ഞായറാഴ്‌ച, നവംബർ 20, 2005

മണ്ണും മനുഷ്യനും പരിസ്ഥിതിയും

ലേഖകന്‍: ഡോ. തോമസ്‌വര്‍ഗീസ്‌ - 1995 -ല്‍ പ്രസിദ്ധീകരിച്ചത്‌
ലോക ഭക്ഷ്യകാര്‍ഷിക സംഘടനയുടെ കണക്കുകളനുസരിച്ച്‌ ഒരു ദിവസം സൂര്യനുദിച്ച്‌ അസ്തമിക്കുന്നതിനിടയില്‍ ഈ പൂമുഖത്ത്‌ പതിനായിരത്തിലേറെപേര്‍ പട്ടിണികാരണം മരണമടയുന്നു! കാര്‍ഷികമേഖലയില്‍ വമ്പിച്ച പുരോഗതി ഉണ്ടായിട്ടും ലോക ജനസംഖ്യയുടെ ഇരുപത്‌ ശതമാനത്തോളം ജനങ്ങള്‍ക്ക്‌ ആരോഗ്യകരമായ ജീവിതം നയിക്കുവാനുള്ള ആഹാരം ലഭിക്കുന്നില്ലെന്നും കണക്കുകള്‍ കാണിക്കുന്നു. ആമാശയ ദുഃഖം അടക്കുവാനാകാത്ത അനേക സഹസ്രം കുഞ്ഞുങ്ങള്‍ ഭൂമദ്ധ്യരേഖയോടടുത്ത്‌ കിടക്കുന്ന ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലുമുള്ള രാജ്യങ്ങളില്‍ പട്ടിണിക്കും രോഗത്തിനും മരണത്തിനും വിധേയരാകുന്ന ദുസ്ഥിതിയിലാണിന്ന്‌.
എന്തുകൊണ്ടാണ്‌ ഭൂമദ്ധ്യരേഖയ്ക്ക്‌ സമീപം സ്ഥിതിചെയ്യുന്ന മൂന്നാം ലോകരാജ്യങ്ങള്‍ പട്ടിണിയുടെ പിടിയിലമര്‍ന്നിരിക്കുന്നത്‌? പട്ടിണിയുടെ പൊരുളും പൊരുത്തക്കേടും അന്വേഷിച്ചിറങ്ങുമ്പോഴാണ്‌ ഈ രാജ്യങ്ങളിലെ കാര്‍ഷികോല്‍പ്പാദനത്തിലും ഉല്‍പ്പാദനക്ഷമതയിലും പരിസ്ഥിതിയിലും സംഭവിച്ചിരിക്കുന്ന താളക്കേടുകള്‍ മനസിലാവുക. ഒരുകാലത്ത്‌ ഇടതൂര്‍ന്ന ഉഷ്ണമേഖലാ വനങ്ങള്‍ നിറഞ്ഞിരുന്ന പ്രദേശമായിരുന്നു ഈ രാജ്യങ്ങള്‍. കൊളോണിയല്‍ ഭരണം വ്യാപിച്ചതോടെ ഈ വനങ്ങള്‍ അതിവേഗത്തില്‍ വെട്ടി നശിപ്പിക്കുകയുണ്ടായി. പ്രകൃതിയുമായി ഇണങ്ങുന്ന പാരമ്പര്യ കൃഷിരീതികള്‍ പ്ലാന്റേഷന്‍ കൃഷിരീതികള്‍ക്ക്‌ വഴിമാറിയതോടെ മണ്ണിന്റെ ഫലപുഷ്ടിയിലും മാറ്റങ്ങള്‍ സംഭവിച്ചു.
മണ്ണ്‌ മരിക്കുന്നുവോ?
മണ്ണിന്‌ സംഭവിച്ച ഈ അപക്ഷയമാണ്‌ മൂന്നാം ലോകരാജ്യങ്ങളിലെ കാര്‍ഷികോല്‍പ്പാദന ശ്രമങ്ങളെ പലതിനെയും തകിടം മറിച്ചതെന്നാണ്‌ ഇക്കാര്യത്തെപ്പറ്റി പഠിച്ച പല അന്താരാഷ്ട്ര വിദഗ്ദ്ധ സമിതികളും അഭിപ്രായപ്പെട്ടിരിക്കുന്നത്‌`. വാഷിംടണ്‍ ആസ്ഥാനമായുള്ള വേള്‍ഡ്‌ റിസോര്‍സസ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ നടത്തിയ പഠനമനുസരിച്ച്‌ രണ്ടാം ലോകമഹയുദ്ധത്തിനുശേഷം ലോകത്താകമാനം ഏതാണ്ട്‌ 120 കോടി ഹെക്ടര്‍ കൃഷിഭൂമി ഉപയോഗശൂന്യമായിക്കഴിഞ്ഞുവെന്ന്‌ അവകാശപ്പെടുന്നു. ഇന്ത്യയുടെയും ചൈനയുടെയും മൊത്തം വിസ്‌തൃതിയ്ക്ക്‌ തുല്യമാണിത്‌. മണ്ണ്‌ അനശ്വരമായ ഒരു അക്ഷയപാത്രമാണെന്നാണ്‌ പൊതുവെയുള്ള വിശ്വാസം. എന്നാല്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തുന്ന വിവേചനരഹിതമായ പ്രവര്‍ത്തനങ്ങള്‍ വഴി ഈ അനശ്വരശേഖരം തകര്‍ന്ന്‌ തരിപ്പണമാകുമെന്നും അങ്ങിനെ മണ്ണിന്റെ മരണത്തോടൊപ്പം അത്‌ ജന്മം നല്‍കിയ മനുഷ്യ സംസ്കാരവും മരിക്കുമെന്നും ശാസ്ത്രം മുന്നറിയിപ്പുനല്‍കുന്നു.
രണ്ടായിരം കൊല്ലങ്ങള്‍ക്ക്‌ മുമ്പ്‌ യൂഫ്രട്ടീസ്‌, ടൈഗ്രീസ്‌ എന്നീ നദികള്‍ക്കിടയില്‍ നിലനിന്നിരുന്ന സസ്യശ്യാമള ഭൂവിഭാഗമായിരുന്നു മെസപ്പൊട്ടാമിയ എന്നാണ്‌ ചരിത്രം. ഇന്ന്‌ ആ സ്ഥാനത്ത്‌` ഇറാക്ക്‌ എന്ന മണലാരണ്യപ്രദേശമാണെന്ന്‌ ഓര്‍ക്കണം. ഇന്ത്യയിലുമുണ്ട്‌ ഇമ്മാതിരി മരുവല്‍ക്കരണത്തിന്റെ ഉദാഹരണങ്ങള്‍. പഞ്ചാബിലെ പാബി-ശിവാലിക്‌ കുന്നുകള്‍ ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ കാലത്ത്‌ ഇടതൂര്‍ന്ന വനങ്ങളായിരുന്നുപോലും. ഇന്നാകട്ടെ മുള്‍പടര്‍പ്പുകളും, കുറ്റിച്ചെടികളും മൊട്ടക്കുന്നുകളുമാണവിടെ. കേരളത്തിലെ അട്ടപ്പാടിയും, ഇരുട്ടുകാനവും, കുളിര്‍കാടും, നിലമ്പൂരും, ഇടുക്കിയും ഈ ദുരന്തത്തിന്റെ മൂക സാക്ഷികളായി തീര്‍ന്നിരിക്കുന്നു.
അനേകായിരം വര്‍ഷങ്ങളായി ഭൂമിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഭൌതിക-രാസ-ജൈവ പരിണാമ പ്രക്രിയയുടെ ഫലമായാണ്‌ നാം ഇന്ന്‌ കൃഷിചെയ്യാനുപയോഗിക്കുന്ന മണ്ണ്‌ ഉണ്ടായിട്ടുള്ളത്‌. പ്രകൃത്യാ സങ്കീര്‍ണമായ ഈ മണ്ണില്‍ പരിസ്ഥിതികള്‍ക്കനുസൃതമായി നിരന്തരം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ മാറ്റങ്ങളുടെ ആകെത്തുകയാ ഒരു പ്രത്യേക ഇനം മണ്ണിന്റെ ഉല്‍പ്പാദനശേഷി നിര്‍ണയിക്കുന്നത്‌. പാറ പൊടിഞ്ഞ്‌ മണ്ണുണ്ടാകുന്നുവെന്നാണ്‌ പലരും ധരിച്ചിരിക്കുന്നത്‌. പാറ പൊടിഞ്ഞാല്‍ മണ്ണല്ല പാറപ്പൊടിയാണ്‌ കിട്ടുക. ജീവനുള്ള ഇത്തരം മണ്ണ്‌ പ്രകൃതിയുടെ അമൂല്യ സംഭാവനയാണ്‌ ഭൂമിയുടെ ഉപരിതലത്തില്‍ ഒരു ഇഞ്ച്‌ ജീവനുള്ള മേല്‍മണ്ണ്‌ ഉണ്ടാകുവാന്‍ ഒരായിരത്തിലേറെ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌.
അപക്ഷയം സംഭവിച്ച പാറക്കഷണങ്ങളില്‍ കാലാവസ്ഥ, ജൈവലോഹം, നിമ്നോന്നത എന്നീ ഘടകങ്ങളുടെ സ്വാധീനം ഒരു നിശ്ചിത കാലത്തോളം നടക്കുമ്പോഴാണ്‌ ഒരു പ്രതേക ഇനം മണ്ണ്‌ രൂപം കൊള്ളുന്നത്‌. ഇപ്രകാരം ഉണ്ടാകുന്ന മണ്ണ്‌ പ്രകൃത്യായുള്ള പരിസ്ഥിതിയുമായി സമതുലനാവസ്ഥയിലായിരിക്കുമ്പോള്‍ അതിന്റെ മൂല്യ നഷ്ടം കാര്യമായ തോതില്‍ സംഭവിക്കാനിടയില്ല. എന്നാല്‍ മനുഷ്യന്‍ എന്ന ഘടകം സ്വന്തം ആവശ്യങ്ങള്‍ക്കായി ഈ സന്തുലിതാവസ്ഥ തകര്‍ക്കുവാന്‍ തുടങ്ങുമ്പോഴാണ്‌ മണ്ണിന്റെ നാശം ആരംഭിക്കുന്നത്‌.
ഫലപുഷ്ടിയുള്ള മേല്‍മണ്ണ്‌ ഭൂമുഖത്തിന്റെ ഉപരിതലത്തില്‍ ഏതാണ്ട്‌ ഒരടി താഴെവരെ മാത്രമേ കാണുകയുള്ളു. വനപ്രദേശങ്ങളില്‍ ഇതിന്റെ ആഴം മൂന്നോ നാലോ അടിയോളം കണ്ടേയ്ക്കാം. എന്നാല്‍ വന നശീകരണവും, വിവേചനരഹിതമായ കൃഷിരീതികളും കൊണ്ട്‌ പലസ്ഥലങ്ങളിലും ഈ അമൂല്യ ശേഖരത്തിന്റെ കനം ഏതാനും ഇഞ്ച്‌മാത്രമായി ചുരുങ്ങിവരുന്നുവെന്നുള്ളതാണ്‌ ദുഃഖകരമായ യാഥാര്‍ത്ഥ്യം. മനുഷ്യനുള്‍പ്പെടെ ഭൂമിയിലെ എല്ലാ ജീവജലങ്ങളുടെയും നിലനില്‍പ്പ്‌ ഈ നേരിയ കനത്തിലുള്ള മേല്‍മണ്ണിനെ ആശ്രയിച്ച് ആണ്‌ ഇരിക്കുന്നത്‌.
മരുവല്‍ക്കരണം എങ്ങനെ?
മണ്ണിന്റെ അപക്ഷയവും തന്മൂലമുണ്ടാകുന്ന മരുവല്‍ക്കരണവും രൂക്ഷമായി കാണപ്പെടുന്നത്‌` ഭൂമദ്ധ്യരേഖയ്ക്ക്‌ സമീപമുള്ള ആര്‍ദ്രതയേറിയ ഉഷ്ണമേഖല പ്രദേശങ്ങളിലാണ്‌. അതിവൃഷ്ടിമൂലമുണ്ടാകുന്ന മണ്ണൊലിപ്പ്‌, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം എന്നിവയ്ക്ക്‌ പുറമേ ലാറ്ററീകരണം എന്ന ഭൌതിക-രാസപ്രക്രിയയും ഈ മേഖലയിലെ കൃഷിയിടങ്ങള്‍ക്ക്‌ നാശം വിതയ്ക്കുന്നു. കനത്ത വര്‍ഷപാതവും, വരള്‍ച്ചയും ഇടവിട്ടുണ്ടാകുന്ന മേഖലകളിലാണ്‌ ലാറ്ററൈറ്റ്‌ അഥവാ വെട്ടുകല്‍മണ്ണുകളുണ്ടാവുന്നത്‌. മണ്ണിന്റെ ഉല്‍പ്പാദനക്ഷമത നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നീ ക്ഷാരമൂലകങ്ങളും സിലിക്കയും ലാറ്ററീകരണ പ്രക്രിയയിലൂടെ നിര്‍ഗമന ജലത്തോടൊപ്പം മണ്ണില്‍നിന്ന്‌ കീഴ്‌നിരകളിലേയ്ക്ക്‌ നീക്കം ചെയ്യപ്പെടുകയും ഇരുമ്പിന്റെയും, അലുമിനിയത്തിന്റെയും ഓക്‌സൈഡുകള്‍ മേല്‍ നിരകളില്‍ കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുന്നു. ഇരുമ്പിന്റെ അംശം ഏറിവരുന്നതിനാലും ജൈവാംശം നഷ്ടപ്പെട്ടുപോയതിനാലും ആണ്‌ ഇവയുടെ നിറം ചുവപ്പായി തീര്‍ന്നിരിക്കുന്നത്‌. അമ്ലത അധികരിച്ചതും ഉല്‍പ്പാദനശേഷി കുറഞ്ഞതുമായ ഇത്തരം വെട്ടുകല്‍ മണ്ണുകള്‍ ഇന്ന്‌ ഉഷ്ണമേഖലാ പ്രദേശത്തുള്ള പല വികസ്വര രാജ്യങ്ങളുടെയും പുരോഗതിയ്ക്ക്‌ പ്രധാന വിലങ്ങായിത്തീര്‍ന്നിരിക്കുന്നു. മണ്ണിന്റെ മരണത്തിനിടയാകുന്ന ലാറ്ററീകരണത്തെപ്പറ്റി കാര്‍ഷിക ശസ്ത്രജ്ഞന്മാര്‍ തിരക്കിട്ട ഗവേഷണത്തിലേര്‍പ്പെട്ടിരിക്കുകയാണ്‌. ഭൂമുഖത്തെ മണ്ണിനങ്ങളില്‍ 13 ശതമാനത്തിലേറെയും വെട്ടുകല്‍ മണ്ണുകളാണ്‌. തെക്കേ അമേരിക്ക, ആഫ്രിക്ക, ആസ്ട്രേലിയ, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിലാണ്‌ ഇവയിലേറെയും വ്യാപിച്ചുകിടക്കുന്നത്‌`. ഇന്ത്യയില്‍ത്തന്നെ ഏഴ്‌ കോടി ഹെക്ടര്‍ സ്ഥലത്ത്‌ വെട്ടുകല്‍ മണ്ണുകളും അവയ്ക്ക്‌ സമാനമായ ചെമ്മണ്ണുകളുമുണ്ടെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌. കേരളത്തിലാകട്ടെ മൊത്തം കൃഷിയിടത്തിന്റെ 60 ശതമാനത്തിലേറെയും ഇത്തരം മണ്ണുകളാണുള്ളത്‌. ലാറ്ററൈറ്റ്‌ എന്ന പദം ആദ്യമായി ഉപയോഗിച്ചതും ഈ പ്രത്യേകതരം ധാതു പദാര്‍ത്ഥത്തെ ആദ്യമായി ശാസ്ത്രശ്രദ്ധയ്ക്ക്‌ വിഷയീഭവിപ്പിച്ചതും കേരളത്തില്‍നിന്നാണെന്നത് എടുത്ത്‌ പറയേണ്ട കാര്യമത്രേ. എ.ഡി 1800-ല്‍ ഫ്രാന്‍സിസ്‌ (ഹാമില്‍ട്ടണ്‍) ബുക്കാനന്‍ എന്ന ഇംഗ്ലീഷുകാരനായ ശാസ്ത്രജ്ഞന്‍ തന്റെ ഔദ്യോഗികപര്യവേഷണത്തിന്റെ ഭാഗമായി കേരളത്തിലെത്തി. തെക്കേമലബാറിലെ അങ്ങാടിപ്പുറത്ത്‌ വെട്ടുകല്ല്‌, വീടുനിര്‍മാണത്തിനായി വെട്ടിയെടുക്കുന്നത്‌ കണ്ട ബുക്കാനനാണ്‌ ഇതിനെ ലാറ്ററൈറ്റ്‌ എന്ന്‌ ആദ്യമായി നാമകരണം ചെയ്തത്‌. ഇഷ്ടിക എന്നര്‍ത്ഥം വരുന്ന "ലാറ്റര്‍" എന്ന ലത്തീന്‍ പദത്തില്‍ നിന്നാണ്‌ ലാറ്ററൈറ്റ്‌ എന്ന ശാസ്ത്ര സംജ്ഞയുണ്ടായതും. ബുക്കാനന്റെ യാത്രാ വിവരണങ്ങളിലൂടെ അത്‌ ലോക ശാസ്ത്രജ്ഞന്മാരുടെ ശ്രദ്ധയാകര്‍ഷിച്ചതും. വിവിധ അന്തര്‍ദ്ദേശീയ ശാസ്ത്ര സംഘടനകള്‍ ചേര്‍ന്ന്‌ അങ്ങാടിപ്പുറത്ത്‌ ബുക്കാനന്‍ സ്മാരകം പണിതുയര്‍ത്തിയിട്ടുണ്ട്‌.
ലാറ്ററീകരണം കാര്‍ഷികവികസനത്തിന്‌ ഏല്‍പ്പിക്കുന്ന ആഘാതങ്ങള്‍ ഒട്ടേറെയാണ്‌. ജൈവാംശത്തിന്റെ കുറവ്‌, അധികരിച്ച അമ്ലത, കുമ്മായ അംശത്തിന്റെ അഭാവം, ഇരുപത്‌ അലുമിനിയം സംയുക്തങ്ങളുടെ ആധിക്യം, സസ്യാഹാര മൂലകങ്ങളെ അധിശോഷണം ചെയ്യുവാനുള്ള കഴിവില്ലയ്മ തുടങ്ങിയ കാരണങ്ങളാല്‍ ഇത്തരം മണ്ണുകളുടെ ഉല്‍പ്പാദനക്ഷമത കണക്കിലെടുത്താല്‍ ഇവ ഏതാണ്ട്‌ മരുഭൂമിക്ക്‌ സമാനമായി തീര്‍ന്നിരിക്കുകയാണ്‌. ഈ പ്രസ്താവം സ്വല്‍പം അതിശയോക്തിപരമായി തോന്നിയേക്കാം. പ്രത്യേകിച്ചും ലാറ്ററൈറ്റിന്റെ ജന്മനാടെന്ന്‌ പറയാവുന്ന കേരളത്തിന്റെ പച്ചത്തഴപ്പ്‌ കാണുമ്പോള്‍.
ഈ പച്ചത്തഴപ്പ്‌ കേവലം പുറമ്മോടി മാത്രമാണ്‌. യഥാര്‍ത്ഥത്തില്‍ പ്രകൃതി കനിഞ്ഞ്‌ അനുഗ്രഹിച്ച്‌, കനത്ത വര്‍ഷപാതമുള്ള ഈ പച്ചത്തഴപ്പിനടിയില്‍ ഒരു കാലത്ത്‌ കനക ഗര്‍ഭമായിരുന്ന സ്ഥാനത്ത് ഇന്ന്‌ വന്ധ്യത ബാധിച്ചതുമായ മണ്ണാണുള്ളത്‌. ലാറ്ററീകരണം നടക്കുവാന്‍ അനുകൂലമായ കാലാവസ്ഥയുള്ള ഈ പ്രദേശങ്ങളെ ഒരു പരിധിവരെ രക്ഷിച്ചുപോന്നത്‌ നമ്മുടെ വനസമ്പത്തായിരുന്നു. അതിവേഗത്തിലുള്ള മണ്ണിന്റെ അപക്ഷയം തടയുവാന്‍ ഈ വനങ്ങള്‍ നാനാവിധത്തില്‍ സഹായിച്ചു വന്നിരുന്നു. മണ്ണൊലിപ്പ്‌ തടഞ്ഞും, ജൈവാംശം വര്‍ദ്ധിപ്പിച്ചും, സൂര്യതാപം കുറച്ചും വനങ്ങള്‍ ചെയ്തിരുന്ന സേവനങ്ങള്‍ നാമിന്ന്‌ അതിവേഗത്തില്‍ അവസാനിപ്പിച്ചുകൊണ്ടിരിക്കുന്നു. അതുമൂലം മിക്ക വനമേഖലകളിലും ലാറ്ററീകരണം ഗുരുതരമായ രീതിയില്‍ ഏറിവരുന്നതായി കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നടത്തിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
കേരളത്തില്‍
കേരളത്തില്‍ ലാറ്റെറീകരണത്തിന്റെ രൂക്ഷത ഏറ്റവും കൂടുതലായി കാണപ്പെടുന്നത്‌ മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്‌ ജില്ലകളിലാണ്‌. പ്രതിവര്‍ഷം നാലായിരം മില്ലിലിറ്ററിലേറെ മഴ കിട്ടുന്നുവെങ്കിലും ഈ പ്രദേശങ്ങളിലെ വരള്‍ച്ചയുടെ കാലം എട്ട്‌ മാസത്തോളമാണ്‌. ലാറ്ററീകരണത്തിന്‌ ഏറ്റവും അനുയോജ്യമായ ഇത്തരം കാലാവസ്ഥയാണ്‌ ഉത്തര കേരളത്തിലെ മണ്ണുകളുടെ ശാപമായിത്തീര്‍ന്നിരിക്കുന്നത്‌. മണ്ണ്‌ കട്ടീയാകുന്ന പ്രക്രിയ മൂലം അവിടങ്ങളില്‍ പലേടത്തും കൃഷി തീര്‍ത്തും അസാദ്ധ്യമായിക്കഴിഞ്ഞിരിക്കുന്നു. വനനിബിഢമായിരുന വയനാട്ടില്‍ വെട്ടുകല്‍ മണ്ണുകള്‍ വിരളമായിരുന്നുവെങ്കിലും, വന നശീകരണം കാരണം അവിടെയും ലാറ്ററീകരണം വ്യാപിച്ചുവരുന്നതായി കാണുന്നു.
വെട്ടുകല്‍ മണ്ണുകളുടെ ഉല്‍പ്പാദനക്ഷമത കുറയുന്നുവെന്നു മാത്രമല്ല ഇത്തരം മണ്ണുകളിലെ വിളകള്‍ വളരെ വേഗം രോഗങ്ങള്‍ക്കും കീടങ്ങള്‍ക്കും വിധേയമായിത്തീരുന്നു. രോഗഗ്രസ്ഥമായ മണ്ണില്‍ രോഗാതുരരായ സസ്യങ്ങള്‍ എന്നത്‌ കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു യാധാര്‍ത്ഥ്യമായിത്തീര്‍ന്നിരിക്കുന്നു. കുരുമുളക്‌, ഏലം, ഇഞ്ചി, വാഴ, നാളികേരം എന്നിവയ്ക്കെല്ലാം ഇന്നും ഉത്തരം കിട്ടാത്ത എത്രയോ രോഗങ്ങളാണുള്ളത്‌. ഈ രോഗങ്ങളില്‍ പലതും കഴിഞ്ഞ തലമുറകളിലെ കര്‍ഷകര്‍ക്ക്‌ അന്യമായിരുന്നവയല്ലേ? ലാറ്ററീകരണത്തിന്‌ ഒരു കാര്‍ഷികേതരവശം കൂടിയുണ്ടെന്ന കാര്യം വിസ്മരിക്കാനാവില്ല. ഭൂവിജ്ഞാന ശാസ്ത്രജ്ഞന്മാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും, വ്യവസായികള്‍ക്കും താല്‍പ്പര്യമുള്ള ഒരു മേഖലയാണീത്‌. ഇരുമ്പ്‌, അലുമിനിയം, എന്നിവ ഇത്തരം മണ്ണുകളില്‍ കേന്ദ്രീകരിക്കുന്നതിനാല്‍ അവയുടെ അയിരുകളായ ഹേമറ്റൈറ്റ്‌, ബോക്സൈറ്റ്‌ എന്നിവ ഈ മേഖലകളില്‍നിന്നും ഖനനം ചെയ്തെടുക്കുന്നു. കൂടാതെ തീരദേശങ്ങളിലെ ലാറ്ററൈറ്റുകളുടെ അടിനിരകളില്‍നിന്നും കയോളിന്‍ അഥവാ ചീനക്കളിമണ്ണും ഖനനം ചെയ്യാറുണ്ട്‌. കാര്‍ഷികമായി മരണം സംഭവിക്കുന്നുവെങ്കിലും വ്യാവസായിക സാധ്യത വര്‍ദ്ധിക്കുന്നില്ലെയെന്ന്‌ ചിലരെങ്കിലും സമാധാനിക്കുന്നുണ്ടാവാം. എന്നിരുന്നാലും വരും തലമുറകളുടെ നിലനില്‍പ്പിനും പ്രകൃതിയുടെ സംരക്ഷണത്തിനും മരിക്കാത്ത മണ്ണിനുവേണ്ടി നാം പ്രയത്നിച്ചേ തീരൂ. "നാമിന്ന്‌ കൃഷി ചെയ്യുന്ന മണ്ണ്‌ നമുക്ക്‌ പൈതൃകമായി ലഭിച്ചതല്ല, അത്‌ വരും തലമുറകളില്‍ നിന്നും കടമെടുത്തതാണ്‌", എന്ന ഇന്ത്യന്‍ പഴമൊഴി നാം മറക്കരുത്‌.