ഇന്ത്യയിലെ മണ്ണിനങ്ങളിൽ മിക്കവയും കേരളത്തിൽ കാണപ്പെടുന്നവയാണ്. അവയുടെ സ്വഭാവവൈജാത്യങ്ങളെപ്പറ്റി താഴെ പ്രതിപാദിച്ചിരിക്കുന്നു.
൧. വനമണ്ണ്: കേരളത്തിന്റെ വിസ്തൃതിയുടെ ഏതാണ്ട് 26 ശതമാനം ഈ മണ്ണുകൊണ്ട് മൂടിയിരിക്കുന്നു. മൃത്തികാ പർഛേദികയുടെ ഉപരിതലത്തിൽ കാണുന്ന ക്ലേദ്നിര ഇവയുടെ ഒരു പ്രത്യേകതയാണ്. സസ്യനിബിഡമായ ഈ പ്രദേസങ്ങളിൽ ജൈവാംസത്തിന്റെ അളവ് താരതമ്യേന കൂടുതലാണ്. അതിനാൽ ഇവയ്ക്ക് കറുപ്പ്` കലർന്ന തവിട്ടുനിറമാണുള്ളത്. വളക്കൂറുള്ള ഈ മണ്ണുകളുടെ വിന്യാസം ഏറ്റവും മെച്ചപ്പെട്ടതത്രെ. വർഷപാതത്തിന്റെ ആധിക്യം കാരണം ഇവയിലെ കുമ്മായാംശം വളരെ കുറഞ്ഞിരിക്കുന്നു. കൂടാതെ പരിഛേദികയിലെ സംസ്തരങ്ങൾ തമ്മിലുള്ള വിഭേദനം (അന്തരം) വളരെ പ്രകടമായിരിക്കുകയും ചെയ്യുന്നു. കേരളത്തിലെ മറ്റു മണ്ണിനങ്ങളെപ്പോലെ ഇവയിലും ഫോസ്ഫരസിന്റെ അളവ് തുലോം കുറവാണ്. ഇവയുടെ പി.എച്ച് മിക്കവാറും 6-ൽ താഴെയായിരിക്കും. കേരളത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഇവ വ്യാപിച്ചുകിടക്കുന്നു.
൨. വെട്ടുകൽ മണ്ണ്: യഥാർത്ഥത്തിലുള്ള വെട്ടുകൽമണ്ണ് കേരളത്തിലാണ് കാണപ്പെടുന്നത്. ഉഷ്ണമേഖലയിൽ സ്ഥിതിചെയ്യുന്നതിനാലും ധാരാളം മഴയുള്ളതുകൊണ്ടും ഇത്തരം മണ്ണുകളുടെ രൂപ്പീകരണം ഇവിടെ വളരെ വേഗത്തിൽ സംഭവിക്കുന്നു. ആദ്യമായി ഈ മണ്ണുകളെ ശാസ്ത്രീയപഠനത്തിന് വിധേയമാക്കിയതും നാമകരണം ചെയ്തതും കേരളത്തിലായിരുന്നു. ഫ്രാൻസിസ് ബുക്കാനൻ എന്ന ആംഗ്ലേയ ശാത്രജ്ഞൻ പെരിന്തൽമണ്ണയ്ക്കടുത്തുള്ള അങ്ങാടിപ്പുറത്തുനിന്നും ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചശേഷമാൺ് ഇവയെപ്പറ്റിയുള്ള ശാസ്ത്രീയ പഠനമാരംഭിച്ചത്. ഇഷ്ടിക എന്നർത്ഥം വരുന്ന ലാറ്റർ എന്ന പദത്തിൽ നിന്നാണ് ഇവയ്ക്ക് ലാറ്ററൈറ്റ് എന്ന പേര് ലഭിച്ചത്. അധികരിച്ചതോതിൽ അയണിന്റെയും അലുമിനിയത്തിന്റെയും ഹൈഡ്രീകൃത ഓക്സൈഡുകൾ അടങ്ങിയിരിക്കുന്നുവെന്നതാണ് ഇവയുടെ ഒരു പ്രത്യേകതയെന്ന് നാം മുൻപ് മനസിലാക്കിയല്ലോ. അമ്ലസ്വഭാവമുള്ള ഈ മണ്ണുകളിലെ ഫോസ്ഫറസ്,കുമ്മായാംശം, പൊട്ടാഷ് എന്നിവയുടെ അളവ് സസ്യോൽപ്പാദനത്തെ സംബന്ധിച്ചിടത്തോളം തൃപ്തികരമല്ല. കേരളത്തിൽ ഇടനാടു മുഴുവനും ഇത്തരം മണ്ണു കാണപ്പെടുന്നു.
൩. എക്കൽമണ്ണ്: നദീമുഖങ്ങളിലും, കായൽതീരങ്ങളിലും കണ്ടുവരുന്ന ഇത്തരം മണ്ണുകൾ പൊതുവേ ഗുരുത്വമേറിയവയും താരതമ്യേന ജൈവാംശമുള്ളവയുമാണത്രെ. ചെറിയതോതിൽ അമ്ലാംശമുള്ളവയാണെങ്കിലുംകേരളത്തിൽ കൃഷിക്കുപയോഗിക്കുന്ന മണ്ണുകളുടെ കൂട്ടത്തിൽ ഏറ്റവും ഫലപുഷ്ടിയുള്ളവയാണ്. കുട്ടനാട്, കോൾ നിലങ്ങൾ, പൊക്കാള നിലങ്ങൾ, കൈപ്പാട് നിലങ്ങൾ എന്നിവ ഇത്തരം മണ്ണുകളുടെ വിസ്തൃതമായ പാടശേഖരങ്ങളത്രെ. കായലുകളുടെയും സമുദ്രത്തിന്റെയും സാമീപ്യം നിമിത്തം ചില കാലങ്ങളിൽ ഇവയുടെ ലവണാംശം അധികരിച്ചിരിക്കുന്നു.
൪. ചൊരിമണ്ണ് അഥവാ മണൽമണ്ണ്: ക്ലേയാംശം വളരെ കുറവും പരുക്കൻ മണൽ വളരെ കൂടുതലും ഉള്ള ഇത്തരം മണ്ണുകൾ കേരളത്തിന്റെ സമുദ്രതീരപ്രദേശങ്ങളിൽ കണ്ടുവരുന്നു. ഇവ ചെറിയതോതിൽ അമ്ലാംശം അടങ്ങിയവയാണ്. ഇവയിലെ സസ്യാഹാര മൂലകങ്ങളുടെ അളവ് തുലോം കുറവാണ്. അതിനാൽ ഇവയുടെ ഫലപുഹ്ടി ഏറ്റവും കുറഞ്ഞിരിക്കുന്നു. ഈ മണ്ണുകളിലെ പ്രധാന ധാതുഘട്കം ക്വാർട്ട്സ് ആണ്. ജലസംഭരണശേഷി വളരെ മോശമായ ഈ പ്രദേശൻഗളിലെ പ്രധാനകൃഷി തെങ്ങാണ്. വേണ്ടത്ര തോതിൽ ജൈവാംശവും, മറ്റുവളങ്ങളും ചേർക്കുന്നതുവഴി ഇവയുടെ ഫലപുഷ്ടി ഒരു പരിധിവരെ മെച്ചപ്പെടുത്താവുന്നതാണ്.
൫. കാതര മണ്ണ്: തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ വിപുലമായ തോതിൽ കാണപ്പെടുന്ന ഇത്തരം മണ്ണുകൾ കേരളത്തിൽ വളരെ കുറച്ചു സ്ഥലങ്ങളിൽ മാത്രമേ കണ്ടുവരുന്നുള്ളു. പാലക്കാട്` ജില്ലയിലെ ചിറ്റൂർ താലൂക്കിന്റെ കിഴക്കൻ പ്രദേശങ്ങളിൽ മാത്രമാണ് ഇവ കാണപ്പെടുന്നത്. ജൈവാംശം താരതമ്യേന കുറവാണെങ്കിലും ഇവയ്ക്ക് കടുപ്പമേവ്വ്രിയ കറുപ്പുനിറമാണുള്ളത്. കുറഞ്ഞതോതിലുള്ള നൈട്രജൻ, ഫോസ്ഫറസ് എന്നിവയും, താരതമ്യേന മെച്ചമായ തോതിലടങ്ങിയിട്ടുള്ള പൊട്ടാഷ്, കാൽസ്യം എന്നിവയും ഈ മണ്ണുകളുടെ പ്രത്യേകതയാണ്. വരണ്ട കാലാവസ്ഥയിൽ ഈ മണ്ണ് വെടിച്ചുകീറി ഇവയിൽ വലിയ വിള്ളലുകൾ ഉണ്ടാകുക സാധാരണമാണ്. മറ്റ് സ്ഥലങ്ങളിലേതിനെ അപേക്ഷിച്ച് ഇവിടത്തെ കാതര മണ്ണിൽ ക്ഷാരത താരതമ്യേന കുറഞ്ഞിരിക്കുന്നു. കരിമ്പ്, നിലക്കടല, നെല്ല് എന്നിവയാണ് ഈ മണ്ണുകളിൽ പ്രധാനമായും കൃഷിചെയ്യുന്ന വിളകൾ.
൬. ചെമ്മണ്ണ്: കേരളത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ തിരുവനന്തപുരം, നെയ്യാറ്റിങ്കര എന്നീ താലൂക്കുകളിൽമാത്രം കാനപ്പെടുന്ന ഒരു മണ്ണിനമത്രെ ചെമ്മണ്ണ്. ഈ മണ്ണിലെ സംസ്തരങ്ങൾ തമ്മിലുള്ള അന്തരം അത്ര പ്രകടമല്ല. ചൊരിമണൽ താരതമ്യേന കൂടിയ തോതിൽ അടങ്ങിയിരിക്കുന്നതുകൊണ്ട് ഇവയിൽ നീർവാർച്ച കൂടിയിരിക്കുന്നു. അയണിന്റെ സംയുക്തങ്ങളുടെ ആധിക്യവും ജൈവാംശത്തിന്റെ കുറവും കാരണമാണ് ഇവയ്ക്ക് കടുത്ത ചുവപ്പുനിറമുണ്ടായിരിക്കുന്നത്. അമ്ലീയമായ ഈ മണ്ണുകളിലെ പ്രധാന സസ്യാഹാര മൂലകങ്ങളുടെ അളവ് കുറവാണ്. എങ്കിലും സമീകൃത വളപ്രയോഗം കൊണ്ട് ഇവയുടെ ഫലപുഷ്ടി വർദ്ധിപ്പിക്കാമെന്ന് പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
൭. കരിനിലങ്ങൾ: ചതുപ്പുനിലങ്ങളുടെ കൂട്ടത്തിൽ പെടുന്ന ഈ നിലങ്ങൾ ആലപ്പുഴ ജില്ലയിലും കോട്ടയം ജില്ലയിലേയും, വൈക്കം തലൂക്കിലുമായി ഏതാണ്ട് 80 ച.മൈൽ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. ഇവയിലെ ജൈവാംശം വളരെ കൂടിയിരിക്കുന്നതിനാൽ (20 ശതമാനത്തിലസ്ധികം) നല്ല കറുത്ത നിറമാണുള്ളത്. ഗുരുത്വമേറ്യ ഈ മണ്ണുകളിലെ നീർവാർച്ച വളരെ കുറവാണ്. കടുത്ത അമ്ലാംശമുള്ള ഇവയുടെ പി.എച്ച് സൂചിക മിക്കവാറും 4-ൽ താഴെ ആയിരിക്കുന്നു. അലുമിനിയം, അയൺ എന്നിവയുടെ ലേയത്വം കൂടിയ ലവ്അണങ്ങൾ വലിയതോതിൽ അടങ്ങിയിരിക്കുന്നതിനാൽ പല സ്ഥലങ്ങളിലും കൃഷി സാധ്യമല്ല. വർഷ്ഠ്തിൽ ഏറിയ സമയവും ജലത്താൽ മൂടപ്പെട്ടിരിക്കുന്നതിനാൽ ഒരു വിള മാത്രമേ ഇവയിൽനിന്നും എടുക്കാൻ കഴിയുന്നുല്ലു. നൈട്രജെന്റെ അളവ് മെച്ചമാണെങ്കിലും ഫോസ്ഫറസ്, കുമ്മായാംശം എന്നിവയുടെ അഭാവം ഈ മന്നിന്റെ സങ്കീർണ സ്വഭാവത്തിന് ആക്കം കൂട്ടുന്നുണ്ട്.
"കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയിലെ (Soil Science) മുൻ പ്രൊഫസർ കൈമാറിയ ഇത്രയും വിലപിടിപ്പുള്ള അറിവ് മാത്രം മതി കേരളത്തിലെ കർഷകർക്ക് സ്വയം അവരുടെ കൃഷി പരിപാലനത്തിന്."