ചൊവ്വാഴ്ച, ഓഗസ്റ്റ് 09, 2005

ആരോഗ്യവും ചില പ്രശ്നങ്ങളൂം

പ്രപഞ്ചത്തിന്റെ നിലനിൽപ്പുതന്നെ ഒന്ന്‌ മറ്റൊന്നിനെ ആശ്രയിച്ചാണ്‌. എന്നാൽ ഭൂമിക്ക്‌ ദഹിക്കാത്ത വിഷങ്ങളും മറ്റും ഉപയോഗിക്കുന്നതിലൂടെ നിലനിൽപ്പിന്റെ ഉറവിടമായ മണ്ണുതന്നെ മരിക്കുവാൻ കാരണമാകുന്നു. പല കൃഷിശാസ്ത്രജ്ഞന്മാരും വിഷനിർമാതാക്കളിൽനിന്നും കിമ്പളവും കൈപ്പറ്റിക്കൊണ്ട്‌ പഴക്കെണിയെന്നും തുളസിക്കെണിയെന്നും കഞ്ഞിവെള്ളക്കെണിയെന്നും പറഞ്ഞ്‌ ഉപയോഗിക്കുവാൻ പ്രേരിപ്പിക്കുന്നു. ഭൂമിയിൽ അലിഞ്ഞുചേരേണ്ട പലതും മതവിശ്വാസങ്ങളുടെ പേരിൽ തടയുകയും ഹ്യൂമസ്‌ എന്ന ജൈവസമ്പുഷ്ടമായ കോടാനുകോടി ജീവാണുക്കളെത്തന്നെ ഇല്ലാതാക്കി മരുവൽക്കരണം വർദ്ധിപ്പിക്കുകയുമല്ലേ ചെയ്യുന്നത്‌. മനുഷ്യൻ ധാരാളം അറിവുകൾ നേടിയിട്ടും മനസ്‌ ഇപ്പോഴും അന്ധവിശ്വാസത്തിന്റെ പിടിയിൽത്തന്നെയാണ്‌. ഈ അവസരത്തിലാണ്‌ മാർപ്പാപ്പ ജോൺ പോൾ രണ്ടാമൻ തന്റെ ശവശരീരം മണ്ണീൽ അടക്കം ചെയ്യണമെന്നു പറഞ്ഞതിന്റെ മഹത്വം മനസിലാകുന്നത്‌.
മണ്ണിൽ ചെടികൾക്ക്‌ വളരുവാനും പൂക്കുവാനും കായ്ക്കുവാനും മറ്റും ചില മൂലകങ്ങളും ജലവും വായുവും സൂര്യപ്രകാശവും ആവശ്യമാണ്‌. ഭൂമിയിൽ നിന്ന്‌ നഷ്ടമാകുന്നതത്രയും തിരികെ ഭൂമിക്കു ലഭിച്ചാൽ മാത്രമേ ആ സ്ഥലത്ത്‌ അടുത്ത ചെടിയ്ക്ക്‌ വളരുവാൻ കഴിയുകയുള്ളൂ. ഇത്‌ നിലനിറുത്തുന്ന പ്രക്രിയയെയാണ്‌ ഓർഗാനിക്‌ റീ സൈക്ലിംഗ്‌ എന്ന്‌ പറയുന്നത്‌. എന്നാൽ മനുഷ്യൻ ഭക്ഷിക്കുന്നത്‌ വേരുകൾക്ക്‌ എത്താൻ കഴിയാത്ത കുഴികളിലും സിമന്റ്‌ ടാങ്കുകളിലും സംഭരിക്കുന്നത്‌ സോയിൽ ഡിഗ്രഡേഷന്‌ വഴിയൊരുക്കും. ശവശരീരം പോലും ഒരേ സ്ഥലത്ത്‌ ദഹിപ്പിക്കുകയോ വേരുകൾക്ക്‌ എത്താൻ കഴിയാത്ത സ്ഥലങ്ങളിൽ അടക്കം ചെയ്യുകയോ ചെയ്യുന്നതും മണ്ണിലെ ജീവാണുക്കൾ കുറയുവാൻ കാരണമാകുന്നു.

മണ്ണിൽ വളരുന്ന ഓരോ ചെടിയും ഔഷധ ഗുണമുള്ളതാണ്‌. ഇലയും പൂവും വേരും കായുമെല്ലാം ആയുർവേദത്തിൽ ഔഷധങ്ങളായി ഉപയോഗിക്കുന്നു. അതിലും വിഷം കലർന്നാലുള്ള സ്ഥിതി ഊഹിക്കാവുന്നതാണ്‌. കാർബോഫുറാൻ ഇട്ട്‌ വാഴ നടുകയും അതിനിടയിൽ ഔഷധ കൃഷി ചെയ്യുകയും ചെയ്താൽ അതുകൊണ്ടുണ്ടാക്കുന്ന മരുന്നുകളിലും കാർബോഫുറാന്റെ അംശം കാണും. അഞ്ച്‌ ഗ്രാം കാർബോഫുറാൻ കഴിച്ചാൽ ഒരാൾ അഞ്ച്‌ മിനിട്ടുപോലും ജീവനോടെ ഇരിക്കില്ല.
ഈ ലേഖനം തുടരും.