വെള്ളിയാഴ്‌ച, ജൂൺ 04, 2010

ശക്തരായ ചുമട്ട് തൊഴിലാളികള്‍

പാഠപുസ്തകത്തിന് അമിത കയറ്റിറക്ക് കൂലി; വിതരണം സ്തംഭിച്ചു

തിരുവനന്തപുരം: അമിതമായ കയറ്റിറക്ക് കൂലി ആവശ്യപ്പെട്ട് ചുമട്ടുതൊഴിലാളികള്‍ പാഠപുസ്തക വിതരണം സ്തംഭിപ്പിച്ചു. പേട്ടയിലെ ജില്ലാ ടെക്സ്റ്റ്ബുക്ക്ഓഫീസില്‍നിന്നും വിദ്യാലയങ്ങളിലേക്ക് പുസ്തകങ്ങള്‍ കൊണ്ടുപോകുന്നതാണ് ഇവര്‍ തടഞ്ഞത്. ജില്ലാ ലേബര്‍ ഓഫീസര്‍ സംഭവത്തില്‍ ഇടപെട്ടതിനെത്തുടര്‍ന്ന് വൈകീട്ട് നാലരയോടെ കുറച്ചുപേര്‍ക്ക് പുസ്തകങ്ങള്‍ കൊണ്ടുപോകാനായി.

നെയ്യാറ്റിന്‍കര വിദ്യാഭ്യാസജില്ലയിലെ അറുപതോളം സ്‌കൂളുകളില്‍നിന്നുള്ള അധ്യാപകരാണ് പുസ്തകങ്ങള്‍ വാങ്ങുന്നതിന് എത്തിയത്. രാവിലെ 10.30 ഓടെ തന്നെ അധ്യാപകരുടെ നീണ്ടനിര ഓഫീസിന് മുന്നിലുണ്ടായിരുന്നു. പുസ്തകങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള വാഹനങ്ങളുമായാണ് ഇവര്‍ വന്നത്.

എന്നാല്‍ പുസ്തകങ്ങള്‍ കയറ്റാനെത്തിയ തൊഴിലാളികള്‍ വിലയുടെ രണ്ടുശതമാനം കൂലി ആവശ്യപ്പെടുകയായിരുന്നുവെന്ന് അധ്യാപകരും ടെക്സ്റ്റ്ബുക്ക് ഡിപ്പോ അധികൃതരും പറയുന്നു. സ്‌കൂളുകളില്‍ സൗജന്യമായി സര്‍ക്കാര്‍ വിതരണം ചെയ്യുന്ന പുസ്തകത്തിനാണ് തൊഴിലാളികള്‍ അമിത കയറ്റിറക്ക് കൂലി ആവശ്യപ്പെട്ടത്. ഇത് നല്‍കാനാവാതെ വന്നതോട പുസ്തകവിതരണം തടസ്സപ്പെട്ടു.

കേരള ബുക്ക് പബ്ലിഷിങ് സൊസൈറ്റിയുടെ പുസ്തകങ്ങള്‍ പോസ്റ്റല്‍വകുപ്പ് വഴിയാണ് വിദ്യാലയങ്ങളിലെത്തിച്ചിരുന്നത്. എന്നാല്‍ സ്‌കൂള്‍ തുറന്ന് രണ്ടുദിവസം കഴിഞ്ഞിട്ടും പുസ്തകങ്ങള്‍ കിട്ടാതെ വന്നതോടെ ടെക്സ്റ്റ്ബുക്ക് ഡിപ്പോകളില്‍നിന്നും നേരിട്ട് പുസ്തകങ്ങള്‍ വാങ്ങാന്‍ അധികൃതര്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി.

തപാല്‍ വകുപ്പ് ചുമട്ടുതൊഴിലാളികള്‍ക്ക് ഒരു കെട്ടിന് 6.50 പൈസയാണ് കയറ്റിറക്ക്കൂലി നല്‍കിയിരുന്നത്. അധ്യാപകര്‍ വിളിച്ചുകൊണ്ടുവന്ന സ്വകാര്യ വാഹനങ്ങളില്‍ ഈ തുകയ്ക്ക് കയറ്റാനാവില്ലെന്നാണ് തൊഴിലാളികളുടെ വാദം. എന്നാല്‍ കൂലി നല്‍കുന്നത് തപാല്‍വകുപ്പ് തന്നെയാണ്. കരാറില്‍ കൂടുതല്‍ കൂലി നല്‍കാന്‍ ഇവരും തയ്യാറായില്ല. വൈകീട്ട് 4.30 വരെ വാഹനങ്ങളുമായി അധ്യാപകര്‍ കാത്തിരുന്നെങ്കിലും പരിഹാരമുണ്ടായില്ല.

ജില്ലാ ലേബര്‍ ഓഫീസര്‍ എ.ഗീതാകുമാരി ഇടപെട്ടതോടെ പുസ്തകങ്ങള്‍ കയറ്റാന്‍ തൊഴിലാളികള്‍ തയ്യാറാവുകയായിരുന്നു. തപാല്‍വകുപ്പില്‍നിന്നും കൂലി കിട്ടാന്‍ വൈകുന്നതിനാലാണ് പുസ്തകം കയറ്റാത്തതെന്നായിരുന്നു അപ്പോള്‍ ഇവരുടെ വാദം. തുടര്‍ന്ന് രണ്ടുവാഹനത്തില്‍ മാത്രം പുസ്തകങ്ങള്‍ കയറ്റി ഉടന്‍തന്നെ കൂലിയും നല്‍കി. അമിതകൂലി ആവശ്യപ്പെട്ട് പാഠപുസ്തകവിതരണം സ്തംഭിപ്പിച്ച തൊഴിലാളികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

സൗജന്യ പാഠപുസ്തകങ്ങള്‍ സൗജന്യമായിത്തന്നെ കയറ്റിറക്ക് നടത്താമെന്ന് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തൊഴിലാളി യൂണിയനുകള്‍ സമ്മതിച്ചതാണെന്ന് ചുമട്ടുതൊഴിലാളിബോര്‍ഡ് തിരുവനന്തപുരം ചെയര്‍മാന്‍ സി. ചന്ദ്രസേനന്‍ നായര്‍ ചൂണ്ടിക്കാട്ടുന്നു.

കോട്ടയ്ക്കകം പാഠപുസ്തക വിതരണ ഡിപ്പോയിലും തൊഴിലാളിത്തര്‍ക്കം രണ്ടുമണിക്കൂറോളം വിതരണം സ്തംഭിപ്പിച്ചു. പുസ്തകങ്ങളുടെ കെട്ടഴിച്ച് എണ്ണി നല്‍കുന്നത് കൂലി കണക്കാക്കുന്നതിന് തടസ്സമുണ്ടാക്കുമെന്നായിരുന്നു ഇവരുടെ വാദം. 12-ഓടെ തര്‍ക്കം പരിഹരിച്ചെങ്കിലും വന്‍ തിരക്കനുഭവപ്പെട്ടതോടെ ഡിപ്പോയില്‍ നിന്നുള്ള പുസ്തക വിതരണം താറുമാറായി.