കൃഷി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കൃഷി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ശനിയാഴ്‌ച, ജൂൺ 13, 2015

കര്‍ഷകക്ഷേമബോര്‍ഡ് ഉടനടി യാഥാര്‍ഥ്യമാക്കണം

ആര്‍. ഹേലി


കൃഷിയുടെ ഐശ്വര്യവും കര്‍ഷകന്റെ ക്ഷേമവും കാര്‍ഷികരംഗത്തിന്റെ വളര്‍ച്ചയ്ക്ക് മുഖ്യഘടകങ്ങളാണ്. അതിനാല്‍ ഒരു കര്‍ഷകക്ഷേമബോര്‍ഡ് ഉടനടി നടപ്പാക്കി കര്‍ഷകരുടെയാകെ വിശ്വാസം നേടിയെടുക്കണം


ഭാരതത്തിന്റെ കാര്‍ഷികവികസനചരിത്രത്തിലെ അതിപ്രധാനമായ ഒരു പുതിയ സംഭവവികാസത്തിനുള്ള കരുത്തും ആശയസ്ഫുടതയുമുള്‍ക്കൊള്ളുന്ന 'കേരള കാര്‍ഷികനയം 2015'ന് സര്‍ക്കാര്‍ അംഗീകാരം നല്‍കി മാര്‍ച്ച് 28ന് ഉത്തരവു പുറപ്പെടുവിച്ചിരിക്കുന്നു. പുതിയ തലമുറയെ കാര്‍ഷികരംഗത്തേക്കാകര്‍ഷിക്കാനും അങ്ങനെ കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ മേഖലകളില്‍ ആകര്‍ഷകമായ വെല്ലുവിളികള്‍നിറഞ്ഞ സംരംഭങ്ങളേറ്റെടുക്കുന്നതിനു പ്രാപ്തരാക്കാനും നയം ലക്ഷ്യമിടുന്നുവെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പ്രഖ്യാപിക്കുന്നു.

46 അധ്യായങ്ങളുള്ള നയരേഖയാണ് സര്‍ക്കാര്‍ അംഗീകരിച്ച്, നടപ്പാക്കാനുള്ള മഹായജ്ഞത്തിലേക്കു പ്രവേശിക്കുന്നത്. കേരളത്തിലെ മുഴുവന്‍ തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികളും കര്‍ഷകസംഘടനാ പ്രതിനിധികളും മേഖലയുമായി ബന്ധപ്പെട്ട നിര്‍വഹണ ഏജന്‍സികളുള്‍പ്പെടെ 2500ല്‍പരം പ്രമുഖരുമായി, കേരളത്തിലെ എല്ലാ ജില്ലകളിലും സഞ്ചരിച്ച് ചര്‍ച്ചചെയ്ത് രൂപംനല്‍കിയ കരടുരേഖ കര്‍ഷകസമക്ഷവും പൊതുജനസമക്ഷവും മാധ്യമങ്ങളിലും ചര്‍ച്ചയ്ക്കു വിധേയമാക്കി, മന്ത്രിസഭാ ഉപസമിതിയിലും കേരള നിയമസഭയിലും ചര്‍ച്ചചെയ്തിട്ടാണ് ചില ഭേദഗതികളോടെ പുതിയ നയം അംഗീകരിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. കരടുനയം കേന്ദ്രസര്‍ക്കാറിനയച്ച് അഭിപ്രായംതേടിയശേഷമാണ് അവസാനരൂപംനല്‍കിയത്.

ആദ്യത്തെ കേരള കാര്‍ഷികനയത്തിന് 1992ലാണു രൂപംനല്‍കിയത്. നവീനാശയങ്ങള്‍കൊണ്ട് പ്രസ്തുത നയരേഖ വളരെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 20വര്‍ഷം കഴിഞ്ഞശേഷമാണ് രണ്ടാമത്തെ കാര്‍ഷികനയം രൂപവത്കരിക്കാന്‍ കേരളസര്‍ക്കാര്‍, മുന്‍ എം.എല്‍.എ. കെ. കൃഷ്ണന്‍കുട്ടി ചെയര്‍മാനായി ഒരു ഉപസമിതിയെ നിയോഗിച്ചത്. പ്രസ്തുത സമിതി, മുമ്പു സൂചിപ്പിച്ചതുപോലെ, വിശദമായും വളരെ സമയമെടുത്തും ചര്‍ച്ചചെയ്തശേഷം കരടുരേഖ ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവായി പുറത്തുവന്നിരിക്കുന്നു.

കേരളം നേരിടുന്ന കാര്‍ഷികപ്രശ്‌നങ്ങള്‍ക്ക് വമ്പിച്ച ബഹുജനകൂട്ടായ്മയും സാങ്കേതിക, സാമ്പത്തിക, വിപണനമേഖലാപങ്കാളിത്തവുംവഴി ഉത്തരംകണ്ടെത്താനുള്ള ഒരു ഉത്തരവ്. 46 അധ്യായങ്ങളും പുതിയ പദ്ധതിരൂപവത്കരണത്തില്‍ സ്വാധീനംചെലുത്തുകയും വഴികാട്ടികളായി ഉപയോഗപ്പെടുത്തുകയും വേണം. ചര്‍ച്ചകള്‍വഴിയായി അതില്‍ കാലോചിതമായ കൂട്ടിച്ചേര്‍ക്കലുകള്‍ അത്യന്താപേക്ഷിതമാണ്. പക്ഷേ, ഓരോ ശുപാര്‍ശയുടെയും ആത്മസത്ത അതിലെ കര്‍ഷകബഹുജനക്ഷേമമാണെന്ന് മറക്കാനും പാടില്ല. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയരുത്.

കൃഷിയുടെ ഐശ്വര്യവും കര്‍ഷകന്റെ ക്ഷേമവും കാര്‍ഷികരംഗത്തിന്റെ വളര്‍ച്ചയ്ക്കു മുഖ്യഘടകങ്ങളാണ്. അതിനാല്‍ ഒരു കര്‍ഷകക്ഷേമ ബോര്‍ഡ് രൂപവത്കരിച്ച് കര്‍ഷകരുടെയാകെ വിശ്വാസം നേടിയെടുക്കണം.

സ്വാതന്ത്ര്യം കിട്ടിയിട്ട് 67 വര്‍ഷം കഴിഞ്ഞിട്ടും ഇന്ത്യക്ക് ഭക്ഷ്യസുരക്ഷയും ഭക്ഷ്യകയറ്റുമതിയില്‍ ആഗോളപ്രശസ്തിയും നേടിക്കൊടുത്ത കൃഷിക്കാര്‍ക്ക് ഒരു ക്ഷേമബോര്‍ഡുണ്ടാക്കാന്‍ ഒരു സംസ്ഥാനവും എന്തുകൊണ്ടു മുന്നോട്ടുവന്നിട്ടില്ല എന്നത് ഉത്തരംകിട്ടാത്ത ചോദ്യമാണ്. എല്ലാ പദ്ധതികളും കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കാന്‍ ഊന്നല്‍ നല്‍കുന്നതാണ്; പലതും വിശ്വോത്തരവും. പക്ഷേ, എല്ലാക്കാലത്തും ആ കാര്‍ഷികസമൃദ്ധി സാധിത്രപ്രായമാക്കുന്ന കര്‍ഷകലക്ഷങ്ങളുടെ ക്ഷേമം നാം കണ്ടില്ല. അതിന്റെ തിക്തഫലങ്ങളാണ് രാജ്യത്തെയാകെ വേദനിപ്പിക്കുന്ന കര്‍ഷക ആത്മഹത്യകളും കൃഷിയിലേക്കു കടന്നുവരാന്‍ പുതിയ തലമുറ അറച്ചുനില്‍ക്കുന്നതും. ഇതിനു പകരം കൃഷിയെ അഭിവൃദ്ധിയുടെ മേഖലയാക്കിമാറ്റാനുള്ള ഒരു സുവര്‍ണചുവടുവെപ്പായിരിക്കും കര്‍ഷകക്ഷേമ ബോര്‍ഡിന്റെയും കര്‍ഷക ആരോഗ്യ ഇന്‍ഷുറന്‍സ് പ്രസ്ഥാനത്തിന്റെയും സ്ഥാപനം.

ഇവിടെനിന്ന് സുസ്ഥിര കാര്‍ഷികവികസനത്തിലേക്കുള്ള രാജപാതയുടെ നിര്‍മാണം തുടങ്ങാം. കേരളത്തിന് കര്‍ഷകക്ഷേമയത്‌നത്തില്‍ ഇന്ത്യയില്‍ പ്രഥമസ്ഥാനം ഇത് ലഭ്യമാക്കും. നിര്‍ദേശങ്ങള്‍ പലതും ഗവണ്‍മെന്റിന് നേരിട്ട് നടപ്പാക്കുന്നതിനായി വകുപ്പുതലവന്‍മാരോട് പദ്ധതികള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടാം. ആവശ്യമായ ചര്‍ച്ചകളും സെമിനാറുകളും നടത്തി പദ്ധതിരൂപരേഖ സമര്‍പ്പിക്കുകയെന്ന ചുമതല വകുപ്പുകള്‍ നിര്‍വഹിച്ചുകഴിയുമ്പോള്‍ സര്‍ക്കാര്‍പരിശോധനയ്ക്കുശേഷം ഉന്നതതലതീരുമാനങ്ങളെടുത്താല്‍ അതും ഒരു പദ്ധതിനിര്‍വഹണ റെക്കോഡ് സ്ഥാപിക്കും.

എന്നാല്‍, പല നയങ്ങളും യാഥാര്‍ഥ്യമാകാന്‍, പിന്‍ബലമേകാനായി നിയമനിര്‍മാണം ആവശ്യമായിവരും. 'അവകാശലാഭം', 'മിനിമം ആദായം ഉറപ്പുനല്കല്‍', വിലനിര്‍ണയ അതോറിറ്റി രൂപവത്കരണം, കൃഷിവായ്പാ ക്രമീകരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, കോഴിതേനീച്ച വളര്‍ത്തല്‍ തുടങ്ങിയവ കാര്‍ഷികവൃത്തികളായി പ്രഖ്യാപിച്ച് കാര്‍ഷികവായ്പകള്‍ ലഭ്യമാക്കുക തുടങ്ങിയവ ഈ മേഖലയില്‍ വരും. ഇതിനുള്ള യത്‌നങ്ങള്‍ ആരംഭിക്കാനും അതിനുള്ള പ്രാഥമികരേഖകള്‍ തയ്യാറാക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ഉടനെ നിര്‍ദേശം നല്‍കാവുന്നതാണ്. എങ്കില്‍മാത്രമേ നിയമവകുപ്പിനെ ഇതിലേക്കു ക്ഷണിക്കാന്‍ കഴിയൂ. ഇതിനുള്ള പരിശീലനങ്ങള്‍ ഉദ്യോഗസ്ഥസംഘങ്ങള്‍ക്കു നല്‍കേണ്ടതും ആവശ്യമാണ്.

അംഗീകരിച്ച കാര്‍ഷികനയത്തിന്റെ അടിസ്ഥാനത്തില്‍ കാര്‍ഷികവെറ്ററിനറി സര്‍വകലാശാലകള്‍ക്കും മേഖലയിലെ പൊതുമേഖലാ കോര്‍പ്പറേഷനുകള്‍ക്കും ഗവണ്‍മെന്റിലേക്ക് പദ്ധതികള്‍ സമര്‍പ്പിക്കാനുള്ള ഉത്തരവാദിത്വവും അവകാശവും പുതിയ ഉത്തരവോടെ നിലവില്‍ വന്നിരിക്കുന്നു. ഗവണ്‍മെന്റിനെ സമീപിച്ച് അവ പ്രാവര്‍ത്തികമാക്കാനുള്ള ചുമതല നയം അംഗീകരിച്ചതോടെ അവരുടെ ചുമതലയായിത്തീര്‍ന്നിരിക്കുന്നു. ഇതിന്റെ വെളിച്ചത്തില്‍ യൂണിവേഴ്‌സിറ്റി കൗണ്‍സിലുകള്‍ക്കും ബോര്‍ഡ് സമിതികള്‍ക്കും നയം ചര്‍ച്ചകള്‍ക്കു വിധേയമാക്കാനും അതിന്റെ അടിസ്ഥാനത്തില്‍ പദ്ധതികള്‍ രൂപവത്കരിക്കാനും ഗവണ്‍മെന്റിനെ സമീപിക്കാനും സാധിക്കും.

ത്രിതലപഞ്ചായത്തുകള്‍ക്ക് കാര്‍ഷികനയം ചര്‍ച്ചചെയ്യാനും കൃഷിക്കാരുടെ യോഗങ്ങള്‍ വിളിച്ചുകൂട്ടി, ഇതിന്റെ അടിസ്ഥാനത്തില്‍ സ്വയം പദ്ധതികള്‍ തയ്യാറാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളെ പദ്ധതികളുമായി സമീപിക്കാനും സുവ്യക്തമായ ഒരവസരമാണ് ഗവണ്‍മെന്റ് നയം അംഗീകരിച്ച് ഉത്തരവിറക്കിയതുവഴി കൈവന്നിരിക്കുന്നത്.

മുമ്പു സൂചിപ്പിച്ച കര്‍ഷകക്ഷേമബോര്‍ഡ് എത്രവേഗം യാഥാര്‍ഥ്യമാക്കുന്നുവോ അതുപോലെ പ്രാധാന്യമുള്ള ഒരു ശ്രദ്ധേയമായ നയരൂപവത്കരണമാണ് അവകാശലാഭം നടപ്പിലാക്കാനുള്ള പരിശ്രമങ്ങള്‍. കേരളനിയമസഭയിലും വാര്‍ത്താമാധ്യമങ്ങളിലും വമ്പിച്ച താത്പര്യവും കൃഷിക്കാരുടെ ഇടയിലും കര്‍ഷകത്തൊഴിലാളിവര്‍ഗത്തിന്റെ ഭാഗത്തും അദ്ഭുതകരമായ ആവേശവുമാണ് അവകാശലാഭം എന്ന ആശയം ഉണര്‍ത്തിയിരിക്കുന്നത്. പുതിയ കാര്‍ഷികനയത്തിന്റെ പരമമുഖ്യമായ കാഴ്ചപ്പാട് കൃഷിയെ ലാഭകരമായ ഒരു തൊഴിലായി വികസിപ്പിച്ച് കര്‍ഷകന് ജീവിതസുരക്ഷയും അന്തസ്സും സാമൂഹികമാന്യതയും ലഭ്യമാക്കുകയാണ്.

ഇതോടൊപ്പം ഉത്പാദനസ്ഥിരതവഴി ഓരോ പൗരനും ഭക്ഷണം, വെള്ളം, ജീവനോപാധികള്‍, ആധുനികജീവിതസൗകര്യങ്ങള്‍ ഇവ ലഭ്യമാക്കുകയും ഇതുവഴി പുതുതലമുറയെ കൃഷിയിലേക്കാകര്‍ഷിക്കുകയും വേണം. ഈരംഗത്തെ വെല്ലുവിളികള്‍ സധൈര്യം അവര്‍ വിജയകരമായി നേരിടണം. ഇതിന് അവരെ സര്‍വരീതിയിലും പ്രാപ്തരാക്കണം എന്നതത്രെ ലക്ഷ്യം.

കൃഷിയുടെ പ്രാധാന്യം ദിനംപ്രതി വര്‍ധിക്കുന്നതാണെങ്കിലും അത് നിത്യജീവിതത്തില്‍ എത്രയോ ഘടകങ്ങളെ ചലിപ്പിക്കുന്ന ശക്തിയാണെങ്കിലും വിഭവങ്ങള്‍ ഉത്പാദിപ്പിക്കുന്നവര്‍ വെറും 'കറിവേപ്പില'യായിമാറുന്നു. കാര്‍ഷികോത്പന്നങ്ങള്‍ സംഭരിക്കുകയും സംസ്‌കരിക്കുകയും മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി അതിവിശാലമായ വിപണികളില്‍ ലഭ്യമാക്കുകയും ചെയ്യുന്ന വ്യാപാരവാണിജ്യവ്യവസായ ശക്തികളാണ് അതിഗംഭീരമായ ലാഭംമുഴുവന്‍ സ്വായത്തമാക്കുന്നത്. ഏറ്റവും പരിഷ്‌കൃത രാഷ്ട്രങ്ങളില്‍ പോലും കര്‍ഷകര്‍ വെറും അസംസ്‌കൃതവിലകൊണ്ട് തൃപ്തിപ്പെടുന്ന ദയനീയകാഴ്ച നമുക്കു കാണാം.

ഈ ഭീമമായ ലാഭം, വ്യവസായലോകത്തും വെള്ളക്കോളര്‍ലോകത്തും അപാരമായ സംഘടിതശക്തിയുടെ ഫലമായും സമരങ്ങള്‍ വഴിയായും തൊഴിലെടുക്കുന്നവര്‍ക്കും ലാഭത്തിന്റെ അവകാശം, ഇന്‍സെന്റീവുകള്‍, ഉല്ലാസയാത്രകള്‍, വാര്‍ഷികാഘോഷങ്ങള്‍, സ്‌പെഷ്യല്‍ ബോണസുകള്‍, ഡിവിഡന്റുകള്‍, പെന്‍ഷന്‍ തുടങ്ങിയ രൂപങ്ങളില്‍ വഴിവഴിയായി ചെന്നെത്തുന്നു. ഈലോകത്ത് കൃഷിക്കാര്‍ക്ക് ഇത് ഇന്നും സ്വപ്നംമാത്രം. പരിഷ്‌കൃത ലോകരാജ്യങ്ങളില്‍ കൃഷിക്കാര്‍ അഞ്ചു ശതമാനം, എട്ടുശതമാനം ഒക്കെയായതിനാല്‍ സംഘടിതശബ്ദം തീരെ ദുര്‍ബലം. പക്ഷേ, ഇന്ത്യയില്‍ 6070 കോടി കൃഷിക്കാരുണ്ടായിട്ടും അവരുടെ ശബ്ദത്തിന് കരുത്തില്ല. അതിനാല്‍ കര്‍ഷകന് ലാഭമെന്നാല്‍ വിളകള്‍ വിറ്റുകിട്ടുന്ന തുച്ഛമായൊരംശവും നഷ്ടമെന്നാല്‍ സര്‍വനാശവും പിന്നെ ആത്മഹത്യയുമാണ്.

ഈനില മാറണമെങ്കില്‍ അസംസ്‌കൃത ഉത്പന്നത്തെ സംസ്‌കരിച്ച് വിവിധ രൂപത്തില്‍ വിറ്റഴിച്ച് വാരിക്കൂട്ടുന്ന ലാഭക്കൂമ്പാരത്തില്‍ ഒരുപങ്ക് കര്‍ഷകര്‍ക്കു ലഭ്യമാക്കണം. ഇതത്രേ അവകാശലാഭം. ഇന്ത്യ ഭക്ഷ്യസുരക്ഷയനുഭവിക്കുമ്പോള്‍ കര്‍ഷകര്‍ആത്മഹത്യചെയ്യുന്നത് ഒഴിവാക്കണമെങ്കില്‍ അവകാശലാഭം യാഥാര്‍ഥ്യമാക്കണം. എല്ലാ കാര്‍ഷികവിഭവങ്ങളിലേക്കും ഇതു ക്രമേണ വ്യാപിപ്പിക്കണം. അപ്പോള്‍, ഏറ്റവും ആദായംനല്‍കുന്ന കൃഷിയിലേക്ക് യുവതലമുറ ഓടിയെത്തി അതിനെ ആശ്ലേഷിക്കും.

ഇതിനു തുടക്കംകുറിക്കാന്‍ കേരളത്തിനു കഴിയും. അതിനുള്ള മഹായത്‌നമാണ് അവകാശലാഭം. നിയമപിന്‍ബലത്തെക്കാള്‍ ഇതിനാവശ്യം കൃഷിയെ സ്‌നേഹിക്കുന്ന സര്‍വരുടെയും പിന്തുണയാണ്. അത് സൃഷ്ടിച്ചാല്‍മാത്രമേ കൃഷി കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും സ്ഥായിയായി നിലകൊള്ളുകയുള്ളൂ.

സുദീര്‍ഘചര്‍ച്ചകളും ഫലപ്രദമായ പദ്ധതി ആസൂത്രണങ്ങളും ഇതിനാവശ്യമായിവരും. പക്ഷേ, ഐശ്വര്യത്തിന്റെ വിളനിലമായി കൃഷിരംഗത്തെ മാറ്റാന്‍ ഇതിന് അദ്ഭുതകരമായി കഴിയും.

നെല്ലുകുത്തി അരിയാക്കുന്ന മില്ലുകള്‍ ദിവസംപ്രതി അരിനല്‍കിയ ശേഷമുള്ള തവിട്, പൊടിയരി, ഉമി ഇവയില്‍നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കി വിറ്റ് 200കോടിരൂപ നേടുന്നുവെന്ന് 2015 മാര്‍ച്ച് 20ന് ഹിന്ദുപത്രത്തില്‍ വന്ന ഒരു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ തുകയില്‍ ഒരു പൈസപോലും മില്ലുകള്‍ സര്‍ക്കാറിലേക്കു നല്‍കുന്നില്ലെന്നാണു പരാതി. കൃഷിക്കാരന് ഇത് സ്വപ്നംകാണാന്‍പോലും കഴിയില്ല. അയാളാണ് ഇതിന്റെ യഥാര്‍ഥ അവകാശിയെന്ന് നമ്മളുമറിയുന്നില്ലെന്നുവരുന്നത് മഹാപാപമാണ്. ഏഴു സംസ്ഥാനങ്ങളില്‍ നടത്തിയ ഒരു പഠനത്തില്‍നിന്നു വ്യക്തമാകുന്നത് വര്‍ഷത്തില്‍ 73,000 കോടി രൂപ ഇപ്രകാരം മില്ലുകളിലേക്കൊഴുകുന്നുവെന്നാണ്. ഇതിന്റെ കണക്കില്ലായ്മയിലേയ്ക്കാണ് 'കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍' വിരല്‍ചൂണ്ടുന്നത്. അവകാശലാഭം യാഥാര്‍ഥ്യമാകേണ്ടത് കൃഷിക്കാരുടെ മാത്രമല്ല, ജീവിക്കാനാഗ്രഹിക്കുന്ന സര്‍വരുടെയും ആവശ്യമായിമാറുന്ന ഇത്തരം കാര്യങ്ങള്‍ ദിനംപ്രതി പുറത്തുവരുന്ന സന്ദര്‍ഭമാണിത്. ലോകംതന്നെ കേരളത്തെ ഇതിലൂടെ അദ്ഭുതത്തോടും അത്യാവേശത്തോടും പിന്തുടരുന്ന ഒരു സ്ഥിതിവിശേഷമുണ്ടായെന്നുവരാം.

കൃഷിക്കാര്‍ക്കു മാത്രമായും കര്‍ഷകത്തൊഴിലാളികള്‍ക്കും അവകാശലാഭം കിട്ടുന്നവിധമാണ് ഇതിന്റെ പ്രവര്‍ത്തനം നയത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്.

കൃഷിയില്‍നിന്ന് മാന്യമായി 'മിനിമം ആദായം' ഉറപ്പാക്കിയില്ലെങ്കില്‍ ഈ പണിയിലേക്ക് പുതുതലമുറ കടന്നുവരില്ല. അതിനാല്‍ ആദായം ഉറപ്പുവരുത്തുന്നത് അത്യാവശ്യമത്രെ! കൃഷിയുടെ പുരോഗതി തിട്ടപ്പെടുത്തേണ്ടതുണ്ട്. കര്‍ഷകകുടുംബങ്ങളുടെ വരുമാനം വര്‍ധനവിന്റെ അടിസ്ഥാനമാകണമെന്ന് ദേശീയ കാര്‍ഷിക കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ട് വര്‍ഷം നാലു കഴിഞ്ഞിരിക്കുന്നു. അതിന്റെ ഒരു വലിയ ചുവടുവെപ്പായിരിക്കണം ഈ നയം നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍. ആദ്യം നെല്‍കൃഷിയില്‍ത്തന്നെ ഇതാരംഭിക്കുന്നത് ഉചിതമായിരിക്കും. ഇതിന്റെ നിയമനിര്‍മാണം അവശ്യംവേണ്ടിയിരിക്കുന്നു.

നാണ്യവിളകള്‍ക്ക് കൃഷിയിലധിഷ്ഠിതമായ സാമൂഹിക കാര്‍ഷിക പുരോഗതിക്ക് വിലനിര്‍ണയ അതോറിറ്റിയുടെ രൂപവത്കരണം അത്യന്താപേക്ഷിതമാണ്. നമ്മുടെ കാര്‍ഷികമേഖലയിലെ മാര്‍ക്കറ്റിങ് സംവിധാനം കൂടുതല്‍ ശക്തമാക്കാനും ഇതു വഴിതെളിക്കും. ഇതിനും നിയമപിന്തുണ ആവശ്യമാണ്. ഭൂമിക്കുവേണ്ടിയുള്ളതുപോലെ കൃഷി ഉത്പന്ന വിലസ്ഥിരതയ്ക്കുവേണ്ടിയും വലിയ കാര്‍ഷികമുന്നേറ്റങ്ങള്‍ വന്നേക്കും!

കാര്‍ഷികനയം 219 പേജുകള്‍ വരുന്ന പുസ്തകമാണ്. കൃഷിയുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ള സര്‍വര്‍ക്കും ഇതിന്റെ വായന വളരെ ഉപകരിക്കും. അന്താരാഷ്ട്രവിപണനം മുതല്‍ കൃഷി, മൃഗസംരക്ഷണ വകുപ്പുകളും സേവനപരിഷ്‌കരണം വരെ ഇതിലുള്‍പ്പെടും. അതുപോലെ മണ്ണ്, ഊര്‍ജം തുടങ്ങിയ കാര്‍ഷികബന്ധവിഭാഗങ്ങളെക്കുറിച്ചും ഇതിലുണ്ട്. കൃഷിക്കായി പ്രത്യേക ബജറ്റ് അവതരിപ്പിക്കണമെന്ന നയവും സര്‍ക്കാര്‍ അംഗീകരിച്ചതിലുള്‍പ്പെടുന്നു. മറ്റു സംസ്ഥാനങ്ങള്‍ ഇതിനെ യാഥാര്‍ഥ്യമാക്കിയിരിക്കുന്നു.

ഒന്നോ രണ്ടോ പത്തോ ലേഖനങ്ങളില്‍ ഒതുക്കാന്‍ കഴിയാത്തവിധം ഇത് വിപുലമാണ്. കേരളത്തിലെ എല്ലാ കൃഷിഭവനുകളിലും ത്രിതലപഞ്ചായത്തിലും ലൈബ്രറികളിലും കൃഷിയുമായി ബന്ധപ്പെട്ട മറ്റ് സ്ഥലത്തും ഇതിന്റെ ഏതാനും പ്രതികള്‍ വാങ്ങി ഉപയോഗിക്കാവുന്നതാണ്. വിലകൊടുത്തുവാങ്ങി പഠിക്കാന്‍ തയ്യാറാകേണ്ടവിധം ഏറ്റവും പ്രധാനമാണ് ഇതിന്റെ ഉള്ളടക്കം. കൃഷി, വെറ്ററിനറി, ഹോര്‍ട്ടിക്കള്‍ച്ചര്‍ കോളേജുകളില്‍ ഇത് ചര്‍ച്ചാവിഷയമാക്കേണ്ടത് അനിവാര്യം!

കര്‍ഷകരെ ഇതിന്റെ ഉള്ളടക്കം മനസ്സിലാക്കാന്‍ കൃഷി, മൃഗസംരക്ഷണ, െഡയറി, ജലസേചന, റവന്യൂ വകുപ്പുകളും കോര്‍പ്പറേഷനുകളും പഞ്ചായത്തുകളും അതിവിപുലമായ സംയുക്തയജ്ഞം നടത്തണം. കര്‍ഷക, കര്‍ഷകത്തൊഴിലാളി സംഘടനകള്‍ ഈ വിജ്ഞാനവ്യാപനത്തിന്റെ മുന്‍നിരയില്‍ നില്‍ക്കേണ്ടതുണ്ട്.

കേരളത്തിലെ കൃഷിയെയും അതുമായി ബന്ധപ്പെട്ട സര്‍വതിനെയും പൂര്‍വാധികം വളര്‍ത്തി ഐശ്വര്യത്തിലേക്കു നയിക്കാന്‍ ഇതിനു കഴിഞ്ഞേക്കും. കാരണം അത്രയും വിപുലമായ യത്‌നഫലമായിട്ടാണ് ആശയസമാഹരണം നടത്തി പഠനവിധേയമാക്കി നയം രൂപവത്കരിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയും കൃഷിവകുപ്പ് മന്ത്രിയും ഈ നയങ്ങളടങ്ങുന്ന പുസ്തകത്തില്‍ പ്രത്യേക സന്ദേശങ്ങള്‍ നല്‍കി അവരുടെ താത്പര്യം സുവ്യക്തമാക്കിയിരിക്കുന്നത് കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും വമ്പിച്ച വിശ്വാസം ഇതിന്റെ നടത്തിപ്പിലുണ്ടാക്കാന്‍ വളരെ സഹായിക്കും.

കാര്‍ഷികനയം ഉത്തരവായി ജനസമക്ഷമെത്തിയിരിക്കുന്നു. യാഥാര്‍ഥ്യമാക്കാനുള്ള മഹത്തായ യജ്ഞം വിജയിപ്പിക്കാനാകട്ടെ നാടിന്റെ മുഴുവന്‍ ശ്രദ്ധയും!

(ലേഖകന്‍ മുന്‍ കൃഷിഡയറക്ടറും നയരൂപവത്കരണസമിതി അംഗവുമാണ്)

വെള്ളിയാഴ്‌ച, ഫെബ്രുവരി 22, 2013

കാര്‍ഷികമേഖലയുടെ തകര്‍ച്ചയില്‍ മാധ്യമങ്ങളുടെ പങ്ക്



നിലവിലുള്ള ദൃശ്യ ശ്രാവ്യ മാധ്യമങ്ങളെല്ലാം തന്നെ അത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയോ, ജാതി മത സംഘടനയുടെയോ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് പരിമിതികളുണ്ട്. റിപ്പോര്‍ട്ടുചെയ്യപ്പെടുന്നവ എഡിറ്റിംഗും സെന്‍സറിംഗും കഴിഞ്ഞ് വായനക്കാരനിലെത്തുമ്പോള്‍ ഒരേ വാര്‍ത്ത നമുക്ക് പല മാധ്യമത്തിലും പല രീതിയില്‍ കാണുവാനും വായിക്കുവാനും കേള്‍ക്കുവാനും സാധിക്കും. ഭരണ സുതാര്യതയ്ക്കുവേണ്ടി കൊണ്ടുവന്ന വിവരാവകാശ നിയമം പ്രയോജനപ്പെടുത്തുന്ന മാധ്യമങ്ങളുടെ എണ്ണവും വിരളമാണ്. കാര്‍ഷിക മേഖല തകര്‍ന്നടിയുമ്പോഴും കര്‍ഷകന്റെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഇക്കൂട്ടര്‍ അന്വേഷിക്കാറെ ഇല്ല. പകരം ഏതെങ്കിലും നല്ല കര്‍ഷകനെ കണ്ടെത്തി അവനെപ്പറ്റി എഡിറ്റിംഗും സെന്‍സറിംഗും നടത്തി പൊടിപ്പും തൊങ്ങലും വെച്ച് വായനക്കാരനെ തൃപ്തിപ്പെടുത്തത്തക്ക രീതിയില്‍ പ്രസിദ്ധീകരിക്കും. ഏല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കര്‍ഷക സംഘടനകളുണ്ട്. ചരിത്രത്തില്‍ ഇന്നേവരെ കര്‍ഷകരെ സംഘടിപ്പിച്ച് ഒറ്റക്കെട്ടായി അവരെ രംഗത്തിറക്കിയ സംഭവം ഇല്ലതന്നെ. പാവപ്പെട്ട തൊഴിലാളികളെ സംഘടിപ്പിച്ച് കര്‍ഷക വിരുദ്ധരാക്കുന്നതില്‍ ഇക്കൂട്ടര്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. കര്‍ഷകരും തൊഴിലാളികളും സഹകരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഒരു മാധ്യമവും ചര്‍ച്ചചെയ്യില്ല. പകരം കര്‍ഷകനെതിരായി മാത്രം ചര്‍ച്ച ചെയ്യും.
ചുമട്ടു തൊഴിലാളിയെന്നും കയറ്റിറക്ക് തൊഴിലാളികളെന്നും മറ്റും തരം തിരിച്ച് അവര്‍ക്ക് അംഗത്വവും ബാഡ്ജും നല്‍ക്കി തൊഴില്‍ അവരുടെ അവകാശമായി മാറ്റി. അതിലൂടെ നല്ല തൊഴിലാളികള്‍ കാര്‍ഷിക മേഖലയില്‍ ഇല്ലാതെ ആയി. ഇന്ന് ഒരു തൊഴിലാളി സംഘടനയില്‍ അംഗത്വം വേണമെങ്കില്‍ ലക്ഷങ്ങല്‍ കൊടുക്കണം എന്നാണ് കേള്‍ക്കുന്നത്. ജനസേവകരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ തൊഴിലാളി യൂണിയനുകളുണ്ടായി. വിലവര്‍ദ്ധനയുടെ ഗുണഭോക്താക്കളാണവര്‍. ശമ്പളവും പെന്‍ഷനും വിലവര്‍ദ്ധനയുടെ പേരില്‍ കൂട്ടി വാങ്ങിയശേഷം വിലയിടിവിനുവേണ്ടി സമരം ചെയ്യുന്നു. ഇവരെല്ലാം കര്‍ഷകരുടെ ശത്രുക്കളായി മാറിയതില്‍ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും നിര്‍ണായക പങ്കു വഹിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കാലാകാലങ്ങളില്‍ ശമ്പളവര്‍ദ്ധനവിനുവേണ്ടി കമ്മീഷനുകളെ വെച്ചു. റീട്ടെയില്‍ മാര്‍ക്കറ്റിലെ നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനയുടെ പേരില്‍ ഇന്‍ഫ്ലേഷന്‍ എന്ന വ്യാജേന ഡി.എ വര്‍ദ്ധിക്കുകയും അത് കാലാകാലങ്ങളില്‍ ബേസിക് സാലറിയില്‍ മെര്‍ജ് ചെയ്യുകയും ചെയ്തു. എന്നാല്‍ കര്‍ഷകര്‍ക്ക് നീതി ലഭിക്കുവാനായി 1965 ല്‍ രൂപപ്പെട്ട http://cacp.dacnet.nic.in/ ( Commission for Agricultural Costs and Prices) പലപ്പോഴും സംസ്ഥാനങ്ങളില്‍ തെളിവെടുപ്പ് നടത്തുകയും കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യുന്നു. അത് വെറും പ്രഹസനം മാത്രമാണ് എന്നതിന് തെളിവാണ് കേരള യൂണിവേഴ്സിറ്റിയുടെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി ആയിരുന്ന ഡോ. യാഗീന്‍ തോമസിന്റെ കേരളത്തിലെ ചില കാര്‍ഷികോത്പന്ന വിലയെപ്പറ്റിയുള്ള ഒരു പഠന റിപ്പോര്‍ട്ട്. അതിനെ പരിഭാഷപ്പെടുത്തി ശാസ്ത്രഗതി മാഗസീനില്‍ പ്രസിദ്ധീകരിച്ചു. അത്രതന്നെ. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തിലെ കര്‍ഷകര്‍ക്ക് കൈവശം വെയ്ക്കാവുന്ന കൃഷിഭൂമിയുടെ പരിധി ഉണ്ട്. എന്നാല്‍ ഉല്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കുന്ന തോട്ടം മേഖലയുടെ ഭൂപരിതിയില്‍ നിയന്ത്രണങ്ങള്‍ ഇല്ല.
ഒന്നാം ഹരിതവിപ്ലവത്തിന് മുന്‍പ് ഭൂമിയുടെ ജൈവസമ്പത്ത് ജനത്തെ പോഷകമൂല്യങ്ങളുള്ള ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കാന്‍ പര്യാപ്തമാക്കിയിരുന്നു. രാസവളങ്ങളുടെയും, കീടനാശിനികളുടെയും, കളനാശിനികളുടെയും മറ്റും പ്രചാരം കാര്‍ഷിക സര്‍വ്വകലാശാലയും ഉദ്യോഗസ്ഥരും മാധ്യമങ്ങളും ഏറ്റെടുത്തതോടെ തുടക്കത്തില്‍ കര്‍ഷകന് ലാഭം ലഭിച്ചിരുന്നു എങ്കില്‍ വര്‍ഷങ്ങളുടെ ഇത്തരം വിഷപ്രയോഗം കാരണം മണ്ണിന്റെ ജൈവ സമ്പത്ത് നഷ്ടപ്പെടുകമാത്രമല്ല മൈക്രോ മാക്രോ ന്യൂട്രിയന്‍സിന്റെ ഇംബാലന്‍സിന് കാരണമാകുകയും സസ്യലതാദികളും, പക്ഷിമൃഗാദികളും, മനുഷ്യനും എണ്ണിയാലൊടുങ്ങാത്ത രോഗങ്ങള്‍ക്കടിമയാവുകയും ചെയ്തു. അതിലൂടെ രാജ്യത്തിന്റെ ജി.ഡി.പി ഉയര്‍ത്തുവാന്‍ എഞ്ചിനീയറിംഗ്, മെഡിക്കല്‍ മേഖല വളരുകയും ചെയ്തു. ഇന്ന് മുക്കിനും മൂലയ്ക്കും സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രികളെക്കൊണ്ട് നിറഞ്ഞു.
മാധ്യമങ്ങള്‍ക്ക് വ്യവസായികളോടാണ് കൂറ് എന്നതില്‍ സംശയം വേണ്ട. കാരണം അവരില്‍നിന്ന് കിട്ടുന്ന പരസ്യവരുമാനം അവര്‍ക്കെതിരെയുള്ള വാര്‍ത്തകള്‍ വരെ തടയപ്പെടാം. ടയര്‍നിര്‍മ്മാണത്തിനുപയോഗിക്കുന്ന അസംസ്കൃത റബ്ബറിന്റെ വിപണിവില നിയന്ത്രിക്കുന്നത് മനോരമ പത്രമാണ്. മനോരമയുടെ സഹോദര സ്ഥാപനമായ എം.ആര്‍.എഫിന് നേട്ടമുണ്ടാക്കുവാന്‍ അവര്‍ക്ക് കഴിയും. ഉദാഹരണത്തിന് ആര്‍എസ്എസ് നാലിന്റെ കോട്ടയം വിപണിവില റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ മൂന്നുരൂപ താഴ്ത്തിയാണ് മനോരമ പ്രസിദ്ധീകരിക്കുന്നത്. എന്നാല്‍ അതിലും എത്രയോ താഴ്ന്ന വിലയ്ക്കാണ് കണ്‍മതി സമ്പ്രദായത്തിലൂടെയുള്ള ഗ്രേഡിംഗും വില നിര്‍ണയവും. റബ്ബര്‍ ബോര്‍ഡിന്റെ സൈറ്റില്‍ പ്രസിദ്ധീകരിക്കാത്ത പ്രീ പ്ലാന്‍ഡ് സ്ഥിതിവിവരകണക്കുകള്‍ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കും. റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന സ്ഥിതിവിവര കണക്കുകല്‍ ക്രോഡീകരിച്ചാല്‍ കാണുവാന്‍ കഴിയുന്നത് കണക്കിലെ തിരിമറികളാണ്. അതൊന്നും തന്നെ മാധ്യമങ്ങളില്‍ ലഭിക്കില്ല. ബ്ലോഗുകള്‍ സൈറ്റുകള്‍ ആഡിയോ-വീഡിയോകള്‍ തുടങ്ങിയ നവമാധ്യമങ്ങളും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും  വ്യത്യസ്തമാവുന്നത് മാധ്യമങ്ങളെ കടത്തിവെട്ടി എഡിറ്റിംഗും സെന്‍സറിംഗും ഇല്ലാതെ പ്രസിദ്ധീകരിച്ചാണ്.
വര്‍ഷങ്ങളായി കേരളത്തില്‍ പ്രചരിപ്പിക്കപ്പെട്ട ക്രോസ്‌ബ്രീഡ് ഇനം പശുക്കളുടെ പാലില്‍ ബീറ്റാകേസിന്‍ A1 അടങ്ങിയിട്ടുണ്ട് എന്നും അത് ആരോഗ്യത്തിന് ഹാനികരമാണ് എന്നും വെറ്റിറനറിയൂണിവേഴ്സിറ്റിയുടെ ഡോ. മുഹമ്മദിന്റെ ഗവേഷണഫലം പ്രസിദ്ധീകരിച്ചിട്ടും മാധ്യമങ്ങളോ യൂണിവേഴ്സിറ്റിയോ അത് പ്രസിദ്ധീകരിക്കില്ല. നമ്മുടെ നാടന്‍ തനത് ഇനങ്ങളടെ പാലില്‍ ബീറ്റാകേസിന്‍ A2 ആരോഗ്യത്തിന് ഹാനികരമല്ല എന്ന് മാത്രമല്ല അത് ഔഷധഗുണമുള്ളതാണ് എന്ന് കര്‍ഷകര്‍ക്ക് ഇന്നും അറിയാന്‍ കഴിഞ്ഞിട്ടില്ല. ഇവയെ കൂട്ടത്തോടെ നശിപ്പിച്ചതിന്റെ ദോഷം ഇന്നല്ലെങ്കില്‍ നാളെ ജനം തിരിച്ചറിയും.
കേന്ദ്രീകൃത മാലിന്യസംസ്കരണവും, പരിസ്ഥിതി മലിനീകരണവും എന്ന വിഷയത്തിലും മാധ്യമങ്ങള്‍ വായനക്കാരനെ വിഢിയാക്കുകയാണ് ചെയ്യുന്നത്. ജൈവ ജൈവേതര മാലിന്യങ്ങള്‍ കൂട്ടിക്കലര്‍ത്തി ഘനലോഹങ്ങളും വിഷാംശവും കലര്‍ന്ന ജൈവ വളങ്ങള്‍ കൃഷിവകുപ്പിലൂടെ കര്‍ഷകരിലെത്തിയതും മാധ്യമങ്ങള്‍ അറിഞ്ഞില്ല. മനുഷ്യവിസര്‍ജ്യം എന്ന അമൂല്യ ജൈവ സമ്പത്ത് പാഴാക്കുന്നതിനെപ്പറ്റി മാധ്യമങ്ങള്‍ വൈവധ്യമാര്‍ന്ന റിപ്പോര്‍ട്ടാണ് നല്‍കുന്നത്. ജലാശയങ്ങളിലെ കോളിഫാം ബാക്ടീരിയയുടെ അളവ് വര്‍ദ്ധനയുടെ കണക്ക് പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ക്ക് അതിന് പരിഹാരം നിര്‍ദ്ദേശിക്കുവാനുള്ള കഴിവില്ല. കാര്‍ഷികമേഖലയെ തകര്‍ത്തത് ജൈവ സമ്പത്തിന്റെ അഭാവമാണ്.

വ്യാഴാഴ്‌ച, ഫെബ്രുവരി 14, 2013

കര്‍ഷകരുടെ പ്രശ്നങ്ങള്‍

ഒരു കാലത്ത് ലാഭകരമായി നടന്നിരുന്ന കാര്‍ഷിക വൃത്തി ഇന്ന് അപടകരമായ നിലയിലേയ്ക്ക് നീങ്ങുന്നു. ഉത്പാദന വര്‍ദ്ധനവിനായി സ്വീകരിച്ച ഗവേഷണങ്ങളും, കൃഷിരീതികളും, വളപ്രയോഗവും, ഹൈബ്രീഡ് വിത്തിനങ്ങളും മറ്റും കാര്‍ഷികമേഖലയെ തകര്‍ക്കുവാന്‍ സഹായിച്ചു. മണ്ണിലെ സൂഷ്മ അതിസൂഷ്മ മൂലകങ്ങളെ ഊറ്റിയെടുത്ത് ഉത്പാദന വര്‍ദ്ധനവ് സാധ്യമാക്കിയതിലൂടെ മണ്ണിന്റെ ഗുണനിലവാരം പാടെ നശിച്ചു. കൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന വിളവുകള്‍ ഗുണനിലവാരം കുറയുന്നതിലൂടെയും മനുഷ്യന്‍ അവ ഭക്ഷിക്കുന്നതിലൂടെയും അനാരോഗ്യവും നിത്യ രോഗങ്ങളും അവന് സമ്മാനിച്ചു. കര്‍ഷകരെ സഹായിക്കുവാന്‍ ലഭ്യമാക്കിയ ബാങ്ക് വായ്പകള്‍ ബാങ്കുകളെ വളര്‍ത്തി. റീയല്‍ എസ്റ്റേറ്റുകള്‍ ഭൂമിയുടെ ക്രമാതീതമായ വില വര്‍ദ്ധനവിന്  കാരണമായി. ഇവര്‍ കള്ളപ്പണം വെള്ളയാക്കുന്നതിനായി കൂടിയ വിലയ്ക്ക് ഭൂമി വാങ്ങുമ്പോള്‍ താണ വില പ്രമാണങ്ങളില്‍ രേഖപ്പെടുത്തിയും ദരിദ്ര കര്‍ഷകരെ കരുവാക്കുകയും ചെയ്തു. വിവാഹ കമ്പോളത്തില്‍ ഒരുകാലത്ത് മുന്‍പിലായിരുന്ന കര്‍കഷകന്റെ സ്ഥാനം ഇന്ന് വളരെ താഴെയായി. വിപണിയിലെ ഇന്‍ഫ്ലേഷന്റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുണ്ടാകുന്ന ശമ്പള വര്‍ദ്ധന കര്‍ഷകന്റെ ഉത്പാദനച്ചെലവ് വര്‍ദ്ധിപ്പിക്കുകയും ലാഭകൃഷി എന്നത് നഷ്ടകൃഷിയിലേയ്ക്ക് കൂപ്പുകുത്തുകയും കര്‍ഷക ആത്മഹത്യകള്‍ക്ക് കാരണമാകുകയും ചെയ്തു. ഇന്‍ഫ്ലേഷന്റെ നേട്ടങ്ങള്‍ കര്‍ഷകര്‍ക്ക് ലഭിക്കാത്തതും കോട്ടങ്ങള്‍ അനുഭവിക്കേണ്ടിവന്നതും കര്‍ഷകര്‍ക്കുമാത്രമാണ്. ശമ്പള വര്‍ദ്ധനവിന് ആനുപാതികമായി തൊഴിലാളി വേതനത്തിലും വര്‍ദ്ധനവുണ്ടായി, അത് ഉത്പാദനചെലവിനേക്കാള്‍ താണ വരുമാനം കൃഷിയില്‍നിന്ന് ലഭിക്കുവാന്‍ കാരണമായി.
ഒരു കര്‍ഷക തൊഴിലാളിയ്ക്ക് ഒരുദിവസം അറുന്നൂറ് രൂപ കൂലി ലഭിക്കുന്നത് തന്റെ കായിക അധ്വാനത്തിന് കൂലിയാണ്. അത്രയും വരുമാനം പ്രതിദിനം ഒരു കര്‍ഷകന് ലഭിക്കണമെങ്കില്‍ അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്, മൂന്നോ നാലോ പുരുഷ തൊഴിലാളികളുള്ള ഒരു കുടുംബത്തില്‍ പ്രതിമാസ വരുമാനം കണക്കാക്കാവുന്നതെ ഉള്ളു. കേരളത്തില്‍ ആളില്ലാഞ്ഞിട്ടല്ല തൊഴിലാളികള്‍ ബംഗാളില്‍നിന്നും ബീഹാറില്‍നിന്നും വന്നാല്‍ മാത്രമെ കേരളത്തിലെ പണി നടക്കൂ.
രാസവളപ്രയോഗവും, ശത്രുകീടങ്ങളെയും, കളകളെയും മറ്റും നശിപ്പിക്കുവാനായി ലഭ്യമാക്കിയ കള കുമിള്‍ കീടനാശിനികളും പ്രോയോഗിക്കുന്നതിലൂടെ പ്രകൃതിയില്‍ ലഭ്യമായിരുന്ന മിത്രകീടങ്ങളെയും ഇല്ലായ്മ ചെയ്തു. രാസവളങ്ങളുടെ ലഭ്യത കര്‍ഷകരെ ജൈവവള നിര്‍മ്മാണത്തില്‍ നിന്ന് അകറ്റുകയാണ് ചെയ്തത്. ജൈവവളനിര്‍മ്മാണച്ചെലവും, അവ കൃഷിയിടങ്ങളിലെത്തിക്കുവാനുള്ള ചെലവും ഭാരിച്ചതായതോടെ കര്‍ഷകരില്‍ പലരും ജൈവകൃഷി രീതിതന്നെ ഉപേക്ഷിച്ചു. കീടനാശിനികളില്‍ എക്സ്ടീമ്‌ലി ഹസാര്‍ഡസ് ഇനത്തില്‍പ്പെട്ടവ പലതും വര്‍ഷങ്ങളുടെ പ്രയോഗത്തിന് ശേഷം നിരോധിക്കപ്പെട്ടുവെങ്കില്‍ അതിന്റെ അംശം മണ്ണിലും, ജലത്തിലും, വായുവിലും പതിറ്റാണ്ടുകള്‍ തുടര്‍ന്നും ലഭ്യമാക്കുകയാണ് ചെയ്തത്. ഇവയുടെ പ്രചാരത്തിന് ചുക്കാന്‍ പിടിച്ച പല കൃഷിശാസ്ത്രജ്ഞരും, കൃഷിമന്ത്രിമാരും ഇവയുടെ ദോഷങ്ങളെപ്പറ്റി അജ്ഞരായിരുന്നു എന്ന് കാലം തെളിയിച്ചു. കാരണം ഇത്തരത്തിലുള്ള പലരും മാരകമായ ക്യാന്‍സര്‍ രോഗങ്ങള്‍ക്കിരയായി. നമ്മുടെ മെച്ചപ്പെട്ട പല നാടന്‍ വിത്തിനങ്ങളും നമുക്ക് നഷ്ടമായി. പകരം ലഭിച്ച ഹൈബ്രീഡ് ഇനങ്ങളെല്ലാം താല്കാലിക ലാഭം ലഭ്യമാക്കി നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തി. ഹ്രസ്വകാല വിളകള്‍ പരാഗണത്തിലൂടെ സമ്മിശ്രകൃഷിയിലെ പരാഗണത്തിലൂടെ കര്‍ഷകര്‍ സ്വയം ഉത്പാദിപ്പിച്ച് സംഭരിച്ചിരുന്ന പലതിന്റെ ഗുണം നഷ്ടമായി.
മൃഗസംരക്ഷണവും കൃഷിയും ഒത്തുചേര്‍ന്ന് നടത്തിയിരുന്ന കര്‍ഷകര്‍ക്ക് ക്ഷീരോത്പാദന മേഖലയിലുണ്ടായ ധവളവിപ്ലവം എന്ന മാറ്റം ക്രോസ് ബ്രീഡ് ഇനങ്ങളും ഡയറിഫാമുകളുമായി മാറ്റി. നമ്മുടെ തനത് നാടന്‍ പശുക്കള്‍ ഇല്ലാതായതിലൂടെ ക്രോസ്ബ്രീഡ് ചെയ്യപ്പെട്ട പശുക്കളുടെ രോഗപ്രതിരോധശക്തി കുറയുകയും പലതരം രോഗങ്ങള്‍ക്ക് അവ അടിമയാകുകയും ചെയ്തു. ക്രോസ് ബ്രീഡ് ഇനങ്ങളില്‍ നിന്ന് ലഭിക്കുന്ന പാലില്‍ ബീറ്റാകേസിന്‍ A1 ആണ് എന്നും നമ്മുടെ നാടന്‍ ഇനങ്ങളില്‍ ബീറ്റാകേസിന്‍ A2 ആയിരുന്നു എന്നും വെറ്റിറനറി യൂണിവേഴ്സിറ്റിയുടെ ഗവേഷകര്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കണ്ടെത്തിയത്. ബീറ്റാകേസിന്‍ A1 ന്റെ ദോഷവശങ്ങള്‍ നാം മനസിലാക്കിയാല്‍ അവ പ്രോത്സാഹിപ്പിക്കപ്പെട്ടത് തെറ്റായിരുന്നു എന്ന് മനസിലാക്കാം. ക്ഷീര വിപണന സംഘങ്ങള്‍ വളരുകയും കര്‍ഷകരില്‍ നിന്ന് സംഭരിച്ച് ആദ്യകാലങ്ങളില്‍ വിതരണം ചെയ്തിരുന്നവര്‍ മായം കലര്‍ത്തിയും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുത്തിയും വിപണനം ആരംഭിച്ചു. നല്ല പാലിന് പകരം ഫാറ്റും എസ്എന്‍എഫും പാല്‍പ്പൊടിയും വെള്ളവും കലര്‍ത്തി പരിഹാരം കണ്ടെതി. കൃത്രിമ പാല്‍ വിപണനത്തിലൂടെ നാമിന്നും ക്ഷീരോത്പാദനത്തില്‍ ഒന്നാം സ്ഥാനത്തുതന്നെയാണ്. ഇനിയെങ്കിലും ആരോഗ്യദായിനിയായ ബീറ്റാകേസിന്‍ A2 അടങ്ങിയ പാലുത്പാദിപ്പിക്കുന്ന നമ്മുടെ നാടന്‍ പശുക്കളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. വീടുവീടാന്തിരം നാടന്‍ പശുക്കള്‍ വളരുന്നതിലൂടെ അവയുടെ തീറ്റച്ചെലവ് കുറയുകയും, പച്ചപ്പുല്ലും ഭക്ഷ്യഅവശിഷ്ടങ്ങളും അവയ്ക്ക് തീറ്റയായി നല്‍കുകയും ചെയ്യാം.
അഞ്ച് പശുക്കളില്‍ക്കൂടുതല്‍ വളര്‍ത്തണമെങ്കില്‍ പോലൂഷന്‍ കണ്ട്രോള്‍ ബോര്‍ഡിന്റെ അനുവാദം വേണം. ഈ നാടുമുഴുവന്‍ മലിനപ്പെട്ടിട്ടും, ജലസ്രോതസ്സുകള്‍ മലിനപ്പെട്ടിട്ടും കുലുങ്ങാത്ത പ്രസ്തുതബോര്‍ഡ് അഞ്ചു പശുക്കളില്‍ക്കൂടുതല്‍ പശുവളര്‍ത്തുന്ന ക്ഷീര കര്‍ഷകരെ പശുവളര്‍ത്തല്‍ അവസാനിപ്പിക്കുവാന്‍ നിയമം കൊണ്ടു നടക്കുകയും നടപടി എടുക്കുകയും ചെയ്യും. അവര്‍ അറിയാതെ പോയത് പശുവിന്റെ മൂത്രം ഏറ്റവും മെച്ചപ്പെട്ട ജൈവ കീടനാശിനി ആണ് എന്നും, ചാണകത്തിന് ദിര്‍ഗന്ധമകറ്റുവാനും ജൈവാവശിഷ്ടങ്ങളെ ചാണകത്തിലെ ബാക്ടീരിയയുടെ സഹായത്താല്‍ വളരെവേഗം കമ്പോസ്റ്റാക്കി മാറ്റും എന്നതുമാണ്. ഇത്തരം അറിവുകള്‍ പ്രചരിപ്പിച്ച് ക്ഷീര കര്‍ഷകരെ പൊലൂഷന്‍ കണ്ടോള്‍ ബോര്‍ഡ് സഹായിച്ചിരുന്നു എങ്കില്‍ കൃഷി രക്ഷപ്പെടും എന്ന കാര്യത്തില്‍ സംശയം വേണ്ട. ജൈവേതരമാലിങ്ങള്‍ ജൈവമാലിന്യത്തോടൊപ്പം സംസ്കരിച്ച്  ജൈവവളമാക്കിയ കേന്ദ്രീകൃത മാലിന്യ സംസ്കരണം വളത്തിലൂടെ ഘനലോഹങ്ങള്‍ വര്‍ദ്ധിപ്പിച്ചും, വിശാംശം കലര്‍ത്തിയും കാര്‍ഷികമേഖലയെമാത്രമല്ല പരിസ്ഥിതിയും തകര്‍ക്കുകകൂടി ചെയ്തു.  ക്രോസ്ബ്രീഡ് ഇനം പശുക്കള്‍ക്ക് വേണ്ട തീറ്റയുടെ അളവും വളരെകൂടുതലാണ്. അവയുടെ ആയുസ്സും കറവാകുന്നത് അമിതോത്പാദനത്തിലൂടെയാണ്. പച്ചപ്പുല്ലിന്റെ അളവ് ഇത്തരം പളുക്കള്‍ക്ക് കൂടിയാല്‍ വരുന്നത് നൈട്രേറ്റ് പോയിസണിംഗ് എന്ന അസുഖമാണ്. വെറ്റിറനറി യൂണിവേഴ്സിറ്റിയുടെ ഗവേഷണഫലങ്ങള്‍ മൃഗഡോക്ടര്‍മാരില്‍ ശരിയായ രീതിയില്‍ എത്താത്തതുകാരണം തൊഴുത്തിലെ പശുക്കള്‍ മുഴുവന്‍ ചത്തുവീണാലും രോഗചികിത്സ സാധ്യമാകില്ല. മുന്‍കാലങ്ങളില്‍ നാടന്‍ ചെക്കുകളില്‍ ആട്ടിയെടുത്തിരുന്ന പിണ്ണാക്ക് മെച്ചപ്പെട്ടതായിരുന്നു. എന്നാല്‍ ഇന്ന് പരിഷ്കരിച്ച മില്ലുകളില്‍ ആട്ടിയെടുത്ത് വീണ്ടും എക്സ്‌പെലന്റ് ചേര്‍ത്ത് ബാക്കിയുള്ള ഗുണവും ഊറ്റിയെടുത്തശേഷം വെറും ചണ്ടിയാണ് കാലിത്തീറ്റയായി ഉയര്‍ന്ന വിലയ്ക്ക് ലഭിക്കുന്നത്.
മികച്ച വിദ്യാഭ്യാസത്തിന് തങ്ങളുടെ മക്കളെയും ചെറുമക്കളെയും പ്രോത്സാഹിപ്പിക്കുന്ന രക്ഷിതാക്കള്‍ അവരെ ടെറസിലും വീട്ടുമുറ്റത്തും വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും മറ്റും കൃഷി ചെയ്യുവാനും കൂടി പഠിപ്പിക്കുന്നത് നല്ലതാണ്. പ്രായോഗിക കൃഷി രീതികള്‍ കുട്ടികളില്‍ ജൈവ ജൈവേതരമാലിന്യങ്ങള്‍ തുടക്കത്തില്‍ത്തന്നെ വേര്‍തിരിച്ച് സംഭരിക്കേണ്ടതിന്റെയും, ശരിയായ ജൈവമാലിന്യ സംസ്കരണരീതിയുടെയും വിവിധ രീതികള്‍ പ്രാവര്‍ത്തികമാക്കുവാനുള്ള പരിശീലനവും സാധ്യമാക്കാം. കമ്പോസ്റ്റ് നിര്‍മ്മാണരംഗത്ത് നാം മറന്നുപോയ കക്കൂസ് മാലിന്യസംസ്കരണം ബയോഗ്യാസ് പ്ലാന്റുകളിലൂടെ മീഥൈന്‍ വാതകമായി മാറ്റിയും സ്ലറിയെ കട്ടിരൂപത്തിലാക്കി എയരോബിക് കമ്പോസ്റ്റാക്കിയും ബാക്കിയാവുന്ന മലിനജലത്തെ ലളിതമായ മാര്‍ഗങ്ങളിലൂടെ ശുദ്ധീകരിച്ച് മണ്ണിലേയ്ക്ക് ആഴ്ത്തിവിട്ട് ഭൂമിയെ റീചാര്‍ജ് ചെയ്യുന്നതിലും പങ്കാളിയാവാം. 

ശനിയാഴ്‌ച, ജനുവരി 08, 2011

കൃഷി ഓഫീസര്‍ക്ക് ശരിക്കും എന്താണ് പണി?

2011 ജനുവരി 9 ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.

ജൈവകൃഷി റബ്ബര്‍ തോട്ടത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ ആരംഭിക്കുന്നത് 2005 മുതലാണ്. അതിന് പ്രേരകമായത് പട്ടമരപ്പ് വന്ന റബ്ബര്‍ മരങ്ങളില്‍ പുതുപട്ട ചുരണ്ടി നോക്കിയാല്‍ പച്ചനിറം കാണുന്നില്ല എന്ന അറിവിന് ബദലായി ഡോ. തോമസ് വര്‍ഗീസ് എന്ന സോയില്‍ സയന്‍സ് ശാസ്ത്രജ്ഞന്റെ നിര്‍ദ്ദേശപ്രകാരം മഗ്നീഷ്യം സല്‍ഫേറ്റ് ഉണങ്ങിയ ഇലകള്‍ ചുട്ടുകരിച്ച ഭാഗത്ത് വിതറിയപ്പോള്‍ ലഭിച്ച അനുഭവമായിരുന്നു. അതുകൊണ്ടുതന്നെയാണ് സെക്കന്‍ഡറി തിക്കനിംഗ് ഓഫ് ഡൈകോട് സ്റ്റെം എന്ന ലേഖനം തിരുമല ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മിനി എന്ന ബോട്ടണി ടീച്ചറെക്കൊണ്ട് എഴുതിക്കുവാനും മനസിലാക്കുവാനും മറ്റുള്ളവര്‍ക്കായി പ്രസിദ്ധീകരിക്കുവാനും സാധിച്ചതും. കര്‍ഷകനും ശാസ്ത്രജ്ഞനും തമ്മിലുള്ള അകലം കുറഞ്ഞുകിട്ടിയത് തന്റെ കൂടുതല്‍ പഠനങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും കാരണമായി എന്ന് കാലം തെളിയിച്ചു. റബ്ബര്‍ മരങ്ങളെ നാശത്തില്‍ നിന്ന് കരകയറ്റുവാന്‍ ബയോഗ്യാസ് സ്ലറിയ്ക്ക് സാധിച്ചു. ഒപ്പം പലതരം രോഗങ്ങള്‍ നേരിട്ടിരുന്ന തന്റെ പശുകള്‍ക്ക് ആരോഗ്യം വീണ്ടെടുക്കുവാനും മഗ്നീഷ്യം കലര്‍ന്ന ജൈവപാല്‍ ഭക്ഷിക്കുന്നതിലൂടെ തനിക്ക് ബ്ലഡ്പ്രഷറും ഡയബറ്റിക്സും ഇല്ല എന്ന് സ്വയം തെളിയിക്കുന്നു. വയറുനിറയെ പായസം കഴിച്ചാലോ രണ്ടുനേരം വിശന്നിരുന്നാലോ 62 -ാം വയസിലും ഒരു പ്രശ്നവും ഇല്ല എന്നതുതന്നെയാണ് ബ്ലഡ് ടെസ്റ്റിനേക്കാള്‍ മികച്ച സെല്‍ഫ് ടെസ്റ്റ്.