ചൊവ്വാഴ്ച, ഡിസംബർ 01, 2009

നോക്കുകൂലി ഇല്ല എന്നു പറയുവാന്‍ ഇനിയുമുണ്ടല്ലോ യൂണിയനുകള്‍

ഇനി നോക്കുകൂലിയില്ല: സിഐടിയു




പത്തനംതിട്ട: ഇനി നോക്കുകൂലി വാങ്ങേണ്ടതില്ലെന്ന് ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന സമ്മേളനം തീരുമാനിച്ചു. പല മേഖലയിലും തൊഴില്‍ നഷ്ടമുണ്ടാകുന്നതുകൊണ്ടാണു നോക്കുകൂലി ആവശ്യപ്പെട്ടിരുന്നത്. തൊഴില്‍ നഷ്ടം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. ഇല്ലെങ്കില്‍ പ്രക്ഷോഭം തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ സമാപിച്ച സമ്മേളനത്തില്‍ നോക്കുകൂലി പ്രധാന ചര്‍ച്ചാവിഷയമായി. ഈ സമ്മേളനത്തോടെ നോക്കുകൂലി അവസാനിപ്പിക്കുമെന്നു നേതാക്കള്‍ നേരത്തെ പറഞ്ഞിരുന്നു.

സംസ്ഥാന സമ്മേളനത്തിന്റെ സമാപനയോഗം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാണെന്ന് കോടിയേരി പറഞ്ഞു. കോര്‍പറേറ്റ് സ്ഥാപനങ്ങളെ കേന്ദ്രസര്‍ക്കാര്‍ വഴിവിട്ടു സഹായിക്കുകയാണ്. പഞ്ചസാരയ്ക്കു വില വര്‍ധിപ്പിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ പണം നല്‍കി സഹായിച്ച പഞ്ചസാര മുതലാളിമാര്‍ക്കുവേണ്ടിയാണ്.

കേരളത്തിലെ കോണ്‍ഗ്രസുകാരുടെ തലയ്ക്കു മത്തുപിടിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ വിലക്കയറ്റം. കേരളത്തില്‍ പട്ടിണി മരണങ്ങള്‍ ഉണ്ടാകാത്തത് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍കൊണ്ടാണ്. എന്നാല്‍ അവിഹിതമായ ആനുകൂല്യങ്ങള്‍ കൈപ്പറ്റി മാധ്യമങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ വെള്ള പൂശുകയാണ്. കള്ളന്‍മാരെ പിടിക്കുന്നില്ല എന്നതാണ് ആഭ്യന്തര വകുപ്പിനെതിരെയുള്ള പുതിയ ആരോപണം. രാഷ്ട്രപതിയുടെ വീട്ടില്‍ കയറിയ കള്ളനെ പിടിക്കാത്തതിനെക്കുറിച്ച് ഒരു മാധ്യമത്തിനും അറിയേണ്ടേയെന്നു കോടിയേരി ചോദിച്ചു.

പ്രസിഡന്റ് കെ. എം. സുധാകരന്‍, സെക്രട്ടറി പി. ടി. രാജന്‍, ട്രഷറര്‍ കാട്ടാക്കട ശശി, എംഎല്‍എമാരായ കെ. സി. രാജഗോപാല്‍, ആനത്തലവട്ടം ആനന്ദന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച പ്രകടനത്തോടെയാണ് സമാപന സമ്മേളനം തുടങ്ങിയത്. സംസ്ഥാന പ്രസിഡന്റായി കെ. എം. സുധാകരനെയും സെക്രട്ടറിയായി പി. ടി. രാജനെയും വീണ്ടും തിരഞ്ഞെടുത്തു.
കടപ്പാട് - മനോരമ