ചൊവ്വാഴ്ച, നവംബർ 29, 2005

മണ്ണേ അടിയന്‌ മാപ്പ്‌തരൂ

എനിക്ക്‌ നേരിട്ട്‌ കഴിക്കുവാൻ കഴിയാത്തതൊന്നും ഞാൻ മണ്ണിന്‌ അധികമായി നൽകുകയില്ല എന്ന്‌ പ്രതിജ്ഞയെടുക്കുന്നു. എൻ.പി.കെ പൂർണമായും ഒഴിവാക്കി റബ്ബർ കൃഷി ജൈവകൃഷിരീതിയിലേയ്ക്ക്‌ മാറ്റുന്നു. ബയോഗ്യാസ്‌ സ്ലറി ഉപയോഗിക്കുമ്പോൾ കട്ടിയാകുന്ന കറയുടെ കട്ടി കുറയ്ക്കുവാൻ ആവശ്യത്തിനനുസരിച്ച്‌ സെക്കന്ററി ന്യൂട്രിയൻസായ മഗ്നീഷ്യവും കാൽസ്യവും നൽകുന്നു. റബ്ബർബോർഡിലെ മുൻ ഗവേഷക എൽ.തങ്കമ്മ ഉത്തേജക ഔഷധമായ എഥിഫോൺ ഹാനികരമാണ്‌ എന്നുപറഞ്ഞത്‌ ഞാനിപ്പോൾ മനസിലാക്കുന്നു. മൂന്നു വർഷത്തിനകം കേരളത്തിലെ പ്രതിഹെക്ടർ ഉത്‌പാദനം രാസവളവും എഥിഫോണും കാരണം കുറയുവാൻ പോകുന്നു. ഇത്‌ കർഷകർ ഒരു മുന്നറിയിപ്പായി കണക്കാക്കുക.
എഥിഫോൻ ഉപയോഗിക്കുമ്പോൾ ലാറ്റക്സ്‌ ക്രമാതീതമായി പുറന്തള്ളുകയും ഫ്ലോയരസം പാൽക്കുഴലുകളെ നിറയ്ക്കുകയും മഗ്നീഷ്യത്തിന്റെ കുറവുകാരണം കാർബോഹൈഡ്രേറ്റ്‌സിന്റെ ഉത്‌പാദനം കുറയുകയും ക്രമേണ പട്ടമരപ്പായി ഫ്ലോയം പോലും ഉണങ്ങുവാൻ കാരണമാകുന്നു. മനുഷ്യ ശരീരത്തിൽ വിഷം കടത്തിവിട്ട്‌ ചോര ഊറ്റുന്നതുപോലെതന്നെയാണ്‌ ഇതും.എൻ.പി.കെ തുടർച്ചയായി നൽകിയാൽ മണ്ണിലെ ജീവാണുക്കൾ നശിക്കുകയും മണ്ണിന്റെ മരണത്തിന്‌ കാരണമാകുകയും ചെയ്യും. ജീവാണുക്കളെ നിലനിറുത്തുവാനും മണ്ണിനെ ഫലഭൂയിഷ്ടമാക്കുവാനും ബയോഗ്യാസ്‌ സ്ലറി നൽകുന്നതിലൂടെ സാധിക്കും. ഓർഗാനിക്‌ റീ സൈക്ലിംഗ്‌ എന്ന പ്രക്രിയ കളയും കളപ്പയറും പശുക്കൾക്ക്‌ നൽകി അതിൽ നിന്ന്‌ ലഭിക്കുന്ന ഓർഗാനിക്‌ പാൽ കഴിച്ചും ചാണകവും ജൈവാവശിഷ്ടങ്ങളും സ്ലറിയാക്കി മാറ്റിയും മണ്ണിരകളെ വളരുവാൻ അവസരമൊകുക്കിയും ആഗോളവത്‌ക്കരണത്തിന്റെ നല്ല വശങ്ങളുടെ സഹായത്താൽ കർഷകന്റെ കടമ നിറവേറ്റും ഞാൻ മണ്ണിനോട്‌ കാട്ടിയ ചതി ചൂഷണം മുതലായവ അവസാനിപ്പിച്ച്‌ മണ്ണിന്‌ കുടിയ്ക്കാൻ ശുദ്ധജലവും ജൈവാഹാരവും നൽകും. ആഗോളവത്‌ക്കരണ സ്വകാര്യവത്‌ക്കരണ ഉദാരവത്‌ക്കരണങ്ങളുടെ ദോഷവശങ്ങളെയും ആഭ്യന്തര ചൂഷണത്തെയും നേരിടുകതന്നെ ചെയ്യും.