തിങ്കളാഴ്‌ച, ജനുവരി 25, 2010

ഉപഭോക്താവ് വാര്‍ത്തകളിലൂടെ കബളിക്കപ്പെടാതിരിക്കട്ടെ!!!!

ബിടി വഴുതന: വിവാദത്തിന് കാന്താരിയുടെ എരിവ്

വിഷയം വഴുതനയാണെങ്കിലും വിവാദത്തിനു കാന്താരിയുടെ എരിവ്.
പ്രശ്നം ഇതാണ്: ജൈവ സാങ്കേതിക വിദ്യ(ബയോടെക്നോളജി)യിലൂടെ കീടപ്രതിരോധ ശേഷി ആര്‍ജിച്ച ബിടി വഴുതനയ്ക്കു നമ്മുടെ അടുക്കളയില്‍ പ്രവേശനം നല്‍കണോ?

കേന്ദ്ര മന്ത്രിമാര്‍തന്നെ രണ്ടു തട്ടിലാണ്. ശാസ്ത്രീയ പരിശോധനകള്‍ക്കുശേഷം ബിടി വഴുതനയ്ക്കു നല്‍കിയ അംഗീകാരം അന്തിമമാണെന്നു കൃഷിമന്ത്രി ശരദ് പവാര്‍ പറയുന്നു. ജനകീയ അംഗീകാരത്തോടെയേ തീരുമാനം നടപ്പാക്കാനാവൂ എന്നു പരിസ്ഥിതി മന്ത്രി ജയറാം രമേശും. പരിസ്ഥിതി മന്ത്രി ഇതിനായി ഏഴിടത്തു തെളിവെടുപ്പു നടത്തുന്നു. ദക്ഷിണ സംസ്ഥാനങ്ങള്‍ക്കായി തെളിവെടുപ്പ് ഇന്നു ബാംഗൂരില്‍.

ഭക്ഷ്യസുരക്ഷയും
കാര്‍ഷിക ഉല്‍പാദനക്ഷമതയും പ്രശ്നങ്ങളായ രാജ്യത്തിന് ജൈവ സാങ്കേതികവിദ്യ നല്‍കുന്ന ഉല്‍പാദന വര്‍ധന ഉപേക്ഷിക്കാനാവുമോ എന്നാണു കാര്‍ഷിക വിദഗ്ധരുടെ ചോദ്യം. ഉല്‍പാദനം കൂടാനും കൃഷിച്ചെലവു കുറയ്ക്കാനും സഹായിക്കുന്ന ബിടി വഴുതനയെ അങ്ങനെയങ്ങു തള്ളാന്‍ കൃഷിക്കാര്‍ക്കുമാവില്ല (ബിടി പരുത്തിക്ക് അനുമതി നല്‍കിയ ശേഷം ഉല്‍പാദനത്തിലുണ്ടായ വര്‍ധന 2001ല്‍ ഹെക്ടറിന് 308 കിലോഗ്രാം ആയിരുന്നത് 2006ല്‍ 508 കിലോഗ്രാം).

പക്ഷേ, സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നു. ജനതികമാറ്റം വരുത്തിയ വഴുതനയ്ക്കു തനതായ ഗുണങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയില്ലേ? നിലവിലുള്ള കീടങ്ങള്‍ക്കെതിരെ പ്രതിരോധമുണ്ടെങ്കില്‍ത്തന്നെ പുതിയ തരം കീടബാധകള്‍ വരുമ്പോള്‍
പ്രതിരോധശേഷി ഉണ്ടാവുമോ? ഇത്തരം വിത്തുകള്‍ കൃഷി ചെയ്യാന്‍ അനുവദിച്ചാല്‍ തനതു ജനുസുകളും നാട്ടറിവുകളും ഇല്ലാതാവില്ലേ?

പ്രത്യേക ബാക്ടീരിയ ജീന്‍ കടത്തിവിട്ടാണു ബിടി വഴുതനയ്ക്കു കീടപ്രതിരോധശേഷി നല്‍കുന്നത്. വഴുതന തിന്നാന്‍ കീടം ശ്രമിക്കുമ്പോള്‍ ഈ ജീന്‍ വിഷവസ്തു ഉല്‍പ്പാദിപ്പിച്ചു ചെറുക്കുന്നു. വഴുതന കഴിക്കുന്ന മനുഷ്യന്റെ ആരോഗ്യത്തിന് ഇങ്ങനെ ഉല്‍പാദിപ്പിക്കുന്ന വിഷം ഹാനികരമാവില്ലേ എന്നതാണു ഗൌരവമായൊരു ചോദ്യം. പരുത്തിപോലെയല്ലല്ലോ വഴുതന. നമുക്കു കഴിക്കാനുള്ളതല്ലേ?

വീട്ടമ്മാരുടെ മുന്നിലുള്ളതു വിഷമ പ്രശ്നംതന്നെ. കീടനാശിനിയുടെ വിഷം പുരണ്ടു വിപണിയിലെത്തുന്ന നാടന്‍ വഴുതന വേണോ അതോ, ഉള്ളില്‍നിന്നുതന്നെ വിഷസാധ്യതയുള്ള ബിടി വഴുതന വേണോ? ആരോഗ്യത്തെ ബാധിക്കില്ലെന്ന് ഉറപ്പുപറയാവുന്ന തരത്തില്‍ പരീക്ഷണങ്ങള്‍ നടന്നിട്ടില്ലെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോള്‍ രണ്ടു വര്‍ഷം നീണ്ട ശാസ്ത്രീയ പരിശോധനകള്‍ നടത്തിയതായി ജൈവ സാങ്കേതികവിദ്യ നിയന്ത്രണത്തിനുള്ള ഇന്ത്യയിലെ ഉന്നത സമിതിയായ ജനറ്റിക് എന്‍ജിനീയറിങ് അപ്രൂവല്‍ കമ്മിറ്റി പറയുന്നു.

ബിടി വഴുതനയ്ക്ക് അനുകൂലമായി സമിതി വിധിയെഴുതിയതു കഴിഞ്ഞ ഒക്ടോബറിലാണ്. എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ദൂഷ്യഫലങ്ങളൊന്നും കണ്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയില്‍ ഇത്തരം വിളകള്‍ ഉപയോഗിച്ചു തുടങ്ങിയിട്ട് 10 വര്‍ഷത്തിലേറെയായി. 25 രാജ്യങ്ങളിലായി 12.5 കോടി ഹെക്ടറില്‍ ബിടി വിളകള്‍ കൃഷി ചെയ്യുന്നു. ഇന്ത്യയില്‍ത്തന്നെ ബിടി പരുത്തിയുടെ കൃഷി തുടങ്ങിയിട്ട് ഏഴു വര്‍ഷത്തിലേറെയായി എന്നും ചൂണ്ടിക്കാട്ടുന്നു.

എതിര്‍പ്പിനു പിന്നിലുള്ളതു കീടനാശിനി ഉല്‍പാദിപ്പിക്കുന്ന കമ്പനികളുടെ താല്‍പര്യങ്ങളാണെന്ന ദുസ്സൂചനയും ബിടി വഴുതനയുടെ പ്രചാരകര്‍ നല്‍കുന്നു. ഏതായാലും വഴുതനത്തര്‍ക്കം ഒരു തുടക്കം മാത്രം. തക്കാളി തുടങ്ങിയ മറ്റുവിളകളിലേക്കും ജൈവ സാങ്കേതികവിദ്യ കടന്നുചെല്ലുമ്പോള്‍ തുടര്‍ന്നും എരിവുള്ള വിവാദത്തിനു സാധ്യതയേറെ.

. എന്താണ് ബിടി വഴുതന?
ജനിതകമാറ്റം വരുത്തിയ കാര്‍ഷികവിള.ബാസില്ലസ് തുറിന്‍ജിയന്‍സിസ് എന്ന ബാ ക്ടീരിയയുടെ ജീന്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ള വിളകളാണു ബിടി വിളകള്‍.

. നിര്‍മാതാക്കള്‍
ബഹുരാഷ്ട്ര കമ്പനിയായ മൊണ്‍സാന്റോ മഹീകോ ബയോടെക് ആണ് ബിടി വഴുതനയുടെ വിത്ത് വികസിപ്പിച്ചെടുത്തത്.

. എന്തു മെച്ചം?
വഴുതനയെ ആക്രമിക്കുന്ന കീടങ്ങളെ കൊല്ലാന്‍ സഹായിക്കുന്ന പ്രോട്ടീന്‍ ഉല്‍പാദിപ്പിക്കാന്‍ കഴിവുള്ള ജീനാണ് ബിടി വഴുതനയിലുള്ളത്. ഉത്പാദനം കൂടും. കൃഷിച്ചെലവു കുറയും.

. സംശയങ്ങള്‍
വഴുതനയുടെ തനതായ ഗുണങ്ങള്‍ നഷ്ടപ്പെടുമോ? പുതിയ കീടങ്ങള്‍ക്കെതിരെ പ്രതിരോധ ശേഷി ഉണ്ടാവുമോ? ബിടി വഴുതന കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാകുമോ?

. സര്‍ക്കാര്‍ നിലപാട്
''ശാസ്ത്രീയ പരിശോധനകള്‍ക്കു ശേഷമാണ് ബിടി വഴുതനയ്ക്ക് അംഗീകാരം നല്‍കിയത്
- ശരദ് പവാര്‍, കൃഷി മന്ത്രി

''ജനകീയ അംഗീകാരത്തോടെയേ തീരുമാനം നടപ്പാക്കാനാവൂ
- ജയറാം രമേശ്, പരിസ്ഥിതി മന്ത്രി
കടപ്പാട് - മനോരമ
കര്‍ഷകന്റെ നിലപാട്
ഒരു പ്രശ്നവുമില്ലാത്ത വഴുതനയിലൂടെ നുഴഞ്ഞുകയറി നമ്മുടെ തനത് നാടന്‍ വിത്തിനങ്ങളെ ഇല്ലായ്മചെയ്തും കാലക്രമേണ മറ്റ് ഭക്ഷ്യ വിളകള്‍ കൈയ്യടക്കിയും സൂഷ്മ, അതിസൂഷ്മ മൂലകങ്ങളുടെ ഊറ്റല്‍ (മൈനിംഗ്) നടത്തിയും മണ്ണിനെയും സസ്യലതാദികളെയും പക്ഷിമൃഗാദികളെയും ഒപ്പം മനുഷ്യനെയും നിത്യരോഗികളാക്കും എന്നകാര്യത്തില്‍ സംശയം വേണ്ട. രാസവളങ്ങളുടെയും, കള കുമിള്‍ കീടനാശിനികളുടെയും പ്രചാരകരും കുറെ വിദഗ്ധര്‍ തന്നെ ആയിരുന്നു. ലോകമെമ്പാടും ജൈവ കൃഷിയുടെ വ്യാപനം മനുഷ്യന്റെ തിരിച്ചറിവിന്റെ പരിമിത ഫലമാണ്.

ജി.എം. വിളകളും കേരളവും
ലോകമൊട്ടാകെതന്നെ വിവാദവിഷയമായിക്കഴിഞ്ഞ ജി.എം.വിളകളെ ഭാരതത്തിലേക്ക്‌ കടത്തിവിടുവാന്‍ ഇത്ര തിടുക്കമെന്തിനാണെന്ന്‌ മനസ്സിലാകുന്നില്ല. പരമ്പരാഗതമായി നാം കൃഷിചെയ്‌തുവരുന്ന രണ്ടായിരം ഇനം വഴുതനങ്ങ ഇനങ്ങളെ അപേക്ഷിച്ച്‌ ബി.ടി. വഴുതനങ്ങയ്‌ക്കുള്ള മേന്മയെന്താണെന്നും മനസ്സിലായിട്ടില്ല

മുല്ലക്കര രത്‌നാകരന്‍
കൃഷി മന്ത്രി

കേ ന്ദ്ര കൃഷിസഹമന്ത്രി പ്രൊഫ. കെ.വി. തോമസ്‌ എഴുതിയ ലേഖനം വായിച്ചു. ജനിതകമാറ്റം വരുത്തിയ വിളകളോടുള്ള സംസ്ഥാനത്തിന്റെ സമീപനംതന്നെ ചോദ്യംചെയ്യപ്പെടുന്ന പരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍ ഒരുവിശദീകരണം ആവശ്യമാണെന്ന്‌ തോന്നുന്നു. തന്റെ 'കുമ്പളങ്ങി വര്‍ണങ്ങള്‍' എന്ന പുസ്‌തകത്തിന്റെ ആമുഖത്തില്‍ അദ്ദേഹം പറയുന്നു: ''ഞങ്ങള്‍ കുമ്പളങ്ങിക്കാര്‍ എല്ലാം കേള്‍ക്കുന്നവരും കാണുന്നവരുമാണ്‌. തുറന്ന മനസ്സിന്റെ ഉടമസ്ഥരാണ്‌.'' ആ തുറന്ന മനസ്സോടെ ഈ പരാമര്‍ശങ്ങള്‍ അദ്ദേഹം ഉള്‍ക്കൊള്ളുമെന്നു കരുതുന്നു.

ബി.ടി. നയം അട്ടിമറിക്കുന്ന വലിയൊരു പാപം കേരളം കൈക്കൊള്ളുന്നു എന്ന വിമര്‍ശം ഏറെ തെറ്റിദ്ധാരണകള്‍ക്കിടനല്‌കുന്നതാണ്‌. അദ്ദേഹം ബി.ടി. കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ബയോ ടെക്‌നോളജി എന്നാണെങ്കില്‍ കേരളം ഒരിക്കലും ബയോടെക്‌നോളജിയെ എതിര്‍ത്തിട്ടില്ല. മാത്രമല്ല, പൊതുമേഖലയില്‍ ഒരുസംസ്ഥാനത്ത്‌ ആദ്യമായി ബയോ ടെക്‌നോളജി സ്ഥാപനം നിലവില്‍വന്നത്‌ കഴിഞ്ഞ എല്‍.ഡി.എഫ്‌. സര്‍ക്കാറിന്റെ കാലത്തായിരുന്നു. വീഞ്ഞു പുളിപ്പിക്കലും റൊട്ടിമാവ്‌ പാകപ്പെടുത്തലും മണ്ണിര കമ്പോസ്റ്റ്‌ നിര്‍മാണവും ടിഷ്യുകള്‍ച്ചറും എല്ലാം ബയോടെക്‌നോളജി എന്ന വലിയ കുടക്കീഴില്‍ ഒതുങ്ങുന്ന പ്രവര്‍ത്തനങ്ങളാണ്‌. ഈ ബി.ടി.യോട്‌ കേരള സര്‍ക്കാര്‍ പൂര്‍ണയോജിപ്പിലാണ്‌.

അതുകൊണ്ടുതന്നെ ജൈവ സാങ്കേതികവിദ്യ -ബയോ ടെക്‌നോളജിയുടെ ഗുണഫലങ്ങള്‍ കേരളത്തിന്‌ നഷ്‌ടമാവുമെന്നവാദം നിരര്‍ഥകമാകുന്നു.

എന്നാല്‍ നമ്മുടെ വിളുകളില്‍ ടോക്‌സിന്‍ എന്ന വിഷവസ്‌തു സ്രവിക്കുന്ന ബാസിലസ്‌ തുരുഞ്ചെനിസിസ്‌ എന്ന ബാക്ടീരിയയാണ്‌ ബി.ടി. എന്ന പ്രയോഗംകൊണ്ട്‌ അര്‍ഥമാക്കുന്നതെങ്കില്‍ കേരളം അതിനെ ശക്തിയുക്തം എതിര്‍ക്കുന്നു. എന്നുമാത്രമല്ല, തെറ്റിദ്ധാരണാജനകമാംവിധം ഈ രണ്ട്‌ ബി.ടി.കളെയും മാറ്റിമറിച്ചുപയോഗിക്കുന്നത്‌ ശരിയല്ലെന്നും കരുതുന്നു.

ഞാനൊരു ശാസ്‌ത്രജ്ഞനല്ല, അതുകൊണ്ടുതന്നെ വിശദമായ ഒരുശാസ്‌ത്രീയ വിശകലനത്തിന്‌ മുതിരുന്നില്ല. എന്നാല്‍ അഭിപ്രായം പറയുവാന്‍ അര്‍ഹതയുള്ളവരുടെ ആശയങ്ങളാണ്‌ സര്‍ക്കാര്‍ ഉള്‍ക്കൊണ്ടിട്ടുള്ളത്‌. അവരില്‍ പ്രഗല്‌ഭരായ ഡോ. സ്വാമിനാഥനെപ്പോലുള്ളവരുടെ അഭിപ്രായങ്ങളും സ്വീകരിച്ചിട്ടുണ്ട്‌. 2009-ല്‍ പുറത്തിറങ്ങിയ ബയോ ടെക്‌നോളജി ടാസ്‌ക്‌ ഫോര്‍സ്‌ റിപ്പോര്‍ട്ടില്‍ ജൈവ വൈവിധ്യസമ്പന്നമായ പശ്ചിമഘട്ടംപോലുള്ള പ്രദേശങ്ങള്‍ ജി.എം.വിളകള്‍ കടന്നുകയറാതെ സംരക്ഷിക്കണമെന്ന്‌ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. ഇവരെല്ലാം ഒരുതരം പോപ്പ്‌ ആക്ടിവിസ്റ്റുകളായി കാണാന്‍ കേരള സര്‍ക്കാര്‍ തയ്യാറല്ല.

ജി.എം.സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ചെടുത്ത വിളകള്‍ അന്യസംസ്ഥാനങ്ങളില്‍ വ്യാപകമാകുമ്പോള്‍ ബ്രീഡിങ്‌ യുഗത്തിലെ ഒരുതടവുകാരനായി കേരളം മാറുമെന്നത്‌ വെറും കാല്‌പനിക ചിന്തയാണ്‌. ആകെ ഭക്ഷ്യവിളകളുടെ കാര്യത്തില്‍ ഇവിടെ ഉന്നയിച്ചിട്ടുള്ളത്‌ ബി.ടി. വഴുതനയുടെ കാര്യം മാത്രമാണ്‌. അതുയര്‍ത്തിയ പ്രതിഷേധക്കൊടുങ്കാറ്റ്‌ നിരന്തരം ശക്തിപ്രാപിച്ചുവരികയുമാണ്‌. ഗാന്ധിജിയുടെ സമാധിദിനത്തില്‍ അതൊരു ദേശീയ സത്യാഗ്രഹംവരെ എത്തിയിരിക്കുന്നു. കേരളത്തെക്കൂടാതെ കര്‍ണാടകം, ആന്ധ്രപ്രദേശ്‌, ബിഹാര്‍, ഒറീസ്സ, പശ്ചിമബംഗാള്‍, ഛത്തീസ്‌ഗഢ്‌, മധ്യപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളും ഈ വിളയെ നിരോധിച്ചിട്ടുണ്ടെന്നാണ്‌ മനസ്സിലാക്കുന്നത്‌. ഇവരും തടവുകാരായി മാറുമോയെന്നുകൂടി അറിയുവാന്‍ താത്‌പര്യമുണ്ട്‌.

ലേഖനത്തില്‍ നടത്തിയിട്ടുള്ള ബി.ടി. പരുത്തി പ്രകീര്‍ത്തനങ്ങളോടും വ്യത്യസ്‌ത അഭിപ്രായമുണ്ട്‌. ബി.ടി. ജീനിന്‌ ഉത്‌പാദന വര്‍ധനയുമായി ബന്ധമില്ലെന്നും ബി.ടി. ജീനുകള്‍ സന്നിവേശിപ്പിക്കുവാന്‍ ഉപയോഗിച്ച സങ്കര വിത്തുകളുടെ മേന്മയാണ്‌ ഉത്‌പാദന വര്‍ധനയുണ്ടായിട്ടുണ്ടെങ്കില്‍ അതിനുകാരണമെന്ന ശാസ്‌ത്രജ്ഞരുടെ ചില അഭിപ്രായങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌.

കീടനാശിനി ഉപയോഗം കാര്യമായി കുറഞ്ഞില്ലെന്നും ഏറെ കീടങ്ങള്‍ ബി.ടി.യോട്‌ പ്രതിരോധശക്തി നേടിയെന്നും അപ്രധാനമായിരുന്ന പല കീടങ്ങളും പെരുകിയെന്നും പഠന റിപ്പോര്‍ട്ടുകളുണ്ടെന്ന കാര്യം എന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്‌. ആന്ധ്രപ്രദേശ്‌ കാര്‍ഷിക സര്‍വകലാശാലയുടെ പാക്കേജ്‌പ്രകാരം ഈ വിത്തുപയോഗിച്ച്‌ വിളയ്‌ക്ക്‌ ഇരട്ടിരാസവളം ഉപയോഗിക്കുവാനാണ്‌ ശുപാര്‍ശയുള്ളതെന്നും അറിയുന്നു. ബി.ടി. പരുത്തിവിത്തിന്റെ വില സാധാരണവിത്തിനെ അപേക്ഷിച്ച്‌ ഇരട്ടിയാണെന്നതും ഓര്‍ക്കേണ്ടതുണ്ട്‌. ഓരോ കൃഷിക്കും കമ്പനിയുടെ കൈയില്‍നിന്നും വിത്തുവാങ്ങണം. ശക്തമായ മാര്‍ക്കറ്റ്‌ തന്ത്രങ്ങളുടെ ഫലമായി നാടന്‍വിത്തിനങ്ങളെ ഇല്ലാതാക്കി കര്‍ഷകര്‍ ബി.ടി. വിത്തുകളെ മാത്രം ആശ്രയിക്കേണ്ട സ്ഥിതി സൃഷ്‌ടിക്കപ്പെടുകയും ചെയ്‌തിരിക്കുന്നു. ബി.ടി. ജീനുകള്‍ അവശേഷിക്കുന്ന നാടന്‍ പരുത്തി വിത്തുകളില്‍ കലര്‍ന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ഒരു വിദേശ വിത്തുകമ്പനിയുടെ അടിമകളായി നമ്മുടെ പരുത്തിക്കര്‍ഷകരെ മാറ്റിയെന്നല്ലാതെ എന്തുഗുണമാണ്‌ നേടിയതെന്ന്‌ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.

പല ആയുര്‍വേദ മരുന്നുകളിലെയും ഒരുപ്രധാന ഘടകമാണ്‌ വഴുതനങ്ങ. ഇതിന്റെ ഇലയും വേരും കായുമെല്ലാം ഔഷധമായി ഉപയോഗിക്കപ്പെടുന്നു. മണ്ണും കാലാവസ്ഥയും മാറിയാല്‍ തന്നെ ഏറെ ഗുണവ്യത്യാസമുണ്ടാകുമെന്നു പറയുന്ന മരുന്നുകളില്‍ ജനിതകഘടനതന്നെ മാറ്റിയ സസ്യങ്ങള്‍ ഉപയോഗിക്കുന്നതിന്റെ അശാസ്‌ത്രീയതയെക്കുറിച്ച്‌ പല വൈദ്യന്മാരും അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്‌.



ഇനിയൊന്ന്‌, ഭക്ഷ്യസുരക്ഷയുടേതാണ്‌. 2003-ല്‍ പ്രസിഡന്റ്‌ ബുഷ്‌ പറഞ്ഞതും ഇതുതന്നെയാണ്‌. ആഫ്രിക്കന്‍ രാജ്യങ്ങളിലെ (അമേരിക്കയിലല്ല) പട്ടിണിക്ക്‌ പ്രതിവിധിയായി അദ്ദേഹം നിര്‍ദേശിച്ചതും ജനിതകമാറ്റം വരുത്തിയ വിത്തുകളായിരുന്നു. ഇത്രകാലം കഴിഞ്ഞിട്ടും 25-ഓളം രാജ്യങ്ങളില്‍ മാത്രമേ ജി.എം.വിളകള്‍ എത്തിയിട്ടുള്ളൂ. ഇതില്‍ത്തന്നെ നാല്‌ രാജ്യങ്ങളില്‍മാത്രമേ വ്യാപകമായി ജി.എം.വിളകള്‍ കൃഷിചെയ്യുന്നുള്ളൂ എന്നാണെന്റെ അറിവ്‌. അമേരിക്ക, അര്‍ജന്റീന, ബ്രസീല്‍, കാനഡ എന്നിവിടങ്ങളില്‍ കൃഷി ചെയ്യുന്ന സോയ, ചോളം തുടങ്ങിയ പലതും കന്നുകാലിത്തീറ്റയ്‌ക്കും ഇന്ധന ഉത്‌പാദനത്തിനുമാണ്‌ ഉപയോഗിക്കുന്നതെന്നും അറിയുന്നു.

കേരളത്തിലെ വാണിജ്യവിളകളുടെ വിപണി യൂറോപ്യന്‍ രാജ്യങ്ങളും മറ്റുമാണ്‌. ഇവിടെയെല്ലാം തന്നെ ഇത്തരം വിളകളോടുള്ള എതിര്‍പ്പ്‌ വര്‍ധിച്ചുവരികയും ജി.എം.വിളകള്‍ നിരോധിക്കപ്പെട്ടിരിക്കുകയുമാണ്‌. ഇത്‌ നമ്മുടെ നാണ്യവിളകളുടെയും മറ്റും കയറ്റുമതി സാധ്യതകളെ വിപരീതമായി ബാധിക്കും.

ആദ്യമേ സൂചിപ്പിച്ചതുപോലെ വിദഗ്‌ധമായ ഒരു ശാസ്‌ത്രീയ വിശകലനത്തിനു ഞാന്‍ മുതിരുന്നില്ല. എന്നാല്‍ ജി.എം. വിളകളെ സംബന്ധിക്കുന്ന ചില സാമൂഹികസാമ്പത്തിക പ്രശ്‌നങ്ങളില്‍ സ്‌പര്‍ശിക്കുവാനാണ്‌ ഞാനാഗ്രഹിക്കുന്നത്‌.

ഈ വിത്തുകള്‍ ചില വിദേശ കുത്തക കമ്പനികളുടൈ സൃഷ്‌ടിയാണെന്നത്‌ നിസ്സാരവത്‌കരിച്ചു കാണാനാവുകയില്ല. ലാഭം നിലനിര്‍ത്തുവാന്‍ അവര്‍ അന്തക വിത്തുകളുത്‌പാദിപ്പിച്ചതും മറക്കാറായിട്ടില്ല. വഴുതനങ്ങയില്‍ ആരംഭിച്ച്‌ പല വിളകളിലൂടെയും കടന്ന്‌ നമ്മുടെ കാര്‍ഷികവിളകളുടെ മേല്‍ പിടിമുറുക്കിക്കഴിഞ്ഞാല്‍ അടുത്തപടി എന്താകുമെന്ന്‌ ഭയാശങ്കകളോടെ ആലോചിക്കുന്നത്‌ ഒരുവലിയ തെറ്റല്ല എന്നുതന്നെയാണ്‌ അഭിപ്രായം.

നമ്മുടെ ആരോഗ്യം സുരക്ഷാഭീഷണമായ ഒരുഭാവിയെ നേരിടുന്നു. കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വര്‍ധിക്കുന്നു.

ഇവയ്‌ക്കെല്ലാം നമ്മുടെ ഭക്ഷണരീതികളുമായി ബന്ധമുണ്ടെന്ന അഭിപ്രായം ബലപ്പെടുന്നുമുണ്ട്‌. ഈ സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനപോലുള്ള ഒരു സംവിധാനം ജി.എം. വിളകള്‍ സൃഷ്‌ടിക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പഠിക്കുകയും അവ അപകടരഹിതമാണെന്ന്‌ പ്രഖ്യാപിക്കുകയുംവേണം. ഉടനടിഫലം കണ്ടില്ലെങ്കിലും ഈ ഭക്ഷ്യവിളകള്‍ സൃഷ്‌ടിക്കുന്ന 'ക്രോണിക്‌ ഡോസി'നെ പഠനവിഷയമാക്കണമെന്ന്‌ ഡോ. സ്വാമിനാഥന്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഈ ഭക്ഷ്യവസ്‌തുതകളെപ്പറ്റിയുള്ള ഗവേഷണം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നമ്മുടെ സ്വന്തം ലബോറട്ടറികളില്‍തന്നെ നടത്തണമെന്നതും പ്രാധാന്യമര്‍ഹിക്കുന്ന വസ്‌തുതയാണ്‌. വ്യത്യസ്‌ത ശാസ്‌ത്രസമൂഹങ്ങളുമായും സംസ്ഥാനങ്ങളുമായും ഈ വിളകള്‍ക്ക്‌ അനുമതിനല്‌കുുന്ന കാര്യവും വിശദമായ ചര്‍ച്ചയ്‌ക്ക്‌ വിഷയമാക്കണം.

എന്തായാലും ഒരുകീടത്തെ നശിപ്പിക്കുവാന്‍ ശേഷിയുള്ള വിഷവസ്‌തു സൃഷ്‌ടിക്കുന്ന ബാക്ടീരിയയുടെ ജീനാണ്‌ വഴുതനയിലേക്ക്‌ കടത്തിവിടുന്നതെന്നും ഇത്‌ വഴുതനങ്ങയെ വിഷമയമാക്കാനും മനുഷ്യദഹനേന്ദ്രിയ വ്യവസ്ഥയിലേക്ക്‌ കടക്കാനും സാധ്യതയുണ്ടെന്നും മനസ്സിലാക്കുവാന്‍ വലിയ ശാസ്‌ത്രബോധം ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

ലോകമൊട്ടാകെതന്നെ വിവാദവിഷയമായിക്കഴിഞ്ഞ ഈ ജി.എം.വിളകളെ ഭാരതത്തിലേക്ക്‌ കടത്തിവിടുവാന്‍ ഇത്ര തിടുക്കമെന്തിനാണെന്ന്‌ മനസ്സിലാകുന്നില്ല. പരമ്പരാഗതമായി നാം കൃഷിചെയ്‌തുവരുന്ന രണ്ടായിരം ഇനം വഴുതനങ്ങ ഇനങ്ങളെ അപേക്ഷിച്ച്‌ ഈ ബി.ടി. വഴുതനങ്ങയ്‌ക്കുള്ള മേന്മയെന്താണെന്നും മനസ്സിലായിട്ടില്ല.

എന്നാല്‍ അസന്ദിഗ്‌ധമായി പറയുവാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്‌. കര്‍ഷകരോടാണ്‌ ഞങ്ങളുടെ ബാധ്യത. ഭക്ഷ്യവിഷയത്തിലെ പരമാധികാരം ബലികഴിക്കുവാന്‍ ഞങ്ങള്‍ക്കാഗ്രഹമില്ല. നമ്മുടെ കര്‍ഷക സമൂഹത്തെ വിദേശ വിത്തുകമ്പനികളുടെ ചൂഷണത്തിനിരയാക്കുന്നതും ഭക്ഷ്യപരമാധികാരത്തെ വെല്ലുവിളിക്കുന്നതുമായ ഒന്നിനോടും സന്ധിയില്ല.

നമ്മുടെ രാഷ്ട്രപിതാവ്‌ സ്വാതന്ത്ര്യസമരത്തിലെ ഒരു പ്രധാന ആയുധമാക്കിയത്‌ പരുത്തിയെയാണ്‌. ലോകത്തെ മുഴുവന്‍ പരുത്തിക്കൃഷിയെയും കുത്തക വിത്തുകമ്പനികള്‍ കൈപ്പിടിയിലൊതുക്കിയിരിക്കുന്നു. ഇത്‌ നമുക്കൊരു അനുഭവ പാഠമാവണം.

'ചതിയുടെ വിത്തുകള്‍' എന്ന പ്രശസ്‌ത ഗ്രന്ഥത്തിലെ ഒരുവരി എടുത്തെഴുതിക്കൊണ്ട്‌ ഈ കുറിപ്പ്‌ അവസാനിപ്പിക്കാം.

''ജി.എം. വിത്തുകള്‍ എലികള്‍ തിന്നുന്നില്ല. പന്നിയും പശുവും അണ്ണാനും എല്ലാം ജി.എം. വിത്തുകളെ തിരസ്‌കരിക്കുന്നു. നമുക്കറിയാത്ത എന്താണ്‌ അവയ്‌ക്കറിയാവുന്നത്‌.''

ഇതൊരു സാങ്കേതികവിദ്യയോടുള്ള എതിര്‍പ്പല്ല, നമ്മുടെ കര്‍ഷകരുടെ കാര്യമാണ്‌. നമ്മുടെ ആഹാരത്തിന്റെ കാര്യമാണ്‌. അപായശങ്കകള്‍ നിറഞ്ഞതും സുനിശ്ചിതമായ സുരക്ഷ ഉറപ്പാക്കാത്തതുമായ ഈ വിദേശ കമ്പനിയുടെ വിത്തുകള്‍ക്കും വിളകള്‍ക്കും നാം പരീക്ഷണമൃഗങ്ങളാകണോ എന്നതാണ്‌ പ്രശ്‌നം.

കടപ്പാട് - മാതൃഭൂമി
ബഹുമാനപ്പെട്ട കൃഷിമന്ത്രി മുല്ലക്കര രത്നാകരന് അഭിനന്ദനങ്ങള്‍

1 അഭിപ്രായം: