തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഔദ്യോഗിക വസതിയില്‍ അര്‍ധരാത്രി ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയയാളെ ഒടുവില്‍പൊലീസ് കണ്ടെത്തി. വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ (വിഒഐപി) സംവിധാനത്തിലൂടെ ഭീഷണി നടത്തുന്ന കേസുകളില്‍ ഇതാദ്യമായാണു കേരള പൊലീസ് ഫോണ്‍ വിളിയുടെ ഉദ്ഭവം കണ്ടെത്തുന്നത്.
എന്നാല്‍ പ്രതിയായ കാസര്‍കോട് സ്വദേശി പി.വി. ഇബ്രാഹിം ഷാര്‍ജയിലായതിനാല്‍ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ 30നു രാത്രി 12.57നാണു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൌസില്‍ ഭീഷണി സന്ദേശമെത്തിയത്. കാസര്‍കോട് ജില്ലയില്‍ ഒളിച്ചോടിപ്പോയ ഒരു പെണ്‍കുട്ടിയെ കണ്ടെത്തിയില്ലെങ്കില്‍ കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പത്തു ദിവസത്തിനകം കത്തിക്കുമെന്നായിരുന്നു ഭീഷണി.
ഉടന്‍ തന്നെ മ്യൂസിയം പൊലീസ് വിഷയം പൊലീസ് ആസ്ഥാനത്തെ ഹൈടെക്ക് സൈബര്‍ സെല്ലിനു കൈമാറി. മുഖ്യമന്ത്രിയുടെ വീട്ടിലെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇങ്ങോട്ടു വരുന്ന വിളിയുടെ വിശദാംശം ലഭ്യമല്ലെന്ന മറുപടിയാണു ബിഎസ്എന്‍എല്‍ അധികൃതര്‍ നല്‍കിയത്. തുടര്‍ന്നു വിഒഐപി സര്‍വീസ് പ്രൊവൈഡറുമായി ഹൈടെക്ക് സെല്‍ അധികൃതര്‍ ബന്ധപ്പെട്ടു. ടര്‍ക്കിയിലെ ഒരു കോഡാണ് ആദ്യം അവര്‍ നല്‍കിയത്. പിന്നീടു നടത്തിയ വിശദ അന്വേഷണത്തില്‍ ഷാര്‍ജയിലെ ഒരു കംപ്യൂട്ടറില്‍ നിന്നാണു ഫോണ്‍ വിളിച്ചതെന്നു തെളിഞ്ഞു.
കാസര്‍കോട് ചെങ്ങള പഞ്ചായത്തിലെ പിവി ഹൌസിലെ
നേരത്തെ മന്ത്രി ജി. സുധാകരനെയും മന്ത്രി ടി.എം. തോമസ് ഐസക്കിന്റെ സ്റ്റാഫിനെയും ഇത്തരത്തില്‍ വിഒഐപി സംവിധാനത്തിലൂടെ വിളിച്ചു ഭീഷണിപ്പെടുത്തിയ കേസുകള്‍ ഇതുവരെയും കേരള പൊലീസ് തെളിയിച്ചിട്ടില്ല. എന്നാല്‍ ഈ കേസില്‍ ഇത്രയും പുരോഗമനം ഉണ്ടായതോടെ പഴയ കേസും പൊടിതട്ടിയെടുക്കാമെന്ന വിശ്വാസമാണു പൊലീസിന്. ഇബ്രാഹിമിനെ പ്രതിയാക്കിയുള്ള റിപ്പോര്‍ട്ട് തിങ്കളാഴ്ച കോടതിയില്‍ നല്‍കുമെന്നു മ്യൂസിയം എസ്ഐ: ആര്‍. പ്രശാന്ത് പറഞ്ഞു. തുടര്‍ന്ന് എംബസിയുടെ സഹായത്തോടെ പ്രതിയെ നാട്ടിലേക്കു കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കടപ്പാട് - മനോരമ