ബുധനാഴ്‌ച, സെപ്റ്റംബർ 16, 2009

നിയമമന്ത്രി പറഞ്ഞത് കേരളകൗമുദിയോട് മാത്രമോ?

കേരളകൗമുദി എഡിറ്റോറിയര്‍ 15 ചൊവ്വ 2009
പ്രസംഗിച്ചാല്‍ മാത്രം പോര
അഴിമതിയുടെ കാര്യത്തില്‍ നല്ല റേറ്റിംഗ് അവകാശപ്പെടാവുന്ന ഇന്ത്യയില്‍ അഴിമതി നടത്തുന്നവരെ ശിക്ഷിക്കാന്‍ ഭരണഘടന ഭേദഗതി ചെയ്യണമെന്നാണ് കേന്ത്ര നിയമമന്ത്രി ശ്രീ എം. വീരപ്പമൊയ്ലി പറയുന്നത്.
അഴിമതി കാട്ടിയതിന് പിടിക്കപ്പെട്ടാലും പലരും രക്ഷപ്പെടുന്നത് നിയമത്തിന്റെ സംരക്ഷണമുള്ളതുകൂടിയാണെന്നാണ് മന്ത്രിയുടെ വാക്കുകളില്‍നിന്ന് മനസ്സിലാക്കേണ്ടത്. അഴിമതി കേസില്‍നിന്ന് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ ജീവനക്കാരെ തുണക്കുന്ന ഭരണഘടനയിലെ 311 -ാം വകുപ്പ് ഭേദഗതി ചെയ്യണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. ഉദ്യോഗസ്ഥന്മാരുടെമാത്രമല്ല രാഷ്ട്രീയക്കാരുടെ അഴിമതി നേരിടാനുള്ള വഴികളെക്കുറിച്ചും നിയമമന്ത്രി പറയുന്നുണ്ട്. പൊതുപ്രവര്‍ത്തകര്‍ അഴിമതിയിലൂടെ സമ്പാദിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നിയമം കൊണ്ടുവരും. ഇത്തരക്കാരെ വിചാരണ ചെയ്യുന്നതിന് ഇപ്പോള്‍ തടസ്സങ്ങള്‍ ഒട്ടനവധിയുണ്ട്. പ്രോസിക്യൂഷന്‍ നടപടിയുമായി മുന്നോട്ട് പോകാന്‍ അനുമതി വേണമെന്ന വ്യവസ്ഥയാണ് ഇതില്‍ പ്രധാനം. അഴിമതി നിരോധന നിയമം ഫലപ്രദവും കാര്യക്ഷമവുമാക്കാന്‍ ഈ വ്യവസ്ഥ കാലോചിതമായി പരിഷ്കരിക്കണമെന്നാണ് ശ്രീ മൊയ്ലി ഡല്‍ഹിയില്‍ കഴിഞ്ഞദിവസം സി.ബി.ഐ സംഘടിപ്പിച്ച ഒരു സെമിനാറില്‍ പറഞ്ഞത്. ശനിയാഴ്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത ചീഫ് ജസ്റ്റിസ് ശ്രീ കെ.ജി. ബാലകൃഷ്ണനും അഴിമതിക്കാരെ നേരിടാന്‍ പുതിയ നിയമത്തിന്റെ ആവശ്യകതയെക്കുറിച്ച് ഉദ്ബോധിപ്പിച്ചിരുന്നു. അഴിമതിക്കാരെന്ന് തെളിയുന്ന പൊതുപ്രവര്‍ത്തകരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നിയമം കൊണ്ടുവരണമെന്ന് ചീഫ് ജസ്റ്റിസും അഭിപ്രായപ്പെട്ടിരുന്നു.
അഴിമതിക്കെതിരായ കുരിശ് യുദ്ധത്തിന്റെ തുടക്കവും ഒടുക്കവുമെല്ലാം സെമിനാറുകളില്‍ ഒതുങ്ങുന്നു എന്നതാണ് രാജ്യം നേരിടുന്ന ഒരു ദുര്‍ഗതി. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ആറ് പതിറ്റാണ്ടു കാലത്തിനിടയില്‍ നാനാ രംഗങ്ങളിലും അഭിമാനാര്‍ഹമായ പുരോഗതി പ്രാപിച്ചതിനൊപ്പംതന്നെ അഴിമതിയുടെ കാര്യത്തിലും ഏറെ മുന്നേറാന്‍ കഴിഞ്ഞിട്ടുണ്ട്. അഴിമതി താനേ വളരുകയില്ലെന്ന് എല്ലാവര്‍ക്കുമറിയാം. അഴിമതി വാര്‍ത്തകളില്‍ എപ്പോഴും ഒന്നാം നിരയില്‍ വരുന്നത് രാഷ്ട്രീയക്കാര്‍ തന്നെയാണ്. അവരുടെ ആശീര്‍വാദവും പിന്‍ബലവുമില്ലാതെ വന്‍തോതിലുള്ള ഒരഴിമതിയും പൂത്തുവിരിയുകയില്ല. ഭരണരംഗത്തെ കാലതാമസവും, അനാവശ്യവും ജനങ്ങളെ ദ്രോഹിക്കുന്നതുമായ ഔദ്യോഗിക നടപടിക്രമങ്ങളും അഴിമതിക്ക് വളമേകുന്ന ഘടകങ്ങളാണ്. അഴിമതിക്കെതിരേ പൊതുവേദികളില്‍ കണ്ഠക്ഷോഭം നടത്തുന്നതല്ലാതെ ഈ സാമൂഹിക തിന്മ എങ്ങനെ ഇല്ലാതാക്കാനാവുമെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ ചിന്തിക്കുന്നില്ല. രാജ്യത്ത് ബിനാമി ഇടപാടുകള്‍ വഴി ഉണ്ടാകുന്ന കള്ള സ്വത്ത് കണ്ടുകെട്ടാനുള്ള നിയമം കൊണ്ടുവന്നത് 1988 ലാണ്. ഈ നിയമം നടപ്പാക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുമെന്നാണ് നിയമ മന്ത്രി പറയുന്നത്. അപ്പോള്‍ നിയമം ഇല്ലാത്തതല്ല. ഉള്ള നിയമങ്ങള്‍ പോലും ഫലപ്രദമായി നടപ്പാക്കുന്നില്ല എന്നിടത്താണ് കാര്യങ്ങള്‍ നില്കുന്നത്. ഉദ്യോഗസ്ഥ തലത്തിലുള്ള അഴിമതി കണ്ടുപിടിക്കാനും അങ്ങിനെ പിടികൂടുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കാനും കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പ്രത്യേക സംവിധാനങ്ങള്‍ ഉണ്ട്. ചെറുമീനുകള്‍ വല്ലപ്പോഴും ഇവരുടെ വലയില്‍ പെട്ടുപോകുന്നതല്ലാതെ വമ്പന്‍ സ്രാവുകളെ അത്രയൊന്നും കിട്ടാറില്ല. രാജ്യത്തെ വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്ന 9310 സി.ബി.ഐ കേസുകളില്‍ രണ്ടായിരത്തിലധികം കേസുകള്‍ പത്തുവര്‍ഷത്തിലധികം പഴക്കമുള്ളവയാണെന്ന് വെളിപ്പെടുത്തുന്നത് കേന്ദ്ര നിയമ മന്ത്രിതന്നെയാണ്. സംസ്ഥാനങ്ങളില്‍ നടക്കുന്ന വിജിലന്‍സ് കേസ് അന്വേഷണങ്ങളെ പലപ്പോഴും രാഷ്ട്രീയം സ്വാധീനിക്കാരുണ്ടെന്നതും വസ്തുതയാണ്.
രാഷ്ട്ര ശരീരത്തെ കാര്‍ന്ന് തിന്നുകൊണ്ടിരിക്കുന്ന അഴിമതി പാടെ ഇല്ലാതാക്കാനായില്ലെങ്കിലും നിയന്ത്രിക്കാനെങ്കിലുമായാല്‍ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകുമായിരുന്നു. അതിനുള്ള നടപടി എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരും പാര്‍ലമെന്റുമാണ്. സര്‍ക്കാരിന് യുക്തമെന്ന് തോന്നുന്ന ഏത് നിയമവും എപ്പോള്‍ വേണമെങ്കിലും വാര്‍ലമെന്റ് മുഖേന പാസാക്കിയെടുക്കാം. ഉദ്ബോധനങ്ങള്‍ നടത്തിയിട്ടുവേണോ ഈവക കാര്യങ്ങളില്‍ ധീരമായ നിയമ നിര്‍മ്മാണങ്ങള്‍ നടത്താന്‍. അഴിമതി ഇല്ലാതാക്കാന്‍ ആദ്യ കാല്‍വെയ്പ് നടത്തേണ്ടത് രാഷ്ട്രീയ നേതൃത്വം തന്നെയാണ്. രാഷ്ട്രീയം അഴിമതി മുക്തമാണെന്ന് ഉറപ്പുവരുത്തിയാത്തന്നെ അതിന്റെ സന്ദേശം താഴെ തട്ടുകളിലും എത്തും. കട്ടുഭുജിക്കാതിരിക്കാന്‍ എമ്പ്രാന് കഴിയുമോ എന്നതാണ് ചിന്താ വിഷയം.
അടിക്കുറിപ്പ്
മറ്റ് മലയാള | ആംഗലേയ | ഹിന്ദി പത്രങ്ങളിലും പൊതുപ്രവര്‍ത്തകരുടെ അഴിമതിക്കെതിരെ നിയമ മന്ത്രി പറഞ്ഞതായി കാണാന്‍ കഴിഞ്ഞില്ല.