ഞായറാഴ്‌ച, ഒക്‌ടോബർ 25, 2009

ആഗോളതാപനത്തിനെതിരെ 'ഗ്രീന്‍ എര്‍ത്ത്‌'



തിരുവനന്തപുരം: ആഗോളതാപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും മുന്‍നിര്‍ത്തി വിവിധ സംഘടനകളുടെ സംയുക്ത
ആഭിമുഖ്യത്തില്‍ ബോധവത്‌കരണ പരിപാടി നടത്തി. യൂത്ത്‌ വൈ.എം.സി.എ, 'തണല്‍', അലിയോണ്‍സ്‌ ഫോന്‍സെയിസ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ 'ഗ്രീന്‍ എര്‍ത്ത്‌' പരിപാടി നടത്തിയത്‌.

കാലാവസ്ഥാ വിഷയങ്ങളെ മുന്‍നിര്‍ത്തി പെയിന്റിങ്‌ മത്സരവും നയരൂപവത്‌കരണ മത്സരവും സംഘടിപ്പിച്ചു. പി.ആര്‍.ഡി. ഡയറക്ടര്‍ എം. നന്ദകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. ബോധവത്‌കരണ പ്രചാരണ പരിപാടിയുടെ ഭാഗമായി രാവിലെ ആറിന്‌ നഗരത്തില്‍ റാലിയും നടത്തി. വൈ.എം.സി.എ. പ്രസിഡന്റ്‌ കെ.വി. തേമാസ്‌, 'തണല്‍' ഡയറക്ടര്‍ ജയകുമാര്‍, അലിയോണ്‍സ്‌ ഫോന്‍സെയിസ്‌ ഡയറക്ടര്‍ എമിലി, യൂത്ത്‌ വൈ.എം.സി.എ. പ്രസിഡന്റ്‌ പോള്‍ പി. രാജന്‍ എന്നിവര്‍ പങ്കെടുത്തു.
കടപ്പാട് - മാതൃഭൂമി
ജനിതകമാറ്റം വരുത്തിയ വഴുതനയെക്കുറിച്ച് ന്യൂ ഏജ് പത്രത്തില്‍ വന്ന ഫുള്‍ പേജ് വാര്‍ത്ത ഇടത് ചിത്രത്തില്‍ കാണാം.

ശനിയാഴ്‌ച, ഒക്‌ടോബർ 10, 2009

വേണ്ടിവന്നാല്‍ ഗുരുവായുരപ്പനോടും വാങ്ങും നോക്കുകൂലി

നോക്കുകൂലി ആവശ്യപ്പെട്ട് ലോറി ഡ്രൈവര്‍ക്ക് മര്‍ദനം

ഗുരുവായൂര്‍: നിര്‍മാണത്തിലിരിക്കുന്ന ദേവസ്വത്തിന്റെ പാഞ്ചജന്യം അനക്സ് കോംപ്ളക്സിലേക്ക് ഇഷ്ടികയുമായി വന്ന ടിപ്പര്‍ലോറിയുടെ ഡ്രൈവര്‍ എളവള്ളി കല്ലായില്‍ വീട്ടില്‍ ചിന്നനെ(42) സിഐടിയുവില്‍പ്പെട്ട ചുമട്ടു തൊഴിലാളികള്‍ മര്‍ദിച്ചതായി പരാതി. ഇഷ്ടിക ഇറക്കുന്നതിനു നോക്കുകൂലി ചോദിച്ചാണ് ബൈക്കിലെത്തിയ രണ്ടു തൊഴിലാളികള്‍ ചിന്നനെ വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മര്‍ദിച്ചത്.

സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ട ഇയാള്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ചിന്നന്‍ എളവള്ളിയിലെ സിപിഎം പ്രവര്‍ത്തകനാണ്. ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വന്നതിനെ തുടര്‍ന്ന് സ്കാനിങ്ങിന് വിധേയനാക്കി. തലയ്ക്കും പരുക്കുണ്ട്. വരുമാനം കുറഞ്ഞ ഭക്തരുടെ താമസത്തിനായി ദേവസ്വം നിര്‍മിക്കുന്ന ലോഡ്ജായ പാഞ്ചജന്യം അനക്സിന്റെ നിര്‍മാണത്തിനാണ് ഇഷ്ടിക കൊണ്ടുവന്നത്.

രണ്ടു ദിവസം മുന്‍പാണ് ഇഷ്ടിക ഇറക്കി തുടങ്ങിയത്. കരാറുകാരന്‍ പറഞ്ഞതനുസരിച്ച് ടിപ്പര്‍ ലോറിയില്‍നിന്ന് ഇഷ്ടിക തട്ടിയിടുകയാണ് പതിവ്. വ്യാഴാഴ്ച ആദ്യ ലോഡുമായി വരുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ഇഷ്ടിക ഇറക്കുന്നത് തങ്ങളുടെ അവകാശമാണെന്നു പറഞ്ഞായിരുന്നു മര്‍ദനം. ഗുരുവായൂര്‍ പൊലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്തു.
കടപ്പാട് - മനോരമ

ബുധനാഴ്‌ച, ഒക്‌ടോബർ 07, 2009

ഇവരാണ് തൊഴിലാളികള്‍

സിഐടിയു 'അട്ടിമറി' പൊലീസിനു നേരെയും; ലോഡ് ഇറക്കാതെ ലോറി തിരിച്ചയച്ചു
കോഴിക്കോട്: പൊലീസുകാരുടെ കുടുംബങ്ങള്‍ക്കു വിതരണം ചെയ്യാന്‍ പൊലീസ് ക്ളബില്‍ കൊണ്ടുവന്ന കംപ്യൂട്ടറുകള്‍ ലോറിയില്‍നിന്ന് ഇറക്കാന്‍ ചുമട്ടു തൊഴിലാളികള്‍ വന്‍തുക അട്ടിമറിക്കൂലി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നു ലോഡ് ഇറക്കാതെ പൊലീസ് ലോറി മടക്കി അയച്ചു. ഇന്നലെ രാവിലെ പൊലീസ് ക്ളബ് കോംപൌണ്ടിനുള്ളില്‍ ലോഡിറക്കാനുള്ള ശ്രമമാണു ചുമട്ടു തൊഴിലാളികള്‍ തടഞ്ഞത്. തുടക്കത്തില്‍ പൊലീസുകാര്‍ ഇറക്കിയ പത്തു ബോക്സുകള്‍ക്കു തൊഴിലാളികള്‍ അട്ടിമറിക്കൂലി ഇൌടാക്കുകയും ചെയ്തു. ഏറെ നേരം പൊലീസ് ക്ളബിനു മുന്നില്‍ ഇതേച്ചൊല്ലി പൊലീസും ചുമട്ടു തൊഴിലാളികളും തമ്മില്‍ വാഗ്വാദവും നടന്നു.

ഇന്നലെ രാവിലെ പതിനൊന്നിനാണു സിറ്റി പൊലീസ് എംപ്ളോയീസ് കോ-ഒാപ്പറേറ്റീവ് സൊസൈറ്റി അംഗങ്ങള്‍ക്കു വായ്പ അടിസ്ഥാനത്തില്‍ വിതരണം ചെയ്യാനുള്ള 100 കംപ്യൂട്ടറുകളുമായി ലോറിയെത്തിയത്. സൊസൈറ്റി ഭാരവാഹികളായ പൊലീസുകാരും കംപ്യൂട്ടര്‍ വിതരണക്കാരും ചേര്‍ന്നു പെട്ടികള്‍ താഴെയിറക്കിത്തുടങ്ങി. അര മണിക്കൂറിനുള്ളില്‍ സ്ഥലത്തെത്തിയ സിഐടിയു തൊഴിലാളികള്‍ ലോഡ് ഇറക്കുന്നതു തടഞ്ഞു. തുടര്‍ന്നുള്ള പെട്ടികള്‍ തങ്ങളിറക്കുമെന്നും നേരത്തെ ഇറക്കിയവയ്ക്ക് അട്ടിമറിക്കൂലി നല്‍കണമെന്നും അറിയിച്ചു.

എന്നാല്‍ വാഹനം കോംപൌണ്ടിനുള്ളിലായതിനാല്‍ സാധനം തങ്ങളിറക്കുമെന്ന നിലപാടില്‍ പൊലീസ് ഉറച്ചു നിന്നു. തൊഴിലാളികള്‍ വഴങ്ങിയില്ല. പെട്ടിക്ക് 15 രൂപ വീതം കൂലി നല്‍കണമെന്നായിരുന്നു തൊഴിലാളികളുടെ
ആവശ്യം. ആകെയുള്ള 200 പെട്ടികള്‍ ഇറക്കാന്‍ 3000 രൂപ നല്‍കേണ്ടി വരുമെന്നു കണക്കു കൂട്ടിയ പൊലീസ് സാധനം ഇറക്കുന്നില്ലെന്നും ലോറി മടക്കി വിടുകയാണെന്നും അറിയിച്ചു.

താഴെയിറക്കിയ 10 ബോക്സുകള്‍ക്ക് 15 രൂപ വീതം അട്ടിമറിക്കൂലി നല്‍കി ബാക്കിയുള്ള കംപ്യൂട്ടറുകളുമായി ലോറി കമ്മിഷണര്‍ ഒാഫിസ് കോംപൌണ്ടിലേക്കു മാറ്റി. ഇതിനിടെ കസബ സിഐയുടെ നേതൃത്വത്തില്‍ തൊഴിലാളികളുമായി അനുരഞ്ജന ചര്‍ച്ചയ്ക്കു ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്നു കംപ്യൂട്ടര്‍ വിതരണക്കാരുടെ എരഞ്ഞിപ്പാലത്തെ ഗോഡൌണില്‍ ലോറി തിരികെയെത്തി ലോഡിറക്കുകയായിരുന്നു.
കടപ്പാട് - മനോരമ

ശനിയാഴ്‌ച, ഒക്‌ടോബർ 03, 2009

ഒക്ടോബര്‍ രണ്ടിലെ മനുഷ്യച്ചങ്ങല എന്തിനുവേണ്ടിയായിരുന്നു?

ആസിയാന്‍ കരാറാണ് വിഷയമെങ്കില്‍ അത് കരാറൊപ്പിട്ടതിന് ശേഷം ആരംഭിക്കുന്ന വിഷയമാണ്. എന്നാല്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കൃഷിയെ രക്ഷപ്പെടുത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്ന പല പാക്കേജുകളും പദ്ധതികളും ഉണ്ട്. ഏത് പദ്ധതിയിലും ബാങ്ക് വായ്പ ഒരു പ്രധാന വിഷയമായിരിക്കും. വായ്പയെടുത്ത് കൃഷിചെയ്യുന്ന കര്‍ഷകന് കിട്ടുന്ന ലാഭം പോയിട്ട് തിരിച്ചടക്കുവാന്‍ മറ്റ് മാര്‍ഗങ്ങളിലൂടെ പണം കണ്ടെത്തേണ്ട ചുറ്റുപാടാണ് നിലവിലുള്ളത്. കുറെ കര്‍ഷകര്‍ ആത്മഹത്യ ചെയ്ത് കഴിയുമ്പോള്‍ കേന്ദ്ര ബഡ്ജറ്റില്‍ വായ്പ എഴുതിത്തള്ളാനായി കുറെ കോടികള്‍ നീക്കിവെയ്ക്കും. ഫലമോ കൃത്യമായി കെട്ടുതാലി വിറ്റും തിരിച്ചടച്ച കര്‍ഷകന്‍ മഠയന്‍. എഴുതിത്തള്ളുന്ന തുക ഒരു തേയ്‌മാനവും ഇല്ലാതെ ബാങ്കുകളില്‍ എത്തിച്ചേരും. ബാങ്കുകളാണല്ലോ സാമ്പ്യത്തിക മാന്യത്തില്‍ നിന്ന് നാടിനെ രക്ഷിക്കുന്നത്. ആയിരം രൂപ ചെലവാക്കി കൃഷിചെയ്യുന്ന കര്‍ഷകന് വിളവെടുക്കുമ്പോള്‍ അഞ്ഞൂറ് രൂപയുടെ വിളവ് ലഭിച്ചാല്‍ ആ കര്‍ഷകന്റെ ഗതിയെന്താവും? അത് തന്നെയാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

സര്‍ക്കരുദ്യോഗസ്ഥരുടെ ശമ്പളം കൂടിയാല്‍ ആര്‍ക്കും പരാതിയില്ല. അതിന് പ്രധാന കാരണം ഒരു കര്‍ഷകന്റെ ഏതെങ്കിലും ഒരു ബന്ധുവോ സുഹൃത്തോ സര്‍ക്കാരുദ്യോഗസ്ഥനായുണ്ടാവും. മൊനം പാലിക്കുകയാവും ആ കര്‍ഷകന് ഉചിതം. 1983 ല്‍ ഒരു രണ്ടാം ഗ്രേഡ് യൂണിവേഴ്സിറ്റി അസിസ്റ്റന്‍ഡിന് ഉണ്ടായിരുന്ന ശമ്പളം (initial basic pay of Rs. 675 carrying a DA of Rs. 112 with a total of Rs. 797 (excluding other allowances such as HRA, CCA which vary from place to place) 2008 ആയപ്പോഴേക്കും 13.8 ഇരട്ടിയായി ( initial starting basic pay for the same post is Rs. 7990 carrying a DA of Rs. 3036 with a total of Rs. 11,026 during 2008) വര്‍ദ്ധിക്കുകയും അതിന് ആനുപാതികമായി പുരുഷ തൊഴിലാളിയുടെ വേതനം 20 രൂപയില്‍ നിന്ന് 350 രൂപായായി ഉയരുകയും ചെയ്തു. എന്നുവെച്ചാല്‍ തൊഴിലാളികള്‍ക്ക് ഒരു നഷ്ടവും സംഭവിച്ചില്ല എന്നര്‍ത്ഥം. പക്ഷെ കാര്‍ഷികമേഖലയിലുണ്ടായ നഷ്ടം ആ മേഖലയിലെ തൊഴിലവസരങ്ങള്‍ നഷ്ടമാക്കി. തരിശ് ഭൂമിയുടെ വിസ്തൃതി നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയും ചെയ്തു. തൊഴിലാളികള്‍ കാര്‍ഷികമേഖല ഉപേക്ഷിച്ച് നിര്‍മ്മാണമേഖലയില്‍ ചേക്കേറി. മറ്റ് വരുമാന സ്രോതസുകളുള്ള കര്‍ഷകര്‍ക്ക് അതൊരു പ്രശ്നമേ അല്ല. എന്നാല്‍ കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവര്‍ എക്കണോമിസ്റ്റുകളല്ലാത്തതുകാരണം നഷ്ടം സഹിച്ചും അവരത് ചെയ്യുന്നു. അവരെ സംരക്ഷിക്കേണ്ട എക്കണോമിസ്റ്റുകളും കുബുദ്ധിയുള്ള കൃഷിശാസ്ത്രജ്ഞരും കര്‍ഷകന് ഉല്പാദന വര്‍ദ്ധനവിനുള്ള കുറുക്ക് വഴികള്‍ കാട്ടിക്കൊടുത്തു. രാസവളങ്ങളും കള, കുമിള്‍, കീടനാശിനികള്‍ മണ്ണിന്റെ ഫലഭൂയിഷ്ടി നശിപ്പിക്കുകമാത്രമല്ല മനുഷ്യനെയും പക്ഷി മൃഗാദികളെയും രോഗികളാക്കുകയും ചെയ്തു. നിത്യരോഗികളാവുന്ന പശുക്കളും ഭാരിച്ച തീറ്റവിലയും മൃഗപരിപാലനം കുറയാന്‍ കാരണമായി. ഇപ്പോള്‍ പലതും തമിഴ്‌നാട്ടില്‍ നിന്ന് വരണം എന്ന ഗതിയായി. ഇത്രയും പറഞ്ഞത് ഇത്തരം പ്രശ്നങ്ങള്‍ നാം തന്നെ സൃഷ്ടിച്ചെടുത്തതാണ് എന്ന തെളിവിലേക്കായാണ്. ആഗോളവത്ക്കരണവും ഉദാരവത്ക്കരണവും അതിന് ആക്കം കൂട്ടുകയും ചെയ്തു. ചെറിയൊരു വ്യത്യാസം റബ്ബര്‍ കൃഷിയിലാണ് കാണാന്‍ കഴിയുന്നത്. 2003 മുതല്‍ 2008 വരെ റബ്ബര്‍ വിലയില്‍ 6.47 ഇരട്ടിയുടെ വില വര്‍ദ്ധനയാണുണ്ടായത്. സര്‍ക്കാരുദ്യോഗസ്ഥരുടെ ശമ്പള അനുപാതമാണ് റബ്ബര്‍ കര്‍ഷകര്‍ക്ക് അവകാശപ്പെട്ടതെങ്കില്‍ 2008 ല്‍ റബ്ബറിന് കിട്ടിയ വിലയുടെ ഇരട്ടികിട്ടണം. മറ്റു ഭക്ഷ്യ വിളകളുടെ കാര്യം പറയാതിരിക്കയാവും ഭേദം.

കേരളത്തിലെ നെല്‍പ്പാടങ്ങളിലെ നെല്‍കൃഷി 1986 വരെ ലാഭകരമായി ചെയ്ത അനുഭവം എനിക്കുണ്ട്. കാലാവസ്ഥയില്‍ വന്ന മാറ്റവും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ ഉല്പാദന ചെലവിനേക്കാള്‍ താണവിലയ്ക്ക് വിപണിയില്‍ ലഭ്യമാവാന്‍ തുടങ്ങിയ അരിയൂം നെല്‍കൃഷിയെ ഇഞ്ചിഞ്ചായി തകര്‍ത്തു. കരഭൂമിയുടെ വിലയിലുണ്ടായ വര്‍ദ്ധന നഷ്ടകൃഷിയിലായ നെല്‍ക്കര്‍ഷകരില്‍ നിന്ന് താണവിലക്ക് നെല്‍പ്പാടങ്ങള്‍ വിലയ്ക്ക് വാങ്ങി ജെസിബിയുടെയും ടിപ്പര്‍ ലോറികളുടെയും സഹായത്താല്‍ നികത്തി കരയാക്കുവാന്‍ കാരണമായി. കുന്നിടിച്ച് നിരപ്പാക്കിയും വയല്‍ നികത്തിയും മറ്റും കരയും വയലും ഉയര്‍ന്ന വിലക്ക് വിറ്റ് ലാഭം പലരും കൊയ്തു. അവരില്‍ ഏറിയ പങ്കും റിയല്‍ എസ്റ്റേറ്റുകാര്‍ തന്നെ. നെല്‍ വയല്‍ സംരക്ഷണ നിയമം കൊണ്ടുവന്നത് നെല്‍ കര്‍ഷകനെ ശിക്ഷിക്കുവാനുള്ള അവസരമായി മാറി. അതിലും പഴുതുകളിട്ട് നികത്താനും വില്‍ക്കാനും വകുപ്പും നിലനിറുത്തി.

കയറ്റുമതി ഇറക്കുമതി നയങ്ങള്‍ ഏതു കൃഷിയെയും തകര്‍ക്കാന്‍ പ്രാപ്തമാണ്. പലതും നെഗറ്റീവ് ലിസ്റ്റില്‍പ്പെടുത്തി കൃഷിയെ സംരക്ഷിക്കുന്നു എന്നവകാശപ്പെടുമ്പോള്‍ റബ്ബറിന്റെ കാര്യം തന്നെ നോക്കാം. റബ്ബറിന്റെ ഇറക്കുമതി തീരുവ 20 % ആണ്. എന്നാല്‍ 85,000 ഉം 89,000 ഉം ടണ്ണുകള്‍ ഇറക്കുമതി ചെയ്പ്പോള്‍ അതില്‍ എത്രശതമാനമാണ് തീരുവനല്‍കി ഇറക്കുമതി ചെയ്തത്? 99% ഇറക്കുമതിയും 0% ഇറക്കുമതി തീരുവയില്‍ത്തന്നെയാണ് ഇറക്കുമതി ചെയ്യപ്പെട്ടത്. ഇറക്കുമതി മാത്രമല്ല കയറ്റുമതിയും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. റബ്ബര്‍ കയറ്റുമതിയില്‍ സഹകരണ സംഘങ്ങളാണ് ഏറിയ പങ്കും കയറ്റുമതി ചെയ്യുന്നത്. അവരുടെ ലാഭ വിഹിതം സര്‍ക്കാര്‍ ഖജനാവിലേക്ക് വരേണ്ടതാണ്. ഉല്പന്ന നിര്‍മ്മാതാക്കളും ഇത്തരം സഹകരണ സംഘങ്ങളും ഒത്തുചേര്‍ന്ന് വിപണിവിലയില്‍ ഏറ്റക്കുറച്ചിലുണ്ടാക്കി ചെറുമത്സ്യങ്ങളെ വലിയ മത്സ്യം വിഴുങ്ങുന്ന രീതി തന്നെയാണ് നിലവിലുള്ളത്. വിപണി വില നിയന്ത്രിക്കുന്നത് ഒരു ടയര്‍ നിര്‍മ്മാതാവിന്റെ ഗ്രൂപ്പില്‍പ്പെട്ട പത്രത്തിലെ വ്യാപാരി വിലയാണ്. ഡീലര്‍മാര്‍ ഗ്രേഡിംഗ് മാനദണ്ഡങ്ങള്‍ പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ റബ്ബര്‍ ബോര്‍ഡും ഒത്താശ ചെയ്യുന്നു. 1996-97 മുതല്‍ 2001-02 വരെ 38698 ടണ്ണാണ് ഉള്ളസ്റ്റോക്ക് കുറച്ച് കാട്ടി വിലയിടിക്കുവാനാണ് റബ്ബര്‍ ബോര്‍ഡ് സഹായിച്ചത്. 2002-03 മുതല്‍ 2008-09 വരെ 39200 ടണ്‍ ഇല്ലാത്ത റബ്ബര്‍ ഉല്പാദനവും സ്റ്റോക്കും ഉയര്‍ത്തിക്കാട്ടി വില ഉയരാതിരിക്കുവാന്‍ സഹായിച്ചു. 2009 ഏപ്രില്‍ മേയ് മാസങ്ങളില്‍ 30249 ടണ്‍ ഇറക്കുമതി ചെയ്തതില്‍ എത്ര ശതമാനം കാണും 20% തീരുവ നല്‍കി ഇറക്കുമതി ചെയ്തത്? ഇറക്കുമതി ചെയ്യാന്‍ വേണ്ടി ഏപ്രിലില്‍ ശരാശരി 13 രൂപയും മേയില്‍ 18 രൂപയുമാണ് ആഭ്യന്തര വിപണിയില്‍ ഉയര്‍ത്തി നിറുത്തിയത്. എന്നാല്‍ ഈ അവസരത്തില്‍ 840 ടണ്‍ സ്വാഭാവിക റബ്ബര്‍ നഷ്ടം സഹിച്ച് ആരാണ് കയറ്റുമതി ചെയ്തത്? 2006 ആഗസ്റ്റ് മാസം പാലാ റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി ആഭ്യന്തര വിപണിയില്‍ 92 രൂപ വിലയുണ്ടായിരുന്നപ്പോള്‍ 2.11 രൂപക്ക് എപ്രകാരമാണ് കയറ്റുമതി ചെയ്തത്?

കുരുമുളക്, പാംഓയില്‍, ഗോതമ്പ്, സോയാബീന്‍ ഓയില്‍ മുതലായവയുടെ ഇറക്കുമതി വിവരങ്ങള്‍ പരിശോധിച്ചാലും പലതും കണ്ടെത്തുവാന്‍ കഴിയും. ഇത് കണ്ടെത്തേണ്ട എക്കണോമിസ്റ്റുകള്‍ കര്‍ഷകരെ കബളിപ്പിക്കയല്ലെ ചെയ്യുന്നത്? നിത്യോപയോഗ സാധനങ്ങളായ കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിലകൂടിപ്പോയി എന്ന് പറഞ്ഞ് അത് ഉല്പാദിപ്പിക്കുന്ന കര്‍ഷകനെക്കൊണ്ട് സമരം ചെയ്യിപ്പിക്കലല്ലെ കക്ഷി രാഷ്ട്രീയക്കാര്‍ ചെയ്തു വരുന്നത്. അത്തരം ഒരു മനുഷ്യച്ചങ്ങലയല്ലെ ഒക്ടോബര്‍ രണ്ടിന് അരങ്ങേറിയത്. ഒരു കയ്യില്‍ കര്‍ഷകരെയും മറുകയ്യില്‍ കര്‍ഷക തൊഴിലാളികളെയും താങ്ങി നിറുത്തുന്നത് കാണുമ്പോള്‍ ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല. 375 രൂപ ശമ്പളം വാങ്ങുന്ന പുരുഷ തൊഴിലാളിക്ക് കാര്‍ഷിക മേഖലയില്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുമോ? ഇല്ലേ ഇല്ല. അത്രയും തൊഴിലാളി വേതനം നല്‍കുമ്പോള്‍ കാര്‍ഷികോത്പന്ന വില എന്തായിരിക്കണം എന്ന് എക്കണോമിസ്റ്റുകള്‍ കര്‍ഷകര്‍ക്ക് പറഞ്ഞു തന്നാല്‍ കൊള്ളാം.

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ദേശീയ തൊഴിലുറപ്പ് പദ്ധതി കര്‍ഷകര്‍ക്ക് ലഭ്യമാക്കി ഓരോ സ്ഥലത്തെയും കൂലി നിരക്കനുസരിച്ച് ബാക്കി കൂലി കര്‍ഷകര്‍ കൊടുക്കട്ടെ. അതിലൂടെ തല്കാലം അല്പമൊരാശ്വാസവും കര്‍ഷകന് ലഭിക്കും. ബാങ്ക് വായ്പകളല്ല കര്‍ഷകനാവശ്യം കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കലാണ് പ്രധാനം. ഇറക്കുമതി ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന് ഇടനിലക്കാരെ ഒഴിവാക്കി സര്‍ക്കാര്‍ ചെയ്യട്ടെ. കയറ്റുമതി ചെയ്യാന്‍ വേണ്ടി ഇറക്കുമതി ചെയ്ത് ഇവിടത്തെ ഉല്പന്ന വില നിയന്ത്രിക്കുന്ന സംവിധാനമാണ് അവസാനിപ്പിക്കേണ്ടത്. എന്നിട്ട് കര്‍ഷക ദ്രോഹമല്ലാത്ത രീതിയില്‍ അത് വിപണിയില്‍ പ്രാവര്‍ത്തികമാക്കട്ടെ.