ചൊവ്വാഴ്ച, ജൂൺ 30, 2009

തൊഴിലാളി സംരക്ഷണമെന്നാല്‍ നോക്കുകൂലിയോ?

നോക്കുകൂലി 35,000; എന്നിട്ടും തര്‍ക്കം
ആലപ്പുഴ: നോക്കുകൂലി വാങ്ങി റെഡിമിക്‌സ്‌ (കോണ്‍ക്രീറ്റ്‌ മിശ്രിതം തയ്യാറാക്കുന്ന യന്ത്രം) ഉപയോഗിച്ചുള്ള വാര്‍ക്കപ്പണിക്ക്‌ തൊഴിലാളികള്‍ സമ്മതിച്ചപ്പോള്‍ നേതൃത്വം ഇടഞ്ഞു. തുടര്‍ന്ന്‌ റെഡിമിക്‌സ്‌ കൊണ്ടുവന്ന വാഹനം ആലപ്പുഴയില്‍ തടഞ്ഞിട്ടു. നോക്കുകൂലിയായി 35,000 രൂപ തൊഴിലാളികള്‍ വാങ്ങിയിട്ടും തര്‍ക്കം തുടരുകയുംചെയ്‌തു.

ആലപ്പുഴ കളര്‍കോട്‌ ജങ്‌ഷനുസമീപം റിട്ട. മേജര്‍ പി.സി. ചെറിയാന്റെ ഉടമസ്ഥതയിലുള്ള കെട്ടിടനിര്‍മാണമാണ്‌ യന്ത്രവല്‍കൃത സിമന്റുകുഴയ്‌ക്കല്‍ എന്ന പേരില്‍ വിഷയമായത്‌. എറണാകുളത്തെ ചെറിയാന്‍ വര്‍ക്കി ആന്‍ഡ്‌ കണ്‍സ്‌ട്രക്ഷന്‍ കമ്പനിയാണ്‌ കെട്ടിടംവാര്‍ക്കയ്‌ക്കായി റെഡിമിക്‌സ്‌ എത്തിച്ചത്‌. നോക്കുകൂലിയുടെ പേരില്‍ 35 തൊഴിലാളികള്‍ 35,000 രൂപ ആവശ്യപ്പെട്ടതായും അത്‌ നല്‍കിയതായും കരാറുകാര്‍ വ്യക്തമാക്കി. വാര്‍ക്കപ്പണിക്ക്‌ നഗരത്തില്‍ റെഡിമിക്‌സ്‌ ഉപയോഗിക്കാന്‍ യൂണിയനുകളുമായി ധാരണയില്ലെന്നപേരിലാണ്‌ വൈകുന്നേരത്തോടെ സി.ഐ.ടി.യു. യൂണിയന്‍ വാഹനം തടയാനെത്തിയത്‌. എ.ഐ.ടി.യു.സി., സി.ഐ.ടി.യു. യൂണിയനുകളില്‍പ്പെട്ട തൊഴിലാളികള്‍ക്കാണ്‌ 35,000 രൂപ കരാറുകാര്‍ നല്‍കിയത്‌. കരാറുകാരുടെ തൊഴിലാളികള്‍ വാര്‍ക്കപ്പണിചെയ്‌ത്‌ തീര്‍ക്കുകയുംചെയ്‌തു. ഇതെല്ലാം കഴിഞ്ഞാണ്‌ നേതാക്കള്‍ വിവരമറിഞ്ഞത്‌. ഇവര്‍ ഇടപെട്ട്‌ വൈകുന്നേരത്തോടെ വാഹനം തടഞ്ഞെങ്കിലും പണംവാങ്ങിയ തൊഴിലാളികള്‍ വാഹനങ്ങള്‍ നഗരം കടത്തിവിടാന്‍ തയ്യാറായി. ഇതോടെ നേതാക്കള്‍ വെട്ടിലായി. ഇങ്ങനെയൊരു സംഭവം ഉണ്ടായതായി അറിയില്ല എന്നായി ഒടുവില്‍ സി.ഐ.ടി.യു. നേതൃത്വം. സംഭവത്തില്‍ ബില്‍ഡേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ ആലപ്പുഴ സെന്റര്‍ പ്രതിഷേധിച്ചു.

കടപ്പാട് - മാതൃഭൂമി 30-06-09

ഈ പോക്കിന് പോയാല്‍ ഭൂമിയില്‍ പണിയെടുക്കുന്ന കര്‍ഷകനോടും വാങ്ങാമല്ലോ നോക്കുകൂലി. പ്രതിദിനം 180 റബ്ബര്‍ മരം ടാപ്പ് ചെയ്യുകയും രണ്ട് പശുവിനെ കറക്കുകയും ചെയ്യുന്ന എന്നോടും വാങ്ങാം നോക്കുകൂലി 210 (180 + 30) രൂപ. കക്ഷി രാഷ്ട്രീയ ഭേദമന്യേ ഇത്തരം ഗുണ്ടകള്‍ക്ക് കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരേ ഏതെങ്കിലും ഒരു എം.പി അല്ലെങ്കില്‍ ഒരു എം.എല്‍.എ പ്രതികരിച്ചാല്‍ അടുത്ത ഇലക്ഷനില്‍ ആ വ്യക്തിക്ക് കൂടുതല്‍ വോട്ട് കിട്ടുമെന്ന കാര്യത്തില്‍ സംശയം വേണ്ട.