ഡോ. ജയന്‍ ദാമോദരന്‍ കണ്‍വീനറായി നടന്ന കൂട്ടം കേരളമീറ്റ് 2010 തിരുവനന്തപുരത്തുകാര്‍ക്ക് പ്രത്യേകമായി തന്നത് ഗ്രാഫ്റ്റ് ചെയ്ത ഓരോ നെല്ലിത്തൈ വീതമാണ്.
രണ്ടരയടി താഴ്ചയില്‍ കുഴിയെടുത്തശേഷം കുഴിയില്‍ ഉണങ്ങിപ്പൊടിഞ്ഞ പഴക്കംചെന്ന കമ്പോസ്റ്റ് മണ്ണിനോടൊപ്പം കൂട്ടിച്ചേര്‍ത്ത് പ്ലാസ്റ്റിക് കവര്‍ വേരുകള്‍ക്ക് കേട്പറ്റാതെ നീക്കം ചെയ്ത് നട്ട് വെള്ളവും ഒഴിച്ചു. അറിയണമല്ലോ മൂന്നാം വര്‍ഷം നെല്ലിക്ക കായ്ക്കുമോ എന്ന്.
ഗുണങ്ങള്‍, ഉപയോഗങ്ങള്‍
ഇന്ത്യന്‍ ഔഷധശാസ്ത്ര പ്രകാരം ഗുണമേന്മയേറിയ നവോന്മേഷദായകമായ ഒരു രസായനൌഷധമാണ് നെല്ലിക്ക. പ്രധാനമായും കായ്‌കളാണ് ഔഷധ പ്രയോഗങ്ങളില്‍ ഉപയോഗിക്കുന്നതെങ്കിലും ഇല, തൊലി, വേര് എന്നീ ഭാഗങ്ങളും ഉപയോഗിച്ചുവരുന്നുണ്ട്. പ്രകൃതിയില്‍ ലഭ്യമായിട്ടുള്ളതില്‍വെച്ച് ഏറ്റവും പ്രധാനപ്പെട്ട നിരോക്‌സീകാരിയും 'ജീവകം സി'യുടെ സമ്പുഷ്ടമായ കലവറയുമായ നെല്ലിക്കയില്‍ ഓറഞ്ചില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ 20 ഇരട്ടി ജീവകം സിയും ആപ്പിളില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ മൂന്നിരട്ടി പ്രോട്ടീനും 100 ഇരട്ടി അസ്‌കോര്‍ബിക് ആസിഡും അടങ്ങിയിട്ടുള്ളതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ചൂടാക്കുമ്പോഴും ദീര്‍ഘകാലം സംഭരിച്ചു വെയ്ക്കുമ്പോഴും നഷ്ടപ്പെടാത്ത ജീവകം സിയുടെ ഉറവിടം എന്ന പ്രത്യേകത കൂടിയുണ്ടിതിന്. ശരീരത്തിന്റെ ഓജസും ശക്തിയും വര്‍ദ്ധിപ്പിച്ച് ജരാനരകളെ അകറ്റി നിത്യ യൌവ്വനം പ്രദാനം ചെയ്യാന്‍ സാധിക്കും എന്ന് കരുതപ്പെടുന്ന നെല്ലിക്ക പ്രസിദ്ധമായ ച്യവനപ്രാശം, ത്രിഫല എന്നീ ഔഷധക്കൂട്ടുകളിലെ പ്രധാന ചേരുവയാണ്. ഇതിന് പുറമേ ശരീരത്തിലെ വാത, പിത്ത, കഫ ദോഷങ്ങളെ നിയന്ത്രിച്ച് സന്തുലിതമായ ആരോഗ്യം പ്രദാനം ചെയ്യാന്‍ കഴിയുന്ന 105 ല്‍പ്പരം വിവിധ ജീവന്‍രക്ഷാ ഔഷധങ്ങളില്‍ നെല്ലിക്ക ചേരുന്നുണ്ട്.
ശാസ്ത്രീയമായി തയ്യാറാക്കുന്ന ഈ ഔഷധക്കൂട്ടുകള്‍ക്കെല്ലാം പുറമേ നെല്ലിയില, തൊലി, തടി തുടങ്ങിയവ ഉപയോഗിച്ചുള്ള നാടന്‍ പ്രയോഗങ്ങളും പ്രചാരത്തിലുണ്ട്. ശരീരത്തിലുണ്ടാകുന്ന നീര്‍ക്കെട്ടിന് നെല്ലിയില ഉപയോഗിച്ചുള്ള ചികിത്സ, കിണറുകളിലെ വെള്ളം ശുദ്ധീകരിക്കുന്നതിന് നെല്ലിപ്പലകയും നെല്ലിത്തടിയും ഉപയോഗിക്കുക തുടങ്ഹിയവയെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രം.
കടപ്പാട് - സംസ്ഥാന ഔഷധസസ്യ ബോര്‍ഡ്