, അത്‌ വരും തലമുറകളില്‍ നിന്നും കടമെടുത്തതാണ്‌", എന്ന ഇന്ത്യന്‍ പഴമൊഴി നാം മറക്കരുത്‌.

വ്യാഴാഴ്‌ച, നവംബർ 10, 2005

പ്രപഞ്ചം (Universe)

പ്രപഞ്ചത്തിന്റെ നിലനിൽപ്പിന്‌ നമുക്കെന്തുചെയ്യാൻ കഴിയും. പഞ്ചഭൂതനിർമിതമായ ഈ പ്രപഞ്ചം നാമായിട്ട്‌ നശിപ്പിക്കണമോ?
൧. മണ്ണ്‌ (Soil)
ഓരോന്നും കൂടുതൽ കൂടുതൽ പ്രാധാന്യം അർഹിക്കുന്നുണ്ടെങ്കിലും. നാം ഏറ്റവും കൂടുതൽ മലിനപ്പെടു ത്തുന്നതും മണ്ണിനെത്തന്നെ. മണ്ണിന്റെ ജീവൻ എപ്രകാരം നിലനിറുത്താമെന്ന്‌ ഇംഗ്ലീഷിലെ ഈ പേജ്‌ കാണുക "All plant and animal tissue (other than when burnt) is decomposed (ie broken down) by soil microbes and macrobes into smaller and smaller particles. These decomposing particles of organic matter eventually become HUMUS.
One teaspoon of rich organic soil or compost can contain up to 4 to 5 billion microbes
"
അജൈവമാലിന്യങ്ങൾ മണ്ണിന്‌ ദഹിക്കാൻ കഴിയില്ല. മണ്ണിൽനിന്നുവേണം സസ്യ ലതാതികളും വൃക്ഷങ്ങളും വളരേണ്ടത്‌. ഓരോ ചെടിക്കും വൈവിധ്യമാർന്ന പ്രത്യേകതകൾ ഉണ്ട്‌. ചെറിയ ചെടികൾക്ക്‌ ലഭിക്കാതെ താഴോട്ട്‌ പോകുന്ന മൂലകങ്ങളും മറ്റും വൻ മരങ്ങളുടെ ആഴത്തിലുള്ള വേരുകൾ വലിച്ചെടുത്ത്‌ മേൽമണ്ണിന്‌ പൊഴിയുന്ന ഇലകളായും മറ്റും ലഭ്യമാകും.മണ്ണിനെ ഫലഭൂയിഷ്ടമായി നിലനിറുത്തുന്നതിൽ മണ്ണിരകൾ പ്രധാന പങ്ക്‌ വഹിക്കുന്നു. ഈർപ്പമുള്ളപ്പോൾ മണ്ണിന്‌ മുകളിലേയ്ക്ക്‌ ഇവ വരുകയും ഈർപ്പം കുറയുന്നതിനനുസറിച്ച്‌ മണ്ണിനുളിലേക്ക്‌ പോകുകയും ചെയ്യുന്നു. സുരക്ഷിതമായ ആറിഞ്ച്‌ താഴ്ച്ചയിലാണ്‌ ഇവ മുട്ടയിടുന്നത്‌. ഇവയുടെ ആഹാരം ചീഞ്ഞ ജൈവ വസ്തുക്കളാണ്‌. ഇവയുടെ വിസർജ്യം മണ്ണിരകമ്പോസ്റ്റ്‌ എന്നറിയപ്പെടുന്നു. ചില സത്യങ്ങൾ
പക്ഷിമൃഗാദികളുടെയും മനുഷന്റെ വിസർജ്യങ്ങളും ശവശരീരങ്ങളും മണ്ണിന്റെ ഫലഭൂയിഷ്ടി വർദ്ധിപ്പിക്കുമെങ്കിലും അധികമായാൽ പാരിസ്ഥിതിക പ്രശ്നങ്ങൾക്കും പകർച്ചവ്യാധികൾക്കും കാരണമാകുന്നു. പല പ്രദേശങ്ങളിലെയും മണ്ണിൽ വ്യത്യസ്ഥ്ങ്ങളായ രീതിയിൽ മൂലകങ്ങളുടെ അള വിൽ ഏറ്റക്കുറച്ചിലുണ്ടാകുന്നു. ഉദാ: മസൂറിയിലെ മണ്ണിൽ ഫൊസ്‌ഫറസ്‌ ധാറാളം അടങ്ങിയിരിക്കുന്നു, തമിഴ്‌ നാട്ടിലെ മണ്ണിൽ ഡൊളാമയറ്റ്‌ എന്ന മഗ്നീഷ്യത്തിന്റെയും ക്യൽസ്യത്തിന്റെയും അളവ്‌ കൂടിയിരിക്കുന്നു. മൂലകങ്ങളുടെ കുറവ്‌ അതി സൂഷ്മമായി ഇലനിരീക്ഷണത്തിലൂടെ മനസിലാക്കുവാൻ സാധിക്കും. കുറവുള്ള മൂലകങ്ങളുടെ അളവ്‌ വർധിപ്പിച്ചും കൂടുതലുള്ളവയെ നിയന്ത്രിച്ചും നമ്മുടെ കർമം വരും തലമുറയ്ക്കുവേണ്ടി ചെയ്യുക.
൨. ജലം (Water)
ശുദ്ധ ജലം ജീവജാലങ്ങളുടെ നിലനിൽപ്പിന്‌ അനിവാര്യമാണ്‌. എന്നാൽ ഒരുനിയന്ത്രണവുമില്ലാതെ ജൈവേതര മാലിന്യങ്ങൾകൊണ്ട്‌ ജലത്തിലെത്തിച്ചേരുന്ന ജൈവാംശം പോലും മലിനമായി മാറുന്നു. മനുഷ്യരാൽ മാത്രം ചെയ്യുന്ന ഈ പ്രവൃത്തി വരും തലമുറയെ ഏതു രീതിയിൽ ബാധിക്കുമെന്ന്‌ കണ്ടറിയാനിരിക്കുന്നതേയുള്ളു.
നീരവിയായി മാറുന്ന ജലം ഡിസ്റ്റിൽഡ്‌ വാട്ടർ ആയി തിരികെ ഭൂമിയിൽ വീഴുന്നതിന്‌ പകരം അന്തരീക്ഷത്തിലെ എല്ലാ മാലിന്യങ്ങളും വഹിച്ചുകൊണ്ട്‌ ഭൂമിയിൽ പതിക്കുകയാണല്ലോ. ശുദ്ധജല തടാകങ്ങളും, കായലും കടലും വരെ മലിനമാക്കപ്പെടുന്നു. പറന്നുയരുന്ന വിമാനങ്ങളിൽനിന്നും പുറത്തുവിടുന്നതുമുതൽ സമുദ്രതിലൂടെ സഞ്ചരിക്കുന്ന കപ്പൽ വരെ മലിനീകരണത്തിൽ ഒരു കുറവും വരുത്തുന്നില്ല. നദി മലിനീകരണം , Yard Waste , ജലമലിനീകരണവും സമൂഹവും , ജലമലിനീകരണവും ചിലപോംവഴികളും
കരിയും മണലും ചേർന്ന മിശ്രിതത്തിലൂടെ അരിച്ചെടുക്കുന്ന ജലം ശുദ്ധമാകുമായിരുന്നു ഇന്ന്‌ വില കൂടിയ ഫിൽറ്ററുകൾക്കുപോലും ജലത്തിലെ വിഷാംശം നീക്കുവാൻ കഴിയുന്നില്ല. പച്ചവെള്ളം കുപ്പിക ളിലാക്കി പാൽ വിലക്ക്‌ വിൽക്കുന്നവർക്കിനി നല്ല കാലം വരാൻ പോകുന്നു. കാരണം ഭൂജല മനിനീകരണത്തിന്‌ കാരണമാകുന്ന ജൈവേതര മാലിന്യങ്ങളെ സംഭരിക്കുന്നതിനു പകരം ടാങ്കുകൾ കെട്ടി മഴവെള്ളം സംഭരിച്ച്‌ കുടിക്കുവാനുള്ള പദ്ധതിക്ക്‌ തുടക്കം കുറിച്ചുകഴിഞ്ഞു. ഭൂഗർഭ ജലം അമിതമായി ഊറ്റുന്നതിലൂടെ ഭൂമിക്കുള്ളിലെ വായുവിന്റെ ലഭ്യത മണ്ണിലേയ്ക്ക്‌ താഴേണ്ട ജലം കടലിലും കായലിലും എത്തിക്കുന്നു. ശുദ്ധജലം കൊണ്ട്‌ ഭൂമിയെ റീ ചാർജ്‌ ചെയ്യുവാനുള്ള സംവിധാനങ്ങളാണ്‌ വേണ്ടത്‌. ജൈവകൃഷിയും ശുദ്ധജല ലഭ്യതയും കടലാസിൽ മാത്രം ഒതുങ്ങുന്ന കാര്യങ്ങൾ.
൩ വായു (Air)
ജീവനുള്ളവയ്ക്ക്‌ ഓക്സിജൻ ഇല്ലാതെ മിനിട്ടുകൾ മാത്രമേ നിലനിൽപ്പുള്ളു. ഒക്സിജൻ വലിച്ചെടുത്ത്‌ പുറംതള്ളുന്ന കാർബൺ ഡൈ ഓക്സൈഡിലെ കാർബൺ ആണ്‌ ഫോട്ടോ സിന്തസിസിന്റെ സഹായത്താൽ കാർബോഹൈഡ്രേറ്റ്‌സ്‌ ഉത്‌പ്പാദിപ്പിക്കുന്നതിൽ പ്രധാന പങ്ക്‌ വഹിക്കുന്നത്‌. ഇവയിലെ അവശിഷ്ട്ങ്ങൾ ജലജീവികൾക്കും ആഹാരമായി മാറുന്നു. ഓർഗാനിക്‌ റീ സൈക്ലിംഗ്‌ എന്ന പ്രക്രിയയുടെ സുതാര്യത അന്തരീക്ഷവായുവിലെ ശുദ്ധത കൊണ്ടുമാത്രം പരിഹരിക്കാവുന്ന ഒന്നാണ്‌. ബിഷമയമായ വാതകങ്ങളും മറ്റും ഭൂമിയെ സംരക്ഷിക്കുൻന ഓസോൺ പാളികൾക്കുപോലും വിള്ളലുണ്ടാകുന്നു. പെട്രോളിയം ഉത്‌പന്നങ്ങൾ കത്തിയുണ്ടാകുന്നതും ഫക്ടറികളിൽ നിന്നും പുറംതള്ളുന്നതുമായ വിഷ വാതകം ശുദ്ധീകരിച്ച്‌ പുറംതള്ളുവാനുള്ള സംവിധാനങ്ങളാണ്‌ ഉണ്ടാകേണ്ടത്‌. ജൈവ ബസ്ഥുക്കൾ ഫെർമെന്റേഷൻ പ്രോസസിന്‌ വിധേയ്മകുമ്പോൾ ഉണ്ടാകുന്ന വാതകം പെട്രോളിയം ഉത്‌പന്നങ്ൻഘൾക്ക്‌ പകരമായി ഉപയോഗിക്കാവുന്നതും പ്രകൃതിക്ക്‌ ഇണങ്ങിയവയും ആണ്‌. ഉദാഹരണത്തിന്‌ "ഇവിടെ ഞെക്കുക".
Independence from LPG, Kerosene, Petrol and Diesel ഒരു പ്രദേശത്തേക്ക്‌ ആവശ്യമുള്ള വൈദ്യുതി വരെ ഉത്‌പ്പാദിപ്പിക്കുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണ്‌. പശുക്കൾ വളർത്താതെയും കൃഷി ചെയ്യാതെയും ജൈവ അവശിഷ്ട്ങ്ങളിൽ നിന്ന്‌ ഉത്‌പാദിപ്പിക്കുന്ന വാതകം എക്കോ ഫ്രണ്ട്‌ലി ആയിരിക്കുമല്ലോ. മഴവെള്ളത്തിലൂടെ ഭൂമിയിൽ പതിക്കുന്ന ചില വാതകങ്ങൾ ഭൂമിയെ മരുഭൂമിയാക്കും.
അന്തരീക്ഷത്തിലെ പല വാതകങ്ങളും പ്രകൃതിയുടെ നിലനിൽപ്പിന്‌ ആവശ്യമാണ്‌.
ചില വിഷ വാതകങ്ങൽ
൪ അഗ്നി (Fire)
അഗ്നി സംരക്ഷകനും മറ്റൊരു രൂപത്തിൽ സംഹാരകനുമാണ്‌. സൂര്യപ്രകാശം കിട്ടാത്ത ഭാഗങ്ങളിലെ അന്തരീക്ഷത്തിലെ അണുക്കളെയും രോഗം പരത്തുന്ന കുമിളുകളെയും നശിപ്പിക്കുവാനുള്ള കഴിവ്‌ അഗ്നിക്കുണ്ട്‌. ഭൂമിയെ നിലനിറുത്തുവാൻ മുകളിലുള്ളത്‌ കരിച്ച്‌ ചാരമാക്കി മണ്ണിന്‌ നൽകി മണ്ണിനെ ഫലഭൂയിഷ്ടമാക്കുന്നു. അഗ്നിയിലൂടെ ആവിയാകുന്നത്‌ വായുവിന്റെ ശുചീകരണത്തോടൊപ്പം മഴയിലൂടെ ഭൂമിയിൽത്തന്നെ പതിക്കുന്നു. മണ്ണിന്‌ മുകളിലുണ്ടാകുന്ന അഗ്നി മണ്ണിലെ ജീവാണുക്കൾക്കൊപ്പമുള്ള ഓർഗാനിക്‌ കാർബൺ നശിപ്പിക്കുകയും ഇല്ല. അഗ്നികൊണ്ടുള്ള ചികിത്സയെ ഫയർ തെറാപ്പി എന്നു വിളിക്കാം. തീയിലൂടെ നഷ്ടപ്പെടുന്ന കാർബണും ഓക്സിജനും ജലവും അന്തരീക്ഷത്തിൽനിന്ന്‌ തിരികെ ലഭിക്കുന്നു. ജൈവ ഘടകങ്ങൾ കത്തുമ്പോൾ അന്ത്രീക്ഷ ശുദ്ധീകരണവും മറ്റ്‌ രാസ വസ്ഥുക്കൾ കത്തുമ്പോൾ അന്തരീക്ഷമലിനീകരണവുമാണ്‌ നടക്കുക.
൫ ആകാശം {Space}
അനന്തമായ ആകാശം ഇല്ല എങ്കിൽ ഒന്നും ഇല്ല എന്നർത്ഥം. ഭൂമിയെ ചുറ്റിയുള്ള ആവരണത്തിനുള്ളിൽ മാത്രമല്ല അതിന്‌ വെളിയിൽ പ്പോലും മലിനമാക്കപ്പെടുന്നു വെന്നതാണ്‌ വാസ്തവം.
മേൽപ്പറഞ്ഞ പഞ്ചഭൂതങ്ങളും കൂടിയുള്ളതുതന്നെയാണ്‌ എല്ലാം.



"എന്റെ അറിവില്ലായ്മ ശ്രദ്ധയിൽപെടുകയോ തിരുത്തലുകൾ ആവശ്യമായി വരുകയോ ചെയ്താൽ ദയവായി അറിയിക്കുക. നമ്മുടെ അക്കദമിക്‌ പണ്ഡിതന്മാർ കീടനാശിനി പ്രയോഗമല്ലാതെ മറ്റോന്നും പറഞ്ഞുതരില്ല."
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുവാൻ ഇവിടെ ഞെക്കുക

ബുധനാഴ്‌ച, നവംബർ 02, 2005

വിഷമില്ലാത്തതും ഭക്ഷ്യ യോഗ്യവുമായ ചില ഫലങ്ങൾ

മാങ്ങ (Mango)



ചക്ക (Jack Fruit)


ചക്കയുള്ള സമയത്ത്‌ ഇത്‌ പലരും പാഴാക്കുകയോ ഉപയോഗിക്കുവാൻ ഇഷ്ടപെടാതിരിക്കുകയോ ചെയ്യുന്നു. എന്നാൽ ഈ ചുള ചൂടുവെള്ളത്തിൽ അൽപ്പം മഞ്ഞളും ഇട്ട്‌ അര വേകായി ഉണക്കിയെടുത്താൽ വർഷം മുഴുവൻ നിങ്ങൾക്ക്‌ വറുത്തോ അവിയൽ വെച്ചോ തിന്നാം. ഉണങ്ങിയതിനെ വെള്ളത്തിൽ കുതിർത്തെടുത്താൽ മതി. ഗ്യാസിന്റെ ശല്യവും വരികയില്ല. പ്രെരണ: റോക്സി (പടം മോഷ്ടിക്കാൻ നോക്കി പറ്റുന്നില്ല)
നാളികേരം (Coconut)



ലോകത്തിൽ ഏറ്റവും കൂടുതൽ (എണ്ണിയാലൊടുങ്ങാത്ത) വൈവിദ്ധ്യമാർന്ന പോഷണ സന്‌പുഷ്ടമായ ഭക്ഷ്യോൽപന്നങ്ങൾ ഉണ്ടാകൂവാൻ കഴിയുന്ന ഒരേ ഒരു വൃക്ഷം. മണ്ണിലെ ചില മൂലകങ്ങളുടെ കുറവും ചിലതിന്റെ ആധിക്യവും വിളവെടുപ്പുമാത്രം നടത്തുന്ന കേരളമെന്ന പേരുതന്നെ നഷ്ടപ്പെടുവാൻ പോകുന്നു. വീട്ടുമുറ്റത്തു നിൽക്കുന്ന തെങ്ങുകൾ പലതും ഇന്നും അഭിമാനകരമായ വിളവു നൽകുന്നു. മരുന്നു കന്‌പനികളും ഡാൾഡ കന്‌പനിക്കാരും ഇതിന്റെ ഗുണം അറിയാമെന്നുള്ളതുകൊണ്ട്‌ ഇടനിലക്കാരെ ഉപയോഗിച്ച്‌ വിലയിൽ ഏറ്റക്കുറച്ചിലുണ്ടാകി കർഷകരെ നാശത്തിലേയ്ക്ക്‌ നയിക്കുന്നു. ഓരോ വ്യക്ത്തിയിൽ നിന്നും ഉൽപ്പന്നങ്ങളെപ്പറ്റിയും അവരുടെ സ്ഥത്തെ വിലയും ഇന്ത്യൻ രൂപയിൽ രേഖപ്പെടുത്തുമെന്നും വിശ്വസിക്കുന്നു.

പപ്പായ (Papaya)


വീട്ടുമുറ്റത്ത്‌ നട്ടുവളർത്താവുന്ന മരത്തിൽ നിന്നും ലഭിക്കുന്ന കപ്പയ്ക്ക (തിരുവനന്തപുരം ഭാഷയിൽ) ഹിന്ദിയിലെ പപീത്ത വളരെയധികം ഔഷധഗുണമുള്ളതാണ്‌. പച്ച കായ്‌ കൊണ്ട്‌ കിച്ചടി പച്ചടി മുതലായവയും, രണ്ടായി മുറിച്ച്‌ ചിരവയിൽ ചുരണ്ടി തോരനും വെയ്ക്കാം. മറ്റു കറികളിലും ഇത്‌ ഉപയോഗിക്കാം. പഴുപ്പിച്ച്‌ തിന്നാനും നല്ലതാണ്‌. കൂടുതൽ പഴുത്ത താണെങ്കിൽ രണ്ടായി മുറിച്ച്‌ കുരുകളഞ്ഞശേഷം സ്പൂണിൽ ഇളക്കി ഭക്ഷിക്കാം. പ്രാരംഭദശയിൽ ഇത്‌ ഗർഭിണികൾ കഴിക്കാറില്ല. ഗർഭം അലസിപ്പോകുവാന്‌ സധ്യതയുണ്ടാവാം. നിങ്ങളുടെ ശരിയായ പ്രതികരണങ്ങളാണ്‌ എന്റെ ശക്തി.