തിരുവനന്തപുരം: സ്‌കൂള്‍ക്കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി നീക്കിവെച്ച പണമെടുത്ത് വിദ്യാഭ്യാസ വകുപ്പ് വാഹനങ്ങള്‍ വാങ്ങിക്കൂട്ടുന്നു. 16 വാഹനങ്ങളാണ് പുതിയതായി വാങ്ങുന്നത്. ഡി.പി.ഐ.ക്കായി ഒരു ഇന്‍ഡിഗൊ കാറും സംസ്ഥാനത്തെ 14 വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും ഡി.പി.ഐ.യിലെ ഉച്ചഭക്ഷണ വിഭാഗത്തിനായും ഓരോ ടാറ്റാ സുമോയുമാണ് വാങ്ങുക. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് മുന്നോട്ടുവെച്ച നിര്‍ദേശം ധനവകുപ്പ് ഉദ്യാഗസ്ഥര്‍ എതിര്‍ത്തെങ്കിലും ധനമന്ത്രി പ്രത്യേക താത്‌പര്യമെടുത്ത് അംഗീകരിക്കുകയായിരുന്നു.
1987-ല്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കാന്‍ രൂപവത്‌കരിച്ച മുഖ്യമന്ത്രിയുടെ ഉച്ചഭക്ഷണ പരിപാടിയുടെ അക്കൗണ്ടില്‍ കിടന്ന പണമാണ് വണ്ടി വാങ്ങാന്‍ എടുക്കുന്നത്. ഫണ്ടില്‍ 4.28 കോടി രൂപ ഇപ്പോഴുണ്ട്. മുഖ്യമന്ത്രിയുടെ പദ്ധതിയായിട്ടാണ് ഇത് വിഭാവനം ചെയ്‌തതെങ്കിലും പിന്നീട് വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കാനുള്ള അരി കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്‍കിത്തുടങ്ങി. ഇതോടെ സംസ്ഥാനത്ത് രൂപവത്‌കരിച്ച ഫണ്ട് ഹെഡ്‌മാസ്റ്റര്‍മാര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മറ്റുചെലവുകള്‍ക്ക് നല്‍കാനായി ഉപയോഗിച്ചുതുടങ്ങി. എങ്കിലും പണം മിച്ചം കിടക്കുകയായിരുന്നു. ഇതിനിടെ ഇങ്ങനെയൊരു ഫണ്ട് ഉണ്ടെന്ന വസ്‌തുത വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍ നിന്ന് മാഞ്ഞു.
ശ്രദ്ധിക്കപ്പെടാതെ കിടന്ന ഫണ്ടാണിതെന്നും അതിനാല്‍ വാഹനം വാങ്ങാന്‍ അനുവദിക്കണമെന്നുമായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യം. ഉച്ചഭക്ഷണ പരിപാടി ഫലപ്രദമായി നടപ്പാക്കാന്‍ ജില്ലകളില്‍ വാഹനം വേണമെന്നായിരുന്നു ന്യായം. എന്നാല്‍ ശ്രദ്ധിക്കപ്പെടാതെ കിടന്ന പണം സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടണമായിരുന്നുവെന്നും ഇത് ചെയ്യാത്തതിന് ഡി.പി.ഐ.യോട് വിശദീകരണം ചോദിക്കണമെന്നുമായിരുന്നു ധനവകുപ്പിന്റെ ശുപാര്‍ശ. ഡി.പി.ഐ.യോട് വിശദീകരണം ചോദിക്കണമെന്ന ശുപാര്‍ശ അംഗീകരിച്ച ധനമന്ത്രി വാഹനം വാങ്ങുന്നതിന് അനുമതി നല്‍കുകയായിരുന്നു.
ഉച്ചഭക്ഷണ പരിപാടിക്കുള്ള പണമെടുത്ത് വാഹനം വാങ്ങുന്നതിനോട് വിദ്യാഭ്യാസ വകുപ്പില്‍ത്തന്നെ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. ഡി.ഡി.മാര്‍ക്കെല്ലാം ഇപ്പോള്‍ത്തന്നെ സര്‍ക്കാര്‍ വാഹനം നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ ഈയാവശ്യത്തിനായി ഓരോ വാഹനം കൂടി നല്‍കുന്നത് ഉച്ചഭക്ഷണ പരിപാടിയുടെ ചുമതല ജില്ലകളില്‍ വഹിക്കുന്ന സീനിയര്‍ സൂപ്രണ്ടുമാര്‍ക്ക് ഉപയോഗിക്കാനാണെന്ന് കരുതുന്നു.
ഇപ്പോള്‍ എട്ടാം ക്ലാസുവരെയാണ് കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നത്. കൂടുതല്‍ പണമുണ്ടെങ്കില്‍ ഒമ്പത്, പത്ത് ക്ലാസുകള്‍ വരെ ഇത് വ്യാപിപ്പിക്കണമെന്നും അല്ലെങ്കില്‍ സ്‌കൂളുകളുടെ പൊതുവായ പുരോഗതിക്ക് ഇത് പ്രയോജനപ്പെടുത്തണമെന്നുമാണ് ആവശ്യം. ബജറ്റില്‍ അത് പ്രഖ്യാപിച്ചിരുന്നെങ്കിലും പണമില്ലാത്തതിനാല്‍ നടപ്പാക്കാനാകാതെ നില്‍ക്കുമ്പോഴാണ് ഈ പണമെടുത്ത് വാഹനം വാങ്ങുന്നത്.
Courtesy: Mathrubhumi