തിങ്കളാഴ്‌ച, ജൂലൈ 06, 2009

മേല്‍ത്തട്ട്‌: കമ്മീഷനും സര്‍ക്കാരിനും പി.എസ്‌.സി.യുടെ രണ്ട്‌ കണക്ക്‌

ഇന്ന്‌ സമ്പൂര്‍ണയോഗം (06-07-09)

തിരുവനന്തപുരം: പിന്നാക്കക്കാരിലെ മേല്‍ത്തട്ട്‌പരിധി നിശ്ചയിക്കാനായി നിയമിതനായ ജസ്റ്റിസ്‌ രാജേന്ദ്രബാബു കമ്മീഷന്റെ പഠനത്തിനായി പി.എസ്‌.സി. നല്‍കിയ കണക്കും അവര്‍ തന്നെ ഗവര്‍ണര്‍ക്ക്‌ കൊടുത്ത കണക്കും തമ്മിലുണ്ടായ വന്‍ വ്യത്യാസം വിവാദമാകുന്നു.

പി.എസ.്‌സി. അംഗങ്ങള്‍ അറിയാതെ ഈ കള്ളക്കണക്ക്‌ ആരാണ്‌ രാജേന്ദ്രബാബു കമ്മീഷന്‌ നല്‍കിയെന്നതിനെക്കുറിച്ച്‌ തിങ്കളാഴ്‌ച കൂടുന്ന അംഗങ്ങളുടെ സമ്പൂര്‍ണയോഗം ചര്‍ച്ച ചെയ്യും. മുമ്പ്‌ സംവരണം സംബന്ധിച്ച്‌ സുപ്രീംകോടതിയില്‍ നടന്ന കേസ്സിലും പി.എസ്‌.സി. തെറ്റായ കണക്ക്‌ നല്‍കിയ കാര്യം അന്ന്‌ 'മാതൃഭൂമി' പുറത്തുകൊണ്ടുവന്നിരുന്നു. അത്‌ കോടതി യലക്ഷ്യമാകുമെന്ന്‌ വന്നപ്പോള്‍ പി.എസ്‌.സി. പ്രത്യേക അഫിഡവിറ്റ്‌ നല്‍കി ശിക്ഷയില്‍നിന്നും ഒഴിവാകുകയായിരുന്നു.

പി.എസ്‌.സി. നിയമനങ്ങളില്‍ പിന്നാക്ക വിഭാഗക്കാര്‍ക്ക്‌ സംവരണാടിസ്ഥാനത്തില്‍ ലഭിക്കുന്ന പങ്ക്‌ പരിശോധിക്കാനായിരുന്നു കമ്മീഷന്‍ പി.എസ്‌.സി.യോട്‌ കണക്ക്‌ ആവശ്യപ്പെട്ടത്‌. തെറ്റായ കണക്കിന്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്‌തതിനാല്‍ രാജേന്ദ്രബാബു കമ്മീഷന്റെ റിപ്പോര്‍ട്ടിലും അപാകം കടന്നുകൂടിയതായി പി.എസ്‌.സി. മെമ്പര്‍മാര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു. 1995 മുതല്‍ 2008 വരെയുള്ള 14 വര്‍ഷം 254937 പേര്‍ക്ക്‌ പി.എസ്‌.സി. വഴി നിയമനം ലഭിച്ചുവെന്നാണ്‌ രാജേന്ദ്രബാബു കമ്മീഷന്‍ പറയുന്നത്‌. എന്നാല്‍ പി.എസ്‌.സി. ഗവര്‍ണര്‍ക്ക്‌ നല്‍കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ 330013 പേര്‍ക്ക്‌ ജോലി കിട്ടി. 75076 പേരുടെ കുറവാണ്‌ രാജേന്ദ്രബാബു കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കാണിച്ചിട്ടുള്ളത്‌. അതായത്‌ സാമ്പത്തികവര്‍ഷം അടിസ്ഥാനമാക്കിയുള്ള വാര്‍ഷിക റിപ്പോര്‍ട്ടിലെ കണക്ക്‌ കലണ്ടര്‍ വര്‍ഷമാക്കിയാണ്‌ പി.എസ്‌.സി. ഉദ്യോഗസ്ഥര്‍ രാജേന്ദ്രബാബു കമ്മീഷന്‌ നല്‍കിയത്‌. ഇക്കാര്യം അവര്‍ പി.എസ്‌.സി. അംഗങ്ങളില്‍നിന്ന്‌ മറച്ചുവെയ്‌ക്കുകയും ചെയ്‌തു. ഇതിന്‌ മറുപടി പറയേണ്ടത്‌ പി.എസ്‌.സി. ചെയര്‍മാനും.

പി.എസ്‌.സി. ഇപ്പോള്‍ സമ്പൂര്‍ണമായി കമ്പ്യൂട്ടര്‍വത്‌ക്കരിച്ചിരിക്കുന്നതിനാല്‍ മെറിറ്റ്‌ അടിസ്ഥാനത്തിലും സംവരണാടിസ്ഥാനത്തിലും നിയമനം ലഭിച്ച സംവരണവിഭാഗക്കാരുടെ കണക്കെടുക്കുന്നതിന്‌ യാതൊരു പ്രയാസവുമില്ല. മാത്രമല്ല, അഞ്ച്‌ വര്‍ഷത്തിലേറെയായി നിയമനത്തിന്‌ ശുപാര്‍ശ ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ മെറിറ്റടിസ്ഥാനത്തിലോ അതോ സംവരണാടിസ്ഥാനത്തിലോ നിയമിക്കുന്നതെന്നും ഓരോ ഉദ്യോഗാര്‍ഥിയുടെയും ജാതിയും വിലാസവുമടക്കം പി.എസ്‌.സി. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നുമുണ്ട്‌. എന്നിട്ടും കൃത്യമായ വിവരം രാജേന്ദ്രബാബു കമ്മീഷന്‌ നല്‍കാന്‍ കഴിയാത്തത്‌ മനപ്പൂര്‍വമാണെന്നും പി.എസ്‌.സി. അംഗങ്ങള്‍ പറയുന്നു.

1995 മുതല്‍ 2008 വരെയുള്ള കണക്കില്‍ ഓരോ സമുദായത്തിനും കിട്ടിയ വിഹിതം പ്രത്യേകം പ്രത്യേകം കാണിച്ചിട്ടില്ല. എന്നാല്‍, കൊല്ലം, കോട്ടയം, വയനാട്‌ എന്നീ ജില്ലകളിലെ 18-5-2000 മുതല്‍ 31-3-2009 വരെയുള്ള കാലയളവിലെ കണക്കുകളില്‍ ഓരോ ജാതിക്കും ലഭിച്ച എണ്ണം നല്‍കിയിട്ടുണ്ട്‌. പി.എസ്‌.സി.യുടെ മൊത്തം നിയമനത്തിന്റെയും വിശദാംശം ഇത്തരത്തില്‍ നല്‍കാമെന്നിരിക്കെ ഈ ജില്ലകള്‍ മാത്രമായി പരിമിതപ്പെടുത്തിയത്‌ എന്താണെന്നും ഈ തീയതി തിരഞ്ഞെടുക്കാന്‍ കാരണമെന്താണെന്നുമുള്ള കാര്യങ്ങള്‍ ദുരൂഹമായിരിക്കുന്നു. പി.എസ്‌.സി. നല്‍കിയ ഈ കണക്ക്‌ പ്രകാരമാണ്‌ രാജേന്ദ്രബാബു കമ്മീഷന്‍ പിന്നാക്കവിഭാഗക്കാരുടെ സര്‍വീസിലെ പ്രാതിനിധ്യവും കുറവും കണ്ടെത്തിയത്‌. അതെത്രമാത്രം ശരിയായിരിക്കുമെന്നത്‌ ഊഹിക്കാവുന്നതേയുള്ളൂ.

സര്‍ക്കാര്‍ ജീവനക്കാരുടെ ജാതിയും മതവും സര്‍വീസ്‌ ബുക്കില്‍ രേഖപ്പെടുത്തണമെന്ന്‌ 2003 മുതല്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളതാണ്‌. എന്നിട്ടും രാജേന്ദ്രബാബു കമ്മീഷന്‍ ചീഫ്‌ സെക്രട്ടറിയോട്‌ കണക്ക്‌ ആവശ്യപ്പെട്ടു. എന്നാല്‍, കമ്മീഷന്‌ അത്‌ പൂര്‍ണമായും ലഭിച്ചില്ല. കിട്ടിയത്‌ 36984 പേരുടെ ജാതി തിരിച്ചുള്ള കണക്ക്‌ മാത്രം. അതില്‍ മുന്നാക്ക സമുദായക്കാര്‍ 34.30 ശതമാനവും ഈഴവ 20.26 ശതമാനവും മുസ്‌ലിം 16.35 ശതമാനവും നാടാര്‍ 2.29 ശതമാനവും വിശ്വകര്‍മ്മ 2.81 ശതമാനവും എന്നീ ക്രമത്തിലായിരുന്നു. എന്നാല്‍, യഥാര്‍ഥ കണക്ക്‌ എത്രയോ അകലെയാണ്‌.

പി.എസ്‌.സി: തെറ്റായ കണക്ക്‌ നല്‍കിയ ഉദ്യോഗസ്ഥര്‍ കുടുങ്ങിയേക്കും (07-07-09)

തിരുവനന്തപുരം: ജസ്റ്റിസ്‌ രാജേന്ദ്രബാബു അധ്യക്ഷനായ മേല്‍ത്തട്ട്‌ പരിധിനിര്‍ണയ കമ്മീഷന്‌ തെറ്റായ കണക്ക്‌ നല്‍കിയ സംഭവത്തില്‍ പി.എസ്‌.സി. ഉദ്യോഗസ്ഥര്‍ കുടുങ്ങുമെന്ന്‌ സൂചന. തിങ്കളാഴ്‌ച ചേര്‍ന്ന പി.എസ്‌.സി. യോഗത്തില്‍ ചെയര്‍മാന്‍ കെ.വി. സലാഹുദ്ദീന്‍ ഇല്ലാതിരുന്നതിനാല്‍ തീരുമാനമുണ്ടായില്ലെങ്കിലും സംഭവം ഗൗരവമായെടുത്ത്‌ അന്വേഷിക്കണമെന്ന്‌ ധാരണയായി.

രാജേന്ദ്രബാബു കമ്മീഷനും ഗവര്‍ണര്‍ക്കും നല്‍കിയ റിപ്പോര്‍ട്ടുകള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ടായത്‌ പിശകുമൂലമാണോ, മനഃപൂര്‍വമാണോ എന്നാണ്‌ കമ്മീഷന്‍ അന്വേഷിക്കുന്നത്‌. 1995 മുതല്‍ 2008 വരെയുള്ള കാലയളവില്‍ 254937 പേര്‍ക്ക്‌ നിയമനം ലഭിച്ചുവെന്ന കണക്കാണ്‌ പി.എസ്‌.സി. രാജേന്ദ്രബാബു കമ്മീഷന്‌ സമര്‍പ്പിച്ചത്‌. എന്നാല്‍ ഗവര്‍ണര്‍ക്ക്‌ നല്‍കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇക്കാലയളവില്‍ 330013 പേര്‍ക്ക്‌ ജോലി നല്‍കിയെന്ന്‌ വ്യക്തമാക്കുന്നുണ്ട്‌. 'മാതൃഭൂമി'യാണ്‌ ഈ ക്രമക്കേട്‌ പുറത്തുകൊണ്ടുവന്നത്‌.

തെറ്റായ കണക്ക്‌ രാജേന്ദ്രബാബു കമ്മീഷന്‌ നല്‍കിയത്‌ ഗുരുതരമായ വീഴ്‌ചയാണെന്ന്‌ പല അംഗങ്ങളും പി.എസ്‌.സി. യോഗത്തില്‍ ചൂണ്ടിക്കാട്ടി. മുമ്പ്‌ സംവരണക്കേസ്സില്‍ ഹൈക്കോടതിയിലും തെറ്റായ സത്യവാങ്‌മൂലം നല്‍കിയിരുന്നു. ഇതില്‍ ഗൂഢാലോചനയുണ്ടെന്ന സംശയവും ചിലര്‍ ഉയര്‍ത്തി. എന്നാല്‍ വിശദമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ മതി നിഗമനങ്ങളിലെത്തുന്നത്‌ എന്ന്‌ മറ്റുചില അംഗങ്ങള്‍ വാദിച്ചു. ഈ വിഷയത്തില്‍ ഒന്നര മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ നിന്ന്‌ സെക്രട്ടറി പി.സി. ബിനോയിയെ ഒഴിവാക്കിയിരുന്നു.

ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍, സങ്കുചിത താത്‌പര്യങ്ങള്‍ക്ക്‌ വേണ്ടി കള്ളക്കണക്കുകള്‍ ഉണ്ടാക്കുന്നത്‌ അതീവഗുരുതരമായ തെറ്റാണെന്ന വാദമാണ്‌ ഒടുവില്‍ അംഗീകരിക്കപ്പെട്ടത്‌. ചെയര്‍മാന്റെ സാന്നിധ്യത്തില്‍ നടക്കുന്ന അടുത്ത കമ്മീഷന്‍ യോഗം ഇക്കാര്യത്തില്‍ കൂടുതല്‍ തീരുമാനങ്ങളെടുക്കും.
കടപ്പാട് - മാതൃഭൂമി
കണക്കുകള്‍ക്ക് കള്ളം പറയാന്‍ കഴിയില്ല. കൃത്യമായ കണക്കുകള്‍ ജനത്തിനറിയാന്‍ അവകാശമുണ്ട്.