ചൊവ്വാഴ്ച, മേയ് 11, 2010

വീടുപണി സാമഗ്രികള്‍ ഇറക്കിയതിന് മര്‍ദ്ദിച്ചു

പോത്തന്‍കോട്: വീട് നിര്‍മിക്കുന്നതിന് കോണ്‍ക്രീറ്റ് ബ്ലോക്ക് ഇറക്കിയ വീട്ടമ്മയെയും ഭര്‍ത്താവിനെയും കയറ്റിറക്ക് തൊഴിലാളികള്‍ ആക്രമിച്ചതായി പരാതി. ഇ.എം.എസ്. പദ്ധതി പ്രകാരമാണ് വീട് നിര്‍മിക്കുന്നത്.

പോത്തന്‍കോട് പ്ലാമൂട് അമ്മാണ്ടംവാരം കുന്നുപുറത്തുവീട്ടില്‍ വേണുഗോപാലന്‍ (43), ഭാര്യ പ്രേമലത (37) എന്നിവര്‍ക്ക് നേരെയാണ് അക്രമണം നടന്നത്. പ്രേമലതയുടെ കൈ മര്‍ദ്ദനത്തില്‍ ഒടിഞ്ഞു.

ഇവരുടെ വയറിനും ചവിട്ടില്‍ പരിക്കേറ്റു. ഭര്‍ത്താവ് വേണുഗോപാലിനും മകന്‍ ശബരിക്കും പരിക്കുണ്ട്. ഇവര്‍ മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ചികിത്സയിലാണ്. മെയ് ആറിനായിരുന്നു സംഭവം.
ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോത്തന്‍കോട് പോലീസ് തേരുവിള സ്വദേശികളും ബി.എം.എസ്. തൊഴിലാളി യൂണിയന്‍ അംഗങ്ങളുമായ മധുസൂദനന്‍, ശശി, സുരേന്ദ്രന്‍ നായര്‍, മനോഹരന്‍, ബാബു എന്ന അശോകന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാലേബര്‍ ഓഫീസര്‍ എ.ബി. ഗീതാകുമാരി തിങ്കളാഴ്ച സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഇവരുടെ കാര്‍ഡുകള്‍ റദ്ദാക്കുമെന്നും ലേബര്‍ ഓഫീസര്‍ അറിയിച്ചു.

വീട് പണിയാനുള്ള സാധനങ്ങള്‍ ഇറക്കുന്നതിന് വേണുഗോപാല്‍ ലേബര്‍ ഓഫീസില്‍ നിന്ന് അനുവാദം വാങ്ങിയിരുന്നു. ഇത് കാണിച്ചെങ്കിലും തൊഴിലാളികള്‍ സാധനങ്ങള്‍ ഇറക്കുന്നതില്‍ നിന്നും പിന്മാറിയില്ല. ഇതേത്തുടര്‍ന്നുള്ള തര്‍ക്കത്തിനിടയിലാണ് വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായത്.
കടപ്പാട് - മാതൃഭൂമി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ