മണ്ണിനും മരണം സംഭവിക്കാമെന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് കേരളത്തിലെ വെട്ടുകല്‍ മണ്ണുകള്‍ അഥവാ ലാറ്ററൈറ്റുകള്‍. ലോകത്താദ്യമായി ലാറ്ററൈറ്റ് എന്ന ശാസ്ത്രനാമം നിര്‍ദ്ദേശിച്ചത് ഫ്രാന്‍സിസ് ഹാമില്‍ട്ടണ്‍ ബുക്കാനന്‍ (1762-1829) എന്ന വിശ്വപ്രസിദ്ധ സഞ്ചാര സാഹിത്യകാരനാണ്. 1800 ല്‍ അദ്ദേഹം കേരളത്തിലെ അങ്ങാടിപ്പുറം സന്ദര്‍ശിച്ചപ്പോള്‍ മണ്ണില്‍ നിന്നും കല്ല് വെട്ടി വീട് നിര്‍മ്മിക്കുന്നത് കാണുവാനിടയാവുകയി. അതുകാരണം ലോകത്താദ്യമായി മണ്ണില്‍ നിന്നും കെട്ടിട നിര്‍മ്മാണത്തിനുള്ള കല്ല് വെട്ടിയെടുക്കുന്നത് കണ്ടെത്തിയ അദ്ദേഹം ഈ കല്ലുകളെ ലാറ്ററൈറ്റ് എന്ന് നാമകരണം ചെയ്തു. ലത്തീന്‍ ഭാഷയില്‍ ലാറ്റര്‍ എന്നാല്‍ ചുടുകല്ല് എന്നാണര്‍ത്ഥം. അതുകൊണ്ടാണ് ഇത്തരം കല്ലുകളെ ലാറ്ററൈറ്റ് എന്ന് നാമകരണം ചെയ്തത്. ലോകത്താകമാനം അത്യുഷ്ണവും അമിത വര്‍ഷപാതവും ഇടവിട്ട് ഉണ്ടാകുന്ന ഭൂവിഭാഗങ്ങളിലെല്ലാം വിവേചനരഹിതമായ കൃഷിരീതികള്‍ കാരണം ലാറ്ററൈറ്റ് മണ്ണുകള്‍ ആവിര്‍ഭവിക്കുന്നു എന്നാണ് ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയും ആഗോള പരിസ്ഥിതി സംഘടനയും മുന്നറിയിപ്പ് നല്‍കുന്നത്. ഇതിലേറ്റവും പ്രധാനം മണ്ണിലെ ജൈവാംശം നഷ്ടപ്പെടുകയും ഇരുമ്പിന്റെയും അലുമീനിയത്തിന്റെയും സംയുക്തങ്ങള്‍ അധികരിക്കുകയും കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ നിര്‍ഗമന ജലത്തോടൊപ്പം നഷ്ടപ്പെടുകയും മണ്ണിലെ അംമ്ലത അധികരിക്കുകയും ചെയ്യുന്നു. (ചിത്രത്തില്‍ കാണുന്നത് മലപ്പുറം ജില്ലയില്‍ അങ്ങാടിപ്പുറത്ത് ബുക്കാനന്റെ പേരില്‍ നിര്‍മ്മിച്ചിട്ടുള്ള സ്മാരക സ്തൂപമാണ്)
കേരളത്തിലെ വിവിധ മണ്ണിനങ്ങളെപ്പറ്റി ശാസ്ത്രീയമായി പഠനം നടത്തുവാനും അവയുടെ വര്‍ഗീകരണം നടത്തുവാനും ഉദ്ദേശിച്ചുകൊണ്ട് ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയുടെയും നെതര്‍ലാന്‍ഡ് ലെ അന്തര്‍ദേശീയ മണ്ണുഗവേഷണ കേന്ദ്രത്തിന്റെയും സഹകരണത്തോടെ കേരള കാര്‍ഷിക സര്‍വ്വകലാശാല സ്ഥാപിച്ച കേന്ദ്രമാണ് കേരള സോയില്‍ റഫറന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍. ഇതിന്റെ ആസ്ഥാനം വെള്ളായണി കാര്‍ഷിക കോളേജിലാണ്. ഇക്കാര്യത്തിനായി നെതര്‍ലന്‍ഡില്‍ നിന്നും പരിശീലനം നേടിയ സോയില്‍ സയന്‍സ് പ്രൊഫസറും വകുപ്പ് മേധാവിയും ആയിരുന്ന ഡോ. തോമസ് വര്‍ഗീസ് ആണ് ഇത്തരം ഒരു കേന്ദ്രത്തിനും കേരളത്തിലെ മണ്ണിനങ്ങളുടെ മ്യൂസിയത്തിനും രൂപകല്പന ചെയ്തത്.
ഡോ. തോമസ് വര്‍ഗീസ് 1999 മേയ് 11 ന് 39 വര്‍ഷത്തെ സേവനത്തിന് ശേഷം കേരള കാര്‍ഷിക സര്‍വ്വകലാശാല വെള്ളായണി ക്യാമ്പസില്‍ നിന്നും റിട്ടയര്‍ ചെയ്തു. സോയില്‍ സയന്‍സ് ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ കെമിസ്ട്രി പ്രൊഫസറും വകുപ്പ് മേധാവിയും ആയിട്ടാണ് അദ്ദേഹം റിട്ടയര്‍ ചെയ്തത്. നിരവധി ഗവേഷണ പ്രബന്ധങ്ങളുടെയും ശാസ്ത്ര ലേഖനങ്ങളുടെയും രചയിതാവായ ഇദ്ദേഹത്തിന് കേരളത്തിലെ അറിയപ്പെടുന്ന പരിസ്ഥിതി ശാസ്ത്രജ്ഞന്‍ കൂടിയാണ്. 1992 ല്‍ ഇദ്ദേഹത്തിന്റെ പരിസ്ഥിതി മേഖലകളിലെ സംഭാവനകളെ മുന്‍നിറുത്തി "പരിസ്ഥിതി മിത്ര" അവാര്‍ഡ് ലഭിക്കുകയുണ്ടായി. കേരളത്തിലെ കുട്ടനാട്ടിലെ പാടശേഖരങ്ങള്‍, എറണാകുളം ജില്ലയിലെ പൊക്കാളി നിലങ്ങള്‍, കണ്ണൂരിലെ കൈപ്പാട് നിലങ്ങള്‍, മധ്യമേഖലയിലെ വെട്ടുകല്‍ മണ്ണുകള്‍, ചിറ്റൂര്‍ പ്രദേശത്തെ ക്ഷാര മണ്ണുകള്‍, വയനാട് ഇടുക്കി ആര്യങ്കാവ് അഗസ്യവനം തുടങ്ങിയ മേഖലകളിലെ വനമണ്ണുകള്‍ എന്നിവയെപ്പറ്റി ആധികാരികമായ പഠനങ്ങള്‍ നടത്തുകയും ദേശീയ അന്തര്‍ദ്ദേശീയ പ്രസിദ്ധീകരണങ്ങളില്‍ പഠന വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ ആദ്യമായി മണ്ണ് ശാസ്ത്രത്തെപ്പറ്റി മലയാളത്തിലെഴുതിയ "മൃത്തിക വിജ്ഞാനം" 1972 ല്‍ സംസ്ഥാന ഭാഷാ ഇന്‍സ്റ്റിട്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെട്ടുകല്‍ മണ്ണുകളെപ്പറ്റിയുള്ള ആധികാരിക ഗ്രന്ഥം (ലാറ്ററൈറ്റ് സോയില്‍സ്) 1982 ല്‍ കേരള ശാസ്ത്ര സാങ്കേതിത പരിസ്ഥിതി കൌണ്‍സില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇപ്പോള്‍ അദ്ദേഹം കേരള കാര്‍ഷികോത്പന്ന വിലനിയന്ത്രണ കമ്മീഷന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരുന്നു.