ഉണങ്ങിയ തെങ്ങോലകള്‍ പശുവിന്നാഹാരം
കുറെ നാളുകള്‍ക്ക് മുമ്പ് തെങ്ങോലകള്‍ കൊണ്ട് മേഞ്ഞ മേല്‍ക്കൂരകള്‍ ഉള്ള സാധാരണക്കാരുടെ ഭവനങ്ങലായിരുന്നു കേരളത്തില്‍ ധാരാളമുണ്ടായിരുന്നത്. ഇരുപത് വര്‍ഷം മുമ്പ് ഒരു തെങ്ങോല ഒന്നര രൂപവരെ വില ലഭിക്കുമായിരുന്നു. ഓലകള്‍ മുടയുവാനും ഉണക്കി അടുക്കി വെച്ച് ഇടവപ്പാതി മഴയ്ക്ക് മുന്നെ കൂര മേയുവാനും വലിയ ചെലവും ഉണ്ടായിരുന്നില്ല. ഇന്ന് കാലം മാറി ഓല വെറുതെ കിട്ടിയാലും മെടയുവാനും കൂര മേയുവാനും ഭാരിച്ച ചെലവ് മാത്രമല്ല ഇപ്പോള്‍ ലഭിക്കുന്ന ഓലകള്‍ ആറ് മാസം പോലും കേടാകാതിരിക്കയും ഇല്ല. പലര്‍ക്കും ഇന്ന് തെങ്ങില്‍ നിന്ന് താനെ പൊഴിഞ്ഞുവീഴുന്ന തെങ്ങോലകള്‍ ഒരു ഭാരമായി മാറിയിരിക്കുന്നു. കേരളത്തിലെ നെല്‍പ്പാടങ്ങള്‍ കരയായി മാറിയപ്പോഴും പശുക്കള്‍ക്ക് വയ്ക്കോല്‍ തമിഴ്‌നാട്ടില്‍ നിന്ന് ലോറികള്‍ നിറച്ച് വരുമായിരുന്നു. ഇപ്പോള്‍ അത്തരം ലോറികള്‍ പോലും കാണാനില്ല.
എന്നാല്‍ കര്‍ഷകരെ സംബന്ധിച്ചിടത്തോളം പശുവളര്‍ത്തലും ചാണകത്തിന്റെ ലഭ്യതയും ഒരു അനിവാര്യ ഘടകം ആണ്. പല ക്ഷീര കര്‍ഷകരും വേനലില്‍ പച്ച തെങ്ങോലയുടെ ഈര്‍ക്കില്‍ നീക്കിയശേഷം ആഹാരമായി കൊടുക്കാറുണ്ട്. എന്നാല്‍ വര്‍ഷങ്ങളായി വേനല്‍ക്കാലത്ത് എന്റെ പശുക്കള്‍ക്ക് തീറ്റയായി മടലോടുകൂടി പൂര്‍ണ്ണരൂപത്തില്‍ അവയ്ക്ക നല്‍കുന്നു എന്നുമാത്രമല്ല ഘനം കൂടിയ മടലൊഴികെ മറ്റെല്ലാം പശുക്കള്‍ തിന്നുകയും ചെയ്യുന്നു. നാരും നരമ്പും അടങ്ങിയ തെങ്ങോലകള്‍ പോഷകഗുണം കൂടുതലുള്ള ആഹാരവും ആണ്. മണ്ണില്‍ അലിഞ്ഞുചേരുവാന്‍ പ്രയാസമുള്ള ലിഗ്നിന്‍ അടങ്ങിയ തെങ്ങോല മണിക്കൂറുകള്‍ കൊണ്ട് ചാണകമാകുകയും ചാണകത്തില്‍ നിന്ന ബയോഗ്യാസ് ലഭ്യമാക്കിയ ശേഷം പോഷകമൂല്യമുള്ള സ്ലറിയായി മണ്ണിന് വളമായി മാറുന്നു.
ഇപ്രകാരം ഒരു സാഹസത്തിന് എന്നെ പ്രേരിപ്പിച്ച ഒരു സംഭവം ഇവിടെ രേഖപ്പെടുത്തുന്നു. വേനലിലെ മിക്കവാറും അവസരങ്ങളില്‍ പശുക്കള്‍ക്ക് വയറ് നിറച്ച് ആഹാരം ലഭിക്കാറില്ലായിരുന്നു. എന്റെ തൊഴുത്തിന്റെ മേല്‍ക്കൂര അന്ന് ഓല മേഞ്ഞതും ആയിരുന്നു. രാത്രികാലങ്ങളില്‍ പലപ്പോഴും ഏതെങ്കിലുമൊരു പശു കെട്ടിയിരിക്കുന്ന കയറും പോട്ടിച്ചുകൊണ്ട് വീട്ടുമുറ്റത്ത് നില്‍ക്കുന്ന വാഴ ചെമ്പരത്തി മദിരാസിക്കീര മുതലായവ തിന്നുകയും പലപ്പോഴും തൊഴുത്തിന്റെ മേല്‍ക്കൂരതന്നെ നല്ലൊരുഭാഗം തിന്നു തീര്‍ക്കുകയും പതിവായിരുന്നു. മഴയില്‍ ചോര്‍ന്നൊലിക്കുന്ന തൊഴുത്ത് മറ്റൊരു പ്രശ്നം. മെടഞ്ഞെടുത്ത പഴക്കം ചെന്ന ഓലകള്‍ തിന്നാമെങ്കില്‍ എന്തുകൊണ്ട് ഉണക്ക ഓല കൊടുത്തുകൂട എന്ന തോന്നലാണ് ഇത്തരത്തിലൊരു സാഹസത്തിന് എന്നെ പ്രേരിപ്പിച്ചത്. അത് ഇപ്പോള്‍ എനിക്കൊരനുഗ്രഹം കൂടിയായി. ഉണക്ക ഓലകള്‍ എനിക്കൊരു ഭാരമേ അല്ല. മിച്ചം വരുന്ന മടലുകള്‍ ഒന്നിന് 40 പൈസ നിരക്കില്‍ വാങ്ങുവാനും ആളുണ്ട്. തദവസരത്തില്‍ ഞാനിപ്രകാരം ഉണങ്ങിയ ഓലകള്‍ കൊടുക്കുന്നതിനെക്കറിച്ച് ശ്രീ ദേവിന്ദര്‍ ശര്‍മ്മയ്ക്കും മെയിലയച്ചിരുന്നു. ഉത്തരേന്ത്യക്കാരനായ അദ്ദേഹം അതിനെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.