ബുധനാഴ്‌ച, ജൂൺ 30, 2010

ആന തടി കയറ്റിയതിനും നോക്കുകൂലി

അടൂര്‍: ആനയെക്കൊണ്ട് ലോറിയില്‍ തടി കയറ്റിയതിനും നോക്കുകൂലി. അടൂര്‍ മേലൂട് ലക്ഷ്മിശ്രീയില്‍ സുരേന്ദ്രന്റെ പക്കല്‍നിന്നാണ് യൂണിയന്‍കാര്‍ നോക്കുകൂലിയായി 1500 രൂപ ഈടാക്കിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. സി.ഐ.ടി.യു., ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി.,ബി.എം.എസ്. യൂണിയനുകളില്‍പ്പെട്ടവരടങ്ങുന്ന സംഘമാണ് പണം വാങ്ങിയതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.


അടൂര്‍ പുതിയകാവില്‍ ചിറ ഭാഗത്ത് നിന്ന തേക്ക്, വീടുപണിക്കായാണ് സുരേന്ദ്രന്‍ വാങ്ങിയത്. താഴ്ചയില്‍നിന്ന് മുറിച്ച തേക്ക് ലോറിയിലാക്കാന്‍ ആനയെ കൊണ്ടുവന്നു. 2750 രൂപ കൂലിയിനത്തില്‍ ചെലവായി. തടി കയറ്റി ലോറി പുറപ്പെട്ടപ്പോള്‍ യൂണിയന്‍കാരെത്തി തടഞ്ഞു. നോക്കുകൂലിയായി അവര്‍ ആവശ്യപ്പെട്ട പണം കൊടുത്തശേഷമാണ് ലോറി പോകാനനുവദിച്ചത്. ഇതിനിടെ ലോറിയില്‍നിന്ന് റോഡില്‍ വീണ രണ്ടു കഷണം തടി തിരികെ ലോറിയില്‍ കയറ്റാന്‍പോലും യൂണിയന്‍കാര്‍ തയ്യാറായതുമില്ല.
കടപ്പാട് - മാതൃഭൂമി

ശനിയാഴ്‌ച, ജൂൺ 26, 2010

അരലക്ഷം രൂപ: നോക്കുകൂലി കേട്ടു മന്ത്രി കരിം ഞെട്ടി!

മാരാരിക്കുളം: പൊതുമേഖലയില്‍ ജീവന്‍രക്ഷാ ഔഷധങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയായ കെഎസ്ഡിപിയില്‍ പുതിയ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റിങ് നടത്താ ന്‍ സിഐടിയു അടക്കമുള്ള യൂണിയനുകള്‍ ചേര്‍ന്നു കരാറുകാരനില്‍നിന്നു നോക്കുകൂലിയായി ആവശ്യപ്പെട്ടത് അരലക്ഷം രൂപ.

സ്ഥലത്ത് നിര്‍മാണ പുരോഗതി വിലയിരുത്താനെത്തിയ വ്യവസായ മന്ത്രി എളമരം കരീം യൂണിയനുകള്‍ ആവശ്യപ്പെട്ട തുക കേട്ടു ഞെട്ടി. നോക്കുകൂലി ആവശ്യപ്പെടുന്ന തൊഴിലാളികളെ കമ്പനിയിലെ ജീവനക്കാര്‍തന്നെ നേരിടണമെന്നു നിര്‍ദേശിച്ച മന്ത്രി പണം നല്‍കരുതെന്നു കരാറുകാരനോടു പറഞ്ഞു.

സിഐടിയു ജില്ലാ നേതാവിനെ സാക്ഷിയാക്കിയായിരുന്നു മന്ത്രിയുടെ നിര്‍ദേശം. എന്നാല്‍ 25000 രൂപ നോക്കുകൂലിയായി നല്‍കാമെന്നു കരാറുകാരന്‍ നേരത്തേ തൊഴിലാളി നേതാക്കളുമായി ധാരണയായിരുന്നു. ഇതേ തുടര്‍ന്നാണു നിര്‍മാണം ആരംഭിക്കാനായത്.നവീകരണത്തിനു ബജറ്റില്‍ വകകൊള്ളിച്ച തുക വിനിയോഗിച്ചു കെഎസ്ഡിപിയില്‍ കെട്ടിട നിര്‍മാണം ആരംഭിച്ചിട്ടു മാസങ്ങള്‍ പിന്നിടുന്നു. ഇതിനിടെ തൊഴില്‍ത്തര്‍ക്കത്തെ തുടര്‍ന്നു മൂന്നു മാസത്തോളം നിര്‍മാണം തടസ്സപ്പെടുകയും ചെയ്തു. ഇവയെല്ലാം പരിഹരിച്ചു നിര്‍മാണം പുരോഗമിച്ചുതുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിടുന്നതേയുള്ളൂ. 7200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തിന്റെ ഒന്നാം ഘട്ട കോണ്‍ക്രീറ്റിങ്ങാണ് ഇന്നലെ ആരംഭിച്ചത്.

ഇതിനാണ് അഞ്ചു യൂണിയനുകള്‍ ചേര്‍ന്നു 50000 രൂപ നോക്കുകൂലി ആവശ്യപ്പെട്ടത്.
എന്നാല്‍ ഇത്ര വലിയ തുക നല്‍കാന്‍ കഴിയില്ലെന്നു വാദിച്ച കരാറുകാരന്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ 25000രൂപ നല്‍കാമെന്നു സമ്മതിക്കുകയായിരുന്നു.

നിര്‍മാണത്തിനു യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന തൊഴില്‍ നഷ്ടത്തിന്റെ പേരിലാണ് യൂണിയനുകള്‍ നോക്കുകൂലി ആവശ്യപ്പെട്ടത്. കമ്പനിയില്‍ സന്ദര്‍ശനം നടത്തിയ മന്ത്രി കെട്ടിടത്തിന്റെ നിര്‍മാണം സെപ്റ്റംബര്‍ 30നു മുന്‍പ് തീര്‍ക്കണമെന്നും ഡിസംബര്‍ രണ്ടാം വാരം പുതിയ കെട്ടിടത്തിലേക്കു പ്രവേശിക്കണമെന്നും നിര്‍ദേശിച്ചു. കോമളപുരം സ്പിന്നിങ് ആന്‍ഡ് വീവിങ് മില്ലും മന്ത്രി സന്ദര്‍ശിച്ചു.
കടപ്പാട് - മനോരമ

ശനിയാഴ്‌ച, ജൂൺ 19, 2010

നാശം വിതക്കുന്ന സമരമുറകള്‍

ഈ നാട് നല്ലാവില്ല. കാരണം അക്രമരാഷ്ട്രീയം തന്നെ. ഇത്തരം സമരങ്ങള്‍ ആര്‍ക്കെതിരായിട്ടാണ്?
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക്‌കെ.പി.എം.എസ്. നടത്തിയ സമരം അക്രമാസക്തമായതിനെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി.യ്ക്ക് നാലുലക്ഷത്തിന്റെ നഷ്ടം. ക്ഷാമബത്ത നല്‍കാന്‍പോലും പണമില്ലാതെ വട്ടംകറങ്ങുമ്പോഴാണ് കോര്‍പ്പറേഷന് ഇത്രയും നഷ്ടമുണ്ടായത്. പുതിയ ലോഫ്‌ളോര്‍ ബസ് ഉള്‍പ്പെടെ 10 ബസ്സുകള്‍ക്ക്‌നേരേയാണ് അക്രമമുണ്ടായത്. ലോ ഫ്‌ളോര്‍ ബസ്സിന്റെ ഗ്ലാസ് തകര്‍ത്തത് 40,000 രൂപയുടെ നഷ്ടമുണ്ടാക്കി.

വെള്ളനാട് ഡിപ്പോയുടെ അനന്തപുരി ബസ്സും അക്രമത്തിനിരയായി. പേരൂര്‍ക്കട ഡിപ്പോയുടെ അഞ്ചു ബസ്സും സിറ്റി ഡിപ്പോയുടെ മൂന്നുബസ്സും സമരക്കാര്‍ തകര്‍ത്തു. കെ.എസ്.ആര്‍.ടി.സി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) തോമസും സോണല്‍ മാനേജര്‍ ഗോപിനാഥന്‍നായരും നടത്തിയ തെളിവെടുപ്പില്‍ 3,95,000-നുമേല്‍ രൂപയുടെ നഷ്ടം കെ.എസ്.ആര്‍.ടി.സി.യ്ക്ക് ഉണ്ടായതായി കണ്ടെത്തി. അക്രമം കാരണം കെ.എസ്.ആര്‍.ടി.സി.യുടെ നിരവധി സര്‍വീസുകള്‍ മുടങ്ങിയതായി കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ അറിയിച്ചു.

കൊച്ചി: കോട്ടയം സി.എം.എസ്. കോളേജില്‍ വിദ്യാര്‍ത്ഥികള്‍ കാണിച്ച അതിക്രമം നിയമവാഴ്ചയോടുള്ള വെല്ലുവിളിയെന്ന് ഹൈക്കോടതി. കോളേജ് പ്രിന്‍സിപ്പലിനും ജീവനക്കാര്‍ക്കും പോലീസ് സംരക്ഷണം നല്‍കാനുള്ള ഇടക്കാല ഉത്തരവ് നിലനില്‍ക്കേ അക്രമം കാട്ടിയവര്‍ നിയമം കൈയിലെടുക്കുകയായിരുന്നുവെന്ന് ജസ്റ്റിസ് കെ.എം. ജോസഫും ജസ്റ്റിസ് എം.എല്‍. ജോസഫ് ഫ്രാന്‍സിസും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു.ഈ സാഹചര്യത്തില്‍ അടുത്ത പത്ത് ദിവസത്തേക്ക് കോളേജിലെ എല്ലാവര്‍ക്കും, സ്ഥാപനത്തിന്റെ സ്വത്തിനും, സുഗമമായ നടത്തിപ്പിനും പോലീസ് സംരക്ഷണം ഉറപ്പാക്കാനാണ് കോടതി വെള്ളിയാഴ്ച ഉത്തരവിട്ടിട്ടുള്ളത്.

അക്രമം ആര് കാണിച്ചാലും തടയണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിനുവേണ്ടി അഡ്വ. ജനറല്‍ സി.പി. സുധാകരപ്രസാദിനെ വിളിച്ചുവരുത്തിയാണ് ഈ ഉത്തരവ് നല്‍കിയത്. കോടതിയുടെ ഉത്തരവ് നിലനില്‍ക്കേ അക്രമം നടന്നത് കോടതിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടമാവാനിടയാക്കും എന്ന് ഡിവിഷന്‍ ബഞ്ച് ഓര്‍മിപ്പിക്കുകയും ചെയ്തു.
എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ സമരത്തെ തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പല്‍ നല്‍കിയ പോലീസ് സംരക്ഷണഹര്‍ജിയില്‍ പ്രിന്‍സിപ്പലിന്റെയും സ്റ്റാഫിന്റെയും ജീവന് സംരക്ഷണം നല്‍കാന്‍ ജൂണ്‍ 15ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് നല്‍കിയിരുന്നു. ഇത് നിലനില്‍ക്കേ വീണ്ടും അക്രമം നടന്നതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ നല്‍കിയ ഉപഹര്‍ജി കോടതി പരിഗണിച്ചത്.
കേരളം പോലൊരു സംസ്ഥാനത്താണ് ഇത് നടന്നതെന്നത് നാണക്കേടാണെന്നും കോടതി വിലയിരുത്തി. ഉച്ചയ്ക്ക്‌കേസ് അഡ്വ. ജനറലിന്റെ വാദത്തിന് മാറ്റിയിരുന്നു.

കോളേജില്‍ നടന്ന അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ ടി.വി. ചാനലില്‍ കണ്ട കാര്യം കോടതി അഡ്വ. ജനറലുമായി പങ്കുവെച്ചു. ഇത്തരം ദൃശ്യങ്ങള്‍ കോടതിയെ സ്വാധീനിക്കരുതെന്ന വസ്തുത വ്യക്തമാക്കിക്കൊണ്ടായിരുന്നു ഇത്. കോളേജിന്റെ വസ്തുവകകള്‍ ചിലര്‍ അടിച്ചു തകര്‍ക്കുന്ന ദൃശ്യമാണ് കണ്ടത്. ഇത്തരം അതിക്രമങ്ങള്‍ ഉണ്ടാകരുതെന്നുദ്ദേശിച്ചുള്ളതായിരുന്നു കോടതിയുടെ മുന്‍ ഉത്തരവ്. തികച്ചും നിയന്ത്രണം വിട്ടപോലെയുള്ള അതിക്രമമാണ് നടന്നത്. മറ്റുള്ളവരുടെ വസ്തുവകകള്‍ ഇത്തരത്തില്‍ നശിപ്പിക്കാന്‍ ഇവര്‍ക്കെങ്ങനെ ധൈര്യം വരുന്നുവെന്ന് കോടതി ചോദിച്ചു. ഒരുവിധത്തിലുള്ള അക്രമവും വച്ചുപൊറുപ്പിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. കോട്ടയം എസ്.പി., സി.ഐ, കോട്ടയം വെസ്റ്റ് സി.ഐ. എന്നിവര്‍ക്കാണ് കോടതി സംരക്ഷണ ഉത്തരവ് നല്‍കിയിട്ടുള്ളത്.
എസ്.എഫ്.ഐ. കോളേജ് യൂണിറ്റ് സെക്രട്ടറി എസ്. ദീപു, നിതിന്‍ചന്ദ്രന്‍, ജെയ്ക് സി. തോമസ്, വില്‍സണ്‍ കെ. അഗസ്റ്റിന്‍, കെ.ആര്‍. രാജേഷ് എന്നിവരും ഹര്‍ജിയിലെ എതിര്‍കക്ഷികളാണ്. ഇവരുടെ നിയമവിരുദ്ധപ്രവര്‍ത്തനംമൂലം മാസങ്ങളായി കോളേജിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുന്നുണ്ട്. അക്രമമാര്‍ഗം സ്വീകരിച്ച വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് ഹര്‍ജിയിലെ പരാതി. പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ആരോപണമുണ്ട്. ഇതിനിടെ കോടതി പോലീസ് സംരക്ഷണ ഉത്തരവ് നല്‍കിയെങ്കിലും അക്രമം ഉണ്ടായ സാഹചര്യം എസ്.പി. നേരിട്ടെത്തി വിശദീകരിക്കാന്‍ ഉത്തരവിടണമെന്ന് ഉപഹര്‍ജിയില്‍ ആവശ്യപ്പെടുന്നുമുണ്ട്. ഹര്‍ജി ജൂണ്‍ 24ന് വീണ്ടും പരിഗണനക്കെടുക്കും.

വെള്ളിയാഴ്‌ച, ജൂൺ 04, 2010

ശക്തരായ ചുമട്ട് തൊഴിലാളികള്‍

പാഠപുസ്തകത്തിന് അമിത കയറ്റിറക്ക് കൂലി; വിതരണം സ്തംഭിച്ചു

തിരുവനന്തപുരം: അമിതമായ കയറ്റിറക്ക് കൂലി ആവശ്യപ്പെട്ട് ചുമട്ടുതൊഴിലാളികള്‍ പാഠപുസ്തക വിതരണം സ്തംഭിപ്പിച്ചു. പേട്ടയിലെ ജില്ലാ ടെക്സ്റ്റ്ബുക്ക്ഓഫീസില്‍നിന്നും വിദ്യാലയങ്ങളിലേക്ക് പുസ്തകങ്ങള്‍ കൊണ്ടുപോകുന്നതാണ് ഇവര്‍ തടഞ്ഞത്. ജില്ലാ ലേബര്‍ ഓഫീസര്‍ സംഭവത്തില്‍ ഇടപെട്ടതിനെത്തുടര്‍ന്ന് വൈകീട്ട് നാലരയോടെ കുറച്ചുപേര്‍ക്ക് പുസ്തകങ്ങള്‍ കൊണ്ടുപോകാനായി.

നെയ്യാറ്റിന്‍കര വിദ്യാഭ്യാസജില്ലയിലെ അറുപതോളം സ്‌കൂളുകളില്‍നിന്നുള്ള അധ്യാപകരാണ് പുസ്തകങ്ങള്‍ വാങ്ങുന്നതിന് എത്തിയത്. രാവിലെ 10.30 ഓടെ തന്നെ അധ്യാപകരുടെ നീണ്ടനിര ഓഫീസിന് മുന്നിലുണ്ടായിരുന്നു. പുസ്തകങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള വാഹനങ്ങളുമായാണ് ഇവര്‍ വന്നത്.

എന്നാല്‍ പുസ്തകങ്ങള്‍ കയറ്റാനെത്തിയ തൊഴിലാളികള്‍ വിലയുടെ രണ്ടുശതമാനം കൂലി ആവശ്യപ്പെടുകയായിരുന്നുവെന്ന് അധ്യാപകരും ടെക്സ്റ്റ്ബുക്ക് ഡിപ്പോ അധികൃതരും പറയുന്നു. സ്‌കൂളുകളില്‍ സൗജന്യമായി സര്‍ക്കാര്‍ വിതരണം ചെയ്യുന്ന പുസ്തകത്തിനാണ് തൊഴിലാളികള്‍ അമിത കയറ്റിറക്ക് കൂലി ആവശ്യപ്പെട്ടത്. ഇത് നല്‍കാനാവാതെ വന്നതോട പുസ്തകവിതരണം തടസ്സപ്പെട്ടു.

കേരള ബുക്ക് പബ്ലിഷിങ് സൊസൈറ്റിയുടെ പുസ്തകങ്ങള്‍ പോസ്റ്റല്‍വകുപ്പ് വഴിയാണ് വിദ്യാലയങ്ങളിലെത്തിച്ചിരുന്നത്. എന്നാല്‍ സ്‌കൂള്‍ തുറന്ന് രണ്ടുദിവസം കഴിഞ്ഞിട്ടും പുസ്തകങ്ങള്‍ കിട്ടാതെ വന്നതോടെ ടെക്സ്റ്റ്ബുക്ക് ഡിപ്പോകളില്‍നിന്നും നേരിട്ട് പുസ്തകങ്ങള്‍ വാങ്ങാന്‍ അധികൃതര്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി.

തപാല്‍ വകുപ്പ് ചുമട്ടുതൊഴിലാളികള്‍ക്ക് ഒരു കെട്ടിന് 6.50 പൈസയാണ് കയറ്റിറക്ക്കൂലി നല്‍കിയിരുന്നത്. അധ്യാപകര്‍ വിളിച്ചുകൊണ്ടുവന്ന സ്വകാര്യ വാഹനങ്ങളില്‍ ഈ തുകയ്ക്ക് കയറ്റാനാവില്ലെന്നാണ് തൊഴിലാളികളുടെ വാദം. എന്നാല്‍ കൂലി നല്‍കുന്നത് തപാല്‍വകുപ്പ് തന്നെയാണ്. കരാറില്‍ കൂടുതല്‍ കൂലി നല്‍കാന്‍ ഇവരും തയ്യാറായില്ല. വൈകീട്ട് 4.30 വരെ വാഹനങ്ങളുമായി അധ്യാപകര്‍ കാത്തിരുന്നെങ്കിലും പരിഹാരമുണ്ടായില്ല.

ജില്ലാ ലേബര്‍ ഓഫീസര്‍ എ.ഗീതാകുമാരി ഇടപെട്ടതോടെ പുസ്തകങ്ങള്‍ കയറ്റാന്‍ തൊഴിലാളികള്‍ തയ്യാറാവുകയായിരുന്നു. തപാല്‍വകുപ്പില്‍നിന്നും കൂലി കിട്ടാന്‍ വൈകുന്നതിനാലാണ് പുസ്തകം കയറ്റാത്തതെന്നായിരുന്നു അപ്പോള്‍ ഇവരുടെ വാദം. തുടര്‍ന്ന് രണ്ടുവാഹനത്തില്‍ മാത്രം പുസ്തകങ്ങള്‍ കയറ്റി ഉടന്‍തന്നെ കൂലിയും നല്‍കി. അമിതകൂലി ആവശ്യപ്പെട്ട് പാഠപുസ്തകവിതരണം സ്തംഭിപ്പിച്ച തൊഴിലാളികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

സൗജന്യ പാഠപുസ്തകങ്ങള്‍ സൗജന്യമായിത്തന്നെ കയറ്റിറക്ക് നടത്താമെന്ന് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തൊഴിലാളി യൂണിയനുകള്‍ സമ്മതിച്ചതാണെന്ന് ചുമട്ടുതൊഴിലാളിബോര്‍ഡ് തിരുവനന്തപുരം ചെയര്‍മാന്‍ സി. ചന്ദ്രസേനന്‍ നായര്‍ ചൂണ്ടിക്കാട്ടുന്നു.

കോട്ടയ്ക്കകം പാഠപുസ്തക വിതരണ ഡിപ്പോയിലും തൊഴിലാളിത്തര്‍ക്കം രണ്ടുമണിക്കൂറോളം വിതരണം സ്തംഭിപ്പിച്ചു. പുസ്തകങ്ങളുടെ കെട്ടഴിച്ച് എണ്ണി നല്‍കുന്നത് കൂലി കണക്കാക്കുന്നതിന് തടസ്സമുണ്ടാക്കുമെന്നായിരുന്നു ഇവരുടെ വാദം. 12-ഓടെ തര്‍ക്കം പരിഹരിച്ചെങ്കിലും വന്‍ തിരക്കനുഭവപ്പെട്ടതോടെ ഡിപ്പോയില്‍ നിന്നുള്ള പുസ്തക വിതരണം താറുമാറായി.