24-09-2011 ല്‍ മലയിന്‍കീഴ് കൃഷിഭവന്റെ നേതൃത്വത്തില്‍ ഒരു ടീം എന്റെ ബയോഗ്യാസ് പ്ലാന്റ് സന്ദശിക്കുകയുണ്ടായി. ബയോടെക് 2005 ല്‍ നിര്‍മ്മിച്ച പ്ലാന്റില്‍ 2010 ലാണ് കക്കൂസ് വിസര്‍ജ്യം ഉള്ളിലേയ്ക്ക് കടത്തിവിടുന്നത്. ഒരു ക്ലാസ്സെന്ന രീതിയില്‍ കൈകാര്യം ചെയ്യാത്തതിന്റെ പാളിച്ച എനിക്ക് നേരിട്ടനുഭവിക്കാന്‍ കഴിഞ്ഞു. പ്ലാന്റിനടുത്തെത്തിയപ്പോള്‍തന്നെ സ്വയം പരിചയപ്പെടുത്താതെ നീല ടോപ്പ് ധരിച്ചിരിക്കുന്ന ഉദ്യോഗസ്ഥ (അഗ്രിക്കള്‍ച്ചറല്‍ കോളേജില്‍ നിന്നും എഞ്ചിനീയറിംഗ് വിഭാഗത്തിലെ ക്വാളിഫൈഡ് ആണെന്ന് പിന്നീടാണ് എനിക്ക് ആളെ മനസിലായത്) ഞങ്ങള്‍ ദീനബന്ധു മോഡല്‍ മാത്രമേ അംഗീകരിക്കാറുള്ളു. ഇത്തരം പ്ലാന്റുകള്‍ ഞങ്ങള്‍ അംഗീകരിക്കാറില്ല എന്നും കയ്യിലിരിക്കുന്ന ബുക്ക്ലെറ്റിലെ കുറെ വിവരങ്ങള്‍ അവതരിപ്പിക്കുകയും ഉണ്ടായി. എനിക്ക് തോന്നിയത് ഇവര്‍ ദീനബന്ധു പ്ലാന്റിന്റെ ഏജന്റാണ് എന്നാണ്. അവരെ എതിര്‍ക്കാനാണ് എനിക്ക് മാനസികമായി തോന്നിയത്. 24000 രൂപയ്ക്ക് മുകളില്‍ ചിലവുവരുന്ന രണ്ട് ക്യുബിക് മീറ്റര്‍ ദീനബന്ധു പ്ലാന്റ് കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഭാരിച്ചതായാണ് എനിക്ക് തോന്നിയത്. ക്ലാസ്സെടുക്കുവാന്‍ എനിക്കും അവസരം ലഭിച്ചു. അതിനെപ്പറ്റി പല പോസ്റ്റുകളിലായി വിശദീകരിച്ചിട്ടുള്ളതാണ്. അതുകൊണ്ട് ഇവിടെ ഒരിക്കല്‍ക്കൂടി വിശദീകരിക്കുന്നില്ല.
അതിന് ശേഷം കമ്പ്യൂട്ടറില്‍ പ്രൊഫ. (ഡോ) ഫ്രാന്‍സിസ് സേവ്യര്‍ അവതരിപ്പിച്ച എയറോബിക് കമ്പോസ്റ്റ് നിര്‍മ്മാണ രീതിയെക്കുറിച്ച് അവര്‍ക്ക് നല്ലൊരു വിശദീകരണം നല്‍കി. ബയോഗ്യാസ് പ്ലാന്റിലൂടെയല്ലാതെയും നമുക്ക് വേസ്റ്റ് മാനേജ്മെന്റ് നാറ്റമില്ലാതെയും പരിസ്ഥിതി സൌഹൃദമായും ചെയ്യാം എന്ന് വിശദീകരിച്ചു. ജിമെയില്‍ ചാറ്റിലൂടെ ഡോക്ടറെ നേരിട്ട് അവതരിപ്പിക്കാം എന്നത് വെറ്ററിനറി കോളേജിലെ വൈദ്യുതി തകരാറുകാരണം നടക്കാതെപോയി. എന്റെ അവതരണവും വൈദ്യുതി മുടങ്ങിയതിനാല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
ആഹാരം കഴിച്ചശേഷം പലരും പല സംശയങ്ങളും ചോദിച്ചു. അതിനെല്ലാം എന്നാലറിയുന്ന മറുപടിയും നല്‍കി. കൂട്ടത്തില്‍ ഒരു സ്ത്രീ തനിക്ക് ഒന്‍പത് പശുക്കള്‍ ഉണ്ട് എന്നും ബയോഗ്യാസ് പ്ലാന്റിലൂടെ ലഭിക്കുന്ന സ്ലറിയിലെ ജലസാന്നിധ്യം വലിയൊരു പ്രശ്നമാണെന്നും അതിന് ഒരു പരിഹാരം വേണമെന്നും ആവശ്യപ്പെട്ടു. കട്ടിയുള്ള പാര് മണ്ണാകയാല്‍ വെള്ളം വറ്റിക്കാന്‍ കഴിയുന്നില്ല എന്നും, ചെരിവായ ഭൂമിയും താഴെയറ്റത്താണ് വീട് എന്നും, ഭൂമിയുടെ വിസ്തൃതി കുറവാണ് എന്നും അവര്‍ എന്നോട് വിശദീകരിച്ചു. ഫ്രാന്‍സിസ് സാറുമായി ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ട് സാധിക്കാതായപ്പോള്‍ അവര്‍ക്ക് എന്റെ ഫോണ്‍ നമ്പര്‍ നല്‍കി. പിന്നീട് ബന്ധപ്പെട്ടാല്‍ ഒരു പരിഹാരം കണ്ടെത്തിത്തരാം എന്ന ഉറപ്പും ഞാനവര്‍ക്ക് നല്‍കി. ഇന്റെര്‍ നെറ്റിലൂടെ ഉള്ള എന്റെ അറിവ് എനിക്ക് പ്രയോജനപ്പെടുത്താം എന്ന ആത്മവിശ്വാസവും എനിക്കുണ്ട്. അഥവാ നെറ്റിലില്ലെങ്കില്‍ ഞാന്‍തന്നെ പ്രതിവിധി കണ്ടെത്തണമല്ലോ.
ഫ്രാന്‍സിസ് സാറുമായി ഉച്ചയ്ക്ക് ശേഷം ശബ്ദമില്ലാത്ത വീഡിയോ ചാറ്റ് വഴി നടന്ന ചര്‍ച്ചയാണ് ചുവടെ.
3:48 വൈകുന്നേരം Francis: meeting engane yundayirunnu?
3:49 വൈകുന്നേരം ഞാന്‍: veRumshow (എനിക്ക് അപ്രകാരം ഫീല്‍ ചെയ്തു)oraaLinoru samSayam undaayirunnu
Francis: entha
3:50 വൈകുന്നേരം ഞാന്‍: കട്ടിയുള്ള മണ്ണില്‍ സ്ലറി എങ്ങിനെ ഡ്രൈ ആയി കിട്ടും?
3:52 വൈകുന്നേരം Francis: manasilayilla
3:53 വൈകുന്നേരം ഞാന്‍:
ഒരു സ്ത്രീയ്ക്ക് ഒന്‍പത് പശുക്കളുണ്ട്. ബയോഗ്യാസ് പ്ലാന്റിലൂടെ
ലഭിക്കുന്ന സ്ലറി പുരയിടത്തില്‍ എങ്ങിനെ ഡൈ ആയി കിട്ടും. സ്ഥല പരിമിതിയാണ്
കാരണം
3:54 വൈകുന്നേരം Francis: drying is difficult have a tank and slurry pump
3:55 വൈകുന്നേരം ഞാന്‍: ഏതെങ്കിലും രീതിയില്‍ കുഴിയില്‍ കെട്ടി നിറുത്തി വെള്ളം വാര്‍ത്തെടുക്കാന്‍ കഴിയുമോ?
3:56 വൈകുന്നേരം Francis: difficult
ഞാന്‍: ഓകെ പിന്നെ കാണാം
അതിനുശേഷം എന്റെ മനസിലൂടെ പല ആശയങ്ങളും കടന്നുപോയി. ഒടുവില്‍ ലഭിച്ച ആശയവുമായി ഞായറാഴ്ച രാവിലെ ഡോ. ഫ്രാന്‍സിസ് സാറുമായി ബന്ധപ്പെടാന്‍ നോക്കിയിട്ടും കഴിയാതായപ്പോള്‍ ശ്രീ ആര്‍.വി.ജി മേനോനുമായി ബന്ധപ്പെട്ട് ടെലഫോണിലൂടെ ഒരു ചര്‍ച്ച നടത്തി. അദ്ദേഹത്തിന്റെ ആശയം കൂടെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു ശാശ്വത പരിഹാരം കണ്ടെത്തുവാനുള്ള ഉറച്ച തീരുമാനത്തിലെത്തിയിരിക്കുകയാണ് ഞാനിപ്പോള്‍. അത്തരം ഒരു സംവിധാനത്തിന്റെ പരീക്ഷണാര്‍ത്ഥമുള്ള സാമ്പിള്‍ നിര്‍മ്മിച്ച് എനിക്ക് സ്വയം ബോധ്യപ്പെട്ടതിന് ശേഷം പാറ്റെന്റില്ലാതെ പൊതുജനങ്ങള്‍ക്ക് സ്വയം തങ്ങള്‍ക്ക് ആവശ്യമില്ലാത്ത സ്ലറിയെ ഉണക്കിപ്പൊടിച്ച് ചാക്കുകളില്‍ നിറയ്ക്കുവാന്‍ കഴിയുമാറ് ഒരു സംവിധാനം ഒരാഴ്ചയ്ക്കുള്ളില്‍ ഞാനവതരിപ്പിക്കുന്നതാണ്. അതുവരെ ക്ഷമിക്കുക. ഇക്കാര്യത്തില്‍ എന്നെ സഹായിക്കുവാന്‍ പ്രസ്തുത മീറ്റിംഗില്‍ പങ്കെടുത്ത വിദഗ്ധര്‍ക്ക് കഴിയുമായിരുന്നു. അവരായിട്ട് അത് പാഴാക്കി.ഇത്തരം ഒരു ക്ലാസ്സിന് അവസരമൊരുക്കിയ മലയിന്‍കീഴ് കൃഷി ഓഫീസര്‍ ശ്രീമതി നിര്‍മ്മല സി ജോര്‍ജിന് നന്ദി.
ബയോഗ്യാസ് സ്ലറി ഉണക്കല്‍
എന്റെ ആശയത്തില്‍ തോന്നിയത് ഒരു ചെറു വിശദീകരണം നല്‍കാം.
വാര്‍ത്തെടുക്കുന്നതോ വാങ്ങാന്‍ കിട്ടുന്നതോ ആയ കോണ്‍ക്രീറ്റ് ഉറകള്‍ ഇതിനായി ഉപയോഗിക്കാം. ഉറയുടെ ചുറ്റളവില്‍ തറഭാഗം കോണ്‍ക്രീറ്റ് ചെയ്ത് ആദ്യ ഉറ അതിന്മേല്‍ ഉറപ്പിക്കാം. താഴെനിന്നും നാലിഞ്ച് മുകളിലായി ഒരു വാട്ടര്‍ ടാപ്പ് ഉറപ്പിയ്ക്കാം. ഉറയുടെ മുകളില്‍ നിന്ന് രണ്ടിഞ്ച് താഴെ ഒരു വായു പുറം തള്ളുവാനുള്ള പൈപ്പ് ഉറപ്പിക്കാം. ഫില്‍റ്റ് ചെയ്ത ജലം നിറയുമ്പോള്‍ ഉള്ളിലുള്ള വായു പുറംതള്ളപ്പെടും. ജലം നിറഞ്ഞാല്‍ ഇതിലേകൂടി പുറത്തേയ്ക്ക് ഒഴുകും. ഈ ഉറയുടെ മുകളില്‍ കോണ്‍ക്രീറ്റിലെ ദ്വാരങ്ങളോട് കൂടിയ ഒരു സ്ലാബ് ഉറപ്പിയ്ക്കാം. സ്ലറിയില്‍ നിന്ന് ഒഴുകിവരുന്ന ജലം ഇതിലൂടെ ടാങ്കില്‍ നിറയും. അതിന് മുകളില്‍ മറ്റൊരു ഉറ ഉറപ്പിക്കാം. അതിന്റെ ഒരു വശത്ത് ഒരടി ചതുരത്തില്‍ കട്ടിയുള്ളതും ടൈറ്റായി അടയ്ക്കുവാന്‍ കഴിയുന്നതുമായ ജാലകം നിര്‍മ്മിക്കാം. ഒരു കൊണിച്ചത്തിന്റെ സഹായത്താല്‍ ഇറുകി ഇരിക്കത്തക്ക രീതിയില്‍ ഈ ജാലകം അടയ്ക്കാന്‍ കഴിയണം. അതിനുള്ളില്‍ സുഷിരങ്ങളേക്കാള്‍ വലിപ്പമുള്ള ചല്ലി നാലിഞ്ച് ഖനത്തില്‍ നിറക്കുക. ചല്ലിയുടെ മുകളില്‍ രണ്ടിഞ്ച് ഖനത്തില്‍ ചപ്പ് ചവറോ ചണകൊണ്ടുള്ള ചാക്കോ നിരത്താം. പ്രതിദിനം ലഭിക്കുന്ന സ്ലറിയുടെ അളവിന് ആനുപാതികമായി ഉറകളുടെ ഉയരത്തില്‍ എണ്ണം കൂട്ടാം. ഉറയുടെ ഉള്‍വ്യാസത്തില്‍ ഫ്രീ ആയി കടത്തിവിടാന്‍ കഴിയുന്ന രണ്ടിഞ്ച് ഖനമുള്ള വൃത്താകൃതിയിലുള്ള സ്ലാബ് മൂന്ന് ദിക്കില്‍ കെട്ടി നിറുത്താന്‍ കഴിയുന്ന ഹൂക്കുകളോടെയും ചുറ്റിനും റബ്ബര്‍ ബീഡിംഗോടുകൂടി മുകളറ്റത്ത് ഒരു കപ്പിയുടെ സഹായത്താല്‍ ഉയര്‍ത്തി നിറുത്താന്‍ കഴിയുന്ന രീതിയില്‍ നിര്‍മ്മിക്കാം. (ഭാരം കൊടുത്ത് ജലം ഊറ്റിയെടുക്കുവാനുള്ള ആശയം ശ്രീ ആര്‍.വി.ജിയുടേതാണ്) ഉറയുടെ ഏറ്റവും മുകളില്‍ നിന്ന് നാലിഞ്ച് താഴെ സ്ലറി കടത്തിവിടാനുള്ള ഫണലിന്റെ ആകൃതിയില്‍ പി.വി.സി കൊണ്ട് നിര്‍മ്മിക്കാം. ശ്രദ്ധിക്കേണ്ടത് അതിന്റെ അഗ്രം ഉറയുടെ ഉള്‍ നിരപ്പിന് വെളിയിലായി വേണം ഉറപ്പിക്കാന്‍.
കപ്പിയിലൂടെ സ്ലാബ് ഇന്‍ലറ്റിന് മുകളിലെത്തിയാല്‍ ഒഴിക്കുന്ന സ്ലറിക്ക് ആനുപാതികമായി ഉള്ളിലെ വായു അതേ ഭാഗത്തുകൂടി വെളിയിലേയ്ക്ക് പോകും. സ്ലറി നിറച്ചശേഷം കപ്പിയില്‍ നിന്ന് മുകളിലെ സ്ലാബ് സ്വതന്ത്രമാക്കുന്നതോടെ സ്ലറിയിലെ ജലാംശം ചപ്പുചവറുകള്‍ക്കുള്ളിലൂടെയും ചല്ലികള്‍ക്കിടയിലൂടെയും സുഷിരങ്ങളുള്ള സ്ലാബിലെ സുഷിരങ്ങളിലൂടെ താഴെയുള്ള ടാങ്കില്‍ സംഭരിക്കാം. ഈ ജലം മൂലകങ്ങളുടെ സാന്നിധ്യ മുള്ളതിനാല്‍ ചാണകം കലക്കുവാനായി വീണ്ടും ഉപയോഗിക്കാവുന്നതാണ്. അടുത്ത ദിവസം സ്ലറി നിറയ്ക്കുന്നതിന് മുമ്പായി ജലാംശം കുറഞ്ഞ് കിട്ടിയ കട്ടിയുള്ള സ്ലറി മഴനനയാത്ത ഷെഡുകളില്‍ സംഭരിക്കാം. എക്സാസ്റ്റ് ഡോര്‍ തുറന്നാല്‍ സ്ലാബിന്റെ പ്രഷര്‍ ഉള്ളതുകാരണം വളരെവേഗം കട്ടികൂടിയ സ്ലറി സംഭരിക്കാം. ഡോ. ഫ്രാന്‍സിസ് സേവ്യര്‍ പ്രചരിപ്പിക്കുന്ന എയറോബി കമ്പോസ്റ്റ് പ്രാന്റിലൂടെ ഇത് പൂര്‍ണമായും ഡ്രൈ ആക്കി ചാക്കുകളില്‍ സംഭരിക്കാം.
ആശയങ്ങള്‍ ലഭിക്കുന്നതിന് അനുകൂലമായി ഈ ലേഖനത്തില്‍ മാറ്റം വരുത്താം. ഈ മേഖലയിലെ വിദഗ്ധരില്‍ നിന്ന് അഭിപ്രായങ്ങള്‍ അറിയുവാന്‍ താല്പര്യമുണ്ട്.
Agropedia Link