ബുധനാഴ്‌ച, മാർച്ച് 17, 2010

കാര്‍ഷിക ഗവേഷണം മണ്ണിനെ തകര്‍ക്കുന്നതാവരുത്

കാര്‍ഷികഗവേഷണ ശാക്തീകരണം
ഡോ. എം. അരവിന്ദാക്ഷന്‍
കൃഷി ആദായകരമല്ലെന്ന് കര്‍ഷകര്‍ വിശ്വസിക്കുമ്പോള്‍,കര്‍ഷക ആത്മഹത്യകള്‍ പെരുകുമ്പോള്‍
കുറഞ്ഞുവരുന്ന കൃഷിയിടങ്ങളില്‍ ഉത്പാദനാധിഷ്ഠിതമായ കൃഷിമുറകള്‍ നമുക്ക് കണ്ടെത്തണം.
ജി.എം. വിളകളെ അപ്പാടെ എന്നെന്നേക്കുമായി പുറന്തള്ളാന്‍ നമുക്ക് കഴിയുമോ?


ബി.ടി. വഴുതനയുടെ ആവിര്‍ഭാവവും, താത്കാലികമാണോ ആവോ, അതിന്റെ തിരോധാനവും കാര്‍ഷികാധിഷ്ഠിതമായ നിരവധി പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കപ്പെടേണ്ടതാണെന്ന് ബോധ്യപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ടെന്ന് കരുതാം.

വിഷലിപ്തമായ ഭക്ഷ്യവസ്തുക്കളാണോ ജനിതകമാറ്റം വരുത്തിയവയാണോ കൂടുതല്‍ അപകടകാരികള്‍ എന്ന വസ്തുത കൂലങ്കഷമായ പരീക്ഷണ പഠനങ്ങള്‍ക്ക് വിധേയമാക്കിയെങ്കിലേ അറിയാന്‍ കഴിയൂ.

കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേഷ് ചൂണ്ടിക്കാണിച്ചതുപോലെ ഇതിനു നിയോഗിക്കപ്പെട്ട കമ്മിറ്റി 'അപ്രൂവല്‍ കമ്മിറ്റി'യല്ലെന്നും 'അപ്രെയ്‌സല്‍ കമ്മിറ്റി'യാണെന്നും ഉള്ള വാദഗതി തള്ളിക്കളയാനാവില്ല.

ബി.ടി.വഴുതനയുടെ ഗുണദോഷങ്ങള്‍ വിശദമായി പഠിച്ചു ശുപാര്‍ശ സമര്‍പ്പിക്കലായിരുന്നു കമ്മിറ്റി ചെയ്യേണ്ടിയിരുന്നത്. ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവസ്തുക്കള്‍ അപകടകാരികളല്ലെന്ന് സാക്ഷ്യപ്പെടുത്താന്‍ വേണ്ടത്ര പഠനങ്ങള്‍ ഇന്ത്യയില്‍ നടന്നിട്ടില്ലെന്നതാണ് വാസ്തവം.

ബി.ടി.വഴുതനയുടെ ഗവേഷണത്തില്‍ തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലയുടെ ഇടപെടല്‍ ഉണ്ടായിരുന്നു. ബി.ടി.വഴുതനയുടെ ഉത്പാദന പ്രക്രിയ വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കെ എന്തുകൊണ്ട് മറ്റു ശാസ്ത്രജ്ഞരെയും കര്‍ഷകരെയും ഉപഭോക്താക്കളെയും വേണ്ടത്ര ബോധവത്കരിക്കാന്‍ ശ്രദ്ധിച്ചില്ല എന്നത് ഒരു വീഴ്ചയായി കാണണം.

ഒരു കാര്യം പറയാതെ വയ്യ. ജയറാം രമേഷ് പൊതുജനങ്ങളടക്കം ബന്ധപ്പെട്ടവരോടെല്ലാം സംവാദം നടത്തിയതിനുശേഷമാണ് ഉറച്ച തീരുമാനമെടുത്തത്. അതില്‍ അദ്ദേഹം നിരവധി സംസ്ഥാനങ്ങളുടെ കൈയടി നേടിയെടുക്കുകയും ചെയ്തു.

ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ കാര്യത്തില്‍ ശാസ്ത്രജ്ഞന്മാര്‍ ഇരുപക്ഷത്തുമായി നില്‍ക്കുന്നു. എന്നാല്‍ ഭാരതത്തില്‍ ജി.എം. വിത്തുകള്‍ മനുഷ്യരില്‍ ഏല്പിക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഒരു പഠനവും നടക്കുന്നതായി അറിവില്ല. മൊണ്‍സാന്‍േറാ തുടങ്ങിയ ഭീമന്‍ സ്ഥാപനങ്ങള്‍ സര്‍ക്കാറിനെയും ശാസ്ത്രജ്ഞരെയും കൈയിലെടുക്കാന്‍ നിരവധി സമ്മര്‍ദതന്ത്രങ്ങള്‍ പ്രയോഗിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ കാര്‍ഷിക സര്‍വകലാശാലകള്‍ എന്തുകൊണ്ട് ഈ വിഷയത്തില്‍ കാര്യമായ ഗവേഷണങ്ങള്‍ നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരുന്നില്ല?

കേരള സര്‍ക്കാര്‍ ജി.എം. വിത്തുകളെ അകറ്റിനിര്‍ത്താന്‍ തീരുമാനിച്ചതിന് വേണ്ടത്ര ഗവേഷണ പഠനങ്ങളെക്കാളേറെ ആവേശത്തിമര്‍പ്പായിരുന്നു ആധാരം എന്നതാണ് വാസ്തവം. ബി.ടി.വഴുതനയുടെ സ്ഥിതിയില്‍നിന്ന് വിഭിന്നമാണ് ബി.ടി. പരുത്തി എന്ന ജയറാം രമേഷിന്റെ പ്രഖ്യാപനവും. പുതിയൊരു കമ്മിറ്റിയെ നിയമിക്കാനുള്ള നീക്കങ്ങളും ശ്രദ്ധേയമായ കാര്യങ്ങളാണെന്നു വേണം കരുതാന്‍.

കേരള കാര്‍ഷിക സര്‍വകലാശാലയും സമാന്തര സ്വഭാവമുള്ള ഗവേഷണ സ്ഥാപനങ്ങളും ജി.എം. വിളകളെക്കുറിച്ച് ആധികാരിക പഠനങ്ങള്‍ നടത്താന്‍ നിര്‍ബന്ധിതരായിരിക്കുന്നു. എന്നാല്‍ ബയോ കെമിസ്ട്രി, ന്യൂട്രീഷ്യന്‍ ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ അടിയുറപ്പുണ്ടെങ്കില്‍ മാത്രമേ ഫലപ്രദമായ ഗവേഷണം സാധ്യമാകൂ. കൂടാതെ പഠനത്തിന് ആരോഗ്യശാസ്ത്രത്തിന്റെ സഹായവും വേണം.

ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കാന്‍ പ്രത്യേകിച്ച് ആഫ്രിക്കന്‍ ജനതയുടെ വിശപ്പടക്കാന്‍ ജി.എം.വിത്തുകള്‍ ആവശ്യമാണെന്നായിരുന്നു പ്രസിഡന്റ് ബുഷിന്റെ വാദം. ജനിതകമാറ്റംവരുത്തിയ ബി.ടി.പരുത്തി, ചോളം, പപ്പായ എന്നിവ അമേരിക്കയില്‍ കൃഷിചെയ്തുവരുന്നു. ജി.എം. വിത്തുകളും അവ കൃഷിചെയ്യുമ്പോള്‍ പ്രയോഗിക്കപ്പെടുന്ന കളനാശിനികളും വന്‍കിട കമ്പനികളെ സഹായിക്കുമ്പോള്‍ നിരവധി നാടന്‍വിത്തുകള്‍ അപ്രത്യക്ഷമാവാന്‍ ഇടവരുത്തുന്നുവെന്ന വസ്തുത അവഗണിക്കാന്‍ കഴിയില്ല.

ഒരു കാര്യം തീര്‍ച്ച. വരുംദിവസങ്ങളില്‍ ജനിതകമാറ്റം വരുത്തിയ വിത്തുകളെക്കുറിച്ച് രാജ്യവ്യാപകമായ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നു. കേന്ദ്ര കൃഷിമന്ത്രി ശരദ്പവാര്‍ ശാസ്ത്രജ്ഞരോട് ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ അഭ്യര്‍ഥിച്ചുകഴിഞ്ഞു. ശാസ്ത്രജ്ഞരെപ്പോലെ ഭരണരംഗത്തും രണ്ട് പക്ഷമുണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തില്‍ ശാസ്ത്രജ്ഞര്‍ക്ക് കൈയുംകെട്ടി നോക്കിയിരിക്കാന്‍ സാധ്യമാവുമോ? കൃഷി ആദായകരമല്ലെന്ന് കര്‍ഷകര്‍ വിശ്വസിക്കുമ്പോള്‍, കര്‍ഷക ആത്മഹത്യകള്‍ പെരുകുമ്പോള്‍ കുറഞ്ഞുവരുന്ന കൃഷിയിടങ്ങളില്‍ ഉത്പാദനാധിഷ്ഠിതമായ കൃഷിമുറകള്‍ നമുക്ക് കണ്ടെത്തണം. ജി.എം. വിളകളെ അപ്പാടെ എന്നെന്നേക്കുമായി പുറന്തള്ളാന്‍ നമുക്ക് കഴിയുമോ?

കൂടിയ കാര്‍ബണ്‍ ഡൈ ഓകൈ്‌സഡ് സ്വാംശീകരിക്കാന്‍ കഴിവുള്ള വിളകളും വൃക്ഷങ്ങളും നമുക്ക് കണ്ടെത്താന്‍ കഴിയണം. പാരമ്പര്യ പ്രജനന മുറകളാണോ അതോ ജനിതകമാറ്റമാണോ കരണീയം എന്നു തീര്‍ത്തുപറയാന്‍ അവഗാഢമായ ഗവേഷണം ആവശ്യമായിവരും. ഈ രംഗത്ത് കാര്‍ഷിക സര്‍വകലാശാലകള്‍ക്ക് നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍ നിരവധിയാണ്. ജൈവ സാങ്കേതികവിദ്യയില്‍ക്കൂടി ജീനുകളെ തരംതിരിക്കുന്നതിനും ഘടന പഠിക്കുന്നതിനുമൊക്കെ കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെക്‌നോളജി ആവശ്യമാണ്. അടിസ്ഥാന ശാസ്ത്രവും കമ്പ്യൂട്ടര്‍വത്കൃത ഗവേഷണമുറകളും കാര്‍ഷിക ഗവേഷണത്തിന് അത്യന്താപേക്ഷിതമാണ്.

പരിസ്ഥിതിക്കിണങ്ങുന്ന കൃഷിയുടെ അടിസ്ഥാനം സംരക്ഷണമാണ്. ജൈവ വൈവിധ്യം, ജലം, മണ്ണ് എന്നിവയുടെ സംരക്ഷണം സുസ്ഥിരകൃഷിയുടെ അവശ്യഘടകങ്ങളാണ്. ജൈവകൃഷി, സുസൂക്ഷ്മകൃഷി, സംരക്ഷിത കൃഷി എന്നിവയ്ക്ക് ഊന്നല്‍ നല്‍കപ്പെടുമ്പോള്‍ ഇവയ്ക്കിണങ്ങിയ വിത്തിനങ്ങളും സസ്യങ്ങളും ആവശ്യമായി വരും. വരള്‍ച്ചയെ അതിജീവിക്കാന്‍ സസ്യങ്ങള്‍ക്കുള്ള കഴിവിനെ ഉത്തേജിപ്പിക്കുന്നതിന് ആവശ്യമായ പ്രജനനമുറകളും നമുക്ക് കണ്ടെത്തേണ്ടിവരും.

ഏറിവരുന്ന ഇന്ധനാവശ്യങ്ങളാണ് മറ്റൊരു പ്രതിഭാസം. അമേരിക്കയില്‍ ചോളവും ബ്രസീലില്‍ കരിമ്പും ഇന്ധനമാക്കി മാറ്റാന്‍ ഉപയോഗപ്പെടുത്തിവരുന്നു. ഇത് ഭക്ഷ്യധാന്യങ്ങളുടെയും പഞ്ചസാരയുടെയും ലഭ്യതയെ ബാധിക്കും. കുത്തനെ ഉയരുന്ന വിലക്കയറ്റത്തില്‍ ഭക്ഷ്യവിളകളെ ഇന്ധനമാക്കി മാറ്റുന്നതിനെ ധാര്‍മികമായി അംഗീകരിക്കാനാവില്ല.

ജനിതകമാറ്റം ഇവിടെ കരണീയമാണോ എന്നത് പഠനവിഷയമാക്കണം. ഇതുപോലുള്ള നിരവധി രംഗങ്ങളില്‍ കാര്‍ഷിക സര്‍വകലാശാലകള്‍ക്ക് വെല്ലുവിളികള്‍ നേരിടേണ്ടിവരും. അതിന് അവര്‍ തയ്യാറാണോ?

അടിസ്ഥാന ശാസ്ത്രഗവേഷണത്തിന്റെ അഭാവം കേരള കാര്‍ഷിക സര്‍വകലാശാലയിലും കാണാം. കൃഷി ബിരുദം അടിസ്ഥാനയോഗ്യതയുള്ളവരെ മാത്രമേ കാര്‍ഷിക സര്‍വകലാശാലകളില്‍ കയറ്റൂവെന്ന പിടിവാശി ഗവേഷണത്തെ ഒരുപരിധിവരെയെങ്കിലും ബാധിച്ചിരിക്കുന്നു. കാര്‍ഷിക സര്‍വകലാശാലകളുടെ പിതാക്കളായ അമേരിക്കയിലെ ലാന്‍ഡ് ഗ്രാന്‍ഡ് സര്‍വകലാശാലകളില്‍ വളരെയേറെ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. അഗ്രി. കെമിസ്ട്രി, അഗ്രി. എന്റമോളജി, അഗ്രി. മൈക്രോബയോളജി തുടങ്ങിയ നിരവധി പ്രയുക്തശാസ്ത്രമേഖലകളെ അടിസ്ഥാന ശാസ്ത്രവിഭാഗങ്ങളായി രൂപാന്തരപ്പെടുത്താന്‍ അമേരിക്കയിലെ ലാന്‍ഡ് ഗ്രാന്‍ഡ് യൂണിവേഴ്‌സിറ്റികള്‍ നിര്‍ബന്ധിതമായിരിക്കുന്നു.

കഴിവുറ്റ പ്രതിഭകളെ കാര്‍ഷിക ഗവേഷണ രംഗത്തേക്ക് ആകര്‍ഷിച്ചെങ്കില്‍ മാത്രമേ ഈ രംഗത്തിന് ഭാവിയുള്ളൂ. ഭക്ഷ്യോത്പാദനരംഗത്ത് കൃഷി ശാസ്ത്രജ്ഞരുടെ വന്‍ തോതിലുള്ള സംഭാവനകള്‍ നമുക്ക് വിസ്മരിക്കാന്‍ വയ്യ. സ്വാതന്ത്ര്യം ലഭിച്ച ഭാരതത്തിലെ അഞ്ചുകോടി ടണ്‍ ഭക്ഷ്യോത്പാദനത്തില്‍നിന്ന് 25 കോടി ടണ്ണിനടുത്ത് ഭക്ഷ്യോത്പാദനശേഷി കൈവരിച്ച നേട്ടം ചില്ലറയല്ല.

പക്ഷേ, ഇന്ന് നാം നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ വളരെയേറെ സങ്കീര്‍ണങ്ങളാണ്. സമൂലമായ ഗവേഷണ ശാക്തീകരണം ഇന്ന് കാര്‍ഷികരംഗത്ത് ആവശ്യമായിരിക്കുന്നു. ബഹുവിധ ശാസ്ത്രമേഖലകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ഗവേഷണ കേന്ദ്രങ്ങളാണ് ഇന്നാവശ്യം. പരമ്പരാഗത ശാസ്ത്രവിഭാഗങ്ങള്‍ക്ക് ഗവേഷണരംഗത്ത് നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല.

ഈ രംഗത്ത് തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല വളരെയേറെ മുന്നിലാണ്. കാര്‍ഷിക ഗവേഷണത്തില്‍ ദൂരക്കാഴ്ചയും അടിസ്ഥാന ഗവേഷണ ശാസ്ത്രത്തിന്റെ സമന്വയവും ഒത്തുചേരുമ്പോഴേ കാര്‍ഷിക ഗവേഷണത്തിന്റെ ശാക്തീകരണം സാധ്യമാകൂ.

(നാളികേര വികസനബോര്‍ഡ് മുന്‍ ചെയര്‍മാനും കാര്‍ഷിക സര്‍വകലാശാലയിലെ മുന്‍ ഗവേഷണ വിഭാഗം അധ്യക്ഷനുമാണ് ലേഖകന്‍)
കടപ്പാട് - മാതൃഭൂമി 17-03-2010
സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചവര്‍ വെള്ളാനകളാവുന്നതിന്റെ ഒരുദാഹരണമാണീ ലേഖനം.
കാര്‍ഷിക സര്‍വ്വകലാശാലയിലെ ഗവേഷണവിഭാഗം മുന്‍ അധ്യക്ഷനറിയില്ലെ മണ്ണിന്റെ ഗുണനിലവാരം താണതും കാര്‍ഷികോത്പന്നങ്ങളുടെ വില ഉത്പ്പാദന ചെലവിനേക്കാള്‍ താഴുന്നതും കാലാവസ്ഥാ ആഘാതങ്ങളും ആഗോളീകരണത്തിന്റെ ഭാഗമായി നടന്ന കയറ്റുമതി ഇറക്കുമതി നയങ്ങളും കാര്‍ഷിക മേഖലയെ തകര്‍ക്കുവാനും കര്‍ഷകരുടെ ആത്മഹത്യകള്‍ക്കും കാരണമായി എന്ന കാര്യം. കര്‍ഷകര്‍ കൃഷി അറിയാത്തവരല്ല. മറിച്ച് ഒന്നാം ഹരിതവിപ്ലവത്തിലൂടെ രാസവളങ്ങളും കള, കുമിള്‍, കീടനാശിനികളും വരുത്തിവെച്ച വിന ശാസ്ത്രജ്ഞര്‍ അറിയാതെ പോയത് കര്‍ഷകര്‍ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. അങ്ങിനെയാണ് ഇന്ന് ലോകമെമ്പാടും ജൈവ കൃഷിയുടെ പ്രചാരവും അത്തരം ഉല്പന്നങ്ങളുടെ ഡിമാന്‍ഡും വര്‍ദ്ധിക്കുവാന്‍ തുടക്കമിട്ടുകഴിഞ്ഞത്.
ജനിതകമാറ്റം വരുത്തിയ വിത്ത് ലോകമെമ്പാടുമുള്ള തനത് ഗുണമേന്മയുള്ള വിത്തുകളെ നശിപ്പിച്ച് മൊന്‍സാന്റോയുടെയും അവര്‍ നിയന്ത്രിക്കുന്ന വിത്തുകമ്പനികളുടെയും കൈകളിലൂടെ മാത്രം ലഭ്യമാകുന്നതും ഓരോ പ്രാവശ്യം വിതക്കുവാനും അവരുടെതന്നെ കൈകളില്‍ നിന്ന് വിലക്ക് വാങ്ങണമെന്നും കര്‍ഷകര്‍ പോലും മനസ്സിലാക്കിക്കഴിഞ്ഞു. ലോകത്തിന്റെ പട്ടിണി മാറ്റാനായി ഇറങ്ങിത്തിരിച്ച മൊന്‍സാന്റോ കീടബാധ ഇല്ലാത്ത അത്യുല്പാദനം നല്‍കുന്ന വിത്തിനങ്ങളാണ് എന്ന് പ്രചരിപ്പിച്ചതും തെറ്റാണെന്നുള്ള തെളിവുകള്‍ ലഭ്യമായിക്കൊണ്ടിരിക്കുകയാണ്. ഭക്ഷ്യമേഖലയിലേക്കുള്ള കടന്നുകയറ്റമെന്നത് 2400 വഴുതന ഇനങ്ങളും ക്ഷാമവും ഇല്ലാത്ത ഒരു വിളയെത്തന്നെ ബ.ടി വഴുതന എന്ന പേരില്‍ കടന്നു കയറാന്‍ ശ്രമിച്ചതും താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുന്നതും. ഇന്ന് ആര്‍ക്കും കൃഷി ചെയ്യുവാന്‍ കഴിയുന്ന വഴുതനയുടെ വിത്ത് ശേഖരിക്കുവാനും സൂക്ഷിക്കുവാനും ഓരോ കര്‍ഷകനും സാധിക്കുമെങ്കില്‍ നാളെ ബ.ടി വിത്ത് വിതരണക്കാരനില്‍ നിന്ന് അവര്‍ പറയുന്ന വിലക്ക് വാങ്ങി കൃഷിചെയ്യേണ്ട പരിതാപകരമായ അവസ്ഥയിലേക്കാണ് നീങ്ങുന്നത്. പരീക്ഷണത്തിന്റെ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി കര്‍ഷകരെക്കൊണ്ട് ബി.ടി വഴുതന കൃഷി ചെയ്യിച്ച വാര്‍ത്തയും നാം കണ്ടതാണ്. ക്ഷീരോദ്പാദനപും, കൃഷിയും, പരിസ്ഥിതിയും തമ്മില്‍ ഗാഢബന്ധമാണുള്ളത്. ഓര്‍ഗാനിക് റീ സൈക്ലിങ്ങിന് ഉതകേണ്ട മനുഷ്യ വിസര്‍ജ്യം ജലാശയങ്ങളിലെ കോളീഫാം ബാക്ടീരുയയെ വര്‍ദ്ധിപ്പിക്കുന്നു. ഗവേഷണങ്ങള്‍ പ്രതിദിനം ഒരു മനുഷ്യന്‍ ഭക്ഷിക്കുന്ന 1250 ഗ്രാം ഭക്ഷ്യ വസ്തുക്കള്‍ വിസര്‍ജ്യമായിക്കഴിഞ്ഞാല്‍ അത് മണ്ണില്‍ ജൈവ സമ്പത്താക്കി മാറ്റുവാന്‍ കാര്‍ഷിക സര്‍വ്വകലാശാലകളുടെ ഭാഗത്തുനിന്ന് എന്ത് പ്രോത്സാഹനമാണ് ലഭിക്കുന്നത്?
1983 മുതല്‍ കേരളത്തിലെ ചില കാര്‍ഷികോത്പന്നങ്ങളുടെ വിലയിലുണ്ടായ ഏറ്റക്കുറച്ചിലുകള്‍ കേരള യൂണിവേഴ്സിറ്റിയിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി ഡോ. യാഗീന്‍ തോമസ് price indices of major agricultural commodities with base year 1983 പ്രസിദ്ധീകരിച്ച കണക്കുകളുടെ ചുവടുപിടിച്ച് ശേഷിച്ചവ കേരള അഗ്രിക്കള്‍ച്ചറല്‍ പ്രൈസസ് ബോര്‍ഡില്‍ നിന്ന് ശേഖരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു യൂണിവേഴ്സിറ്റി അസിസ്റ്റന്റിന് 1983 ല്‍ 675 രൂപ അടിസ്ഥാന ശമ്പളവും 122 രൂപ ഡി.എയും ചേര്‍ത്ത് 797 രൂപ ഉമ്ടായിരുന്നത് 25 വര്‍ഷങ്ങള്‍ക്ക് ശേഷം അടിസ്ഥാന ശമ്പളം 7990 രൂപയും ഡി.എ 3036 രൂപയും ചേര്‍ത്ത് 11,026 രൂപയായി വര്‍ദ്ധിച്ചത് 13.83 ഇരട്ടിയായാണ്. HRA, CCA എന്നിവ കൂട്ടാതെയുള്ള ശമ്പളമാണിത്. 1983 ല്‍ കാര്‍ഷിക മേഖലയില്‍ പണിയെടുത്തിരുന്ന പുരുഷ തൊഴിലാളി വേതനം 20 രൂപ ആയിരുന്നത് 2008 ല്‍ 17.5 ഇരട്ടി വര്‍ദ്ധിച്ച് 350 രൂപയും ആയി.
തൊണ്ടില്ലാതെ 1000
നാളികേരത്തിന് 1983 ല്‍ 1653 രൂപ ആയിരുന്നത് 2008 ല്‍ 3.38 ഇരട്ടിയായാണ് വര്‍ദ്ധിച്ചത്. യാഥാര്‍ത്ഥത്തില്‍ കര്‍ഷകന് നീതി ലഭിക്കണമെങ്കില്‍ 13.83 ഇരട്ടിയായ 22.86 രൂപ നാളികേരമൊന്നിന് ലഭിക്കുകയോ യൂണിവേഴ്സിറ്റി അസിസ്റ്റന്റിന്റെ ശമ്പളം 3.38 ഇരട്ടിയായി താഴ്ന്ന് 2694 രൂപയായി കുറയുകയോ വേണം. ഇതേ അവസ്ഥതന്നെയാണ് മറ്റെല്ലാ കാര്‍ഷികോത്പന്നങ്ങളുടെ വിലയിലും സംഭവിച്ചത്. ശമ്പളവര്‍ദ്ധനവിനെതിരെ നാളിതുവരെ ഒരു കര്‍ഷകനും സമരം ചെയ്തു കണ്ടില്ല. മറിച്ച് കാര്‍ഷികോത്പന്ന വില വര്‍ദ്ധനവിനെതിരെ കര്‍ഷകരും കൂടെ ഉള്‍പ്പെട്ട സമരങ്ങളാണ് അരങ്ങേറുന്നത്.