ഞായറാഴ്‌ച, ജനുവരി 24, 2010

കേന്ദ്രവിലക്ക് ആര്‍ക്കെതിരെ?

ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ തടയാനുള്ള നിയമത്തിന്‌ കേന്ദ്രവിലക്ക്‌

തിരുവനന്തപുരം: ബി.ടി. വഴുതനങ്ങ ഉള്‍പ്പെടെ ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളുടെ വ്യാപനം തടയുന്നതിന്‌ നിയമം കൊണ്ടുവരാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ നീക്കം കേന്ദ്രം വിലക്കി. ഇത്തരമൊരു നിയമനിര്‍മ്മാണത്തിന്‌ സംസ്ഥാനങ്ങള്‍ക്ക്‌ അവകാശമില്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ കേന്ദ്ര ശാസ്‌ത്രസാങ്കേതിക വകുപ്പിന്റെ നടപടി. മുന്‍കൂര്‍ അനുമതി തേടിയാണ്‌ ഇതിനായി കേരള സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചിരുന്നത്‌.

ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളുടെ പരീക്ഷണകൃഷിക്ക്‌ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി അധ്യക്ഷനായ സമിതി ഏതാനും മാസം മുമ്പാണ്‌ അനുമതി നല്‍കിയത്‌. അതിനെത്തുടര്‍ന്നാണ്‌ പുതിയ നിയമനിര്‍മ്മാണത്തിന്‌ വി.എസ്‌. അച്യുതാനന്ദന്റെ ചുമതലയിലുള്ള സംസ്ഥാന ശാസ്‌ത്രസാങ്കേതികവകുപ്പ്‌ പുതിയ നിയമനിര്‍മ്മാണത്തിന്‌ നീക്കം നടത്തിയത്‌.

ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളെ സര്‍ക്കാര്‍ തടയുന്നില്ലെന്നും എന്നാല്‍ അത്‌ ഉപയോഗിച്ചുള്ള കൃഷി തടയാന്‍ സംസ്ഥാനങ്ങള്‍ക്ക്‌ അധികാരമുണ്ടെന്നുമായിരുന്നു കേരളത്തിന്റെ വാദം. ഇത്തരം വിത്തിനങ്ങള്‍ ഏത്‌ ഭൂപ്രകൃതിയില്‍ കൃഷിചെയ്യുന്നതിനും ആ പ്രദേശത്തിന്റെ അനുമതി വേണമെന്ന്‌ അന്താരാഷ്‌ട്ര തലത്തില്‍ത്തന്നെ ധാരണ ഉണ്ടെന്നും ആ പ്രദേശത്തിന്റെ അനുമതി എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ അതത്‌ പ്രാദേശിക സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയാണെന്നുമായിരുന്നു കേരളത്തിന്റെ വ്യാഖ്യാനം. ഈ വാദമാണ്‌ കേന്ദ്രസര്‍ക്കാര്‍ തള്ളിയത്‌.
കടപ്പാട് - മാതൃഭൂമി
രാസവളങ്ങളും കള,കുമിള്‍,കീടനാശിനികളും വരുത്തിവെച്ച വിനയാണ് നാം ഇന്നനുഭവിക്കുന്ന കാര്‍ഷികോത്പാദനക്കുറവിനും, കാലാവസ്ഥാവ്യതിയാനത്തിനും, പരിസ്ഥിതി മലിനീകരണത്തിനും കാരണമായിത്തീര്‍ന്നത്. കടുംകൃഷിയിലൂടെ ഹരിതഗൃഹ വാതക വര്‍ദ്ധനയാണുണ്ടായത്. യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്തെന്നാല്‍ മണ്ണില്‍ നിന്ന് ഉത്പാദന വര്‍ദ്ധനവിനായി ചെയ്ത ഇത്തരം കുറുക്കുവഴികള്‍ മണ്ണില്‍നിന്ന് ന്യൂട്രിയന്റ്
(103 ഓളം വരുന്ന ലോഹ അലോഹ മൂലകങ്ങള്‍) മൈനിംഗിന് കാരണമായി എന്നതാണ് വാസ്തവം. റബ്ബര്‍ മരത്തിനുണ്ടാകുന്ന പട്ടമരപ്പ് രോഗത്തിന്റെ പ്രതിവിഥി തേടിയ എനിക്ക് ഡോ. തോമസ് വര്‍ഗീസില്‍ നിന്ന് ലഭിച്ച സെക്കന്‍ഡറി ന്യൂട്രിയന്‍സിന്റെയും ട്രയിസ് എലിമെന്‍സിന്റെയും പങ്കിനെക്കുറിച്ചുള്ള പുസ്തകവും ബോറോണ്‍ അഭാവത്തിന് കാരണമായ അമ്ലസ്വഭാവമുള്ള മണല്‍കലര്‍ന്ന മണ്ണും ആണെന്ന് മനസ്സിലാക്കുവാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം ബോറാക്സും, ജൈവവളങ്ങളുമാണ് പട്ടമരപ്പിന് ഏക പരിഹാരം എന്ന് കണ്ടെത്തുവാന്‍ കഴിഞ്ഞു. ബോറോണ്‍ അഭാവം ഉല്പാദനക്കുറവിന് കാരണമാകുന്നുന്നു. ജൈവവളമുണ്ടെങ്കിലേ ബോറോണ്‍ പ്രവര്‍ത്തിക്കൂ. ഇത്തരം കണ്ടെത്തലുകളെ അവഗണിച്ചുകൊണ്ട് അടുത്തതായി ഭാരതത്തില്‍ നാളിതുവരെ ദൌര്‍ലഭ്യം നേരിടാത്ത വഴുതനയുടെ ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ക്ക് അനുമതി നല്‍കാമെന്ന് ജി.ഇ.എ.സി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതിപ്പോള്‍ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കാത്ത് കഴിയുകയാണ്.

ബി.ടി വഴുതനയെക്കുറിച്ചുള്ള ലോകമെമ്പാടും നടന്നിട്ടുള്ള പഠനറിപ്പോര്‍ട്ടുകളും ബി.ടി പരുത്തി കൃഷിചെയ്തതിലൂടെ അനുഭവിച്ചറിഞ്ഞ ഫലങ്ങളും ബി.ടി വിളകളെല്ലാംതന്നെ മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമാണ് എന്ന് തെളിയിക്കപ്പെട്ടവയാണ്. സമ്പൂര്‍ണ ഉപബോക്തൃസംസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തെ ഇത് എപ്രകാരം ബാധിക്കുമെന്ന് ഊഹിക്കാവുന്നതാണ്. ബി.ടി വിത്തുകളുടെ വ്യാപനം തടയുവാനുള്ള നിയമം കൊണ്ടുവരാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തെ കേന്ദ്രം വിലക്കുകവഴി ഒരു വന്‍ വിപത്താണ് ഭക്ഷ്യോത്പന്നങ്ങളില്‍ വന്നുചേരാന്‍ പോകുന്നത്. മണ്ണിന്റെയും, മനുഷ്യന്റെയും, സസ്യലതാദികളുടെയും, പക്ഷിമൃഗാദികളുടെയും ആരോഗ്യം അപകടാവസ്ഥയിലേക്ക് നീങ്ങുവാനും പരിസ്ഥിതി മലിനീകരണത്തിനും ബി.ടി വിത്തുകള്‍ക്ക് സാധിക്കും.

ഒരു വിഭാഗം ശാസ്ത്രജ്ഞരും, ഉദ്യോഗസ്ഥരും ബി.ടി വിളകളുടെ പിണിയാളുകളായി മാറുന്നതിലൂടെ വീണ്ടും ന്യൂട്രിയന്‍ഡ് മൈനിംഗും അതിലൂടെ എല്ലാ ജീവജാലങ്ങള്‍ക്ക് നിത്യരോഗങ്ങളും ഫലം. വിത്തിന്റെ കുത്തകാവകാശത്തിന് മൊണ്‍സാന്റോയും അവരുടെ ഫ്രാഞ്ചെയിസിയായി ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്ന മാഹിക്കോയും നമ്മുടെ കാര്‍ഷിക മേഖലയെമാത്രമല്ല മെച്ചപ്പെട്ട തനത് നാടന്‍ വിത്തിനങ്ങളെയും ഇല്ലായ്മചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ