തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക്കെ.പി.എം.എസ്. നടത്തിയ സമരം അക്രമാസക്തമായതിനെത്തുടര്‍ന്ന് കെ.എസ്.ആര്.ടി.സി.യ്ക്ക് നാലുലക്ഷത്തിന്റെ നഷ്ടം. ക്ഷാമബത്ത നല്‍കാന്‍പോലും പണമില്ലാതെ വട്ടംകറങ്ങുമ്പോഴാണ് കോര്പ്പറേഷന് ഇത്രയും നഷ്ടമുണ്ടായത്. പുതിയ ലോഫ്ളോര്‍ ബസ് ഉള്‍പ്പെടെ 10 ബസ്സുകള്‍ക്ക്നേരേയാണ് അക്രമമുണ്ടായത്. ലോ ഫ്ളോര്‍ ബസ്സിന്റെ ഗ്ലാസ് തകര്‍ത്തത് 40,000 രൂപയുടെ നഷ്ടമുണ്ടാക്കി.
വെള്ളനാട് ഡിപ്പോയുടെ അനന്തപുരി ബസ്സും അക്രമത്തിനിരയായി. പേരൂര്‍ക്കട ഡിപ്പോയുടെ അഞ്ചു ബസ്സും സിറ്റി ഡിപ്പോയുടെ മൂന്നുബസ്സും സമരക്കാര്‍ തകര്‍ത്തു. കെ.എസ്.ആര്.ടി.സി. എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) തോമസും സോണല്‍ മാനേജര്‍ ഗോപിനാഥന്‍നായരും നടത്തിയ തെളിവെടുപ്പില്‍ 3,95,000-നുമേല്‍ രൂപയുടെ നഷ്ടം കെ.എസ്.ആര്.ടി.സി.യ്ക്ക് ഉണ്ടായതായി കണ്ടെത്തി. അക്രമം കാരണം കെ.എസ്.ആര്.ടി.സി.യുടെ നിരവധി സര്‍വീസുകള്‍ മുടങ്ങിയതായി കെ.എസ്.ആര്.ടി.സി. അധികൃതര്‍ അറിയിച്ചു.
കൊച്ചി: കോട്ടയം സി.എം.എസ്. കോളേജില്‍ വിദ്യാര്‍ത്ഥികള്‍ കാണിച്ച അതിക്രമം നിയമവാഴ്ചയോടുള്ള വെല്ലുവിളിയെന്ന് ഹൈക്കോടതി. കോളേജ് പ്രിന്‍സിപ്പലിനും ജീവനക്കാര്‍ക്കും പോലീസ് സംരക്ഷണം നല്‍കാനുള്ള ഇടക്കാല ഉത്തരവ് നിലനില്‍ക്കേ അക്രമം കാട്ടിയവര്‍ നിയമം കൈയിലെടുക്കുകയായിരുന്നുവെന്ന് ജസ്റ്റിസ് കെ.എം. ജോസഫും ജസ്റ്റിസ് എം.എല്‍. ജോസഫ് ഫ്രാന്‍സിസും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു.ഈ സാഹചര്യത്തില്‍ അടുത്ത പത്ത് ദിവസത്തേക്ക് കോളേജിലെ എല്ലാവര്ക്കും, സ്ഥാപനത്തിന്റെ സ്വത്തിനും, സുഗമമായ നടത്തിപ്പിനും പോലീസ് സംരക്ഷണം ഉറപ്പാക്കാനാണ് കോടതി വെള്ളിയാഴ്ച ഉത്തരവിട്ടിട്ടുള്ളത്.അക്രമം ആര് കാണിച്ചാലും തടയണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിനുവേണ്ടി അഡ്വ. ജനറല്‍ സി.പി. സുധാകരപ്രസാദിനെ വിളിച്ചുവരുത്തിയാണ് ഈ ഉത്തരവ് നല്‍കിയത്. കോടതിയുടെ ഉത്തരവ് നിലനില്‍ക്കേ അക്രമം നടന്നത് കോടതിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടമാവാനിടയാക്കും എന്ന് ഡിവിഷന് ബഞ്ച് ഓര്‍മിപ്പിക്കുകയും ചെയ്തു.
എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ സമരത്തെ തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പല്‍ നല്കിയ പോലീസ് സംരക്ഷണഹര്‍ജിയില്‍ പ്രിന്‍സിപ്പലിന്റെയും സ്റ്റാഫിന്റെയും ജീവന് സംരക്ഷണം നല്കാന് ജൂണ്‍ 15ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് നല്‍കിയിരുന്നു. ഇത് നിലനില്‍ക്കേ വീണ്ടും അക്രമം നടന്നതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ നല്കിയ ഉപഹര്‍ജി കോടതി പരിഗണിച്ചത്.
കേരളം പോലൊരു സംസ്ഥാനത്താണ് ഇത് നടന്നതെന്നത് നാണക്കേടാണെന്നും കോടതി വിലയിരുത്തി. ഉച്ചയ്ക്ക്കേസ് അഡ്വ. ജനറലിന്റെ വാദത്തിന് മാറ്റിയിരുന്നു.
കോളേജില്‍ നടന്ന അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ ടി.വി. ചാനലില്‍ കണ്ട കാര്യം കോടതി അഡ്വ. ജനറലുമായി പങ്കുവെച്ചു. ഇത്തരം ദൃശ്യങ്ങള്‍ കോടതിയെ സ്വാധീനിക്കരുതെന്ന വസ്തുത വ്യക്തമാക്കിക്കൊണ്ടായിരുന്നു ഇത്. കോളേജിന്റെ വസ്തുവകകള്‍ ചിലര്‍ അടിച്ചു തകര്‍ക്കുന്ന ദൃശ്യമാണ് കണ്ടത്. ഇത്തരം അതിക്രമങ്ങള്‍ ഉണ്ടാകരുതെന്നുദ്ദേശിച്ചുള്ളതായിരുന്നു കോടതിയുടെ മുന്‍ ഉത്തരവ്. തികച്ചും നിയന്ത്രണം വിട്ടപോലെയുള്ള അതിക്രമമാണ് നടന്നത്. മറ്റുള്ളവരുടെ വസ്തുവകകള്‍ ഇത്തരത്തില്‍ നശിപ്പിക്കാന്‍ ഇവര്‍ക്കെങ്ങനെ ധൈര്യം വരുന്നുവെന്ന് കോടതി ചോദിച്ചു. ഒരുവിധത്തിലുള്ള അക്രമവും വച്ചുപൊറുപ്പിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. കോട്ടയം എസ്.പി., സി.ഐ, കോട്ടയം വെസ്റ്റ് സി.ഐ. എന്നിവര്‍ക്കാണ് കോടതി സംരക്ഷണ ഉത്തരവ് നല്‍കിയിട്ടുള്ളത്.
എസ്.എഫ്.ഐ. കോളേജ് യൂണിറ്റ് സെക്രട്ടറി എസ്. ദീപു, നിതിന്‍ചന്ദ്രന്‍, ജെയ്ക് സി. തോമസ്, വില്‍സണ്‍ കെ. അഗസ്റ്റിന്, കെ.ആര്. രാജേഷ് എന്നിവരും ഹര്‍ജിയിലെ എതിര്‍കക്ഷികളാണ്. ഇവരുടെ നിയമവിരുദ്ധപ്രവര്‍ത്തനംമൂലം മാസങ്ങളായി കോളേജിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുന്നുണ്ട്. അക്രമമാര്‍ഗം സ്വീകരിച്ച വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് ഹര്‍ജിയിലെ പരാതി. പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ആരോപണമുണ്ട്. ഇതിനിടെ കോടതി പോലീസ് സംരക്ഷണ ഉത്തരവ് നല്‍കിയെങ്കിലും അക്രമം ഉണ്ടായ സാഹചര്യം എസ്.പി. നേരിട്ടെത്തി വിശദീകരിക്കാന്‍ ഉത്തരവിടണമെന്ന് ഉപഹര്‍ജിയില്‍ ആവശ്യപ്പെടുന്നുമുണ്ട്. ഹര്‍ജി ജൂണ്‍ 24ന് വീണ്ടും പരിഗണനക്കെടുക്കും.