കൊടിനിറം നോക്കാതെ നോക്കുകൂലി; തരപ്പെട്ടത് 88,800 രൂപ
സീതത്തോട്: കൊടിനിറം നോക്കാതെ നോക്കുകൂലിക്കായി തൊഴിലാളിയൂണിയനുകള്‍ ഒന്നിച്ചുനിന്നപ്പോള്‍ തരപ്പെട്ടത് 88,800 രൂപ. ഞായറാഴ്ച ശബരിഗിരി പദ്ധതിയുടെ മൂഴിയാര്‍ പവര്‍ഹൗസിലാണ് സംഭവം.
വൈദ്യുതിബോര്‍ഡിന്റെ ക്രെയിന്‍ ഉപയോഗിച്ച് ട്രാന്‍സ്‌ഫോര്‍മര്‍ ലോറിയില്‍ കയറ്റുന്നത് കണ്ടുനിന്നതിനാണ് തൊഴിലാളിയൂണിയനുകള്‍ 88,800 രൂപ നോക്കുകൂലി വാങ്ങിയത്.
സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ്, എ.ഐ.ടി.യു.സി. എന്നിവയടക്കം ആങ്ങമൂഴിയിലെ 11 യൂണിയനുകളില്‍ നിന്നുള്ള 62 തൊഴിലാളികളാണ് സ്ഥലത്ത് എത്തിയിരുന്നത്. 1,68,000 രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടതെങ്കിലും ഒത്തുതീര്‍പ്പുപ്രകാരം തുക കുറയ്ക്കുകയായിരുന്നു. ഉപയോഗശൂന്യമായതിനെത്തുടര്‍ന്ന് വൈദ്യുതിബോര്‍ഡ് ലേലംചെയ്തുനല്‍കിയ നാല് ട്രാന്‍സ്‌ഫോര്‍മറുകള്‍ കൊണ്ടുപോകാനെത്തിയ കരാറുകാരനില്‍നിന്നാണ് നോക്കുകൂലി വാങ്ങിയത്.
30 ടണ്‍ ഭാരം വരുന്ന ട്രാന്‍സ്‌ഫോര്‍മര്‍ ക്രെയിനിന്റെ സഹായത്തോടെ മാത്രമേ ലോറിയില്‍ കയറ്റാന്‍ കഴിയുകയുള്ളൂ എന്നിരിക്കെയാണ് യൂണിയനുകള്‍ വന്‍ തുക നോക്കുകൂലി ആവശ്യപ്പെട്ടത്. അതേസമയം ഒരു ടണ്‍ കോപ്പര്‍ കയറ്റുന്നതിന് 1700-ഉം ഇരുമ്പ് കയറ്റുന്നതിന് 700-ഉം രൂപ നിലവില്‍ കൂലിയുണ്ടെന്നും ട്രാന്‍സ്‌ഫോര്‍മറുകള്‍ പൊളിച്ചുനല്‍കിയാല്‍ ഇവ കയറ്റാന്‍ തൊഴിലാളികള്‍ തയ്യാറായിരുന്നുവെന്നും യൂണിയന്‍ നേതാക്കള്‍ പറയുന്നു.
27,000 രൂപ വൈദ്യുതിബോര്‍ഡിന് വാടക നല്‍കിയാണ് ബോര്‍ഡിന്റെ ക്രെയിന്‍ കരാറുകാരന്‍ ഉപയോഗിച്ചത്. ഏകദേശം മൂന്ന് മണിക്കൂര്‍കൊണ്ട് ഈ ജോലി പൂര്‍ത്തിയാക്കുകയും ചെയ്തു.
കടപ്പാട് - മാതൃഭൂമി
നോക്കുകൂലിക്ക് അവസാനമില്ലേ?
മറുപടിഇല്ലാതാക്കൂനോക്കുകൂലി, ഭൂതപ്പണം, തൊഴില്‍ മറിച്ചുവില്‍ക്കല്‍ തുടങ്ങി തൊഴിലാളിവര്‍ഗത്തിനു ചീത്തപ്പേരുണ്ടാക്കുന്ന അധമ ശൈലി ഉപേക്ഷിക്കാന്‍ സിഐടിയു സംസ്ഥാന സമ്മേളനം തീരുമാനിച്ചതു കഴിഞ്ഞ മാസം. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാകട്ടെ, നോക്കുകൂലി എന്ന അനാശാസ്യ പ്രവണത അവസാനിപ്പിച്ചേ തീരൂ എന്ന മട്ടില്‍ പ്രഖ്യാപനങ്ങള്‍ രണ്ടു വര്‍ഷമായി നടത്തി വരുന്നു. സിഐടിയുവിന്റെ പ്രാദേശിക നേതാക്കളും തൊഴിലാളികളും ഇത് അക്ഷരംപ്രതി പാലിച്ചിരുന്നെങ്കില്‍ കേരളത്തില്‍ വികസനോന്മുഖമായ തൊഴില്‍ സംസ്കാരം പിറന്നേനെ. ഏറ്റവും പ്രബലമായ യൂണിയന്‍ എന്ന നിലയില്‍ സിഐടിയുവിന്റെ മാതൃക പിന്തുടരാന്‍ മറ്റു യൂണിയനുകളും നിര്‍ബന്ധിതമാകുകയും ചെയ്യും.
എന്നാല്‍
നോക്കുകൂലി എന്ന ഭീഷണിപ്പണം വാങ്ങാന്‍ യൂണിയനുകളെല്ലാം ഒറ്റക്കെട്ടുതന്നെ. പത്തനംതിട്ട ജില്ലയിലെ ശബരിഗിരി പദ്ധതിയുടെ മൂഴിയാര്‍ പവര്‍ ഹൌസില്‍ കണ്ടംചെയ്ത നാലു ട്രാന്‍സ്ഫോമറുകള്‍ ലോറിയില്‍ കയറ്റാന്‍ കൊടി നിറം നോക്കാതെ യൂണിയനുകള്‍ ഒത്തുചേര്‍ന്നു വാങ്ങിയത് 88,800 രൂപ. വൈദ്യുതി ബോര്‍ഡിന്റെ ക്രെയിന്‍ ഉപയോഗിച്ചാണു ട്രാന്‍സ്ഫോമറുകള്‍ ലോറിയില്‍ കയറ്റിയത്. സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ്, എഐടിയുസി എന്നിവയടക്കം 11 യൂണിയനുകളിലെ 62 തൊഴിലാളികള്‍ 18 കിലോമീറ്റര്‍ അകലെയുള്ള ആങ്ങമൂഴിയില്‍നിന്നു സ്ഥലത്തെത്തി കാഴ്ചക്കാരായി നിലകൊണ്ടു. 1,68,000 രൂപയാണ് അതിന് ആവശ്യപ്പെട്ടതെങ്കിലും ഒത്തുതീര്‍പ്പു
പ്രകാരം തുക കുറയ്ക്കുകയായിരുന്നു. മുപ്പതു ടണ്‍ ഭാരമുള്ള ട്രാന്‍സ്ഫോമര്‍ ലോറിയില്‍ കയറ്റാന്‍ ക്രെയിന്‍ വേണം, വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്കേ അതു ചെയ്യാനാവൂ.
ആ നിലയ്ക്കു വാങ്ങിയതു നോക്കുകൂലിതന്നെ. ഇതേപ്പറ്റി അന്വേഷിക്കുമെന്നു പറയുന്ന സിഐടിയു, എഐടിയുസി നേതൃത്വങ്ങള്‍ ഭീഷണിപ്പണം പങ്കുവയ്ക്കുന്നതിനെച്ചൊല്ലി തൊഴിലാളികളും പ്രാദേശിക നേതാക്കളും തമ്മില്‍ ചൊരിഞ്ഞ ആരോപണങ്ങളെക്കുറിച്ചു കൂടി അന്വേഷിക്കണം.
തൊഴിലാളികളുടെയും തൊഴില്‍ ഉടമകളുടെയും കച്ചവടക്കാരുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സാധാരണക്കാരുടെയും താല്‍പര്യങ്ങള്‍ ഒരുപോലെ സംരക്ഷിച്ചു കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന ചുമട്ടുതൊഴിലാളി നിയമം അട്ടിമറിച്ച പുതിയ ഭരണ നേതാക്കള്‍ ഇനിയെങ്കിലും കേരളത്തോട് ആത്മാര്‍ഥത കാട്ടണം. ഭൂതപ്പണംമൂലം ചരക്കു കപ്പലുകള്‍ കൊച്ചി തുറമുഖത്തെ ഒഴിവാക്കുന്ന ഒരു കാലമുണ്ടായിരുന്നു. തുറമുഖത്തിന്റെ മാത്രമല്ല, കേരളത്തിന്റെ സമ്പദ് വ്യവസ്ഥ വരെ ഈ യൂണിയന്‍ ഭൂതങ്ങള്‍ അട്ടിമറിക്കുകയും ചെയ്തു. തുറമുഖത്തെ അനാശാസ്യ പ്രവണതകള്‍ക്കു തടയിടാനായതു രാഷ്ട്രീയ, ഭരണ നേതൃത്വങ്ങളുടെ ഇടപെടല്‍കൊണ്ടുതന്നെ. ആ നിലയ്ക്കു സംസ്ഥാനമൊട്ടാകെ നോക്കുകൂലി അവസാനിപ്പിക്കുന്നതിനും രാഷ്ട്രീയ, ഭരണ നേതൃത്വങ്ങള്‍ക്കു കഴിയുമെന്നാണു ജനങ്ങളുടെ പ്രതീക്ഷ.
തൊഴിലാളിയുടെ അധ്വാനത്തിനു ന്യായമായ പ്രതിഫലം കിട്ടിയേ തീരൂ. പക്ഷേ അധ്വാനിക്കാതെ നോക്കി നില്‍ക്കുന്നവനു കൂലി എന്നത് അധാര്‍മികമാണെന്നു മാത്രമല്ല, ഒരു വിധത്തില്‍ പറഞ്ഞാല്‍ നാട്ടുകാരെ കൊള്ളയടിക്കല്‍ കൂടിയാണ്. തൊഴില്‍ പ്രശ്നമെന്ന നിലയ്ക്കു പൊലീസ് ഇക്കാര്യത്തില്‍ ഇടപെടാതെ മാറി നില്‍ക്കുന്നതിനാല്‍ മുഷ്ടിബലത്തിനു മുന്നില്‍ ജനങ്ങള്‍ക്കു മുട്ടുമടക്കേണ്ടി വരുന്നു. കോടതി നിര്‍ദേശിച്ചിട്ടും സംരക്ഷണം നല്‍കാതെ രാഷ്ട്രീയ നേതൃത്വങ്ങളുമായി പൊലീസ് ഒത്തുകളിച്ചു. നിയമവാഴ്ച ഇങ്ങനെയും തകര്‍ന്നതിനാല്‍ വ്യവസായികള്‍ക്കു കേരളത്തോട് അപ്രിയം തോന്നിയതു സ്വാഭാവികം. ഈ അന്യായമായ പിടിച്ചുവാങ്ങല്‍ നിന്നാല്‍ത്തന്നെ സംസ്ഥാനത്തു വ്യവസായം വളരും. വ്യവസായശാലകളിലും അനുബന്ധ മേഖലകളിലുമായി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകും.
സംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കു കൂടുതല്‍ വരുമാനവും കുടുംബ സുരക്ഷയും ഉറപ്പാണ്. ആ നിലയ്ക്കു പുതിയ തൊഴില്‍ സംസ്കാരം സംസ്ഥാനത്തിനുതന്നെ ഗുണകരമാകും. മറിച്ചു നോക്കുകൂലി സാധാരണക്കാരെ കൂടി പിഴിയുന്ന രാഷ്ട്രീയ ചൂഷണവും.
എന്തായാലും പറച്ചിലിന് അപ്പുറത്തേക്കു യൂണിയനുകള്‍ നീങ്ങിയേ തീരൂ. പ്രഖ്യാപനങ്ങള്‍ക്ക് അനുസൃതമായി സിപിഎം, സിഐടിയു നേതാക്കള്‍ കര്‍ശനമായി വിലക്ക് ഏര്‍പ്പെടുത്തിയാല്‍ നോക്കുകൂലിക്ക് കൈനീട്ടാന്‍ മറ്റുള്ള യൂണിയനുകളിലെ തൊഴിലാളികള്‍ കൂടി മടിക്കും. അവരെ ജനങ്ങള്‍ ഒറ്റപ്പെടുത്തുകതന്നെ ചെയ്യും. എന്നാല്‍ കോണ്‍ഗ്രസ്, സിപിഐ, ബിജെപി പാര്‍ട്ടികള്‍ വ്യക്തമായ നയം ഇതുവരെ പ്രഖ്യാപിക്കാത്തത് ഒരുതരം ഒളിച്ചുകളിയും ചൂഷണത്തിനു സഹായകമായ നിലപാടുംതന്നെയാണ്. എല്ലാ യൂണിയനുകളും ജനങ്ങളോടുള്ള പ്രതിബദ്ധത വ്യക്തമാക്കട്ടെ.
മനോരമ എഡിറ്റോറിയല്‍ 24-02-10
നോക്കുകൂലി: ജനങ്ങളെ വിഡ്ഢികളാക്കരുത്
മറുപടിഇല്ലാതാക്കൂനോക്കുകൂലി വാങ്ങരുതെന്ന് പ്രമുഖ തൊഴിലാളിസംഘടനകളും നേതാക്കളും നല്‍കിയിട്ടുള്ള നിര്‍ദേശത്തിന് തൊഴിലാളികളില്‍ പലരും പുല്ലുവിലപോലും കല്പിക്കുന്നില്ല. ശബരിഗിരിപദ്ധതിയുടെ മൂഴിയാര്‍ പവര്‍ഹൗസില്‍ വൈദ്യുതി ബോര്‍ഡിന്റെ ക്രെയിന്‍ ഉപയോഗിച്ച് ട്രാന്‍സ്‌ഫോര്‍മര്‍ ലോറിയില്‍ കയറ്റുന്നത് നോക്കിനിന്നതിന് തൊഴിലാളി യൂണിയനുകള്‍ വന്‍തുക കൂലി വാങ്ങിയെന്ന റിപ്പോര്‍ട്ട്, ഈ അനീതി അവസാനിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നവരിലെല്ലാം ആശങ്കയും അമര്‍ഷവും ഉണ്ടാക്കുന്നതാണ്. കൊടിനിറം നോക്കാതെ അവിടെ വിവിധയൂണിയനുകള്‍ ഇതിനായി ഒന്നിച്ചുനിന്നു. ഈ 'ഐക്യബോധം' നോക്കുകൂലി എന്ന അന്യായം തടയുന്നതിനാണ് കാണിച്ചിരുന്നതെങ്കില്‍ പ്രബുദ്ധകേരളം അവരെച്ചൊല്ലി അഭിമാനിക്കുമായിരുന്നു. നോക്കുകൂലി വാങ്ങിയ തൊഴിലാളികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ ലേബര്‍ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. പണം വാങ്ങിയ എല്ലാ തൊഴിലാളികളുടെയും രജിസ്‌ട്രേഷന്‍ കാര്‍ഡ് റദ്ദാക്കാനാണ് നിര്‍ദേശം. അവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ ബന്ധപ്പെട്ട തൊഴിലാളിസംഘടനകളും തയ്യാറാകണം.
തൊഴിലാളികളുടെ ക്ഷേമത്തിനും അവകാശസംരക്ഷണത്തിനും മാതൃകാപരമായ പ്രവര്‍ത്തനത്തിനും സഹായകമാകേണ്ട സംഘബലം പകല്‍ക്കൊള്ളയുടെ പര്യായമായ നോക്കുകൂലിക്കായും ഉപയോഗിക്കുന്നവര്‍ തൊഴിലാളിവര്‍ഗത്തിനുമാത്രമല്ല പരിഷ്‌കൃതസമൂഹത്തിനുതന്നെ അപമാനമാണ്. തൊഴില്‍ സംബന്ധിച്ചുള്ള തത്ത്വശാസ്ത്രങ്ങള്‍ക്കോ കീഴ്‌വഴക്കങ്ങള്‍ക്കോ ഒട്ടും നിരക്കാത്ത നോക്കുകൂലി കേരളത്തിന്റെ ശാപമായിട്ട് ഏറെക്കാലമായി. അതിന്റെ ദുരിതം അനുഭവിക്കുന്നവരില്‍ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും സാധാരണക്കാരും ദരിദ്രരുമെല്ലാം ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന്റെ വികസനത്തെയും ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. തൊഴിലാളികളുടെ ഭീഷണിമൂലം നോക്കുകൂലി കൊടുക്കാന്‍ നിര്‍ബദ്ധരാകുന്നവര്‍ക്ക് ധനനഷ്ടം മാത്രമല്ല ഉണ്ടാകുന്നത്. അവരുടെ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റംകൂടിയാണത്. നോക്കുകൂലി ഏതു തൊഴിലാളിവര്‍ഗത്തിന്റെ അവകാശമാണെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ചോദിക്കുകയുണ്ടായി. തൊഴിലാളികള്‍ നോക്കുകൂലിയും മറ്റും വാങ്ങിയാല്‍ അത് തിരികെ കൊടുപ്പിക്കുമെന്ന് സി.ഐ.ടി.യു. സംസ്ഥാനനേതൃത്വം കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. മറ്റു പല സംഘടനകളുടെയും നേതാക്കളില്‍നിന്ന് സമാനമായ പ്രസ്താവനകളുണ്ടായി. ഈ ദുഷ്പ്രവണതയ്‌ക്കെതിരെ സമൂഹത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വികാരമാവാം ഇതിനെതിരെ പ്രതികരിക്കാന്‍ വിവിധകക്ഷിനേതാക്കളെ പ്രേരിപ്പിച്ചത്.
തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകതന്നെ വേണം. നോക്കുകൂലി അവകാശമാക്കുന്നവര്‍ മൂല്യാധിഷ്ഠിതമായ തൊഴില്‍സങ്കല്പത്തെ തകര്‍ക്കുകയാണു ചെയ്യുന്നത്. ജോലിക്കു കൂലി നല്‍കാതിരിക്കുന്നതെന്നപോലെ ജോലിചെയ്യാതെ കൂലി വാങ്ങുന്നതും ചൂഷണമാണ്. തൊഴില്‍രംഗത്തെ ചൂഷണത്തിനെതിരെ ധീരമായി പോരാടിയിട്ടുള്ള കേരളത്തിലെ തൊഴിലാളികള്‍ക്കിടയില്‍ പടര്‍ന്ന ഈ ദുഷ്പ്രവണത മുളയിലേ നുള്ളിക്കളയാന്‍ അവരെ നയിക്കുന്നവര്‍ തയ്യാറായില്ലെന്നതു വലിയൊരു വൈരുധ്യമാണ്. നേതാക്കള്‍ പൊതുവേദിയില്‍ പ്രഖ്യാപനങ്ങള്‍ നടത്തുകയോ തൊഴിലാളിസംഘടനകള്‍ യോഗങ്ങളില്‍ തീരുമാനം എടുക്കുകയോ ചെയ്തതുകൊണ്ട് നോക്കുകൂലി അവസാനിക്കുകയില്ല. തൊഴിലാളിസംഘടനകളുമായി ബന്ധപ്പെട്ട മറ്റെല്ലാ കാര്യങ്ങളിലും അതിയായ താത്പര്യം കാണിക്കുന്ന നേതൃത്വങ്ങള്‍ നോക്കുകൂലി തടയുന്നതിനും പരാതി ഉണ്ടായാല്‍ തിരിച്ചുകൊടുപ്പിക്കുന്നതിനും രംഗത്തിറങ്ങാത്തതെന്തുകൊണ്ട്? സംഘടനാനേതൃത്വങ്ങള്‍ക്ക് തൊഴിലാളികളുടെമേല്‍ നിയന്ത്രണം നഷ്ടപ്പെട്ടോ? ഒരുവശത്ത് തൊഴിലാളികളും മറുവശത്ത് നേതാക്കളും ഇക്കാര്യ ത്തില്‍ തങ്ങളെ വിഡ്ഢികളാക്കുകയാണെന്ന തോന്നലാണ് പലേടത്തും തുടരുന്ന നോക്കുകൂലി ജനങ്ങളിലുണ്ടാക്കുന്നത്. അവരുടെ ക്ഷമയ്ക്ക് അതിരുണ്ട്. യൂണിയനുക ളും രാഷ്ട്രീയകക്ഷികളും വിചാരിച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമാണിത്. അതിനുള്ള നിശ്ചയദാര്‍ഢ്യവും പ്രതിബദ്ധതയും ഇനിയെങ്കിലും ബന്ധപ്പെട്ടവര്‍ക്കുണ്ടാകണം.
didn't I tell you that time itself.. this is not going to change... deepastampam mahascharyam enikkum kittanam panam :)
മറുപടിഇല്ലാതാക്കൂ