കാര്‍ഷികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കാര്‍ഷികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

തിങ്കളാഴ്‌ച, ജൂലൈ 12, 2010

ഗ്രാഫ്റ്റ് ചെയ്ത നെല്ലിത്തൈ കൂട്ടം മീറ്റ് തന്ന സമ്മാനം

ഡോ. ജയന്‍ ദാമോദരന്‍ കണ്‍വീനറായി നടന്ന കൂട്ടം കേരളമീറ്റ് 2010 തിരുവനന്തപുരത്തുകാര്‍ക്ക് പ്രത്യേകമായി തന്നത് ഗ്രാഫ്റ്റ് ചെയ്ത ഓരോ നെല്ലിത്തൈ വീതമാണ്.


രണ്ടരയടി താഴ്ചയില്‍ കുഴിയെടുത്തശേഷം കുഴിയില്‍ ഉണങ്ങിപ്പൊടിഞ്ഞ പഴക്കംചെന്ന കമ്പോസ്റ്റ് മണ്ണിനോടൊപ്പം കൂട്ടിച്ചേര്‍ത്ത് പ്ലാസ്റ്റിക് കവര്‍ വേരുകള്‍ക്ക് കേട്പറ്റാതെ നീക്കം ചെയ്ത് നട്ട് വെള്ളവും ഒഴിച്ചു. അറിയണമല്ലോ മൂന്നാം വര്‍ഷം നെല്ലിക്ക കായ്ക്കുമോ എന്ന്.
ഗുണങ്ങള്‍, ഉപയോഗങ്ങള്‍
ഇന്ത്യന്‍ ഔഷധശാസ്ത്ര പ്രകാരം ഗുണമേന്മയേറിയ നവോന്മേഷദായകമായ ഒരു രസായനൌഷധമാണ് നെല്ലിക്ക. പ്രധാനമായും കായ്‌കളാണ് ഔഷധ പ്രയോഗങ്ങളില്‍ ഉപയോഗിക്കുന്നതെങ്കിലും ഇല, തൊലി, വേര് എന്നീ ഭാഗങ്ങളും ഉപയോഗിച്ചുവരുന്നുണ്ട്. പ്രകൃതിയില്‍ ലഭ്യമായിട്ടുള്ളതില്‍വെച്ച് ഏറ്റവും പ്രധാനപ്പെട്ട നിരോക്‌സീകാരിയും 'ജീവകം സി'യുടെ സമ്പുഷ്ടമായ കലവറയുമായ നെല്ലിക്കയില്‍ ഓറഞ്ചില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ 20 ഇരട്ടി ജീവകം സിയും ആപ്പിളില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ മൂന്നിരട്ടി പ്രോട്ടീനും 100 ഇരട്ടി അസ്‌കോര്‍ബിക് ആസിഡും അടങ്ങിയിട്ടുള്ളതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ചൂടാക്കുമ്പോഴും ദീര്‍ഘകാലം സംഭരിച്ചു വെയ്ക്കുമ്പോഴും നഷ്ടപ്പെടാത്ത ജീവകം സിയുടെ ഉറവിടം എന്ന പ്രത്യേകത കൂടിയുണ്ടിതിന്. ശരീരത്തിന്റെ ഓജസും ശക്തിയും വര്‍ദ്ധിപ്പിച്ച് ജരാനരകളെ അകറ്റി നിത്യ യൌവ്വനം പ്രദാനം ചെയ്യാന്‍ സാധിക്കും എന്ന് കരുതപ്പെടുന്ന നെല്ലിക്ക പ്രസിദ്ധമായ ച്യവനപ്രാശം, ത്രിഫല എന്നീ ഔഷധക്കൂട്ടുകളിലെ പ്രധാന ചേരുവയാണ്. ഇതിന് പുറമേ ശരീരത്തിലെ വാത, പിത്ത, കഫ ദോഷങ്ങളെ നിയന്ത്രിച്ച് സന്തുലിതമായ ആരോഗ്യം പ്രദാനം ചെയ്യാന്‍ കഴിയുന്ന 105 ല്‍പ്പരം വിവിധ ജീവന്‍രക്ഷാ ഔഷധങ്ങളില്‍ നെല്ലിക്ക ചേരുന്നുണ്ട്.
ശാസ്ത്രീയമായി തയ്യാറാക്കുന്ന ഈ ഔഷധക്കൂട്ടുകള്‍ക്കെല്ലാം പുറമേ നെല്ലിയില, തൊലി, തടി തുടങ്ങിയവ ഉപയോഗിച്ചുള്ള നാടന്‍ പ്രയോഗങ്ങളും പ്രചാരത്തിലുണ്ട്. ശരീരത്തിലുണ്ടാകുന്ന നീര്‍ക്കെട്ടിന് നെല്ലിയില ഉപയോഗിച്ചുള്ള ചികിത്സ, കിണറുകളിലെ വെള്ളം ശുദ്ധീകരിക്കുന്നതിന് നെല്ലിപ്പലകയും നെല്ലിത്തടിയും ഉപയോഗിക്കുക തുടങ്ഹിയവയെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രം.

കടപ്പാട് - സംസ്ഥാന ഔഷധസസ്യ ബോര്‍ഡ്

ബുധനാഴ്‌ച, മാർച്ച് 17, 2010

കാര്‍ഷിക ഗവേഷണം മണ്ണിനെ തകര്‍ക്കുന്നതാവരുത്

കാര്‍ഷികഗവേഷണ ശാക്തീകരണം
ഡോ. എം. അരവിന്ദാക്ഷന്‍
കൃഷി ആദായകരമല്ലെന്ന് കര്‍ഷകര്‍ വിശ്വസിക്കുമ്പോള്‍,കര്‍ഷക ആത്മഹത്യകള്‍ പെരുകുമ്പോള്‍
കുറഞ്ഞുവരുന്ന കൃഷിയിടങ്ങളില്‍ ഉത്പാദനാധിഷ്ഠിതമായ കൃഷിമുറകള്‍ നമുക്ക് കണ്ടെത്തണം.
ജി.എം. വിളകളെ അപ്പാടെ എന്നെന്നേക്കുമായി പുറന്തള്ളാന്‍ നമുക്ക് കഴിയുമോ?


ബി.ടി. വഴുതനയുടെ ആവിര്‍ഭാവവും, താത്കാലികമാണോ ആവോ, അതിന്റെ തിരോധാനവും കാര്‍ഷികാധിഷ്ഠിതമായ നിരവധി പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കപ്പെടേണ്ടതാണെന്ന് ബോധ്യപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ടെന്ന് കരുതാം.

വിഷലിപ്തമായ ഭക്ഷ്യവസ്തുക്കളാണോ ജനിതകമാറ്റം വരുത്തിയവയാണോ കൂടുതല്‍ അപകടകാരികള്‍ എന്ന വസ്തുത കൂലങ്കഷമായ പരീക്ഷണ പഠനങ്ങള്‍ക്ക് വിധേയമാക്കിയെങ്കിലേ അറിയാന്‍ കഴിയൂ.

കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേഷ് ചൂണ്ടിക്കാണിച്ചതുപോലെ ഇതിനു നിയോഗിക്കപ്പെട്ട കമ്മിറ്റി 'അപ്രൂവല്‍ കമ്മിറ്റി'യല്ലെന്നും 'അപ്രെയ്‌സല്‍ കമ്മിറ്റി'യാണെന്നും ഉള്ള വാദഗതി തള്ളിക്കളയാനാവില്ല.

ബി.ടി.വഴുതനയുടെ ഗുണദോഷങ്ങള്‍ വിശദമായി പഠിച്ചു ശുപാര്‍ശ സമര്‍പ്പിക്കലായിരുന്നു കമ്മിറ്റി ചെയ്യേണ്ടിയിരുന്നത്. ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവസ്തുക്കള്‍ അപകടകാരികളല്ലെന്ന് സാക്ഷ്യപ്പെടുത്താന്‍ വേണ്ടത്ര പഠനങ്ങള്‍ ഇന്ത്യയില്‍ നടന്നിട്ടില്ലെന്നതാണ് വാസ്തവം.

ബി.ടി.വഴുതനയുടെ ഗവേഷണത്തില്‍ തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലയുടെ ഇടപെടല്‍ ഉണ്ടായിരുന്നു. ബി.ടി.വഴുതനയുടെ ഉത്പാദന പ്രക്രിയ വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കെ എന്തുകൊണ്ട് മറ്റു ശാസ്ത്രജ്ഞരെയും കര്‍ഷകരെയും ഉപഭോക്താക്കളെയും വേണ്ടത്ര ബോധവത്കരിക്കാന്‍ ശ്രദ്ധിച്ചില്ല എന്നത് ഒരു വീഴ്ചയായി കാണണം.

ഒരു കാര്യം പറയാതെ വയ്യ. ജയറാം രമേഷ് പൊതുജനങ്ങളടക്കം ബന്ധപ്പെട്ടവരോടെല്ലാം സംവാദം നടത്തിയതിനുശേഷമാണ് ഉറച്ച തീരുമാനമെടുത്തത്. അതില്‍ അദ്ദേഹം നിരവധി സംസ്ഥാനങ്ങളുടെ കൈയടി നേടിയെടുക്കുകയും ചെയ്തു.

ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ കാര്യത്തില്‍ ശാസ്ത്രജ്ഞന്മാര്‍ ഇരുപക്ഷത്തുമായി നില്‍ക്കുന്നു. എന്നാല്‍ ഭാരതത്തില്‍ ജി.എം. വിത്തുകള്‍ മനുഷ്യരില്‍ ഏല്പിക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഒരു പഠനവും നടക്കുന്നതായി അറിവില്ല. മൊണ്‍സാന്‍േറാ തുടങ്ങിയ ഭീമന്‍ സ്ഥാപനങ്ങള്‍ സര്‍ക്കാറിനെയും ശാസ്ത്രജ്ഞരെയും കൈയിലെടുക്കാന്‍ നിരവധി സമ്മര്‍ദതന്ത്രങ്ങള്‍ പ്രയോഗിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ കാര്‍ഷിക സര്‍വകലാശാലകള്‍ എന്തുകൊണ്ട് ഈ വിഷയത്തില്‍ കാര്യമായ ഗവേഷണങ്ങള്‍ നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരുന്നില്ല?

കേരള സര്‍ക്കാര്‍ ജി.എം. വിത്തുകളെ അകറ്റിനിര്‍ത്താന്‍ തീരുമാനിച്ചതിന് വേണ്ടത്ര ഗവേഷണ പഠനങ്ങളെക്കാളേറെ ആവേശത്തിമര്‍പ്പായിരുന്നു ആധാരം എന്നതാണ് വാസ്തവം. ബി.ടി.വഴുതനയുടെ സ്ഥിതിയില്‍നിന്ന് വിഭിന്നമാണ് ബി.ടി. പരുത്തി എന്ന ജയറാം രമേഷിന്റെ പ്രഖ്യാപനവും. പുതിയൊരു കമ്മിറ്റിയെ നിയമിക്കാനുള്ള നീക്കങ്ങളും ശ്രദ്ധേയമായ കാര്യങ്ങളാണെന്നു വേണം കരുതാന്‍.

കേരള കാര്‍ഷിക സര്‍വകലാശാലയും സമാന്തര സ്വഭാവമുള്ള ഗവേഷണ സ്ഥാപനങ്ങളും ജി.എം. വിളകളെക്കുറിച്ച് ആധികാരിക പഠനങ്ങള്‍ നടത്താന്‍ നിര്‍ബന്ധിതരായിരിക്കുന്നു. എന്നാല്‍ ബയോ കെമിസ്ട്രി, ന്യൂട്രീഷ്യന്‍ ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ അടിയുറപ്പുണ്ടെങ്കില്‍ മാത്രമേ ഫലപ്രദമായ ഗവേഷണം സാധ്യമാകൂ. കൂടാതെ പഠനത്തിന് ആരോഗ്യശാസ്ത്രത്തിന്റെ സഹായവും വേണം.

ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കാന്‍ പ്രത്യേകിച്ച് ആഫ്രിക്കന്‍ ജനതയുടെ വിശപ്പടക്കാന്‍ ജി.എം.വിത്തുകള്‍ ആവശ്യമാണെന്നായിരുന്നു പ്രസിഡന്റ് ബുഷിന്റെ വാദം. ജനിതകമാറ്റംവരുത്തിയ ബി.ടി.പരുത്തി, ചോളം, പപ്പായ എന്നിവ അമേരിക്കയില്‍ കൃഷിചെയ്തുവരുന്നു. ജി.എം. വിത്തുകളും അവ കൃഷിചെയ്യുമ്പോള്‍ പ്രയോഗിക്കപ്പെടുന്ന കളനാശിനികളും വന്‍കിട കമ്പനികളെ സഹായിക്കുമ്പോള്‍ നിരവധി നാടന്‍വിത്തുകള്‍ അപ്രത്യക്ഷമാവാന്‍ ഇടവരുത്തുന്നുവെന്ന വസ്തുത അവഗണിക്കാന്‍ കഴിയില്ല.

ഒരു കാര്യം തീര്‍ച്ച. വരുംദിവസങ്ങളില്‍ ജനിതകമാറ്റം വരുത്തിയ വിത്തുകളെക്കുറിച്ച് രാജ്യവ്യാപകമായ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നു. കേന്ദ്ര കൃഷിമന്ത്രി ശരദ്പവാര്‍ ശാസ്ത്രജ്ഞരോട് ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ അഭ്യര്‍ഥിച്ചുകഴിഞ്ഞു. ശാസ്ത്രജ്ഞരെപ്പോലെ ഭരണരംഗത്തും രണ്ട് പക്ഷമുണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തില്‍ ശാസ്ത്രജ്ഞര്‍ക്ക് കൈയുംകെട്ടി നോക്കിയിരിക്കാന്‍ സാധ്യമാവുമോ? കൃഷി ആദായകരമല്ലെന്ന് കര്‍ഷകര്‍ വിശ്വസിക്കുമ്പോള്‍, കര്‍ഷക ആത്മഹത്യകള്‍ പെരുകുമ്പോള്‍ കുറഞ്ഞുവരുന്ന കൃഷിയിടങ്ങളില്‍ ഉത്പാദനാധിഷ്ഠിതമായ കൃഷിമുറകള്‍ നമുക്ക് കണ്ടെത്തണം. ജി.എം. വിളകളെ അപ്പാടെ എന്നെന്നേക്കുമായി പുറന്തള്ളാന്‍ നമുക്ക് കഴിയുമോ?

കൂടിയ കാര്‍ബണ്‍ ഡൈ ഓകൈ്‌സഡ് സ്വാംശീകരിക്കാന്‍ കഴിവുള്ള വിളകളും വൃക്ഷങ്ങളും നമുക്ക് കണ്ടെത്താന്‍ കഴിയണം. പാരമ്പര്യ പ്രജനന മുറകളാണോ അതോ ജനിതകമാറ്റമാണോ കരണീയം എന്നു തീര്‍ത്തുപറയാന്‍ അവഗാഢമായ ഗവേഷണം ആവശ്യമായിവരും. ഈ രംഗത്ത് കാര്‍ഷിക സര്‍വകലാശാലകള്‍ക്ക് നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍ നിരവധിയാണ്. ജൈവ സാങ്കേതികവിദ്യയില്‍ക്കൂടി ജീനുകളെ തരംതിരിക്കുന്നതിനും ഘടന പഠിക്കുന്നതിനുമൊക്കെ കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെക്‌നോളജി ആവശ്യമാണ്. അടിസ്ഥാന ശാസ്ത്രവും കമ്പ്യൂട്ടര്‍വത്കൃത ഗവേഷണമുറകളും കാര്‍ഷിക ഗവേഷണത്തിന് അത്യന്താപേക്ഷിതമാണ്.

പരിസ്ഥിതിക്കിണങ്ങുന്ന കൃഷിയുടെ അടിസ്ഥാനം സംരക്ഷണമാണ്. ജൈവ വൈവിധ്യം, ജലം, മണ്ണ് എന്നിവയുടെ സംരക്ഷണം സുസ്ഥിരകൃഷിയുടെ അവശ്യഘടകങ്ങളാണ്. ജൈവകൃഷി, സുസൂക്ഷ്മകൃഷി, സംരക്ഷിത കൃഷി എന്നിവയ്ക്ക് ഊന്നല്‍ നല്‍കപ്പെടുമ്പോള്‍ ഇവയ്ക്കിണങ്ങിയ വിത്തിനങ്ങളും സസ്യങ്ങളും ആവശ്യമായി വരും. വരള്‍ച്ചയെ അതിജീവിക്കാന്‍ സസ്യങ്ങള്‍ക്കുള്ള കഴിവിനെ ഉത്തേജിപ്പിക്കുന്നതിന് ആവശ്യമായ പ്രജനനമുറകളും നമുക്ക് കണ്ടെത്തേണ്ടിവരും.

ഏറിവരുന്ന ഇന്ധനാവശ്യങ്ങളാണ് മറ്റൊരു പ്രതിഭാസം. അമേരിക്കയില്‍ ചോളവും ബ്രസീലില്‍ കരിമ്പും ഇന്ധനമാക്കി മാറ്റാന്‍ ഉപയോഗപ്പെടുത്തിവരുന്നു. ഇത് ഭക്ഷ്യധാന്യങ്ങളുടെയും പഞ്ചസാരയുടെയും ലഭ്യതയെ ബാധിക്കും. കുത്തനെ ഉയരുന്ന വിലക്കയറ്റത്തില്‍ ഭക്ഷ്യവിളകളെ ഇന്ധനമാക്കി മാറ്റുന്നതിനെ ധാര്‍മികമായി അംഗീകരിക്കാനാവില്ല.

ജനിതകമാറ്റം ഇവിടെ കരണീയമാണോ എന്നത് പഠനവിഷയമാക്കണം. ഇതുപോലുള്ള നിരവധി രംഗങ്ങളില്‍ കാര്‍ഷിക സര്‍വകലാശാലകള്‍ക്ക് വെല്ലുവിളികള്‍ നേരിടേണ്ടിവരും. അതിന് അവര്‍ തയ്യാറാണോ?

അടിസ്ഥാന ശാസ്ത്രഗവേഷണത്തിന്റെ അഭാവം കേരള കാര്‍ഷിക സര്‍വകലാശാലയിലും കാണാം. കൃഷി ബിരുദം അടിസ്ഥാനയോഗ്യതയുള്ളവരെ മാത്രമേ കാര്‍ഷിക സര്‍വകലാശാലകളില്‍ കയറ്റൂവെന്ന പിടിവാശി ഗവേഷണത്തെ ഒരുപരിധിവരെയെങ്കിലും ബാധിച്ചിരിക്കുന്നു. കാര്‍ഷിക സര്‍വകലാശാലകളുടെ പിതാക്കളായ അമേരിക്കയിലെ ലാന്‍ഡ് ഗ്രാന്‍ഡ് സര്‍വകലാശാലകളില്‍ വളരെയേറെ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. അഗ്രി. കെമിസ്ട്രി, അഗ്രി. എന്റമോളജി, അഗ്രി. മൈക്രോബയോളജി തുടങ്ങിയ നിരവധി പ്രയുക്തശാസ്ത്രമേഖലകളെ അടിസ്ഥാന ശാസ്ത്രവിഭാഗങ്ങളായി രൂപാന്തരപ്പെടുത്താന്‍ അമേരിക്കയിലെ ലാന്‍ഡ് ഗ്രാന്‍ഡ് യൂണിവേഴ്‌സിറ്റികള്‍ നിര്‍ബന്ധിതമായിരിക്കുന്നു.

കഴിവുറ്റ പ്രതിഭകളെ കാര്‍ഷിക ഗവേഷണ രംഗത്തേക്ക് ആകര്‍ഷിച്ചെങ്കില്‍ മാത്രമേ ഈ രംഗത്തിന് ഭാവിയുള്ളൂ. ഭക്ഷ്യോത്പാദനരംഗത്ത് കൃഷി ശാസ്ത്രജ്ഞരുടെ വന്‍ തോതിലുള്ള സംഭാവനകള്‍ നമുക്ക് വിസ്മരിക്കാന്‍ വയ്യ. സ്വാതന്ത്ര്യം ലഭിച്ച ഭാരതത്തിലെ അഞ്ചുകോടി ടണ്‍ ഭക്ഷ്യോത്പാദനത്തില്‍നിന്ന് 25 കോടി ടണ്ണിനടുത്ത് ഭക്ഷ്യോത്പാദനശേഷി കൈവരിച്ച നേട്ടം ചില്ലറയല്ല.

പക്ഷേ, ഇന്ന് നാം നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ വളരെയേറെ സങ്കീര്‍ണങ്ങളാണ്. സമൂലമായ ഗവേഷണ ശാക്തീകരണം ഇന്ന് കാര്‍ഷികരംഗത്ത് ആവശ്യമായിരിക്കുന്നു. ബഹുവിധ ശാസ്ത്രമേഖലകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ഗവേഷണ കേന്ദ്രങ്ങളാണ് ഇന്നാവശ്യം. പരമ്പരാഗത ശാസ്ത്രവിഭാഗങ്ങള്‍ക്ക് ഗവേഷണരംഗത്ത് നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല.

ഈ രംഗത്ത് തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല വളരെയേറെ മുന്നിലാണ്. കാര്‍ഷിക ഗവേഷണത്തില്‍ ദൂരക്കാഴ്ചയും അടിസ്ഥാന ഗവേഷണ ശാസ്ത്രത്തിന്റെ സമന്വയവും ഒത്തുചേരുമ്പോഴേ കാര്‍ഷിക ഗവേഷണത്തിന്റെ ശാക്തീകരണം സാധ്യമാകൂ.

(നാളികേര വികസനബോര്‍ഡ് മുന്‍ ചെയര്‍മാനും കാര്‍ഷിക സര്‍വകലാശാലയിലെ മുന്‍ ഗവേഷണ വിഭാഗം അധ്യക്ഷനുമാണ് ലേഖകന്‍)
കടപ്പാട് - മാതൃഭൂമി 17-03-2010
സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചവര്‍ വെള്ളാനകളാവുന്നതിന്റെ ഒരുദാഹരണമാണീ ലേഖനം.
കാര്‍ഷിക സര്‍വ്വകലാശാലയിലെ ഗവേഷണവിഭാഗം മുന്‍ അധ്യക്ഷനറിയില്ലെ മണ്ണിന്റെ ഗുണനിലവാരം താണതും കാര്‍ഷികോത്പന്നങ്ങളുടെ വില ഉത്പ്പാദന ചെലവിനേക്കാള്‍ താഴുന്നതും കാലാവസ്ഥാ ആഘാതങ്ങളും ആഗോളീകരണത്തിന്റെ ഭാഗമായി നടന്ന കയറ്റുമതി ഇറക്കുമതി നയങ്ങളും കാര്‍ഷിക മേഖലയെ തകര്‍ക്കുവാനും കര്‍ഷകരുടെ ആത്മഹത്യകള്‍ക്കും കാരണമായി എന്ന കാര്യം. കര്‍ഷകര്‍ കൃഷി അറിയാത്തവരല്ല. മറിച്ച് ഒന്നാം ഹരിതവിപ്ലവത്തിലൂടെ രാസവളങ്ങളും കള, കുമിള്‍, കീടനാശിനികളും വരുത്തിവെച്ച വിന ശാസ്ത്രജ്ഞര്‍ അറിയാതെ പോയത് കര്‍ഷകര്‍ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. അങ്ങിനെയാണ് ഇന്ന് ലോകമെമ്പാടും ജൈവ കൃഷിയുടെ പ്രചാരവും അത്തരം ഉല്പന്നങ്ങളുടെ ഡിമാന്‍ഡും വര്‍ദ്ധിക്കുവാന്‍ തുടക്കമിട്ടുകഴിഞ്ഞത്.
ജനിതകമാറ്റം വരുത്തിയ വിത്ത് ലോകമെമ്പാടുമുള്ള തനത് ഗുണമേന്മയുള്ള വിത്തുകളെ നശിപ്പിച്ച് മൊന്‍സാന്റോയുടെയും അവര്‍ നിയന്ത്രിക്കുന്ന വിത്തുകമ്പനികളുടെയും കൈകളിലൂടെ മാത്രം ലഭ്യമാകുന്നതും ഓരോ പ്രാവശ്യം വിതക്കുവാനും അവരുടെതന്നെ കൈകളില്‍ നിന്ന് വിലക്ക് വാങ്ങണമെന്നും കര്‍ഷകര്‍ പോലും മനസ്സിലാക്കിക്കഴിഞ്ഞു. ലോകത്തിന്റെ പട്ടിണി മാറ്റാനായി ഇറങ്ങിത്തിരിച്ച മൊന്‍സാന്റോ കീടബാധ ഇല്ലാത്ത അത്യുല്പാദനം നല്‍കുന്ന വിത്തിനങ്ങളാണ് എന്ന് പ്രചരിപ്പിച്ചതും തെറ്റാണെന്നുള്ള തെളിവുകള്‍ ലഭ്യമായിക്കൊണ്ടിരിക്കുകയാണ്. ഭക്ഷ്യമേഖലയിലേക്കുള്ള കടന്നുകയറ്റമെന്നത് 2400 വഴുതന ഇനങ്ങളും ക്ഷാമവും ഇല്ലാത്ത ഒരു വിളയെത്തന്നെ ബ.ടി വഴുതന എന്ന പേരില്‍ കടന്നു കയറാന്‍ ശ്രമിച്ചതും താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുന്നതും. ഇന്ന് ആര്‍ക്കും കൃഷി ചെയ്യുവാന്‍ കഴിയുന്ന വഴുതനയുടെ വിത്ത് ശേഖരിക്കുവാനും സൂക്ഷിക്കുവാനും ഓരോ കര്‍ഷകനും സാധിക്കുമെങ്കില്‍ നാളെ ബ.ടി വിത്ത് വിതരണക്കാരനില്‍ നിന്ന് അവര്‍ പറയുന്ന വിലക്ക് വാങ്ങി കൃഷിചെയ്യേണ്ട പരിതാപകരമായ അവസ്ഥയിലേക്കാണ് നീങ്ങുന്നത്. പരീക്ഷണത്തിന്റെ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി കര്‍ഷകരെക്കൊണ്ട് ബി.ടി വഴുതന കൃഷി ചെയ്യിച്ച വാര്‍ത്തയും നാം കണ്ടതാണ്. ക്ഷീരോദ്പാദനപും, കൃഷിയും, പരിസ്ഥിതിയും തമ്മില്‍ ഗാഢബന്ധമാണുള്ളത്. ഓര്‍ഗാനിക് റീ സൈക്ലിങ്ങിന് ഉതകേണ്ട മനുഷ്യ വിസര്‍ജ്യം ജലാശയങ്ങളിലെ കോളീഫാം ബാക്ടീരുയയെ വര്‍ദ്ധിപ്പിക്കുന്നു. ഗവേഷണങ്ങള്‍ പ്രതിദിനം ഒരു മനുഷ്യന്‍ ഭക്ഷിക്കുന്ന 1250 ഗ്രാം ഭക്ഷ്യ വസ്തുക്കള്‍ വിസര്‍ജ്യമായിക്കഴിഞ്ഞാല്‍ അത് മണ്ണില്‍ ജൈവ സമ്പത്താക്കി മാറ്റുവാന്‍ കാര്‍ഷിക സര്‍വ്വകലാശാലകളുടെ ഭാഗത്തുനിന്ന് എന്ത് പ്രോത്സാഹനമാണ് ലഭിക്കുന്നത്?
1983 മുതല്‍ കേരളത്തിലെ ചില കാര്‍ഷികോത്പന്നങ്ങളുടെ വിലയിലുണ്ടായ ഏറ്റക്കുറച്ചിലുകള്‍ കേരള യൂണിവേഴ്സിറ്റിയിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി ഡോ. യാഗീന്‍ തോമസ് price indices of major agricultural commodities with base year 1983 പ്രസിദ്ധീകരിച്ച കണക്കുകളുടെ ചുവടുപിടിച്ച് ശേഷിച്ചവ കേരള അഗ്രിക്കള്‍ച്ചറല്‍ പ്രൈസസ് ബോര്‍ഡില്‍ നിന്ന് ശേഖരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു യൂണിവേഴ്സിറ്റി അസിസ്റ്റന്റിന് 1983 ല്‍ 675 രൂപ അടിസ്ഥാന ശമ്പളവും 122 രൂപ ഡി.എയും ചേര്‍ത്ത് 797 രൂപ ഉമ്ടായിരുന്നത് 25 വര്‍ഷങ്ങള്‍ക്ക് ശേഷം അടിസ്ഥാന ശമ്പളം 7990 രൂപയും ഡി.എ 3036 രൂപയും ചേര്‍ത്ത് 11,026 രൂപയായി വര്‍ദ്ധിച്ചത് 13.83 ഇരട്ടിയായാണ്. HRA, CCA എന്നിവ കൂട്ടാതെയുള്ള ശമ്പളമാണിത്. 1983 ല്‍ കാര്‍ഷിക മേഖലയില്‍ പണിയെടുത്തിരുന്ന പുരുഷ തൊഴിലാളി വേതനം 20 രൂപ ആയിരുന്നത് 2008 ല്‍ 17.5 ഇരട്ടി വര്‍ദ്ധിച്ച് 350 രൂപയും ആയി.
തൊണ്ടില്ലാതെ 1000
നാളികേരത്തിന് 1983 ല്‍ 1653 രൂപ ആയിരുന്നത് 2008 ല്‍ 3.38 ഇരട്ടിയായാണ് വര്‍ദ്ധിച്ചത്. യാഥാര്‍ത്ഥത്തില്‍ കര്‍ഷകന് നീതി ലഭിക്കണമെങ്കില്‍ 13.83 ഇരട്ടിയായ 22.86 രൂപ നാളികേരമൊന്നിന് ലഭിക്കുകയോ യൂണിവേഴ്സിറ്റി അസിസ്റ്റന്റിന്റെ ശമ്പളം 3.38 ഇരട്ടിയായി താഴ്ന്ന് 2694 രൂപയായി കുറയുകയോ വേണം. ഇതേ അവസ്ഥതന്നെയാണ് മറ്റെല്ലാ കാര്‍ഷികോത്പന്നങ്ങളുടെ വിലയിലും സംഭവിച്ചത്. ശമ്പളവര്‍ദ്ധനവിനെതിരെ നാളിതുവരെ ഒരു കര്‍ഷകനും സമരം ചെയ്തു കണ്ടില്ല. മറിച്ച് കാര്‍ഷികോത്പന്ന വില വര്‍ദ്ധനവിനെതിരെ കര്‍ഷകരും കൂടെ ഉള്‍പ്പെട്ട സമരങ്ങളാണ് അരങ്ങേറുന്നത്.

വെള്ളിയാഴ്‌ച, ഫെബ്രുവരി 05, 2010

ഡോ.ആര്‍.ഗോപിമണി കര്‍ഷകന്റെ ശത്രുവോ അതോ മിത്രമോ?

മാതൃഭൂമി ദിനപത്രത്തില്‍ 4-2-2010 ല്‍ ഡോ. ആര്‍. ഗോപിമണി ജി.എം.വിള: എന്തിനീ തര്‍ക്കം എന്നൊരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി.
കര്‍ഷകനായ എനിക്ക് ശാസ്ത്രജ്ഞാനം കുറവാണ് എന്ന് ആദ്യമേ സമ്മതിക്കുന്നു. ഇതേ ശാസ്ത്രജ്ഞന്‍ തെങ്ങിലെ മഞ്ഞളിപ്പ് രോഗത്തിന് അഞ്ച് കിലോ യൂറിയ രോഗം വന്ന തെങ്ങിന് ചുറ്റും പ്രയോഗിക്കുവാന്‍ മാതൃഭൂമി പത്രത്തില്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും എന്ന പംക്തിയില്‍ പ്രസിദ്ധീകരിച്ചിരുന്നത് മറക്കാന്‍ വഴിയില്ല. ഇദ്ദേഹം അക്ഷയകൃഷി എന്ന ഒരു പുസ്തകം കാര്‍ഷിക സര്‍വ്വകലാശാലയിലെ സോയില്‍ സയന്‍സ് വിഭാഗം ശാസ്ത്രജ്ഞനായിരുന്ന പ്രൊഫസര്‍ ഡോ. തോമസ് വര്‍ഗിസിനെക്കൊണ്ട് ആമുഖ പ്രസംഗം എഴുതിച്ച് എണ്‍പത്തഞ്ച് രൂപ വിലയ്ക്ക് ഡി.സി ബുക്സിലൂടെ വില്‍ക്കുന്നുണ്ട്. പ്രസ്തുത പുസ്തകത്തില്‍ ഫുക്കുവോക്ക എന്ന ജാപ്പനീസ് ശാസ്ത്രജ്ഞന്റെ ഒറ്റ വയ്ക്കോല്‍ വിപ്ലവത്തെപ്പറ്റിയൊക്കെ ഗംഭീരമായി കൂട്ടിച്ചേര്‍ത്തിട്ടും ഉണ്ട്. രാസവളങ്ങളില്ലാതെയും കീടനാശിനികളില്ലാതെയും കൃഷി നടത്തുവാനുള്ള നിര്‍ദ്ദേശമാണ് അദ്ദേഹം നല്‍കുന്നത് എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ!!! ടിഷ്യൂകള്‍ച്ചര്‍ വാഴയും ശീതകാല പച്ചക്കറി ഇനങ്ങളും ടിഷ്യൂക്കള്‍ച്ചര്‍ തൈകള്‍ സ്വകാര്യ നഴ്സറികള്‍ നാടൊട്ടുക്കും വില്‍ക്കുന്നു എന്നും അതേപോലൊരു നേട്ടമാണ് ജനിതകമാറ്റം എന്നും അവകാശപ്പെടുന്നു.
കീടങ്ങളെ നിയന്ത്രിക്കുവാന്‍ ബാസില്ലസ് തുറിഞ്ചിയെന്‍സിസ് എന്ന ബാക്ടീരിയയെ വേര്‍തിരിച്ചെടുത്ത് വെള്ളത്തില്‍ കലക്കി വിളകളില്‍ തളിച്ചിരുന്നു അത് ഗോമൂത്രം തളിക്കുംപോലെ ആയിരുന്നു എന്നും പറയുന്നു. കായ്‌കള്‍ തുരന്നും തണ്ടുകള്‍ തുരന്നും സസ്യഭാഗങ്ങള്‍ തിന്ന് നശിപ്പിക്കുന്ന കീടങ്ങളെ മരുന്ന് തളിച്ച് കൊല്ലുക അസാധ്യമാണെങ്കില്‍ അതിന് പ്രതിവിധി ജനിതകമാറ്റം വരുത്തി കീടങ്ങളെ അകറ്റുക മാത്രമേ ഉള്ളോ എന്നും പരിശോധിക്കേണ്ടിയിരിക്കുന്നു. കാരണം മുപ്പതോളം പരീക്ഷണങ്ങള്‍ അതിജീവിച്ച് അംഗീകരിക്കേണ്ട ബി.ടി വഴുതന പന്ത്രണ്ടോളം പരീക്ഷണങ്ങള്‍ മാത്രം നടത്തി ധൃതി പിടിച്ച് കൃഷിയിടങ്ങളിലെത്തിക്കുവാന്‍ ജിഇഎസി (ജനറ്റിക് എഞ്ചിനീയറിംഗ് അപ്രോവല്‍ കമ്മറ്റി - അതിന്റെ പേരുപോലും അംഗീകരിപ്പിക്കുവാനുള്ള കമ്മറ്റി എന്നതിനാലാണ് കേന്ദ്ര പരിസ്ഥിതി വനംവകുപ്പ് മന്ത്രി പേരുമാറ്റാന്‍ തയ്യാറായത്) ശുപാര്‍ശചെയ്തത് ഇന്ന് ലോക ശ്രദ്ധതന്നെ പിടിച്ച് പറ്റിയിരിക്കുന്നു. ആംഗലേയത്തിലെ ധാരാളം വെബ് സൈറ്റുകളില്‍ ജനറ്റിക് എഞ്ചിനീയറിംഗിന്റെ ദോഷ വശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ ബി.ടി വിളകള്‍ നിരോധിച്ചിരിക്കുന്നതും മറ്റൊന്നും കൊണ്ടല്ല അതിന്റെ ദോഷവശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുതന്നെയാണ്. ബയോടെക്നോളജിക്ക് ധാരാളം നല്ലവശങ്ങള്‍ ഉണ്ടെങ്കില്‍ ബാസില്ലസ് തുറിഞ്ചിയെന്‍സിസിന് ദോഷങ്ങള്‍ കൂടുതലാണ്.

ബി.ടി ബാക്ടീരിയത്തിലെ കീടം കൊല്ലി വേര്‍തിരിച്ചെടുത്ത് വിളകളില്‍ സന്നിവേശിപ്പിക്കുക വഴി ശത്രുകീടത്തെ മാത്രമല്ല അവയെ തിന്ന് ജീവിക്കുക മാത്രമല്ല കൃഷിയെത്തന്നെ സംരക്ഷിക്കുന്ന മിത്രകീടത്തേയും നശിപ്പിക്കുകയാണ് ചെയ്യുന്നത്. മാത്രവുമല്ല ജനിതകമാറ്റം വരുത്തിയ വിളകളില്‍പ്പോലും കീടബാധ ഉണ്ടാകുന്നതായും അവയെ നശിപ്പിക്കുവാന്‍ വീര്യം കൂടിയ കീടനാശിനികളും അവയോടൊപ്പം വളരുന്ന കളകളെ നശിപ്പിക്കുവാന്‍ റൌണ്ടപ് പോലുള്ള കളനാശിനികളും പ്രയോഗിക്കപ്പെടുന്നു. അപ്രകാരം കര്‍ഷകന്റെ കലപ്പകള്‍ എന്നറിയപ്പെടുന്ന മണ്ണിരകള്‍ പാടെ നശിക്കുകയാണ് ചെയ്യുന്നത്. ഒന്നാം ഹരിതവിപ്ലവത്തിലൂടെ സംഭവിച്ച മണ്ണിന്റെ ജൈവസമ്പത്തിന്റെ നശിക്കലും പരിസ്ഥിതി മലിനീകരണവും സസ്യലതാദികള്‍ക്കും പക്ഷിമൃഗാദികള്‍ക്കും മനുഷ്യനും (മനുഷ്യന് ക്യാന്‍സര്‍ പോലുള്ള) വരെ രോഗങ്ങളാണ് സമ്മാനിച്ചത്. അത് മനസിലാകുവാന്‍ വര്‍ഷങ്ങള്‍തന്നെ വേണ്ടിവന്നു. അതേപോലെതന്നെ ബി.ടി വഴുതനയുടെ ദോഷ ഫലങ്ങള്‍ മനസിലാകുവാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. ഭാരതത്തില്‍ കൃഷിചെയ്യുന്ന ബി.ടി പരുത്തിയുടെ കുരു ആട്ടിയ എണ്ണ ഉപഭോക്താവ് അറിയാതെ (ലേബലിംഗ് ഇല്ലാതെ) വിപണിയില്‍ നമ്മുടെ ഭക്ഷ്യ വസ്തുക്കള്‍ക്കൊപ്പം ലഭ്യമാക്കുകയാണ്. ലേബലിംഗ് ഏര്‍പ്പെടുത്തിയാല്‍ ഗോപിമണിയുടെ ഭാര്യപോലും പരുത്തി എണ്ണ കലര്‍ന്ന ഭക്ഷ്യ എണ്ണ വീട്ടില്‍ ഉപയോഗിക്കുമെന്ന് തോന്നുന്നില്ല.

ലളിതവും ചെലവുകറഞ്ഞതുമായ ഒരു പരീക്ഷണം ബി.ടി വഴുതനയുടെ കാര്യത്തില്‍ അനിവാര്യമാണ്. തുല്യ അളവില്‍ ഒരു പാത്രത്തില്‍ ബി.ടി വഴുതനയുടെ സസ്യഭാഗങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ കമ്പോസ്റ്റും മറ്റൊന്നില്‍ ജൈവ കൃഷി ചെയ്തുണ്ടാക്കിയ വഴുതന സസ്യഭാഗത്തിന്റെ കമ്പോസ്റ്റും ശേഖരിച്ച് സമമായ എണ്ണം മണ്ണിരകളെ വളരുവാന്‍ സൌകര്യമൊരുക്കുകയും അവയ്ക്ക് രണ്ട് പാത്രത്തിലും ഒരേ പോലെ ജീവിക്കുവാന്‍ സാധിക്കുന്നുണ്ടോ എന്ന് പരീക്ഷിക്കുകയും വേണം. ഇത്തരം ഒരു പരീക്ഷണത്തിന് നമ്മുടെ കാര്‍ഷിക സര്‍വ്വകലാശാലകള്‍ക്ക് സാധിക്കുമല്ലോ? എന്നാല്‍ വളരെവേഗം നാശം സംഭവിക്കുവാന്‍ കഴിയുന്ന മണ്ണിരകള്‍ ജൈവ കൃഷിയിലൂടെ സംരക്ഷിക്കുവാന്‍ കഴിയുമ്പോള്‍ അമിത ഉല്പാദനത്തിലൂടെ സംഭവിക്കുന്ന ന്യൂട്രിയന്റ് മൈനിംഗ് ഒഴിവാക്കുവാനും സുസ്ഥിര കൃഷിക്കും അവസരമൊരുക്കുകയും ചെയ്യും. ജൈവ സമ്പത്തില്ലാതെയും ജലമില്ലാതെയും ഉത്പാദന വര്‍ദ്ധന ഉറപ്പുള്ള ബി.ടി വഴുതന പട്ടിണിയുടെ നാടായ ആഫ്രിക്കപോലുള്ള ഇടങ്ങളിലല്ലെ ആദ്യം പരീക്ഷിക്കേണ്ടത്. രണ്ടായിരത്തഞ്ഞൂറിലധികം വഴുതനയെത്തന്നെ ആദ്യ ബി.ടി ഭക്ഷ്യ വിളയായി തെരഞ്ഞെടുത്തതിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെ.

ബയോഡീസലായും (ഭക്ഷോത്പന്നവിലക്കയറ്റത്തിന് കാരണം ആയത്) കാലിത്തിറ്റയായും രംഗപ്രവേശം ചെയ്ത ജനിതകമാറ്റം വരുത്തിയ ബി.ടി കൃഷി ഭക്ഷ്യ മേഖലയിലേക്ക് കടന്നുവരുമ്പോള്‍ ശരിയായ പഠനവും നിരീക്ഷണവും അനിവാര്യമാണ്. മനുഷ്യന്റെ ആരോഗ്യത്തിന് ഇത്തരം വിളകള്‍ ഹാനികരമാണ് എന്ന് ലോകമെമ്പാടും നടക്കുന്ന പല പഠനങ്ങളും വ്യക്തമാക്കുന്നുണ്ട്. അതേപ്പറ്റി പല ശാസ്ത്രജ്ഞരും പ്രതികരിക്കുന്നും ഉണ്ട്. വഴുതനക്ക് പിന്നാലെ ഗോള്‍ഡന്‍ റൈസ്, തക്കാളി, ഉരുളക്കിഴങ്ങ്, കടുക്, കപ്പലണ്ടി, മുട്ടക്കോസ്, കാളിഫ്ലവര്‍, ചോളം, Okra മുതലായ വിളകളും ജനിതകമാറ്റ പരീക്ഷണങ്ങളുടെ അന്തിമ ഘട്ടത്തിലാണ്. എ.എസ് സ്വാമിനാഥന്‍ ഫൌണ്ടേഷന്റെ ഗോള്‍ റൈസ് ഇതിന് പിന്നാലെ വരുമെങ്കില്‍ അദ്ദേഹത്തിന്റെ രണ്ടാം ഹരിത വിപവം ആകാം ഇത്. ഇപ്പോള്‍ ചെന്നൈയിലെ സ്വാമിനാഥന്‍ ഫൌണ്ടേഷനിലെ ശാസ്ത്രജ്ഞര്‍ ഓര് നിലത്തിലും വളരുന്ന ഒരു നെല്ലിനം വികസിപ്പിച്ചെടുത്തിട്ടുള്ളത് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തിന് സ്വാമിനാഥന്‍ എം.പിക്ക് രാജ്യസഭാംഗം എന്ന നിലയില്‍ സ്വാധീനിക്കാന്‍ കഴിയുമല്ലോ. എന്തായാലും അദ്ദേഹത്തിന് എത് കാര്യത്തിലും മുന്‍ കരുതല്‍ വേണമെന്നേ പറയാന്‍ കഴിയൂ സ്വയം ബി.ടിയുടെ കാര്യത്തില്‍ അംഗീകരിപ്പിക്കാന്‍ അതും ഉണ്ടാവുമല്ലോ? അതാണല്ലോ ജിഇഎസിയില്‍ അംഗമാകാതെ മാറിനിന്നതും കൃഷി മന്ത്രി ആകാത്തതും.

"GM-Free School Project പറയുന്നത് We developed contacts in several locations interested in implementing GM-free schools, by organizing parents, students, and school officials to switch from GMO diets to healthy, fresh, non-GMO school meals." എന്നാണ്. ഭാരതത്തിലെ കുട്ടികളെ ജനിതകമാറ്റം വരുത്തിയ വിളകളുടെ മേന്മ പഠിപ്പിക്കാതിരുന്നാല്‍ അത്രയും നന്ന്.

ബി.ടി ജീന്‍ ചെടികള്‍ക്ക് കീടപ്രതിരോധ ശക്തിയാണ് നല്കുന്നതെങ്കില്‍ അല്പം വലിയ കീടമായ മനുഷ്യന് അല്പം കൂടുതല്‍ ഭക്ഷിക്കേണ്ടി വരും എന്നാണ് ഒരു സാധാരണക്കാരന് മനസിലാവുക. മനുഷ്യരില്‍ വലിയൊരു വിഭാഗത്തിന് പലതരം അലര്‍ജികള്‍ ഉണ്ടെങ്കില്‍ അതിന് കാരണം നാം വരുത്തിവെച്ച പരിസ്ഥിതി മലിനീകരണത്തിനാണ് മുഖ്യ പങ്ക്. അപ്പോള്‍ ജനിതകമാറ്റം വരുത്തിയ വിളകള്‍ കൃഷിചെയ്യുന്ന പാടത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് അലര്‍ജി തീര്‍ച്ചയായും ഉണ്ടാകും. ബി.ടി വഴുതന കഴിച്ചപ്പോള്‍ ഡോ. ഗോപിമണിക്ക് അലര്‍ജി ഉണ്ടായില്ല എന്ന് പറയുവാനുള്ള ആര്‍ജവം ഉണ്ടാകേണ്ടിയിരിക്കുന്നു. അമ്മയുടെ മുലപാലിലൂടെ ഉണ്ടാകുന്ന അലര്‍ജി എന്‍ഡോ സല്‍ഫാന്‍ സ്പ്രേചെയ്ത കശുമാവിന്‍ തോട്ടങ്ങളുടെ ചുറ്റുപാടിലും കണ്ടുവരുന്നുണ്ടാവാം. ബി.ടി വഴുതനയിലെ ജീനിന് തുരപ്പന്‍ പുഴുവിനെ വേഗം കൊല്ലാന്‍ കഴിയുമെങ്കില്‍ മനുഷ്യനെക്കൊല്ലാന്‍ അല്പം കൂടുതല്‍ സമയം വേണ്ടിവരും. അത് തെളിയിക്കപ്പെടണമെങ്കില്‍ ബി.ടി ഉല്പന്നങ്ങള്‍ക്ക് ലേബലിംഗ് അനിവാര്യമാണ്. 1980 ല്‍ താങ്കള്‍ പരീക്ഷിച്ച അഞ്ഞൂറോളം ഇനങ്ങളിലും കായ് തുരപ്പന്‍ ഉണ്ടായി എങ്കില്‍ അവ ഭക്ഷ്യയോഗ്യമാണ് എന്ന് ഇന്ന് ജനം തിരിച്ചറിയുന്നു. മാരകമായ കീടനാശിനി പ്രയോഗം നടത്തിയശേഷമാണ് ഗോപിമണി അക്ഷയകൃഷി എന്ന പുസ്തകം എഴുതിയത് എന്നത് ഒരു ചതിയുടെ ലക്ഷണം മാത്രമാണ്.

കേരളത്തിലെ മാര്‍ക്കറ്റുകളില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ മാരകമായ തോതില്‍ വിഷം കലര്‍ന്നിട്ടുണ്ടെന്ന് പല പഠനങ്ങളും തെളിയിക്കുന്നെങ്കില്‍ അതിന് ഉത്തരവാദി അത്തരം പരീക്ഷണങ്ങള്‍ നടത്തിയ ശാസ്ത്രജ്ഞരല്ലെ? കുഴിച്ചുമൂടി എന്ന് പറയുന്ന വിഷക്കായ്‌കള്‍ വിപണിയില്‍ വിറ്റതാകാനും സാധ്യതയുണ്ട് (പക്ഷെ തെളിവില്ല). കേരളത്തിലെ കൃഷിമന്ത്രി പറഞ്ഞ ടോക്സിന്‍ എന്നതും കീടനാശിനിയിലെ ടോക്സിന്‍ (അത് ഗോപിമണി ലേഖനത്തില്‍ സമ്മതിക്കുന്നു) എന്നതും വിഷം തന്നെയാണ്. പ്രമേഹരോഗത്തിനും ഹൃദ്രോഗത്തിനും (ഡോ. വല്യത്താന്‍ പറഞ്ഞത് പലരും കേട്ടുകാണും) മണ്ണിലെ മഗ്നീഷ്യം പോലുള്ള ചില മൂലകങ്ങളുടെ അഭാവം തന്നെയാണ് കാരണം എന്ന് ഐഎംഎയുടെ പഠനം തെളിയിക്കുന്നു. പക്ഷെ അവരത് ഗുളികകള്‍ തന്ന് ചികിത്സിക്കും എന്നുമാത്രം. ഇനിയും ശാസ്ത്രജ്ഞര്‍ റോള്‍ ഓഫ് സെക്കന്‍ഡറി ന്യൂട്രിയന്‍സ് ആന്റ് ട്രയിസ് എലിമെന്റ്സിനെപ്പറ്റി പഠിക്കേണ്ടിയിരിക്കുന്നു.

നമ്മുടെ കൃഷിഭൂമി തരിശിട്ടും പരിസരമലിനീകരണം സൃഷ്ടിച്ചും ആസിയാന്‍ കരാറിലൂടെ ഇറക്കുമതിചെയ്ത് ബി.ടി സോയാബീനും, ബി.ടി ചോളവും, ബി.ടി അരിയും മറ്റും ഭക്ഷിക്കുന്നതില്‍ എങ്ങിനെയാണ് വേവലാതിപ്പെടാതിരിക്കുക? എന്തായാലും ഗോപിമണി ഒരുകയ്യില്‍ ജൈവകൃഷിയും മറ്റേക്കയ്യില്‍ ജി.എം വിളകളും ഉയര്‍ത്തിപ്പിടിക്കുന്നു കാലത്തിന് ഏതാണ് നല്ലതെന്ന് തെളിയിക്കാന്‍.


ചൊവ്വാഴ്ച, ഡിസംബർ 08, 2009

സ്വാഭാവിക റബ്ബര്‍ എന്ന ബ്ലോഗിലെ പോസ്റ്റാണിത്.

നാട്ടറിവുകള്‍ ഗവേഷണ ശാലയിലേയ്ക്ക്

04-12-09 റബ്ബര്‍ കര്‍ഷക - ഗവേഷണ വിജ്ഞാന വ്യാപന മുഖാമുഖം
ആദ്യമായി ഇനോഗുറല്‍ സെക്ഷന്‍ ആണ്.


എന്റെ അവതരണത്തിലെ ഒരു ഭാഗം

ലാപ്‌ടോപ്പും ജി.പി.ആര്‍‌ .എസ് കണക്ഷനുമായി ചെന്ന ഒരു ചെറുകിട കര്‍ഷകന്‍ പ്രസ്തുത ഹാളില്‍ ലാപ്‌ടോപ്പ് ഉപയോഗിക്കുവാന്‍ പാടില്ല എന്നാണ് ജോയിന്റ് ഡയറക്ടര്‍ (എക്സ്‌ടെന്‍ഷന്‍) വേണുഗോപാല്‍ പറഞ്ഞത്. വേദിയുടെ സമീപത്ത് സ്ഥാപിച്ചിരുന്ന സ്പീക്കറില്‍ നിന്ന് ആഡിയോ റിക്കോര്‍ഡിംഗ്‍ിന് അപ്രകാരം എന്റെ അവസരം നഷ്ടപ്പെട്ടു. അതുകാരണം എന്റെ ലാപ്‌ടോപ്പ് ഏറ്റവും പുറകില്‍ സെറ്റ് ചെയ്യേണ്ടിവന്നു. എന്നിരുന്നാലും അവിടെ നടന്ന ചര്‍ച്ച എന്തായിരുന്നു എന്നതിന് തെളിവ് ഞാന്‍ മൊബൈലില്‍ റിക്കോര്‍ഡ് ചെയ്ത പതിനഞ്ചോളം ആഡിയോ ക്ലിപ്പുകളില്‍ ലഭ്യമാണ്.
പ്രസ്തുത സെമിനാറില്‍ പറയുന്ന നാട്ടറിവുകള്‍ ഗവേഷണശാലയിലേക്ക് കൈമാറപ്പെട്ടില്ല. മറിച്ച് പുതിയ നാനൂറ് വര്‍ഗത്തില്‍പ്പെട്ട ക്ലോണുകള്‍ , കീടനാശിനി, കുമിള്‍ നാശിനി, രാസവളം, കളനാശിനി എന്നിവയെപ്പറ്റി ഗവേഷകരുടെ വിശദീകരണമായിരുന്നു ഏറിയ പങ്കും. ചെലവു കുറഞ്ഞ ഇരുപത്തിനാലു മണിക്കൂര്‍കൊണ്ട് റബ്ബര്‍ ഷീറ്റുകള്‍ ഉണക്കിയെടുക്കുവാന്‍ കഴിയുന്ന യൂണിവേഴ്സല്‍ അഗ്രിക്കള്‍ച്ചറല്‍ ഡ്രയറിനെപ്പറ്റി ഞാന്‍ കൈമാറിയ ലേഖനം ഡോ. ഗണപതി അയ്യര്‍ പ്രസ്തുത പുകപ്പുര കണ്ടിട്ടുള്ളതാണെന്നും അത് നല്ല ഒരു ടെക്നോളജി ആണെന്നും പറയുകയുണ്ടായി. അവിടെ ഹാജരായ ശാസ്ത്രജ്ഞരില്‍ അല്പമെങ്കിലും നീതി പുലര്‍ത്തിയത് അദ്ദേഹം മാത്രമായിരുന്നു. എന്നാല്‍ ഞാന്‍ നിര്‍മ്മിച്ച പുകപ്പുരയുടെ പ്രവര്‍ത്തനം കര്‍ഷകരുടെ മുന്നില്‍ അവതരിപ്പിക്കുവാന്‍ അവസരം നല്‍കുകയാണ് ചെയ്യേണ്ടിയിരുന്നത്. പല റീജണല്‍ ഓഫീസുകളില്‍ നിന്നും വന്ന ഇന്നൊവേറ്റീവായിട്ടുള്ള കര്‍ഷകര്‍ക്ക് ശാസ്ത്രജ്ഞരുടെ നീണ്ട പ്രസംഗങ്ങള്‍ കാരണം അവതരണത്തിന് അവസരം ലഭിച്ചില്ല എന്നതും ശ്രദ്ധേയമാണ്. ഒരു വിഭാഗം ടെക്നിക്കല്‍ ഉദ്യോഗസ്ഥര്‍ കരിങ്കൊടി കുത്തി വന്നത് പ്രതിഷേധ സൂചകമായിട്ടായിരുന്നു. അവര്‍ വിതരണം ചെയ്ത ലേഖനവും എന്റെ പക്കല്‍ ഉണ്ട്.

റബ്ബര്‍ തൈകള്‍ക്ക് നല്‍കുന്ന 10:10:4:1.5 എന്ന കൂട്ടുവളപ്രയോഗം തെറ്റാണ് എന്നത് എന്റെ ഒരവതരണമായിരുന്നു. ഞാന്‍ ഉന്നയിച്ച എന്‍ (N) എന്ന രാസ വളത്തോടൊപ്പം മഗ്നീഷ്യം നല്‍കാന്‍ പാടില്ല എന്നതും മഗ്നീഷ്യം നല്‍കേണ്ടത് ക്ഷാരസ്വഭാവമുള്ള മണ്ണില്‍ അല്ലെങ്കില്‍ കുമ്മായമുപയോഗിച്ച് മണ്ണിനെ ക്ഷാര സ്വഭാവമുള്ളതാക്കി മാറ്റിയശേഷം മാത്രമേ മഗ്നീഷ്യം സര്‍ഫേറ്റ് നല്‍കാവൂ എന്നതും അതിന് ശേഷം മാത്രമേ എന്‍പികെ നല്‍കാവൂ എന്നതിനും ശരിയായ മറുപടി അല്ല ലഭിച്ചത്. യൂറിയയോടൊപ്പം മഗ്നീഷ്യം കലര്‍ത്തി വെയ്കാന്‍ പാടില്ല എന്നും കൂട്ടിക്കലര്‍ത്തി അതേ ദിവസം തന്നെ മണ്ണില്‍ അപ്ലൈ ചെയ്യണമെന്നും ആണ് നിര്‍ദ്ദേശിച്ചത്. ഇത് ഒരു തെറ്റായ നടപടി ആണ് എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. യൂറിയായുടെ അമിതമായ ഉപയോഗം കാരണം സോയില്‍ pH 4.5 അടുപ്പിച്ച് ആയാല്‍ മരത്തിന് മൂലകങ്ങള്‍ വലിച്ചെടുക്കുവാനുള്ള ശേഷി നശിക്കും എന്നതിനും ശരിയായ മറുപടി അല്ല ലഭിച്ചത്.

പട്ടമരപ്പ് ഒരു രോഗമല്ല എന്ന് ശാസ്ത്രജ്ഞരല്ല പറയുന്നത് ശാസ്ത്രജ്ഞര്‍ക്കുപകരം ശ്രീ വേണുഗോപാല്‍ ആണ് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. (അത് മുകളില്‍ കൊടുത്തിട്ടുള്ള ആഡിയോ ക്ലിപ്പില്‍ ലഭ്യമാണ്) നെക്രോസിസ് എന്നത് രോഗമാണെന്ന് സമ്മതിക്കുന്ന ശാസ്ത്രജ്ഞന്‍ പട്ടമരപ്പിന് അതൊരു ഭാഗം മാത്രമാണ് എന്നെങ്കിലും സമ്മതിച്ചു.

ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിച്ച കളനാശിനികളുടെ മൂന്നിനത്തില്‍ ശ്രദ്ധേയമായത് റൗണ്ടപ്പ് തന്നെയായിരുന്നു. ഞാന്‍ ജൈവകൃഷി അവലംബിക്കുകയും കളകളെ നിയന്ത്രിക്കുവാന്‍ പശുക്കളെത്തീറ്റുകയും ചെയ്യുന്നു എന്നത് നാട്ടറിവായി അംഗീകരിക്കാന്‍ പോലും ശാസ്ത്രജ്ഞര്‍ തയ്യാറല്ല. പ്രസ്തുത കളനാശിനി പാരിസ്ഥിതിക പ്രശ്നത്തിന് കാരണമാകുമെന്നും മനുഷ്യന്റെ ആരോഗ്യത്തെ അത് ബാധിക്കും എന്ന് പറഞ്ഞത് അംഗീകരിക്കാന്‍ പോലും തയ്യാറായില്ല. ഞാന്‍ ചോദിച്ച ഒരു കാര്യം റൗണ്ടപ്പ് മണ്ണിരകളെ എങ്ങിനെ ബാധിക്കും എന്നതാണ്. അതിനുള്ള മറുപടി ഒരുമാസം എണ്ണിരകളെ അത് ബാധിക്കും അതിന് ശേഷം പുനര്‍ജ്ജനിക്കും എന്നാണ്. (ശ്രീ യേശുനാഥനെ സ്മരിക്കാതിരിക്കാന്‍ കഴിയില്ല).

ബാര്‍ക്ക് ഐലന്റ് എന്നത് വെട്ടിത്തുടങ്ങിയ ഭാഗത്തിന് മുകളില്‍ മാത്രമല്ല ചുറ്റിലും ഉണ്ടാവുന്നു എന്നതും, ലാറ്റെക്സിന്റെ ഫ്ലോ ഏത് ദിശയിലേക്കാണ് എന്നതും നേരിട്ട് എന്നോട് സംസാരിക്കാം എന്ന മറുപടിയാണ് ലഭിച്ചത്. ഡ്രയിനേജ് ഏരിയ രണ്ടടി താഴേക്കും ഒരടി മുകളിലേക്കും ആണെന്ന വിശദീകരണം ശരിയാണോ എന്ന് പുതു തലമുറയിലെ ശാസ്ത്രജ്ഞര്‍ ചിന്തിക്കട്ടെ. എന്റെ അഭിപ്രായത്തില്‍ ഫ്ലോയം താഴേക്കും പാല്‍ക്കുഴലുകള്‍ മുകളിലേക്കും ആണ് ഒഴുകുന്നത് എന്നാണ്. വെട്ടുപട്ടയില്‍ എഥിഫോണ്‍ പുട്ടിയാല്‍ കീഴ്പോട്ടുള്ള ഭാഗത്തുമാത്രമേ കറയുടെ കട്ടി കുറയുകയുള്ളു. മുകള്‍ ഭാഗത്തെ കറയുടെ കട്ടി കുറയുകയില്ല.

എന്റെ ചില സംശയങ്ങള്‍ - ചുറ്റിലും കാണപ്പെടുന്ന ബാര്‍ക്ക് ഐലന്റും പാലൊഴുക്കിന്റെ ദിശയും. അതിന് മറുപടി തരാന്‍ സമയം ഇല്ല എന്ന വിശദീകരണം കേള്‍ക്കാം.


എഥിഫോണ്‍ ഉപയോഗിച്ച് ടാപ്പിംഗ് ദിനങ്ങളുടെ എണ്ണം കുറക്കാം വിളവൊട്ടും കുറയാതെ എന്ന വിഭാഗത്തില്‍പ്പെടുന്ന ഒരു യുവ കര്‍ഷകന്‍ തന്റെ രണ്ടു വര്‍ഷത്തെ നേട്ടം അവതരിപ്പിക്കുകയുണ്ടായി. പട്ടമരപ്പ് ദൃശ്യമായ മരങ്ങളുടെ എണ്ണവും പ്രസ്തുത കര്‍ഷകന്‍ വെളിപ്പെടുത്തുകയുണ്ടായി. എന്റെ വിസിറ്റിംഗ് കാര്‍ഡ് അയാള്‍ക്ക് കൈമാറിയിട്ടുണ്ട് എന്തിനെന്നാല്‍ രണ്ടു വര്‍ഷത്തിനുശേഷം എന്നെ ബന്ധപ്പെടുവാന്‍. ആ വ്യക്തി എന്നെ നേരിട്ട് ബന്ധപ്പെടുകയുണ്ടായി. അയാളോട് ഞാന്‍ പറഞ്ഞത് എത്തിഫോണ്‍ ഉപയോഗിച്ചാല്‍ ഉല്പാദന വര്‍ദ്ധനയുണ്ടാകും എന്നാല്‍ പല്‍ക്കുഴലുകള്‍ക്കുള്ളിലെ പ്രവര്‍ത്തനം പട്ടമരപ്പിന് കാരണമാകും. മുന്നൂറ്റി മുപ്പത്തിനാല് മരങ്ങളില്‍ അറുപത്തിയഞ്ചെണ്ണത്തിന് ഇപ്രകാരം പട്ടമരപ്പ് വന്ന അനുഭവം എനിക്കുണ്ട് എന്നാണ്. ആ നിമിഷം തന്നെ അയാളുടെ മുഖഭാവം ശ്രദ്ധിക്കേണ്ടതു തന്നെ ആയിരുന്നു.

ചോദിക്കുവാന്‍ അവസരം ലഭിക്കാത്തതിനാല്‍ ഞാന്‍ എഴുതി നല്‍കിയ ഒരു ചോദ്യമുണ്ടായിരുന്നു. ജനിതകമാറ്റം വരുത്തിയ റബ്ബര്‍കൃഷിയുടെ പരീക്ഷണ നിരീക്ഷണങ്ങളെക്കുറിച്ചായിരുന്നു. മറ്റെല്ലാ ചോദ്യങ്ങള്‍ക്കും മറുപടി ലഭിച്ചിട്ടും അതിന് മാത്രം മറുപടി ലഭിക്കാതായപ്പോള്‍ മറുപടി ആവശ്യപ്പെട്ടുകൊണ്ട് ഒരിക്കല്‍ക്കൂടി കത്ത് നല്‍കി. അതിന്റെ ഫലമായി തുണ്ട് ജോയിന്റ് ആര്‍പിസി വേണുഗോപാലിന്റെ കൈകളിലെത്തുകയും പ്രസ്തുത കുറിപ്പ് ദേഷ്യത്തില്‍ കമഴ്ത്തി മേശമേല്‍ വെയ്ക്കുകയുമാണുണ്ടായത്. റബ്ബര്‍ ബോര്‍ഡ് പരീക്ഷിക്കുന്ന ജനിതകമാറ്റം വരുത്തിയ വിള പരീക്ഷണം റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍ ആക്ട് പ്രകാരം പത്തുരൂപയുടെ പോസ്റ്റല്‍ ഓര്‍ഡര്‍ സഹിതം അപേക്ഷിച്ചാലേ ലഭിക്കുകയുള്ളോ? ടാപ്പ് ചെയ്യുമ്പോള്‍ ടാപ്പര്‍ക്ക് അലര്‍ജി അനുഭവപ്പെടുന്നെങ്കില്‍ ആ പാവം ടാപ്പര്‍ അറിയേണ്ടതല്ലെ ഈ വിള ജനിതകമാറ്റം വരുത്തിയതാണ് എന്ന്.

ചുരുക്കിപ്പറഞ്ഞാല്‍ റബ്ബര്‍ കൃഷിയിലെ പാളിച്ചകള്‍ തിരുത്തുവാന്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എന്‍ജിഓകള്‍ ഇടപെടണം. ഇല്ലെങ്കില്‍ ഭാവിയില്‍ നമ്മുടെ കൃഷിയിടങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞെന്ന് വരില്ല.

തിങ്കളാഴ്‌ച, നവംബർ 09, 2009

ജനിതകമാറ്റം പ്രതീക്ഷയല്ല മറിച്ച് അപകടം പതിയിരിക്കുന്ന ഒന്നാണ്.

1.ഹരിതവിപ്ലവത്തിന് അടിസ്ഥാനം അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങളായിരുന്നുവല്ലോ.

അല്ല മാഡം. മണ്ണിലെ ജൈവ സമ്പത്ത് ഊറ്റിയെടുത്ത് ഉദ്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ രാസവളങ്ങളും കീട നാശിനികളും ഉപയോഗിച്ചതിനാലാണ് ഹരിത വിപ്ലവം എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നത്. അതിന്റെ ദോഷ ഫലങ്ങള്‍ മനസ്സിലാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നു.

2. അന്നുവരെ നിലവിലുണ്ടായിരുന്ന പരമ്പരാഗത ഇനങ്ങളിലെ അഭികാമ്യമായ ഗുണങ്ങള്‍ ഏകോപിപ്പിച്ച് ബ്രീഡിങ് എന്ന ശാസ്ത്രസങ്കേതത്തിലൂടെയാണ് അത്യുത്പാദനശേഷിയുള്ള ഇനങ്ങള്‍ വികസിപ്പിച്ചെടുത്തിരുന്നത്. ഈ രീതി ഏറെസമയം എടുത്തുകൊണ്ടുള്ളതായിരുന്നു. കൂടാതെ, ഏകീകരണം പലപ്പോഴും ദുഷ്‌കരവും വിജയസാധ്യത തുലോം കുറവുമായിരുന്നു. എന്നിരിക്കലും ഒരു കാലഘട്ടത്തിന്റെ സാമൂഹികവെല്ലുവിളികള്‍ നേരിടുന്നതില്‍ സുപ്രധാന പങ്കുവഹിച്ചത് ഈ ശാസ്ത്രസങ്കേതമായിരുന്നു.

1955 അടുപ്പിച്ച് ജാപ്പനീസ് കൂട്ടുകൃഷി സമ്പ്രദായവും ജൈവകൃഷിയും പ്രയോജനപ്പെടുത്തി വിളയിച്ചെടുത്ത നെല്ല് പിന്നീട് വന്ന ഹരിതവിപ്ലവത്തിന് സമ്മാനിക്കാന്‍ കഴിഞ്ഞില്ല. ആ കാലഘട്ടത്തില്‍ കൃഷിചെയ്തിരുന്ന വാങ്ക് എന്ന നെല്‍വിത്ത് ഉയരം കൂടിയതായതിനാല്‍ സൂര്യപ്രകാശം ലഭിക്കാതെ കളകള്‍ നശിക്കുമായിരുന്നു. പ്രസ്തുത നെല്ല് ഓഫ് സീസണില്‍ പൊരിയുണ്ടാക്കുവാന്‍ മൂന്നിരട്ടി വിലയ്ക്ക് വില്കാന്‍ കഴിയുമായിരുന്ന. ഇന്ന് കൃഷിഭവനുകളിലൂടെ ലഭിക്കുന്ന നെല്‍ വിത്തുകള്‍ ജനിതകമാറ്റ സ്വഭാവമാണ് കാണുവാന്‍ കഴിയുന്നത്. റൌണ്ടപ് പോലുള്ള മാരക വിഷം കളനാശിനിയായി ഉപയോഗിക്കുവാന്‍ കര്‍ഷകര്‍ നിര്‍ബന്ധികരാവുന്നു. അത്തരം വിത്തുകള്‍ ഒരുപ്പൂ മാത്രമേ കൃഷിചെയ്യാന്‍ സാധിക്കൂ. രണ്ടാമത് നട്ടാല്‍ മോശമായ വിളവാണ് ലഭിക്കുക. ഇവയാണ് ജീവജാലങ്ങള്‍ക്കും, പക്ഷി മൃഗാദികള്‍ക്കും, മനുഷ്യനും രോഗങ്ങള്‍ സമ്മാനിച്ചത്.

3. ജൈവ സാങ്കേതിക വിദ്യയുടെ വികാസത്തിലൂടെ ഓരോ സ്വഭാവത്തിന്റെയും മൂലകാരണക്കാരായ ജീനുകളെ തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ട്. അഭികാമ്യമായ സ്വഭാവത്തിനു കാരണമായ ജീനുകളെ വേര്‍തിരിച്ചെടുക്കുകയും അത് അനുരൂപമായ മറ്റു സ്വഭാവഗുണമുള്ള ചെടികളില്‍ സന്നിവേശിപ്പിക്കുകയും ചെയ്യുകയാണ് ജനിതക സാങ്കേതിക വിദ്യയിലെ പ്രധാനപ്പെട്ട കാര്യം.

ജീനുകള്‍ വേര്‍തിരിച്ചെടുത്ത് വിത്തുകളിലല്ല പ്രയോജനപ്പെടുത്തേണ്ടത് മറിച്ച് മണ്ണിന്റെ ജൈവ സമ്പുഷ്ടി വര്‍ദ്ധിപ്പിക്കുന്നതിനും മണ്ണിലെ ന്യൂട്രിയന്റ്സിന്റെ സന്തുലിതാവസ്ഥ പരിപാലിക്കുന്നതിനുമാണ് പ്രയോജനപ്പെടുത്തേണ്ടത്.

4. ഉദാഹരണത്തിന്, നിലവില്‍ നല്ല വിളവുതരുന്ന ഒരിനം വരള്‍ച്ചാ പ്രതിരോധം തീരെ കുറഞ്ഞതാവാം. അങ്ങനെ വരുമ്പോള്‍ വരള്‍ച്ചയെ പ്രതിരോധിക്കുന്ന ജീനുകള്‍ കണ്ടെത്തി അവയെ ഈ ഇനത്തിലേക്ക് സന്നിവേശിപ്പിച്ച് രണ്ടുഗുണങ്ങളും ഒത്തിണങ്ങിയ ഒരിനം വികസിപ്പിച്ചെടുക്കാം. ഇപ്രകാരം വികസിപ്പിച്ചെടുക്കുന്ന ഇനങ്ങളാണ് ജനിതകമാറ്റം വരുത്തിയവയായി അറിയപ്പെടുന്നത്. ഇങ്ങനെ ജനിതകമാറ്റം വരുത്തിയ പരുത്തി, സോയാബീന്‍, ബീറ്റ്‌റൂട്ട്, തക്കാളി, വഴുതന, വെണ്ട എന്നിങ്ങനെ ഒട്ടനവധി കാര്‍ഷിക ഉത്പന്നങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൂടാതെ മൃഗങ്ങളും മത്സ്യങ്ങളും ‘ഹ്യൂമന്‍ ജിനോം പദ്ധതി’യെപ്പറ്റി നാം പത്രമാധ്യമങ്ങളിലൂടെ അറിയുകയും ചെയ്യുന്നുണ്ട്.

അപ്പോള്‍ ആദ്യം വേണ്ടത് നാം കൃഷി ചെയ്യുന്ന കൃഷിയിടങ്ങളിലല്ല മറിച്ച് സഹാറ, ഡക്കാണ്‍ പീഠഭൂമി, അരിസോണ തുടങ്ങിയ കൃഷി ചെയ്യാന്‍ കഴിയാത്ത സ്ഥലങ്ങളിലാണ് പരീക്ഷണങ്ങള്‍ നടത്തേണ്ടത്. പരുത്തിക്കുരു ആട്ടിയെടുക്കുന്ന പിണ്ണാക്കുപോലും മൃഗങ്ങള്‍ക്ക് ഹാനികരമാണ്. ബിടി സോയാബീനും, പരുത്തിയും നല്‍കുന്ന എണ്ണകള്‍ കഴിക്കുന്ന മനുഷ്യര്‍ മരിച്ചുകഴിഞ്ഞാല്‍ പോസ്റ്റുമാര്‍ട്ടം നടത്തി ഹൃദയത്തില്‍ സുഷിരങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്.

5. സസ്യങ്ങളില്‍ നിന്ന് സസ്യങ്ങളിലേക്കു മാത്രമല്ല, മറ്റുജീവജാലങ്ങളില്‍ നിന്നും ഈ മാറ്റംസാധ്യമാണ്. ഏറെ പ്രശസ്തമായ ഏറ പരുത്തി ഉദാഹരണം. ‘ബാസില്ലസ് തുറിഞ്ചെന്‍സിസ്’ എന്ന ബാക്ടീരിയ സ്വാഭാവികമായി പ്രകൃതിയില്‍ കാണപ്പെടുന്നു. ഇവ ഒരുതരം ക്രിസ്റ്റല്‍ പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കുന്നു. ഇവയ്ക്ക് ചിലയിനം പുഴുക്കളെ കൊന്നൊടുക്കുവാനുള്ള കഴിവുണ്ട്. ഈ ജീനുകള്‍ വേര്‍തിരിച്ചെടുത്ത് പരുത്തിച്ചെടിയില്‍ സന്നിവേശിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ഇനം, പരുത്തിയുടെ ഏറ്റവും പ്രധാന ശത്രുകീടമായ ബാള്‍വേമിനെതിരെ പ്രതിരോധശക്തി കൈവരിച്ചവയാകുന്നു. ഇതുപോലെ ഒട്ടനവധി കാര്‍ഷിക, ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്താനാവുന്ന മേഖലയാണ് ജൈവസാങ്കേതിക വിദ്യ.

വളരെ നല്ല കാര്യമാണ്. പരീക്ഷണം മനുഷ്യരില്‍ ആയാല്‍ മനുഷ്യനെ കടിക്കുന്ന കൊതുകുകളെ കൊന്നൊടുക്കാം. ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരവും ആകാം.

6. 1996-ല്‍ കേവലം 43 ലക്ഷം ഹെക്ടറില്‍ മാത്രമുണ്ടായിരുന്ന ജനിതകവിളകളുടെ കൃഷി 2000-ത്തോടെ 25 ഇരട്ടിയാണ് വര്‍ധിച്ചത്. 10.9 കോടി ഹെക്ടര്‍. ഇതില്‍ 9.9 കോടി ഹെക്ടറും അമേരിക്ക, അര്‍ജന്റീന എന്നീ രണ്ടു രാജ്യങ്ങളിലായായിരുന്നു. അമേരിക്കയിലെ സോയാബീന്‍ കൃഷിയുടെ 54 ശതമാനവും പരുത്തിക്കൃഷിയുടെ 61 ശതമാനവും ചോളക്കൃഷിയുടെ 25 ശതമാനവും ജനിതകമാറ്റം വരുത്തിയ ഇനങ്ങളാണ്. അര്‍ജന്റീന, കാനഡ, ചൈന എന്നിവിടങ്ങളില്‍ 23, 7, 1 ശതമാനം വീതവും. ഓസ്‌ട്രേലിയ, ബള്‍ഗേറിയ, ഫ്രാന്‍സ്, ജര്‍മനി, മെക്‌സിക്കോ, റുമേനിയ, സൗത്ത് ആഫ്രിക്ക, സ്‌പെയിന്‍, ഉറുഗ്വേ എന്നിവയായിരുന്നു മറ്റുള്ളവര്‍.

അമേരിക്കയില്‍ 90 ശതമാനമാണ് ബിടി സോയാബിന്‍ കൃഷിചെയ്യുന്നത്. ആ കണക്ക് നെറ്റില്‍ തെരഞ്ഞാല്‍ ലഭിക്കും. അവര്‍ക്കത് ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ ഭക്ഷ്യഎണ്ണക്ക് പകരമായി ഉപയോഗിക്കുവാന്‍ വേണ്ടി കയറ്റുമതി ചെയ്യുവാനാണ്. ഇവക്ക് ലേബലിംഗും ഇറക്കുമതി നിരോധനവും ബാധകമല്ല.

7. 2006-ല്‍, 22 രാജ്യങ്ങളിലായി 25.2 കോടി ഹെക്ടര്‍ വിസ്തൃതിയില്‍ 1.03 കോടി കര്‍ഷകര്‍ ജനിതകമാറ്റം വരുത്തിയ വിളകള്‍ കൃഷിചെയ്യുന്നു. ഇതില്‍ പകുതിയിലേറെയും അമേരിക്കയില്‍ത്തന്നെ (53 ശതമാനം). അര്‍ജന്റീന (17 ശതമാനം), ബ്രസീല്‍ (11 ശതമാനം ), കാനഡ (6 ശതമാനം) എന്നിവയാണ് മറ്റു പ്രധാന ഉത്പാദകര്‍.

ഇത് പഴയ കണക്കുകളാണ്. ഇന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാര്യ സര്‍ക്കാര്‍ താമസസൌകര്യമുള്ള വീട്ടിന്റെ മുറ്റത്ത് ജൈവകൃഷിചെയ്ത് തന്റെ കുട്ടികളുടെ ആരോഗ്യ പിപാലനത്തിനായി മാതൃക കാട്ടുന്നു.

8. അമേരിക്കയിലാണ് ഈവിളകളുടെ ഏറ്റവും കൂടുതല്‍ ഉത്പാദനവും കയറ്റുമതിയും. ജനിതകമാറ്റം വരുത്തിയ ഭക്ഷ്യോത്പന്നങ്ങളില്‍ അക്കാര്യം വ്യക്തമാക്കുന്ന ലേബല്‍ പതിച്ചുമാത്രമേ വില്‍ക്കാവൂ എന്ന നിബന്ധനയോടെയാണ് വികസിത രാജ്യങ്ങളില്‍ ഇവ കമ്പോളത്തിലെത്തിക്കാന്‍ അനുമതി നല്‍കുന്നത്. എന്നാല്‍, ജപ്പാനടക്കം പലയിടത്തും ഉപഭോക്താക്കള്‍ സംശയത്തോടെ മാത്രമാണ് ഇവയെ സ്വീകരിക്കുന്നത്.

ഇത് തെറ്റാണ്. അമേരിക്കന്‍ ജനത പോലും ബിടി ഉല്‍പന്നങ്ങളില്‍ ലേബലിംഗ് ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ബിടി സോയാബീന്‍ എണ്ണയില്‍ ലേബലിംഗ് ഉണ്ടാവില്ല.

9. ലോകം ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പുനല്‍കുന്നു. വികസ്വര, അവികസിത രാജ്യങ്ങളിലാണ് ഈപ്രശ്‌നം സങ്കീര്‍ണമാവുക. അതിവേഗംവളരുന്ന ജനസംഖ്യയ്‌ക്കൊപ്പം ഭക്ഷ്യോത്പാദനം വികസിപ്പിക്കാനാവാത്ത സാഹചര്യമാണ് ഇന്നുള്ളത്. കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി പ്രശ്‌നങ്ങള്‍, ഉത്പാദനക്ഷമതയിലുണ്ടായിട്ടുള്ള കുറവ്, ജൈവ ഇന്ധന ഉത്പാദനം എന്നിങ്ങനെ ഒട്ടനവധി പ്രശ്‌നങ്ങള്‍ ഈ ലക്ഷ്യപ്രാപ്തി ദുഷ്‌കരമാക്കുന്നു.

ഒന്നാം ഹരിതവിപ്ലവത്തിന്റെ അനന്തര ഫലമായി നാം വരുത്തിവെച്ച വിനയാണിത്. മണ്ണിലെ മണ്ണിരകളെ കൊന്നൊടുക്കുന്നതില്‍ നാം വിജയിച്ചു. അതിനാലാണ് മേല്പറഞ്ഞ ദുരന്തങ്ങള്‍ നേരിടേണ്ടി വരുന്നത്. പരിഹാരം കന്നുകാലി വളര്‍ത്തലും, ചെടികളും മരങ്ങളും നട്ട് ഹരിതമയമാക്കി പരിഹാരം കണ്ടെത്തുകയും, പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്ന വ്യവസായ ശാലകളില്‍ നിന്ന് ഉണ്ടാകുന്ന മലിനീകരണം ഒഴിവാക്കുകയുമാണ് വേണ്ടത്.

10. ഈ ഭക്ഷ്യപ്രശ്‌നത്തിന് കാലികമായി ഏറ്റവും സ്വീകാര്യമായ സാങ്കേതികവിദ്യയാണ് ജൈവസാങ്കേതികവിദ്യ എന്നാണ് ശാസ്ത്ര ലോകത്തെ ഒരു വാദം. രോഗ, കീട, കള ശല്യങ്ങള്‍ മൂലം കാര്‍ഷികോത്പാദനത്തിലെ നഷ്ടം 40 ശതമാനമാണ്. വിളവെടുപ്പിനുശേഷമുള്ള നഷ്ടം വേറെയും. ജനിതക സാങ്കേതിക വിദ്യയിലൂടെ കീടരോഗ, കളശല്യങ്ങളെ ഫലപ്രദമായി നേരിടാന്‍ ശേഷിയുള്ള ഭക്ഷ്യയിനങ്ങള്‍ വികസിപ്പിച്ചെടുക്കുക വഴി ഉത്പാദന നഷ്ടം കുറയ്ക്കാം.

അതിശയം തന്നെ. കളശല്യം ഒഴിവാക്കുവാന്‍ റൌണ്ടപ് കൂടിയേ തീരൂ. കാരണം ബിറ്റി വിളകള്‍ക്കൊപ്പം വളരുന്ന കളകള്‍ക്കും അതേ സ്വഭാവമാണ് എന്നതുതന്നെ. ചെറിയ കീടങ്ങളെ ഫലപ്രദമായി നേരിടുന്നതുപോലെ വലിയ കീടമായ മനുഷ്യനെയും ഇഞ്ചിഞ്ചായി നേരിടുകതന്നെ ചെയ്യും. പാറ്റന്റിന്റെ പിന്‍ബലത്തില്‍ മരുന്നുകമ്പനികളെ വളര്‍ത്തുകയാണ് ഇവരുടെ മറ്റൊരു ലക്ഷ്യം.

11. ആഗോള രംഗത്ത് കാര്‍ഷികമേഖലയിലെ പ്രധാന പ്രശ്‌നമാണ് കളശല്യം. അതുകൊണ്ടുതന്നെ സസ്യസംരക്ഷണ രാസവസ്തുക്കളില്‍ ഏറ്റവുമധികം കളനാശിനികളാണ് ആഗോള തലത്തില്‍. ഇന്ത്യയില്‍ ഈസ്ഥാനം കീടനാശിനികള്‍ക്കാണെങ്കില്‍ കേരളത്തില്‍ കുമിള്‍നാശിനികള്‍ക്കാണ്. കളനാശിനിപ്രയോഗം അത്യന്തം ശ്രദ്ധയാവശ്യമായ സാങ്കേതികവിദ്യയാണ്. വിളകള്‍കൂടി നശിച്ചുപോകാനുള്ള സാധ്യത ഇക്കാര്യത്തില്‍ ഏറെയുമുണ്ട്. അതുകൊണ്ട്, കളനാശിനികള്‍ക്കെതിരെ പ്രതിരോധശക്തിയുള്ള വിളകള്‍ വികസിപ്പിച്ചെടുക്കാനായി ജൈവ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട് ഇപ്പോള്‍. ഇതുവഴി കളനിയന്ത്രണം പൂര്‍ണമായും കളനാശിനി പ്രയോഗംമൂലമാക്കി ഉത്പാദനവര്‍ധന ഉറപ്പാക്കാം എന്നതാണ് ലക്ഷ്യം. ആഗോള ഭക്ഷ്യസുരക്ഷാശ്രമങ്ങള്‍ക്ക് സഹായകമാവും ഈ ഇടപെടലുകള്‍ എന്ന് പ്രതീക്ഷിക്കുന്നു. ഇപ്രകാരം കളനാശിനി പ്രതിരോധം സൃഷ്ടിച്ച ഇനങ്ങള്‍ സോയാബീന്‍, ചോളം, പരുത്തി, കനോള എന്നീ വിളകളിലുണ്ടത്രെ.

കളനാശിനി പ്രയോഗം അത്യന്തം ശ്രദ്ധയാവശ്യമായ എന്ന് ലേഖികതന്നെ പറയുന്നു. കേരളത്തില്‍ കുമിള്‍ നാശിനി ഉപയോഗം ഇന്നും തുടരുന്ന രാസവളപ്രയോഗം കാരണമാണ്. ജൈവ കീട കുമിള്‍ നാശിനികളെപ്പറ്റി ലേഖികക്കറിയില്ലെന്നുണ്ടോ?

12. മറ്റൊന്ന്, കാലാവസ്ഥാ മാറ്റംമൂലമുണ്ടാകുന്ന അതിവൃഷ്ടിയും അനാവൃഷ്ടിയും നേരിടാന്‍ കെല്പുള്ള വിളകളുടെ സാധ്യതയാണ്. വരള്‍ച്ചയും വെള്ളപ്പൊക്കവും മാത്രമല്ല, ഓരുവെള്ളം, മഞ്ഞ് എന്നിങ്ങനെ കാര്‍ഷിക ഉത്പാദനരംഗത്ത് വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പ്രകൃതി പ്രതിഭാസങ്ങളെ നേരിട്ട് ഉയര്‍ന്ന ഉത്പാദനം നല്‍കുന്ന വിളകളും ഭാവിയുടെ സാധ്യതകളാണ്.

ഓരുവെള്ളം മാറ്റിയെടുക്കുവാന്‍ കുമ്മായത്തിന് കഴിയും. മഞ്ഞ് പല വിളകളുടെയും വിളവ് വര്‍ദ്ധിക്കുവാന്‍ കാരണമാണ്. തെങ്ങിന്റെ മണ്ഡരിക്ക് കൊടും തണുപ്പും മഞ്ഞും ഉണ്ടെങ്കില്‍ അവ നശിക്കും. ബിടി വിളകള്‍ പ്രകൃതി പ്രതിഭാസങ്ങള്‍ക്ക് കാരണമാകും എന്ന് നിസ്സംശയം പറയാം.

13. നമ്മുടെ പൊക്കാളി ഇനങ്ങള്‍, സുഗന്ധ നെല്ലിനങ്ങള്‍, ഔഷധ നെല്ലിനങ്ങള്‍ എന്നിവയെല്ലാം ജൈവസാങ്കേതിക വിദ്യയുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്താനാവുന്ന പരമ്പരാഗത സമ്പത്താണ്. ജനിതകമാറ്റത്തിലൂടെ, വിറ്റാമിനുകളും മറ്റു പോഷകങ്ങളും ഉത്പാദിപ്പിക്കുന്ന ജീനുകള്‍ ഉപയോഗപ്പെടുത്തി സന്തുലിതപോഷണം ഉറപ്പാക്കുന്ന നെല്ലിനങ്ങള്‍ വികസിപ്പിച്ചെടുത്ത് ഈപ്രശ്‌നത്തിന് പരിഹാരം കാണാമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. ഈ ദിശയിലുള്ള ആദ്യത്തെ കാല്‍വെപ്പാണ് സുവര്‍ണ നെല്ല്.

ഇന്ന് കര്‍ഷകര്‍ കൃഷിചെയ്യുകയും വിത്തകള്‍ സ്വയം സൂക്ഷിക്കുകയും ചെയ്യുന്നത് അവസാനിപ്പിച്ച് അവ മാഹികോയില്‍ നിന്നോ മൌണ്‍സാന്റോയില്‍ നിന്നോ വാങ്ങണം എന്നാണോ? വിറ്റാമിനുകളും പോഷകങ്ങളും മണ്ണില്‍ ലഭ്യമാക്കിയാല്‍ അത് വിളവിലൂടെയും ലഭിക്കും. മണ്ണിലെ മണ്ണിരകള്‍ക്ക് നല്‍കുവാന്‍ കഴിയുന്നത് ബിടി വിളകള്‍ക്ക് കഴിയില്ല. ബിടി വിളകള്‍ ശേഷിക്കുന്ന മണ്ണിരകളെയും കൊന്നൊടുക്കും. അപ്പോള്‍ സുവര്‍ണ നെല്ലും വിഷമാണ് അല്ലെ?

14. വിറ്റാമിന്‍ എ.യുടെ സ്രോതസ്സായ ബി.കരോട്ടിന്‍ അടങ്ങിയിട്ടുള്ള ഈ അരി ഭക്ഷണമാക്കുന്നതിലൂടെ വിറ്റാമിന്‍ എ.യുടെ കുറവുമൂലമുള്ള അന്ധത ലോകത്തില്‍ നിന്ന് തുടച്ചുമാറ്റാനാവും. ഇതിലൂടെ അവികസിത, വികസ്വര രാഷ്ട്രങ്ങളിലെ ഒരുസുപ്രധാന ആരോഗ്യപ്രശ്‌നത്തിന് പരിഹാരമാവും. ഇപ്രകാരം ക്രമേണ, ഇരുമ്പ്, പ്രോട്ടീന്‍ അപര്യാപ്തത മുതലായവയ്ക്ക് ശാശ്വതപരിഹാരം കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നു.

കണ്ണിന് കാഴ്ചശക്തി മെച്ചപ്പെടുത്തുവാനുള്ള ചെറുപ്പുള്ളടിപോലുള്ള പച്ചിലകള്‍ ധാരാളമുണ്ട്. നമ്മുടെ ആയുര്‍വ്വേദത്തിന്റെ പ്രസക്തി നമുക്കിതിലൂടെ കാണാം. മഗ്നീഷ്യം എന്ന ലോഹമൂലകത്തിന്റെ കുറവുകൊണ്ടുണ്ടാകുന്ന ഹൃദ്രോഗവും ഡയബറ്റീസും തടയാന്‍ നാം മണ്ണില്‍ ഡൊളാമൈറ്റ് നല്‍കിയാല്‍ മതി. കുമ്മായത്തിനും ക്യാല്‍സ്യവും മഗ്നീഷ്യവും നല്‍കുവാനുള്ള ചെറിയ കഴിവ് ഉണ്ട്. ഇനി രോഗങ്ങള്‍ സമ്മാനിക്കുന്ന ബിടി വിളകള്‍ രോഗ ചികിത്സക്ക് പ്രയോജനപ്പെടുത്താം എന്ന് കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ പറയുകതന്നെ ചെയ്യും.
കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ഡോ. പി. ഇന്ദിരാദേവിയുടെ ലേഖനത്തിന് ഒരു കര്‍ഷകന്റെ മറുപടിയാണിത്.

ഇതാണ് നമ്മുടെ ലോകം

(വയനാട്ടില്‍ ‘അന്തക” വിത്തുകള്‍ വയലുകള്‍ കീഴടക്കുന്നു)


ശനിയാഴ്‌ച, ഒക്‌ടോബർ 03, 2009

ഒക്ടോബര്‍ രണ്ടിലെ മനുഷ്യച്ചങ്ങല എന്തിനുവേണ്ടിയായിരുന്നു?

ആസിയാന്‍ കരാറാണ് വിഷയമെങ്കില്‍ അത് കരാറൊപ്പിട്ടതിന് ശേഷം ആരംഭിക്കുന്ന വിഷയമാണ്. എന്നാല്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കൃഷിയെ രക്ഷപ്പെടുത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്ന പല പാക്കേജുകളും പദ്ധതികളും ഉണ്ട്. ഏത് പദ്ധതിയിലും ബാങ്ക് വായ്പ ഒരു പ്രധാന വിഷയമായിരിക്കും. വായ്പയെടുത്ത് കൃഷിചെയ്യുന്ന കര്‍ഷകന് കിട്ടുന്ന ലാഭം പോയിട്ട് തിരിച്ചടക്കുവാന്‍ മറ്റ് മാര്‍ഗങ്ങളിലൂടെ പണം കണ്ടെത്തേണ്ട ചുറ്റുപാടാണ് നിലവിലുള്ളത്. കുറെ കര്‍ഷകര്‍ ആത്മഹത്യ ചെയ്ത് കഴിയുമ്പോള്‍ കേന്ദ്ര ബഡ്ജറ്റില്‍ വായ്പ എഴുതിത്തള്ളാനായി കുറെ കോടികള്‍ നീക്കിവെയ്ക്കും. ഫലമോ കൃത്യമായി കെട്ടുതാലി വിറ്റും തിരിച്ചടച്ച കര്‍ഷകന്‍ മഠയന്‍. എഴുതിത്തള്ളുന്ന തുക ഒരു തേയ്‌മാനവും ഇല്ലാതെ ബാങ്കുകളില്‍ എത്തിച്ചേരും. ബാങ്കുകളാണല്ലോ സാമ്പ്യത്തിക മാന്യത്തില്‍ നിന്ന് നാടിനെ രക്ഷിക്കുന്നത്. ആയിരം രൂപ ചെലവാക്കി കൃഷിചെയ്യുന്ന കര്‍ഷകന് വിളവെടുക്കുമ്പോള്‍ അഞ്ഞൂറ് രൂപയുടെ വിളവ് ലഭിച്ചാല്‍ ആ കര്‍ഷകന്റെ ഗതിയെന്താവും? അത് തന്നെയാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

സര്‍ക്കരുദ്യോഗസ്ഥരുടെ ശമ്പളം കൂടിയാല്‍ ആര്‍ക്കും പരാതിയില്ല. അതിന് പ്രധാന കാരണം ഒരു കര്‍ഷകന്റെ ഏതെങ്കിലും ഒരു ബന്ധുവോ സുഹൃത്തോ സര്‍ക്കാരുദ്യോഗസ്ഥനായുണ്ടാവും. മൊനം പാലിക്കുകയാവും ആ കര്‍ഷകന് ഉചിതം. 1983 ല്‍ ഒരു രണ്ടാം ഗ്രേഡ് യൂണിവേഴ്സിറ്റി അസിസ്റ്റന്‍ഡിന് ഉണ്ടായിരുന്ന ശമ്പളം (initial basic pay of Rs. 675 carrying a DA of Rs. 112 with a total of Rs. 797 (excluding other allowances such as HRA, CCA which vary from place to place) 2008 ആയപ്പോഴേക്കും 13.8 ഇരട്ടിയായി ( initial starting basic pay for the same post is Rs. 7990 carrying a DA of Rs. 3036 with a total of Rs. 11,026 during 2008) വര്‍ദ്ധിക്കുകയും അതിന് ആനുപാതികമായി പുരുഷ തൊഴിലാളിയുടെ വേതനം 20 രൂപയില്‍ നിന്ന് 350 രൂപായായി ഉയരുകയും ചെയ്തു. എന്നുവെച്ചാല്‍ തൊഴിലാളികള്‍ക്ക് ഒരു നഷ്ടവും സംഭവിച്ചില്ല എന്നര്‍ത്ഥം. പക്ഷെ കാര്‍ഷികമേഖലയിലുണ്ടായ നഷ്ടം ആ മേഖലയിലെ തൊഴിലവസരങ്ങള്‍ നഷ്ടമാക്കി. തരിശ് ഭൂമിയുടെ വിസ്തൃതി നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയും ചെയ്തു. തൊഴിലാളികള്‍ കാര്‍ഷികമേഖല ഉപേക്ഷിച്ച് നിര്‍മ്മാണമേഖലയില്‍ ചേക്കേറി. മറ്റ് വരുമാന സ്രോതസുകളുള്ള കര്‍ഷകര്‍ക്ക് അതൊരു പ്രശ്നമേ അല്ല. എന്നാല്‍ കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവര്‍ എക്കണോമിസ്റ്റുകളല്ലാത്തതുകാരണം നഷ്ടം സഹിച്ചും അവരത് ചെയ്യുന്നു. അവരെ സംരക്ഷിക്കേണ്ട എക്കണോമിസ്റ്റുകളും കുബുദ്ധിയുള്ള കൃഷിശാസ്ത്രജ്ഞരും കര്‍ഷകന് ഉല്പാദന വര്‍ദ്ധനവിനുള്ള കുറുക്ക് വഴികള്‍ കാട്ടിക്കൊടുത്തു. രാസവളങ്ങളും കള, കുമിള്‍, കീടനാശിനികള്‍ മണ്ണിന്റെ ഫലഭൂയിഷ്ടി നശിപ്പിക്കുകമാത്രമല്ല മനുഷ്യനെയും പക്ഷി മൃഗാദികളെയും രോഗികളാക്കുകയും ചെയ്തു. നിത്യരോഗികളാവുന്ന പശുക്കളും ഭാരിച്ച തീറ്റവിലയും മൃഗപരിപാലനം കുറയാന്‍ കാരണമായി. ഇപ്പോള്‍ പലതും തമിഴ്‌നാട്ടില്‍ നിന്ന് വരണം എന്ന ഗതിയായി. ഇത്രയും പറഞ്ഞത് ഇത്തരം പ്രശ്നങ്ങള്‍ നാം തന്നെ സൃഷ്ടിച്ചെടുത്തതാണ് എന്ന തെളിവിലേക്കായാണ്. ആഗോളവത്ക്കരണവും ഉദാരവത്ക്കരണവും അതിന് ആക്കം കൂട്ടുകയും ചെയ്തു. ചെറിയൊരു വ്യത്യാസം റബ്ബര്‍ കൃഷിയിലാണ് കാണാന്‍ കഴിയുന്നത്. 2003 മുതല്‍ 2008 വരെ റബ്ബര്‍ വിലയില്‍ 6.47 ഇരട്ടിയുടെ വില വര്‍ദ്ധനയാണുണ്ടായത്. സര്‍ക്കാരുദ്യോഗസ്ഥരുടെ ശമ്പള അനുപാതമാണ് റബ്ബര്‍ കര്‍ഷകര്‍ക്ക് അവകാശപ്പെട്ടതെങ്കില്‍ 2008 ല്‍ റബ്ബറിന് കിട്ടിയ വിലയുടെ ഇരട്ടികിട്ടണം. മറ്റു ഭക്ഷ്യ വിളകളുടെ കാര്യം പറയാതിരിക്കയാവും ഭേദം.

കേരളത്തിലെ നെല്‍പ്പാടങ്ങളിലെ നെല്‍കൃഷി 1986 വരെ ലാഭകരമായി ചെയ്ത അനുഭവം എനിക്കുണ്ട്. കാലാവസ്ഥയില്‍ വന്ന മാറ്റവും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ ഉല്പാദന ചെലവിനേക്കാള്‍ താണവിലയ്ക്ക് വിപണിയില്‍ ലഭ്യമാവാന്‍ തുടങ്ങിയ അരിയൂം നെല്‍കൃഷിയെ ഇഞ്ചിഞ്ചായി തകര്‍ത്തു. കരഭൂമിയുടെ വിലയിലുണ്ടായ വര്‍ദ്ധന നഷ്ടകൃഷിയിലായ നെല്‍ക്കര്‍ഷകരില്‍ നിന്ന് താണവിലക്ക് നെല്‍പ്പാടങ്ങള്‍ വിലയ്ക്ക് വാങ്ങി ജെസിബിയുടെയും ടിപ്പര്‍ ലോറികളുടെയും സഹായത്താല്‍ നികത്തി കരയാക്കുവാന്‍ കാരണമായി. കുന്നിടിച്ച് നിരപ്പാക്കിയും വയല്‍ നികത്തിയും മറ്റും കരയും വയലും ഉയര്‍ന്ന വിലക്ക് വിറ്റ് ലാഭം പലരും കൊയ്തു. അവരില്‍ ഏറിയ പങ്കും റിയല്‍ എസ്റ്റേറ്റുകാര്‍ തന്നെ. നെല്‍ വയല്‍ സംരക്ഷണ നിയമം കൊണ്ടുവന്നത് നെല്‍ കര്‍ഷകനെ ശിക്ഷിക്കുവാനുള്ള അവസരമായി മാറി. അതിലും പഴുതുകളിട്ട് നികത്താനും വില്‍ക്കാനും വകുപ്പും നിലനിറുത്തി.

കയറ്റുമതി ഇറക്കുമതി നയങ്ങള്‍ ഏതു കൃഷിയെയും തകര്‍ക്കാന്‍ പ്രാപ്തമാണ്. പലതും നെഗറ്റീവ് ലിസ്റ്റില്‍പ്പെടുത്തി കൃഷിയെ സംരക്ഷിക്കുന്നു എന്നവകാശപ്പെടുമ്പോള്‍ റബ്ബറിന്റെ കാര്യം തന്നെ നോക്കാം. റബ്ബറിന്റെ ഇറക്കുമതി തീരുവ 20 % ആണ്. എന്നാല്‍ 85,000 ഉം 89,000 ഉം ടണ്ണുകള്‍ ഇറക്കുമതി ചെയ്പ്പോള്‍ അതില്‍ എത്രശതമാനമാണ് തീരുവനല്‍കി ഇറക്കുമതി ചെയ്തത്? 99% ഇറക്കുമതിയും 0% ഇറക്കുമതി തീരുവയില്‍ത്തന്നെയാണ് ഇറക്കുമതി ചെയ്യപ്പെട്ടത്. ഇറക്കുമതി മാത്രമല്ല കയറ്റുമതിയും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. റബ്ബര്‍ കയറ്റുമതിയില്‍ സഹകരണ സംഘങ്ങളാണ് ഏറിയ പങ്കും കയറ്റുമതി ചെയ്യുന്നത്. അവരുടെ ലാഭ വിഹിതം സര്‍ക്കാര്‍ ഖജനാവിലേക്ക് വരേണ്ടതാണ്. ഉല്പന്ന നിര്‍മ്മാതാക്കളും ഇത്തരം സഹകരണ സംഘങ്ങളും ഒത്തുചേര്‍ന്ന് വിപണിവിലയില്‍ ഏറ്റക്കുറച്ചിലുണ്ടാക്കി ചെറുമത്സ്യങ്ങളെ വലിയ മത്സ്യം വിഴുങ്ങുന്ന രീതി തന്നെയാണ് നിലവിലുള്ളത്. വിപണി വില നിയന്ത്രിക്കുന്നത് ഒരു ടയര്‍ നിര്‍മ്മാതാവിന്റെ ഗ്രൂപ്പില്‍പ്പെട്ട പത്രത്തിലെ വ്യാപാരി വിലയാണ്. ഡീലര്‍മാര്‍ ഗ്രേഡിംഗ് മാനദണ്ഡങ്ങള്‍ പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ റബ്ബര്‍ ബോര്‍ഡും ഒത്താശ ചെയ്യുന്നു. 1996-97 മുതല്‍ 2001-02 വരെ 38698 ടണ്ണാണ് ഉള്ളസ്റ്റോക്ക് കുറച്ച് കാട്ടി വിലയിടിക്കുവാനാണ് റബ്ബര്‍ ബോര്‍ഡ് സഹായിച്ചത്. 2002-03 മുതല്‍ 2008-09 വരെ 39200 ടണ്‍ ഇല്ലാത്ത റബ്ബര്‍ ഉല്പാദനവും സ്റ്റോക്കും ഉയര്‍ത്തിക്കാട്ടി വില ഉയരാതിരിക്കുവാന്‍ സഹായിച്ചു. 2009 ഏപ്രില്‍ മേയ് മാസങ്ങളില്‍ 30249 ടണ്‍ ഇറക്കുമതി ചെയ്തതില്‍ എത്ര ശതമാനം കാണും 20% തീരുവ നല്‍കി ഇറക്കുമതി ചെയ്തത്? ഇറക്കുമതി ചെയ്യാന്‍ വേണ്ടി ഏപ്രിലില്‍ ശരാശരി 13 രൂപയും മേയില്‍ 18 രൂപയുമാണ് ആഭ്യന്തര വിപണിയില്‍ ഉയര്‍ത്തി നിറുത്തിയത്. എന്നാല്‍ ഈ അവസരത്തില്‍ 840 ടണ്‍ സ്വാഭാവിക റബ്ബര്‍ നഷ്ടം സഹിച്ച് ആരാണ് കയറ്റുമതി ചെയ്തത്? 2006 ആഗസ്റ്റ് മാസം പാലാ റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി ആഭ്യന്തര വിപണിയില്‍ 92 രൂപ വിലയുണ്ടായിരുന്നപ്പോള്‍ 2.11 രൂപക്ക് എപ്രകാരമാണ് കയറ്റുമതി ചെയ്തത്?

കുരുമുളക്, പാംഓയില്‍, ഗോതമ്പ്, സോയാബീന്‍ ഓയില്‍ മുതലായവയുടെ ഇറക്കുമതി വിവരങ്ങള്‍ പരിശോധിച്ചാലും പലതും കണ്ടെത്തുവാന്‍ കഴിയും. ഇത് കണ്ടെത്തേണ്ട എക്കണോമിസ്റ്റുകള്‍ കര്‍ഷകരെ കബളിപ്പിക്കയല്ലെ ചെയ്യുന്നത്? നിത്യോപയോഗ സാധനങ്ങളായ കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിലകൂടിപ്പോയി എന്ന് പറഞ്ഞ് അത് ഉല്പാദിപ്പിക്കുന്ന കര്‍ഷകനെക്കൊണ്ട് സമരം ചെയ്യിപ്പിക്കലല്ലെ കക്ഷി രാഷ്ട്രീയക്കാര്‍ ചെയ്തു വരുന്നത്. അത്തരം ഒരു മനുഷ്യച്ചങ്ങലയല്ലെ ഒക്ടോബര്‍ രണ്ടിന് അരങ്ങേറിയത്. ഒരു കയ്യില്‍ കര്‍ഷകരെയും മറുകയ്യില്‍ കര്‍ഷക തൊഴിലാളികളെയും താങ്ങി നിറുത്തുന്നത് കാണുമ്പോള്‍ ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല. 375 രൂപ ശമ്പളം വാങ്ങുന്ന പുരുഷ തൊഴിലാളിക്ക് കാര്‍ഷിക മേഖലയില്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുമോ? ഇല്ലേ ഇല്ല. അത്രയും തൊഴിലാളി വേതനം നല്‍കുമ്പോള്‍ കാര്‍ഷികോത്പന്ന വില എന്തായിരിക്കണം എന്ന് എക്കണോമിസ്റ്റുകള്‍ കര്‍ഷകര്‍ക്ക് പറഞ്ഞു തന്നാല്‍ കൊള്ളാം.

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ദേശീയ തൊഴിലുറപ്പ് പദ്ധതി കര്‍ഷകര്‍ക്ക് ലഭ്യമാക്കി ഓരോ സ്ഥലത്തെയും കൂലി നിരക്കനുസരിച്ച് ബാക്കി കൂലി കര്‍ഷകര്‍ കൊടുക്കട്ടെ. അതിലൂടെ തല്കാലം അല്പമൊരാശ്വാസവും കര്‍ഷകന് ലഭിക്കും. ബാങ്ക് വായ്പകളല്ല കര്‍ഷകനാവശ്യം കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കലാണ് പ്രധാനം. ഇറക്കുമതി ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന് ഇടനിലക്കാരെ ഒഴിവാക്കി സര്‍ക്കാര്‍ ചെയ്യട്ടെ. കയറ്റുമതി ചെയ്യാന്‍ വേണ്ടി ഇറക്കുമതി ചെയ്ത് ഇവിടത്തെ ഉല്പന്ന വില നിയന്ത്രിക്കുന്ന സംവിധാനമാണ് അവസാനിപ്പിക്കേണ്ടത്. എന്നിട്ട് കര്‍ഷക ദ്രോഹമല്ലാത്ത രീതിയില്‍ അത് വിപണിയില്‍ പ്രാവര്‍ത്തികമാക്കട്ടെ.

ഞായറാഴ്‌ച, സെപ്റ്റംബർ 06, 2009

പ്ലാന്റ് ഫിസിയോളജിയും റബ്ബര്‍ ടാപ്പിംഗും

ഐയുടി ടാപ്പിംഗ് രീതി വേണ്ടെന്ന് തീരുമാനമെടുത്ത റബ്ബര്‍ ബോര്‍ഡ് സിയുടി എന്ന ടാപ്പിംഗ് രീതിയും വേണ്ടെന്ന് വെയ്ക്കേണ്ടതല്ലെ?
റബ്ബര്‍ മരങ്ങളുടെ സൈലം എന്ന ഭാഗം മണ്ണില്‍ നിന്ന് ജലവും ലവണവും ഇലകളിലെത്തിക്കുന്ന ജോലിയാണ് ചെയ്യുന്നത്. ഇലയില്‍ നടക്കുന്ന പ്രകാശസംശ്ലേഷണത്തിലൂടെ രൂപപ്പെടുന്ന അന്നജം കേമ്പിയത്തിന് മുകളിലുള്ള ഫ്ലോയത്തിലൂടെ താഴേയ്ക്ക് ഒഴുകി വേരിലെത്തി വേരുകള്‍ വളരുവാന്‍ സഹായിക്കുന്നു. വേരുകള്‍ വളരുവാന്‍ വേണ്ടിവരുന്ന ഊര്‍ജ്ജം ചെലവായശേഷം ബാക്കി വരുന്നവ ഫ്ലോയത്തിന് മുകളിലൂടെ മുകളിലേക്ക് സഞ്ചരിച്ച് തിരികെ ഇലകളിലെത്തുന്നു. അത് തെളിയിക്കുവാന്‍ വളരെ എളുപ്പമാണ്. താഴേയ്ക്ക് സാധാരണ രീതിയില്‍ ടാപ്പ് ചെയ്യുന്ന മരങ്ങളില്‍ അല്പം എഥിഫോണ്‍ പുരട്ടി ടാപ്പ് ചെയ്താല്‍ ദിവസങ്ങള്‍ക്കുള്ളില്‍ വെട്ടുപട്ടയുടെ താഴ് ഭാഗത്ത് കറയുടെ കട്ടി ക്രമാതീതമായി കുറയുന്നു. മറിച്ച് മകളിലുള്ള പട്ടയിലെ കറയുടെ കട്ടി കുറയുന്നതും ഇല്ല. അപ്രകാരം ഉണ്ടാകുന്ന മഗ്നീഷ്യത്തിന്റെ അഭാവമാണ് താഴെത്തട്ടിലുള്ള ഇലകള്‍ മഞ്ഞളിക്കുവാനും പൊഴിയുവാനും ശിഖരങ്ങള്‍ വരെ ഉണങ്ങുവാനും കാരണമാകുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രസിദ്ധീകരിച്ച ഒരു ചിത്രമാണ് ഇടതുവശത്തായി കാണുന്നത്. കേമ്പിയത്തിന് മുകളിലുള്ള ഫ്ലോയത്തിലെ ഒഴുക്ക് താഴേക്കാണെങ്കില്‍ പാല്‍ക്കുഴലുകള്‍ മുകളിലേക്കാണ് ഒഴുകുന്നത്. അവയില്‍ ലാറ്റെക്സ് രൂപപ്പെടുന്നത് സെക്കന്ററി തിക്കനിംഗ് ഓഫ് ഡൈക്കോട് സ്റ്റെം (പ്രസ്തുത ലേഖനം എഴുതിത്തന്നത് എഎംഎച്ച്എസ്എസിലെ ബോട്ടണി ടീച്ചറായ മിനി ടീച്ചറാണ്. അത് താഴെ ചേര്‍ത്തിട്ടുണ്ട്.) എന്ന പ്രക്രിയയിലൂടെയാണ്. അതില്‍ നിന്ന് മനസിലാക്കുവാന്‍ കഴിയുന്നത് ലെന്റി സെല്ലുകളുടെ പ്രവര്‍ത്തനഫലമായാണ് ഫുഡ് സ്റ്റോറേജും ലാറ്റെക്സും രൂപപ്പെടുന്നത് എന്നാണ്..
കേമ്പിയമാണ് തടിയെയും തൊലിയെയും വളരുവാന്‍ സഹായിക്കുന്നത്. എന്നുവെച്ചാല്‍ തടിയും തൊലിയും വളരുന്നത് മുകളില്‍ നിന്ന് താഴേക്കാണ് എന്നര്‍ത്ഥം. അതുകൊണ്ട് ടാപ്പ് ചെയ്യുന്നതും താഴേക്ക് മാത്രമേ പാടുള്ളു എന്ന് ആര്‍ക്കും മനസിലാക്കാം. ഡോ. എല്‍. തങ്കമ്മ പ്രചരിപ്പിച്ച 'ഐയുടി' ടാപ്പിംഗ് രീതി റബ്ബര്‍ ബോര്‍ഡ് അംഗീകരിക്കുന്നില്ല എങ്കില്‍ 'റബ്ബര്‍ ബോര്‍ഡ് പ്രചരിപ്പിച്ച സിയുടി' (കണ്ട്രോള്‍ഡ് അപ്‌വേര്‍ഡ് ടാപ്പിംഗ്) അല്ലെ ആദ്യം നിരുത്സാഹപ്പെടുത്തേണ്ടത്?
സെക്കന്‍ഡറി തിക്കനിംഗ് ഓഫ് ഡൈക്കോട് സ്റ്റെം

ഒരു ദ്വിബീജപത്ര സസ്യകാണ്ഡത്തിന്റെ (Dicot stem) Secondary thickening -ന്‌ മുന്‍പുള്ള ഘടനയാണ്‌ മുകളില്‍ കാണിച്ചിരിക്കുന്നത്‌. ഈ അവസ്ഥയില്‍ ഓരോ Vascular bundle ഉം xylem (Primary xylem), phloem (primary phloem) and cambium ഇവ ചേര്‍ന്നാണ്‌ നിര്‍മിതമായിരിക്കുന്നത്‌. xylem കാണ്ഡത്തിന്റെ മധ്യഭാഗത്തിന്‌ (pith) അഭിമുഖമായും, phloem ഉപരിവൃതി (Epidermis) യ്ക്ക്‌ അഭിമുഖമായും കാണുന്നു. Cambium (ഭവകല) xylem-നും phloem-നും ഇടയില്‍ കാണുന്ന വിഭജനശേഷിയുള്ള കലകളാണ്‌. സൈലവും ഫ്ലോയവും ഉണ്ടാകുന്നത്‌ ഈ കലകള്‍ വിഭജിച്ചാണ്‌.
ദ്വിബീജപത്രസസ്യങ്ങളില്‍ Secondary thickening തുടങ്ങുന്നത്‌ പുതിയ ഒരു Cambial Strip -ന്റെ ഉത്‌ഭവത്തോടെയാണ്‌ ഈ പുതിയ Cambial Strip ഉണ്ടാകുന്നത്‌ Vascular bundles-ന്‌ ഇടയിലായിട്ടാണ്‌.


ഈ Cambial Strip -ന്‌ inter fascicular cambium എന്നു പറയുന്നു. സാവധാനത്തില്‍ ഈ പുതിയ cambial strip(B)ഉം Vascular bundle-നുള്ളിലെ Cambial Strip (A)-ഉം തമ്മില്‍ യോജിക്കുന്നു. അങ്ങിനെ ഒരു Cambial ring ഉണ്ടാകുന്നു.


ഈ Cambial ring ലെ കോശങ്ങള്‍ വിഭജിച്ച്‌ ഉള്ളിലേയ്ക്ക്‌ Secondary xylem ഉം പുറത്തേയ്ക്ക്‌ Secondary phloem ഉം ഉല്‍പാദിപ്പിക്കപ്പെടുന്നു. ഈ അവസരത്തില്‍ കാണ്ഡത്തിന്റെ Vascular bundle -ല്‍ ഉണ്ടായിരുന്ന primary xylem മധ്യഭാഗത്തേയ്ക്ക്‌ തള്ളപ്പെടുന്നു. primary phloem - ഉപരിവൃതിക്കടുത്തേയ്ക്കും (epidermis) തള്ളപ്പെടുന്നു. ഉപരിവൃതിയിലെ കോശങ്ങള്‍ പൊട്ടുകയും പകരം പുതിയ ഒരു protective layer ഉണ്ടാവുകയും ചെയ്യുന്നു. ഇതിനെ Periderm (Cork) എന്നു പറയുന്നു. Cork ഉണ്ടാകുന്നത്‌ ഉപരിവൃതിയ്ക്കടുത്ത്‌ആയി പുതുതായി ഉണ്ടാകുന്ന കേമ്പിയത്തിന്റെ പ്രവര്‍ത്തനഫലമായിട്ടാണ്‌. ഈ കേമ്പിയത്തിന്‌ കോര്‍ക്ക്‌ കേമ്പിയം (Phellogen) എന്നു പറയുന്നു. ഈ കേമ്പിയം വിഭജിച്ച്‌ പുറത്തേയ്ക്ക്‌ ഉത്‌പാദിപ്പിക്കുന്ന കോശങ്ങളാണ്‌ കോര്‍ക്ക്‌ അഥവാ Phellum. ഈ cork cells -ല്‍ Suberin എന്ന Waxy material അടിഞ്ഞ്‌ കൂടി dead cells ആയി മാറുന്നു. ഈ Cork -ല്‍ ചെറിയ സുഷിരങ്ങള്‍ കാണുന്നു. ഇവയാണ്‌ lenticells. ഇവയിലൂടെ gaseous exchange നടക്കുന്നു. Cork cambium വിഭജിച്ച്‌ ഉള്ളിലേയ്ക്കുണ്ടാകുന്ന കോശങ്ങളാണ്‌ Phelloderm - ഇവ living cells ആണ്‌. ഇവയുടെ functions "Photosynthesis and food storage" എന്നിവയാണ്‌.

ബുധനാഴ്‌ച, സെപ്റ്റംബർ 02, 2009

നിങ്ങള്‍ക്കു മാത്രം മതിയോ ഓണം?

ലോകമെമ്പാടും മലയാളികള്‍ ഓണം ആഘോഷിക്കുന്നു. പലര്‍ക്കും പ്രധാനം സദ്യ തന്നെയാണ്. മാണിക്യം പറയുന്നു കാനഡയിലേക്ക് പച്ചക്കറികളെല്ലാം എത്തിയത് കേരളത്തില്‍ നിന്നാണ് എന്ന്. കേരളീയനായ ഞാന്‍ പറയുന്നു ഏറിയ പങ്കും പച്ചക്കറികള്‍ കേരളത്തിലെത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. പലരും കെങ്കേമമായ സദ്യ ഉണ്ണുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ പേരക്കുട്ടികളെപ്പറ്റി അഥവാ വരും തലമുറയെപ്പറ്റി അല്പമെങ്കിലും ചിന്തിക്കുന്നുണ്ടോ? അവര്‍ക്ക് ഒരുനേരത്തെ ആഹാരത്തിന് വേണ്ടി നിങ്ങളെന്താണ് ചെയ്തത്? ജനിക്കുമ്പോള്‍ത്തന്നെ പഠനത്തില്‍ ശ്രദ്ധകൊടുത്ത് സ്വന്തം മക്കളെ സമര്‍ത്ഥരായി പഠിക്കുവാനുള്ള ശ്രങ്ങളാണല്ലോ നാം കാണുന്നത്. അവരുടെ ആരോഗ്യപരിപാലനത്തിന്റെ ചുമതല ആരെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്? അസുഖം വന്നാല്‍ നേരെ ഡോക്ടറുടെ അടുത്തേക്ക്. അസുഖങ്ങള്‍ എന്തുകൊണ്ട് വര്‍ദ്ധിക്കുന്നു എന്നത് അല്പം ഒന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും. ആരോഗ്യ പരിപാലനത്തില്‍ സോയില്‍ ന്യൂട്രിയന്‍സിന് നിര്‍ണായകമായ പങ്കാണുള്ളത്. കുടിവെള്ളത്തിന് പലതരം ഫില്‍റ്ററുകളിലൂടെ ശുദ്ധജലം ലഭിക്കും. പക്ഷെ അതിലടങ്ങിയിരിക്കുന്ന ഫില്‍റ്റ് ചെയ്യാന്‍ കഴിയാത്ത കെമിക്കലുകളെപ്പറ്റി ആരും ഒന്നും പറയില്ല. ജലം ഫില്‍റ്റ് ചെയ്യുവാന്‍ മണ്ണിലെ ബാക്ടീരിയകള്‍ക്കുള്ള കഴിവ് ആര്‍ക്കും വേണ്ടാതായി.
ഞാനെന്റെ മണ്ണിന് തിരുവോണനാളില്‍ സദ്യ വിളമ്പി
തുല്യ വലുപ്പത്തിലുള്ള പതിനഞ്ച് ലിറ്റര്‍ വീതം കൊള്ളുന്ന രണ്ട് ബക്കറ്റ് നിറയെ സ്ലറി. ഇതിന് ഏകദേശം മുപ്പത് കിലോ അടുപ്പിച്ച് ഭാരം കാണും. രണ്ടു കൈയ്യിലും തുല്യ ഭാരം വഹിച്ചുകൊണ്ട് കുറെ ദൂരം നടക്കുമ്പോള്‍ പലതരം വ്യായാമങ്ങളും എനിക്ക് സ്വായത്തമാക്കുവാന്‍ കഴിയും. അതില്‍ ഇരുപത് കിലോ വെള്ളമാണ് ബാക്കി പത്ത് കിലോ ചാണകമാണ്. മണ്ണിന് വേണ്ട പല ന്യൂട്രിയന്‍സും ഇതില്‍ ലഭ്യമാണ്. എന്‍.പി.കെ എന്ന രാസവളം ന്യൂട്രിയന്റ് മൈനിംഗിനും അതിലൂടെ എല്ലാ ജീവജാലങ്ങള്‍ക്കും രോഗങ്ങളും മാത്രം സമ്മാനിക്കുമ്പോള്‍ തിരുവോണ നാളില്‍ ലഭിച്ച മഴയെ പ്രയോജനപ്പെടുത്തി ഞാനെന്റെ മണ്ണിന് സ്ലറികൊണ്ടൊരു സദ്യ വിളമ്പി. എന്റെ മണ്ണ് വരും തലമുറക്കവകാശപ്പെട്ടത്. അതിനെ സംരക്ഷിക്കുവാനുള്ള ബാധ്യത എനിക്കുണ്ട്. കോടാനുകോടി വര്‍ഷങ്ങളുടെ പ്രവര്‍ത്തനഫലമായി രൂപപ്പെട്ട മേല്‍മണ്ണ് നശിപ്പിക്കുവാന്‍ വളരെ എളുപ്പവും സംരക്ഷിക്കുവാന്‍ ഏറെ ബുദ്ധിമുട്ടും ആണ്.

റബ്ബര്‍ മരമൊന്നിന് തൊണ്ണൂറ് കിലോഗ്രാം സ്ലറി ടെറസിന്റെ ഏറ്റവും ഉയരം കൂടിയ ഭാഗത്ത് മണ്ണിളക്കാതെ പുറമേ നിരത്തിയൊഴിക്കുന്നു. കളകള്‍ നീക്കം ചെയ്യാറെ ഇല്ല. അവ എനിക്കൊരു സമ്പത്താണ്. വൈവിധ്യമാര്‍ന്ന കളകളും മറ്റും ഔഷധഗുണമുള്ളതാണ്. സ്ലറിയുടെ മണമുള്ളതുകാരണം പുല്‍ക്കൊടികള്‍ വളര്‍ച്ച പ്രാപിക്കുന്നതുവരെ കാലികള്‍ ഭക്ഷിക്കാറില്ല. കൂടാതെ ചപ്പുചവറും സ്ലറിയും കൂട്ടിക്കുഴച്ച് ഭക്ഷണമാക്കുവാന്‍ കുറച്ചെങ്കിലും മണ്ണിരകള്‍ ഉണ്ടാവും പ്രത്യേകിച്ചും രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാത്തതിനാല്‍. ഏറ്റവും കൂടുല്‍ പന്നല്‍ വേരുകള്‍ എന്റെ തോട്ടത്തില്‍ ഉണ്ടാവുന്നത് ഉയരം കൂടിയ ഭാഗത്താണ്. മഴവെള്ളത്തോടൊപ്പം ലഭിക്കുന്ന സ്ലറി മണ്ണിന് ഓണ സദ്യ തന്നെയാണ്. കൃഷി എന്തുതന്നെ ആയാലും മണ്ണ് സംരക്ഷണത്തില്‍ മാറ്റം ഇല്ല എന്നത് വിളമാറ്റം ഒരു പ്രശ്നമേ അല്ല. ഉയരം കൂടിയഭാഗത്തുള്ള ജൈവവള ലഭ്യത ഒരിക്കലും മണ്ണിനെ കടുപ്പമുള്ളതായി മാറ്റുന്നില്ല.
റബ്ബര്‍ തോട്ടത്തിലെ ഔഷധമൂല്യമുള്ള പുല്‍ക്കൊടികള്‍ കാലികള്‍ക്ക് മേഞ്ഞു നടക്കുവാന്‍ അവസരമൊരുക്കുന്നതിലൂടെ അവയുടെ ആരോഗ്യം മെച്ചപ്പെടുക മാത്രമല്ല ഔഷധഗുണമുള്ള പാല്‍ ലഭിക്കുകയും കളകള്‍ ക്രോപ്പ് ചെയ്യപ്പെടുന്നതിലൂടെ കളനാശിനിപ്രയോഗമോ നീക്കം ചെയ്യലോ വേണ്ടിവരുന്നില്ല. ഫോര്‍മാലില്‍, സോഡിയം സല്‍ഫേറ്റ്, സോഡിയം ബൈ സല്‍ഫേറ്റ്, കരി ഓയിലിലെ കറുപ്പുനിറം നീക്കിയ ഫാറ്റ് എന്നിവ ചേര്‍ത്ത കവര്‍‌പാല്‍ വാങ്ങി കുടിച്ച് ശീലിച്ച മലയാളികള്‍ കന്നുകാലി വളര്‍ത്തലില്‍ നിന്ന് അകലം പ്രാപിക്കുന്നതില്‍ അതിശയിക്കേണ്ടതില്ല. ഡക്​സ്ട്രോസും, സോപ്പുലായനിയും, പാല്‍‌പ്പൊടിയും, പച്ചവെള്ളവും, വെളിച്ചെണ്ണയും കലര്‍ത്തി ഉണ്ടാക്കുന്ന പാല്‍ അതി രുചികരമെന്നാണ് പറയപ്പെടുന്നത്. ഇവയൊന്നും ഉപഭോക്താവിന് ലബോറട്ടറി സൌകര്യങ്ങളുപയോഗിച്ച് അതിലടങ്ങിയിരിക്കുന്ന വിഷാംശത്തിന്റെ അളവ് ലഭിക്കുകയും ഇല്ല. മില്‍‌ക്കോ സ്കാനര്‍ ഉണ്ടെന്ന് പറയുന്നു അതെന്തിനാണെന്നോ എവിടെയാണെന്നോ ആര്‍ക്കറിയാം? എന്റെ അറിവില്‍ പാല്‍ അനാലിസിസ് ചെയ്യണമെങ്കില്‍ കല്‍ക്കട്ടയിലയക്കണം.
ഇനിയെനിക്ക് സന്തോഷത്തോടെ ഇലയില്‍ വിളമ്പിയ ഓണ സദ്യ ഉണ്ണാം.

തിങ്കളാഴ്‌ച, ഓഗസ്റ്റ് 17, 2009

ഇന്ന് ചിങ്ങം ഒന്ന് - കര്‍ഷകദിനം


മാതൃഭൂമി ദിനപത്രത്തില്‍ കര്‍ഷകദിനം ആചരിക്കുമ്പോള്‍ ഓണ്‍ലൈന്‍ എഡിഷനില്‍ പുതുതായി സ്ഥാനമേല്‍ക്കുന്ന മന്ത്രിമാര്‍ക്കുവേണ്ടി ആ ഇടം നീക്കിവെച്ചിരിക്കുന്നു. മറ്റു പത്രങ്ങളില്‍ കര്‍ഷകദനാചരണം ചവറ്റു കൊട്ടയില്‍.
എന്റെ പ്രതിഷേധം ഇവിടെ രേഖപ്പെടുത്തുന്നു.
കര്‍ഷകരെ ആദരിക്കുവാനും പരിഹസിക്കുവാനും ഒരു ദിനം കൂടി പിറക്കുന്നു. വേള്‍ഡ് ട്രയിഡ് ഓര്‍ഗനൈസേഷനും ആസിയാനും പിന്നെ കേന്ദ്ര സംസ്ഥന സര്‍ക്കാരുകളും മാത്രമല്ല പഞ്ചായത്തുതലം വരെയും നമ്മള്‍‌ക്കെല്ലാം അന്നം തരുന്ന മണ്ണിനെപ്പോലും പിഴിഞ്ഞെടുത്ത് വരും തലമുറയെ നിത്യരോഗികളായി മാറ്റുവാന്‍ രാസ, കള, കുമിള്‍, കീടനാശിനികള്‍ വിതറുവാന്‍ സഹായിക്കുന്ന കൃഷിശാസ്ത്രജ്ഞന്മാരെയും മണ്ണിനെ ജീവനില്ലാതാക്കുവാന്‍ ഗതികേട്കൊണ്ട് കൂട്ടുനില്‍ക്കുന്ന കര്‍ഷകരെയും ഒരിക്കല്‍ക്കൂടി ഓര്‍ക്കാം. കാര്‍ഷികോത്പന്നങ്ങളെ നിത്യോപയോഗസാധനങ്ങളുടെ പട്ടികയില്‍‌പ്പെടുത്തി അതിന്റെ വിലവര്‍ദ്ധനയാണ് ശമ്പളവര്‍ദ്ധനവിന് അടിസ്ഥാനമെന്ന് കള്ളം പറഞ്ഞ് 25 വര്‍ഷം കൊണ്ട് 14 ഇരട്ടി ശമ്പളവര്‍ദ്ധനവ് രേഖപ്പെടുത്തുമ്പോള്‍ കേരളത്തിന്റെ നെല്ലറകളെ നശിപ്പിച്ചും നാളികേരവൃക്ഷങ്ങള്‍ക്ക് അന്ത്യം കുറിച്ചും മണ്ണിനെ കൊന്നും ഓരോ തലമുറയും വീതം വെയ്ക്കുന്ന കൃഷി ഭൂമികള്‍ വിസ്തൃതി കുറച്ചും എന്ത് കര്‍ഷകദിനം? എന്നിട്ട് കര്‍ഷകരെക്കൊണ്ടുതന്നെ കാര്‍ഷികോത്പന്നങ്ങളുടെ വില കൂടിപ്പോയി എന്ന് പറയിക്കും. കലികാലം എന്നല്ലാതെ എന്താ പറയുക.
നമ്മെക്കൊണ്ട് നഷ്ടകൃഷിചെയ്യിച്ചും, ലാഭം തേടി പുതു വിളകള്‍ തേടിച്ചും, കുറച്ച്പേര്‍ക്ക് സബ്സിഡിയും ആനുകൂല്യങ്ങളും ലഭ്യമാക്കിയും, ഖജനാവിലെ പൊതുജനം നല്‍കിയ നികുതിപ്പണം പാഴാക്കുമ്പോള്‍ ഏതെങ്കിലും ഒരു കൃഷിഭവന് അതിന്റെ പ്രവര്‍ത്തന നേട്ടം വിവരിക്കാനുണ്ടാകുമോ? വിളവൂര്‍ക്കല്‍ കൃഷിഭവനില്‍നിന്ന് എനിക്ക് ക്ഷണമൊന്നും കിട്ടിയില്ല എങ്കിലും എനിക്ക് അവരുടെ ആഘോഷപരിപാടികളില്‍ പങ്കെടുക്കണമെന്നുണ്ട്. പല കര്‍ഷകരെയും ആദരിക്കുകയല്ലെ.
ഞാനവിടെ ചെന്നതുകൊണ്ടാവാം കൃഷിഓഫീസര്‍ ജൈവകൃഷിയെപ്പറ്റി പറയാന്‍ തയ്യാറായത്. താഴെ കാണുന്നത് ഇമേജ് ആണ്. അതില്‍ ക്ലിക്ക് ചെയ്ത് വീഡിയോ കാണുക.