വെള്ളിയാഴ്‌ച, ഫെബ്രുവരി 05, 2010

ഡോ.ആര്‍.ഗോപിമണി കര്‍ഷകന്റെ ശത്രുവോ അതോ മിത്രമോ?

മാതൃഭൂമി ദിനപത്രത്തില്‍ 4-2-2010 ല്‍ ഡോ. ആര്‍. ഗോപിമണി ജി.എം.വിള: എന്തിനീ തര്‍ക്കം എന്നൊരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി.
കര്‍ഷകനായ എനിക്ക് ശാസ്ത്രജ്ഞാനം കുറവാണ് എന്ന് ആദ്യമേ സമ്മതിക്കുന്നു. ഇതേ ശാസ്ത്രജ്ഞന്‍ തെങ്ങിലെ മഞ്ഞളിപ്പ് രോഗത്തിന് അഞ്ച് കിലോ യൂറിയ രോഗം വന്ന തെങ്ങിന് ചുറ്റും പ്രയോഗിക്കുവാന്‍ മാതൃഭൂമി പത്രത്തില്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും എന്ന പംക്തിയില്‍ പ്രസിദ്ധീകരിച്ചിരുന്നത് മറക്കാന്‍ വഴിയില്ല. ഇദ്ദേഹം അക്ഷയകൃഷി എന്ന ഒരു പുസ്തകം കാര്‍ഷിക സര്‍വ്വകലാശാലയിലെ സോയില്‍ സയന്‍സ് വിഭാഗം ശാസ്ത്രജ്ഞനായിരുന്ന പ്രൊഫസര്‍ ഡോ. തോമസ് വര്‍ഗിസിനെക്കൊണ്ട് ആമുഖ പ്രസംഗം എഴുതിച്ച് എണ്‍പത്തഞ്ച് രൂപ വിലയ്ക്ക് ഡി.സി ബുക്സിലൂടെ വില്‍ക്കുന്നുണ്ട്. പ്രസ്തുത പുസ്തകത്തില്‍ ഫുക്കുവോക്ക എന്ന ജാപ്പനീസ് ശാസ്ത്രജ്ഞന്റെ ഒറ്റ വയ്ക്കോല്‍ വിപ്ലവത്തെപ്പറ്റിയൊക്കെ ഗംഭീരമായി കൂട്ടിച്ചേര്‍ത്തിട്ടും ഉണ്ട്. രാസവളങ്ങളില്ലാതെയും കീടനാശിനികളില്ലാതെയും കൃഷി നടത്തുവാനുള്ള നിര്‍ദ്ദേശമാണ് അദ്ദേഹം നല്‍കുന്നത് എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ!!! ടിഷ്യൂകള്‍ച്ചര്‍ വാഴയും ശീതകാല പച്ചക്കറി ഇനങ്ങളും ടിഷ്യൂക്കള്‍ച്ചര്‍ തൈകള്‍ സ്വകാര്യ നഴ്സറികള്‍ നാടൊട്ടുക്കും വില്‍ക്കുന്നു എന്നും അതേപോലൊരു നേട്ടമാണ് ജനിതകമാറ്റം എന്നും അവകാശപ്പെടുന്നു.
കീടങ്ങളെ നിയന്ത്രിക്കുവാന്‍ ബാസില്ലസ് തുറിഞ്ചിയെന്‍സിസ് എന്ന ബാക്ടീരിയയെ വേര്‍തിരിച്ചെടുത്ത് വെള്ളത്തില്‍ കലക്കി വിളകളില്‍ തളിച്ചിരുന്നു അത് ഗോമൂത്രം തളിക്കുംപോലെ ആയിരുന്നു എന്നും പറയുന്നു. കായ്‌കള്‍ തുരന്നും തണ്ടുകള്‍ തുരന്നും സസ്യഭാഗങ്ങള്‍ തിന്ന് നശിപ്പിക്കുന്ന കീടങ്ങളെ മരുന്ന് തളിച്ച് കൊല്ലുക അസാധ്യമാണെങ്കില്‍ അതിന് പ്രതിവിധി ജനിതകമാറ്റം വരുത്തി കീടങ്ങളെ അകറ്റുക മാത്രമേ ഉള്ളോ എന്നും പരിശോധിക്കേണ്ടിയിരിക്കുന്നു. കാരണം മുപ്പതോളം പരീക്ഷണങ്ങള്‍ അതിജീവിച്ച് അംഗീകരിക്കേണ്ട ബി.ടി വഴുതന പന്ത്രണ്ടോളം പരീക്ഷണങ്ങള്‍ മാത്രം നടത്തി ധൃതി പിടിച്ച് കൃഷിയിടങ്ങളിലെത്തിക്കുവാന്‍ ജിഇഎസി (ജനറ്റിക് എഞ്ചിനീയറിംഗ് അപ്രോവല്‍ കമ്മറ്റി - അതിന്റെ പേരുപോലും അംഗീകരിപ്പിക്കുവാനുള്ള കമ്മറ്റി എന്നതിനാലാണ് കേന്ദ്ര പരിസ്ഥിതി വനംവകുപ്പ് മന്ത്രി പേരുമാറ്റാന്‍ തയ്യാറായത്) ശുപാര്‍ശചെയ്തത് ഇന്ന് ലോക ശ്രദ്ധതന്നെ പിടിച്ച് പറ്റിയിരിക്കുന്നു. ആംഗലേയത്തിലെ ധാരാളം വെബ് സൈറ്റുകളില്‍ ജനറ്റിക് എഞ്ചിനീയറിംഗിന്റെ ദോഷ വശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ ബി.ടി വിളകള്‍ നിരോധിച്ചിരിക്കുന്നതും മറ്റൊന്നും കൊണ്ടല്ല അതിന്റെ ദോഷവശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുതന്നെയാണ്. ബയോടെക്നോളജിക്ക് ധാരാളം നല്ലവശങ്ങള്‍ ഉണ്ടെങ്കില്‍ ബാസില്ലസ് തുറിഞ്ചിയെന്‍സിസിന് ദോഷങ്ങള്‍ കൂടുതലാണ്.

ബി.ടി ബാക്ടീരിയത്തിലെ കീടം കൊല്ലി വേര്‍തിരിച്ചെടുത്ത് വിളകളില്‍ സന്നിവേശിപ്പിക്കുക വഴി ശത്രുകീടത്തെ മാത്രമല്ല അവയെ തിന്ന് ജീവിക്കുക മാത്രമല്ല കൃഷിയെത്തന്നെ സംരക്ഷിക്കുന്ന മിത്രകീടത്തേയും നശിപ്പിക്കുകയാണ് ചെയ്യുന്നത്. മാത്രവുമല്ല ജനിതകമാറ്റം വരുത്തിയ വിളകളില്‍പ്പോലും കീടബാധ ഉണ്ടാകുന്നതായും അവയെ നശിപ്പിക്കുവാന്‍ വീര്യം കൂടിയ കീടനാശിനികളും അവയോടൊപ്പം വളരുന്ന കളകളെ നശിപ്പിക്കുവാന്‍ റൌണ്ടപ് പോലുള്ള കളനാശിനികളും പ്രയോഗിക്കപ്പെടുന്നു. അപ്രകാരം കര്‍ഷകന്റെ കലപ്പകള്‍ എന്നറിയപ്പെടുന്ന മണ്ണിരകള്‍ പാടെ നശിക്കുകയാണ് ചെയ്യുന്നത്. ഒന്നാം ഹരിതവിപ്ലവത്തിലൂടെ സംഭവിച്ച മണ്ണിന്റെ ജൈവസമ്പത്തിന്റെ നശിക്കലും പരിസ്ഥിതി മലിനീകരണവും സസ്യലതാദികള്‍ക്കും പക്ഷിമൃഗാദികള്‍ക്കും മനുഷ്യനും (മനുഷ്യന് ക്യാന്‍സര്‍ പോലുള്ള) വരെ രോഗങ്ങളാണ് സമ്മാനിച്ചത്. അത് മനസിലാകുവാന്‍ വര്‍ഷങ്ങള്‍തന്നെ വേണ്ടിവന്നു. അതേപോലെതന്നെ ബി.ടി വഴുതനയുടെ ദോഷ ഫലങ്ങള്‍ മനസിലാകുവാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. ഭാരതത്തില്‍ കൃഷിചെയ്യുന്ന ബി.ടി പരുത്തിയുടെ കുരു ആട്ടിയ എണ്ണ ഉപഭോക്താവ് അറിയാതെ (ലേബലിംഗ് ഇല്ലാതെ) വിപണിയില്‍ നമ്മുടെ ഭക്ഷ്യ വസ്തുക്കള്‍ക്കൊപ്പം ലഭ്യമാക്കുകയാണ്. ലേബലിംഗ് ഏര്‍പ്പെടുത്തിയാല്‍ ഗോപിമണിയുടെ ഭാര്യപോലും പരുത്തി എണ്ണ കലര്‍ന്ന ഭക്ഷ്യ എണ്ണ വീട്ടില്‍ ഉപയോഗിക്കുമെന്ന് തോന്നുന്നില്ല.

ലളിതവും ചെലവുകറഞ്ഞതുമായ ഒരു പരീക്ഷണം ബി.ടി വഴുതനയുടെ കാര്യത്തില്‍ അനിവാര്യമാണ്. തുല്യ അളവില്‍ ഒരു പാത്രത്തില്‍ ബി.ടി വഴുതനയുടെ സസ്യഭാഗങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ കമ്പോസ്റ്റും മറ്റൊന്നില്‍ ജൈവ കൃഷി ചെയ്തുണ്ടാക്കിയ വഴുതന സസ്യഭാഗത്തിന്റെ കമ്പോസ്റ്റും ശേഖരിച്ച് സമമായ എണ്ണം മണ്ണിരകളെ വളരുവാന്‍ സൌകര്യമൊരുക്കുകയും അവയ്ക്ക് രണ്ട് പാത്രത്തിലും ഒരേ പോലെ ജീവിക്കുവാന്‍ സാധിക്കുന്നുണ്ടോ എന്ന് പരീക്ഷിക്കുകയും വേണം. ഇത്തരം ഒരു പരീക്ഷണത്തിന് നമ്മുടെ കാര്‍ഷിക സര്‍വ്വകലാശാലകള്‍ക്ക് സാധിക്കുമല്ലോ? എന്നാല്‍ വളരെവേഗം നാശം സംഭവിക്കുവാന്‍ കഴിയുന്ന മണ്ണിരകള്‍ ജൈവ കൃഷിയിലൂടെ സംരക്ഷിക്കുവാന്‍ കഴിയുമ്പോള്‍ അമിത ഉല്പാദനത്തിലൂടെ സംഭവിക്കുന്ന ന്യൂട്രിയന്റ് മൈനിംഗ് ഒഴിവാക്കുവാനും സുസ്ഥിര കൃഷിക്കും അവസരമൊരുക്കുകയും ചെയ്യും. ജൈവ സമ്പത്തില്ലാതെയും ജലമില്ലാതെയും ഉത്പാദന വര്‍ദ്ധന ഉറപ്പുള്ള ബി.ടി വഴുതന പട്ടിണിയുടെ നാടായ ആഫ്രിക്കപോലുള്ള ഇടങ്ങളിലല്ലെ ആദ്യം പരീക്ഷിക്കേണ്ടത്. രണ്ടായിരത്തഞ്ഞൂറിലധികം വഴുതനയെത്തന്നെ ആദ്യ ബി.ടി ഭക്ഷ്യ വിളയായി തെരഞ്ഞെടുത്തതിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെ.

ബയോഡീസലായും (ഭക്ഷോത്പന്നവിലക്കയറ്റത്തിന് കാരണം ആയത്) കാലിത്തിറ്റയായും രംഗപ്രവേശം ചെയ്ത ജനിതകമാറ്റം വരുത്തിയ ബി.ടി കൃഷി ഭക്ഷ്യ മേഖലയിലേക്ക് കടന്നുവരുമ്പോള്‍ ശരിയായ പഠനവും നിരീക്ഷണവും അനിവാര്യമാണ്. മനുഷ്യന്റെ ആരോഗ്യത്തിന് ഇത്തരം വിളകള്‍ ഹാനികരമാണ് എന്ന് ലോകമെമ്പാടും നടക്കുന്ന പല പഠനങ്ങളും വ്യക്തമാക്കുന്നുണ്ട്. അതേപ്പറ്റി പല ശാസ്ത്രജ്ഞരും പ്രതികരിക്കുന്നും ഉണ്ട്. വഴുതനക്ക് പിന്നാലെ ഗോള്‍ഡന്‍ റൈസ്, തക്കാളി, ഉരുളക്കിഴങ്ങ്, കടുക്, കപ്പലണ്ടി, മുട്ടക്കോസ്, കാളിഫ്ലവര്‍, ചോളം, Okra മുതലായ വിളകളും ജനിതകമാറ്റ പരീക്ഷണങ്ങളുടെ അന്തിമ ഘട്ടത്തിലാണ്. എ.എസ് സ്വാമിനാഥന്‍ ഫൌണ്ടേഷന്റെ ഗോള്‍ റൈസ് ഇതിന് പിന്നാലെ വരുമെങ്കില്‍ അദ്ദേഹത്തിന്റെ രണ്ടാം ഹരിത വിപവം ആകാം ഇത്. ഇപ്പോള്‍ ചെന്നൈയിലെ സ്വാമിനാഥന്‍ ഫൌണ്ടേഷനിലെ ശാസ്ത്രജ്ഞര്‍ ഓര് നിലത്തിലും വളരുന്ന ഒരു നെല്ലിനം വികസിപ്പിച്ചെടുത്തിട്ടുള്ളത് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തിന് സ്വാമിനാഥന്‍ എം.പിക്ക് രാജ്യസഭാംഗം എന്ന നിലയില്‍ സ്വാധീനിക്കാന്‍ കഴിയുമല്ലോ. എന്തായാലും അദ്ദേഹത്തിന് എത് കാര്യത്തിലും മുന്‍ കരുതല്‍ വേണമെന്നേ പറയാന്‍ കഴിയൂ സ്വയം ബി.ടിയുടെ കാര്യത്തില്‍ അംഗീകരിപ്പിക്കാന്‍ അതും ഉണ്ടാവുമല്ലോ? അതാണല്ലോ ജിഇഎസിയില്‍ അംഗമാകാതെ മാറിനിന്നതും കൃഷി മന്ത്രി ആകാത്തതും.

"GM-Free School Project പറയുന്നത് We developed contacts in several locations interested in implementing GM-free schools, by organizing parents, students, and school officials to switch from GMO diets to healthy, fresh, non-GMO school meals." എന്നാണ്. ഭാരതത്തിലെ കുട്ടികളെ ജനിതകമാറ്റം വരുത്തിയ വിളകളുടെ മേന്മ പഠിപ്പിക്കാതിരുന്നാല്‍ അത്രയും നന്ന്.

ബി.ടി ജീന്‍ ചെടികള്‍ക്ക് കീടപ്രതിരോധ ശക്തിയാണ് നല്കുന്നതെങ്കില്‍ അല്പം വലിയ കീടമായ മനുഷ്യന് അല്പം കൂടുതല്‍ ഭക്ഷിക്കേണ്ടി വരും എന്നാണ് ഒരു സാധാരണക്കാരന് മനസിലാവുക. മനുഷ്യരില്‍ വലിയൊരു വിഭാഗത്തിന് പലതരം അലര്‍ജികള്‍ ഉണ്ടെങ്കില്‍ അതിന് കാരണം നാം വരുത്തിവെച്ച പരിസ്ഥിതി മലിനീകരണത്തിനാണ് മുഖ്യ പങ്ക്. അപ്പോള്‍ ജനിതകമാറ്റം വരുത്തിയ വിളകള്‍ കൃഷിചെയ്യുന്ന പാടത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് അലര്‍ജി തീര്‍ച്ചയായും ഉണ്ടാകും. ബി.ടി വഴുതന കഴിച്ചപ്പോള്‍ ഡോ. ഗോപിമണിക്ക് അലര്‍ജി ഉണ്ടായില്ല എന്ന് പറയുവാനുള്ള ആര്‍ജവം ഉണ്ടാകേണ്ടിയിരിക്കുന്നു. അമ്മയുടെ മുലപാലിലൂടെ ഉണ്ടാകുന്ന അലര്‍ജി എന്‍ഡോ സല്‍ഫാന്‍ സ്പ്രേചെയ്ത കശുമാവിന്‍ തോട്ടങ്ങളുടെ ചുറ്റുപാടിലും കണ്ടുവരുന്നുണ്ടാവാം. ബി.ടി വഴുതനയിലെ ജീനിന് തുരപ്പന്‍ പുഴുവിനെ വേഗം കൊല്ലാന്‍ കഴിയുമെങ്കില്‍ മനുഷ്യനെക്കൊല്ലാന്‍ അല്പം കൂടുതല്‍ സമയം വേണ്ടിവരും. അത് തെളിയിക്കപ്പെടണമെങ്കില്‍ ബി.ടി ഉല്പന്നങ്ങള്‍ക്ക് ലേബലിംഗ് അനിവാര്യമാണ്. 1980 ല്‍ താങ്കള്‍ പരീക്ഷിച്ച അഞ്ഞൂറോളം ഇനങ്ങളിലും കായ് തുരപ്പന്‍ ഉണ്ടായി എങ്കില്‍ അവ ഭക്ഷ്യയോഗ്യമാണ് എന്ന് ഇന്ന് ജനം തിരിച്ചറിയുന്നു. മാരകമായ കീടനാശിനി പ്രയോഗം നടത്തിയശേഷമാണ് ഗോപിമണി അക്ഷയകൃഷി എന്ന പുസ്തകം എഴുതിയത് എന്നത് ഒരു ചതിയുടെ ലക്ഷണം മാത്രമാണ്.

കേരളത്തിലെ മാര്‍ക്കറ്റുകളില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ മാരകമായ തോതില്‍ വിഷം കലര്‍ന്നിട്ടുണ്ടെന്ന് പല പഠനങ്ങളും തെളിയിക്കുന്നെങ്കില്‍ അതിന് ഉത്തരവാദി അത്തരം പരീക്ഷണങ്ങള്‍ നടത്തിയ ശാസ്ത്രജ്ഞരല്ലെ? കുഴിച്ചുമൂടി എന്ന് പറയുന്ന വിഷക്കായ്‌കള്‍ വിപണിയില്‍ വിറ്റതാകാനും സാധ്യതയുണ്ട് (പക്ഷെ തെളിവില്ല). കേരളത്തിലെ കൃഷിമന്ത്രി പറഞ്ഞ ടോക്സിന്‍ എന്നതും കീടനാശിനിയിലെ ടോക്സിന്‍ (അത് ഗോപിമണി ലേഖനത്തില്‍ സമ്മതിക്കുന്നു) എന്നതും വിഷം തന്നെയാണ്. പ്രമേഹരോഗത്തിനും ഹൃദ്രോഗത്തിനും (ഡോ. വല്യത്താന്‍ പറഞ്ഞത് പലരും കേട്ടുകാണും) മണ്ണിലെ മഗ്നീഷ്യം പോലുള്ള ചില മൂലകങ്ങളുടെ അഭാവം തന്നെയാണ് കാരണം എന്ന് ഐഎംഎയുടെ പഠനം തെളിയിക്കുന്നു. പക്ഷെ അവരത് ഗുളികകള്‍ തന്ന് ചികിത്സിക്കും എന്നുമാത്രം. ഇനിയും ശാസ്ത്രജ്ഞര്‍ റോള്‍ ഓഫ് സെക്കന്‍ഡറി ന്യൂട്രിയന്‍സ് ആന്റ് ട്രയിസ് എലിമെന്റ്സിനെപ്പറ്റി പഠിക്കേണ്ടിയിരിക്കുന്നു.

നമ്മുടെ കൃഷിഭൂമി തരിശിട്ടും പരിസരമലിനീകരണം സൃഷ്ടിച്ചും ആസിയാന്‍ കരാറിലൂടെ ഇറക്കുമതിചെയ്ത് ബി.ടി സോയാബീനും, ബി.ടി ചോളവും, ബി.ടി അരിയും മറ്റും ഭക്ഷിക്കുന്നതില്‍ എങ്ങിനെയാണ് വേവലാതിപ്പെടാതിരിക്കുക? എന്തായാലും ഗോപിമണി ഒരുകയ്യില്‍ ജൈവകൃഷിയും മറ്റേക്കയ്യില്‍ ജി.എം വിളകളും ഉയര്‍ത്തിപ്പിടിക്കുന്നു കാലത്തിന് ഏതാണ് നല്ലതെന്ന് തെളിയിക്കാന്‍.


3 അഭിപ്രായങ്ങൾ:

 1. ഡോ. ആര്‍.ഗോപിമണിക്ക് വായിക്കുവാന്‍ ഇവിടം സന്ദര്‍ശിക്കട്ടെ.

  മറുപടിഇല്ലാതാക്കൂ
 2. Please see this for action of characteristics of BT toxin..

  http://science4human.blogspot.com/2010/02/blog-post.html

  മറുപടിഇല്ലാതാക്കൂ
 3. We could learn a lot from crayons. Some are sharp, some are pretty and some are dull, Some have weird names , and all are different colors, but they all have to live in the same box.............................................

  മറുപടിഇല്ലാതാക്കൂ