ടെക്‌നോപാര്‍ക്കിലെ 'കാര്‍ഷിക വിപ്ലവം'
മുന്നൂറ്
ഏക്കറില്‍ തീര്‍ത്ത ആഗോള ഗ്രാമമാണ് തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്.
ആധുനിക കേരളത്തിന്റെ മുഖം. അവിടെ തലയുയര്‍ത്തി നില്‍ക്കുന്നത് കേവലം
കെട്ടിടങ്ങളല്ല, ചാരുതയേറിയ ശില്‍പ്പങ്ങളാണ്. ഒന്ന് ഒന്നിനെ
അതിശയിക്കുന്നു. 40 ലക്ഷം ചതുരശ്ര അടി വരും മൊത്തനിര്‍മിത വിസ്തൃതി. 225
കമ്പനികളും 30,000 ഐ.ടി. വിദഗ്ധരും ഇവിടെയുണ്ട്. രാവെന്നോ പകലെന്നോ ഇല്ല,
സദാ സജീവം. സ്മാര്‍ട്ട് സിറ്റിയോ മറ്റെന്തോ വന്നോട്ടെ ടെക്‌നോപാര്‍ക്കിന്റെ
മാറ്റ് കുറയില്ല.
ആ തൊപ്പിയിലേക്കിതാ ഒരു പൊന്‍തൂവല്‍ കൂടി. ലക്ഷങ്ങള്‍ ശമ്പളമുള്ള
ടെക്‌നോപാര്‍ക്കിലെ ജോലിക്കാര്‍ കൃഷിയിലേക്ക് തിരിയുന്നു.
സംശയമുണ്ടെങ്കില്‍ പാര്‍ക്കിലെ ബാങ്ക് ശാഖയില്‍ ചെല്ലുക. കഴിഞ്ഞ മൂന്നര
വര്‍ഷത്തിനിടെ 200 ഓളം പേര്‍ കാര്‍ഷിക വായ്പ എടുത്തതിന്റെ രേഖ അവിടെ കാണാം.
എല്ലാം സ്വര്‍ണം പണയംവെച്ച് എടുത്ത വായ്പകളാണ്.
കൃഷിയിലേക്ക് തിരിഞ്ഞത് വികസിത രാജ്യങ്ങളിലെ പ്രതിസന്ധികൊണ്ടാണോ എന്ന
ചോദ്യത്തിന് കനത്തില്‍ നെറ്റി ചുളിച്ച് ഒരു സോഫ്റ്റ്‌വേര്‍ എന്‍ജിനീയറുടെ
മറുചോദ്യം. ''കൃഷിയോ? ഇവിടെയോ? പണം കായ്ക്കുന്ന മരമാണോ ഉദ്ദേശിച്ചത്?''
അതാണ് കാര്യം. കൃഷിയും കൃഷിയിടവും ബാങ്ക് രേഖയിലേ ഉള്ളൂ. ഭൂമിയിലില്ല.
മൊത്തം വായ്പയുടെ 18 ശതമാനം കാര്‍ഷിക വായ്പ ആയിരിക്കണമെന്ന സര്‍ക്കാര്‍
നിബന്ധന പാലിക്കാന്‍ ബാങ്കുകാര്‍ സ്വര്‍ണം കൈയിലുള്ളവരെ കര്‍ഷകരായി
പ്രഖ്യാപിച്ച് വായ്പ നല്കുകയായിരുന്നു.
പത്തു ശതമാനമാണ് കാര്‍ഷിക വായ്പപ്പലിശ. അഞ്ചു ശതമാനം സബ്‌സിഡിയും
കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് ഒരു ശതമാനം റിബേറ്റും കഴിച്ചാല്‍ നാലു
ശതമാനമേ വരൂ. ബാങ്കുകളുടെ മുഖ്യ വായ്പ നിരക്ക് 15-16 ശതമാനമാണെന്നിരിക്കെ
നാലു ശതമാനത്തിന് കിട്ടിയാല്‍ കയ്ക്കുമോ? സ്വര്‍ണം കൈയിലുള്ളവര്‍ ഈ സൗകര്യം
ഉപയോഗിച്ചു. അങ്ങനെയാണ് ടെക്‌നോപാര്‍ക്കിലും 'കൃഷി'യിറിങ്ങിയത്. ഇങ്ങനെ
എത്ര ബാങ്കുകള്‍, എത്ര ശാഖകള്‍?
ലക്ഷാധിപതികള്‍ക്കും കോടീശ്വരന്മാര്‍ക്കും കാര്‍ഷിക വായ്പ കൊടുത്ത
ബാങ്കുകാര്‍ യഥാര്‍ഥ കൃഷിക്കാരന് വായ്പ കൊടുക്കാതിരിക്കാന്‍ പ്രത്യേകം
ശ്രദ്ധിച്ചു. കൊടുത്താല്‍ തന്നെ നാമമാത്രമാകാനും. കാരണം തിരിച്ചുകിട്ടുമോ
എന്ന പേടി. സ്വര്‍ണമാണെങ്കില്‍ ആ പേടി വേണ്ടല്ലോ. അങ്ങനെ കൃഷി വളര്‍ത്താന്‍
ഉപയോഗിക്കേണ്ട ആയിരക്കണക്കിന് കോടി രൂപ ബാങ്കുകള്‍ വകമാറ്റി.
കള്ളപ്പണക്കാരും കരിഞ്ചന്തക്കാരും ബ്ലേഡ് മാഫിയയും സര്‍ക്കാര്‍
ഉദ്യോഗസ്ഥരും ബാങ്ക് ജീവനക്കാരും വിരമിച്ചവരും കാര്‍ഷിക വായ്പയുടെ
അവകാശികളായപ്പോള്‍ സ്വര്‍ണം കൈവശമില്ലാത്ത പാവങ്ങള്‍ ബാങ്ക് വാതിലുകള്‍
മാറിമാറി മുട്ടി തളരുന്നു. പുഴയിലെ ശവംപോലെ ബാങ്കുകാര്‍ അവരെ തള്ളിവിട്ടു;
അവര്‍ക്ക് കിട്ടേണ്ട ആനുകൂല്യം അനര്‍ഹര്‍ക്ക് നല്കി. അസാമാന്യ വലിപ്പമുള്ള
കുംഭകോണമാണ് ദരിദ്ര കര്‍ഷകരുടെ ചെലവില്‍ കേരളത്തില്‍ അരങ്ങേറിയത്. കര്‍ഷക
ആത്മഹത്യ വീണ്ടും പെരുകുന്ന പശ്ചാത്തലത്തില്‍ ഒരു അന്വേഷണം
കാര്‍ഷിക വായ്പ എന്ന പകല്‍ക്കൊള്ള
കാര്‍ഷിക വായ്പയില്‍ ബാങ്കുകള്‍ ലക്ഷ്യം നേടുമ്പോഴും കര്‍ഷകര്‍ എന്തുകൊണ്ട്
ആത്മഹത്യ ചെയ്യേണ്ടിവരുന്നു? കര്‍ഷകര്‍ക്കല്ലേ കാര്‍ഷികവായ്പ
കൊടുക്കുന്നത് ?
ലക്ഷം കോടി ബിസിനസിന്റെ അവകാശവാദവുമായി ബാങ്ക് ശാഖകള്‍ക്ക് മുന്‍പില്‍
കൈവിരിച്ച് കിടക്കുന്ന ഫ്ലക്‌സ് ബോര്‍ഡുകളുടെ കൂട്ടത്തില്‍ ഇപ്പോള്‍
ഒരെണ്ണം കൂടി കാണാം.
'സ്വര്‍ണപ്പണയത്തിന്‍മേല്‍ കുറഞ്ഞപലിശയ്ക്ക് കാര്‍ഷിക വായ്പ; വ്യവസ്ഥകള്‍
ബാധകം.' ബാങ്കില്‍ ചെന്നാലറിയാം, വ്യവസ്ഥ കര്‍ഷകനായിരിക്കണം എന്നല്ല. നാലു
ശതമാനം പലിശയ്ക്ക് മൂന്ന് ലക്ഷം രൂപ വരെയേ ഒരാള്‍ക്ക് വായ്പ കിട്ടൂ
എന്നാണ്. പത്തുലക്ഷം വരെ കിട്ടും, പലിശ 12-13 ശതമാനമാകും. മുഖ്യ വായ്പ
നിരക്കിനേക്കാള്‍ കുറവാണതും. അതേസമയം, രേഖകളില്‍ കൃത്യമായി
എഴുതിവെച്ചിട്ടുണ്ട്; ആള്‍ കര്‍ഷകനായിരിക്കണം, പാട്ടത്തിനോ പങ്കിനോ കൃഷി
ചെയ്യുന്നതാണെങ്കില്‍ അതിന്റെ രേഖ ഹാജരാക്കണം, സ്ഥലത്തിനാനുപാതികമായേ വായ്പ
നല്കാവൂ എന്നൊക്കെ.
എഴുതിവെച്ച കടലാസിന്റെ വില പോലും കല്പിക്കുന്നില്ല ബാങ്കുകള്‍ ഇതിന്.
അഞ്ചും പത്തും സെന്റുള്ളവര്‍ക്ക് ഒരു രേഖയും ഹാജരാക്കാതെ രണ്ടും മൂന്നും
ലക്ഷം നല്‍കി. ഒട്ടും സ്ഥലം ഇല്ലാത്തവര്‍ പാട്ടത്തിന് സ്ഥലം എടുത്തതായി
വെള്ളക്കടലാസില്‍ എഴുതിക്കൊടുത്തപ്പോള്‍ അവര്‍ക്കും നല്‍കി. റിസര്‍വ്
ബാങ്ക് അല്പം കര്‍ശനമായപ്പോള്‍ സ്ഥലത്തിന്റെ കരം കെട്ടിയ രസീതിന്റെ കോപ്പി
ആവശ്യപ്പെട്ടു. ആവശ്യക്കാര്‍ ആവശ്യത്തിന് കോപ്പി എടുത്ത് പല ബാങ്കില്‍
നിന്നായി പണമെടുത്തു. കൃഷിയുടെ പേരും സ്വഭാവവും അപ്പപ്പോള്‍ തോന്നിയത്
ജീവനക്കാര്‍ എഴുതിച്ചേര്‍ത്തു.
പത്തുസെന്റിന് മൂന്ന് ലക്ഷം കിട്ടുമോ എന്ന സംശയത്തിന് ''സ്വര്‍ണം പണയം
വെക്കാനായി സ്ഥലം വാങ്ങാന്‍ പറ്റുമോ''-എന്ന് അങ്കമാലിയിലെ ഒരു ബാങ്ക്
ഓഫീസര്‍.
''ഞങ്ങള്‍ വളരെ കര്‍ശനമാണ് ''- കോഴിക്കോട്ടെ ഒരു ബാങ്ക് മാനേജര്‍
വിശദീകരിച്ചു. ''കൃഷി ആവശ്യത്തിനാണ് പണം എന്ന് എഴുതി വാങ്ങാറുണ്ട്.''
അര്‍ഥം: അന്വേഷണം വന്നാല്‍ ബാങ്കുകാര്‍ കുടുങ്ങില്ല; വായ്പക്കാരന്‍ തെറ്റിദ്ധരിപ്പിച്ചതാണെന്ന് തെളിവ് നിരത്തും.
സ്വാമിനാഥന്‍ ലജ്ജിക്കട്ടെ
ബാങ്കുകളുടെ സ്വര്‍ണകൃഷി ഭീമാകാരം പൂണ്ടത് 2008-2009-ലെ കേന്ദ്ര ബജറ്റിനു
ശേഷമാണ്. 72,000 കോടിയുടെ കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന് ധനമന്ത്രി
പ്രഖ്യാപിച്ചത് ആ ബജറ്റിലായിരുന്നു. കുടിശ്ശിക വരുത്താത്തവര്‍ക്കല്ല,
വരുത്തിയവര്‍ക്കാണ് ഇതിന്റെ ആനുകൂല്യം കിട്ടിയത്. മേലില്‍ കര്‍ഷകര്‍
കുടിശ്ശിക വരുത്തും എന്ന് ധരിച്ചുവശായി ബാങ്കുകള്‍. സ്ഥലം ഈടില്‍ വായ്പ
നല്‍കിയാല്‍ തിരിച്ചുകിട്ടില്ല. ജപ്തി ചെയ്യാമെന്നുവെച്ചാല്‍ കര്‍ഷക
സംഘടനകള്‍ സമ്മതിക്കില്ല. കിട്ടാക്കടം പെരുകും. ലാഭം കുറയും. എന്തിന്
റിസെ്കടുക്കണം? സ്ഥലം ഈടില്‍ കാര്‍ഷിക വായ്പ ഏറെക്കുറെ നിരോധിച്ചു. പക്ഷേ,
സര്‍ക്കാര്‍ നിബന്ധന പാലിക്കാതെ പറ്റില്ലല്ലോ. അങ്ങനെയാണ് മഞ്ഞ ലോഹത്തില്‍
മനസ്സുടക്കിയത്. ഗ്രാമങ്ങളില്‍ അതിന്റെ സാധ്യത പരിമിതമായിരുന്നു.
നഗരങ്ങളില്‍ കണ്ണുനട്ടപ്പോള്‍ വിശാല ലോകം തുറന്നുകിട്ടി. കാര്‍ഷിക വായ്പ
അതിര്‍ത്തികള്‍ ഭേദിച്ചു.
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയമായ സ്റ്റാച്യൂ ജങ്ഷനിലെ ഒരു ബാങ്ക് ശാഖ
മൂന്നര വര്‍ഷംകൊണ്ട് 223 പേര്‍ക്കായി 3.47 കോടിയുടെ കാര്‍ഷിക വായ്പ
നല്‍കിയപ്പോള്‍ എന്‍. ആര്‍. ഐ. ശാഖ വെറുതെ ഇരുന്നില്ല, അവര്‍ 50 പേര്‍ക്ക്
1.14 കോടി നല്‍കി. മെഡിക്കല്‍ കോളേജ് ശാഖ ഈ പാത പിന്തുടര്‍ന്ന് മുക്കാല്‍
കൊല്ലംകൊണ്ട് 25 പേര്‍ക്ക് 26 ലക്ഷം നല്‍കി രാജ്യത്തിന്റെ കാര്‍ഷിക
വളര്‍ച്ചയില്‍ പങ്കാളിയായി. എല്ലാം സ്വര്‍ണ ഈടിലായിരുന്നു. ശരിയായ
കൃഷിക്കാരന് ഒരു രൂപ കൊടുത്തില്ല.
എറണാകുളം
നഗരമേഖലയില്‍ ഒരു ബാങ്കിന്റെ വിവിധ ശാഖകള്‍ 2010 ഏപ്രില്‍ മുതല്‍ ഡിസംബര്‍
വരെയുള്ള എട്ടുമാസം കൊണ്ട് സ്വര്‍ണ നിറമുള്ള 2045 കര്‍ഷകരെ കണ്ടെത്തി
31.54 കോടി വിതരണം ചെയ്തു. കണ്ണു തട്ടാതിരിക്കാനാണെന്നു തോന്നുന്നു, സ്ഥലം
ഈടില്‍ 17 പേര്‍ക്കായി 28 ലക്ഷവും നല്‍കി. മറ്റൊരു ബാങ്കിന്റെ കോഴിക്കോട്
ചെറൂട്ടി റോഡിലെ ശാഖ ഇതേ കാലയളവില്‍ 317 പേര്‍ക്കായി നല്‍കിയത് 293. 89
ലക്ഷം രൂപയായിരുന്നു. സ്ഥലം ഈടില്‍ കൊടുത്തത് നാലേ നാലു പേര്‍ക്ക് .
എന്തുകൊണ്ടിങ്ങനെ എന്ന ചോദ്യത്തിന് ''ടൗണല്ലേ, കര്‍ഷകര്‍ കുറവല്ലേ''-എന്ന്
ബാങ്ക് മാനേജര്‍ നിരാശപ്പെട്ടു.
ഇവിടങ്ങളില്‍ മാത്രമല്ല, കണ്ണൂരും കോഴിക്കോട്ടും തൃശ്ശൂരും എന്നുവേണ്ട
കേരളത്തിലെ ഒട്ടുമിക്ക നഗരങ്ങളിലും ഒട്ടുമിക്ക ശാഖകളിലും വന്‍തോതില്‍
കാര്‍ഷിക വായ്പ വിതരണം ചെയ്തതായി വിവരാവകാശ പ്രകാരം ലഭ്യമായ നിരവധി രേഖകള്‍
സാക്ഷ്യപ്പെടുത്തുന്നു. 90 ശതമാനവും സ്വര്‍ണ ഈടില്‍ . അതുകൊണ്ടുതന്നെ
ഇതില്‍ സംഘടിത തീരുമാനത്തിന്റെ സ്വഭാവം കാണാം. ഒരു കണക്കിന് ബാങ്കുകളെ
സമ്മതിക്കണം,
കേരള
നഗരങ്ങളിലെ ഇത്രയും വിപുലമായ കൃഷി സാധ്യത കാണാന്‍ എം.എസ്. സ്വാമിനാഥനോ
ആസൂത്രണ വിദഗ്ധര്‍ക്കോ കഴിഞ്ഞില്ലല്ലോ. നഗരത്തിലേക്ക് കൃഷി
പടര്‍ന്നതുകൊണ്ട് അടുത്തകാലത്ത് കൃഷിവായ്പ വിതരണം ലക്ഷ്യത്തിനും മേലെയാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 139 ശതമാനമാണ് ലക്ഷ്യം നേടിയത്. അതായത് 100 രൂപ
വായ്പ കൊടുക്കാന്‍ പറഞ്ഞപ്പോള്‍ ബാങ്കുകള്‍ 139 രൂപ കൊടുത്തു.
ശാഖാമാനേജര്‍മാരുടെ കലവറയില്ലാത്ത പിന്തുണകൊണ്ടാണ് ഈ 'കാര്‍ഷിക വിപ്ലവം'
വിജയിപ്പിക്കാനായത്. അത് അംഗീകരിച്ച് അവരുടെ കോണ്‍ഫിഡന്‍ഷ്യല്‍
റിപ്പോര്‍ട്ടില്‍ മേലുദ്യോഗസ്ഥര്‍ മികച്ച പ്രകടനം എന്ന് എഴുതിച്ചേര്‍ത്തു.
അതിന്റെ ബലത്തില്‍ അവര്‍ക്ക് സ്ഥാനക്കയറ്റം കിട്ടി. ശമ്പളം കൂടി. ഒരു
ബാങ്കിന്റെ ചീഫ് ജനറല്‍ മാനേജര്‍ കഴിഞ്ഞ ജൂലായില്‍ വിരമിച്ചത് കാര്‍ഷിക
വായ്പയില്‍ കേരളസര്‍ക്കിളിനെ രാജ്യത്ത് ഒന്നാമതാക്കി എന്ന
ചാരിതാര്‍ഥ്യത്തോടെയാണ്. കൃഷിവായ്പ ലക്ഷ്യം നേടിയതായി പ്രധാനമന്ത്രിയും
ധനമന്ത്രിയും രാജ്യത്താകമാനം പറഞ്ഞുനടന്നത് ഇത്തരം കണക്കുകളുടെ
പിന്‍ബലത്തിലായിരുന്നു.
ഒരു ഭാഗത്ത് മേനിപറച്ചില്‍ കൊഴുത്തു. മറുഭാഗത്ത് കര്‍ഷകര്‍ മരണക്കയത്തില്‍ മുങ്ങിത്താണു.
കണക്കിലെ കളി
സ്ഥലം: സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി (എസ്.എല്‍.ബി.സി.) ഓഫീസ്, തിരുവനന്തപുരം
തിയ്യതി: 13.10.2011
ചോദ്യം: കാര്‍ഷിക വായ്പയില്‍ സ്വര്‍ണ വായ്പ എത്ര ശതമാനം വരും?
യുവ ബാങ്ക് ഓഫീസറുടെ ഉത്തരം: 50 ശതമാനത്തോളം.
ചോദ്യം: അതിനേക്കാള്‍ കൂടുതലല്ലേ?
ഉത്തരം: ഇവിടെ ഇരിക്കുന്ന കണക്ക് ഇങ്ങനെയാണ്. 2011 മാര്‍ച്ച് 31 വരെയുള്ള
കാര്‍ഷിക വായ്പ 27,439 കോടിരൂപ. സ്വര്‍ണ വായ്പ 14,065 കോടി രൂപ. കൃത്യമായി
പറഞ്ഞാല്‍ 51. 25ശതമാനം. എന്താ ശരിയല്ലേ?ഒരു കണക്കിന് ഇത് ശരിയാണ്. പക്ഷേ,
മറ്റൊരു കണക്കു കൂടിയുണ്ട്. അതു കാണാന്‍ അല്പം പിന്നോട്ടുപോകണം. 2010
സപ്തംബറില്‍ തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ
അവലോകന യോഗത്തിലേക്ക്.
യോഗത്തില്‍ 2009-10 വര്‍ഷത്തെ കണക്കവതരിപ്പിച്ചു കൊണ്ട് മുഖ്യ സംഘാടകന്‍
വിനയാന്വിതനായി. ''കാര്‍ഷിക വായ്പ മൂന്നു വര്‍ഷംകൊണ്ട്
ഇരട്ടിയാക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. ഇവിടെ രണ്ടു വര്‍ഷം കൊണ്ടത്
നേടാനായി.''
എല്ലാവര്‍ക്കും സന്തോഷം . ബാങ്കുകള്‍ പണമൊഴുക്കാഞ്ഞിട്ടാണ് കേരളത്തില്‍
കൃഷി വളരാത്തതെന്ന് ആരും പറയില്ലല്ലോ. പക്ഷേ, യോഗത്തില്‍ പങ്കെടുത്ത
നബാര്‍ഡ് പ്രതിനിധി ഒരു കാര്യം ചൂണ്ടിക്കാട്ടി. ബാങ്കുകള്‍ കൊടുത്ത
വായ്പയില്‍ 83 ശതമാനവും വിളവായ്പ അഥവാ ഹ്രസ്വകാല വായ്പയാണെന്നും അതില്‍ 70
ശതമാനവും സ്വര്‍ണപ്പണയ വായ്പയാണെന്നും ഇത് ഉപയോഗപ്പെടുത്തുന്നത് ആരാണെന്ന്
ശ്രദ്ധിക്കണമെന്നും.
അപ്പോള്‍ തെറ്റിയത് നബാര്‍ഡ് പ്രതിനിധിക്കോ
ബാങ്കേഴ്‌സ് സമിതിക്കോ?
ആര്‍ക്കും തെറ്റിയതല്ല, കണക്കിലെ കളിയാണിത്. സാധാരണക്കാര്‍ ചോദിച്ചാല്‍
ഇക്കണ്ട കാലമത്രയും നല്‍കിയ മൊത്തം കാര്‍ഷിക വായ്പയില്‍ തിരികെ കിട്ടാനുള്ള
തുകയാണ് നിലവിലുള്ള വായ്പത്തുകയായി ബാങ്കേഴ്‌സ് സമിതി പറയുക .
ഔട്ട്സ്റ്റാന്‍ഡിങ് എന്ന് ആംഗലേയം. അതിന്റെ 51 ശതമാനമാണ് സ്വര്‍ണ വായ്പ.
അതു ശരിയാണ്. അടുത്ത കാലത്താണല്ലോ സ്വര്‍ണക്കൃഷി വ്യാപിച്ചത്. നബാര്‍ഡ്
പ്രതിനിധി പറഞ്ഞതാകട്ടെ 2009-10 എന്ന ഒറ്റ സാമ്പത്തിക വര്‍ഷം കൊടുത്ത
വായ്പയുടെ സ്ഥിതിയും. നബാര്‍ഡ് പ്രതിനിധിയുടെ തോത് വെച്ചുനോക്കിയാല്‍
മൂന്ന് വര്‍ഷത്തെ സ്വര്‍ണപ്പണയ വായ്പ ഏതാണ്ട് ഇങ്ങനെ വരും:
നബാര്‍ഡ് പ്രതിനിധി കൊട്ടക്കണക്ക് പറഞ്ഞതാണെങ്കില്‍ രക്ഷയില്ല. പക്ഷേ,
സാധ്യത കുറവാണ്. സംസ്ഥാന സര്‍ക്കാറിന്റെ സമ്മര്‍ദം കാരണം ഈ വര്‍ഷം മുതല്‍
ബാങ്കേഴ്‌സ് സമിതി സ്വര്‍ണക്കണക്ക് പ്രത്യേകം സൂക്ഷിക്കുന്നുണ്ട്.
അതനുസരിച്ച് 2011 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നു മാസത്തെ മൊത്തം
കൃഷിവായ്പ 6865 കോടിയാണ്; സ്വര്‍ണവായ്പ 5605 കോടിയും. അതായത് 81.64 ശതമാനം.
നബാര്‍ഡ് പ്രതിനിധി പറഞ്ഞതിനേക്കാള്‍ കൂടുതല്‍.
ഇത്രയും വായ്പയ്ക്കുള്ള സ്വര്‍ണം കര്‍ഷകന്റെ പക്കല്‍ ഉണ്ടോ? ഉണ്ടെങ്കില്‍
പാടത്ത് വിളയുന്നത് സ്വര്‍ണമായിരിക്കണം. എങ്കില്‍ എന്തിനാണ് അവര്‍
ജീവനൊടുക്കുന്നത്?
ലാഭം കടം കൊണ്ടവര്‍
കൃഷിവായ്പയ്ക്ക് സ്വര്‍ണം നിര്‍ബന്ധമില്ല.
സ്വര്‍ണമുണ്ടെന്ന് ബാങ്കിന് ബോധ്യപ്പെട്ടാല്‍ മതി. തൃശ്ശൂരിലെ ഒരു
പൊതുമേഖലാ ബാങ്ക് ഒരു സ്ഥാപനത്തിന് രണ്ട് തവണയായി 125 കോടി രൂപ കാര്‍ഷിക
വായ്പ നല്‍കിയത് ഈ ബോധ്യത്തിലാണ്. കൃഷിയോ അനുബന്ധ വ്യവസായമോ നടത്തുന്നതല്ല
സ്ഥാപനം, സ്വര്‍ണം പണയം വാങ്ങി കൊള്ളപ്പലിശയ്ക്ക് വായ്പനല്‍കുന്നതാണ്-
ബ്ലേഡ് കമ്പനി തന്നെ.
ഗ്രാമശാഖകള്‍ ബാങ്കിന് കുറവായതുകൊണ്ട് കര്‍ഷകര്‍ക്ക് വായ്പ വിതരണം
ചെയ്യാനായി അവരെ ഏല്പിച്ചതാണെന്ന് ബാങ്ക് പറയുന്നു. അവര്‍ കൊടുത്താല്‍
കര്‍ഷകര്‍ കൃത്യമായി തിരിച്ചടയ്ക്കുമെന്ന് ബാങ്ക് കരുതുന്നു. ഒരുതരം
പുറംജോലിക്കരാര്‍. സ്വര്‍ണം ബാങ്കില്‍ കാണിക്കാതെ സ്വന്തം സ്ഥാപനത്തില്‍
പൂട്ടിവെച്ചാണ് സ്ഥാപനം കുറഞ്ഞ പലിശയ്ക്ക് വായ്പ സ്വന്തമാക്കിയത്. അവര്‍
അത് മൂന്നിരട്ടി പലിശയ്ക്ക് പുറത്ത് കൊടുത്ത് വന്‍ ലാഭം കൊയ്തു. ബാങ്കില്‍
കൃത്യമായി തിരച്ചടച്ച് കാര്‍ഷിക വായ്പയ്ക്കുള്ള സബ്‌സിഡി വാങ്ങുകയും
ചെയ്തു. രണ്ടുകോടിയിലേറെ രൂപയാണ് ഇങ്ങനെ കൈപ്പറ്റിയത്. രാജ്യം
ദരിദ്രകര്‍ഷകര്‍ക്കായി നീക്കിവെച്ച നികുതിപ്പണം. കഴിഞ്ഞ ബജറ്റില്‍ ഇത് 8300
കോടിയായിരുന്നു.
എന്നിട്ട് ആ സ്ഥാപനം കര്‍ഷകര്‍ക്ക് വായ്പ നല്‍കിയോ?
അത് ഉറപ്പാക്കാന്‍ മാര്‍ഗമില്ലെന്ന് ബാങ്ക് മാനേജര്‍.
ഇങ്ങനെയാണ് കേരളത്തിലെ കാര്‍ഷിക വായ്പ. പണമിടപാടുകാര്‍ കുറഞ്ഞ പലിശയ്ക്ക്
ബാങ്കില്‍ നിന്നെടുക്കുന്നു. കൊള്ളപ്പലിശയ്ക്ക് നാട്ടുകാര്‍ക്കത് കൊടുത്ത്
തടിച്ചുകൊഴുക്കുന്നു. നഗരത്തിലും നാട്ടിന്‍പുറത്തും മൊബൈല്‍ കട പോലെ
പണമിടപാട് സ്ഥാപനങ്ങള്‍ മുളച്ചുപൊന്തിയത് സ്ഥലം വിറ്റകാശുകൊണ്ടല്ല,
ഗള്‍ഫില്‍ നിന്ന് വന്നതുമല്ല, കൃഷി വായ്പ കൊണ്ടാണ്. പണം വിതച്ച് പണം
കൊയ്യുന്ന ഈ ഏര്‍പ്പാടില്‍ കര്‍ഷകന്‍ പാടത്ത് പോയിട്ട് വരമ്പത്തുപോലുമില്ല.
പൊതുമേഖലാ ബാങ്കുകള്‍ ഗ്രാമാന്തരങ്ങളിലെ വട്ടിപ്പലിശക്കാരന് മുതലങ്ങോട്ട്
സ്വര്‍ണ ഈടില്‍ കൃഷി വായ്പ കൊടുക്കുമ്പോള്‍ സ്വകാര്യ ബാങ്കുകള്‍ സ്റ്റോക്ക്
എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റുചെയ്ത വന്‍കിട ബ്ലേഡ് കമ്പനികള്‍ക്ക് മൊത്തമായി
നല്‍കുന്നു. ഒരു പുതുതലമുറ ബാങ്കിന്റെ 2007 മാര്‍ച്ചിലെ മൊത്തം കാര്‍ഷിക
വായ്പ 1387 കോടി മാത്രമായിരുന്നത് ഒറ്റ വര്‍ഷം കൊണ്ട് 500 ശതമാനം കൂടി 6924
കോടിയായി. പിറ്റേ വര്‍ഷമായപ്പോഴേക്ക് 8311 കോടി. ആകെയുള്ള 908 ശാഖകളില്‍
95 എണ്ണം മാത്രം ഗ്രാമമേഖലയിലുള്ള ബാങ്കിന് ഇതെങ്ങനെ കഴിയുന്നു?
അതാണ് കൂട്ടുകൃഷി
സ്വകാര്യബാങ്കുകളും വായ്പയില്‍ 18 ശതമാനം കൃഷിക്ക് നല്‍കണമെന്ന്
നിബന്ധനയുണ്ട്. അവര്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി കിട്ടാത്തതുകൊണ്ട് 11-12
ശതമാനമാണ് പലിശ. അതും മുഖ്യ വായ്പനിരക്കിനേക്കാള്‍ കുറവ് തന്നെ.
സ്വര്‍ണപ്പണയത്തില്‍ വായ്പ കൊടുക്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക്
(എന്‍.ബി.എഫ്.സി.) അവര്‍ വായ്പ കൊടുക്കുന്നു. സ്ഥാപനങ്ങള്‍ സ്വര്‍ണം ഈടില്‍
നാട്ടുകാര്‍ക്കും. ഏറ്റവും കുറഞ്ഞ പലിശയ്ക്ക് കര്‍ഷകര്‍ക്കും
ദരിദ്രര്‍ക്കും എന്നാണ് വെപ്പ്.
പരസ്യത്തില്‍ കാണുന്ന 'കൂറ്റന്‍ ഒന്നി'ല്‍ തുടങ്ങുന്നു സ്ഥാപനങ്ങളുടെ പലിശ.
100 രൂപയ്ക്ക് ഒരു മാസം ഒരു രൂപ. 12 ശതമാനം വാര്‍ഷിക പലിശ. ഈ കണക്ക് കണ്ട്
പണയം വെക്കാന്‍ ചെല്ലുമ്പോഴാണ് വേറെയും പലിശനിരക്കുണ്ടെന്നറിയുന്നത്- 17,
21, 24 എന്നിങ്ങനെ. പവന് കൂടുതല്‍ പണം വേണമെങ്കില്‍ കൂടുതല്‍ പലിശ നല്കണം.
ഒരാള്‍ക്ക് 50,000 രൂപ വേണമെന്നിരിക്കട്ടെ. അയാള്‍ വിവിധ പലിശ
നിരക്കുകളില്‍ നലേ്കണ്ട സ്വര്‍ണത്തിന്റെ അളവ് ഏതാണ്ട് ഇങ്ങനെ.
(സ്ഥാപനവും സ്വര്‍ണത്തിന്റെ വിലയും ഗുണവും അനുസരിച്ച് ഏറ്റക്കുറച്ചിലുണ്ട്. )
12 ശതമാനം പലിശയുടെ സ്‌കീമാണ് കര്‍ഷകനും ദരിദ്രനും. പക്ഷേ, പവന് 8700 രൂപയേ
പരമാവധി നല്‍കൂ. ഏത് ബാങ്കിലും 13,000-14,000 രൂപ കിട്ടുമെന്നിരിക്കെ
ഇവിടെ ആരെങ്കിലും പോകുമോ? പൊതുമേഖലാ ബാങ്കില്‍ പലിശ നാലു ശതമാനമാണെന്നും
ഓര്‍ക്കണം. വേറെയുമുണ്ട് കുടുക്ക്. ഒരാള്‍ക്ക് പരമാവധി 50,000 രൂപയേ
നല്‍കൂ. ചില സ്ഥാപനങ്ങള്‍ പതിനായിരം രൂപ മാത്രം. മാസംതോറും പലിശയും
അടയ്ക്കണം. എത്ര വലിയ ബുദ്ധിശൂന്യനും ഈ സ്‌കീമില്‍ ചേരില്ല. അതാണ് കമ്പനി
ഉദ്ദേശിക്കുന്നതും.
എന്നിട്ടും മദ്യശാലയുടെ മുന്‍പില്‍ എന്ന പോലെയാണ് ആളുകള്‍ ഇവിടെ ഇടിച്ചുനില്‍ക്കുന്നത്?
പരമാവധി പണം വേഗം കിട്ടാന്‍. പരസ്യത്തില്‍ കാണുംപോലെ മൂന്നു മിനിറ്റിനകം.
ബാങ്കില്‍ 50,000 രൂപയ്ക്ക് നാലു പവനോളം വേണമെങ്കില്‍ ഇവിടെ മൂന്ന് പവന്‍
തികച്ചുവേണ്ട. പലിശ കൂടുമെന്ന് മാത്രം . ഈ മോഹവലയില്‍ കുടുങ്ങുന്നത്
അധികവും പാവങ്ങളാണ്. അവരുടെ പക്കല്‍ സ്വര്‍ണം കുറവായിരിക്കുമല്ലോ. 24
ശതമാനം പലിശയ്ക്ക് 50,000 രൂപ എടുക്കുന്നവന്‍ മൂന്നു മാസം കൂടുമ്പോള്‍ 3000
രൂപ പലിശ അടയ്ക്കണം. ഒരു ദിവസം തെറ്റിയാല്‍ പലിശ 26-27 ശതമാനമാകും. ഒരു
വര്‍ഷം അടച്ചില്ലെങ്കില്‍ പിന്നെ ആ വഴിക്ക് പോകാതിരിക്കുന്നതാണ് നല്ലത്.
മുതലും പലിശയും കൂടി 62,000-64,000 രൂപയാകും. മൂന്ന് പവന്‍ വിറ്റാല്‍
കിട്ടില്ല അത്രയും. ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്ന സ്വര്‍ണം സ്ഥാപനത്തിന്
സ്വന്തമാകും. അവര്‍ അതിന്റെ ഈടില്‍ വീണ്ടും വായ്പ എടുക്കും. വല വലുതാക്കും.
ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണം ദിനംപ്രതി കൂടിവരുമ്പോള്‍ ഇത്തരം
സ്ഥാപനങ്ങള്‍ക്ക് നൂറുകണക്കിന് ശാഖ തുറക്കാന്‍ കഴിയുന്നതിന്റെ മെക്കാനിസം
ഇതു കൂടിയാണ്. 'കുറഞ്ഞ പലിശ, കൂടുതല്‍ തുക' എന്ന് പരസ്യം. 'കൂടുതല്‍ പലിശ,
കൂടുതല്‍ തുക , കൂടുതല്‍ ലാഭം' എന്ന് യാഥാര്‍ഥ്യം.
ഇതില്‍ ബാങ്കിന് രണ്ടുണ്ട് മെച്ചം . ഇടപാട് ചെലവ് കുറയും, 18 ശതമാനം എന്ന
ലക്ഷ്മണ രേഖ കടക്കും. കുറച്ച് പണം കൂടുതല്‍ പേര്‍ക്ക് നല്‍കുന്നതിനേക്കാള്‍
ബാങ്കിന് മെച്ചം കുറച്ച് പേര്‍ക്ക് കൂടുതല്‍ പണം നല്‍കുന്നതാണ്. ലക്ഷ്മണ
രേഖ കടന്നില്ലെങ്കില്‍ കടക്കാന്‍ കുറവുള്ള തുക നബാര്‍ഡിന്റെ ഗ്രാമീണ
പശ്ചാത്തല വികസന നിധിയില്‍ അടയ്ക്കണം . അത് നഷ്ടക്കച്ചവടമാണ്. കുറഞ്ഞ
പലിശയേ കിട്ടൂ. രണ്ടു ശതമാനമാണ് കുറവെങ്കില്‍ ആറു ശതമാനം പലിശ. അഞ്ചു
ശതമാനമാണെങ്കില്‍ നാലു ശതമാനം. ഒന്‍പതു ശതമാനമെങ്കില്‍ മൂന്ന് ശതമാനം.
അങ്ങനെ വിപരീതാനുപാതത്തിലാണ് പോക്ക്. കൃഷി വായ്പ
പ്രോത്സാഹിപ്പിക്കാനാണിതൊക്കെ. എന്ത് കാര്യം?കഴിഞ്ഞ വര്‍ഷം കേരളത്തിലെ
സ്വകാര്യ ബാങ്കുകള്‍ 6733 കോടി കൃഷിവായ്പ നല്‍കിയെന്നാണ് രേഖ. തൊട്ടു
മുന്‍വര്‍ഷം 5307 കോടിയും. പത്തുശതമാനമെങ്കിലും ശരിയായ കര്‍ഷകന്
ചെന്നിട്ടുണ്ടെങ്കില്‍ വന്‍ നേട്ടമായി കരുതണം.
റിസര്‍വ് ബാങ്ക് പിടിച്ചുനില്‍ക്കുമോ?
സ്വര്‍ണപ്പണയ ഇടപാട് നടത്തുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക്
നല്‍കുന്ന വായ്പ കൃഷിവായ്പയില്‍ പെടുത്താനാവില്ലെന്ന് കഴിഞ്ഞ ഫിബ്രവരിയില്‍
റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ ഇറക്കി. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും
കൂട്ടക്കരച്ചിലായിരുന്നു. കര്‍ഷകര്‍ ഇനി വായ്പയ്ക്ക് എന്തു ചെയ്യുമെന്ന്
ഒരു സ്ഥാപനത്തിന്റെ ധനകാര്യ വിഭാഗം മേധാവി വിലപിച്ചു. കാര്‍ഷിക വളര്‍ച്ചയെ
സാരമായി ബാധിക്കുന്ന കടുത്ത തീരുമാനം നടപ്പാക്കില്ലെന്നും നടപ്പായാല്‍
തന്നെ ഇളവുകളുണ്ടാകുമെന്നും മറ്റൊരാള്‍ പ്രത്യാശിച്ചു. സര്‍ക്കുലറില്‍
അവ്യക്തതയുണ്ടെന്നായിരുന്നു ഒരു ബാങ്ക് ഓഫീസറുടെ കണ്ടുപിടിത്തം. അതുകൊണ്ട്
തത്സ്ഥിതി തുടരുമെന്ന് അദ്ദേഹം വ്യാഖ്യാനിച്ചു. ഏതായാലും സര്‍ക്കുലര്‍
നിലവിലുണ്ട്. പണപ്പെരുപ്പത്തെക്കാള്‍ വലിയ സമ്മര്‍ദമാണ് റിസര്‍വ് ബാങ്ക്
അതിന്റെ പേരില്‍ നേരിടുന്നത്.
സര്‍ക്കുലര്‍ ഉണ്ടായാലും ഇല്ലെങ്കിലും സ്വര്‍ണമില്ലാതെ ബാങ്കുകള്‍ കാര്‍ഷിക
വായ്പ നല്‍കാന്‍ പോകുന്നില്ല. ഒരു സ്ഥാപനത്തിന് കൊടുക്കാന്‍
പറ്റില്ലെങ്കില്‍ സ്ഥാപനത്തെ പല വ്യക്തികളാക്കി അവരുടെ പേരില്‍ വായ്പ
നല്‍കും. ഇതെത്ര കണ്ടിരിക്കുന്നു എന്ന മനോഭാവം. സ്വര്‍ണം പണയം വെച്ച് വായ്പ
എടുക്കാന്‍ ചെന്ന നാട്ടിന്‍പുറത്തെ വട്ടിപ്പലിശക്കാരനോട് പുതുതലമുറ
ബാങ്കിന്റെ കോഴിക്കോട്ടെ മാനേജര്‍ തുറന്നുപറഞ്ഞു.
''സ്വര്‍ണം എത്ര വേണമെങ്കിലും കൊണ്ടുവന്നോളൂ. കൃഷിവായ്പ ആയിട്ട് തരാം . കരം
കെട്ടിയ രസീത് ആവശ്യമില്ല. കൃഷി അനുബന്ധ മേഖലയായി കാണിച്ച് വായ്പ തരാനും
വകുപ്പുണ്ട്.'' ഇപ്പോള്‍ കുറച്ച് സ്വര്‍ണമേ വെക്കാന്‍ ഉദ്ദേശിക്കുന്നുള്ളൂ
എന്ന നാട്ടിന്‍പുറത്തുകാരന്റെ നിലപാടിനോട് മാനേജര്‍ യോജിച്ചില്ല. വീട്ടില്‍
സ്വര്‍ണം ലോക്കറില്‍ സൂക്ഷിക്കുന്നതിലെ ബുദ്ധിശൂന്യതയെപ്പറ്റി അദ്ദേഹം
ക്ലാസ്സെടുത്തു. ''പലതട്ട് ക്യാമറയും കാവല്‍ക്കാരുമുള്ള ബാങ്കിലെ സ്വര്‍ണം
അടിച്ചുമാറ്റുന്ന കാലമാണിത്. മാത്രമോ , ലോക്കറിന് എന്താവില? 21 ഇഞ്ചിന്
38,000രൂപ വേണം. 61 ഇഞ്ചായാല്‍ ഒന്നര ലക്ഷം മേലെ. 250-300 കിലോ തൂക്കമുള്ള
ഇത് ചുമന്ന് കൊണ്ടുപോയി സ്ഥാപിക്കാനുള്ള ചെലവോ?'' തന്റേത് ചെറിയ
സ്ഥാപനമാണെന്നും അതിനുമാത്രം സ്വര്‍ണമുള്ളവര്‍ തന്റെയടുത്ത് വരില്ലെന്നും
നാട്ടിന്‍പുറത്തുകാരന്‍. അത്തരക്കാരെ നേരിട്ട് ബാങ്കിലേക്ക്
കൊണ്ടുവരണമെന്നായി മാനേജര്‍. ''കമ്മീഷന്‍ തരാം. ഒരു ലക്ഷം രൂപ വായ്പയ്ക്ക്
500 രൂപ കമ്മീഷന്‍. അടുത്ത് തുടങ്ങിയ സ്‌കീമാണ്.'' എം.ബി.എ.ക്കാരന്റെ ചിരി
ചിരിച്ച് വിസിറ്റിങ് കാര്‍ഡ് കൊടുത്ത് കൈകുലുക്കി നാട്ടിന്‍പുറത്തുകാരനെ
യാത്രയാക്കുമ്പോള്‍ മാനേജര്‍ ഫോണിലായിരുന്നു. രണ്ടു ലക്ഷം രൂപ കുറവില്‍
കഴിഞ്ഞതവണ ബിസിനസ്സ്‌ലക്ഷ്യം നേടാന്‍ കഴിയാഞ്ഞതില്‍ ആരോടോ ഖേദം
പ്രകടിപ്പിക്കുന്നു.
പലിശരഹിത ബാങ്കിങ് പഴങ്കഥ
പലിശരഹിത ബാങ്കിങ്ങിനെപ്പറ്റി കേട്ടിട്ടില്ലേ? അതിന് ഇനി പ്രസക്തിയില്ല.
വായ്പക്കാരന് പലിശ അങ്ങോട്ട് കൊടുക്കുന്നതാണ് പുതിയരീതി. അതിന്റെ പേരാണ്
കൃഷിവായ്പ. നാലു ശതമാനത്തിന് സ്വര്‍ണം പണയം വെച്ച് എടുക്കുന്ന വായ്പത്തുക
അതേ ബാങ്കില്‍ സ്ഥിരനിക്ഷേപം നടത്തിയാല്‍ കിട്ടുന്നത് പത്തു ശതമാനം .
മുതിര്‍ന്നവര്‍ക്കാണെങ്കില്‍ 10.25 ശതമാനം. ലാഭം 6-6.25 ശതമാനം. പൊതുമേഖലാ
ബാങ്കുകളില്‍ ഇപ്പോള്‍ വിജയകരമായി പരീക്ഷിച്ചുകൊണ്ടിരിക്കുന്നതാണിത്. ഒരു
വെടിക്ക് രണ്ടല്ല, മൂന്നല്ല, പക്ഷികള്‍ പലതാണ്. ബാങ്കിന്റെ വായ്പാലക്ഷ്യം
നേടും, നിക്ഷേപം കിട്ടും. ഇടപാടുകാരന് ലാഭവും കിട്ടും. സ്വര്‍ണം വീട്ടില്‍
സൂക്ഷിക്കുന്നതിന്റെ അപകടം ഒഴിവാകും. ലോക്കറില്‍ വെക്കുന്നതിന്റെ ചെലവും
വേണ്ട. ലോക്കറിലെ ഏറ്റവും കുറഞ്ഞ സ്ഥലത്തിന് വര്‍ഷം 750 രൂപ വാടക നല്‍കണം.
അത് വര്‍ഷംതോറും അടയ്ക്കാമെന്നുവെച്ചാല്‍ ബാങ്കുകാര് സമ്മതിക്കില്ല. 25000
രൂപ സ്ഥിര നിക്ഷേപം നടത്തണം . അതില്‍നിന്നുള്ള വരുമാനമാണ് ബാങ്കുകള്‍
വാടകയിനത്തില്‍ വരവ് വെക്കുക. ലോക്കറിന്റെ താക്കോല്‍ കൈയില്‍ നിന്ന്
വീണുപോയാല്‍ കഴിഞ്ഞു. കുത്തിപ്പൊളിക്കാന്‍ തുക വേറെ നല്‍കണം. എന്തിന്
ഇത്തരം ഏടാകൂടങ്ങള്‍?
''മകന്റെ ഭാര്യയുടെ സ്വര്‍ണം ലോക്കറില്‍ വെക്കാന്‍ ചെന്നതാ ഞാന്‍. അവിടെ
ഇടമില്ല. മാനേജര്‍ തന്നെയാ ഈ ഐഡിയ ഉപദേശിച്ചത്. ഒരു ദിവസം പണയം വെച്ചു,
പിറ്റേന്ന് ഫിക്‌സഡ് ഇട്ടു. രണ്ടും കൂടി ഒരു ദിവസം വേണ്ടെന്ന് മാനേജര്‍
പറഞ്ഞു.'' കണ്ണൂരിലെ വിരമിച്ച ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍
വെളിപ്പെടുത്തി.
''ഒരാള്‍ക്ക് മൂന്ന് ലക്ഷമല്ലേ കിട്ടൂ?''
''എന്റെയും വീട്ടുകാരിയുടെയും പേരില്‍ എടുത്തു.''
''കരം കെട്ടിയ രസീത്?''
''കുടുംബത്തില്‍ ആരുടെയെങ്കിലും പേരില്‍ മതി.''
വായ്പ അടയ്ക്കാനും ജ്വല്ലറി വാങ്ങാനും
സ്വര്‍ണം പവന് 16,000 രൂപ നിന്നപ്പോളായിരുന്നു അത്. വില വീണ്ടും കൂടുമെന്ന
പ്രചാരണം വന്നു. ആളുകള്‍ ഉള്ള സ്വര്‍ണം വെച്ച് വായ്പയെടുത്ത് സ്വര്‍ണം
വാങ്ങി. പവന് 20,000 രൂപ എത്തിയതോടെ വന്‍ ലാഭമായി. രണ്ടു പവന്‍ വെച്ച്
24,000 രൂപ എടുത്ത് ഒന്നര പവന്‍ വാങ്ങിയവര്‍ പലിശയായി ബാങ്കില്‍ അടച്ചത്
960 രൂപ. വിലകൂടിയപ്പോള്‍ അധികം കിട്ടിയത് 6000 രൂപ. കര്‍ഷകന്റെ ചെലവില്‍
ഇത് വ്യാപകമായി നടന്നത് തിരുവിതാംകൂറിലായിരുന്നു. ഇങ്ങനെ വാങ്ങിയ സ്വര്‍ണം
വീണ്ടും പണയം വെച്ച് വായ്പ എടുത്തവരുമുണ്ട്. കച്ചവടത്തിനും മാളിക പണിക്കും
വായ്പയെടുത്ത പലരും സ്വര്‍ണത്തിന് വില കൂടിയതോടെ കൃഷിവായ്പയാക്കി പലിശഭാരം
കുറച്ചു.
എന്തുകൊണ്ട് വയനാട്
കൃഷി ഉപേക്ഷിക്കുന്നവരുടെ എണ്ണമാണല്ലോ വികസത്തിന്റെ
അളവുകോല്‍. ഇന്ത്യയില്‍ 58 ശതമാനം പേര്‍ ഇപ്പോഴും കൃഷിയെ ആശ്രയിക്കുന്നു.
അതുകൊണ്ട് ഇന്ത്യ അവികസിതം. കേരളത്തില്‍ 23 ശതമാനം പേര്‍ മാത്രം. അതുകൊണ്ട്
കേരളം വികസിതം.
വയനാടിന് ആ നിലവാരത്തില്‍ എത്താന്‍ കഴിഞ്ഞില്ല. അവിടെ ഇപ്പോഴും 47 ശതമാനം
പേര്‍ കൃഷി ആശ്രിതരാണ്. സംസ്ഥാന ആഭ്യന്തര ഉത്പാദനത്തില്‍ കൃഷിയുടെ പങ്ക് 14
ശതമാനമേ വരൂ. പക്ഷേ, വയനാട് ജില്ലയ്ക്ക് 23 ശതമാനം വരും. അവിടെയും
പിറകില്‍ . അതുകൊണ്ട് കൃഷിയുടെ തോല്‍വി അവിടെ കൂടുതല്‍ തീക്ഷ്ണമാകുന്നു.
ഉത്പാദനം കൂടിയാലും കുറഞ്ഞാലും കര്‍ഷകന്‍ വില കൊടുക്കണം. കുരുമുളക്
ഉത്പാദനം കുറഞ്ഞപ്പോള്‍ അതിന്റെ ഭാരംപേറി കര്‍ഷകന്‍. 2000-ലെ
ആദ്യപകുതിയില്‍ ഉണ്ടായ ആത്മഹത്യകളുടെ പ്രധാന കാരണം അതായിരുന്നു.
ഇപ്പോഴത്തെ പ്രശ്‌നം ഇഞ്ചി ഉത്പാദനം കൂടിയതാണ്. വില കുത്തനെ ഇടിഞ്ഞു.
ഉത്പാദന ചെലവുമായി താരതമ്യംപോലും പറ്റാത്തവിധം. 60 കിലോഗ്രാമിന്റെ ഒരു
ചാക്ക് ഇഞ്ചിക്ക് 500 രൂപയാണ് വിപണി വില. ഉത്പാദനച്ചെലവ് 900-1000 രൂപ. ഒരു
ഏക്കറില്‍ 150 ചാക്ക് ഇഞ്ചി കിട്ടും. വരവ് 75000 രൂപ. ചെലവ്
ഒന്നേകാല്‍-ഒന്നരലക്ഷം രൂപ. നഷ്ടം 50000-75000 രൂപ.
ബിസിനസ്സുകാര്‍ക്ക് കൃഷി വായ്പ;കൃഷിക്കാര്‍ക്ക് ബിസിനസ് വായ്പ
ബിസിനസ്സുകാര്‍ക്ക് യഥേഷ്ടം കുറഞ്ഞ പലിശയുള്ള കൃഷിവായ്പ കിട്ടിയപ്പോള്‍
സ്വര്‍ണമില്ലാത്ത ദരിദ്ര കര്‍ഷകന്‍ വായ്പയ്ക്കായി അലയുകയായിരുന്നു.
വ്യവസ്ഥകള്‍ കര്‍ശനമാക്കി ബാങ്കുകള്‍ അവരുടെ വായ്പാസാധ്യത
പരിമിതപ്പെടുത്തി. കര്‍ഷകന്‍ കൃഷി ഉപേക്ഷിക്കാന്‍ ഈ നിലപാടും കാരണമായി
ഇടുക്കി വാഴത്തോപ്പ് പഞ്ചായത്തിലെ കരിമ്പനില്‍ മാപ്പിലയ്ക്കല്‍ ഫിലിപ്പ്
അഗസ്റ്റ്യന്റെ വീടിനടുത്ത് പ്ലാസ്റ്റിക്ക് ഷീറ്റ് മേഞ്ഞ രണ്ട് ഷെഡ്ഡ്
കാണാം. ഒന്ന് വിറകുപുര. ഒന്ന് ഫിലിപ്പ് 537 ദിവസം കിടന്ന സ്ഥലം.
കടം അടയ്ക്കാന്‍ നിവൃത്തിയില്ലാതെ വന്നപ്പോള്‍ ബാങ്കുകാര് വീട്
ജപ്തിചെയ്തു. സ്ഥലവും പിടിച്ചെടുത്തു. വീട് വേറെ താഴിട്ട് പൂട്ടി. ഫിലിപ്പ്
സ്ഥലത്തില്ലായിരുന്നു. ഭാര്യ റോസമ്മ അയല്‍പക്കത്ത്. മക്കള്‍ സ്‌കൂളിലും.
സ്‌കൂള്‍ വിട്ട് തിരിച്ചുവന്നപ്പോഴാണ് ബാങ്കുകാര്‍ വീട്ടില്‍ അവകാശം
സ്ഥാപിച്ചതായി കണ്ടത്. സ്വന്തം വീട് അന്യരെപ്പോലെ അവര്‍ നോക്കിനിന്നു.
സ്‌കൂളില്‍ കൊണ്ടുപോയ വസ്ത്രവും പുസ്തകവും ഒഴികെയുള്ളവ
വീട്ടിനകത്തായിരുന്നു. അതെടുക്കാന്‍ ബാങ്കുകാരോട് കെഞ്ചിയെങ്കിലും
അനുവദിക്കപ്പെട്ടില്ല. പറമ്പില്‍ കയറുന്നതുപോലും കുറ്റമായിരുന്നു.
ആളു കൂടി. മുറ്റത്ത് ഷെഡ്ഡുകെട്ടി കുടുംബത്തെ അങ്ങോട്ട് മാറ്റാന്‍
ശ്രമിച്ചത് പോലീസ് തടഞ്ഞു. ഷെഡ്ഡ് റോഡരികിലേക്ക് മാറ്റി. അവിടെ ഫിലിപ്പ്.
വീടിന്റെ വര്‍ക്ക് ഏരിയയ്ക്ക് വാതിലില്ലായിരുന്നു. അതു പൂട്ടിയിരുന്നില്ല.
കഷ്ടിച്ച് 40 ചതുരശ്ര അടിവരുന്ന അവിടെ റോസമ്മയും മക്കളും.
1988 ല്‍ ബാങ്കില്‍ നിന്ന് 98,000 രൂപ ഫിലിപ്പ് വായ്പയെടുത്തിരുന്നു. കൃഷി
വായ്പയാണ് ചോദിച്ചത്. ബിസിനസ് വായ്പയാണ് തന്നത്. ആദ്യമൊക്കെ കൃത്യമായി
തിരിച്ചടച്ചു. കൃഷി നഷ്ടമായപ്പോള്‍ കൃത്യത കുറഞ്ഞു. അടച്ചും കൂട്ടി
എടുത്തും മൂന്നുവര്‍ഷം പിന്നിട്ടപ്പോഴേക്ക് കടം 5.7 ലക്ഷമായി. പിന്നെ
ഒട്ടും അടയ്ക്കാനായില്ല. ബാങ്ക് നടപടി തുടങ്ങി. ഈട് വസ്തു
പിടിച്ചെടുക്കാന്‍ അനുവദിക്കുന്ന 'സര്‍ഫെയ്‌സി' നിയമം ബാധകമാക്കുമ്പോള്‍
ഫിലിപ്പിന്റെ പേരില്‍ 32 ലക്ഷത്തോളം രൂപ ബാധ്യത കാണിച്ചിരുന്നു.
2010 ഫിബ്രവരി 18 നാണ് ജപ്തി നടപ്പാക്കിയത്. ജോസുകുട്ടി ഒഴുകയിലിന്റെ
നേതൃത്വത്തില്‍ മലനാട് കര്‍ഷക രക്ഷാസമിതി പ്രക്ഷോഭം തുടങ്ങി. പിറ്റേ വര്‍ഷം
ആഗസ്ത് 11ന് സമരം അവസാനിച്ചത് ഫിലിപ്പിനെ ഒഴിവാക്കി റോസമ്മയുടെ പേരില്‍ 9
ലക്ഷം രൂപ വായ്പ അനുവദിച്ചതായി കാണിച്ചുകൊണ്ടാണ്. അതും ബിസിനസ് വായ്പ. പലിശ
15 ശതമാനം. ഈട് ബാങ്കിലിരുന്ന ഫിലിപ്പിന്റെ പേരിലുള്ള സ്ഥലം.
കുറഞ്ഞ പലിശയുടെ
കൃഷിവായ്പ എവിടെ?
ഫിലിപ്പെന്ന കര്‍ഷകന്‍ എവിടെ?
''സമരകാലത്ത് മക്കള്‍ കൂട്ടുകാരുടെ വീട്ടില്‍ പോയിരുന്നാ പഠിച്ചത്.
വീട്ടിനകത്തെ തുണിയും ഉപകരണങ്ങളും എല്ലാം നശിച്ചുപോയി. അതിനേക്കാള്‍
നാശമാണ് പറമ്പിനുണ്ടാക്കിയത്. ഒരു പണിയും എടുക്കാന്‍ അനുവദിച്ചില്ല. കാടു
കയറുന്നത് വെറുതെ നോക്കിനില്‍ക്കേണ്ടിവന്നു. ഇനി പത്തുവര്‍ഷമെങ്കിലും
പണിയണം പഴയ രൂപത്തിലാക്കാന്‍ . എനിക്കതിന് ആരോഗ്യമില്ല, മനസ്സും''-ജന്മനാ
കര്‍ഷകനായ ഫിലിപ്പ് ആള്‍പ്പൊക്കം ഉയര്‍ന്ന പാഴ്‌ചെടി കാട്ടി പറഞ്ഞു.
ജൈവ കര്‍ഷകനാണ് ഫിലിപ്പ്. പറമ്പില്‍ രാസവളം കയറ്റിയിട്ടില്ല. പ്ലാവും
ആഞ്ഞിലിയും മറ്റും തണലിന് വളര്‍ത്തിയാണ് ഏലംകൃഷി. ''ആ മരങ്ങള്‍
വെട്ടിവിറ്റു കടം തീര്‍ക്കാനാണ് പ്ലാന്‍''- അദ്ദേഹം വെളിപ്പെടുത്തി.
എത്രയും വേഗം അത് ചെയ്തില്ലെങ്കില്‍ അപകടമാണ്. മാസം 7800 രൂപയാണ് പലിശ.
സ്വര്‍ണം ഈടുണ്ടെങ്കിലേ കുറഞ്ഞ പലിശയ്ക്ക് വായ്പ കിട്ടൂ. സ്ഥലമാണെങ്കില്‍
പരമാവധി തരാതിരിക്കാന്‍ നോക്കും. നിവൃത്തിയില്ലെങ്കില്‍ വാണിജ്യ
വായ്പയായിട്ട് തരും. തീരേ പറ്റുന്നില്ലെങ്കില്‍ ഒരു ലക്ഷം രൂപ വായ്പയ്ക്ക്
25,000 കൃഷിവായ്പയും 75,000 വാണിജ്യ വായ്പയുമാക്കും. വീഴ്ച വരുത്തിയാല്‍
സര്‍ഫെയ്‌സി ബാധകമാക്കി ഭൂമി പിടിച്ചെടുക്കാനാണ് വാണിജ്യ വായ്പ.
കൃഷിവായ്പയില്‍ അതുപറ്റില്ല. പുതുക്കുമ്പോള്‍ കൃഷി വായ്പ വാണിജ്യ
വായ്പയാക്കിമാറ്റുന്ന എത്രയോ സംഭവങ്ങള്‍.
എങ്ങാനും നാലുശതമാനത്തിന് കിട്ടിയെന്നിരിക്കട്ടെ. അടവു മുടങ്ങിയാല്‍ കഴിഞ്ഞു. പലിശ 14 ശതമാനമാകും.
സ്വര്‍ണം പണയം വെക്കുന്ന ബ്ലേഡുകാരന്‍ വീഴ്ച വരുത്തില്ല. അവന്റെ ലാഭം അതിനെ
ആശ്രയിച്ചിരിക്കുന്നു. വിളവിലയും വളം വിലയും വന്യമൃഗവും വരള്‍ച്ചയും
പ്രളയവും ചുഴലിയും എല്ലാം പ്രതികൂലമായി മാത്രം ബാധിക്കുന്ന കര്‍ഷകന് വീഴ്ച
വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. എത്ര എഴുതിത്തള്ളിയാലും എത്ര പാക്കേജുകള്‍
വന്നാലും ഇന്നത്തെ സാഹചര്യത്തില്‍ കൃഷി ലാഭമാകാന്‍ അത്ഭുതം സംഭവിക്കണം.
ആത്മഹത്യ പെരുകിയപ്പോള്‍ ഇടുക്കി പാക്കേജ് കൊണ്ടുവന്നു കേന്ദ്രം.
കേരളത്തിന്റെ 90 ശതമാനം ഏലവും ഇടുക്കിയിലാണ്. വാര്‍ഷിക ഉത്പാദനം ഏതാണ്ട്
7200 ടണ്‍. കഴിഞ്ഞ വര്‍ഷത്തെ വില കിലോഗ്രാമിന് 1500 രൂപ. ഈ വര്‍ഷം 500 രൂപ.
7200 ടണ്ണില്‍ ഇടുക്കിക്ക് ഒറ്റ വര്‍ഷം നഷ്ടം 720 കോടി രൂപ. വര്‍ഷങ്ങള്‍
നീളുന്ന ഇടുക്കി പാക്കേജിന് കേന്ദ്രം തന്നത് 1126 കോടി രൂപ. എങ്ങനെയാണ്
ഇത്തരം പാക്കേജുകള്‍ കൃഷി നിലനിര്‍ത്തുന്നത്?
സംസ്ഥാന കടാശ്വാസ കമ്മീഷനില്‍ കിട്ടിയ നാലു ലക്ഷം അപേക്ഷയില്‍ ഒരുലക്ഷവും
ഇടുക്കിയില്‍ നിന്നായിരുന്നു. കട്ടപ്പനയിലെ ഒരു ബാങ്കില്‍ ഈ വര്‍ഷം 800-ഓളം
കൃഷിവായ്പ തിരിച്ചടവ് മുടങ്ങി കിട്ടാക്കടമായി. ബാങ്കിന്റെ കോട്ടയം
മേഖലയിലെ ഏറ്റവും കൂടുതല്‍ കിട്ടാക്കടമുള്ള ശാഖ.
''ഞങ്ങള്‍ വായ്പയ്ക്കായി ബാങ്കില്‍ ചെല്ലാറില്ല. ചെന്നാല്‍ ആദ്യം തരാമെന്ന്
പറയും . കുടിക്കടവും കരം കെട്ടിയ രസീതും ആധാരത്തിന്റെ പകര്‍പ്പും
സ്ഥലത്തിന്റെ പ്ലാനും എന്നുവേണ്ട നൂറായിരം കടലാസ് കൊണ്ടുവരാന്‍ പറയും.
എങ്ങനെയെങ്കിലും രണ്ടാഴ്ചകൊണ്ട് കടലാസും ശരിയാക്കി ചെല്ലുമ്പം ഫീല്‍ഡാഫീസറ്
ലീവാ. ഒരാഴ്ച കഴിയട്ടെ എന്നാകും. വീണ്ടും ചെല്ലുമ്പം ഈ വര്‍ഷത്തെ ക്വാട്ട
കഴിഞ്ഞു, അടുത്ത വര്‍ഷം നോക്കാമെന്ന് പറയും. എന്തിനാ കാശും ചെലവാക്കി
ഇങ്ങനെ? വേറെ പണിയില്ലേ?'' -കണ്ണൂര്‍ ഉദയഗിരി താബോറിലെ കര്‍ഷകര്‍ രോഷം
കൊണ്ടു. ''ഇവിടുന്ന് ഒരു കാര്‍ഷിക വായ്പ വാങ്ങിത്തരാമോ''-കോഴിച്ചാലിലെ
ബാങ്ക് ശാഖ ചൂണ്ടിക്കാട്ടി ഒരു കര്‍ഷകന്‍ വെല്ലുവിളിച്ചു.
ബാങ്കുകളും സാധാരണക്കാരും തമ്മിലുള്ള ബന്ധം ഏതാണ്ട് അസ്തമിച്ച്
കഴിഞ്ഞിരിക്കുന്നു. സ്വയം സഹായ സംഘങ്ങളും കുടുംബശ്രീകളും ഉള്ളതുകൊണ്ട്
കുറച്ചുകാലം കൂടി തുടര്‍ന്നേക്കും. അതുകഴിഞ്ഞാല്‍ വരേണ്യവര്‍ഗത്തിന്റേത്
മാത്രമായി അവ മാറും.
കാര്‍ഷികകടം എഴുതിത്തള്ളിയപ്പോള്‍ കേന്ദ്രം ബോണസുകൂടി
പ്രഖ്യാപിച്ചിരുന്നു-എല്ലാവര്‍ക്കും പുനര്‍വായ്പ നല്‍കുമെന്ന്. ഇവിടെ 11.5
ലക്ഷം പേരുടേത് തള്ളിയെങ്കിലും നാലര ലക്ഷം പേര്‍ക്കേ പുനര്‍വായ്പ
കിട്ടിയുള്ളൂ. ഒരു പക്ഷേ, അത്രയും പേരുടെ പക്കലേ സ്വര്‍ണം ഉണ്ടാകൂ. മൊത്തം
വായ്പയുടെ ഒരുശതമാനം സമൂഹത്തിലെ ഏറ്റവും ദരിദ്രര്‍ക്ക് നാലുശതമാനം
പലിശയ്ക്ക് നല്‍കണമെന്ന സര്‍ക്കാര്‍ നിഷ്‌കര്‍ഷയും ബാങ്കുകള്‍ ഗൗനിച്ചില്ല.
കാരണം അവിടെ സ്വര്‍ണഖനിയില്ല. കഴിഞ്ഞ മൂന്ന് വര്‍ഷമായി 0.02ശതമാനം
മാത്രമാണ് നല്‍കുന്നത്. എന്നുവെച്ചാല്‍ 100 രൂപ കൊടുക്കാന്‍ പറഞ്ഞപ്പോള്‍
രണ്ടു രൂപ മാത്രം കൊടുത്തു.
പാവങ്ങള്‍ ബാക്കി
വട്ടിപ്പലിശക്കാരില്‍ നിന്ന് വാങ്ങി
വയനാട് ജില്ലയിലെ നമ്പ്യാര്‍കുന്നില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെ ബൈക്ക്
ഇരമ്പിവരുന്ന ശബ്ദം കേള്‍ക്കാം. തമിഴ്‌നാട്ടില്‍ നിന്ന് വട്ടിപ്പലിശക്കാര്‍
വരുന്നതാണ് പിരിവിന്. രാവിലെ വന്നാലേ കടക്കാരെ കാണാന്‍ പറ്റൂ. വൈകിയാല്‍
മുങ്ങിക്കളഞ്ഞാലോ? 1000 രൂപയ്ക്ക് രണ്ടര മാസത്തേക്ക് 250 രൂപയാണ് പലിശ.
വാര്‍ഷിക പലിശ 150 ശതമാനം. ആഴ്ചയില്‍ 125 രൂപ വീതം പത്തു തവണകളായി
അടച്ചുതീര്‍ക്കണം. കല്യാണം കഴിച്ചവര്‍ക്കേ കൊടുക്കൂ. ഭാര്യയെ
വീട്ടില്‍വന്നു നേരില്‍ കണ്ട് ബോധ്യപ്പെടും. കുടുംബമായി ജീവിക്കുന്നവര്‍
എളുപ്പം മുങ്ങില്ലെന്ന് തമിഴന്‍ വിശ്വസിക്കുന്നു. ഓരോരുത്തര്‍ക്കും സ്വന്തം
ഇടപാടുകാരുണ്ട്. ആഴ്ചയില്‍ നിശ്ചിതദിവസം അവര്‍ വരും. ചൊവ്വാഴ്ചക്കാരന്‍,
ബുധനാഴ്ചക്കാരന്‍ എന്നിങ്ങനെ ദിവസപ്പേരിലാണ് ബ്ലേഡുകാര്‍ അറിയപ്പെടുന്നത്.
തിരിച്ചടവ് രേഖപ്പെടുത്താന്‍ ഇടപാടുകാര്‍ക്ക് പ്രത്യേക കാര്‍ഡ്
കൊടുത്തിട്ടുണ്ട്. ആദിവാസികളും പരമ ദരിദ്രരും തിങ്ങിപ്പാര്‍ക്കുന്ന ഈ
അതിര്‍ത്തിഗ്രാമത്തില്‍ ബാങ്ക് പാസ്ബുക്കുള്ളവര്‍ കുറയും. പക്ഷേ, കാര്‍ഡ്
എല്ലാവര്‍ക്കും തന്നെയുണ്ട്. ചിലര്‍ക്ക് നാലും അഞ്ചും.
ഇത്തരം കാര്‍ഡുള്ള രവീന്ദ്രന്‍ എന്ന കര്‍ഷകന്‍ ഒരുമാസം മുന്‍പ് വിഷം
കഴിച്ച് മരിച്ചു. വയനാട് കടുംകൈയിലേക്ക് മടങ്ങിപ്പോകുകയാണോ? ആണെന്ന്
തുടര്‍ന്നുണ്ടായ ആത്മഹത്യകള്‍ തെളിയിക്കുന്നു.
വായ്പത്തോത് എന്ന പൂട്ട്
''കേരളത്തില്‍ എവിടെയാ കര്‍ഷകര്‍? ഞങ്ങളും കര്‍ഷകരെ അന്വേഷിച്ച് നടക്കുകയാ.
കണ്ടുകിട്ടിയിട്ട് വേണം വായ്പ കൊടുക്കാന്‍'' -കോട്ടയത്തെ ബാങ്ക് ഓഫീസര്‍
പരിഹസിച്ചു. ''വായ്പ കിട്ടുന്നില്ലെന്ന് നിലവിളിക്കുന്നത് വെറുതെയാ. മക്കളെ
കെട്ടിക്കാനും വീടുപണിയാനും കൃഷിവായ്പ വേണമെന്ന് പറഞ്ഞാല്‍ നടക്കില്ല.
സര്‍ക്കാര്‍ സബ്‌സിഡിയുള്ള പണമല്ലേ അത്?''കോടികള്‍ ബ്ലേഡുകാര്‍ക്ക്
മറിച്ചുനല്‍കിയ ബാങ്കിങ് മേഖലയുടെ പ്രതിനിധി മനഃസാക്ഷിക്കുത്ത് ഏതുമില്ലാതെ
കത്തിക്കയറി.
മക്കളെ കെട്ടിക്കാന്‍ വായ്പയ്ക്ക് വരുന്നത്
കൃഷിവരുമാനമില്ലാഞ്ഞിട്ടായിരിക്കില്ലേ എന്ന ചോദ്യത്തിന് അറിഞ്ഞ്
പണിയെടുത്താല്‍ വരുമാനമുണ്ടാകുമെന്ന് മാനേജര്‍. ''അത്തരക്കാര്‍ക്ക് ഞങ്ങളും
കൊടുക്കും വായ്പ.''
''എത്ര കൊടുക്കും?''
''തോതനുസരിച്ച്''
കര്‍ഷകരെ പൂട്ടാനുള്ള ബാങ്കുകളുടെ ദിവ്യായുധമാണ് വായ്പത്തോത്. ഓരോ
കൃഷിക്കും ചെലവടിസ്ഥാനത്തില്‍ നല്കാവുന്ന വായ്പ. ജില്ലാ ബാങ്ക് - ലീഡ്
ബാങ്ക് പ്രതിനിധികളും കൃഷി ഉദ്യോഗസ്ഥരും മറ്റും ചേര്‍ന്നാണിത്
തീരുമാനിക്കുന്നത്. വര്‍ഷം തോറും, ജില്ലകള്‍ തോറും വ്യത്യാസപ്പെടും. കര്‍ഷക
പ്രതിനിധിയും കമ്മിറ്റിയിലുണ്ടെങ്കിലും വായ്പത്തോതും കൃഷിച്ചെലവും
തമ്മില്‍ വലിയ ബന്ധമുണ്ടാകാറില്ല.
നെല്‍ക്കൃഷി ഹെക്ടറിന് കോഴിക്കോട്ട് 22,000-25,000രൂപയും കണ്ണൂരില്‍
40,000-42,000 രൂപയുമാണ് വായ്പത്തോത്. ഏക്കറിന് 30,000 രൂപയെങ്കിലും
ഇല്ലാതെ കൃഷി ഇറക്കാനാകില്ലെന്ന് കര്‍ഷകര്‍. ഇഞ്ചിക്ക് ഹെക്ടറിന്
കണ്ണൂരില്‍ 1-1.1ലക്ഷവും കോഴിക്കോട്ട് 75,000-80,000 ഉം ആണ്. അതും
ഇരട്ടിയെങ്കിലും വേണമെന്ന് കൃഷിയിറക്കുന്നവര്‍ പറയുന്നു.
അത് ഒരു വശം. കൃഷി ഏതുമാകട്ടെ, ഒരു ഏക്കറുമായി വായ്പയ്ക്ക് ചെല്ലുന്നവന്
ബാങ്കുകാര്‍ പരമാവധി ഒരു ലക്ഷം രൂപ കൊടുക്കും. പക്ഷേ, സ്ഥലം ഈടു വാങ്ങും.
സെന്റിന് ഒരു ലക്ഷം രൂപ മൂല്യമുള്ള സ്ഥലമാണെങ്കിലും ഒരു ലക്ഷത്തില്‍
കൂടുതല്‍ തരാന്‍ പറ്റില്ലെന്ന് ബാങ്കുകാര്‍ പറയും. കാരണം വായ്പത്തോത്.
ഫലത്തില്‍ ഒരു കോടി വിലയുള്ള വസ്തു ഒരു ലക്ഷത്തിന് പണയപ്പെടും. ഈ ഒരു
ലക്ഷവും പലിശയും കൃഷിയില്‍ നിന്നുണ്ടായില്ലെങ്കില്‍ പിന്നെ
ബാങ്കുകാര്‍ക്കാണ് അവകാശം.
സ്വര്‍ണമാണെങ്കിലോ? ഒരു ലക്ഷം കിട്ടാന്‍ 1.6 ലക്ഷം രൂപയുടെ സ്വര്‍ണം
മതിയാകും. സ്വര്‍ണം സുരക്ഷിത നിക്ഷേപമാണെന്ന് പറയുന്നത് വെറുതെയല്ല.
ഭൂമി തുണ്ടം തുണ്ടമാകുന്നതാണ് ഈ സമീപനത്തിന്റെ ആത്യന്തികഫലം. കര്‍ഷകര്‍
ഭൂമി മുറിച്ച് വിറ്റ്,ശരിയായ മൂല്യമെടുത്ത് മക്കളെ കെട്ടിക്കും, വീടു
പണിയും. ബാങ്കുകാരുടെ മുന്‍പില്‍ കൈ നീട്ടില്ല. പക്ഷേ, കൃഷി ഇല്ലാതാകും.
അതിന് മനസ്സുവരാത്തവര്‍ ജീവനൊടുക്കും. കൃഷി നിലനിര്‍ത്താന്‍ കര്‍ഷകന്റെ
ആത്മബലി.
''ഞാന്‍ എന്തിന് കഷ്ടപ്പെടണം? എന്റെ ഒരേക്കര്‍ കൊടുത്താല്‍ 40 ലക്ഷം
കിട്ടും. ബാങ്കിലിട്ടാല്‍ വര്‍ഷം നാലു ലക്ഷം പലിശ കിട്ടും. ഏതു കൃഷിയില്‍
നിന്ന് കിട്ടും ഈ വരുമാനം''- മികച്ച കര്‍ഷകനുള്ള നിരവധി പുരസ്‌കാരങ്ങള്‍
നേടിയ കോഴിക്കോട് തലയാട്ടെ കര്‍ഷകന്‍ ചോദിച്ചു. വര്‍ഷം കഴിയുംതോറും ഭൂമി
വില കൂടില്ലേ, നഷ്ടബോധം തോന്നില്ലേ എന്ന സംശയത്തിന് അതുവരെ ഞാന്‍
ജീവിക്കേണ്ടെന്ന് വെക്കാം എന്നു ക്ഷോഭിച്ചു. കൃഷി വായ്പ കൃഷി
ഇല്ലാതാക്കുന്നു.
സ്വര്‍ണമുള്ളവരെ പ്രോല്‍സാഹിപ്പിക്കുന്നു
കര്‍ഷകര്‍ക്ക് കൂടുതല്‍ ബന്ധമുള്ള സഹകരണ മേഖലയും
കൃഷിയെ കൈവിടുകയാണ്. അവരും സ്വര്‍ണമുള്ളവരെ പ്രോല്‍സാഹിപ്പിക്കുന്നു.
കാര്‍ഷിക മേഖലയിലെ നയമാറ്റങ്ങള്‍ തുണച്ചതും വന്‍കിടക്കാരെ
പാലക്കാട് ചിറ്റൂര്‍ കുന്ദംകാട്ടുപതിയിലെ തിരുമലൈ സ്വാമിക്ക് പാസ് ബുക്ക്
സൂക്ഷിക്കാനായി മാത്രം ഒരു ബാഗുണ്ട്. എട്ടു പാസ്ബുക്കുണ്ടതില്‍. ചിറ്റൂര്‍
കാര്‍ഷിക വികസന ബാങ്കില്‍ നിന്ന് പതിനഞ്ചു കൊല്ലം മുമ്പ് എടുത്ത 49,600 രൂപ
എട്ടു ലക്ഷമായപ്പോള്‍ ബാങ്കുകാര്‍ക്ക് തോന്നി ഇത് ശരിയാവില്ലെന്ന്.
സ്വാമിയെ വിളിച്ചുവരുത്തി ബാങ്കുകാര്‍ വീട്ടിലെ മറ്റംഗങ്ങളുടെ പേര് പറയാന്‍
ആവശ്യപ്പെട്ടു.
സ്വാമി പറഞ്ഞുകൊടുത്തു: ഭാര്യ സരോജിനി, മകന്‍ മണികണ്ഠന്‍, മകന്റെ ഭാര്യ മീനാംബിക.
''വേറെയാരുമില്ലേ?''
പിന്നെയുള്ളത് ഭാര്യാസഹോദരനായിരുന്നു. ആ പേരും പറഞ്ഞു: ജയരാജന്‍.
അത്രയും പേരുടെ പേരില്‍ സ്വാമിയുടെ കടം വീതിച്ചുനല്‍കി. ഓരോരുത്തര്‍ക്കും
ഒന്നും രണ്ടും പാസ്ബുക്കും കൊടുത്തു. കടം സാമൂഹികവത്കരണം. വീട്ടുകാരു
മുഴുവന്‍ കടത്തിലായാലെന്താ സ്വാമിയുടെ കടം രണ്ടു ലക്ഷമായി ചുരുങ്ങി.
ചെറുപ്പത്തിലേ നെല്‍ക്കൃഷിയിലേക്കിറങ്ങിയതിന് ബാങ്കുവക 'ഇന്‍സന്റീവ്'.
കോള വിരുദ്ധസമരത്തിന് പേരുകേട്ട പെരുമാട്ടിയടക്കം 16 പഞ്ചായത്താണ്
ബാങ്ക് പരിധി. നെല്ലിനും കള്ളിനും പ്രസിദ്ധം. പക്ഷേ, കര്‍ഷകര്‍
ഏതാണ്ടെല്ലാവരും ചേറിലെന്നപോലെ കടത്തില്‍ മുങ്ങിയാണ് നില്പ്. 20,000-ല്‍
താഴെ അംഗങ്ങളുള്ള ബാങ്ക് കൊടുത്ത 22 കോടി വായ്പയില്‍ 16 കോടിയും
കുടിശ്ശികയാണ്. അതുകൊണ്ട് സംസ്ഥാന സഹകരണബാങ്ക് പുനര്‍വായ്പ
വെട്ടിക്കുറച്ചു. നാലുകോടി രണ്ടുകോടിയാക്കി.
വാണിജ്യബാങ്കുകളെ അനുകരിച്ച് സഹകരണ ബാങ്കുകളും കൃഷി ഉപേക്ഷിക്കാന്‍ കാരണം
നോക്കിയിരിക്കുകയാണ്. ഭവന -വാഹന- വാണിജ്യ വായ്പകളിലാണ് അവരുടെ കണ്ണ്.
നിവൃത്തികേടുകൊണ്ടാകാം കാര്‍ഷിക വികസന ബാങ്ക് ഇപ്പോഴും കാര്‍ഷിക വായ്പ
കൊടുക്കുന്നു. പക്ഷേ, പലിശ കൂടുതലാണ്. നബാര്‍ഡില്‍ നിന്ന് നാലര ശതമാനത്തിന്
കിട്ടുന്ന ഹ്രസ്വകാല വായ്പ ഏഴു ശതമാനത്തിനും ഒന്‍പതര ശതമാനത്തിന്
കിട്ടുന്ന ദീര്‍ഘകാല വായ്പ 13.5 ശതമാനത്തിനുമാണ് കര്‍ഷകന് കിട്ടുന്നത്.
പലിശ കൂട്ടിവാങ്ങി ബാങ്കുകള്‍ ലാഭം ഉറപ്പാക്കും. കാര്‍ഷികോത്പന്നങ്ങള്‍
വാങ്ങിവില്‍ക്കുന്ന കച്ചവടക്കാരെപ്പോലെ. കര്‍ഷകന് ഇത്തരം
മാര്‍ഗങ്ങളില്ലാത്തതിനാല്‍ അവര്‍ കടത്തില്‍ ജനിച്ച് ജീവിച്ച് മരിക്കുന്നു.
കഴിഞ്ഞവര്‍ഷം നബാര്‍ഡ് 173 കോടി ദീര്‍ഘകാല വായ്പയും 93 കോടി ഹ്രസ്വകാല
വായ്പയും സംസ്ഥാന കാര്‍ഷിക വികസന ബാങ്കിന് നല്‍കിയിരുന്നു.
പ്രതിസന്ധിയിലായ സംസ്ഥാന സഹകരണ ബാങ്കിന് മൂന്ന് വര്‍ഷമായി നബാര്‍ഡ് ഒരു
രൂപയും നല്‍കുന്നില്ല. സംസ്ഥാന ബാങ്ക് - ജില്ലാ ബാങ്ക് - പ്രാഥമിക
സംഘങ്ങള്‍ എന്ന ത്രിതല സംവിധാനത്തിലൂടെയുള്ള നൂറുകണക്കിന് കോടിയിടെ
കൃഷിവായ്പ ഇതുകാരണം മുടങ്ങി. ജില്ലാ ബാങ്കുകള്‍ ദീര്‍ഘകാല വായ്പ പൂര്‍ണമായി
നിര്‍ത്തി. ഹ്രസ്വകാല വായ്പ സ്വര്‍ണ ഈടിലേ നല്‍കുന്നുള്ളൂ. പ്രാഥമിക
സംഘങ്ങളിലാകട്ടെ വായ്പ പുതുക്കലാണ് പ്രധാന പരിപാടി. നാട്ടുകാരില്‍ നിന്ന്
പത്തുശതമാനത്തിന് വാങ്ങുന്ന പണം പലിശ കുറച്ചുകൊടുത്താല്‍
മുടിഞ്ഞുപോകില്ലേ എന്ന് അവര്‍ ചോദിക്കുന്നു.
ശരിയാണ് . അതുകൊണ്ട് അവരും വട്ടിപ്പലിശക്കാരിലേക്ക് തിരിഞ്ഞു.
സ്വര്‍ണഈടില്‍ വായ്പ നല്‍കുന്ന നാട്ടിന്‍പുറത്തെ കൊച്ചു
ബ്ലേഡുകമ്പനികളിലേക്ക്. 12-13 ശതമാനം പലിശയ്ക്ക് അവര്‍ക്ക് ബാങ്കുകാര്‍
ആവശ്യത്തിന് പണം ലഭ്യമാക്കി. ''അവരെക്കാണ്ടാ ഞങ്ങള്
പിടിച്ചുനില്‍ക്കുന്നെ'' കോഴിക്കോട് ജില്ലയിലെ ഒരു ബാങ്ക് പ്രസിഡന്റ്
പറഞ്ഞു.
സഹകരണ ബാങ്കില്‍ ഇടപാടുനടത്താന്‍ ഓഹരി വാങ്ങി അംഗത്വം എടുക്കണമെന്നില്ല.
അത് വോട്ടവകാശം വേണ്ടവര്‍ക്ക് മതി. വോട്ടവകാശം ഇല്ലാത്ത സി. ക്ലാസ്
അംഗത്വമെടുത്താല്‍ ഇടപാട് നടത്താം. ഒരു അംഗത്വത്തിന് അഞ്ചോ ഏഴോ രൂപ
കൊടുത്താല്‍ മതി. ബ്ലേഡുകാര്‍ അന്‍പതും അറുപതും പേരുടെ പേരില്‍ ഇത്തരം
അംഗത്വമെടുത്തു. പണയം കൊണ്ടുവരുന്ന സ്വര്‍ണം അവരുടെ പേരില്‍ ബാങ്കില്‍
മറിച്ചുവെച്ച് വായ്പയെടുത്ത് പുതിയ ആളിന് കൊടുത്തു.
''പണയം വെച്ചയാള്‍ തിരികെയെടുക്കാന്‍ വരുമ്പോള്‍ എന്തു ചെയ്യും?''
''വിളിച്ച് പറഞ്ഞിട്ടേ വരാവൂ എന്ന് പറഞ്ഞിട്ടുണ്ട്. ആള് വരുന്നതിനിടെ ഞങ്ങള്‍ ബാങ്കില്‍ നിന്നെടുത്ത് കൈയില്‍ വെക്കും.''
''ബാങ്കില്‍ ഒപ്പിടണ്ടേ?''
''അത് ഞങ്ങള്‍ സ്വന്തം ഇടും. ബാങ്കുകാരുമായി അഡ്ജസ്റ്റുമെന്റാ.'' ഒരു ലക്ഷം
രൂപയുമായി ഫീല്‍ഡില്‍ ഇറങ്ങിയാല്‍ വര്‍ഷം അഞ്ചു ലക്ഷം രൂപ
ഉണ്ടാക്കാമെന്നും ബ്ലേഡുകാരന്‍ വെളിപ്പെടുത്തി.
ബി.എസ്.എന്‍.എല്ലില്‍ നിന്ന് വിരമിച്ചവര്‍ സ്വകാര്യ ടെലികോം കമ്പനിയില്‍
ചേരുന്നതുപോലെ ബാങ്കുകളില്‍ നിന്ന് വിരമിച്ചവര്‍ ഇത്തരം സ്ഥാപനങ്ങളില്‍
ചേരുകയോ സ്വന്തമായി തുടങ്ങുകയോ ആണ് നടപ്പുരീതി.
നയവ്യതിയാനങ്ങള്‍
കാര്‍ഷിക വായ്പ കര്‍ഷക വിരുദ്ധമായത് യാദൃച്ഛികമല്ല. ആഗോളീകരണത്തിന്റെ
അനിവാര്യ ദുരന്തമാണത്. കോര്‍പ്പറേറ്റ് നീരാളിക്കൈകള്‍ കൃഷിയിലേക്കും
നീണ്ടതോടെ നിലമൊരുക്കേണ്ടത് ഭരണകൂട ബാധ്യതയായി. വായ്പ കൂട്ടിയത് അവര്‍ക്ക്
വേണ്ടിയായിരുന്നു. പാവം കര്‍ഷകരെ മറയാക്കിയെന്ന് മാത്രം. നിര്‍വചനം
മാറ്റിയും പരിധികൂട്ടിയും വന്‍കിടക്കാര്‍ക്ക് പരവതാനി വിരിച്ചപ്പോള്‍
കൃഷിയും കര്‍ഷകരും ശ്വാസംമുട്ടി.
ദരിദ്രരുമായി ഇടപാട് പറ്റില്ലെന്നാണ് (്യ്്ി മിവ ൃ്‌റ യമൃക്ഷമയാവ)
ബാങ്കുകാരുടെ പൊതു വിശ്വാസം. സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നതുകൊണ്ട്
അവര്‍ക്കും കുറച്ച് കൊടുക്കുന്നു എന്നുമാത്രം. ദേശീയതലത്തില്‍
കോര്‍പ്പറേറ്റുകള്‍ക്ക് വായ്പ കൊടുക്കാന്‍ അവസരം കിട്ടിയത് ബാങ്കുകാര്‍ക്ക്
അനുഗ്രഹമായി. ''കേരളത്തില്‍ കോര്‍പ്പറേറ്റുഫാമിങ്ങും
അഗ്രിബിസിനസ്സും വ്യാപകമായിരുന്നെങ്കില്‍ അവര്‍ക്ക് വായ്പ കൊടുത്ത്
ബാങ്കുകാര്‍ കണക്ക് തികയ്ക്കുമായിരുന്നു. അത്തരക്കാര്‍ കുറവായതുകൊണ്ടാണ്
സ്വര്‍ണമുള്ളവരെത്തേടിപ്പോയത്. അതില്‍ അത്ഭുതമില്ല'' -മുംബൈ
ടാറ്റ സാമൂഹികശാസ്ത്ര സ്ഥാപനത്തിലെ ആര്‍. രാംകുമാര്‍ ചൂണ്ടി ക്കാട്ടി.
ആഗോളീകരണത്തിന്റെ ആദ്യ ദശകത്തില്‍ കൃഷിവായ്പ നന്നെ ശോഷിച്ചുപോയിരുന്നു.
മുന്‍ദശകത്തിലെ 8.7 ശതമാനം വാര്‍ഷിക വളര്‍ച്ച 1990-2000-ല്‍ കേവലം 1.8
ശതമാനമായി ചുരുങ്ങി. ഗ്രാമീണ ജനസംഖ്യാ വളര്‍ച്ചയേക്കാള്‍ കുറഞ്ഞുപോയി ഇത്.
നഷ്ടമെന്ന് പറഞ്ഞ് പതിനഞ്ച് കൊല്ലം കൊണ്ട് 4117 ഗ്രാമ ബാങ്ക് ശാഖകള്‍
പൂട്ടി. കര്‍ഷക ആത്മഹത്യകള്‍ വാര്‍ത്തയില്‍ നിറഞ്ഞു. ഈ പശ്ചാത്തലത്തിലാണ്
കൃഷിവായ്പ ഇരട്ടിയാക്കുമെന്ന പ്രഖ്യാപനം വന്നത്. ഒരു ശാഖ 100 പേര്‍ക്ക്
എന്ന തോതില്‍ വര്‍ഷം 50 ലക്ഷം കര്‍ഷകര്‍ക്ക് വായ്പ നല്‍കുമെന്നും
അറിയിപ്പുണ്ടായി. ഒക്കെ വെറുതെയായിരുന്നു. കൃഷി അനുബന്ധ വ്യവസായത്തില്‍
ഏര്‍പ്പെട്ടവര്‍ക്കും വന്‍കിട കൃഷിക്കാര്‍ക്കുമാണ് 'ഇരട്ടിപ്പിന്റെ'
പ്രയോജനം കിട്ടിയത്.
കൃഷിവായ്പ രണ്ടുവിധമുണ്ട്. പ്രത്യക്ഷവും പരോക്ഷവും. കൃഷിക്കാര്‍ക്ക്
നേരിട്ട് നല്‍കുന്നത് പ്രത്യക്ഷം. കൃഷി അനുബന്ധ വ്യവസായത്തിനും കുറഞ്ഞ
ചെലവില്‍ വൈദ്യുതി നല്‍കുന്ന ബോര്‍ഡിനും മറ്റും നല്‍കുന്നത് പരോക്ഷം.
വ്യവസായികള്‍ക്ക് താത്പര്യം പരോക്ഷ വായ്പയാണ്. അതു കൂട്ടാനുള്ള പണിയെടുത്തു
ഭരണകൂടം. മൊത്തം വായ്പയുടെ 18 ശതമാനം പ്രത്യക്ഷ വായ്പയായിരിക്കണമെന്ന
വ്യവസ്ഥയില്‍ ആദ്യമേ വെള്ളം ചേര്‍ത്തു. നേരിട്ട് പതിമ്മൂന്നരയായാലും മതി
ബാക്കി നാലര പരോക്ഷമാകാം എന്നാക്കി. പരോക്ഷം നാലരയില്‍ കൂടിയാലോ? അതിനും
വകുപ്പുണ്ടാക്കി. മുന്‍ഗണനാ മേഖലയില്‍പ്പെടുത്താന്‍ അനുവദിച്ചു. മൊത്തം
വായ്പയുടെ 40 ശതമാനം മുന്‍ഗണനാ മേഖലയ്ക്ക് നല്‍കണമെന്ന് വ്യവസ്ഥയുണ്ട്.
അതിലേക്ക് വരവുവെച്ചോളാനാണ് പറഞ്ഞത്.
എന്നിട്ട് പരോക്ഷവായ്പാപ്പരിധിയില്‍ കൂടുതല്‍ ഇനങ്ങള്‍ ഉള്‍പ്പെടുത്തി.
കോഴി -കാലിത്തീറ്റ വിതരണമേഖലയെ അങ്ങനെ കൊണ്ടുവന്നതാണ്. അഞ്ചു ലക്ഷം വരെ
വായ്പ ആകാമെന്നുപറഞ്ഞാണ് തുടങ്ങിയത്. പിന്നീടത് നാല്പത് ലക്ഷമാക്കി. കണികാ
ജലസേചന ഉപകരണനിര്‍മാണമേഖലയെയും പെടുത്തി. ആദ്യം പത്തു ലക്ഷം കൊടുക്കാമെന്ന്
പറഞ്ഞു. പിന്നെ മുപ്പതു ലക്ഷമാക്കി. പോരാ, പ്ലാന്റ് എവിടെയായിരുന്നാലും
കൃഷി വായ്പ അനുവദിക്കാമെന്നായി. നേരത്തേ ഗ്രാമ പ്രദേശത്തായിരിക്കണമെന്ന്
നിബന്ധനയുണ്ടായിരുന്നു. ഭക്ഷ്യ സംസ്‌കരണ - കൃഷി അധിഷ്ഠിത വ്യവസായത്തിന്
നല്‍കുന്ന പത്തുകോടി വരെയുള്ള വായ്പയെയും പരോക്ഷവിഭാഗത്തല്‍ പെടുത്തി.
തേനീച്ച, കോഴി, പന്നി വളര്‍ത്തലിന് കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്ന
വായ്പയ്ക്കും കാര്‍ഷിക പദവി കിട്ടി. ഒരു കോടിയില്‍ കൂടുതലുള്ളതിന്റെ
മൂന്നില്‍ രണ്ട് പരോക്ഷവും മൂന്നിലൊന്ന് പ്രത്യക്ഷവുമായി.
വെയര്‍ഹൗസും സ്റ്റോറേജ് സംവിധാനങ്ങളും ഇളവ് നേടി. അവയുടെ നിര്‍മാണത്തിനുള്ള
വായ്പാപ്പരിധി ഉയര്‍ത്തിയതിന് പുറമെ ഗ്രാമങ്ങളിലായിരിക്കണമെന്ന വ്യവസ്ഥ
ഒഴിവാക്കി. കോര്‍പ്പറേറ്റുകള്‍ ചില്ലറവില്പന മേഖലയിലേക്ക് കടക്കുന്ന
സാഹചര്യത്തിലാണ് ഈ ഇളവുകള്‍ കൊണ്ടുവന്നത്. ഭക്ഷ്യവിലപ്പെരുപ്പം 13
ശതമാനമായതും ഈ വായ്പനയവും തമ്മില്‍ ബന്ധമുണ്ടാകുമോ? പ്രത്യക്ഷ വായ്പയിലും
നയംമാറ്റം ഉണ്ടായി. തോട്ടം മേഖലാവായ്പകളെ പരോക്ഷവിഭാഗത്തില്‍ നിന്ന്
പ്രത്യക്ഷവിഭാഗത്തിലേക്ക് മാറ്റിക്കൊടുത്തു. വിള ഈടിലുള്ള ഹ്രസ്വകാല
വായ്പയുടെ പരിധി ഒരു ലക്ഷത്തില്‍ നിന്ന് പത്തു ലക്ഷമാക്കി.
ഇത്തരം നയവ്യതിയാനങ്ങള്‍ കൃഷിവായ്പയുടെ എണ്ണത്തിലും വണ്ണത്തിലും
പ്രതിഫലിച്ചു. 2000-ല്‍ 25,000 രൂപയില്‍ താഴെയുള്ള വായ്പകളായിരുന്നു മൊത്തം
കൃഷിവായ്പയുടെ 35 ശതമാനം. ആറു വര്‍ഷം കൊണ്ട് ഇത് പതിമ്മൂന്ന് ശതമാനമായി.
അതേസമയം 25 കോടിക്ക് മേലുള്ള വായ്പ ആറു ശതമാനത്തില്‍ നിന്ന് 16 ശതമാനമായി.
10 കോടിക്കും 25 കോടിക്കുമിടയിലുള്ളത് 1.7 ശതമാനത്തില്‍ നിന്ന് 4.3
ശതമാനമായി.
എന്നിട്ടരിശം തീരാഞ്ഞിട്ടാണ് വിദേശ നിക്ഷേപം കൊണ്ടുവരുന്നത്. 4.75 ലക്ഷം
കോടി രൂപയാണ് നടപ്പുവര്‍ഷം കൃഷിവായ്പയ്ക്ക് നീക്കിവെച്ചിരിക്കുന്നത്. കൃഷി
വളര്‍ത്തലാണ് ഉദ്ദേശ്യമെങ്കില്‍ ഈ തുക മതിയാവില്ലേ?
ആശ്വാസം കമ്മീഷന് മാത്രം
കോഴിക്കോട് വെസ്റ്റ്ഹില്‍ ഗസ്റ്റ്ഹൗസില്‍ സംസ്ഥാന കടാശ്വാസ കമ്മീഷന്‍ സിറ്റിങ്.
കര്‍ഷകന്‍ ഓടിക്കിതച്ച് എത്തിയപ്പോഴേക്കും സിറ്റിങ് കഴിഞ്ഞിരുന്നു. അവിടെ
കണ്ട ഉദ്യോഗസ്ഥനോട് അയാള്‍ കെഞ്ചി ''എന്തെങ്കിലും ഇളവ്?'' അനുവദിക്കാന്‍
ഉദ്യോഗസ്ഥന് അധികാരമില്ലായിരുന്നു. അടുത്ത സിറ്റിങ്ങില്‍ വെക്കാന്‍ അപേക്ഷ
എഴുതിത്തരാന്‍ ദയാലുവായ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു.
എഴുതിത്തുടങ്ങിയപ്പോളാണ് മനസ്സിലായത്. കുടിശ്ശിക പൊതുമേഖലാ ബാങ്കിലാണ് .
കമ്മീഷന് അവിടെ അധികാരമില്ല. വിവരം പറഞ്ഞപ്പോള്‍ അയാള്‍ ഒന്നുകൂടി കേണു.
''ഹാര്‍ട്ട് ഓപ്പറേഷന്‍ കാരണമാ കുടിശ്ശിക വന്നത്. ഇനി പണിയെടുത്ത്
വീട്ടാന്‍ ആവൂല്ല.'' ഒന്നും ചെയ്യാന്‍ നിവൃത്തിയില്ലായിരുന്നു.
വിതുമ്പിക്കരഞ്ഞ് കര്‍ഷകന്‍ ഇറങ്ങിപ്പോയി.
സംസ്ഥാനത്തെ കൃഷിവായ്പയില്‍ ബഹുഭൂരിഭാഗവും വാണിജ്യബാങ്ക്
വായ്പകളാണെന്നിരിക്കെ കടാശ്വാസ കമ്മീഷന് പരിമിതിയുണ്ടായിരുന്നു. വാണിജ്യ
ബാങ്കുകള്‍ കേന്ദ്ര നിയമത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്. കടാശ്വാസ
കമ്മീഷന്‍ സംസ്ഥാന നിയമത്തിലും. അതുകൊണ്ട് സഹകരണ ബാങ്ക്
വായ്പക്കുടിശ്ശികയില്‍ മാത്രമാണ് കമ്മീഷന് ഇടപെടാന്‍ കഴിഞ്ഞത്. 2009
മാര്‍ച്ചില്‍ അപേക്ഷാ സമയം അവസാനിച്ചപ്പോള്‍ ലഭിച്ച 4,10,549 അപേക്ഷകളില്‍
2011 മാര്‍ച്ച് 31-നകം 1,71,407 അപേക്ഷകള്‍ തീര്‍പ്പാക്കി. 41,343
കര്‍ഷകര്‍ക്കായി മൊത്തം 75.31 കോടിരൂപയുടെ ആനുകൂല്യം ശുപാര്‍ശ ചെയ്തു.
ശരാശരി ഒരു കര്‍ഷകന് 18,215 രൂപ.
കമ്മീഷനില്‍ ചെയര്‍മാനടക്കം ഏഴംഗങ്ങളുണ്ട്. നാലു വര്‍ഷംകൊണ്ട് ഓണറേറിയവും
യാത്രാബത്തയും മറ്റുമായി കമ്മീഷന്‍ അംഗങ്ങള്‍ കൈപ്പറ്റിയത് മൊത്തം 94.95
ലക്ഷം രൂപ. ശരാശരി ഒരംഗം പതിമ്മൂന്നര ലക്ഷം രൂപ. ആയില്ല, കമ്മീഷന്‍
ശുപാര്‍ശ ചെയ്യുന്ന തുക സംസ്ഥാന സഹകരണ രജിസ്ട്രാര്‍ മുഖേനയാണ് വിതരണം. 18
കോടി രൂപ അവിടെ പിടിച്ച് വെച്ചിരിക്കുകയാണ് സാങ്കേതികത്വം പറഞ്ഞ് . പഴയ
ബ്രിട്ടീഷ് പാരമ്പര്യം കാക്കുന്നവര്‍.
ഇനി നമ്മള്‍ എന്തു ചെയ്യും?
കര്‍ഷകര്‍ക്ക് വായ്പ ലഭ്യമാക്കാന്‍ എന്തെല്ലാം
നടപടികള്‍. ഒന്നും ഫലവത്താകുന്നില്ല. ബ്ലേഡുകാരെ നിയമവിധേയമാക്കി
അവരെക്കൊണ്ട് വായ്പ കൊടുപ്പിക്കാനാണ് ഒടുവിലത്തെ ശ്രമം. വേറെ
മാര്‍ഗങ്ങളില്ലേ?
കാര്‍ഷിക വായ്പയെപ്പറ്റി ആക്ഷേപം ഉണ്ടായാല്‍ ഉടന്‍ റിസര്‍വ് ബാങ്ക്
കമ്മിറ്റിയെ വെക്കും . റിപ്പോര്‍ട്ട് വാങ്ങും. പേരിന് ചില ശുപാര്‍ശകള്‍
നടപ്പാക്കും. കുത്തൊഴുക്ക് തടയാന്‍ ദുര്‍ബലമായ അണകെട്ടുമ്പോലെ. ഒന്നുകില്‍
അണ തകരും. അല്ലെങ്കില്‍ വെള്ളം വഴിമാറിപ്പോകും. ബാങ്ക് ദേശസാല്‍ക്കരിച്ചതും
ഗ്രാമീണ ബാങ്കുകള്‍ ഉണ്ടായതും നബാര്‍ഡ് വന്നതും കര്‍ഷകരെ
ഉദ്ധരിക്കാനായിരുന്നു. അതും പോരാഞ്ഞാണ് അസംഖ്യം കമ്മിറ്റികളെ വെച്ചത്.
സാരംഗി കമ്മിറ്റി , വ്യാസ്, ജോഹല്‍, രാധാകൃഷ്ണ... വായ്പാവിതരണം
വേഗത്തിലാക്കാന്‍ പോലും കമ്മിറ്റിയുണ്ടായി-സ്വരാങ്കര്‍ കമ്മിറ്റി. പക്ഷേ,
കര്‍ഷകന്‍ കുമ്പിളില്‍ തന്നെ കുടിച്ചു.
ഇനി കമ്മിറ്റി വേണ്ട . നടപടി മതി. കാര്‍ഷിക വായ്പ വകമാറ്റിയവര്‍ക്കെതിരെ അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കണം.
ചുരുങ്ങിയത് മൂന്ന് കുറ്റകൃത്യങ്ങള്‍ ബാങ്കുകള്‍ ചെയ്തിട്ടുണ്ട്.
കര്‍ഷകര്‍ക്ക് വായ്പ കൊടുത്തില്ല, കര്‍ഷകരല്ലാത്തവര്‍ക്ക് കൊടുത്തു,
സര്‍ക്കാര്‍ സബ്‌സിഡി അനര്‍ഹര്‍ക്ക് വീതിച്ചു. ഇത് കണ്ടെത്താന്‍
പ്രയാസമില്ല. കെ. വൈ.സി. (ക്ഷൃ്‌ന ്രള്‍്ുി രുീറ്ൗവി) എന്ന ഏര്‍പ്പാടുണ്ട്
ബാങ്കില്‍ . ഇടപാടുകാരന്റെ ജോലിയും കൂലിയും സര്‍വ വിവരങ്ങളും
രേഖപ്പെടുത്തുന്ന സംവിധാനം. ഏതെങ്കിലും നഗരത്തിലെ ഏതെങ്കിലും ശാഖ
പരിശോധിച്ചാല്‍ ക്രമക്കേടിന്റെ ആഴം മനസ്സിലാകും. സ്വകാര്യ ബാങ്കുകളുടെ,
അതില്‍ പുതുതലമുറ ബാങ്കുകളുടെ, പ്രത്യേകം പരിശോധിക്കണം.
രാജ്യത്ത് വര്‍ഷം 80,000 കോടി രൂപയുടെ സ്വര്‍ണപ്പണയ വായ്പ നല്‍കുന്നുണ്ട്.
ഇതില്‍ നല്ലൊരു ശതമാനം കൃഷിയുടെ പേരിലാണ്. ഇതിന്റെ നടത്തിപ്പുകാര്‍ പലരും
അതി സമ്പന്നരുടെ പട്ടികയില്‍ കയറിപ്പറ്റിയിട്ടുമുണ്ട് . അതേസമയത്താണ്
കൃഷിയില്‍ തോറ്റ് ദരിദ്രലക്ഷങ്ങള്‍ ആത്മഹത്യ ചെയ്തത്. ഈ വൈരുധ്യത്തിന്റെ
കാരണം കണ്ടെത്തണം.
ബാങ്ക് ശാഖയുടെ സേവനം അതത് പ്രദേശത്തിനായി പരിമിതപ്പെടുത്തുന്ന സര്‍വീസ്
ഏരിയാ സമീപനം ശരിയായ കൃഷിവായ്പയ്ക്കും വിദ്യാഭ്യാസ വായ്പയ്ക്കും കര്‍ശനമായി
ബാധകമാക്കുകയും സ്വര്‍ണ ഈട് വായ്പയ്ക്ക് ഒട്ടും ബാധകമാക്കാതിരിക്കുകയും
ചെയ്തത് എന്തുകൊണ്ടാണ്?
ടൗണിലെ ശാഖകളും കൃഷി വായ്പ കൊടുക്കുന്നുണ്ടെന്ന് കേട്ട്
കോഴിക്കോട്ടെത്തിയതായിരുന്നു ഒരു കര്‍ഷകന്‍. പല ശാഖകളും കയറിയിറങ്ങി .
ഒടുവില്‍ കല്ലായിയിലെ ശാഖയില്‍ ചെന്നാല്‍ കിട്ടുമെന്ന് ആരോ പറഞ്ഞു.
അവിടെയെത്തിയപ്പോള്‍ മാനേജര്‍ ലീവ്. കര്‍ഷകന്‍ വിവരം പറഞ്ഞു. സ്വര്‍ണ ഈട്
വായ്പയോ വാണിജ്യ വായ്പയോ ആണെങ്കില്‍ ഇപ്പോള്‍ സംസാരിക്കാം.
സ്വര്‍ണമില്ലാത്ത കൃഷിവായ്പയാണെങ്കില്‍ രണ്ടാഴ്ച കഴിഞ്ഞ് മാനേജര്‍
വരട്ടെയെന്ന് അസിസ്റ്റന്റ് മാനേജര്‍ തീര്‍ത്ത് പറഞ്ഞു.
കൃഷിയോടെന്തിനീ അയിത്തം? ഗ്രാമങ്ങളില്‍ കൃഷി വായ്പയോളം പ്രാധാന്യമുണ്ട്
ഇപ്പോള്‍ വിദ്യാഭ്യസ വായ്പയ്ക്ക് . മക്കളെ പഠിപ്പിച്ച് ഉന്നത
ഉദ്യോഗത്തിലെത്തിക്കുന്നതിനെക്കാള്‍ അവരെ കൃഷിയില്‍ നിന്ന്
മോചിപ്പിക്കാനുള്ള ശ്രമമാണത്. അതും കിട്ടാനെളുപ്പമല്ല. കിട്ടിയാല്‍ തന്നെ
താങ്ങാനാവാത്ത പലിശയും.
വിലയും സ്ഥിരതയും മറ്റ് ചിലതും
സര്‍ക്കാര്‍ ജീവനക്കാരന് വായ്പ കിട്ടും. കൃഷിക്കാരന് കിട്ടില്ല.
എന്തുകൊണ്ട്? ജീവനക്കാരന് സ്ഥിരവരുമാനമുണ്ട്. കൃഷിക്കാരനില്ല. ഓഫീസ്
സമയത്തിന് അധ്വാനിക്കാഞ്ഞിട്ടല്ല വരുമാനം സ്ഥിരമാകാത്തത്. വിള വില അവന്റെ
പിടിയില്‍ നില്‍ക്കാഞ്ഞിട്ടാണ്. അന്താരാഷ്ട്രവിപണിയോട് താദാത്മ്യപ്പെട്ടു
നില്‍ക്കുന്ന വിള വില ഓഹരി വിപണി മാതൃകയിലാണ് ചാഞ്ചാടുന്നത്. വില അറിയാന്‍
രാവിലെ പത്രം നോക്കിയാല്‍ പോരാ, വില്‍ക്കാന്‍ കടയില്‍ ചെല്ലണം. വില
സ്ഥരിതാഫണ്ട് കൊണ്ടും കാര്യമില്ല. ഇടുക്കിയില്‍ 250 കോടി കൊടുക്കാമെന്ന്
പറഞ്ഞപ്പോള്‍ ഏലം വില കൂപ്പുകുത്തുകയാണ് ചെയ്തത്.
ജീവനക്കാരന് ശമ്പളം നിശ്ചയിക്കാന്‍ കമ്മീഷനെ വെക്കും പോലെ വിള വില
നിശ്ചയിക്കാന്‍ കമ്മീഷന്‍ വേണം. ചെലവും ന്യായമായ ലാഭവും കണക്കാക്കി
വിലനിശ്ചയിക്കണം. വില അതിനെക്കാള്‍ കൂടിയാല്‍ ഒരു ഭാഗം സര്‍ക്കാര്‍
പിടിച്ചുവെച്ച് 60 കഴിഞ്ഞ കര്‍ഷകര്‍ക്ക് പെന്‍ഷന്‍ കൊടുക്കട്ടെ. കുറഞ്ഞാ
ല്‍ സര്‍ക്കാര്‍ നികത്തിക്കൊടുക്കണം. അതുകഴിയുന്നില്ലെങ്കില്‍
കര്‍ഷകനെടുക്കുന്ന വായ്പയ്ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കണം.
തന്റേതല്ലാത്ത കാരണത്താല്‍ അടയ്ക്കാന്‍ പറ്റാതായാല്‍ സര്‍ക്കാര്‍
അടയ്ക്കണം.
''വല്ല നിവൃത്തിയുമുണ്ടെങ്കില്‍ ഞാ ന്‍ അടച്ചേനെ'' -വയനാട് നടവയലിലെ
ചിറ്റാലൂര്‍കുന്നില്‍ ഏലിക്കുട്ടി പറഞ്ഞു. 13,000 രൂപ കടക്കാരിയാണ്
ഏലിക്കുട്ടി. പശുവിനെ വാങ്ങാന്‍ 12,000 രൂപ ബാങ്ക് വായ്പയെടുത്തതാണ്. പാല്
വിറ്റ് 6000 രൂപ തിരിച്ചടച്ചു. പെട്ടെന്ന് കറവ കുറഞ്ഞതോടെ അടവു മുടങ്ങി.
പശു വീണ്ടും പ്രസവിച്ചെങ്കിലും പാല് കുറവ് . ഒടുവില്‍ 2000 രൂപയ്ക്ക്
ഇറച്ചിക്കാരന് വിറ്റു. ഇപ്പോഴും ഒരു പശു ഉണ്ട്. വായ്പയെടുത്ത്
വാങ്ങിയതിന്റെ മകള്‍. അതിനെ പോറ്റിയാണ് കുടുംബം പോറ്റുന്നത്. ഭര്‍ത്താവിന്
സുഖമില്ല. കൂടെയുള്ള മകള്‍ക്കും.
പ്രമേഹം വന്ന് വൃണമായ ഇടതുകാല്‍പ്പാദം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ്
കെട്ടിയാണ് ഏലിക്കുട്ടി പശുക്കറവയ്ക്കും പുല്ലിനും പോകുന്നത്. ചാണകത്തില്‍
ചവിട്ടരുതെന്ന് ഡോക്ടര്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്.
''ബാങ്കില്‍ നിന്ന് എന്നും കടലാസ് വരും. ഞാന്‍ എടുത്ത പൈസ എങ്ങനെയെങ്കിലും
അടയ്ക്കണം. പലിശ ഒഴിവായിക്കിട്ടിയിരുന്നെങ്കില്‍...'' മുറിവ് കെട്ടാന്‍
ആസ്പത്രിയിലേക്ക് ഇടതു കാല്‍ വലിച്ച് നടന്ന് പോകുമ്പോള്‍ അവര്‍ പറഞ്ഞു.
''ആസ്പത്രിയിലേക്ക് ഓട്ടോയ്ക്ക് പോയിക്കൂടെ?''
''60 രൂപ വേണം . ഇപ്പോള്‍ ഉള്ള പശുവിനും പാലു കുറവാ. രണ്ടു ലിറ്റര്‍ തികയില്ല.''
പലിശ യുക്തിസഹമാകണം
ഉയര്‍ന്ന പലിശ നല്‍കാന്‍ ശേഷിയുള്ളവര്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കി
സ്വയം വരുമാനം കുറച്ചു ബാങ്കുകള്‍. എന്നിട്ടും അവ വന്‍ ലാഭത്തിലാണ്.
എന്നിരിക്കെ കര്‍ഷകരോടും ദരിദ്രരോടും കുറെക്കൂടി ഉദാരസമീപനം
സ്വീകരിക്കുന്നത് അപരാധമാകില്ല. അടവു തെറ്റിയാലും ഇല്ലെങ്കിലും
അഞ്ചുവര്‍ഷത്തേക്ക് (ശരിയായ) കൃഷിവായ്പയ്ക്ക് നാല് ശതമാനം പലിശ എന്ന്
തീരുമാനിച്ചുകൂടെ?അതിന് സര്‍ക്കാര്‍ സബ്‌സിഡി അവകാശപ്പെടാന്‍ സാഹചര്യം
ഉണ്ടാക്കിക്കൂടെ? സ്വകാര്യ ബാങ്കുകളുടെ കാര്‍ഷികവായ്പയ്ക്കും സബ്‌സിഡി
നല്‍കണമെന്ന് നിരന്തരം സമ്മര്‍ദം ചെലുത്തുന്നവരാണല്ലോ സംസ്ഥാന തല
ബാങ്കേഴ്‌സ് സമിതിയില്‍ ഉള്ളവര്‍. വിദ്യാഭ്യാസ വായ്പയുടെ പലിശയും
കുറയ്ക്കണം. സാധാരണക്കാരെയും കര്‍ഷകരെയും ഒരുപോലെ അലട്ടുന്നതാണ് ഈ പലിശ.
ദീര്‍ഘകാല കൃഷി വായ്പയിലും പുനര്‍വിചിന്തനം വേണം. എല്ലാവര്‍ഷവും
ബാങ്കേഴ്‌സ് സമിതി യോഗം ചേര്‍ന്ന് ഉത്കണ്ഠപ്പെടും, ദീര്‍ഘകാല വായ്പ 15-17
ശതമാനത്തില്‍ നില്‍ക്കുകയാണ്, 50-55 ശതമാനമെങ്കിലും ആക്കണ്ടേ എന്ന്.
എന്താണ് അതിന് തടസ്സം? ആരും ചോദിച്ച് വരാഞ്ഞിട്ടാണോ? ആണെങ്കില്‍ ഒരു കാരണം
ഉയര്‍ന്ന പലിശയാണ്. കുറഞ്ഞ പലിശയ്ക്ക് ദീര്‍ഘകാല വായ്പയും ലഭ്യമാക്കണം.
എങ്കിലേ കാര്‍ഷിക മേഖലയിലെ മൂലധനം കൂടൂ. വായ്പയെടുത്ത് പറമ്പിന്റെ നിലവാരം
മെച്ചപ്പെടുത്തിയാല്‍ വില്‍ക്കുമ്പോഴെങ്കിലും വില കിട്ടുമല്ലോ.
ഇതിനൊക്കെ അപ്പുറം സര്‍ക്കാറിന്റെയും ബാങ്കുകളുടെയും സമീപനം മാറണം.
കോടികള്‍ തട്ടിയ വ്യവസായികള്‍ ജയിലിലായാല്‍ വളര്‍ച്ചയെ ബാധിക്കുമെന്ന്
ഭരണകര്‍ത്താക്കള്‍ ഭയപ്പെടുന്നു. കര്‍ഷകന്‍ ജീവനൊടുക്കുന്നത് കൃഷിയെ എങ്ങനെ
ബാധിക്കുമെന്ന് അവര്‍ക്ക് വേവലാതിയില്ല. വ്യവസായികള്‍ വായ്പയെടുത്ത്
കിട്ടാക്കടമാക്കിയാല്‍ അവരുടെ പേരോ തുകയോ പുറത്തറിയിക്കില്ല. അറിയണമെന്ന്
വാശിയുള്ളവര്‍ സുപ്രീംകോടതിയിലോ വിവരാവകാശകമ്മീഷനിലോ പണം മുടക്കി കേസ്
നടത്തണം. വിദേശത്തെ കള്ളപ്പണമാണെങ്കില്‍ കേസുകൊണ്ടും രക്ഷയില്ല.
തുച്ഛമായ തുകയെടുത്ത് തിരിച്ചടവ് മുടങ്ങിയ കര്‍ഷകനാണെങ്കിലോ? പേരും
നാളും വിലാസവും ചേര്‍ത്ത് ബാങ്കുകാര്‍ മുഴുനീള പത്രപ്പരസ്യം നല്‍കും.
അതിന്റെ ചെലവ് അവന്റെ തലയില്‍ കെട്ടിവെക്കും. വീടും പറമ്പും ജപ്തിചെയ്ത്
അതും ഈടാക്കും. കൃഷി ഇല്ലാതാക്കാന്‍ ഭരണകൂടം ശ്രമിക്കുന്നത് ഇത്തരം
ഏടാകൂടങ്ങള്‍ ഒഴിവാക്കാനാണോ?
നഗരം ഗ്രാമത്തിന് നല്‍കുന്ന ഭിക്ഷയല്ല കാര്‍ഷിക വായ്പ. ഗ്രാമം പ്രദാനം ചെയ്യുന്ന ജീവവായുവിന് അച്ചാരം പോലുമാകില്ല അത്.
ബാങ്കിന് പകരം ബ്ലേഡ് ...
ബാങ്കുകള്‍ക്ക് പകരമാകുമോ ബ്ലേഡുകള്‍? ആകുമെന്ന് റിസര്‍വ് ബാങ്ക് നിയമിച്ച
എസ്.സി. ഗുപ്തകമ്മിറ്റി ശുപാര്‍ശ ചെയ്തു. ഗ്രാമീണസേവനത്തിന് ബാങ്കുകള്‍ക്ക്
പരിമിതി ഉണ്ടെന്നും ബ്ലേഡു കമ്പനികളുമായി ധാരണയുണ്ടാക്കി ആ കുറവ്
പരിഹരിക്കാമെന്നും കമ്മിറ്റി കണ്ടെത്തി. ബാങ്കുകള്‍ ബ്ലേഡുകമ്പനികള്‍ക്ക്
വായ്പ നല്‍കണം. അവര്‍ കര്‍ഷകര്‍ക്കും നാട്ടുകാര്‍ക്കും. പലിശ കൂടിയാലും
കാര്യം നടക്കുമല്ലോ എന്ന ന്യായം. സാമ്പത്തികമായ ഉള്‍പ്പെടുത്തല്‍ എന്ന
ലക്ഷ്യവും നേടാം. ബ്ലേഡുകാരന് അംഗീകൃത വായ്പാവിതരണക്കാരന്‍ എന്ന പേരും
കമ്മിറ്റി ശുപാര്‍ശ ചെയ്തു. വീഞ്ഞ് പഴയതാണെങ്കിലും കുപ്പി പുതിയതാവട്ടെ
എന്ന്.
ഇത്തരക്കാര്‍ക്കുവേണ്ടി ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
തുടങ്ങണമെന്നായിരുന്നു മറ്റൊരു ശുപാര്‍ശ. അങ്ങനെ നാട്ടിലെമ്പാടും
യോഗ്യതയുള്ള ബ്ലേഡുകാര്‍ ഉയര്‍ന്നുവരുമെന്ന് കമ്മിറ്റി സ്വപ്നം കണ്ടു.
കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ കോഴ്‌സ് !
രാഷ്ട്രനിര്‍മാണത്തില്‍ വട്ടിപ്പലിശക്കാര്‍ ചെയ്ത സംഭാവനകളെ പുകഴ്ത്തുന്ന
റിപ്പോര്‍ട്ട് ലഘുവായ്പാ സ്ഥാപനങ്ങളെക്കൊണ്ട് ഗ്രാമീണ ജനതയുടെ ആവശ്യങ്ങള്‍
നിറവേറ്റാന്‍ കഴിയുന്നില്ലെന്ന് പരിതപിക്കുന്നു. ബ്ലേഡുകാരനാണെങ്കില്‍
നാട്ടുകാരെ നന്നായി അറിയാം, 24 മണിക്കൂറും സേവനം ലഭ്യമാകും, തിരച്ചടവില്‍
ബാങ്കുകാര്‍ക്ക് തലവേദനയില്ല തുടങ്ങിയ നേട്ടങ്ങളുമുണ്ട്. ബാങ്കുകാര്‍
കൊടുക്കുന്ന പണത്തില്‍ പാതിയെങ്കിലും വായ്പ കൊടുക്കുന്നു എന്ന്
ഉറപ്പാക്കണമെന്ന ചില വ്യവസ്ഥകളും അംഗീകൃത വായ്പ വിതരണക്കാരനെ ഉദ്ദേശിച്ച്
കമ്മിറ്റി മുന്നോട്ട് വെക്കുന്നുണ്ട്. കാര്‍ഷിക വായ്പ ബ്ലേഡു
കമ്പനികളിലേക്ക് തിരിച്ചുവിട്ട് ഈ ശുപാര്‍ശകള്‍ നടപ്പാക്കിയതാകുമോ
കേരളത്തിലെ ബാങ്കുകാര്‍? ഏതായാലും ഇതില്‍പ്പരം അപമാനം വരാനില്ല.
വട്ടിപ്പലിശ ഇല്ലാതാക്കാനാണ് ബാങ്കിങ് സംവിധാനം.
അതിനെ വളര്‍ത്തുക എന്നാല്‍ സ്വന്തം അസ്തിത്വം നിഷേധിക്കലാണ്. ഏറ്റവും
കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കേണ്ട കര്‍ഷകരെയും ഗ്രാമീണരെയും
നിയമപരമായിത്തന്നെ കൊള്ളപ്പലിശക്കാര്‍ക്ക് കൈമാറുകയാണെങ്കില്‍
ബാങ്കുകള്‍ക്ക് എന്ത് പ്രസക്തി? ശാഖയില്ലാഞ്ഞിട്ടോ കര്‍ഷകരില്ലാഞ്ഞിട്ടോ
അല്ല കേരളത്തില്‍ കാര്‍ഷിക വായ്പ കിട്ടാതിരുന്നത് .
കൊടുക്കാതിരുന്നിട്ടാണ്. അത് കൊടുപ്പിക്കാനാണ് നടപടി വേണ്ടത്.
അതി ദരിദ്രര്‍ക്കുള്ള വായ്പ വര്‍ഷങ്ങളായി ലക്ഷ്യം നേടുന്നില്ലെന്ന കണക്ക്
കൈയിലിരുന്നിട്ടും റിസര്‍വ് ബാങ്ക് അനങ്ങാതിരുന്നത് എന്തുകൊണ്ടാണ്?
ദരിദ്രരും കര്‍ഷകരും അംഗങ്ങളല്ലാത്തതുകൊണ്ടാകാം ജീവനക്കാരുടെ സംഘടനകളും
പ്രതികരിച്ചുകണ്ടില്ല. ബാങ്ക് ദേശസാല്‍ക്കരണത്തിന് പിന്നാലെ 1972 ല്‍
തുടങ്ങിയതാണ് അതിദരിദ്രര്‍ക്കുള്ള വായ്പാ വിതരണപദ്ധതി. ഗ്രാമങ്ങളില്‍
16,000 രൂപയിലും നഗരങ്ങളില്‍ 24,000 രൂപയിലും താഴെമാത്രം
വരുമാനമുള്ളവര്‍ക്ക് ഈട് വാങ്ങാതെ നാല് ശതമാനം പലിശയ്ക്ക് വായ്പ നല്‍കുന്ന
സ്‌കീം. അവരും സ്വര്‍ണം കൊണ്ടുവരട്ടെ എന്നാണ് ബാങ്ക് നിലപാടെങ്കില്‍ വായ്പ
വിതരണം നടക്കില്ല. ഒന്നേകാല്‍ പവനുള്ളവന്‍ പരിധിക്ക് പുറത്താവും.
സ്വര്‍ണവില അത്രയും കടന്നുപോയി.
(അവസാനിച്ചു)
വിനോയ് മാത്യു
vinoy.m @gmail.com
കടപ്പാട് - മാതൃഭൂമി ദിനപത്രം
Let link technology with farming.join and express you opinion and suggestions: hitekmalayalifarm https://www.facebook.com/groups/hitekmalaylifarm/
മറുപടിഇല്ലാതാക്കൂകേരളത്തിലെ ഒട്ടു മിക്ക ബാങ്ക് ഇടപാടുകളും ഇംഗ്ലീഷിൽ ആണ് .ഇത് നിര്ബന്ധമായും മലയാളത്തിൽ കൈകാര്യം ചെയ്യുന്നതിനുള്ള നടപടികൾ ആവശ്യമാണ് .സാധാരണക്കാരായ ആളുകൾ ഇടപാടുകൾ നടത്തുമ്പോൾ മലയാളത്തിൽ അറിയാനുള്ള തീര്ച്ചയായും അവകാശം ഉണ്ട്.മലയാള ഭാഷയിലുള്ള അപേക്ഷ ഫോമുകൾ നിർബന്ധമായും കേരളത്തിലെ ബാങ്കുകളിൽ ആവശ്യമാണ് .സർക്കാർ പെൻഷനുകളും മറ്റ് ആനുകൂല്യങ്ങളെല്ലാം വിതരണം ചെയ്യുന്നത് പൊതുവെ ബാങ്കുകൾ വഴിയാണ്. എന്നാൽ, ബാങ്കിടപാടിനുള്ള രസീതുകളും രേഖകളുമെല്ലാം ഇതര അപേക്ഷകളും എല്ലാം ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രം ലഭിക്കുന്ന അവസ്ഥയും . ഈ ഭാഷകൾ അറിയാത്തവരാണ് ഗുണഭോക്താക്കളിൽ ഭൂരിപക്ഷവും. അറിയാത്ത ഭാഷയിലെ അപേക്ഷകൾ പൂരിപ്പിക്കാൻ അവർക്ക് ബാങ്കിൽ വരുന്ന മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നു.ഇതിനു ഒരു പരിഹാരം ഉടൻ തന്നെ ആവശ്യമാണ് .കൂടാതെ ബാങ്ക് ശാഖയുടെ പേര് ,പരസ്യങ്ങൾ ,വിവിധ ലോണുകൾ ,പദ്ധതികൾ ,ATM ഉപയോഗിക്കുന്നത് എങ്ങനെ ,ATM കാർഡ് നഷ്ടപെട്ടാൽ എന്ത് ചെയ്യണം ,പുതിയ അക്കൗണ്ട് തുടങ്ങുന്നതെങ്ങനെ ....... എന്നിവയെല്ലാം മലയാളത്തിലും എഴുതി വെക്കണം .
മറുപടിഇല്ലാതാക്കൂmalayalatthanima.blogspot.in