മാതൃഭൂമി ദിനപത്രത്തിലെ കാര്‍ഷികരംഗം പ്രസിദ്ധീകരിച്ച "റബ്ബര്‍ തോട്ടങ്ങളില്‍നിന്ന് കോതുകിനെ അകറ്റുക " എന്ന ലേഖനത്തില്‍ ഡോ. ജേക്കബ് മാത്യു, ഡോ. വി.ടി ജോസ് എന്നിവര്‍ കൂട്ടായി പ്രസിദ്ധീകരിച്ച ലേഖനം പ്രകൃതി സ്നേഹികളുടെ ശ്രദ്ധക്കായി അവതരിപ്പിക്കുകയാണ് ഈ പോസ്റ്റിലൂടെ.
കറയെടുത്തശേഷം ചിരട്ടകള്‍ കമഴ്ത്തിവെയ്ക്കുക എന്നത് ലാറ്റെക്സിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കും. എന്നാല്‍ പ്ലാസ്റ്റിക് മാലിന്യം എന്ന റയിന്‍ ഗാര്‍ഡും നീര്‍ക്കുഴികളില്‍ മണ്ണെണ്ണയും ഡീസലും ഒഴിച്ച് കൊതുകുകളെ അകറ്റാന്‍ നിര്‍ദ്ദേശിക്കുന്നതിന്റെ ദോഷവശങ്ങളും അറിയാത്ത ഈ ശാസ്ത്രജ്ഞരെ എന്തു പറയണം എന്ന് എനിക്കറിയില്ല. റയിന്‍ ഗാര്‍ഡ് റബ്ബര്‍ മരങ്ങള്‍ക്ക് ഹാനികരമാണ് എന്ന സത്യം ഈ ശാസ്ത്രജ്ഞര്‍ക്ക് മനസിലാകില്ല. റയിന്‍ ഗാര്‍ഡ് ചെയ്ത് ടാപ്പ് ചെയ്യുന്നതിലൂടെ മരത്തില്‍ നിന്ന് സൂഷ്മ-അതിസൂഷ്മ മൂലകങ്ങളും ജലവും അമിതമായി നഷ്ടപ്പെടുന്നത് റബ്ബര്‍ മരങ്ങള്‍ക്ക് ഹാനികരമാണ്. മാത്രവുമല്ല റയിന്‍ ഗാര്‍ഡ് ചെയ്ത മരങ്ങളില്‍ മാരകമായ കുമിള്‍ നാശിനികളും ഉപയോഗിക്കേണ്ടി വരുന്നു. പച്ചിലകളിലെ ചാറ് ഊറ്റിക്കുടിച്ച് ജീവിക്കുന്ന ആണ്‍ കൊതുകുകളെ അകറ്റുവാന്‍ മുഴുവന്‍ തോട്ടത്തിലും മണ്ണണ്ണയും ഡീസലും സ്പ്രേ ചെയ്യാന്‍ നിര്‍ദ്ദേശിക്കാത്തത് നന്നായി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മലേറിയ ഇറാഡിക്കേഷന്‍ പ്രോഗ്രാം എന്നപേരില്‍ കൊതുകുകളെ കൊല്ലുവാന്‍ ടണ്‍ കണക്കിന് ഡി.ഡി.ടി പ്രയോഗിച്ചത് പലരും മറന്നുകാണാന്‍ വഴിയില്ല. പഞ്ചാബില്‍ ഉല്പാദിപ്പിച്ച അരിയിലും ഗോതമ്പിലും വരെ ഡി.ഡി.ടി കണ്ടെത്തിയിരുന്നു. കൊതുകു വര്‍ദ്ധന നിയന്ത്രിക്കുവാന്‍ മത്സ്യം വളര്‍ത്തുന്നതിനേക്കാള്‍ നല്ലൊരുപാധി വേറെ ഇല്ലതന്നെ. റബ്ബര്‍ തോട്ടങ്ങളിലും വെള്ളം കെട്ടിനില്‍ക്കാന്‍ സംവിധാനമുണ്ടാക്കി മത്സ്യങ്ങളെ വളര്‍ത്താന്‍ കര്‍ഷകര്‍ തയ്യാറാവണം. മലിനജലത്തിലാണ് ധാരാളമായി കൊതുകുകള്‍ ഉണ്ടാകുന്നത്. അത്തരം ജലത്തിലെ ജൈവേതര മാലിന്യങ്ങള്‍ കൊതുകുകളെ നിത്യരോഗികളായിട്ടാണ് ജന്മം നല്‍കുന്നത്. അവയ്ക്ക രോഗം പരത്തുവാനേ കഴിയുകയുള്ളു. ആരോഗ്യമുള്ള കൊതുകുകള്‍ രോഗം പരത്താറില്ല എന്ന് പലര്‍ക്കും അനുഭവമുണ്ടാകാം.
എന്റെ റബ്ബര്‍ തോട്ടത്തില്‍ ധാരാളം കൊതുകുകള്‍ ഉണ്ട്. അവയില്‍ പലതും എന്നെ കടിക്കാറും ഉണ്ട്. കൊതുക് കടിച്ച് നാളിതുവരെ എനിക്ക് രോഗം വന്നതും ഇല്ല. എന്റെ പുരയിടത്തോട് ചേര്‍ന്ന് കിടക്കുന്ന പഞ്ചായത്ത് വക കുളത്തിലും അതിന് താഴേയ്ക്ക് നെല്‍പ്പാടങ്ങളിലൂടെ ഒഴുകിയിരുന്ന ജലത്തിലും ധാരാളം മാനത്തുകണ്ണി എന്നറിയപ്പെടുന്ന ചെറു മത്സ്യങ്ങള്‍ ഉണ്ടായിരുന്നു. അന്ന് കൊതുകും കുറവായിരുന്നു. ഇന്ന് മത്സ്യങ്ങളും, ഞണ്ടും, തവളയും അപ്രത്യക്ഷമായി പകരം പെറ്റുപെരുകുന്ന കൊതുകുകള്‍ മാത്രം മിച്ചം.
ഇത്തരം ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ച മാതൃഭൂമി ദിനപ്പത്രത്തോട് സഹതാപം തോന്നുന്നു.
ഇത്തരം ശാസ്ത്രജ്ഞരില്‍ വിശ്വസിക്കാത്ത കര്‍ഷകന്‍ ചെയ്യുന്നത് കാണുക
റബ്ബര്‍ മരത്തിന്റെ പിന്‍ഭാഗത്ത് ടെറസിന്റെ ഉയരം കൂടിയ ഭാഗത്ത് മണ്ണിന് മുകളില്‍ ബയോഗ്യാസ് സ്ലറി മരമൊന്നിന് തൊണ്ണൂറ് ലിറ്റര്‍ വീതം ഒഴിക്കുന്നു. അപ്രകാരം അവിടെ വേരുപടലം വര്‍ദ്ധിപ്പിക്കുവാനും മണ്ണൊലിപ്പ് തടയുവാനും ഒലിച്ചിറങ്ങുന്ന എക്കല്‍ താഴ്നഭാഗത്തെത്തിക്കുവാനും കഴിയുന്നു. ഇത് തന്നെയാണ് മണ്ണും ഇലയും ലബോറട്ടറികളില്‍ പരിശോധിക്കാതെയുള്ള വളപ്രയോഗം.
സ്ലറി ഒഴിച്ചിട്ട് നാല്പത്തിയെട്ട് മണിക്കൂര്‍ ആയില്ല വലതുവശത്തുള്ള ചിത്രത്തില്‍ ഒരല്പം മണ്ണ് കമ്പുകൊണ്ടിളക്കിയപ്പോള്‍ കാണാന്‍ കഴിഞ്ഞ കര്‍ഷകന്റെ കലപ്പ എന്ന മണ്ണിര ഇത്രയും ഉയരമുള്ള ഭാഗത്തെത്തിച്ചേര്‍ന്നു എങ്കില്‍ മണ്ണ് കൊത്തിയിളക്കാതെയും കളകള്‍ നീക്കം ചെയ്യാതെയും വളപ്രയോഗം നടത്തുന്നതിലൂടെ ആ പ്രശ്നത്തിനും പരിഹാരം കാണാന്‍ കഴിയും എന്ന് തെളിയിക്കപ്പെടുകയാണ്.
ഇടത് വശത്ത് കാണുന്ന ചിത്രത്തില്‍ റബ്ബര്‍ ബോര്‍ഡില്‍ നിന്ന് സബ്സിഡിയോടെ എടുത്ത നീര്‍ക്കുഴികളില്‍ നിന്ന് കാലാകാലങ്ങളില്‍ നീക്കം ചെയ്യുന്ന എക്കല്‍ മണ്ണ് ടെറസിന്റെ പാളിച്ച തീര്‍ക്കുവാനായി പ്രയോജനപ്പെടുത്താം. നീര്‍ക്കുഴിയില്‍ ഡീസലും മണ്ണെണ്ണയും ഒഴിച്ച് മലിനപ്പെടുത്തലല്ല മറിച്ച് മണ്ണിലെ ബാക്ടീരിയയുടെ സഹായത്താല്‍ ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്ന ജലം ശുദ്ധീകരിക്കുകയാണ് വേണ്ടത്. ഇത് നാളത്തെ കുടിവെള്ളമാണ് അതിനെ നശിപ്പിക്കാതിരിക്കുക.
കോരിയിടുന്ന നീര്‍ക്കുഴിയിലെ എക്കല്‍ മണ്ണിലും ധാരാളം മണ്ണിരകളുണ്ടാവും. അവയെ സംരക്ഷിക്കേണ്ടത് ഒരു കര്‍ഷകന്റെ കടമയാണ്. രാസ, കള, കുമിള്‍, കീടനാശിനികളുപയോഗിച്ച് അവയെ നശിപ്പിക്കുന്നതിനൊപ്പം മനുഷ്യനേയും രോഗികളാക്കല്ലെ പ്രീയപ്പെട്ട ശാസ്ത്രജ്ഞന്മാരെ!!!!