ബുധനാഴ്‌ച, സെപ്റ്റംബർ 05, 2012

എമെര്‍ജിംഗ് കേരള കര്‍ഷകന്റെ കാഴ്ചപ്പാടില്‍

ആദ്യം നാം പരിഗണിക്കേണ്ടത് നമുക്ക് നാളിതുവരെ എന്തൊക്കെ പാളിച്ചകള്‍ പറ്റി, അവയെ എങ്ങിനെയൊക്കെത്തിരുത്താം, എന്നിട്ടാവട്ടെ പുതിയ പദ്ധതികള്‍ കൊണ്ടുവരുന്നതിനെപ്പറ്റി പഠനം നടത്താന്‍. ചുരുക്കിപ്പറഞ്ഞാല്‍ പഠനം നടത്താതെ നടപ്പിലാക്കിയ പല പദ്ധതികളും നമുക്ക് ദോഷമെ വരുത്തിവെച്ചിട്ടുള്ളു. ഒരുദാഹരണം ഞാനിവിടെ പറയാം.

തിരുവനന്തപുരം നഗരത്തിന് കുടിവെള്ളം കരമന നദിയില്‍ അരുവിക്കരയില്‍ അണ കെട്ടി ആ ജലം വെള്ളയമ്പലത്തെത്തിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്തിരുന്നു. ഡാം വരെ ഒഴുകിയെത്തിയിരുന്ന ജലം മണ്ണിലെ ബാക്ടീരിയകളാല്‍ ശുദ്ധീകരിക്കപ്പെട്ടിരുന്നു എന്നുവേണം മനസിലാക്കാന്‍. റോഡുകളില്‍ പൊതു ടാപ്പുകളിലൂടെ സൌജന്യമായി കുടിവെള്ളം ലഭ്യമാക്കിയിരുന്നു. ഈ നാടിനെ രക്ഷിക്കാന്‍ കുപ്പിവെള്ള കച്ചവടം പ്രോത്സാഹിപ്പിക്കരുതായിരുന്നു. ഇന്നത്തെ അവസ്ഥയെക്കുറിച്ചാണെങ്കില്‍ പറയാന്‍ ഒത്തിരി ഉണ്ട്. വിളപ്പില്‍ശാല മാലിന്യ സംസ്കരണ പ്ലാന്റില്‍ നിന്ന് കരമനയാറ്റില്‍ ഒലിച്ചിറങ്ങുന്ന മലിനജലം (ജൈവേതര മാലിന്യങ്ങള്‍) മത്സ്യങ്ങളെ കൊന്നുകൊണ്ട് താഴേയ്ക്കൊഴുകുന്നു. ജനസംഖ്യാനുപാതികമായി ഡ്രയിനേജ് സിസ്റ്റം മെച്ചപ്പെടുത്താന്‍ കഴിയാത്തതിനാല്‍ ധാരാളം കക്കൂസ് വിസര്‍ജ്യം കിള്ളിയാറ്റിലും കരമനയാറ്റിലും എത്തിച്ചേരുന്നു. ഇവയെല്ലാം കൂടി താഴേയ്ക്ക് ഒഴുകുമ്പോള്‍ തിരുവല്ലത്തെ പിതൃക്കള്‍ക്ക് നിത്യശാന്തിക്കായി ബലിതര്‍പ്പണം നടത്തി മുങ്ങിഉയരുന്ന നദിയിലെ കറുത്ത ജലം എന്താണെന്ന് നാം മനസിലാക്കുന്നില്ല. ജല മലിനീകരണം പാപമാണ്. ഈ ജലം പല പമ്പുകളുപയോഗിച്ച് വീടുകളില്‍ കുടിവെള്ളമായെത്തുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഏറെയാണ്. സമരം ചെയ്ത വിളപ്പില്‍ശാലക്കാരെ പ.റ്റി.പി നഗറിലെ വി.ഐ.പികള്‍ പ്രശംസിക്കണം ഒരല്പം മാലിന്യം ഒഴിവായിക്കിട്ടിയതില്‍. ഒരുകാലത്ത് പാര്‍വ്വതി പുത്തനാറിലൂടെ ഒഴുകിയിരുന്നത് ശുദ്ധ ജലമായിരുന്നു. മോടി പിടിപ്പിക്കലിന്റെ ഭാഗമായി ഇരുവശവും കോണ്‍ക്രീറ്റ് ചെയ്ത് കല്ലുകെട്ടിയപ്പോള്‍ ജൈവേതരമാലിന്യങ്ങള്‍ക്കൊപ്പം ഇന്ന് ആ ജലവും മലിനപ്പെട്ടുകഴിഞ്ഞു. ജൈവമാലിന്യങ്ങളെ വലിച്ചെടുത്ത് ഫലം നല്‍കിയിരുന്ന തെങ്ങുകള്‍ ഇരു കരകളിലും ഉണ്ടായിരുന്നു. അപ്രകാരം ജലവും ശുദ്ധീകരിക്കപ്പെട്ടിരുന്നു.

ചാല, പാളയം മാര്‍ക്കറ്റുകളിലെയും റോഡ് തൂത്തു വാരുന്ന ചപ്പുചവറുകളുടെയും ലേഡുകള്‍ വലിയതുറ സീവേജ് ഫാമിലെത്തിച്ച് കമ്പോസ്റ്റുണ്ടാക്കി വിറ്റിരുന്നു. ഡ്രയിനേജ് സൌകര്യമില്ലാതിരുന്ന സ്ഥലങ്ങളില്‍ നിന്ന് തൊഴിലാളികളുടെ സഹായത്താല്‍ വിസര്‍ജ്യം കാളവണ്ടികളില്‍ സീവേജ്ഫാമില്‍ എത്തിച്ചിരുന്നു. മരച്ചീനികൃഷിക്കായി പച്ചയായ വിസര്‍ജ്യം കാളവണ്ടികളില്‍ കഗൃഷിയിടങ്ങളിലും എത്തിച്ചിരുന്നു. അന്ന് തിരുവനന്തപുരം നഗരത്തിന് ഇന്ത്യയില്‍ ശുചിത്വത്തിന് ഒന്നാം സ്ഥാനവുമുണ്ടായിരുന്നു. വിമാനത്താവളവികസനം ചപ്പുചവറുകളെ വിളപ്പില്‍ശാലയിലെത്തിച്ചു ജൈവേതരമാലിന്യ കൂമ്പാരത്തോടെ. വലിയതുറയുടെ അവസ്ഥ പരിതാപകരമായി മാറി. ജൈവമാലിന്യങ്ങള്‍ മാത്രമായിരുന്നുവെങ്കില്‍ വലിയതുറ സീവേജ് ഫാമിലെ വിസര്‍ജ്യത്തെ കട്ടിരൂപത്തിലാക്കി കൂട്ടിക്കലര്‍ത്തി വിളപ്പില്‍ശാലയില്‍ മെച്ചപ്പെട്ട കമ്പോസ്റ്റ് ലാഭകരമായി നിര്‍മ്മിക്കാമായിരുന്നു പരിസ്ഥിതി മലിനപ്പെടുത്താതെ. നഗരവാസികള്‍ വലിച്ചെറിയുന്ന ജൈവേതരമാലിന്യങ്ങള്‍ക്കൊപ്പം ജൈവമാലിന്യവും പാഴാവുന്നു. ജൈവേതരമാലിന്യങ്ങള്‍ സംഭരിക്കാനൊരു സംവിധാനമാണ് കണ്ടെത്തേണ്ടിയിരുന്നത്. ആദ്യം വേണ്ടത് ഇത്തരം തിരുത്തേണ്ട വിഷയങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള വികസനമാണ്. പൊതുജന പങ്കാളിത്തം ഇക്കാര്യത്തില്‍ ഉറപ്പാക്കാന്‍ കഴിയുമെന്നിരിക്കെ അത് പരിഗണിക്കാതെ എന്ത് വികസനം?

ഉറവിടത്തില്‍ത്തന്നെ മാലിന്യ സംസ്കരണം നടത്തി വികേന്ദ്രീകൃത സംവിധാനത്തിലൂടെ ഒരു നാടിനെ രക്ഷിക്കാം. കമ്പോസ്റ്റ് ഉപയോഗിച്ച് ഗ്രീന്‍ കേരളയെ ഗ്രീനായി നിലനിറുത്താം. ഇല്ലെങ്കില്‍ ഇറാക്കിന്റെ അവസ്ഥ നമുക്കും വിദൂരത്തിലല്ല എന്നതാണ് സത്യം. പരിസര ശുചീകരണത്തിലൂടെ മണ്ണില്‍ ആഴ്ന്നിറങ്ങുന്ന ഓരോ തുള്ളി ജലവും കുടിക്കാന്‍ യോഗ്യമാക്കാം.

നാളിതുവരെ മാറി മാറി കേരളം ഭരിച്ചവര്‍ പ്രകൃതിയെ മറന്നു. പഞ്ചഭൂതങ്ങളെ നശിപ്പിക്കുവാനുതകുന്ന പലതരം വികസനങ്ങള്‍ പ്രാവര്‍ത്തികമാക്കി. ഇരുപത്തിഒന്‍പത് വര്‍ഷങ്ങള്‍ കൊണ്ട് ശമ്പളവും പെന്‍ഷനും ഇരുപത്തിയഞ്ചിരട്ടിയായി. കൈക്കൂലി നില്‍കാതെ സാധാരണക്കാരന് മിക്കവാറും ഓഫീസുകളില്‍നിന്നും നീതി ലഭിക്കാത്ത അവസ്ഥ. അന്നും ഇന്നും ഏറെ ശത്രുത കര്‍ഷകരോട് തന്നെ. നെല്‍പ്പാടങ്ങള്‍ നികരുവാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ആരും ശബ്ദിക്കുന്നില്ല. ഒരുകാലത്ത് സമ്പന്നമായിരുന്ന നെല്‍പ്പാടങ്ങള്‍ കര്‍ഷകന് നല്‍കിയിരുന്നത് നല്ലൊരു ലാഭമായിരുന്നു. വിവാഹ കമ്പോളത്തില്‍ നെല്‍ക്കര്‍ഷകന് നല്ല ഡിമാന്റായിരുന്നു. ഇന്ന് നെല്‍കൃഷി മാറ്റി മറ്റ് മാര്‍ഗങ്ങള്‍ തേടുന്ന കര്‍ഷകരെ നിയമം മൂലം തടയിടുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന എസ്സെന്‍ഷ്യല്‍ കമോഡിറ്റീസിന്റെ വര്‍ദ്ധനവിനാനുപാതികമായി കാര്‍ഷികോത്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിക്കുന്നില്ല എന്ന് ആരും പറയില്ല. അത്തരം ഒരു വര്‍ദ്ധന നെല്‍ക്കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നെങ്കില്‍ ഒരു നെല്‍പ്പാടവും നികരില്ലായിരുന്നു. കാര്‍ഷികോത്പന്ന വില കൂടി എന്ന് പറഞ്ഞ് കര്‍കരെക്കൊണ്ടുപോലും സമരം ചെയ്യിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ കര്‍ഷകര്‍ക്ക് കൃഷിയില്‍ നിന്നും ന്യായമായ വരുമാനം ലഭിച്ചാല്‍ മാത്രമെ അവര്‍ക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂ. അവരും ടിവിയും ഫ്രിഡ്ജും, ബൈക്കും, കമ്പ്യൂട്ടറും ഉപയോഗിക്കാന്‍ പാടില്ലെന്നാണോ? ഇനി ഭക്ഷ്യവിളകളെ ഇല്ലായ്മചെയ്ത് റബ്ബര്‍കൃഷിയിലേയ്ക്ക് മാറിയ കര്‍ഷകരെ ശത്രുവായി കാണാം. ഭൂ പരിഷ്കരണം ഭക്ഷ്യവിളകള്‍ക്ക് വിസ്തൃതിയില്‍ നിയന്ത്രണം കൊണ്ടുവന്നപ്പോള്‍ തോട്ടങ്ങളെ ഒഴിവാക്കി. അത്തരം തോട്ടങ്ങള്‍ ഏറിയ പങ്കും സര്‍ക്കാര്‍ വനഭൂമിയാണെന്നാണ് എന്റെ അറിവ്.
റബ്ബറിന്റെ വില വര്‍ഷങ്ങളോളം ഉയര്‍ന്നിരിക്കുകയും കര്‍ഷകര്‍ സ്വമേധയാ മറ്റുവിളകളെ മാറ്റി റബ്ബര്‍കൃഷിയിലേയ്ക്ക് തിരിയുകയും ചെയ്തപ്പോള്‍ ഇതിനെ നിയന്ത്രിക്കുന്ന റബ്ബര്‍ ബോര്‍ഡ് എന്താണ് ചെയ്തത്? മാധ്യമങ്ങളിലൂടെ കള്ളക്കണക്കുകള്‍ പ്രചരിപ്പിച്ചു.  തെളിവ് ഇതാണ്. [ https://sites.google.com/a/keralafarmeronline.com/missing/ml ] റബ്ബറിന് ഉയര്‍ന്ന വില ലഭിക്കുന്നതുകാരണം ആവര്‍ത്തനകൃഷിയില്‍ കുറവുണ്ടായി എന്ന് കള്ളം പറഞ്ഞു. ഇനി നമുക്ക് കാണാന്‍ കഴിയുക റബ്ബറിന്റെ വിലയിടിവും ടാപ്പ് ചെയ്യാത്ത തോട്ടങ്ങളുമാണ്. ദീര്‍ഘവീക്ഷണമില്ലാതെ മറ്റ് ഭക്ഷ്യവിളകളുടെ വിലയിടിച്ച് റബ്ബര്‍വില ഉയര്‍ത്തി കേരള ജനതയെ വഞ്ചിച്ചു. ഇന്ന് കാര്‍ഷികോത്പന്നങ്ങള്‍ക്ക് വില കൂടിപ്പോയി എന്നു പറയുന്നവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വാങ്ങുന്ന ശമ്പളത്തിന് ആനുപാതികമായി വര്‍ദ്ധനവുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. ശമ്പളത്തന് ആനുപാതികമായി തൊഴിലാളിവേതനവും വര്‍ദ്ധിച്ചു. കര്‍ഷക തൊഴിലാളികളുടെ തൊഴിലവസരങ്ങളും നഷ്ടമായി. ഇതിനെല്ലാറ്റിനും ഒരേ ഒരു പരിഹാരം പഞ്ചഭൂതങ്ങളെ തിരിച്ചറിഞ്ഞ് പരിസ്ഥിതി മലിനീകരണം ഒഴിവാക്കണം. പക്ഷിമൃഗാദികളും, സസ്യലതാദികളും കുറയുമ്പോള്‍ വര്‍ദ്ധിക്കുന്ന മനുഷ്യര്‍ പ്രതിദിനം ഭക്ഷിക്കുന്ന 1250 ഗ്രാം ഭക്ഷണം മലമൂത്ര വിസര്‍ജ്യമായി ജൈവ പുന ചംക്രമണത്തിനായി മണ്ണിന് നല്‍കണം.  ഇല്ലെങ്കില്‍ ഇപ്പോള്‍ത്തന്നെ മലിനീമസമായ നമ്മുടെ ജല സ്രോതസിലെ ജലം കുടിക്കുവാന്‍ യോഗ്യമായിരിക്കില്ല. കോളിഫാം ബാക്ടീരിയയ്ക്ക് ഈര്‍പ്പത്തില്‍ പെറ്റ് പെരുകുവാനുള്ള ശേഷിയുണ്ട്. അതിനാല്‍ ഓരോ മനുഷ്യനും അവര്‍ ഉത്പാദിപ്പിക്കുന്ന ജൈവ മാലിന്യങ്ങള്‍ സംസ്കരിച്ച് വിസര്‍ജ്യം ഉള്‍പ്പെടെ കമ്പോസ്റ്റാക്കി ടെറസ്, യാര്‍ഡ്, തോട്ട കൃഷികള്‍ മെച്ചപ്പെടുത്താം. ആരോഗ്യ ദായകമായ ഭക്ഷണം കഴിക്കാം. മിച്ചം വരുന്നവ ഉയര്‍ന്ന വിലയ്ക് മറ്റുള്ളവര്‍ക്ക് നല്‍കാം.

നാളികേരകര്‍ഷകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഏറെയാണ്. ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത രോഗങ്ങള്‍ പടരുകയും തെങ്ങുകയറ്റക്കാരുടെ അഭാവവും ഉയര്‍ന്ന കൂലിയും അതിമൊരു നഷ്ടകൃഷിയാക്കി മാറ്റി. ഒരു കാലത്ത് പാംഓയിലിനേക്കാള്‍ ഇരട്ടിയില്‍ക്കൂടുതല്‍ വിലയുണ്ടായിരുന്ന വെളിച്ചെണ്ണ പല അവസരങ്ങളിലും പാംഓയിലിനേക്കാള്‍ താഴെയായ അവസ്ഥയാണു് ഉണ്ടായിട്ടുള്ളത്.


നമ്മുടെ വീടും പരിസരവും ശുചിത്വമുള്ളതാക്കുവാന്‍ കളനാശിനികളും കീടനാശിനികളും മറ്റും ഉപയോഗിക്കാതിരിക്കുക. സസ്യഭുക്കുകളായ കീടങ്ങളെ ഭക്ഷിക്കുവാന്‍ കഴിവുള്ള മാംസഭുക്കുകളായ മിത്രകീടങ്ങളെ നശിപ്പിക്കാതിരിക്കുക. മണ്ണിരകള്‍ മണ്ണില്‍ ലഭ്യമാകണമെങ്കില്‍ അതിന് നാം വഴിയൊരുക്കണം. സോപ്പു കലര്‍ന്ന കുളിമുറിയിലെ ജലം ഒഴിവാക്കി കക്കൂസ് വിസര്‍ജ്യവും കൂടി ഉള്‍പ്പെടുത്തി ബയോഗ്യാസ് പ്ലാന്റുകള്‍ നിര്‍മ്മിച്ച് അതിലൂടെ ലഭിക്കുന്ന സ്ലറിയെ കട്ടിരൂപത്തിലാക്കി തുമ്പൂര്‍മൂഴി മോഡല്‍ എയറോബിക് ടെക്നിക്സിലൂടെ [ http://entegraamam.blogspot.in/2012/05/costeffective-aerobic-composting.html ] കമ്പോസ്റ്റാക്കി മാറ്റാം. അതിലൂടെ കോളിഫാം ബാക്ടീരിയ നിര്‍വ്വീര്യമാക്കാം, മീഥൈന്‍ വാകതം കത്തിച്ച് പാചക വാതകം, വൈദ്യതി ഉത്പാദനം, വാഹനം ഓടിക്കാനുള്ള ഇന്ധനം എന്നിവയായി മാറ്റാം. കിണറുകള്‍ കുഴിച്ച് ആ ജലം കുടിക്കുവാന്‍ യോഗ്യമാണെന്ന് ഉറപ്പു വരുത്തുകയും താഴ്ച കുറഞ്ഞ മറ്റൊരു കിണറ്റില്‍ താഴെയറ്റത്ത് കരി, മണല്‍ മുതലായവ ഇട്ട് മഴവെള്ളം സംഭരിച്ചാല്‍ കിണറ്റിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന ജലം ബാക്ടീരിയകളുടെ സഹായത്താല്‍ പ്യൂരിഫൈ ചെയ്യപ്പെടും. ഇതിലൂടെ ജലവിതരണത്തിനായി റോഡുകള്‍ കുളം തോണ്ടുന്നത് അവസാനിപ്പിക്കാം, ജലം പമ്പുചെയ്യുന്ന വൈദ്യുതിയുടെ അമിത ഉപയോഗം കുറയ്കാകം, ആരോഗ്യ ദായകമായ വെള്ളം ലഭ്യമാക്കാം മുതലായവ വലിയ നേട്ടങ്ങള്‍ തന്നെയാണ്.
Related Sites: Emerging Kerala | KELIKOTTU | പടവന്റെ പുറപ്പാട് | തിരയും ചുഴിയും | കേരള ശാസ്ത്ര.... | People's Forum... | FB Notes |