വെള്ളിയാഴ്‌ച, ജൂൺ 19, 2009

നാണ്യശോഷണം

ന്യൂഡല്‍ഹി : മുപ്പതുവര്‍ഷത്തിനിടെ ആദ്യമായി രാജ്യത്ത് നാണ്യശോഷണം രേഖപ്പെടുത്തി. ഉല്‍പന്നങ്ങളുടെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയു ള്ള നാണ്യപ്പെരുപ്പ നിരക്ക് ജൂണ്‍ ആറിന് അവസാനിച്ച ആഴ്ചയിലാണു പൂജ്യത്തിനും താഴെയെത്തിയിരിക്കുന്നത്. വിലക്കയറ്റത്തിന്റെ തോത് മൈനസ് 1.61 % നിലവാരത്തിലെത്തി; അഥവാ ഉല്‍പന്നങ്ങളുടെ മൊത്തവിലസൂചിക കഴിഞ്ഞ വര്‍ഷം ഇതേ സമയത്തേതിനെ അപേക്ഷിച്ച് 1.61% ഇടിഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത്, ഇന്ധനവിലക്കയറ്റം ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ നാണ്യപ്പെരുപ്പം വളരെ ഉയര്‍ന്ന തോതിലായിരുന്നു (11.66%) എന്നും അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൊത്തവിലസൂചിക അല്‍പം താഴ്ന്നത് സ്വാഭാവികമാണെന്നും കേന്ദ്ര ധനകാര്യ സെക്രട്ടറി അശോക് ചാവ്ല വിശദീകരിച്ചു. നാണ്യശോഷണമെന്നാല്‍, വിപണിയില്‍ ആവശ്യം (ഡിമാന്‍ഡ്) കുറഞ്ഞതുമൂലമുണ്ടാകുന്ന വിലയിടിവ് എന്നാണ് സാങ്കേതിക അര്‍ഥമെങ്കിലും ഇവിടെ അതല്ല സംഭവിച്ചിരിക്കുന്നതെന്ന് ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയയും പറഞ്ഞു. ഇതുസംബന്ധിച്ച ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല.

മൊത്തവില സൂചിക കണക്കാക്കാന്‍ പരിഗണിക്കുന്ന ഉല്‍പന്നങ്ങളില്‍ ഇന്ധനത്തിനു വില കുറഞ്ഞെങ്കിലും കഴിഞ്ഞ ജൂണിലേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ധാന്യങ്ങള്‍, പച്ചക്കറി, പഴങ്ങള്‍ തുടങ്ങിയ ആഹാരസാധനങ്ങളുടെ വില ഇപ്പോള്‍ ഉയര്‍ന്നതായാണു കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ക്രൂഡ് ഒായില്‍ വില ബാരലിന് 140 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. ഇപ്പോഴത് ഏതാണ്ട് പകുതിയായി
കുറഞ്ഞിരിക്കുകയാണ്.

എണ്ണവിലക്കുറവും സര്‍ക്കാരും റിസര്‍വ്ബാങ്കും കൈക്കൊണ്ട നടപടികളും മൂലം കഴിഞ്ഞ ഒാഗസ്റ്റിnനുശേഷം നാണ്യപ്പെരുപ്പ നിരക്ക് പൊതുവെ കുറഞ്ഞുവരികയായിരുന്നു. നാണ്യശോഷണം രേഖപ്പെടുത്തിയതിനു തൊട്ടുമുന്‍പത്തെ ആഴ്ച 0.13% ആയിരുന്നു.
കടപ്പാട് മനോരമ
ന്യൂഡല്‍ഹി: രാജ്യം 34 വര്‍ഷത്തിനിടെ ആദ്യമായി പണച്ചുരുക്കത്തിന്റെ പിടിയിലമര്‍ന്നു. ജൂണ്‍ 6ന്‌ അവസാനിച്ച ആഴ്‌ചയില്‍ പണപ്പെരുപ്പം പൂജ്യത്തിലും താഴ്‌ന്ന്‌ മൈനസ്‌ 1.61 ശതമാനത്തിലെത്തി. തൊട്ടു മുമ്പത്തെ ആഴ്‌ചയിലിത്‌ 0.13 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേസമയം 11.66 ശതമാനം പണപ്പെരുപ്പമുണ്ടായിരുന്നു.

മൊത്ത വില സൂചിക ജൂണ്‍ 6ന്‌ 232.7 ആയി കുറഞ്ഞു. മുന്‍ വര്‍ഷം ഇതേസമയം ഇത്‌ 236.5 ആയിരുന്നു.

1975-നു ശേഷം ഇതാദ്യമായാണ്‌ ഇന്ത്യയില്‍ പണച്ചുരുക്കം അനുഭവപ്പെടുന്നത്‌. എന്നാല്‍ അന്ന്‌ അടിയന്തരാവസ്ഥക്കാലത്ത്‌ നിര്‍ബന്ധപൂര്‍വം വിലകള്‍ പിടിച്ചുനിര്‍ത്തുകയായിരുന്നുവെന്ന പ്രത്യേകതയുണ്ട്‌. സമ്പദ്‌ വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം പണപ്പെരുപ്പത്തെ പോലെ തന്നെ ഭവിഷ്യത്തുണ്ടാക്കുന്നതാണ്‌ പണച്ചുരുക്കവും. ഉത്‌പാദന മേഖലയെ സംബന്ധിച്ചിടത്തോളം ഒട്ടും ഗണകരമല്ല ഈ സ്ഥിതിവിശേഷമെന്ന്‌ വിദഗ്‌ദ്ധര്‍ വിലയിരുത്തുന്നു.

പണപ്പെരുപ്പം രണ്ടുമൂന്നു മാസക്കാലം പൂജ്യത്തിനു താഴെ നിലനില്‍ക്കുമെന്ന്‌ ക്രിസില്‍ പ്രിന്‍സിപ്പല്‍ ഇക്കണോമിസ്റ്റ്‌ ഡി.കെ. ജോഷി പറഞ്ഞു. അല്ലെങ്കില്‍ പെട്രോളിയം വിലയും മറ്റ്‌ ഉത്‌പന്നങ്ങളുടെ വിലയും പെട്ടെന്ന്‌ ഉയരണം. പണപ്പെരുപ്പം പൂജ്യത്തിനു താഴെയെത്തുന്നത്‌ പ്രതീക്ഷിച്ചതായിരുന്നുവെന്നും ഭക്ഷ്യ വില ഉയര്‍ന്നതാണ്‌ ഇത്‌ വൈകിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഉത്‌പന്നങ്ങളുടെ ആവശ്യം കുറഞ്ഞതും ഉയര്‍ന്ന അടിസ്ഥാന വിലയുമാണ്‌ പണച്ചുരുക്കത്തിന്‌ ഇടയാക്കിയത്‌.

രാജ്യം പണച്ചുരുക്കത്തിലേക്ക്‌ നീങ്ങിയ വാര്‍ത്തയറിഞ്ഞയുടന്‍ ഓഹരി വിപണി പ്രതികരിച്ചു. രാവിലത്തെ താഴ്‌ചയില്‍ നിന്ന്‌ സെന്‍സെക്‌സ്‌ 200 പോയിന്റ്‌ കയറി. പണ നയത്തിലെ നിയന്ത്രണങ്ങള്‍ റിസര്‍വ്‌ ബാങ്ക്‌ നീക്കുമെന്നും വായ്‌പാ പലിശ കുറയ്‌ക്കുമെന്നും വിപണി തിരിച്ചറിഞ്ഞു. എന്നാല്‍ വൈകീട്ട്‌ ക്ലോസിങ്ങില്‍ ഓഹരി വിപണി തിരിച്ചടിച്ചു.

പണപ്പെരുപ്പം നെഗറ്റീവാകുന്നത്‌ അസാധാരണമാണെങ്കിലും അപ്രതീക്ഷിതമായിരുന്നില്ലെന്ന്‌ കേന്ദ്ര ധനകാര്യ സെക്രട്ടറി അശോക്‌ ചാവ്‌ള പറഞ്ഞു. ആവശ്യത്തിലുണ്ടായ കുറവിന്റെ പ്രതിഫലനമല്ല ഇത്‌. എന്നാല്‍ ഇതിനെ മുന്‍നിര്‍ത്തി സാമ്പത്തിക നയങ്ങള്‍ക്ക്‌ മാറ്റം വരുത്താനാവില്ല. സമ്പദ്‌ വ്യവസ്ഥ വളര്‍ച്ചയുടെ പാതയില്‍ തന്നെയാണ്‌ - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുറച്ചുകാലം നെഗറ്റീവായി തുടരുമെന്ന്‌ അദ്ദേഹം സൂചിപ്പിച്ചു.

കഴിഞ്ഞ വര്‍ഷം ഇതേസമയം പണപ്പെരുപ്പം ഇരട്ട അക്കത്തിലായിരുന്നതുകൊണ്ടാണ്‌ അതിനെ അപേക്ഷിച്ച്‌ വിലകള്‍ കുറഞ്ഞതായി തോന്നുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. ഉദാഹരണത്തിന്‌ കഴിഞ്ഞ വര്‍ഷം ഇന്ധനവില വളരെ ഉയരത്തിലായിരുന്നു.

ഇന്ത്യയില്‍ മൊത്ത ആഭ്യന്തര ഉത്‌പാദനം നടപ്പുവര്‍ഷം ഏഴു ശതമാനം വളര്‍ച്ച കൈവരിച്ചുവെന്ന്‌ ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്‌ സിങ്‌ അലുവാലിയ പ്രതീക്ഷ പുലര്‍ത്തി.

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഭാഗം പണച്ചുരുക്കം നിലനില്‍ക്കുമെന്നും റിസര്‍വ്‌ ബാങ്ക്‌ ഇത്‌ മുന്‍കൂട്ടി കണ്ടതാണെന്നും റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ ഡി. സുബ്ബറാവു അഭിപ്രായപ്പെട്ടു. ''ഇതിന്‌ സ്ഥിതിവിവരക്കണക്കിന്റെ പ്രസക്തിയേ ഉള്ളൂ. വികസിത രാജ്യങ്ങളിലേതുപോലെ ആവശ്യം കുറഞ്ഞതിന്റെ പ്രതിഫലനമല്ല അത്‌'' - അദ്ദേഹം തുടര്‍ന്നു. 2010 മാര്‍ച്ചില്‍ പണപ്പെരുപ്പം നാലു ശതമാനത്തില്‍ തിരിച്ചെത്തുമെന്നാണ്‌ റിസര്‍വ്‌ ബാങ്കിന്റെ നിഗമനം.

പണച്ചുരുക്കം എന്നാല്‍

ഇന്ന്‌ ഒരു ലക്ഷം രൂപയ്‌ക്ക്‌ വാങ്ങാവുന്ന ആസ്‌തി അടുത്തയാഴ്‌ച 99,000 രൂപയ്‌ക്ക്‌ ലഭിക്കുമെങ്കില്‍ എന്തിന്‌ ധൃതിപിടിച്ച്‌ നിക്ഷേപം നടത്തണം? ഇതാണ്‌ പണച്ചുരുക്കത്തിന്റെ ദൂഷ്യവശം. ആസ്‌തികള്‍ക്കും ഉത്‌പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും അനുദിനം വില കുറയുന്ന അവസ്ഥ. പണപ്പെരുപ്പം ഉയരുന്നതിനു പകരം പൂജ്യത്തില്‍ നിന്ന്‌ താഴേക്കിറങ്ങി മൈനസാകുന്ന അസാധാരണ സ്ഥിതിവിശേഷം.

ഉപഭോക്താക്കള്‍ അവരുടെ വാങ്ങല്‍ തീരുമാനം നീട്ടിക്കൊണ്ടു പോകുന്നതുമൂലം ആവശ്യം മുരടിക്കും. ആസ്‌തികള്‍ക്ക്‌ മൂല്യം കുറയും. വായ്‌പ ഗാരന്റികളുടെ വില താഴോട്ടുപോകും. ഉത്‌പന്നങ്ങള്‍ക്ക്‌ ആവശ്യക്കാര്‍ കുറയുന്നതുമൂലം ഉപഭോഗം കുറയും. നിക്ഷേപ തീരുമാനം നീട്ടിക്കൊണ്ടുപോവും. ഇത്‌ ഉത്‌പാദനമേഖലയെ തളര്‍ത്തും.

സമ്പദ്‌ ഘടന ശോഷിക്കും.കമ്പനികളുടെ ലാഭം കുറയുന്നതിനാല്‍ പുതിയ നിക്ഷേപങ്ങളുണ്ടാവില്ല; തൊഴിലവസരങ്ങളും. വായ്‌പ കുറയുന്ന സാഹചര്യത്തില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തളരും. ധനകാര്യ സ്ഥാപനങ്ങള്‍ക്ക്‌ നിഷ്‌ക്രിയ ആസ്‌തി വര്‍ധിക്കുന്ന സാഹചര്യം ഉണ്ടാകും. അത്‌ നഷ്‌ടം വര്‍ധിപ്പിക്കും. കേന്ദ്ര ബാങ്കുകള്‍ തുടര്‍ച്ചയായി വായ്‌പപ്പലിശ കുറച്ച്‌ ഉപഭോഗം വര്‍ധിപ്പിച്ചു വേണം ഇങ്ങനെയൊരു സാഹചര്യത്തെ നേരിടാന്‍.
കടപ്പാട് മാതൃഭൂമി
===========================================================================
ഒരു കര്‍ഷകന്റെ അഭിപ്രായം
പച്ചകറികള്‍ക്ക് വിലകൂടുന്നതില്‍ ഭരണകൂടങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എന്തിനേറെ പൊതു ജനത്തിനും വ്യാകുലത. ധാന്യങ്ങളും, പഴങ്ങളും, പച്ചക്കറികളും വിലഉയരുമ്പോള്‍ നാണയപ്പെരുപ്പം താഴേയ്ക്ക പോകുന്നു. ഭക്ഷ്യോത്പന്നങ്ങള്‍ക്ക് വില കൂടുമ്പോള്‍ ഡോളര്‍ വില ഉയരുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്യുന്നതായുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ തന്നെ മുമ്പ് പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ശമ്പളവും അലവന്‍സും വര്‍ദ്ധിക്കുന്നത് ഭക്ഷ്യോത്പന്നങ്ങള്‍ക്ക് പ്രമുഖ പ്രാമുഖ്യം കൊടുത്തിട്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും ശമ്പള വര്‍ദ്ധനയുമായി തുലനം ചെയ്യുമ്പോള്‍ കാര്‍ഷികോത്പന്നങ്ങളുടെ വില കുറവാണെന്ന് കാണാം. ഈ പഠനം കാണുക. ഇരുപത്തിയഞ്ച് കൊല്ലം കൊണ്ട് നാളികേരത്തിന് 3.38 ഇരട്ടിയും റബ്ബറിന് 6.47 ഇരട്ടിയായും വര്‍ദ്ധിച്ചപ്പോള്‍ ഒരു യൂണിവേഴ്സിറ്റി രണ്ടാഗ്രേഡ് അസിസ്റ്റന്റിന് ശമ്പളം 13.8 ഇരട്ടിയായാണ് വര്‍ദ്ധിച്ചത്. ശമ്പളം വര്‍ദ്ധിക്കുമ്പോള്‍ അതിന് കാരണം ഇന്‍ഫ്ലേഷന്‍. കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിലയിടിയുമ്പോള്‍ അത് അവന്റെ തലവിധി.

കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷം കൊണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷണര്‍ക്കും വര്‍ദ്ധിച്ചത് 14 ഇരട്ടിയോളമാണ്. അതേ വര്‍ദ്ധന കാര്‍ഷികമേഖലയിലെ തൊഴിലാളികള്‍ക്കും ഉണ്ടായി. 20 രൂപയില്‍ നിന്നും 350 രൂപയായി പാടത്ത് പണിയെടുക്കുന്ന പുരുഷ തൊഴിലാളികളുടെ വേതനമായി ഉയര്‍ന്നു. അന്നത്തെ നാളികേരത്തിന്റെ വില തന്നെയാണ് ഇന്നും. നാല് തെങ്ങില്‍ കയറാന്‍ ഒരു തേങ്ങ കൂലി കൊടുത്തിരുന്നസ്ഥാനത്ത് 80 രൂപയായി ഉയര്‍ന്നു. പ്രതിശീര്‍ഷ ഭൂമിലഭ്യത നാലിലൊന്നായി. ഒന്നാം ഹരിതവിപ്ലവത്തിലൂടെ 1960 മുതല്‍ 30 വര്‍ഷത്തോളം കര്‍ഷകരെ നഷ്ടമില്ലാതെ ഉല്പാദിപ്പിക്കാന്‍ അവസരമൊരുക്കി. പരിണിതഫലമായി പരിസ്ഥിതി മലിനീകരണം സ്വായത്തമാക്കി.

ഇന്‍ഡ്യന്‍ ജനതയെത്തീറ്റിപ്പോറ്റാന്‍ ഒന്നാം ഹരിതവിപ്ലവത്തിന് നാളിതുവരെ കഴിഞ്ഞു. രണ്ടാം ഹരിതവിപ്ലവം ജനറ്റിക് എഞ്ചിനീയറിംഗിന്റെ സഹായത്താല്‍ ജനിതകമാറ്റം വരുത്തിയ ഭക്ഷ്യോല്പന്നങ്ങളെ തേടുകയാണ്. അതിന്റെ ദോഷവശങ്ങള്‍ പറഞ്ഞാലും തെളിയിച്ചാലും തലയില്‍ കേറാത്ത ഭരണാധികാരികള്‍. രോഗികളുടെയും രോഗങ്ങളുടെയും നിരക്കിലുണ്ടാകുന്ന വളര്‍ച്ച മരുന്നുകമ്പനികളെയും എഞ്ചിനീയറിംഗ്, മെഡിസിന്‍ അനുബന്ധ വ്യവസായങ്ങളെ വിദ്യാഭ്യാസം മുതല്‍ വളര്‍ത്തട്ടെ!!! ജി.ഡി.പി ഉയരുമല്ലോ.