ഇന്ന് ഒരു വന്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ട്വിറ്റര്‍ ഒരുക്കുന്ന മൈക്രോബ്ലോഗിങ്ങിനെപ്പറ്റി പലര്‍ക്കും മനസിലാക്കാന്‍ കഴിയാതെ പോകുന്ന ചില കാര്യങ്ങളെക്കുറിച്ച് എനിക്കറിയാവുന്ന രീതിയില്‍ പരാമര്‍ശിക്കുവാനാണ് ഈ പോസ്റ്റു ലക്ഷ്യമിടുന്നത്. ട്വിറ്ററിനെപ്പറ്റി കൂടുതലറിയുവാന്‍ വി.കെ ആദര്‍ശ് പ്രസിദ്ധീകരിച്ചിട്ടുള്ള ട്വീറ്റാം നമുക്ക് ട്വീറ്റാം വീണ്ടുമൊരു ട്വീറ്റഗാനം എന്ന പോസ്റ്റും, ഹരീയുടെ ട്വിറ്റര്‍ എന്നാ പോസ്റ്റും, ബ്രിജേഷ് നായരുടെ Six Reasons Why Indian Politicians Should Use Twitter എന്ന പോസ്റ്റും ഇതുമായി ബന്ധപ്പെട്ടവ തന്നെയാണ്.
ഈ മെയില്‍ ഐഡി ഉള്ള ആര്‍ക്കും ട്വിറ്ററില്‍ ഒരു അക്കൌണ്ട് തുറക്കാം. താനിഷ്ടപ്പെടുന്നവരെയോ, ഇഷ്ടവിഷയങ്ങളോ, വാര്‍ത്തകളോ, ചാനലുകളോ എന്നുവേണ്ട എന്തും പ്രസിദ്ധീകരിക്കുന്നവരെ ഇഷ്ടത്തിനനുസരിച്ച് പിന്തുടരാം. ആരെയെങ്കിലും പിന്തുടര്ന്ന് കഴിഞ്ഞാല്‍ അവര്‍ അപ്ഡേറ്റുചെയ്യുന്നതെല്ലാം നമ്മുടെ പേജില്‍ ദൃശ്യമാവും. നിങ്ങളെ ഇഷ്ടമുള്ളവര്‍ നിങ്ങളെ പിന്തുടരും. അതില്‍ നിങ്ങള്‍ ഇഷ്ടപ്പെടാത്തവ്യക്തിയെ ബ്ലോക്ക് ചെയ്യുകയും ചെയ്യാം. ഭാരതത്തില്‍ ട്വിറ്ററിന്റെ വളര്‍ച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂരിന്റെ വരവോടെയാണ് ഉണ്ടായത്. ഇത്രയധികം അദ്ദേഹത്തിന് ആരാധകരുണ്ടായതും പലരും ട്വിറ്ററിന്റെ മഹത്വം മനസിലാക്കാന്‍ ഇടയായതും മാധ്യമങ്ങളുടെ സഹായവും ഉണ്ടായതിലൂടെയാണ്. മാത്രമല്ല ധാരാളം മാധ്യമങ്ങള്‍ ട്വിറ്ററില്‍ അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ട്വിറ്ററിലൂടെ ലഭിക്കുന്ന ലിങ്കുകള്‍ വാര്‍ത്തകള്‍ യഥാസമയം വായനക്കാരിലെത്തുന്നു.
ഫയര്‍ഫോക്സ് ഉപയോഗിക്കുന്ന ഒരാളിന് ട്വിറ്റര്‍ ഫോക്സ് എന്ന ആഡ്ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുവാനും അത് ചിത്രത്തില്‍ വലത് താഴെയറ്റത്ത് കാണുന്ന വിന്‍ഡോരൂപത്തില്‍ തുറക്കാനും താഴ്ത്തിവെയ്ക്കാനും കഴിയും. ഓരോ പുതിയ ട്വീറ്റും നാം ഏത് പോജിലാണെങ്കിലും നമ്മോടപ്പം ട്വിറ്റര്‍ ഫോക്സും നാം കൂടെ കൊണ്ടു നടക്കുന്ന ഒരു മൊബൈല്‍ ഫോണ്‍ മാതിരി പ്രവര്‍ത്തിക്കുന്നു. വരുന്ന ട്വീറ്റുകളില്‍ ഇഷ്ടപ്പെട്ടവ റീ ട്വീറ്റ് ചെയ്യുവാന്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Retweet അമര്‍ത്തിയാല്‍ മതി അതേ മെസേജ് റീട്വീറ്റ് ചെയ്യുവാന്‍ പാകത്തിന് ട്വിറ്റര്‍ ഫോക്സിലെ താഴെയറ്റത്തുള്ള വിന്‍ഡോയില്‍ തെളിയുന്നു. എന്റര്‍ ചെയ്താല്‍ അത് പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. @ എന്ന തുടക്കത്തോടെ നമ്മുടെ ട്വിറ്റര്‍ ഐഡി ആരെങ്കിലും ഉപയോഗിച്ചാല്‍ Mentions ല്‍ അവര്‍ എത്ര എണ്ണം എന്ന് നാമത് തുറന്ന് വായിക്കുന്നതുവരെ പ്രദര്‍ശിപ്പിക്കും. മറുപടി കൊടുക്കുവാന്‍ ട്വീറ്റിന് മുകളില്‍ മൊസ് വെയ്ക്കുമ്പോള്‍ത്തന്നെ ഒരു സ്റ്റാറും അതിന് താഴെ ലെഫ്റ്റ് ആരോയും കാണാം. ആരോയില്‍ ക്ലിക്ക് ചെയ്താല്‍ മറുപടി കിട്ടേണ്ട ഐഡിയില്‍ കൊടുക്കുകയും ആവാം. ട്വിറ്ററിലൂടെ വ്യക്തിഗത മെസേജ് അയക്കുവാനും കൈപ്പറ്റുവാനും സാധിക്കും.
പലരും പല ഇടങ്ങളില്‍ നിന്ന് ട്വീറ്റ് ചെയ്യുന്നതായി കാണാം. bit.ly | titterfeed | twitter4j | Echofon | tweetdeck | Uber Twitter | Api | Su.pr | Snaptu | Seesmic | XMPP Gateway മുതലായവയും വെബ് എന്ന ട്വിറ്റര്‍ അക്കൌണ്ടിലൂടെ ട്വീറ്റു ചെയ്യുന്നതും കാണാന്‍ കഴിയും. മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ ബി.ആര്.പി ഭാസ്ക്കര്‍, കെ. ഗോവിന്ദന്‍കുട്ടി എന്നിവര്‍ ഫയര്‍ഫോക്സ് ആഡ്ഓണിലൂടെയാണ് ട്വീറ്റ് ചെയ്യുന്നത്.
ഞാനുപയോഗിക്കുന്നത് എക്കോഫോണ്‍ ആണ്. ട്വിറ്ററുമായി ബന്ധപ്പെട്ടതെല്ലാം സൈറ്റില്‍ പോകാതെ സൌകര്യപ്രദമായി എക്കോഫോണിലൂടെ സാധിക്കുന്നു. വായിക്കാത്ത ട്വീറ്റുകള്‍ എണ്ണമെത്രയെന്ന് കാണിക്കുന്നു. റീ ട്വീറ്റ് ചെയ്യുവാനും മറുപടി നല്കുവാനും അനായാസം സാധിക്കുന്നു എന്നുമാത്രമല്ല മറുപടി കൊടുക്കുമ്പോള്‍ ഏത് ട്വീറ്റിനാണ് മറുപടി കൊടുക്കുന്നത് എന്ന് താഴത്തെ വിന്‍ഡോയില്‍ കാണിക്കുകയും ചെയ്യുന്നു. ഏതുപേജിലും എന്നോടൊപ്പം ഇത് സഞ്ചരിക്കുകമാത്രമല്ല ഞാന്‍ ടൈപ്പു ചെയ്യുന്നത് തടസപ്പെടുത്തി പുതിയ മെസേജ് അറിയിക്കുകയും ചെയ്യും. വീണ്ടും മൊസ് ക്ലിക്കിലൂടെ ടൈപ്പിംഗ് തുടരുകയും ചെയ്യാം. കൂടുതല്‍ ട്വീറ്റുകള്‍ ഫോളോ ചെയ്യുവാന്‍ വിഷയങ്ങള്‍ തരം തിരിച്ച് പ്രത്യേകം അക്കൌണ്ട് തുടങ്ങുകയാവും നല്ലത്. ഇല്ലെങ്കില്‍ നമുക്ക് എല്ലാം കൂടെ ഒരു അവിയല്‍ പരുവത്തിനേ വായിക്കുവാന്‍ കഴിയുകയുള്ളു. ബ്ലോഗുകളെ സംബന്ധിക്കുന്നവ, വാര്‍ത്തകള്‍, ചാനലുകള്‍, മറ്റുള്ളവ എന്നിങ്ങനെ തരം തിരിച്ച് വെവ്വേറെ അക്കൌണ്ടില്‍ ഫോളോ ചെയ്യുകയും എക്കോഫോണിലൂടെ അവ ഓരോന്നും തരം തിരിച്ച് വെവ്വേറെയുള്ള ഐഡികളില്‍ ലോഗിന്‍ ചെയ്യാനും സാധിക്കും. എക്കോഫോണ്‍ വിന്‍ഡോ തുറന്നുവെച്ചുകൊണ്ടുതന്നെ ഓരോ അക്കൌണ്ടിലേയും ട്വീറ്റുകള്‍ മാറി മാറി പരിശോധിക്കാം. പരിശോധിക്കുക മാത്രമല്ല വെവ്വേറെ അക്കൌണ്ടുകളില്‍ നിന്ന് ട്വീറ്റുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യാം. ചുരുക്കിപ്പറഞ്ഞാല്‍ സൈറ്റില്‍ കയറാതെ തന്നെ എല്ലാ പണികളും എക്കോഫോണിലൂടെ പൂര്‍ത്തിയാവുകയാണ് ചെയ്യുന്നത്. ട്വിറ്റര്‍ അപ്ഡേറ്റുകളെല്ലാം ഫെയിസ്ബുക്കുമായി ബന്ധിപ്പിക്കുവാനും സാധിക്കും.
ഞാന്‍ കൈകാര്യം ചെയ്യുന്ന മൂന്ന് ട്വിറ്റര്‍ ഐഡികളില്‍ എന്റെ ഭാഷ സെലക്ട് ചെയ്തതായി ചിത്രത്തില്‍ കാണാം. മറ്റുള്ളവ സെലക്ട് ചെയ്താല്‍ ആ ഐഡിയില്‍ ഞാന്‍ ഫോളോ ചെയ്യുന്നത് കാണാം റീ ട്വീറ്റ് ചെയ്യാം അല്ലെങ്കില്‍ മറുപടി നല്‍കാം. സ്റ്റാര്‍ നല്കി ഫേവറൈറ്റിലും സൂക്ഷിക്കാം. റൈറ്റ് ക്ലിക്ക് ചെയ്ത് പ്രിഫറന്‍സ് എടുത്തുവേണം അക്കൌണ്ട് കൂട്ടിച്ചേര്‍ക്കാന്‍.