മാതൃഭൂമി വാര്‍ത്ത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മാതൃഭൂമി വാര്‍ത്ത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ചൊവ്വാഴ്ച, ഓഗസ്റ്റ് 17, 2010

ഇന്നത്തെ കര്‍ഷകദിനം ഡോ. സുഭാഷിനൊപ്പം ആഘോഷിക്കൂ

ഇത് ഡോ. സുഭാഷിന്റെ ജൈവലോകം; ഫലങ്ങള്‍ പക്ഷികള്‍ക്ക്


വടകര: പത്തു സെന്‍റ് മണ്ണില്‍ കാര്‍ഷിക വിപ്ലവം നടപ്പാക്കുകയാണ് വടകര 'ചിത്രശില'യില്‍ ഡോ. കെ.എം. സുഭാഷ്. നഗര ഹൃദയത്തിനടുത്ത് ഇദ്ദേഹം തീര്‍ത്ത ജൈവലോകം ആരെയും അത്ഭുതപ്പെടുത്തും. ചെറുതെങ്കിലും ആ വാസവ്യവസ്ഥയുടെ കൃത്യമായ മാതൃകയുണ്ടിവിടെ.

പത്തുസെന്‍റില്‍ തെങ്ങ്, കുരുമുളക്, കവുങ്ങ്, ചാമ്പ, മാവ്, സപ്പോട്ട, ജാതി, കടപ്പിലാവ്, പ്ലാവ്, വാഴ, പപ്പായ തുടങ്ങിയ കൃഷികള്‍. വീടിന്റെ ടെറസ്സില്‍ മരച്ചീനി, വഴുതന, ചീര, ചേമ്പ്, വെണ്ട, പയര്‍, സാമ്പാര്‍ ചീര, കൂര്‍ക്കല്‍ തുടങ്ങിയ പച്ചക്കറികള്‍.

പറമ്പില്‍ നാല് മണ്ണിര കമ്പോസ്റ്റ് കുഴികള്‍, ഒരു ഗോബര്‍ ഗ്യാസ് പ്ലാന്‍റ്, മഴക്കുഴികള്‍, ഗപ്പി, ഗാംബൂ സിയ മത്സ്യങ്ങളുമായി നാല് ടാങ്കുകള്‍....

ഒരിഞ്ചുപോലും സ്ഥലം വെറുതെ കിടക്കുന്നില്ല ഡോക്ടറുടെ മണ്ണിലും ടെറസ്സിലും. ഒരു തുള്ളി വെള്ളവും പാഴാകുന്നുമില്ല. കുളിമുറികളിലെയും മറ്റും മലിനജലവും മേല്‍ക്കൂരകളില്‍ വീഴുന്ന മഴവെള്ളവുമെല്ലാം കൃഷിയിടങ്ങളിലെത്തിക്കാന്‍ പ്രത്യേക സംവിധാനങ്ങളുണ്ട്.

ഐ.എം.എ. വടകര ബ്രാഞ്ച് പ്രസിഡന്‍റായ ഡോ. സുഭാഷ് 25 വര്‍ഷം മുമ്പ് ഇവിടെ താമസം തുടങ്ങുമ്പോള്‍ വെറും തരിശായിരുന്നു ഈ മണ്ണ്.

22.5 കോല്‍ ആഴമുള്ള കിണര്‍ വേനലില്‍ വറ്റും. ഈ കിണറിനെ സമൃദ്ധമാക്കുന്നതില്‍ തുടങ്ങി ഡോക്ടര്‍ തന്റെ ദൗത്യം പറമ്പില്‍ 15 ഓളം മഴക്കുഴികള്‍ തീര്‍ത്ത് പൂഴി നിറച്ചു. മഴവെള്ളം ഭൂമിയിലേക്കിറങ്ങാന്‍ തുടങ്ങിയതോടെ കിണറില്‍ ഇഷ്ടംപോലെ വെള്ളമായി.

അന്ന് 20 തെങ്ങില്‍ നിന്നും ലഭിച്ചത് 30 തേങ്ങ. ഇന്ന് 10 തെങ്ങില്‍ നിന്നും 200 തേങ്ങ കിട്ടും. തെങ്ങുകളിലാണ് ഇദ്ദേഹം കുരുമുളക് വള്ളികള്‍ പടര്‍ത്തിയത്. ഒരു വര്‍ഷം ഒരു ചാക്ക് കുരുമുളക് ലഭിക്കും.

വെണ്ട, വഴുതന, പയര്‍ എന്നിവ വീടിന്റെ ടെറസ്സില്‍ എപ്പോഴും സമൃദ്ധം. 10 മൂട് മരച്ചിനിയുമുണ്ട് ടെറസ്സില്‍. വലിയ ചട്ടികളിലാണ് പച്ചക്കറികളും, മരച്ചീനിയും വളര്‍ത്തുന്നത്. ഒരു ചുവടില്‍ നിന്നും അഞ്ച് കിലോ മരിച്ചീനിവരെ ലഭിക്കും. 50 ഓളം ചട്ടികളുണ്ട് പച്ചക്കറി വളര്‍ത്താന്‍. എല്ലാറ്റിനും മണ്ണിര കമ്പോസ്റ്റും സാദാ കമ്പോസ്സുമാണ് വളം. കരിയിലകളും മറ്റും കമ്പോസ്റ്റാക്കാന്‍ പറമ്പിലുടനീളം സംവിധാനമുണ്ട്. 15 വര്‍ഷത്തോളമായി പറമ്പില്‍ രാസവളം കയറ്റാറേ ഇല്ലെന്ന് ഡോക്ടര്‍ പറഞ്ഞു.

പ്രകൃതിയോടു മാത്രമല്ല ഭൂമിയിലെ എല്ലാ അവകാശികളോടുമുണ്ട് ഡോക്ടര്‍ക്ക് സ്‌നേഹം. പറമ്പില്‍ കായ്ക്കുന്ന വാഴപ്പഴമോ, സപ്പോട്ടയോ, മാമ്പഴമോ ഏതുമാകട്ടെ അവയെല്ലാം പക്ഷികള്‍ക്കും മറ്റ് ജീവികള്‍ക്കുമുള്ളതാണ്. അവ തിന്ന് ബാക്കിയുള്ളവ മാത്രമേ ഡോക്ടര്‍ എടുക്കൂ. അതുകൊണ്ടുതന്നെ ഒരുവിധം എല്ലാ പക്ഷികളും ഇവിടെ ഉണ്ടാകും. നഗരത്തില്‍ ഈ കാഴ്ച അപൂര്‍വം.

ഇ.എന്‍.ടി. സ്‌പെഷ്യലിസ്റ്റാണ് ഡോ. സുഭാഷ്. കൃഷി സംബന്ധമായ ഒരു ജോലിക്കും പുറമെ നിന്നും ആളെ വിളിക്കില്ല. രാവിലെ എടച്ചേരിയിലെ ക്ലിനിക്കിലേക്ക് പോകുംമുമ്പും രാത്രി തിരിച്ചുവന്നശേഷവുമാണ് കൃഷി പരിചരണം. സഹായത്തിന് ഭാര്യ ഡോ. ശാന്തകുമാരിയുമുണ്ട്. വടകരയിലെ അറിയപ്പെടുന്ന ഗൈനക്കോളജിസ്റ്റാണ് ഡോ. ശാന്തകുമാരി.

ഈ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ വടകര മഹാത്മ ദേശസേവ ട്രസ്റ്റുമായി ചേര്‍ന്ന് ബോധവത്കരണ ക്ലാസുകള്‍ക്കും മറ്റും ഒരുങ്ങുകയാണ് ഡോക്ടര്‍. ഇപ്പോള്‍ തന്നെ അടുക്കളത്തോട്ടങ്ങളെപ്പറ്റി ക്ലാസ് നല്‍കുന്നുണ്ട് ഇദ്ദേഹം.
കടപ്പാട് - മാതൃഭൂമി
കേരളത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാരും, മെമ്പര്‍മാരും, കൃഷി ഓഫീസര്‍മാരും, കൃഷി അസിസ്റ്റന്റ്മാരും ഇന്ന് ചിങ്ങം ഒന്ന് കര്‍ഷക ദിനമായി ആഘോഷിക്കുമ്പോള്‍ ഡോ. സുഭാഷിനെ കണ്ട് പഠിക്കൂ അടുത്ത വര്‍ഷം കൃഷിഭവനുകളില്‍ അവതരിപ്പിക്കാന്‍.

ഞായറാഴ്‌ച, ഓഗസ്റ്റ് 15, 2010

എന്താ കക്കൂസ് മാലിന്യം വിഷമാണോ?

ഇതാ കക്കൂസ് മാലിന്യം പൂര്‍ണമായും ഉപയോഗപ്രദമായി മാറ്റുന്ന ബയോടെക്കിന്റെ ഒരു സംരംഭം.
ഓരോ കക്കൂസിലുമോ കൂട്ടായോ ഒരു ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കാമെന്നും അതില്‍ നിന്ന് ബയോഗ്യാസും സ്ലറിയും ലഭ്യമാക്കാമെന്നും ബയോടെക് കാട്ടിത്തരുകമാത്രമല്ല നിര്‍മ്മിച്ചു നല്‍കുകയും ചെയ്യുന്നു. വിട്ടിലെ മറ്റ് ജൈവ മാലിന്യങ്ങളും ഇതേ പ്ലാന്റില്‍ നിക്ഷേപിക്കുന്നതിലൂടെ കൂടുതല്‍ ഇന്ധനവും ലഭിക്കുന്നു. വീട്ടിലെ പാറ്റ, ഉറുമ്പ് മുതലായവ ഒരു പരിധിവരെ ഇപ്രകാരം കുറയുകയും ചെയ്യും. സ്ലറിയിലൂടെ ലഭിക്കുന്ന ജൈവ വളം നാം ഭക്ഷിച്ച് വിസര്‍ജിക്കുന്ന ഒന്നേകാല്‍ കിലോ ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കുവാന്‍ പ്രയോജനപ്പെടുത്തുകയും ചെയ്യാം. ഇതോടൊപ്പം കാലി വളര്‍ത്തല്‍ കൂടുതല്‍ ആദായകരവുമാണ്. ഇപ്രകാരം ഭക്ഷ്യദൊര്‍ലഭ്യത്തിന് ശാശ്വത പരിഹാരവും കണ്ടെത്താം. ആഗോളതാപന നിയന്ത്രണം, പരിസ്ഥിതി സംരക്ഷണം, ശുദ്ധവായു, ശുദ്ധജലം, എല്‍.പി.ജിക്ക് പകരം ബയോഗ്യാസ്, വൈദ്യതിക്ക് ബയോഗ്യാസ് ഉപയോഗം, നേരിട്ട് കത്തുന്ന വെളിച്ചം മുതലായവ നേട്ടങ്ങളുടെ പട്ടികയില്‍ വരുത്താന്‍ കഴിയും.
കക്കൂസ് മാലിന്യം പാടത്തു തട്ടാന്‍ ഗുണ്ടകള്‍; നാട്ടുകാര്‍ ചെറുത്തു

തൃശ്ശൂര്‍: പാടത്ത് കക്കൂസ് മാലിന്യം തട്ടാന്‍ ലോറിയില്‍ എത്തിയ ആയുധധാരികളായ ഗുണ്ടകളെ നാട്ടുകാര്‍ ചെറുത്തു. കുറച്ച് മാലിന്യം പാടത്ത് തട്ടിയ സംഘം ലോറി ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. പലവട്ടം വിളിച്ചിട്ടും പോലീസ് സ്ഥലത്തെത്തിയില്ലെന്നും പരാതിയുണ്ട്. ലോറിക്ക് സാരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ ചിറ്റിലപ്പിള്ളി- പറപ്പൂര്‍ റോഡരികിലെ മുള്ളൂര്‍ക്കായല്‍ പാടത്താണ് ടാങ്കര്‍ലോറിയില്‍ കക്കൂസ്മാലിന്യം തട്ടാന്‍ സംഘമെത്തിയത്.

ആയിരം ഏക്കറോളം വരുന്ന പാടം വെള്ളം കയറിക്കിടക്കുകയാണ്. യു.ഡി.എഫ്. പ്രവര്‍ത്തകരും തിരഞ്ഞെടുപ്പിന്റെ പോസ്റ്ററുകള്‍ പതിച്ചുകൊണ്ടിരിക്കുമ്പോള്‍ ലോറി പോകുന്നതുകണ്ട് പിന്തുടര്‍ന്നു. വലിയ ഹോസ് തുറന്ന് മാലിന്യം പാടത്ത് തട്ടിത്തുടങ്ങിയിരുന്നു. നാട്ടുകാര്‍ വണ്ടി തടഞ്ഞ് ഹോസ് വേര്‍പെടുത്തി.

രണ്ടുവട്ടം പേരാമംഗലം പോലീസ് സ്റ്റേഷനിലേക്ക് നാട്ടുകാര്‍ വിളിച്ചുപറഞ്ഞു. ഉടന്‍ വരാമെന്നു മറുപടി കിട്ടിയെങ്കിലും ഒരുമണിക്കൂര്‍ കാത്തിരുന്നിട്ടും പോലീസ് വന്നില്ല. തുടര്‍ന്ന് ലോറിയിലെ ജീവനക്കാരെ ക്കൊണ്ടുതന്നെ വാഹനം കേടുവരുത്തിച്ചുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ലോറിയുടെ ചില്ലുകള്‍ തകര്‍ന്ന നിലയിലാണ്. ബോഡിക്കും കേടുപാടുണ്ട്. ടയറിന്റെ കാറ്റ് അഴിച്ചുവിട്ടു.

രാവിലെ പത്തരയോടെയാണ് എസ്‌ഐ കെ.കെ. രാജന്റെ നേതൃത്വത്തില്‍ പോലീസുകാര്‍ എത്തിയത്. മനുഷ്യജീവന് ഹാനികരമാംവിധം മാലിന്യം തള്ളിയതിന് ക്രിമിനല്‍ കേസും മലിനീകരണനിയന്ത്രണ നിയമപ്രകാരമുള്ള കേസുകളും എടുക്കുമെന്ന് പോലീസ് അറിയിച്ചു.

എറണാകുളം രജിസ്‌ട്രേഷനിലുള്ളതാണ് ലോറി. പാടത്തിന്റെ കരകളില്‍ ധാരാളം വീടുകളുണ്ട്. അവിടങ്ങളിലെ കിണറുകള്‍ മലിനമാകുമെന്ന് നാട്ടുകാര്‍ ഭയപ്പെടുന്നു. കഴിഞ്ഞ ഫിബ്രവരിയിലും മുള്ളൂര്‍ക്കരയില്‍ കക്കൂസ് മാലിന്യം തട്ടുന്നത് നാട്ടുകാര്‍ തടഞ്ഞിരുന്നു. അന്ന് പോലീസെത്തി വാഹനത്തിലെ ജീവനക്കാരെ അറസ്റ്റ് ചെയ്യുകയുണ്ടായി. പലവട്ടം ഇവിടെ മാലിന്യമിട്ടുവെങ്കിലും തടയാന്‍ കഴിഞ്ഞിരുന്നില്ല. ഫിബ്രവരിയില്‍ അങ്കമാലി-പെരുമ്പാവൂര്‍ ഭാഗത്തുള്ള ലോറിയില്‍കൊണ്ടുവന്നാണ് മാലിന്യം തള്ളിയത്.
കഷ്ടം എന്നല്ലാതെ എന്താ പറയുക
ചെറുത്ത നാട്ടുകാര്‍ക്കും ഇത് പാഴ് മാലിന്യമായി കളയാന്‍ വന്നവര്‍ക്കും വിവേകം കുറവായിരിക്കാം. എന്നാല്‍ മാതൃഭൂമി ദിനപത്രത്തിന് അത് പാടില്ലല്ലോ. ഏത് പക്ഷിമൃഗാദിയുടെയും മനുഷ്യന്റേയും വിസര്‍ജ്യം ഓര്‍ഗാനിക് റീ സൈക്ലിങ്ങിന് (മൂന്ന് കോടി മലയാളികള്‍ പ്രതിദിനം ഭക്ഷിക്കുന്ന മൂന്നേമുക്കാല്‍ കോടി കിലോ (37500 ടണ്‍) ഭക്ഷണം വിസര്‍ജ്യമായി മാറുമ്പോള്‍ അത് മണ്ണിന് ജൈവ സമ്പുഷ്ടി വര്‍ദ്ധിപ്പിച്ച് വീണ്ടും ഭക്ഷ്യോത്പന്നങ്ങള്‍ ലഭ്യമാക്കുവാന്‍ ആവശ്യമാണ്) പ്രയോജനപ്പെടുത്താന്‍ കഴിയുന്ന ഒന്നാണ്.



കക്കൂസ് മാലിന്യം ബയോഗ്യാസായും, സ്ലറിയായും മാറ്റാന്‍ കഴിയുന്ന പ്ലാന്റ് (ചിത്രം കടപ്പാട് - ബയോടെക്)
കക്കൂസ് വിസര്‍ജ്യത്തില്‍ സോപ്പ് വെള്ളം കലരാതിരുന്നാല്‍ ബയോഗ്യാസ് പ്ലാന്റില്‍ നിക്ഷേപിച്ച് ഫെര്‍മെന്റേഷന്‍ പ്രോസസിലൂടെ ഇ കോളി (കോളിഫാം) ബാക്ടീരിയയെ മെത്രോജനിക് ബാക്ടീരിയയുടെ സഹായത്താല്‍ നിര്‍വ്വീര്യമാക്കുവാന്‍ സാധിക്കും. സ്ലറിയായി ലഭിക്കുമ്പോള്‍ കോളിഫാം ബാക്ടീരിയ മൃതാവസ്ഥയിലായിരിക്കും. അത് കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമ്പോള്‍ മണ്ണിലെ ബാക്ടിരിയ അതിനെ ഒരിക്കല്‍ക്കൂടി ശുദ്ധീകരിച്ച് കുടിവള്ളം ശുദ്ധമാക്കുന്നു. തിരുവനന്തപുരത്തുള്ള ബയോടെക് എന്ന സ്ഥാപനം വാട്ടര്‍ ജാക്കറ്റ് സിസ്റ്റം ഉപയോഗിച്ചുള്ള ബയോഗ്യാസ് പ്ലാന്റുകള്‍ കക്കൂസ് മാലിന്യം ട്രീറ്റ് ചെയ്യുവാനായി നിര്‍മ്മിച്ച് നല്‍കുന്നുണ്ട്. അവര്‍ പല ഹോസ്റ്റലുകളിലും ഇത് നടപ്പിലാക്കിയിട്ടുണ്ട്.

വലിയതുറ സീവേജ്ഫാമില്‍ മാര്‍ക്കറ്റിലെ ചപ്പുചപറും മനുഷ്യവിസര്‍ജ്യവും ഉപയോഗിച്ച് നിര്‍മ്മിച്ചിരുന്ന കമ്പോസ്റ്റ് വിലയ്ക്ക വാങ്ങി പലരും കൃഷിക്കായി ഉപയോഗിച്ചിരുന്നു. അന്ന് തിരുവനന്തപുരം നഗരത്തിന് ശുചിത്വത്തിന്റെ കാര്യത്തില്‍ ഭാരതത്തില്‍ ഒന്നാം സ്ഥാനമായിരുന്നു. ആമഇഴഞ്ചാന്‍ തോട്ടിലും പാര്‍വ്വതീ പുത്തനാറിലും ഒഴുകിയിരുന്ന വെള്ളത്തില്‍ ആളുകള്‍ കുളിക്കുകയും തുണി നനയ്ക്കുകയും ചെയ്തിരുന്ന കാഴ്ചയും വാര്‍ത്തകളും അന്ന് പ്രസിദ്ധീകരിച്ച മാതൃഭൂമിയുടെ പഴയ എഡിഷനുകളില്‍ കാണും.
മനുഷ്യന്റെ കൃഷിയോടുള്ള അകല്‍ച്ചയും ഇന്നത്തെ ആഡംബരജീവിതത്തോടുള്ള ആര്‍ത്തിയും ശുചിത്വത്തിന്റെ കാര്യത്തില്‍ പന്ത്രണ്ട് രൂപ വിലകൊടുത്ത് വാങ്ങുന്ന പ്രിസര്‍വേറ്റീവ് ചേര്‍ന്ന കുടിവെള്ളം ശ്രേഷ്ഠമാണെന്ന നിഗമനത്തില്‍ മനുഷ്യനെ എത്തിക്കുന്നു. കഷ്ടം എന്നല്ലാതെ എന്താ പറയുക.
തിരുവനന്തപുരം നഗരത്തെ മാലിന്യ മുക്തമാക്കുവാനായി വിളപ്പില്‍ശാലയില്‍ സ്ഥാപിച്ച സംസ്കരണപ്ലാന്റ് അവിടെ നിര്‍മ്മിക്കുന്നത് ഉപയോഗിക്കാന്‍ യോഗ്യമല്ലാത്ത ജൈവവളമാണ്. ഖരമാലിന്യ ശേഖരത്തില്‍ നിന്നൊഴുകുന്ന മലിനജലം കരമനയാറ്റിലെ ജലത്തെ മലിനീമസമാക്കിക്കൊണ്ടിരിക്കുന്നു. വിവീധ പമ്പ് ഹൌസുകളില്‍ നിന്ന് പമ്പ് ചെയ്ത് വീടുകളില്‍ കുടിവെള്ളമെത്തിക്കുന്നു. പി.ടി.പി നഗര്‍ ഉള്‍പ്പെടെ ഉള്ളവര്‍ കുടിക്കുന്ന വിഷത്തിന്റെ അളവറിയണമെങ്കില്‍ ആര്‍.സി.സി കേന്ദ്രീകരിച്ച് സര്‍വ്വെ നടത്തണം.
എനിക്ക് ബയോടെക് 3500 രൂപ സബ്‌സിഡി നല്‍കി നിര്‍മ്മിച്ചുതന്ന പ്ലാന്റാണ് ചുവടെ.
വലത് വശത്ത് ചാക്കിട്ട് മൂടിയിരിക്കുന്നത് കക്കൂസ് വിസര്‍ജ്യം പ്ലാന്റിലേക്ക് കടത്തിവിടാനുള്ള സൌകര്യമാണ്. 1985-86 -ല്‍ പണികഴിച്ച വീട്ടിലെ കുളിമുറിയിലെ സോപ്പുവെള്ളം പ്രത്യേകമാക്കുക എന്നത് ചെലവേറിയതാകയാല്‍ എന്റെ ഈ പദ്ധതി അല്പം വൈകി. എന്റെ മകന്റെ വിവാഹത്തോടനുബന്ധിച്ച് (14-11-2010) വീട് റിപ്പയര്‍ ചെയ്തതിനോടൊപ്പം കുളിമുറിയിലെ വെള്ളം പ്രത്യേകം പുറത്തേയ്ക്ക് വിടുകയും സീവേജ് മാലിന്യം പ്ലാന്റിലേയ്ക്ക് കടത്തി വിടുകയും ചെയ്തു. (തിരുത്തല്‍ നടത്തിയത് 8-12-2010)

വ്യാഴാഴ്‌ച, മേയ് 14, 2009

എക്‌സിറ്റ്‌ പോള്‍: യു.പി.എ. സഖ്യത്തിന്‌ മുന്‍തൂക്കം

കേരളത്തിലും ബംഗാളിലും ഇടതിന്‌ തിരിച്ചടി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.പി.എ. സഖ്യത്തിന്‌ നേരിയ ഭൂരിപക്ഷം ലഭിക്കുമെന്ന്‌ വിവിധ ചാനലുകള്‍ നടത്തിയ എക്‌സിറ്റ്‌ പോളുകളില്‍ സൂചന. എന്‍.ഡി.എ. സീറ്റുനിലയില്‍ തൊട്ടുപിറകെയുണ്ട്‌. കോണ്‍ഗ്രസ്‌ തന്നെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവും. കേരളത്തിലും പശ്ചിമബംഗാളിലും ഇടതുപക്ഷത്തിന്‌ തിരിച്ചടിയും ചാനലുകള്‍ പ്രവചിക്കുന്നു. അതേസമയം, കേരളത്തില്‍ മുഖ്യമന്ത്രി അച്യുതാനന്ദന്റെ ജനപ്രീതിക്ക്‌ തെല്ലും ഇടിവുണ്ടായിട്ടില്ലെന്ന്‌ സി.എന്‍.എന്‍.-ഐ.ബി.എന്‍. സര്‍വേ ചൂണ്ടിക്കാട്ടുന്നു.

കോണ്‍ഗ്രസ്സിന്‌ ഒറ്റയ്‌ക്ക്‌ 154 സീറ്റുകള്‍ ലഭിക്കുമെന്നാണ്‌ 'ടൈംസ്‌ നൗ' ചാനല്‍ നടത്തിയ എക്‌സിറ്റ്‌ പോള്‍ പറയുന്നത്‌. യു.പി.എ. സഖ്യകക്ഷികള്‍ക്ക്‌ 44 സീറ്റ്‌ ലഭിക്കും. ബി.ജെ.പി.ക്ക്‌ ഒറ്റയ്‌ക്ക്‌ 142-ഉം സഖ്യകക്ഷികള്‍ക്ക്‌ 41-ഉം സീറ്റുകള്‍ ലഭിക്കും. ഇടതുപാര്‍ട്ടികള്‍ക്ക്‌ 38 സീറ്റും മൂന്നാം മുന്നണിക്ക്‌ 112 സീറ്റുമാണ്‌ 'ടൈംസ്‌ നൗ' പ്രവചിക്കുന്നത്‌. ഇതനുസരിച്ച്‌ കേരളത്തില്‍ യു.ഡി.എഫിന്‌ പതിനഞ്ചും ഇടതുപക്ഷത്തിന്‌ അഞ്ചും സീറ്റുകളാണ്‌ ലഭിക്കുക. പശ്ചിമ ബംഗാളില്‍ ഇടതിന്റെ മേധാവിത്വം 35 സീറ്റുകളില്‍നിന്ന്‌ 24 സീറ്റുകളിലേക്കു താഴുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അവിടെ കോണ്‍ഗ്രസ്‌ അഞ്ചും തൃണമൂല്‍ കോണ്‍ഗ്രസ്‌ 12-ഉം ബി.ജെ.പി. ഒന്നും സീറ്റ്‌ നേടുമെന്ന്‌ അവര്‍ പറയുന്നു. ഡാര്‍ജിലിങ്‌ മണ്ഡലത്തില്‍ ജസ്വന്ത്‌ സിങ്‌ വിജയിക്കുമെന്നാണ്‌ പ്രവചനം. ബിഹാറിലാണ്‌ യു.പി.എ.ക്ക്‌ വന്‍ തിരിച്ചടിയുണ്ടാവുക. ഇവിടെ ജെ.ഡി.യു. 19 സീറ്റും സഖ്യകക്ഷിയായ ബി.ജെ.പി. പത്തു സീറ്റും ഇടതുപക്ഷം ഒരു സീറ്റും നേടുമ്പോള്‍ കോണ്‍ഗ്രസ്‌ മൂന്ന്‌ സീറ്റിലേക്കും ആര്‍.ജെ.ഡി.-എല്‍.ജെ.പി. സഖ്യം ആറു സീറ്റിലേക്കും താഴും. യു.പി.യില്‍ എസ്‌.പി. കഴിഞ്ഞ തവണത്തെ 35 സീറ്റുകളില്‍നിന്ന്‌ 23 സീറ്റിലേക്കു താഴുമെന്നും ബി.എസ്‌.പി. 27 സീറ്റുകള്‍ നേടുമെന്നും കോണ്‍ഗ്രസ്‌ 13 സീറ്റുകളും ബി.ജെ.പി. സഖ്യം 17 സീറ്റുകളും നേടുമെന്നുമാണ്‌ പ്രവചനം.

സി.എന്‍.എന്‍.-ഐ.ബി.എന്നിന്റെ പ്രവചനമനുസരിച്ച്‌ കേരളത്തില്‍ മൂന്നു ശതമാനം വോട്ടുകള്‍ യു.ഡി.എഫിന്‌ അനുകൂലമായിട്ടുണ്ട്‌. എന്നാല്‍ ഇത്‌ എല്‍.ഡി.എഫിന്‌ കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന്‌ അവര്‍ കണക്കുകൂട്ടുന്നു. മുസ്‌ലിം വോട്ടുകളെ ഫലപ്രദമായി സ്വാധീനിക്കാന്‍ ഇടതുപക്ഷത്തിനു കഴിഞ്ഞില്ലെന്നും മഅദനി ബന്ധം ഗുണമുണ്ടാക്കിയില്ലെന്നും ഐ.ബി.എന്‍. വിലയിരുത്തുന്നു. ബി.ജെ.പി. വോട്ടുകളില്‍ കേരളത്തിലുണ്ടായ ഇടിവ്‌ കോണ്‍ഗ്രസ്സിനു പ്രയോജനമാകുമെന്നും ലാവലിന്‍ അഴിമതി വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടെന്നും അവര്‍ സൂചിപ്പിക്കുന്നു. 34 ശതമാനം പേരും മുഖ്യമന്ത്രിസ്ഥാനത്തേക്ക്‌ വി.എസ്സിനെ അനുകൂലിക്കുമ്പോള്‍ ഒരു ശതമാനം മാത്രമാണ്‌ പിണറായി വിജയനെ അനുകൂലിക്കുന്നത്‌. ഉമ്മന്‍ ചാണ്ടിയെ 20 ശതമാനം പേര്‍ പിന്താങ്ങുമ്പോള്‍ ആറു ശതമാനം പേര്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണിയെ തത്‌സ്ഥാനത്തേക്ക്‌ പരിഗണിക്കുന്നു. രാജസ്ഥാന്‍, കേരളം, അസം, ആന്ധ്രപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സും ഗുജറാത്ത്‌, മധ്യപ്രദേശ്‌, ജാര്‍ഖണ്ഡ്‌, കര്‍ണാടക സംസ്ഥാനങ്ങളില്‍ ബി.ജെ.പി.യും വ്യക്തമായ മുന്നേറ്റമുണ്ടാക്കും.

'ഹെഡ്‌ലൈന്‍സ്‌ ടുഡേ' ചാനലിന്റെ സര്‍വേപ്രകാരം യു.പി.എ. സഖ്യത്തിന്‌ 191-ഉം ബി.ജെ.പി. സഖ്യത്തിന്‌ 180-ഉം സീറ്റുകള്‍ ലഭിക്കും. ഇടതുപക്ഷം 38 സീറ്റുകളിലും ബി.എസ്‌.പി.യടങ്ങുന്ന മൂന്നാം മുന്നണി 134 സീറ്റുകളിലും വിജയിക്കും. 'ഇന്ത്യ ടി.വി.'യുടെ പ്രവചനമനുസരിച്ച്‌ യു.പി.എ.ക്ക്‌ 195 സീറ്റുകള്‍ ലഭിക്കും. ആര്‍.ജെ.ഡി., എല്‍.ജെ.പി., എസ്‌.പി. എന്നിവ ചേര്‍ന്ന കുറുമുന്നണികൂടിയായാല്‍ യു.പി.എ.യുടെ ശക്തി 227 ആകാം. എന്‍.ഡി.എ.ക്ക്‌ 189 സീറ്റും മൂന്നാം മുന്നണിക്ക്‌ 113 സീറ്റുമാണ്‌ അവര്‍ പ്രവചിക്കുന്നത്‌. 'ന്യൂസ്‌ എക്‌സും' എ.സി. നീല്‍സനും ചേര്‍ന്നു നടത്തിയ സര്‍വേയില്‍ യു.പി.എ. 199 സീറ്റും എന്‍.ഡി.എ. 191 സീറ്റും നേടുമെന്നാണ്‌ പ്രവചനം. കോണ്‍ഗ്രസ്സിന്‌ 155-ഉം ബി.ജെ.പി.ക്ക്‌ 153 സീറ്റുമാണ്‌ ഒറ്റയ്‌ക്ക്‌ നേടാന്‍ കഴിയുക. ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണിക്ക്‌ 104 സീറ്റാണ്‌ ഇവരുടെ കണക്കൂകൂട്ടല്‍. 'ന്യൂസ്‌ 24' ചാനലും യു.ടി.വി.ഐ.യും യു.പി.എ. സഖ്യത്തിന്‌ നേരിയ ഭൂരിപക്ഷം പ്രവചിച്ചിട്ടുണ്ട്‌.
കടപ്പാട് - മാതൃഭൂമി 14-05-09