ചൊവ്വാഴ്ച, മാർച്ച് 27, 2012

നോക്കുകൂലി ചോദിച്ചാല്‍ കൊള്ളയ്ക്ക് കേസ്‌തിരുവനന്തപുരം: നോക്കുകൂലിക്കായി ഭീഷണിപ്പെടുത്തിയാല്‍ കൊള്ളയ്ക്ക് കേസ്സെടുക്കുമെന്ന് പോലീസ്. നോക്കുകൂലി ആവശ്യപ്പെടുന്നവരില്‍ നിന്ന് പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കാനും പോലീസ് തീരുമാനിച്ചു. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ തിങ്കളാഴ്ച ഡി.ജി.പി പുറത്തിറക്കി.

നോക്കുകൂലി ആവശ്യപ്പെടുന്നത് പൗരാവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്.ഈ നടപടികള്‍ക്ക് സഹായം നല്‍കേണ്ട ബാധ്യത പോലീസ് ഉദ്യോഗസ്ഥര്‍ക്കുണ്ട്.
നോക്കുകൂലിക്കായി ഭീഷണിപ്പെടുത്തുന്നതായി അറിഞ്ഞാല്‍ സബ് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ സംഭവ സ്ഥലത്തെത്തണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ പോലീസ് സ്വമേധയാ കേസ്സെടുക്കണം. പിടിച്ചുപറിക്കുക, ഭീഷണിപ്പെടുത്തുക, നിയമവിരുദ്ധമായി സംഘം ചേരുക തുടങ്ങിയ വകുപ്പുകള്‍ നോക്കുകൂലിക്കാര്‍ക്കെതിരെ പ്രയോഗിക്കണം. നോക്കുകൂലി ആവശ്യപ്പെട്ട് തൊഴിലാളികള്‍ പൊതുജനങ്ങളെയോ കമ്പനി ഉടമസ്ഥരെയോ മാനസികമായി പീഡിപ്പിക്കുന്നതായി അറിഞ്ഞാല്‍ കൊള്ളയ്ക്ക് കേസ്സെടുക്കണം. അത്തരം സംഭവങ്ങളില്‍ പൊതുജനങ്ങള്‍ക്കും സ്വകാര്യകമ്പനികള്‍ക്കുമെല്ലാം പോലീസ് സംരക്ഷണം നല്‍കണം.
അംഗീകൃത ട്രേഡ് യൂണിയന്‍ അംഗങ്ങള്‍ ഉള്‍പ്പെട്ട കേസാണെങ്കില്‍, മേല്‍പ്പറഞ്ഞ നടപടിക്കു പുറമെ ലേബര്‍ ഓഫീസറെ അറിയിക്കുകയും വേണം.

നോക്കുകൂലി ആവശ്യപ്പെടുന്ന കേസുകളെക്കുറിച്ച് ഓരോ മാസവും ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. ജില്ലാ പോലീസ് ഓഫീസര്‍മാര്‍ ഈ റിപ്പോര്‍ട്ട് പോലീസ് ആസ്ഥാനത്തേയ്ക്ക് അയക്കണമെന്നും ഡി.ജി.പിയുടെ സര്‍ക്കുലറില്‍ പറയുന്നു.
കടപ്പാട് - മാതൃഭൂമി

1 അഭിപ്രായം:

  1. ജോലിചെയ്ത് കൂലി വാങ്ങാം.
    തൊഴിലുറപ്പുപദ്ധതി: കേരളത്തിലെ കൂലി 164 രൂപ
    ന്യൂഡല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി പ്രകാരമുള്ള ദിവസക്കൂലി പുതുക്കിനിശ്ചയിച്ചു. കേരളത്തില്‍ 164 രൂപയായിരിക്കും പുതുക്കിയ വേതനം. നിലവില്‍ ഇത് 150 രൂപയാണ്. പുതിയ നിരക്കിലുള്ള കൂലി ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍വരും. തമിഴ്‌നാട്ടിലെ കൂലി 119ല്‍നിന്ന് 132 ആയും കര്‍ണാടകത്തിലേത് 125ല്‍നിന്ന് 155 ആയും ഉയര്‍ത്തി. മഹാരാഷ്ട്രയിലെ പുതുക്കിയ കൂലി 145 രൂപയാണ്. നേരത്തേ ഇത് 127 രൂപയായിരുന്നു.

    കര്‍ണാടകത്തിലെ കൂലിയുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയിലുണ്ട്. സംസ്ഥാനത്ത് സര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞകൂലി 145 രൂപയാണ്. എന്നാല്‍ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിപ്രകാരം 125 രൂപയേ കൂലിയുള്ളൂ. ഇത് ഉയര്‍ത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

    മറുപടിഇല്ലാതാക്കൂ