ബുധനാഴ്‌ച, സെപ്റ്റംബർ 02, 2009

നിങ്ങള്‍ക്കു മാത്രം മതിയോ ഓണം?

ലോകമെമ്പാടും മലയാളികള്‍ ഓണം ആഘോഷിക്കുന്നു. പലര്‍ക്കും പ്രധാനം സദ്യ തന്നെയാണ്. മാണിക്യം പറയുന്നു കാനഡയിലേക്ക് പച്ചക്കറികളെല്ലാം എത്തിയത് കേരളത്തില്‍ നിന്നാണ് എന്ന്. കേരളീയനായ ഞാന്‍ പറയുന്നു ഏറിയ പങ്കും പച്ചക്കറികള്‍ കേരളത്തിലെത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. പലരും കെങ്കേമമായ സദ്യ ഉണ്ണുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ പേരക്കുട്ടികളെപ്പറ്റി അഥവാ വരും തലമുറയെപ്പറ്റി അല്പമെങ്കിലും ചിന്തിക്കുന്നുണ്ടോ? അവര്‍ക്ക് ഒരുനേരത്തെ ആഹാരത്തിന് വേണ്ടി നിങ്ങളെന്താണ് ചെയ്തത്? ജനിക്കുമ്പോള്‍ത്തന്നെ പഠനത്തില്‍ ശ്രദ്ധകൊടുത്ത് സ്വന്തം മക്കളെ സമര്‍ത്ഥരായി പഠിക്കുവാനുള്ള ശ്രങ്ങളാണല്ലോ നാം കാണുന്നത്. അവരുടെ ആരോഗ്യപരിപാലനത്തിന്റെ ചുമതല ആരെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്? അസുഖം വന്നാല്‍ നേരെ ഡോക്ടറുടെ അടുത്തേക്ക്. അസുഖങ്ങള്‍ എന്തുകൊണ്ട് വര്‍ദ്ധിക്കുന്നു എന്നത് അല്പം ഒന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും. ആരോഗ്യ പരിപാലനത്തില്‍ സോയില്‍ ന്യൂട്രിയന്‍സിന് നിര്‍ണായകമായ പങ്കാണുള്ളത്. കുടിവെള്ളത്തിന് പലതരം ഫില്‍റ്ററുകളിലൂടെ ശുദ്ധജലം ലഭിക്കും. പക്ഷെ അതിലടങ്ങിയിരിക്കുന്ന ഫില്‍റ്റ് ചെയ്യാന്‍ കഴിയാത്ത കെമിക്കലുകളെപ്പറ്റി ആരും ഒന്നും പറയില്ല. ജലം ഫില്‍റ്റ് ചെയ്യുവാന്‍ മണ്ണിലെ ബാക്ടീരിയകള്‍ക്കുള്ള കഴിവ് ആര്‍ക്കും വേണ്ടാതായി.
ഞാനെന്റെ മണ്ണിന് തിരുവോണനാളില്‍ സദ്യ വിളമ്പി
തുല്യ വലുപ്പത്തിലുള്ള പതിനഞ്ച് ലിറ്റര്‍ വീതം കൊള്ളുന്ന രണ്ട് ബക്കറ്റ് നിറയെ സ്ലറി. ഇതിന് ഏകദേശം മുപ്പത് കിലോ അടുപ്പിച്ച് ഭാരം കാണും. രണ്ടു കൈയ്യിലും തുല്യ ഭാരം വഹിച്ചുകൊണ്ട് കുറെ ദൂരം നടക്കുമ്പോള്‍ പലതരം വ്യായാമങ്ങളും എനിക്ക് സ്വായത്തമാക്കുവാന്‍ കഴിയും. അതില്‍ ഇരുപത് കിലോ വെള്ളമാണ് ബാക്കി പത്ത് കിലോ ചാണകമാണ്. മണ്ണിന് വേണ്ട പല ന്യൂട്രിയന്‍സും ഇതില്‍ ലഭ്യമാണ്. എന്‍.പി.കെ എന്ന രാസവളം ന്യൂട്രിയന്റ് മൈനിംഗിനും അതിലൂടെ എല്ലാ ജീവജാലങ്ങള്‍ക്കും രോഗങ്ങളും മാത്രം സമ്മാനിക്കുമ്പോള്‍ തിരുവോണ നാളില്‍ ലഭിച്ച മഴയെ പ്രയോജനപ്പെടുത്തി ഞാനെന്റെ മണ്ണിന് സ്ലറികൊണ്ടൊരു സദ്യ വിളമ്പി. എന്റെ മണ്ണ് വരും തലമുറക്കവകാശപ്പെട്ടത്. അതിനെ സംരക്ഷിക്കുവാനുള്ള ബാധ്യത എനിക്കുണ്ട്. കോടാനുകോടി വര്‍ഷങ്ങളുടെ പ്രവര്‍ത്തനഫലമായി രൂപപ്പെട്ട മേല്‍മണ്ണ് നശിപ്പിക്കുവാന്‍ വളരെ എളുപ്പവും സംരക്ഷിക്കുവാന്‍ ഏറെ ബുദ്ധിമുട്ടും ആണ്.

റബ്ബര്‍ മരമൊന്നിന് തൊണ്ണൂറ് കിലോഗ്രാം സ്ലറി ടെറസിന്റെ ഏറ്റവും ഉയരം കൂടിയ ഭാഗത്ത് മണ്ണിളക്കാതെ പുറമേ നിരത്തിയൊഴിക്കുന്നു. കളകള്‍ നീക്കം ചെയ്യാറെ ഇല്ല. അവ എനിക്കൊരു സമ്പത്താണ്. വൈവിധ്യമാര്‍ന്ന കളകളും മറ്റും ഔഷധഗുണമുള്ളതാണ്. സ്ലറിയുടെ മണമുള്ളതുകാരണം പുല്‍ക്കൊടികള്‍ വളര്‍ച്ച പ്രാപിക്കുന്നതുവരെ കാലികള്‍ ഭക്ഷിക്കാറില്ല. കൂടാതെ ചപ്പുചവറും സ്ലറിയും കൂട്ടിക്കുഴച്ച് ഭക്ഷണമാക്കുവാന്‍ കുറച്ചെങ്കിലും മണ്ണിരകള്‍ ഉണ്ടാവും പ്രത്യേകിച്ചും രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാത്തതിനാല്‍. ഏറ്റവും കൂടുല്‍ പന്നല്‍ വേരുകള്‍ എന്റെ തോട്ടത്തില്‍ ഉണ്ടാവുന്നത് ഉയരം കൂടിയ ഭാഗത്താണ്. മഴവെള്ളത്തോടൊപ്പം ലഭിക്കുന്ന സ്ലറി മണ്ണിന് ഓണ സദ്യ തന്നെയാണ്. കൃഷി എന്തുതന്നെ ആയാലും മണ്ണ് സംരക്ഷണത്തില്‍ മാറ്റം ഇല്ല എന്നത് വിളമാറ്റം ഒരു പ്രശ്നമേ അല്ല. ഉയരം കൂടിയഭാഗത്തുള്ള ജൈവവള ലഭ്യത ഒരിക്കലും മണ്ണിനെ കടുപ്പമുള്ളതായി മാറ്റുന്നില്ല.
റബ്ബര്‍ തോട്ടത്തിലെ ഔഷധമൂല്യമുള്ള പുല്‍ക്കൊടികള്‍ കാലികള്‍ക്ക് മേഞ്ഞു നടക്കുവാന്‍ അവസരമൊരുക്കുന്നതിലൂടെ അവയുടെ ആരോഗ്യം മെച്ചപ്പെടുക മാത്രമല്ല ഔഷധഗുണമുള്ള പാല്‍ ലഭിക്കുകയും കളകള്‍ ക്രോപ്പ് ചെയ്യപ്പെടുന്നതിലൂടെ കളനാശിനിപ്രയോഗമോ നീക്കം ചെയ്യലോ വേണ്ടിവരുന്നില്ല. ഫോര്‍മാലില്‍, സോഡിയം സല്‍ഫേറ്റ്, സോഡിയം ബൈ സല്‍ഫേറ്റ്, കരി ഓയിലിലെ കറുപ്പുനിറം നീക്കിയ ഫാറ്റ് എന്നിവ ചേര്‍ത്ത കവര്‍‌പാല്‍ വാങ്ങി കുടിച്ച് ശീലിച്ച മലയാളികള്‍ കന്നുകാലി വളര്‍ത്തലില്‍ നിന്ന് അകലം പ്രാപിക്കുന്നതില്‍ അതിശയിക്കേണ്ടതില്ല. ഡക്​സ്ട്രോസും, സോപ്പുലായനിയും, പാല്‍‌പ്പൊടിയും, പച്ചവെള്ളവും, വെളിച്ചെണ്ണയും കലര്‍ത്തി ഉണ്ടാക്കുന്ന പാല്‍ അതി രുചികരമെന്നാണ് പറയപ്പെടുന്നത്. ഇവയൊന്നും ഉപഭോക്താവിന് ലബോറട്ടറി സൌകര്യങ്ങളുപയോഗിച്ച് അതിലടങ്ങിയിരിക്കുന്ന വിഷാംശത്തിന്റെ അളവ് ലഭിക്കുകയും ഇല്ല. മില്‍‌ക്കോ സ്കാനര്‍ ഉണ്ടെന്ന് പറയുന്നു അതെന്തിനാണെന്നോ എവിടെയാണെന്നോ ആര്‍ക്കറിയാം? എന്റെ അറിവില്‍ പാല്‍ അനാലിസിസ് ചെയ്യണമെങ്കില്‍ കല്‍ക്കട്ടയിലയക്കണം.
ഇനിയെനിക്ക് സന്തോഷത്തോടെ ഇലയില്‍ വിളമ്പിയ ഓണ സദ്യ ഉണ്ണാം.

13 അഭിപ്രായങ്ങൾ:

  1. Great Chandretta............you have done the best onam feast, for all of us

    മറുപടിഇല്ലാതാക്കൂ
  2. Thoughtful message for onam. Thanks for reminding :)

    മറുപടിഇല്ലാതാക്കൂ
  3. ചന്ദ്രേട്ടാ നല്ല ഓണ സന്ദേശം
    മനുഷ്യന്‍ കടമകള്‍ മറക്കുന്ന കാലമാണിത്
    ജനിച്ചു ജീവിച്ച മണ്ണിനോടുള്ള കടപ്പാട്
    ഓര്‍മ്മിച്ചുകൊണ്ട് ഓണം ഉണ്ണാന്‍ എടുത്ത തീരുമാനം
    അഭിനന്ദനീയം
    എല്ലാവര്‍ക്കും സന്തോഷത്തിന്റെയും
    സമാധാനത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും
    സ്നേഹത്തിന്റെയും ആയുരാരോഗ്യത്തിന്റെയും
    നിറവോടെയുള്ള ഒരോണം ആശംസിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  4. മണ്ണിന്റെ ഗന്ധമുള്ള ഒരു ഓണം ആഘോഷിക്കാന്‍ ചേട്ടന് മാത്രമല്ലോ ഈ ബൂലോകത്തെ പറ്റൂ. 10 വര്‍ഷം കഴിഞ്ഞാന്‍ ഞാനും കൂടാം.

    ഓണാശംസകള്‍ ചേട്ടാ......

    മറുപടിഇല്ലാതാക്കൂ
  5. മണ്ണിന്‍റെ മണം.
    പുതു മഴയുടെ ആദ്യ പതനത്തില്‍, വികാരവതിയാകുന്ന സ്ത്രീ.
    അവളില്‍ പുതു വിത്തു വിതയുന്നതും വിത്തു ചെടിയാകുന്നതും ഭംഗി.
    ചെടി മരമാകുന്നതും, മരം പിന്നേയും കായ്കള്‍ നല്‍കുന്നതും, കായ്കളില്‍ വിത്തുകള്‍ വീണ്ടും ഉണ്ടാവുന്നതും ജീവിതം.
    ആ വിത്തുകള്‍ വീണ്ടും മണ്ണില്‍ പൊഴിഞ്ഞു വീഴുന്നതും, മണ്ണ് പുളകിതയായി മഴയില്‍ ലയിച്ച് മനോഹരിയായി വീണ്ടും വീണ്ടും....
    ജനന മരണങ്ങളുടെ നാടകം.
    ഇത് മണ്ണിന്‍റെ മാത്രം കഥയല്ല. എന്‍റേയും കഥയാണല്ലോ. മണ്ണായി തീരാന്‍ വിധിക്കപ്പെട്ട നാം മണ്ണിനെ സ്നേഹിക്കാത്തതെന്തേ.?.
    ഈ ഓണ സദ്യ പ്രമാദം. ഓണാശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  6. സപ്ന, വ്യാസാ, റോക്‌സീ, മാണിക്യം, നിരക്ഷരാ, വേണൂ - നന്ദി ഓണസദ്യയില്‍ പങ്കുകൊണ്ടതില്‍.

    മറുപടിഇല്ലാതാക്കൂ
  7. ചേട്ടാ,
    എന്റെ മകനെ ഒരു ചെടി വളരുന്നതെങ്ങിനെ എന്നു ഞാന്‍ കാണിച്ചുകൊടുത്തിട്ടുണ്ട്.
    എങ്കിലും, ഒരു കര്‍ഷകന്റെ ദര്‍ശനം അവനെ മനസ്സിലാക്കാനായോ എന്ന് സശയം .
    സസ്യം വളരുന്നതെങ്ങിനെ എന്ന് കുട്ടികളെ പഠിപ്പിക്കുന്ന ഒരു ചെറു പോസ്റ്റ് ഇട്ടൂടെ. സ്കൂളുകളില്‍ ഇ.വി.എസ്.(എന്വയണ്മെന്റല്‍ സൈന്‍സ്)-ന്റെ ഭാഗമായി അവര്‍ക്ക് ബോധിക്കുകയും ചെയ്യും.

    ആശംസകള്‍ !

    മറുപടിഇല്ലാതാക്കൂ
  8. വ്യത്യസ്തരുചിയുള്ള ഓണം.
    വൈകിയാണെത്തിയതെങ്കിലും,ആസ്വദിച്ചു കഴിച്ചു.
    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  9. ഇനിയും ഇതുപോലുള്ള രചനകൾ തുടരൂ; മണ്ണിന്റെ മണം ആസ്വദിച്ചു കൊള്ളട്ടെ.

    മറുപടിഇല്ലാതാക്കൂ
  10. സജ്ജീവ്,
    ചെടി വളരുന്നതെങ്ങിനെയെന്ന് ചിത്രങ്ങള്‍ വരച്ചുതന്നാല്‍ ബാക്കി ഞാനെഴുതാം.
    വികടശിരോമണി, ഷെരീഫ് നന്ദി പ്രതികരിച്ചതിന്.

    മറുപടിഇല്ലാതാക്കൂ
  11. മണ്ണിനോടും പ്രകൃതിയോടും വരും തലമുറയോടും താങ്കള്‍ക്കുള്ള സ്നേഹവായ്പുകള്‍ അളവറ്റതാണ്. താങ്കളുടെ ഈ പോരാട്ടത്തിനു ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  12. അജ്ഞാതന്‍5:10 PM

    മണ്ണിനെ സ്നേഹിക്കുന്ന അങ്ങയെപ്പോലേയുള്ള കര്‍ഷകരെ പുതുതലമുറ മാതൃകയാക്കിയിരുന്നെങ്കില്‍ ..

    മറുപടിഇല്ലാതാക്കൂ
  13. അജ്ഞാതന്‍5:15 PM

    മണ്ണിനേയും മരങ്ങളേയും സ്നേഹിക്കുന്ന അങ്ങയേപ്പോലെയുള്ളവരെ ഇന്നത്തെ പുതുതലമുറ മാതൃകയാക്കിയിരുന്നെങ്കില്‍ ...

    മറുപടിഇല്ലാതാക്കൂ