ബുധനാഴ്‌ച, ഒക്‌ടോബർ 24, 2012

നഗരവും ഗ്രാമവും മാലിന്യമുക്തമാക്കാം


നമ്മുടെ വീടുകളിലുണ്ടാകുന്ന മാലിന്യങ്ങള്‍ പ്രധാനമായും രണ്ടു തരമാണല്ലോ. അവയുടെ വിനിയോഗത്തിലും രണ്ടുതരം സമീപനമാണ് ആവശ്യമായി വരുന്നത്. ജൈവമാലിന്യം കൂടുന്തോറും അവ റീ-സൈക്ലിങ്ങിലൂടെ നമ്മുടെ ടെറസിലും പറമ്പിലും പച്ചക്കറികളും ഫലവര്‍ഗങ്ങളും തെങ്ങും മറ്റും  കൃഷിചെയ്യുകയാണെങ്കില്‍ അവയ്ക്ക് വളമായി ഉപയോഗിക്കാം. അജൈവ മാലിന്യങ്ങള്‍ പലതരത്തിലുണ്ട്. അവയെ ജൈവമാലിന്യങ്ങള്‍ക്കൊപ്പം കൂട്ടിച്ചേര്‍ക്കുവാന്‍ പാടില്ല. കഴിവതും അജൈവ മാലിന്യങ്ങള്‍ ഉണ്ടാകാത്ത രീതിയില്‍ ഉപയോഗം നിയന്ത്രിക്കുകയാണ് വേണ്ടത്. വീടുകളില്‍ത്തന്നെ അവയെ തരം തിരിച്ച് സംഭരിച്ചാല്‍ പുനരുപയോഗത്തിനോ റീ-സൈക്ലിങ്ങിന് എത്തിക്കുവാനോ കഴിയും. നഗരങ്ങളില്‍ അറവുശാലകളില്‍ നിന്നും, കോഴിയിറച്ചി വില്‍ക്കുന്ന ഷോപ്പുകളില്‍ നിന്നും, മത്സ്യ മാര്‍ക്കറ്റുകളില്‍ നിന്നും മറ്റും ഉണ്ടാകുന്ന മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്കരിച്ചെടുത്താല്‍ വളരെ ഗുണമുള്ള ജൈവവളമായി മാറ്റാം.
 ചിത്രങ്ങള്‍ക്ക് കടപ്പാട് - ഡോ. ഫ്രാന്‍സിസ് സേവ്യര്‍. ഇപ്രകാരം എയറോബിക് കമ്പോസ്റ്റ് രീതിയില്‍ ഈര്‍പ്പരഹിതമായും ദുര്‍ഗന്ധമില്ലാതെയും മൂന്നുമാസം കൊണ്ട് ചാക്കുകളില്‍ നിറയ്ക്കുവാന്‍ കഴിയുന്ന രീതിയില്‍ കമ്പോസ്റ്റ് നിര്‍മ്മിക്കാം. വീട്ടുമുറ്റത്ത് ഇപ്രകാരം ഒരു പ്ലാന്റ് നിര്‍മ്മിക്കുവാന്‍ സിമന്റിട്ടതറയില്‍ ഹോളോബ്രിക്സോ ഹോളോ ഇല്ലാത്ത ബ്രിക്സോ ഇടയില്‍ വിടവിട്ട് ദീര്‍ഘചതുരാകൃതിയില്‍ ഭിത്തി നിര്‍മ്മിക്കാം. നാലടിയില്‍ കൂടുതല്‍ വീതി പാടില്ല. നീളം കൂട്ടുവാന്‍ കഴിയും.  മാലിന്യത്തിന്റെ അളവ് കൂടുന്നതിനനുസരിച്ച് ഉയരം വര്‍ദ്ധിപ്പിക്കാം. മഴ നനയാതിരിക്കുവാന്‍ മേല്‍ക്കൂര അനിവാര്യമാണ്. ഇതില്‍ താഴെയറ്റത്ത് ആറിഞ്ച് കനത്തില്‍ ചാണകമോ ബയോഗ്യാസ് സ്ലറി ഈര്‍പ്പം കുറഞ്ഞതോ ഉപയോഗിക്കാം. അതിന് മുകളില്‍ ഏതുതരം ജൈവ മാലിന്യങ്ങളും ആറിഞ്ച് കനത്തില്‍ നിക്ഷേപിക്കുകയും അതിന് മുകളില്‍ മൃഗാവശിഷ്ടങ്ങളും മറ്റും നിക്ഷേപിക്കുകയും ചെയ്യാം. വീണ്ടും മുകളില്‍ ആറിഞ്ച് കനത്തില്‍ ചാണകമോ ഈര്‍പ്പം കുറഞ്ഞ സ്ലറിയോ കൊണ്ട് മൂടണം. ഇത് അത്തരത്തിലൊരു പ്ലാന്റ് ആവശ്യത്തിന് നിറയുന്നതുവരെ തുടരാം.

സ്ഥലപരിമിതി പ്രശ്നം വലിയൊരളവുവരെ ശുചിത്വത്തിന് മുന്‍തൂക്കം കൊടുക്കേണ്ട വിഷയമാണ്. അസുഖങ്ങള്‍ വന്ന് മരിക്കുന്ന ആടുമാടുകളെ എയറോബിക് കമ്പോസ്റ്റ് പ്ലാന്റിലൂടെ മൂന്നുമാസം കൊണ്ട് രോഗാണുമുക്തമായും ദുര്‍ഗന്ധമില്ലാതെയും കമ്പോസ്റ്റായി മാറ്റാം. അതിനും ചെയ്യേണ്ടത് മേല്‍പ്പറഞ്ഞ രീതിയിലുള്ള എയറോബിക് കമ്പോസ്റ്റിങ്ങ് രീതി തന്നെയാണ്. എയറോബിക് കമ്പോസ്റ്റ് രീതിയെക്കുറിച്ച് തൃശൂര്‍ വെറ്ററനറി യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ (ഡോ) ഫ്രാന്‍സിസ് സേവ്യറുടെ നേതൃത്വത്തില്‍ പരീക്ഷണങ്ങളിലൂടെയും പഠനങ്ങളിലൂടെയും കണ്ടെത്തിയ ചെലവു കുറഞ്ഞ സംസ്കരണ രീതിയാണ് ഇത്. ഇന്നത്തെ ചുറ്റുപാടില്‍ ലേബര്‍ എന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഏറവും കുറഞ്ഞ ലേബറില്‍ സമ്പുഷ്ടമായ ജൈവവളം നിര്‍മ്മിക്കുന്നതിലൂടെ പരിസ്ഥിതി പരിപാലനത്തില്‍ വലിയൊരു സംഭാവനയാണ് നാം ചെയ്യുന്നത്. എലി മുതലായ ഷുദ്ര ജീവികളെ തടയാന്‍ ചുറ്റിനും നെറ്റ് കൊണ്ട് മറയ്ക്കാം. 70 ഡിഗ്രി താപം ഈ പ്ലാന്റില്‍ ഉണ്ടാകുന്നതിനാല്‍ അണുബാധ ഉണ്ടാകുകയില്ല. മാത്രവുമല്ല കളകളുടെ വിത്തുകള്‍ നശിക്കുകയും അവ കിളിര്‍ക്കാതാവുകയും ചെയ്യും. ചാണകത്തിലെയോ, സ്ലറിയിലേയോ അണുജീവികള്‍, നൈട്രജന്‍, ഫോസ്‌ഫറസ്, കാര്‍ബണ്‍, മറ്റ് അവശ്യ ഘടകങ്ങള്‍ എന്നിവ ഉപയോഗിച്ച് ഊര്‍ജ്ജം സമ്പാദിക്കുന്നു. കൂടുതല്‍ കാര്‍ബണ്‍ ഘടകമാണ് ആവശ്യം വരുക. കാര്‍ബണ്‍ സങ്കേതത്തെ ദ്രവിപ്പിച്ച് കാര്‍ബണ്‍ ഡൈ ഓക്സൈഡും ചൂടും ഉണ്ടാവും. കാര്‍ബണ്‍ നൈട്രജന്‍ അനുപാതം ഏറെ പ്രധാന്യ മര്‍ഹിക്കുന്നു.

ഈച്ച ശല്യം ഉണ്ടാകുന്നില്ല. ഊറല്‍ ഉണ്ടാകാത്തതിനാല്‍ ദുര്‍ഗന്ധം ഉണ്ടാകുന്നില്ല. ഉയര്‍ന്ന താപനില ഏതാണ്ട് ഒരാഴ്ചയോളം നിലനില്‍ക്കുന്നു. മാലിന്യങ്ങള്‍ ദ്രവിക്കുന്നു ഉയര്‍ന്ന താപനിലയില്‍ രോഗാണുക്കള്‍ നശിക്കുന്നു പരാദങ്ങളുടെ വളര്‍ച്ച തീര്‍ത്തും ഉണ്ടാകുന്നില്ല മുതലായവ ഇതിന്റെ നേട്ടങ്ങളാണ്.

ഒരു കാലത്ത് തെങ്ങോലകള്‍ കൊണ്ട് മെടഞ്ഞെടുത്ത് മേല്‍ക്കൂര മേഞ്ഞിരുന്ന ധാരാളം വീടുകളും സ്കൂളുകളും മറ്റും ഉണ്ടായിരുന്നു. എന്നാല്‍ വളരെക്കുറച്ചുമാത്രമേ ഇന്ന് തെങ്ങോലകള്‍  മെടയുവാനായി ഉപയോഗിക്കുന്നുള്ളു. മണ്ണിലെ മൂലകങ്ങളുടെ അഭാവം കാരണം തെങ്ങില്‍ നിന്ന് കിട്ടുന്ന ആദായവും നന്നെ കുറവാണ്. ദീര്‍ഘനാള്‍ കൃഷി ചെയ്ത വിള മണ്ണില്‍ നിന്ന് ന്യൂട്രിയന്റ് മൈനിങ്ങ് നടത്തുകയും തെങ്ങുകള്‍ക്ക് അനേകം രോഗങ്ങള്‍ ഉടലെടുക്കുകയും ചെയ്യുന്നു. പാഴായിപ്പോകുന്ന തെങ്ങോലകളെ എയറോബിക് കമ്പോസ്റ്റാക്കി മാറ്റി തെങ്ങിന് വളമായി നല്‍കാം. അതോടൊപ്പം തന്നെ വീട്ടുമുറ്റം തൂത്തുവാരുന്ന ചപ്പുചവറുകളും നീക്കം ചെയ്യുന്ന കളകളും തൊണ്ടും (ചിരട്ട ഒഴികെ തെങ്ങില്‍നിന്ന് ലഭിക്കുന്നതെല്ലാം ഉപയോഗിക്കാം) മുട്ടത്തോടും മറ്റും ഈ പ്ലാന്റില്‍ നിക്ഷേപിക്കാം. ഇതിലൂടെ ലഭിക്കുന്ന പോഷക സമ്പുഷ്ടമായ ജൈവ വളം തെങ്ങിന്‍ ചുവട്ടില്‍ നിക്ഷേപിച്ച് തെങ്ങിനെ സംരക്ഷിക്കാം. തെങ്ങിന്‍ ചുവട്ടിലെ ന്യൂട്രിയന്റ്സ് തേങ്ങയുടെയും, കരിക്കിന്റെയും, തേങ്ങ ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയുടെയും മറ്റും ഗുണനിലവാരം വര്‍ദ്ധിപ്പിക്കും.

ബയോഗ്യാസ് പ്ലാന്റുകള്‍ പലരീതിയില്‍ നിര്‍മ്മിക്കപ്പെടുന്നു. ജലത്തിലലിയുന്ന ഏത് ജൈവാവശിഷ്ടവും പ്ലാന്റില്‍ നിക്ഷേപിക്കാം. പ്രധാനമായും കക്കൂസ് വിസര്‍ജ്യം ബയോഗ്യാസ് പ്ലാന്റിലേയ്ക്ക് കടത്തിവിടുന്നതിലൂടെ ഫെര്‍മെന്റേഷന്‍ പ്രൊസസ് നടക്കുമ്പോള്‍ മെത്രോജനിക് ബാക്ടീരിയ കോളിഫാം ബാക്ടീരിയയെ നിര്‍വീര്യമാക്കുന്നു. അതിലൂടെ കുടിവെള്ളം മലിനപ്പെടുത്തുന്ന ഇ-കോളി ബാക്ടീരിയയെ നമുക്ക് ഒഴിവാക്കാം. പ്രത്യേകം ശ്രദ്ധിക്കേണ്ടത് സോപ്പുകലര്‍ന്ന കുളിമുറിയിലെ ജലം ഈ പ്ലാന്റില്‍ എത്താന്‍ പാടില്ല എന്നതാണ്. ബയോഗ്യാസ് ഉപയോഗിച്ച് ആഹാരം പാകം ചെയ്യാനും, ജനറേറ്റര്‍ പ്രവര്‍ത്തിക്കുവാനും, വാഹനം ഓടിക്കുവാനും, മാന്റില്‍ വിളക്ക്  കത്തിക്കുവാനും മറ്റും സാധിക്കുന്നു.

ചാണകത്തിന്റെ ഗന്ധം ഇഷ്ടപ്പെടാത്തവര്‍ക്കും, ചാണകം ലഭ്യമല്ലാത്തിടത്തും ചാണകത്തില്‍ നിന്ന് ലഭ്യമാക്കിയ ബാക്ടീരിയ സ്പ്രേ ചെയ്തും എയറോബിക് കമ്പോസ്റ്റ് നിര്‍മ്മിക്കാം. ചാണകത്തില്‍ നിന്ന് ലഭ്യമാക്കിയതാകയാല്‍ അതിന് ദോഷഫലങ്ങളൊട്ടുംതന്നെ ഇല്ല. നഗരങ്ങളില്‍ കുടുംബശ്രീ, ജനശ്രീ യൂണിറ്റിലെ അംഗങ്ങള്‍ക്ക് വീടുകളില്‍ നിന്ന് സംഭരിക്കുന്ന ജൈവമാലിന്യങ്ങള്‍ കൂട്ടായി ഓരോ പ്രദേശത്തും ഇപ്രകാരം എയറോബിക് കമ്പോസ്റ്റ് നിര്‍മ്മിക്കുന്നതിലൂടെ 10,000 രൂപ മൂല്യമുള്ള ജൈവവളം ലഭിക്കുന്നതാണ്. ഒരു പ്ലാന്റ് നിറഞ്ഞുകഴിഞ്ഞാല്‍ അടുത്ത മറ്റൊരു പ്ലാന്റ് ഉപയോഗിക്കാം. ഭാരിച്ച ചെലവ് ഇല്ലാത്ത ഈ പ്ലാന്റില്‍നിന്ന്  ദുര്‍ഗന്ധമില്ലാത്തതാകയാള്‍ വഴിയോരങ്ങളില്‍ സ്ഥാപിക്കാന്‍ കഴിയുകയും ചെയ്യും. ഇപ്രകാരം ലഭിക്കുന്ന ജൈവവളം വരുമാനം മാത്രമല്ല ആ പ്രദേശത്തെ വീടുകള്‍ തോറും ഈ ജൈവവളം ഉപയോഗിച്ച്  ടെറസിലും മുറ്റത്തും പച്ചക്കറികളും മറ്റും കൃഷിചെയ്യുവാനും കഴിയും. ഗ്രീന്‍ ഗാരിസണ്‍ എന്ന സംഘടന ഇതിന്റെ പരിശീലനം നല്‍കി സഹായിക്കുന്നു.

ബയോഗ്യാസ് സ്ലറി ഡ്രയറിന്റെ സഹായത്താല്‍ സ്ലറിയിലെ ജലാംശം നീക്കം ചെയ്ത് മേല്‍ക്കൂരയുള്ള പ്ലാന്റില്‍ എയറോബിക് കമ്പോസ്റ്റാക്കി ഗുണനിലവാരമുള്ള ജൈവവളം നമുക്ക് തന്നെ നിര്‍മ്മിക്കുവാന്‍ കഴിയുന്നത് ഈര്‍പ്പരഹിതമായി സംഭരിക്കുകയും ചെയ്യാം. ഒരു കിലോഗ്രാം കമ്പോസ്റ്റില്‍ 13-17 ഗ്രാം വരെ നൈട്രജന്‍, 75-80 ഗ്രാം വരെ കാല്‍ഷ്യം, 6-8 ഗ്രാം വരെ ഫോസ്‌ഫറസ് മുതലായവ അടങ്ങിയിരിക്കുന്നു. പ്രൈമറി ന്യൂട്രിയന്‍സും, സെക്കന്‍ഡറി ന്യൂട്രിയന്‍സും, ട്രയിസ് എലിമെന്‍സും ആവശ്യത്തിന് ലഭ്യമാകയാല്‍ മണ്ണിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകമാത്രമല്ല സുസ്ഥിര കൃഷിയ്ക്ക് വഴിയൊരുക്കുകയും ചെയ്യും. സ്വയം ആവശ്യമില്ലാത്തവര്‍ക്ക് ഇത് വിപണനത്തിനും വഴിയൊരുക്കും. ഇത്തരത്തില്‍ ഉണങ്ങിപ്പൊടിഞ്ഞ ജൈവവളം തോട്ടങ്ങളിലെത്തിക്കാല്‍ കുറഞ്ഞ ലേബര്‍മതിയാകും. സ്ലറിയായി പമ്പ് ചെയ്താലും, ജൈവാവശിഷ്ടങ്ങള്‍ മണ്ണില്‍ നിക്ഷേപിച്ച് വളമാക്കി മാറ്റിയാലും ചെലവ് കൂടുകയും, പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുകയും ചെയ്യും. വീടു വീടാന്തരം ഇത്തരം പ്ലാന്റുകള്‍ സ്ഥാപിക്കുന്നതോടൊപ്പം നഗരങ്ങളില്‍ സീവേജ് മാലിന്യം കൂടി ഉള്‍പ്പെടുത്തി സമൂഹ ബയോഗ്യാസ് പ്ലാന്റുകളും, ബയോഗ്യാസ് സ്ലറി ഡ്രയറും പ്രവര്‍ത്തനക്ഷമമാകുന്നതോടെ നഗരത്തിലൂടെ ഒഴുകുന്ന നദികളും തോടുകളും മാലിന്യമുക്തമാകുകയും ദുര്‍ഗന്ധം പൂര്‍ണമായി മാറിക്കിട്ടുകയും ചെയ്യും.

വളരെ ചെലവ് കുറഞ്ഞ രീതിയില്‍ കോണ്‍ക്രീറ്റ് കട്ടകളുപയോഗിച്ചും പ്ലാന്റ് നിര്‍മ്മിക്കാം. 15" നീളമുള്ള 60  കട്ടകള്‍ കൊണ്ട് ഇപ്രകാരം ഒരു പ്ലാന്റ് നിര്‍മ്മിക്കാന്‍ സാധിക്കും. മേല്‍ക്കൂര നഗരങ്ങളിലും മറ്റും നീക്കം ചെയ്യുന്ന ഫ്ലക്സ് ഷീറ്റുകള്‍ കൊണ്ട് നിര്‍മ്മിക്കാം. ജി.ഐ ഷീറ്റാണ് ഉപയോഗിക്കുന്നതെങ്കില്‍ പതിനെട്ടടി നീളം വേണ്ടിവരും. കുടുബശ്രീ, ജനശ്രീ യൂണിറ്റുകള്‍ക്ക്  ഇത്തരം പ്ലാന്റുകള്‍ നിര്‍മ്മിച്ച് അനേകം വീടുകളില്‍ നിന്ന് സംഭരിക്കുന്ന ജൈവ മാലിന്യങ്ങള്‍ കമ്പോസ്റ്റാക്കി മാറ്റാം. കമ്പോസ്റ്റ് വില്‍ക്കുവാന്‍ വീടുകളില്‍ത്തന്നെ പച്ചക്കറി ധാരാളം കൃഷി ചെയ്യുന്നുണ്ട്. അവര്‍ക്ക് വില്‍ക്കുവാന്‍ സാധിക്കുകയും ചെയ്യും. ഇത്തരം കട്ടകള്‍ എടുത്തുമാറ്റാന്‍ കഴിയുന്നവയാകയാല്‍ ഒരു സ്ഥലത്തുനിന്ന് മാറ്റി മറ്റൊരു സ്ഥലത്തേക്ക് കേടുപാടുകളില്ലാതെ കൊണ്ടുപോകുവാനും സാധിക്കും. ചിരട്ടയും പച്ചിലയും ഇത്തരം പ്ലാന്റുകളില്‍ നിക്ഷേപിച്ചാല്‍ അത് കമ്പോസ്റ്റായി മാറുകയില്ല. പച്ചിലകള്‍ എയറോബിക് കമ്പോസ്റ്റ് പ്ലാന്റില്‍ നിക്ഷേപിക്കാന്‍ പാടില്ല.  ഉദാഹരണത്തിന് സദ്യഊണ് കഴിഞ്ഞ വാഴയില ഈ പ്ലാന്റില്‍ സംസ്കരിച്ചാല്‍ മൂന്നുമാസത്തിനുശേഷവും വാഴയിലയായിത്തന്നെ ലഭിക്കും. അതിനാല്‍ പച്ചിലകള്‍ ഉണക്കിയിടുന്നതാണ് ഉത്തമം. 
Few Links related with it:-

5 അഭിപ്രായങ്ങൾ:

  1. തിരുവനന്തപുരം നഗരസഭ ഇതുപോലുള്ള കമ്പോസ്റ്റ് രീതി നടപ്പാക്കുകയാണെങ്കില്‍ വിളപ്പില്‍ ശാലയിലെ പ്രശസ്നങ്ങള്‍ക്ക് പരിഹാരമാകും

    മറുപടിഇല്ലാതാക്കൂ
  2. കേരളകർഷകനു നന്ദി. ഇത് കേരളത്തിൽ എവിടെയും പ്രാവർത്തികമാക്കാവുന്നതാണ്. ശാസ്ത്രീയ മാലിന്യസംസ്കരണം മനുഷ്യപുരോഗതിയുടെ ഭാഗമാണെന്ന് മലയാളികൾ അറിയട്ടെ!!!

    മറുപടിഇല്ലാതാക്കൂ
  3. ഭവന മാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ മാത്രമേ നഗരസഭകളും പഞ്ചായത്തുകളും വീട്, ഫ്ലാറ്റ്‌ തുടങ്ങിയവയുടെ നിര്‍മ്മാണത്തിനായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുകയുള്ളൂ എന്നും നിര്‍മ്മാണം പൂര്‍ത്തിയായ വീടുകളിലും ഫ്ലാറ്റുകളിലും പ്രവര്‍ത്തന സജ്ജമായ മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമെ കെട്ടിട നമ്പര്‍ നല്കാവൂ എന്നും കേരള ബില്‍ഡിംഗ് റൂളില്‍ നിഷ്കര്‍ഷിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.

    മറുപടിഇല്ലാതാക്കൂ
  4. ഇത്തവണ വീട്ടില്‍ ചെന്നപ്പോള്‍ തൊഴിലുരപ്പിന്റെ ഭാഗമായി എല്ലാ വീട്ടിലും ഒരു കമ്പോസ്റ്റ്‌ ഉണ്ടാക്കി ഇട്ടിരുന്നത് കണ്ടു.ഇത് പോലുള്ള ആശയങ്ങള്‍ ഇനിയും ഉയര്‍ന്നു വരട്ടെ ..
    നല്ലൊരു പോസ്റ്റിനു നന്ദി .

    മറുപടിഇല്ലാതാക്കൂ
  5. In the site of Veterinary University: Livestock Waste Management technique:Thumburmuzhy Model aerobic composting
    Posted on Apr 19 2012
    Thumburmuzhy Model aerobic composting technique developed by Dr Francis Xavier atThumburmuzhy Cattle breeding Farm, is a farmer friendly cost effective and eco friendly livestock Waste management system imbibed into the Kerala Agro ecozone.This rural technology is a recommended model by the UNDP Climate change community among the four ideal rural technology for farmers of India.The composting Technology,the ideal fero-cement Bin and the microbial Consortium developed are the major achievements.Cattle Breeding Farm, Thumburmuzhy has modified aerobic compost unit with a different layering system to handle livestock waste, farm waste and dead animal parts which are otherwise wasted. We have designed a cost effective, rural system for livestock farm. Waste management is a big problem in most of the farms and hence the waste can be effectively converted into valuable manure. The NPK value of “Thumburmuzhy model compost” is N.1.57%, P-0.049%, K-0.73%. Thumburmuzhy compost model; since it is cost effective can be replicated in rural areas to handle organic waste. In 90 days time the first crop of manure gets ready. Moreover, livestock farm waste is a rich source of Nitrogen. Research in other places has shown that TBC and coliforn count in aerobic compost is minimal. Hence, under public health angle this has to be encouraged.

    മറുപടിഇല്ലാതാക്കൂ