ഞായറാഴ്‌ച, ഒക്‌ടോബർ 30, 2011

ബയോഗ്യാസ് സ്ലറി ഡ്രയര്‍ മോഡല്‍

ഒരു ബയോഗ്യാസ് സ്ലറി ഡ്രയറിന്റെ മാതൃക വെറും അര മണിക്കൂര്‍ സമയം കൊണ്ട് സ്വയം നിര്‍മ്മിച്ചു. വായ്ത്തല വലിപ്പമുള്ളതും നാലിഞ്ച് വ്യാസമുള്ളതുമായ ഒരു മീറ്റല്‍ പി.വി.സി പൈപ്പ് മുറിച്ചു വാങ്ങി. അതോടൊപ്പം വാങ്ങിയ നാലിഞ്ച് പൈപ്പിന്റെ അടിവശത്ത് ഉറപ്പിക്കുവാനുള്ള അടപ്പ്, പി.വി.സി ടാപ്പ്, ടാപ്പിന്  അകവശത്ത് ഇടാന്‍ ഒരു വാഷര്‍, ടൈറ്റ് ചെയ്യുവാനുള്ള അരയിഞ്ച് ത്രെഡുള്ള ഒരു കപ്ലിംഗ്, ബാത്ത് റൂമില്‍ വെള്ളം വാര്‍ന്ന് പോകുവാനുപയോഗിക്കുന്ന നാലിഞ്ച് വ്യാസമുള്ള സ്റ്റീല്‍ അരിപ്പ, ഒട്ടിക്കുവാനുള്ള പശ, ഒരു ഹാക്സാ ബ്ലൈഡ്  എന്നിവയാണ് വാങ്ങിയത്. വായ്ത്തല വ്യാസമുള്ള ഭാഗം ആറിഞ്ച് നീളത്തില്‍ മുറിച്ച ശേഷം അരയിഞ്ച് ഇരുമ്പ് പൈപ്പ് ചൂടാക്കി ടാപ്പ് ഫിറ്റു ചെയ്യുവാന്‍ രണ്ടിഞ്ച് ഉയരത്തില്‍ ഒരു ദ്വാരം ഇട്ടു.  കനം കൂടിയ ഭാഗത്തിന് താഴെ ടാങ്കില്‍ ജലം നിറയുമ്പോള്‍ വായു വെളിയിലേയ്ക്ക് പോകുവാന്‍ മറ്റൊരു ദ്വാരവും ഇട്ടു. ടാപ്പ് ഫിറ്റ് ചെയ്ത ശേഷം അടിവശത്തെ അടപ്പ് പശപുരട്ടി ഉറപ്പിച്ചു. വീതി കൂടിയ ഭാഗത്തുകൂടെ നാലിഞ്ച് വ്യാസമുള്ള അരിപ്പ കയറുമെങ്കിലും നിരപ്പായി ഉറപ്പിക്കാന്‍ അല്പം ചൂടാക്കേണ്ടി വന്നു. അരിപ്പ ഉറപ്പിക്കുന്നതിന് മുന്‍പ് നാലിഞ്ച് വ്യാസമുള്ള പൈപ്പ് ഒരിഞ്ച് നീളത്തില്‍ ഒരു പീസ് മുറിച്ചെടുത്ത് അരിപ്പയ്ക്ക് താഴെ ഉറപ്പിച്ചു. അത് അരിപ്പയെ ഉറപ്പിക്കുന്നതിന് ശക്തമായ ഒരു താങ്ങായി മാറി. അതിന് മുകളില്‍ പശതേച്ച് ഇരുപതിഞ്ച് നീളത്തില്‍ പൈപ്പ് മുറിച്ചെടുത്ത് പശതേയ്ച്ച് ഉറപ്പിച്ചു. 

അരിപ്പിന് മുകളില്‍ ഗ്രാവലോ ചല്ലിയോ നിറച്ച ശേഷം മണല്‍ മുകളില്‍ വിരിക്കാം. അതിന് മുകളില്‍  സ്ലറി നിറച്ച്  ജലാംശം വേര്‍തിരിക്കാം.   ഇത് ഒരു ചെറിയ മാതൃക ആണെന്നതിനാല്‍ ഓരോ ബയോഗ്യാസ് പ്ലാന്റിലും ആവശ്യാനുസരണം  വലിപ്പം വര്‍ദ്ധിപ്പിച്ചാലും പ്രവര്‍ത്തനത്തില്‍ മാറ്റമൊന്നും സംഭവിക്കില്ല. വലത് ഭാഗത്ത് കൂടുതല്‍ പരിഷ്കാരങ്ങളുമായി ഇതാ വീണ്ടും അവതരിപ്പിക്കുന്നു. പല ശാസ്ത്രജ്ഞരേയും ബന്ധപ്പെട്ടു. ആരും തന്നെ നാളിതുവരെ ഇത്തരത്തിലൊന്ന് പരീക്ഷിച്ചിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. തവനൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ സുധീര്‍ സര്‍ കോയമ്പത്തൂര്‍ പോയപ്പോള്‍ സ്ലറി വലിയൊരു പ്ലാന്റില്‍ കറക്കി വെള്ളം സെപ്പറേറ്റ് ചെയ്യുന്ന ചെലവേറിയ വലിയൊരു പ്ലാന്റിനെപ്പറ്റിയാണറിഞ്ഞത്. സുധീര്‍ സര്‍ പറഞ്ഞപ്രകാരം കൃഷി വിജ്ഞാന കേന്ദ്രത്തിലെ (KVK) ഷാജി ജയിംസ് സര്‍ അവറുകളുമായി ബന്ധപ്പെട്ടപ്പോഴും അദ്ദേഹം പറയുന്നത് ഇത്തരത്തിലൊരു പരീക്ഷണം നടത്തിയിട്ടില്ല എന്നതാണ്. എന്നാല്‍ ബയോടെക്കിന്റെ എം.ഡി പറഞ്ഞത് സ്ലറി ഡ്രയര്‍ ഉണ്ട് എന്നും അത് കറക്കി ജലം വേര്‍തിരിക്കുന്ന രീതി ആണ് എന്നും പറയുകയുണ്ടായി. 

സ്ലറിയില്‍ വഴുവഴുപ്പുള്ള ദ്രാവകമായി വേര്‍തിരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മാത്രവുമല്ല ഒരു പാത്രത്തില്‍ സ്ലറി ശേഖരിച്ച്  വെച്ചിരിക്കുന്ന വാത്രത്തില്‍ ധാരാളം വെള്ളം ഒഴിച്ചാല്‍ സ്ലറി താഴെയറ്റത്തും ജലം മുകളിലുമായി നില്‍ക്കുന്നത് കാണാം. അതിനാലാണല്ലോ ബയോഗ്യാസ് പ്ലാന്റുകളുടെ താഴെയറ്റത്തുനിന്ന് സ്ലറി പുറം തള്ളുവാനായി സംവിധാനമൊരുക്കുന്നത്. സ്ലറിയില്‍നിന്ന് ജലം വേര്‍തിരിച്ചെടുക്കുവാന്‍ കഴിയാത്തതും അതുകൊണ്ടാണ്. നാം പശുവിന്‍ പാല്  തൈരാക്കി മാറ്റുമ്പോള്‍ പലപ്പോഴും ജലം താഴെയും കട്ടികൂടിയ തൈര് മുകളിലായും നില്‍ക്കുന്നത് കാണാം. അതേപോലെ സ്ലറിയെ തൈര് പിരിക്കുന്നരീതിയില്‍ പിരിക്കുക എന്നതാണ് പരിഹാരം എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. ചെറുകിട ബയോഗ്യാസ് പ്ലാന്റുകളില്‍ ഫലവത്താകണമെങ്കില്‍ വഴുവഴുപ്പ് മാറ്റി ജലം വേര്‍തിരിച്ചെടുക്കുന്ന രീതിയാവണം എന്ന്  എല്ലാപേരും സമ്മതിക്കുന്നു.  പരീക്ഷണം നടത്താനായി സ്ലറിയില്‍ നേര്‍പ്പിച്ച ഫോര്‍മിക് ആസിഡ് കലര്‍ത്തി പ്ലാന്റിനുള്ളില്‍ തൈരിന് ഉറ ഒഴിക്കുന്ന രീതിയില്‍ താഴെയറ്റത്ത് നിറയ്ക്കുകയും അതിന് മുകളില്‍ സ്ലറി നിറയ്ക്കുകയും ചെയ്തപ്പോള്‍ ആദ്യം അത് പതഞ്ഞ് പൊങ്ങുകയും (വീണ്ടും ഗ്യാസ് ഉണ്ടാകുന്നു) ജലം  വേര്‍തിരിച്ച് അടിയിലുള്ള ടാങ്കില്‍ നിറയുകയും ടാപ്പ് തുറന്ന് നീക്കം ചെയ്യുവാന്‍ കഴിയുകയും ചെയ്തു.  ഇക്കാര്യം ഡോക്ടര്‍ തോമസ് വര്‍ഗീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം  തൈര് നല്‍കി സ്ലറി നിറച്ചപ്പോള്‍ ഫോര്‍മിക് ആസിഡ് ചേര്‍ത്തപ്പോഴുണ്ടായതുപോലെ പ്രവര്‍ത്തിക്കുകയും സ്ലറിയിലെ ജലം വാര്‍ത്തെടുക്കുവാന്‍ കഴിയുകയും ചെയ്തു.  ഡ്രയറിന്റെ  മുകള്‍ ഭാഗത്ത് നിന്ന് കട്ടികൂടിയസ്ലറിയിലെ ജൈവാംശം സംഭരിക്കാം. താഴെയറ്റത്ത് അല്പം സ്ലറി അവശേഷിപ്പിച്ച് വീണ്ടും സ്ലറി നിറയ്ക്കാം. അപ്പോള്‍ തൈര് ചേര്‍ക്കാതെതന്നെ തൈരിലടങ്ങിയിരിക്കുന്ന ലാക്ടിക്കാസിന്റെ ചെറിയതോതിലെ ലഭ്യത പ്ലാന്റില്‍ ഉറപ്പാക്കാം. എന്നാല്‍ തൈരിനു പകരം കൊമേഴ്സ്യല്‍ പര്‍പ്പസ് ലാക്ടിക് ആസിഡും ഇതിനായി ഉപയോഗിക്കാമെന്ന് അഭിപ്രായപ്പെട്ടതും ഡോ. തോമസ് വര്‍ഗീസാണ്. എനിക്ക് ഇത്തരം ഒരു പ്ലാന്റ് നിര്‍മ്മിക്കുവാന്‍ പ്രോത്സാഹനം നല്‍കിയതും മറ്റ് ചില ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തിയതും തൃശൂര്‍ വെറ്ററനറി യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ (ഡോക്ടര്‍) ഫ്രാന്‍സിസ് സേവ്യര്‍ അവര്‍കളാണ്. 

കൊമേഴ്സ്യല്‍ പര്‍പ്പസ് ലാക്ടിക് ആസിഡിന് വില വളരെ കുറവാണ്. തിരുവനന്തപുരത്ത് എനിക്ക് അത് ലഭിക്കാത്തതുകാരണം അല്പം വില കൂടിയ ലാക്ടിക് ആസിഡാണ് വാങ്ങിയത്. അന്‍പത് മില്ലി ലിറ്റര്‍ ആസിഡ് റണ്ടര ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച ശേഷം അതില്‍ നിന്ന് 125 മില്ലി ലിറ്റര്‍ എടുത്ത് ഏകദേശം നാല് ലിറ്റര്‍ സ്ലറിയില്‍ കലര്‍ത്തി പ്ലാന്റില്‍ ഇന്നലെ വൈകുന്നേരം നിറച്ചത് തൈരു പോലെയും, ഫോര്‍മിക് ആസിഡ് പോലെയും പതഞ്ഞ് പൊങ്ങുന്നതായി കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ പതിനാല് മണിക്കൂറുകള്‍ക്ക് ശേഷം നിറച്ച നിരപ്പില്‍നിന്ന്  പത്തിലൊന്നുഭാഗം താഴുകയും ജലം വേര്‍തിരിഞ്ഞ് താഴെയറ്റത്തുള്ള ടാങ്കില്‍ നിറയുകയും ചെയ്തു. ടാപ്പ് തുറന്ന് ഫില്‍റ്റായി കിട്ടിയം ജലം ഒഴുക്കിക്കളയാന്‍ കഴിഞ്ഞു.  വീട് വീടാന്തരം മാലിന്യ സംസ്കരണത്തിനായി ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ച് മനുഷ്യ വിസര്‍ജ്യമുള്‍പ്പെടെ ബയോഗ്യാസും സ്ലറിയുമായി മാറ്റാനും സ്ലറിയില്‍ നിന്ന് ജലാംശം കുറവ്ചെയ്ത് കട്ടികൂടിയ സ്ലറിയും മറ്റ് ജൈവ മാലിന്യങ്ങളും എയറോബിക് കമ്പോസ്റ്റ് പ്ലാന്റിലൂടെ ചുരുങ്ങിയ സ്ഥലത്ത് മൂന്ന് മാസത്തിനുള്ളില്‍ ജൈവവളമായി മാറ്റി ചാക്കുകളില്‍ നിറച്ച് സംരക്ഷിക്കാനും കഴിയും. ജലമലിനീകരണത്തിന് കാരണമാകുന്ന പലതും ഇപ്രകാരം ചെയ്യുന്നതിലൂടെ ഒഴിവാക്കി മൂലക സമ്പുഷ്ടമായ കുടിവെള്ള സംരക്ഷണം മണ്ണിലെ ബാക്ടീരിയകളുടെ സഹായത്താല്‍ ഉറപ്പാക്കാം. 

അടുത്ത നടപടി ഇപ്രകാരം ജലാംശം കുറവുചെയ്ത് ലഭിക്കുന്ന സ്ലറിയിലെ മൂലകങ്ങളുടെ ലഭ്യത മണ്ണു പരിശോധനാ കേന്ദ്രത്തില്‍ ഉള്ള ലാബില്‍ പരിശോധിച്ച് കണ്ടെത്തുക എന്നതാണ്. CTCRI യിലെ സോയില്‍ ടെസ്റ്റിംഗ് ലാബിലെ ഡോ. സൂസന്‍ ജോണുമായി ബന്ധപ്പെടുകയും കട്ടിയായ സ്ലറിയിലെ എന്‍, പി, കെ, പിഎച്ച് എന്നിവയും ജലത്തിലെ പിഎച്ചും പരിശോധിച്ച് ഫലം ലഭ്യമാക്കുവാന്‍ നല്‍കിയിട്ടുണ്ട്. ഡോ. തോമസ് വര്‍ഗീസ് കൊണ്ടുവന്ന് പരിശോധിച്ച പിഎച്ച് ഇന്‍ഡിക്കേറ്റര്‍ പ്രകാരം സ്ലറിയില്‍ നിന്ന് നീക്കംചെയ്ത ജലത്തിന്റെ pH 7.5 ആണ്. നേര്‍പ്പിച്ച ലാക്ടിക് ആസിഡിന്റെ pH 3 ആണ്.

കൂടുതല്‍ പഠനങ്ങള്‍ തുടരുന്നു

വലതുവശത്ത് കാണുന്ന ചിത്രത്തില്‍ ഇടത്തെയറ്റത്ത് വലിയ കുപ്പിയില്‍ കാണുന്നത് നേര്‍പ്പിച്ച ലാക്ടിക് ആസിഡ് ചേര്‍ത്ത സ്ലറി നിറച്ചതാണ്. മണിക്കൂറുകള്‍ക്കുള്ളില്‍ അതില്‍ എന്തെല്ലാം മാറ്റങ്ങള്‍ സംഭവിക്കുന്നു എന്ന് മനസിലാക്കാം. ആദ്യം വരള്‍ച്ചമൂലം പാടങ്ങള്‍ വിണ്ടു കീറുന്നതുപോലെ കാണുകയും കുപ്പിയുടെ അടപ്പ് തുറന്നപ്പോള്‍ വാതകം വെളിയിലേയ്ക്ക് വരുകയും സ്ലറിയില്‍ കുമിളകള്‍ മുകളിലേയ്ക്ക് ഉയരുന്നതായും കാണാന്‍ സാധിച്ചു. ഇരുപത്തിനാല് മണിക്കൂറുകള്‍ക്ക് ശേഷം ഇടത് വശത്ത് കാണുന്ന രീതിയില്‍ ജലം താഴെയറ്റത്ത് വരുകയും കട്ടികൂടിയ സ്ലറി മുകളിലേയ്ക്ക് പൊങ്ങി നില്‍ക്കുന്നതായും കാണാന്‍ കഴിഞ്ഞു. അതിനാലാണ് ചെലവു കുറഞ്ഞ ഒരു പ്ലാന്റിന്റെ അരിപ്പയിലൂടെ ജലം നീക്കം ചെയ്യാന്‍ കഴിയുന്നത്. ലാക്ടിക് ആസിഡ് സ്ലറിയില്‍ ചേര്‍ക്കുമ്പോള്‍ തൈര് പിരിയുന്നപോലെ ജലം വേര്‍തിരിച്ചെടുക്കുവാനും നീക്കംചെയ്യുവാനും കഴിയുകയും കട്ടിയായ സ്ലറി ലഭിക്കുകയും ചെയ്യുന്നു.  വലതു വശത്ത് മധ്യഭാഗത്ത് തുറന്ന പ്ലാറ്റിക് കുപ്പിയില്‍ വെച്ചിരിക്കുന്നത് വെറും സ്ലറിയാണ്. സ്ലറി ജലവുമായി കുഴഞ്ഞ രൂപത്തിലാണ് സ്ഥിതിചെയ്യുന്നത്. വലത്തേയറ്റത്തുള്ള തുറന്ന കുപ്പിയില്‍ പ്ലാന്റില്‍ നേര്‍പ്പിച്ച  ലാക്ടിക് ആസിഡ് ചേര്‍ത്ത് ജലാംശം വേര്‍തിരിച്ച് ലഭിച്ച കട്ടിയുള്ള സ്ലറി ഒരാഴ്ചയോളം പഴക്കം ചെന്നതില്‍ ജലം നിറച്ചപ്പോള്‍ സ്ലറി അടിയിലും ജലം മുകളിലുമായി നില്‍ക്കുന്നത് കാണാം. ഫ്രഷായ ചാണകം ജലത്തിന് മുകളിലിട്ടാലും അത് ജലത്തിനടിയിലേയ്ക്ക് നീങ്ങുകയും ജലം മുകളില്‍ വരുകയും ചെയ്യുന്നു.

വലതുവശത്ത് ചിത്രത്തില്‍ കാണുന്നത് വലിയ അടപ്പുള്ള കുപ്പിയില്‍ നേര്‍പ്പിച്ച ലാക്ടിക് ആസിഡും സ്ലറിയും കൂടി കലര്‍ത്തി നിറച്ചതാണ്. അടുത്ത ദിവസം അടപ്പ് തുറന്നാല്‍ ഒരു വാതകം പുറംതള്ളുന്നു. മീതൈന്‍ എന്ന കത്തുവാനായി ലഭിക്കുന്ന  വാതകമാകുവാനാണ് സാധ്യത. നാലഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ഇപ്രകാരം അടിയില്‍ താണ്കിട്ടിയ ജലത്തിന്റെ അളവ് കൂടുകയും അടപ്പ് തുറന്നാല്‍ ഷാംപെയില്‍ സ്പ്രേ ചെയ്യുന്നരീതിയില്‍ ചീറ്റിത്തെറിക്കുകയും ചെയ്യുന്നു. ഈ പരീക്ഷണത്തില്‍ നിന്ന് വ്യക്തമാകുന്നത് ജലം സംഭരിക്കുന്ന സിന്റെക്സ് വാട്ടര്‍ ടാങ്ക് ഉപയോഗിച്ചും സ്ലറി കട്ടിയാക്കുവാന്‍ കഴിയും എന്നാണ്. താഴെയറ്റത്ത് അടിയുന്ന ജലത്തെ ടാപ്പിലൂടെ നീക്കം ചെയ്യുവാന്‍ കഴിയുകയും കട്ടികൂടിയ സ്ലറി മുകള്‍ ഭാഗത്തുനിന്ന് സംഭരിക്കുകയും ചെയ്യാം. അവശേഷിക്കുന്ന സ്ലറിയോടൊപ്പം നേര്‍പ്പിച്ച ലാക്ടിക്  ആസിഡ് ചേര്‍ത്ത സ്ലറി വീണ്ടും നിറയ്ക്കുവാന്‍ കഴിയുകയും ചെയ്യും. എന്നുവെച്ചാല്‍ ഫില്‍റ്ററില്ലാതെയും വാട്ടര്‍ ടാങ്കില്ലാതെയും കട്ടികൂടിയ സ്ലറിയും ജലവും വേര്‍തിരിച്ചെടുക്കുവാന്‍ കഴിയും എന്നാണ്. ചിത്രത്തിലെ വലതുവശത്ത് കാണുന്നത് ഡ്രയറിലൂടെ ലഭിച്ച കട്ടികൂടിയ സ്ലറിയില്‍ ജലം നിറച്ചപ്പോള്‍ ആദ്യം ജലം മുകളില്‍ പൊങ്ങിനില്‍ക്കുകയും ദിവസങ്ങള്‍ക്ക് ശേഷം വളരെക്കുറച്ച് അടിയറ്റത്തും ബാക്കി പൊങ്ങി നില്‍ക്കുന്നതായുമാണ്. ബയോഗ്യാസ് പ്ലാന്റ് പ്രവര്‍ത്തിക്കുമ്പോള്‍ സ്ലറിയില്‍ ഇത്തരമൊരവസ്ഥ ഉണ്ടാകുകയില്ല. ഫ്രഷായ സ്ലറി കെട്ടി നിന്നാല്‍ വളരെ പരിമിതമായി മാത്രമേ ജലം താഴെയറ്റത്ത് കാണുകയുള്ളു.

ഒരു ബയോഗ്യാസ് സ്ലറി ഡ്രയര്‍ പ്ലാന്റിന് പകരം വീടുകളിലും മറ്റും വെള്ളം സംഭരിക്കുവാനുപയോഗിക്കുന്ന പിവിസി ടാങ്ക് സ്ലറിയില്‍നിന്ന് ജലം വേര്‍തിരിക്കാനായി ഉപയോഗിക്കാം. ടാങ്കില്‍ നേര്‍പ്പിച്ച ലാക്ടിക് ആസിഡ് സ്ലറിയില്‍ കലര്‍ത്തി ഒഴിക്കുകയും അടപ്പ് അടച്ച് മഴവെള്ളവും മറ്റ് ചപ്പ് ചവറുകളും ഉള്ളില്‍ വീഴാതെ സംരക്ഷിച്ചാല്‍ ഇരുപത്തിനാല് മണിക്കൂര്‍ കൊണ്ട് താഴെയറ്റത്ത് സ്ലറിയിലെ ജലം എത്തിച്ചേരുവാന്‍ തുടങ്ങും. ടാപ്പിന്റെ മുകളില്‍ ജലം എത്തിയാല്‍ മാത്രമേ നീക്കം ചെയ്യാന്‍ കഴിയുകയുള്ളു. തുടക്കത്തില്‍ അതിനായി ടാങ്കിന്റെ മുക്കാല്‍ ഭാഗമെങ്കിലും നിറച്ചശേഷം രണ്ടുദിവസത്തെ വിശ്രമം അനിവാര്യമാണ്. ടാങ്കിന് പുറമേകൂടി ജലം കാണാന്‍ കഴിയുന്ന പിവിസി പൈപ്പ് ടാപ്പിന്റെ പിന്‍ഭാഗത്ത് റ്റി കണക്ടര്‍ ഉപയോഗിച്ച് ഘടിപ്പിച്ചാല്‍ സ്ലറിയില്‍ നിന്ന് വേര്‍തിരിഞ്ഞ ജലത്തിന്റെ നിരപ്പ് അറിയാന്‍ കഴിയും. അടപ്പ് തുറന്ന് മുകളില്‍നിന്ന് സ്ലറി കട്ടിയാകുന്നതിനനുസരിച്ച് നീക്കം ചെയ്യാം.  കട്ടിയുള്ള സ്ലറി നീക്കം ചെയ്തശേഷം നേര്‍പ്പിച്ച ലാക്ടിക് ആസിഡ് കലര്‍ത്തിയ സ്ലറി വീണ്ടും നിറയ്ക്കാവുന്നതാണ്. ഇതില്‍നിന്ന് ഉണ്ടാകുന്ന വാതകം എന്താണെന്നും അത് എപ്രകാരം പ്രയോജനപ്രദമാക്കാം എന്നതും കൂടുതല്‍ പഠിക്കേണ്ട വിഷയങ്ങളാണ്. ലാബ് സൗകര്യങ്ങളില്ലാത്തതിനാല്‍ ഒരു കര്‍ഷകന്റെ പരിമിതമായ അറിവ് വെച്ചുള്ള പരീക്ഷണങ്ങളാണിവ. 

ഇത്തരം ഒരു പരീക്ഷണത്തിനും അതിന്റെ വിജയത്തിനും സഹായിച്ച എല്ലാപേരോടും എന്റെ നന്ദി അറിയിക്കുന്നു. Creative Commons License
This work is licensed under a Creative Commons Attribution-NonCommercial 4.0 International License.

12 അഭിപ്രായങ്ങൾ:

 1. വളരെ അഭിനന്ദനാര്‍ഹാമായ നേട്ടം. നഗരസഭ അധികൃതര്‍ ഇതിനു പ്രോത്സാഹനം നല്‍കുകയാണ് വേണ്ടത്

  മറുപടിഇല്ലാതാക്കൂ
 2. നല്ല ശ്രമം.
  വലിയ അളവിൽ സ്ലറി ഉണ്ടാകുമ്പോൾ അത്ര ഇഫ്ഫക്റ്റീവായി ജലാംശം ഒഴിയുമോ? പ്രത്യേകിച്ച് മൺസൂൺ കാലത്തും മറ്റും?

  മറുപടിഇല്ലാതാക്കൂ
 3. Anil@blog വലിയ അളവിലാകുമ്പോള്‍ കുറച്ചുകൂടി ഇഫക്ടീവാകാനാണ് സാധ്യത. ചെലവേറിയതാണ് ഇന്ന് നിലവിലുള്ള ഫില്‍റ്ററിംഗ് രീതി. എന്തായാലും സ്ലറിയിലെ വെള്ളത്തെ വേര്‍തിരിച്ചാലേ ഫില്‍റ്ററിംഗ് സാധ്യമാകൂ. ലാക്ടിക് ആസിഡ് ചേര്‍ത്ത പരീക്ഷണം നടത്തേണ്ടതുണ്ട്. അധികം താമസിയാതെ അല്പംകൂടി വലിയ പ്ലാന്റ് ഞാന്‍ തന്നെ ഉണ്ടാക്കും. എനര്‍ജി ഉപയോഗിക്കാതെ ആര്‍ക്കും ചെലവു കുറഞ്ഞ രീതിയില്‍ വീട് വീടാന്തരം നിര്‍മ്മിക്കുകയാണല്ലോ നമ്മുടെ ലക്ഷ്യം. ഭാവിയില്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുവാനെങ്കിലും ഈ ദൌത്യം വഴിയൊരുക്കും.

  മറുപടിഇല്ലാതാക്കൂ
 4. അനില്‍@ബ്ലോഗ്,
  പ്രത്യേകിച്ച് മണ്‍സൂണ്‍ കാലത്തും മറ്റും? ഓരോ ദിവസത്തെ സ്ലറിയും പ്ലാന്റില്‍ നിറയ്ക്കുകയും സ്ലറി സംഭരിക്കുന്നത് മഴ നനയാതെ സംരക്ഷിക്കുകയും ചെയ്താല്‍ മതിയല്ലോ.

  മറുപടിഇല്ലാതാക്കൂ
 5. Lactic Acid [packed for servicing industry (Including industrial quality control laboratories, academic and research institutions, universities etc).] 500 ml 492 രൂപയ്ക്ക് വാങ്ങി. പരീക്ഷിച്ച് നോക്കിയശേഷം ഫലം പ്രസിദ്ധീകരിക്കാം.

  മറുപടിഇല്ലാതാക്കൂ
 6. Center for Earth Sciences Scientist Dr Ajay Kumar Varma has launched a Green tech mission.He can take up this as a rural technology.Congrats SCN for your sustained enthusiastic efforts...

  മറുപടിഇല്ലാതാക്കൂ
 7. വളരെ ഉപകാരപ്രദമായ വിവരങ്ങളാണ് താങ്കള്‍ പങ്കു വെച്ചത്. താങ്കളുടെ പരിശ്രമത്തെ ഞാന്‍ അഭിനന്ദിക്കുന്നു.. കേരള കര്‍ഷകനില്‍ നിന്നും പുതിയ കണ്ടു പിടിത്തങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 8. Hi,
  I need your help in BIO GAS SLURRY SEPARATION.
  I cant understand your language. Sorry.
  I undesrtand Hindi and English Language.
  Please suggest how can we discuss.
  My email is navneet.singhal001@gmail.com
  phon 09560723234
  www.navneetsinghal.blogspot.com

  മറുപടിഇല്ലാതാക്കൂ