മാധ്യമം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മാധ്യമം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

തിങ്കളാഴ്‌ച, മേയ് 20, 2013

മാധ്യമങ്ങള്‍ വഴികാട്ടികളാവണം.

മാതൃഭൂമി പത്രത്തോട് ഒരു അഭ്യര്‍ത്ഥന. ധൂര്‍ത്ത് കുറക്കാന്‍ ആഹ്വാനം ചെയ്യുന്നതിനേക്കാള്‍ ഇഷ്ടം പോലെ ശുദ്ധജലം ഉപയോഗിക്കുവാനായി നമുക്കെന്തൊക്കെ ചെയ്യാം എന്ന് ബോധവത്ക്കരിക്കുക. അതില്‍ പ്രധാനം ജല സ്രോതസുകളെ മലിനപ്പെടുത്തുന്നത് എന്തൊക്കെയാണ് അത് നമുക്കെങ്ങിനെ ഒഴിവാക്കാം അതിന് ഏതെല്ലാം ശാസ്ത്രീയ മാര്‍ഗങ്ങള്‍ നമുക്ക് നടപ്പിലാക്കാം എന്നിവയൊക്കെയാണ്. ഉദാ. നദീജലത്തിലെ കോളിഫാം ബാക്ടീരിയയുടെ അളവ് അനുവദനീയമായതിലും എത്രയോ കൂടുതലാണ്. അതിനുള്ള പരിഹാരം സീവേജ് വേസ്റ്റ് സോപ്പുവെള്ളം ഒഴിവാക്കി ബയോഗ്യാസ് പ്ലാന്റുകളിലെത്തിക്കാം. പ്രയോജനം മൂന്നാണ്
൧. മീഥൈന്‍ വാതകം പാചകത്തിനും മറ്റും ഉപയോഗിക്കാം.
൨. സ്ലറിയെ ജൈവവളമായി ഉപയോഗിക്കാം.
൩. ജലത്തെ ശുദ്ധീകരിച്ച് കുടിവെള്ളമാക്കാം.
ഓരോ പ്രാവശ്യം ഫ്ലഷ് ചെയ്യുമ്പോഴും പാഴാകുന്ന ജലത്തിന്റെ അളവ് ഉപഭോഗത്തില്‍ ഒന്നാം സ്ഥാനത്താവാം. അതിലെ ജലം വേര്‍തിരിച്ച് കോളിഫാം മുക്തമാക്കി മണ്ണിനെ റീ ചാര്‍ജ് ചെയ്യാം. കുളിമുറികളില്‍ നിന്ന് പുറംതള്ളുന്ന സോപ്പുകലര്‍ന്ന ജലം, വാഷിംഗ് മെഷീനിലൂടെ പുറംതള്ളുന്ന ജലം, പാത്രങ്ങള്‍ കഴുകുന്ന ജലം മുതലായവ എപ്രകാരം ശുദ്ധീകരിച്ച് മണ്ണിനെ റീചാര്‍ജ് ചെയ്യാം എന്ന വിഷയത്തില്‍ ജനത്തെ ബോധവത്ക്കരിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയും. അതോടൊപ്പം പുതുതായി വീടുവെയ്ക്കുവാന്‍ ലൈസന്‍സ് നല്കുമ്പോള്‍ ഇവയെല്ലാം കര്‍ശനമായി പാലിക്കപ്പെടും എന്ന് ഉറപ്പുവരുത്തുകയും വേണം. ഓരോ വീടും ശരിയായ ജൈവേതരമാലിന്യ സംഭരണവും (സംഭരിച്ച ജൈവേതരമാലിന്യങ്ങള്‍ സംസ്കരിക്കുവാനുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കണം), ജൈവമാലിന്യ സംസ്കരവും നടത്തിക്കഴിഞ്ഞാല്‍ നമ്മുടെ ഒരു ജലസ്രോതസ്സും മലിനപ്പെടില്ല. നദിയിലൂടെ ഒഴുകുന്ന വെള്ളവും കുടിക്കാന്‍ യോഗ്യമാക്കാം. കുളങ്ങളും, കിണറും എല്ലാം ഇതോടൊപ്പം സംരക്ഷിക്കപ്പെടും. കാര്‍ഷികേതര ഭൂവിനിയോഗം ക്രമാതീതമായി വര്‍ദ്ധിക്കുമ്പോള്‍ ഭൂഗര്‍ഭജലനിരപ്പ് താഴുന്നു. അത് മഴയില്‍ താഴ്ന്ന പ്രദേശത്ത് വെലള്ളപ്പൊക്കവും  ഉയര്‍ന്ന പ്രദേശത്ത് ജൈവാംശകുറവിനും കാരണമാകും.മഴവെള്ളം പോലും ശുദ്ധമല്ലാത്തതിനാല്‍ ശുദ്ധീകരിച്ച് ഭൂമിയെ റീചാര്‍ജ് ചെയ്യുകയാണ് വേണ്ടത്. അത്തരം മേഖലകളിലാണ് വിദഗ്ധര്‍ക്ക് നല്ലൊരു വഴികാട്ടിയാവാന്‍ കഴിയുന്നത്.

വെള്ളിയാഴ്‌ച, ഫെബ്രുവരി 22, 2013

കാര്‍ഷികമേഖലയുടെ തകര്‍ച്ചയില്‍ മാധ്യമങ്ങളുടെ പങ്ക്



നിലവിലുള്ള ദൃശ്യ ശ്രാവ്യ മാധ്യമങ്ങളെല്ലാം തന്നെ അത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയോ, ജാതി മത സംഘടനയുടെയോ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് പരിമിതികളുണ്ട്. റിപ്പോര്‍ട്ടുചെയ്യപ്പെടുന്നവ എഡിറ്റിംഗും സെന്‍സറിംഗും കഴിഞ്ഞ് വായനക്കാരനിലെത്തുമ്പോള്‍ ഒരേ വാര്‍ത്ത നമുക്ക് പല മാധ്യമത്തിലും പല രീതിയില്‍ കാണുവാനും വായിക്കുവാനും കേള്‍ക്കുവാനും സാധിക്കും. ഭരണ സുതാര്യതയ്ക്കുവേണ്ടി കൊണ്ടുവന്ന വിവരാവകാശ നിയമം പ്രയോജനപ്പെടുത്തുന്ന മാധ്യമങ്ങളുടെ എണ്ണവും വിരളമാണ്. കാര്‍ഷിക മേഖല തകര്‍ന്നടിയുമ്പോഴും കര്‍ഷകന്റെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഇക്കൂട്ടര്‍ അന്വേഷിക്കാറെ ഇല്ല. പകരം ഏതെങ്കിലും നല്ല കര്‍ഷകനെ കണ്ടെത്തി അവനെപ്പറ്റി എഡിറ്റിംഗും സെന്‍സറിംഗും നടത്തി പൊടിപ്പും തൊങ്ങലും വെച്ച് വായനക്കാരനെ തൃപ്തിപ്പെടുത്തത്തക്ക രീതിയില്‍ പ്രസിദ്ധീകരിക്കും. ഏല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കര്‍ഷക സംഘടനകളുണ്ട്. ചരിത്രത്തില്‍ ഇന്നേവരെ കര്‍ഷകരെ സംഘടിപ്പിച്ച് ഒറ്റക്കെട്ടായി അവരെ രംഗത്തിറക്കിയ സംഭവം ഇല്ലതന്നെ. പാവപ്പെട്ട തൊഴിലാളികളെ സംഘടിപ്പിച്ച് കര്‍ഷക വിരുദ്ധരാക്കുന്നതില്‍ ഇക്കൂട്ടര്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. കര്‍ഷകരും തൊഴിലാളികളും സഹകരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഒരു മാധ്യമവും ചര്‍ച്ചചെയ്യില്ല. പകരം കര്‍ഷകനെതിരായി മാത്രം ചര്‍ച്ച ചെയ്യും.
ചുമട്ടു തൊഴിലാളിയെന്നും കയറ്റിറക്ക് തൊഴിലാളികളെന്നും മറ്റും തരം തിരിച്ച് അവര്‍ക്ക് അംഗത്വവും ബാഡ്ജും നല്‍ക്കി തൊഴില്‍ അവരുടെ അവകാശമായി മാറ്റി. അതിലൂടെ നല്ല തൊഴിലാളികള്‍ കാര്‍ഷിക മേഖലയില്‍ ഇല്ലാതെ ആയി. ഇന്ന് ഒരു തൊഴിലാളി സംഘടനയില്‍ അംഗത്വം വേണമെങ്കില്‍ ലക്ഷങ്ങല്‍ കൊടുക്കണം എന്നാണ് കേള്‍ക്കുന്നത്. ജനസേവകരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ തൊഴിലാളി യൂണിയനുകളുണ്ടായി. വിലവര്‍ദ്ധനയുടെ ഗുണഭോക്താക്കളാണവര്‍. ശമ്പളവും പെന്‍ഷനും വിലവര്‍ദ്ധനയുടെ പേരില്‍ കൂട്ടി വാങ്ങിയശേഷം വിലയിടിവിനുവേണ്ടി സമരം ചെയ്യുന്നു. ഇവരെല്ലാം കര്‍ഷകരുടെ ശത്രുക്കളായി മാറിയതില്‍ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും നിര്‍ണായക പങ്കു വഹിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കാലാകാലങ്ങളില്‍ ശമ്പളവര്‍ദ്ധനവിനുവേണ്ടി കമ്മീഷനുകളെ വെച്ചു. റീട്ടെയില്‍ മാര്‍ക്കറ്റിലെ നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനയുടെ പേരില്‍ ഇന്‍ഫ്ലേഷന്‍ എന്ന വ്യാജേന ഡി.എ വര്‍ദ്ധിക്കുകയും അത് കാലാകാലങ്ങളില്‍ ബേസിക് സാലറിയില്‍ മെര്‍ജ് ചെയ്യുകയും ചെയ്തു. എന്നാല്‍ കര്‍ഷകര്‍ക്ക് നീതി ലഭിക്കുവാനായി 1965 ല്‍ രൂപപ്പെട്ട http://cacp.dacnet.nic.in/ ( Commission for Agricultural Costs and Prices) പലപ്പോഴും സംസ്ഥാനങ്ങളില്‍ തെളിവെടുപ്പ് നടത്തുകയും കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യുന്നു. അത് വെറും പ്രഹസനം മാത്രമാണ് എന്നതിന് തെളിവാണ് കേരള യൂണിവേഴ്സിറ്റിയുടെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി ആയിരുന്ന ഡോ. യാഗീന്‍ തോമസിന്റെ കേരളത്തിലെ ചില കാര്‍ഷികോത്പന്ന വിലയെപ്പറ്റിയുള്ള ഒരു പഠന റിപ്പോര്‍ട്ട്. അതിനെ പരിഭാഷപ്പെടുത്തി ശാസ്ത്രഗതി മാഗസീനില്‍ പ്രസിദ്ധീകരിച്ചു. അത്രതന്നെ. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തിലെ കര്‍ഷകര്‍ക്ക് കൈവശം വെയ്ക്കാവുന്ന കൃഷിഭൂമിയുടെ പരിധി ഉണ്ട്. എന്നാല്‍ ഉല്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കുന്ന തോട്ടം മേഖലയുടെ ഭൂപരിതിയില്‍ നിയന്ത്രണങ്ങള്‍ ഇല്ല.
ഒന്നാം ഹരിതവിപ്ലവത്തിന് മുന്‍പ് ഭൂമിയുടെ ജൈവസമ്പത്ത് ജനത്തെ പോഷകമൂല്യങ്ങളുള്ള ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കാന്‍ പര്യാപ്തമാക്കിയിരുന്നു. രാസവളങ്ങളുടെയും, കീടനാശിനികളുടെയും, കളനാശിനികളുടെയും മറ്റും പ്രചാരം കാര്‍ഷിക സര്‍വ്വകലാശാലയും ഉദ്യോഗസ്ഥരും മാധ്യമങ്ങളും ഏറ്റെടുത്തതോടെ തുടക്കത്തില്‍ കര്‍ഷകന് ലാഭം ലഭിച്ചിരുന്നു എങ്കില്‍ വര്‍ഷങ്ങളുടെ ഇത്തരം വിഷപ്രയോഗം കാരണം മണ്ണിന്റെ ജൈവ സമ്പത്ത് നഷ്ടപ്പെടുകമാത്രമല്ല മൈക്രോ മാക്രോ ന്യൂട്രിയന്‍സിന്റെ ഇംബാലന്‍സിന് കാരണമാകുകയും സസ്യലതാദികളും, പക്ഷിമൃഗാദികളും, മനുഷ്യനും എണ്ണിയാലൊടുങ്ങാത്ത രോഗങ്ങള്‍ക്കടിമയാവുകയും ചെയ്തു. അതിലൂടെ രാജ്യത്തിന്റെ ജി.ഡി.പി ഉയര്‍ത്തുവാന്‍ എഞ്ചിനീയറിംഗ്, മെഡിക്കല്‍ മേഖല വളരുകയും ചെയ്തു. ഇന്ന് മുക്കിനും മൂലയ്ക്കും സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രികളെക്കൊണ്ട് നിറഞ്ഞു.
മാധ്യമങ്ങള്‍ക്ക് വ്യവസായികളോടാണ് കൂറ് എന്നതില്‍ സംശയം വേണ്ട. കാരണം അവരില്‍നിന്ന് കിട്ടുന്ന പരസ്യവരുമാനം അവര്‍ക്കെതിരെയുള്ള വാര്‍ത്തകള്‍ വരെ തടയപ്പെടാം. ടയര്‍നിര്‍മ്മാണത്തിനുപയോഗിക്കുന്ന അസംസ്കൃത റബ്ബറിന്റെ വിപണിവില നിയന്ത്രിക്കുന്നത് മനോരമ പത്രമാണ്. മനോരമയുടെ സഹോദര സ്ഥാപനമായ എം.ആര്‍.എഫിന് നേട്ടമുണ്ടാക്കുവാന്‍ അവര്‍ക്ക് കഴിയും. ഉദാഹരണത്തിന് ആര്‍എസ്എസ് നാലിന്റെ കോട്ടയം വിപണിവില റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ മൂന്നുരൂപ താഴ്ത്തിയാണ് മനോരമ പ്രസിദ്ധീകരിക്കുന്നത്. എന്നാല്‍ അതിലും എത്രയോ താഴ്ന്ന വിലയ്ക്കാണ് കണ്‍മതി സമ്പ്രദായത്തിലൂടെയുള്ള ഗ്രേഡിംഗും വില നിര്‍ണയവും. റബ്ബര്‍ ബോര്‍ഡിന്റെ സൈറ്റില്‍ പ്രസിദ്ധീകരിക്കാത്ത പ്രീ പ്ലാന്‍ഡ് സ്ഥിതിവിവരകണക്കുകള്‍ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കും. റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന സ്ഥിതിവിവര കണക്കുകല്‍ ക്രോഡീകരിച്ചാല്‍ കാണുവാന്‍ കഴിയുന്നത് കണക്കിലെ തിരിമറികളാണ്. അതൊന്നും തന്നെ മാധ്യമങ്ങളില്‍ ലഭിക്കില്ല. ബ്ലോഗുകള്‍ സൈറ്റുകള്‍ ആഡിയോ-വീഡിയോകള്‍ തുടങ്ങിയ നവമാധ്യമങ്ങളും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും  വ്യത്യസ്തമാവുന്നത് മാധ്യമങ്ങളെ കടത്തിവെട്ടി എഡിറ്റിംഗും സെന്‍സറിംഗും ഇല്ലാതെ പ്രസിദ്ധീകരിച്ചാണ്.
വര്‍ഷങ്ങളായി കേരളത്തില്‍ പ്രചരിപ്പിക്കപ്പെട്ട ക്രോസ്‌ബ്രീഡ് ഇനം പശുക്കളുടെ പാലില്‍ ബീറ്റാകേസിന്‍ A1 അടങ്ങിയിട്ടുണ്ട് എന്നും അത് ആരോഗ്യത്തിന് ഹാനികരമാണ് എന്നും വെറ്റിറനറിയൂണിവേഴ്സിറ്റിയുടെ ഡോ. മുഹമ്മദിന്റെ ഗവേഷണഫലം പ്രസിദ്ധീകരിച്ചിട്ടും മാധ്യമങ്ങളോ യൂണിവേഴ്സിറ്റിയോ അത് പ്രസിദ്ധീകരിക്കില്ല. നമ്മുടെ നാടന്‍ തനത് ഇനങ്ങളടെ പാലില്‍ ബീറ്റാകേസിന്‍ A2 ആരോഗ്യത്തിന് ഹാനികരമല്ല എന്ന് മാത്രമല്ല അത് ഔഷധഗുണമുള്ളതാണ് എന്ന് കര്‍ഷകര്‍ക്ക് ഇന്നും അറിയാന്‍ കഴിഞ്ഞിട്ടില്ല. ഇവയെ കൂട്ടത്തോടെ നശിപ്പിച്ചതിന്റെ ദോഷം ഇന്നല്ലെങ്കില്‍ നാളെ ജനം തിരിച്ചറിയും.
കേന്ദ്രീകൃത മാലിന്യസംസ്കരണവും, പരിസ്ഥിതി മലിനീകരണവും എന്ന വിഷയത്തിലും മാധ്യമങ്ങള്‍ വായനക്കാരനെ വിഢിയാക്കുകയാണ് ചെയ്യുന്നത്. ജൈവ ജൈവേതര മാലിന്യങ്ങള്‍ കൂട്ടിക്കലര്‍ത്തി ഘനലോഹങ്ങളും വിഷാംശവും കലര്‍ന്ന ജൈവ വളങ്ങള്‍ കൃഷിവകുപ്പിലൂടെ കര്‍ഷകരിലെത്തിയതും മാധ്യമങ്ങള്‍ അറിഞ്ഞില്ല. മനുഷ്യവിസര്‍ജ്യം എന്ന അമൂല്യ ജൈവ സമ്പത്ത് പാഴാക്കുന്നതിനെപ്പറ്റി മാധ്യമങ്ങള്‍ വൈവധ്യമാര്‍ന്ന റിപ്പോര്‍ട്ടാണ് നല്‍കുന്നത്. ജലാശയങ്ങളിലെ കോളിഫാം ബാക്ടീരിയയുടെ അളവ് വര്‍ദ്ധനയുടെ കണക്ക് പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ക്ക് അതിന് പരിഹാരം നിര്‍ദ്ദേശിക്കുവാനുള്ള കഴിവില്ല. കാര്‍ഷികമേഖലയെ തകര്‍ത്തത് ജൈവ സമ്പത്തിന്റെ അഭാവമാണ്.

ഞായറാഴ്‌ച, ഓഗസ്റ്റ് 09, 2009

പറയാന്‍ ബാക്കിവെച്ച കഥയുടെ പൂര്‍ണതപോലെ

തൗഫീഖ് പാറമ്മല്‍ (മിന്നാമിനുങ്ങ്) മാധ്യമം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്.
വാര്‍ത്തയുടെ വലുപ്പം കൂടുതലാകയാല്‍ സ്കാനറില്‍‌പ്പോലും ഉള്‍‌ക്കൊള്ളാനായില്ല.