തിങ്കളാഴ്‌ച, ഫെബ്രുവരി 02, 2009

എന്റെ അറുപതാം പിറന്നാള്‍ വേളയിലൊരു തിരിഞ്ഞുനോട്ടം

ഇന്ന് ഞാനെന്റെ അറുപതാം പിറന്നാള്‍ ഇവര്‍‌ക്കൊപ്പം ആഘോഷിക്കുന്നു.
അഭയബാലയിലെ അന്തേവാസികളായ പെണ്‍കുട്ടികള്‍ പാടിയ ഹൃദയസ്പര്‍ശിയായ ഒരു ഗാനം.


ഞാനെന്റെ അറുപത് വര്‍ഷത്തെ ജീവിതം ഇന്ന് പൂര്‍ത്തിയാക്കുകയാണ്. അമ്മയുടെ നാല്പത്തെട്ടാം വയസ്സില്‍ ജന്മം കൊണ്ട എനിക്ക് ജീവിതത്തിന്റെ പല പാതകളും പിന്നിടേണ്ടി വന്നു. ചെറുപ്പം മുതല്‍ പുസ്തകവായന എനിക്ക് താല്പര്യമില്ലാത്ത ഒരു വിഷയമായിരുന്നു. എന്നാല്‍ ഇന്റെര്‍ നെറ്റ് അക്കാര്യത്തില്‍ എന്നിലൊരു വലിയ മാറ്റം തന്നെ സൃഷ്ടിച്ചു. പല നല്ല സുഹൃത്തുക്കളെയും ഇന്റെര്‍നെറ്റ് എനിക്ക് സമ്മാനിച്ചു. 2005 ല്‍ ബ്ലോഗ് രചന തുടങ്ങുമ്പോള്‍ ഞാനൊരു മണ്ടശിരോമണി ആയിരുന്നു. പല ഐ.റ്റി പ്രൊഫഷണലുകളുടെയും മണിക്കൂറുകളുടെ പ്രയത്നം ഒന്നു കൊണ്ട് മാത്രമാണ് ഞാന്‍ ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചേര്‍ന്നത്. അവരെയെല്ലാം ഞാനെന്നും ഗുരു തുല്യരായി കണക്കാക്കുന്നു. വിന്‍ഡോസ് 98 ന്റെ പരിമിതികളും എന്റെ അറിവില്ലായ്മകളും മാത്രം കൈമുതലായി തുടക്കം കുറിച്ച ഞാനിന്ന് ബൂലോഗമെന്ന ഒരത്ഭുത ലോകത്താണ് എത്തിച്ചേര്‍ന്നത്. ഇന്നാണെങ്കില്‍ അനായാസം എനിക്കൊരു ബ്ലോഗറാകുവാന്‍ ബുദ്ധിമുട്ടില്ല. കാരണം ഒരു സാധാരണ ഐ.റ്റി പ്രൊഫഷണലല്ലാത്ത മലയാളിക്ക് വായിച്ച് മനസിലാക്കുവാനും സ്വന്തം ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കാന്‍ മാത്രമല്ല അതുമായി ബന്ധപ്പെട്ടതെന്തും ലഭ്യമാക്കുന്ന ആദ്യാക്ഷരി തന്നെ ഏറ്റവും നല്ലരുദാഹരണം. അഭിപ്രായ വ്യത്യാസങ്ങള്‍ പലപ്പോഴും വ്യക്തി വിദ്വേഷത്തിനും കാരണമായി ഭവിച്ചിരിക്കാം. എന്നിരുന്നാലും അവരെല്ലാം എന്റെ ഗുരുമിത്രങ്ങള്‍ തന്നെയാണ്. ശരിയായി ഒരു പാരഗ്രാഫ് പോലും മലയാളത്തിലെഴുതുവാന്‍ കഴിയാതിരുന്ന എനിക്ക് എഴുത്തിന്റെ മാതൃക പലരും കാട്ടിത്തന്നു. അവരോട് എന്റെ അകൈതവമായ നന്ദി രേഖപ്പെടുത്തട്ടെ. ഐ.റ്റി പ്രൊഫഷണലുകളുടെ ഇടയില്‍ വേറിട്ട കാഴ്ചപ്പാടുമായി പ്രവര്‍ത്തിക്കുന്ന ഒരു കര്‍ഷകനെന്ന നിലയില്‍ എന്റെ കര്‍മ്മം ചെയ്യുവാനൊരു എളിയ ശ്രമം ഞാന്‍ നടത്തുന്നു. അതില്‍ പാളിച്ചകള്‍ ഉണ്ടാവാം ശരിയും ഉണ്ടാവാം. എന്റെ തെറ്റുകളെ എനിക്ക് വിശ്വാസം വരുന്ന രീതിയില്‍ ചൂണ്ടിക്കാട്ടുന്നതില്‍ മറ്റുള്ളവര്‍ വിജയിക്കുന്നിടത്താണ് ബ്ലോഗിന്റെ വിജയം.
എനിക്കെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ കൊച്ചിയിലെ ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന പ്രഥമ മലയാളം ബ്ലോഗേഴ്സ് മീറ്റ് ഒരു വിലപിടിപ്പുള്ള ഓര്‍മ്മക്കുറിപ്പ് തന്നെയാണ്. സൌഹൃദവും സ്നേഹവും പങ്കിട്ട പ്രസ്തുത വേദി പിന്നൊരിക്കലും ഞാന്‍ കണ്ടിട്ടില്ല. അന്നത്തെ ഏറ്റവും പ്രായം ചെന്ന ബ്ലോഗര്‍ ഞാനായിരുന്നു. ഇന്ന് എന്നെ പിന്തള്ളിക്കൊണ്ട് ധാരാളം പേര്‍ എനിക്ക് വഴികാട്ടികളായി മുന്നില്‍ത്തന്നെയുണ്ട്. എന്നെക്കാള്‍ പ്രായം ചെന്നവരെ ബ്ലോഗിലായാലും നേരിട്ടായാലും ബഹുമാനിക്കണം എന്നുമാത്രമാണ് എന്റെ ആഗ്രഹം. ബൂലോഗത്ത് പിന്നീട് നടന്ന പലതും വേദനാ ജനകം ആയിപ്പോയി എന്ന് പറയുന്നതാവും ശരി. ആദ്യകാലങ്ങളില്‍ ബ്ലോഗിന് നിരക്കാത്ത ആശയങ്ങളുള്ളവ തനിമലയാളം, ചിന്ത പോലുള്ള അഗ്രിഗേറ്ററിലൂടെ ലിസ്റ്റില്‍ ഉള്‍‌പ്പെടുത്തുന്നതില്‍ നിന്നും തടയപ്പെട്ടിരുന്നു. ഇന്ന് അപ്രകാരം തടയുവാന്‍ കഴിന്ന അവസ്ഥ അല്ല എന്നു പറയുന്നതാവും ശരി. അഗ്രിഗേറ്ററുകള്‍ ധാരാളം സുലഭം ആണ് താനും.
സൌജന്യമായി നമുക്ക് ലഭിക്കുന്ന ഇടം ചില നിബന്ധനകള്‍ക്ക് വിധേയമാണെങ്കില്‍ക്കൂടി "ഐ എഗ്രി" എന്ന് ഞെക്കി വായിച്ചുപോലും നോക്കാതെ ലംഘിക്കപ്പെടുന്ന ഒരവസ്ഥയാണ് നിലവിലുള്ളത്. അവരെല്ലാം എന്നെക്കാള്‍ എത്രയോ വിദ്യാ സമ്പന്നര്‍ ആണ് എന്നോര്‍ക്കുമ്പോള്‍ ലജ്ജതോന്നുന്നു. ബൂലോഗത്തിന് മാതൃകയാക്കുവാന്‍ കഴിയുന്ന ധാരാളം ബ്ലോഗര്‍മാരും ബ്ലോഗിനികളും ഉള്ളത് അഭിമാനിക്കാവുന്ന ഒന്നു തന്നെയാണ്. ഇത്തരുണത്തില്‍ ഞാനാരുടെയും പേരുകള്‍ വ്യക്തമാക്കുന്നില്ല. യൂണികോഡെന്ന മലയാളം ഫോണ്ട് ഇന്ന് ലോകവ്യാപകമായി വായിക്കുവാനും എഡിറ്റ് ചെയ്യുവാനും പ്രസിദ്ധീകരിക്കുവാനും സാധ്യമാക്കിത്തന്ന പ്രൊഫഷണലുകളും അല്ലാത്തവരുമായ പലരെയും എന്റെ എളിയ പ്രണാമം അറിയിക്കട്ടെ. പൈറേറ്റഡ് സോഫ്റ്റ്‌വെയറുകളും ഓപ്പറേറ്റിങ്ങ് സിസ്റ്റവും ഉപയോഗിക്കുന്നതില്‍ നിന്നും എനിക്ക് ഗ്നു-ലിനക്സ് സമ്മാനിച്ച യുവ തലമുറ എനിക്ക് നല്ലൊരു വഴികാട്ടിയായി. അന്നും ഇന്നും എന്നെ സ്നേഹിക്കുന്നവരെയും പ്രായത്തില്‍ ബഹുമാനിക്കുന്നവരെയും ഞാനീ സുദിനത്തില്‍ അഭിനന്ദിക്കട്ടെ. നാളെത്തെ വാഗ്ദാനങ്ങളായ നിങ്ങള്‍ തെറ്റും ശരിയും തിരിച്ചറിയുവാന്‍ എന്നെക്കാള്‍ കഴിവുള്ളവരാണുതാനും.
ഞാന്‍ എന്നും ഓര്‍മ്മിക്കുവാന്‍ ആഗ്രഹിക്കുന്നത് സൌജന്യമായിക്കിട്ടിയ സ്പേസ് ഗൂഗിളിന്റെ നിബന്ധനകള്‍ക്കും ഞാന്‍ താമസിക്കുന്ന രാജ്യത്തിന്റെ നിയമങ്ങള്‍ക്കും വിധേയമായി രചനകള്‍ പ്രസിദ്ധീകരിക്കണം എന്നു തന്നെയാണ്. ഞാന്‍ പ്രസിദ്ധീകരിക്കുന്ന വിഷയങ്ങള്‍ക്കും അതില്‍ വരുന്ന കമെന്റുകള്‍ക്കും ഞാന്‍ തന്നെയാണ് ഉത്തരവാദി. ഇത്തരം കാര്യങ്ങള്‍ ഞാന്‍ ശിരസാ വഹിക്കുവാന്‍ ബാധ്യസ്ഥനാണ്. എന്റെ രചനകള്‍ ആരെയെങ്കിലും വേദനിപ്പിച്ചു എങ്കില്‍ അത് ഒരിക്കലും കരുതിക്കൂട്ടി ആയിരുന്നില്ല. അതെന്റെ കര്‍മ്മമായിരുന്നു എന്നുമാത്രം ഞാന്‍ ഓര്‍ക്കുവാന്‍ ആഗ്രഹിക്കുന്നു. എനിക്ക് നല്ലൊരു വഴിയാട്ടിയാവുന്ന ഓരോരുത്തരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു.
അച്ചടക്കമില്ലാതെ വളര്‍ന്ന എന്റെ ചെറുപ്പത്തിന് അച്ചടക്കവും, മുതിര്‍ന്നവരെയും മേലുദ്യോഗസ്ഥരെയും ബഹുമാനിക്കാനും (ബൈ ഓര്‍ഡര്‍ തന്നെ), ജാതിഭേദങ്ങളുടെയും ഭാഷയുടെയും അതിര്‍ വരമ്പുകളില്ലാതെ ജീവിക്കുവാന്‍ എന്നെ പഠിപ്പിച്ചത് എന്റെ പതിനേഴ് വര്‍ഷത്തെ പട്ടാള ജീവിതമായിരുന്നു.