ബുധനാഴ്‌ച, ജൂൺ 30, 2010

ആന തടി കയറ്റിയതിനും നോക്കുകൂലി

അടൂര്‍: ആനയെക്കൊണ്ട് ലോറിയില്‍ തടി കയറ്റിയതിനും നോക്കുകൂലി. അടൂര്‍ മേലൂട് ലക്ഷ്മിശ്രീയില്‍ സുരേന്ദ്രന്റെ പക്കല്‍നിന്നാണ് യൂണിയന്‍കാര്‍ നോക്കുകൂലിയായി 1500 രൂപ ഈടാക്കിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. സി.ഐ.ടി.യു., ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി.,ബി.എം.എസ്. യൂണിയനുകളില്‍പ്പെട്ടവരടങ്ങുന്ന സംഘമാണ് പണം വാങ്ങിയതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.


അടൂര്‍ പുതിയകാവില്‍ ചിറ ഭാഗത്ത് നിന്ന തേക്ക്, വീടുപണിക്കായാണ് സുരേന്ദ്രന്‍ വാങ്ങിയത്. താഴ്ചയില്‍നിന്ന് മുറിച്ച തേക്ക് ലോറിയിലാക്കാന്‍ ആനയെ കൊണ്ടുവന്നു. 2750 രൂപ കൂലിയിനത്തില്‍ ചെലവായി. തടി കയറ്റി ലോറി പുറപ്പെട്ടപ്പോള്‍ യൂണിയന്‍കാരെത്തി തടഞ്ഞു. നോക്കുകൂലിയായി അവര്‍ ആവശ്യപ്പെട്ട പണം കൊടുത്തശേഷമാണ് ലോറി പോകാനനുവദിച്ചത്. ഇതിനിടെ ലോറിയില്‍നിന്ന് റോഡില്‍ വീണ രണ്ടു കഷണം തടി തിരികെ ലോറിയില്‍ കയറ്റാന്‍പോലും യൂണിയന്‍കാര്‍ തയ്യാറായതുമില്ല.
കടപ്പാട് - മാതൃഭൂമി