ഇത് ഡോ. സുഭാഷിന്റെ ജൈവലോകം; ഫലങ്ങള്‍ പക്ഷികള്‍ക്ക്
വടകര: പത്തു സെന്‍റ് മണ്ണില്‍ കാര്‍ഷിക വിപ്ലവം നടപ്പാക്കുകയാണ് വടകര 'ചിത്രശില'യില്‍ ഡോ. കെ.എം. സുഭാഷ്. നഗര ഹൃദയത്തിനടുത്ത് ഇദ്ദേഹം തീര്‍ത്ത ജൈവലോകം ആരെയും അത്ഭുതപ്പെടുത്തും. ചെറുതെങ്കിലും ആ വാസവ്യവസ്ഥയുടെ കൃത്യമായ മാതൃകയുണ്ടിവിടെ.
പത്തുസെന്‍റില്‍ തെങ്ങ്, കുരുമുളക്, കവുങ്ങ്, ചാമ്പ, മാവ്, സപ്പോട്ട, ജാതി, കടപ്പിലാവ്, പ്ലാവ്, വാഴ, പപ്പായ തുടങ്ങിയ കൃഷികള്‍. വീടിന്റെ ടെറസ്സില്‍ മരച്ചീനി, വഴുതന, ചീര, ചേമ്പ്, വെണ്ട, പയര്‍, സാമ്പാര്‍ ചീര, കൂര്‍ക്കല്‍ തുടങ്ങിയ പച്ചക്കറികള്‍.
പറമ്പില്‍ നാല് മണ്ണിര കമ്പോസ്റ്റ് കുഴികള്‍, ഒരു ഗോബര്‍ ഗ്യാസ് പ്ലാന്‍റ്, മഴക്കുഴികള്‍, ഗപ്പി, ഗാംബൂ സിയ മത്സ്യങ്ങളുമായി നാല് ടാങ്കുകള്‍....
ഒരിഞ്ചുപോലും സ്ഥലം വെറുതെ കിടക്കുന്നില്ല ഡോക്ടറുടെ മണ്ണിലും ടെറസ്സിലും. ഒരു തുള്ളി വെള്ളവും പാഴാകുന്നുമില്ല. കുളിമുറികളിലെയും മറ്റും മലിനജലവും മേല്‍ക്കൂരകളില്‍ വീഴുന്ന മഴവെള്ളവുമെല്ലാം കൃഷിയിടങ്ങളിലെത്തിക്കാന്‍ പ്രത്യേക സംവിധാനങ്ങളുണ്ട്.
ഐ.എം.എ. വടകര ബ്രാഞ്ച് പ്രസിഡന്‍റായ ഡോ. സുഭാഷ് 25 വര്‍ഷം മുമ്പ് ഇവിടെ താമസം തുടങ്ങുമ്പോള്‍ വെറും തരിശായിരുന്നു ഈ മണ്ണ്.
22.5 കോല്‍ ആഴമുള്ള കിണര്‍ വേനലില്‍ വറ്റും. ഈ കിണറിനെ സമൃദ്ധമാക്കുന്നതില്‍ തുടങ്ങി ഡോക്ടര്‍ തന്റെ ദൗത്യം പറമ്പില്‍ 15 ഓളം മഴക്കുഴികള്‍ തീര്‍ത്ത് പൂഴി നിറച്ചു. മഴവെള്ളം ഭൂമിയിലേക്കിറങ്ങാന്‍ തുടങ്ങിയതോടെ കിണറില്‍ ഇഷ്ടംപോലെ വെള്ളമായി.
അന്ന് 20 തെങ്ങില്‍ നിന്നും ലഭിച്ചത് 30 തേങ്ങ. ഇന്ന് 10 തെങ്ങില്‍ നിന്നും 200 തേങ്ങ കിട്ടും. തെങ്ങുകളിലാണ് ഇദ്ദേഹം കുരുമുളക് വള്ളികള്‍ പടര്‍ത്തിയത്. ഒരു വര്‍ഷം ഒരു ചാക്ക് കുരുമുളക് ലഭിക്കും.
വെണ്ട, വഴുതന, പയര്‍ എന്നിവ വീടിന്റെ ടെറസ്സില്‍ എപ്പോഴും സമൃദ്ധം. 10 മൂട് മരച്ചിനിയുമുണ്ട് ടെറസ്സില്‍. വലിയ ചട്ടികളിലാണ് പച്ചക്കറികളും, മരച്ചീനിയും വളര്‍ത്തുന്നത്. ഒരു ചുവടില്‍ നിന്നും അഞ്ച് കിലോ മരിച്ചീനിവരെ ലഭിക്കും. 50 ഓളം ചട്ടികളുണ്ട് പച്ചക്കറി വളര്‍ത്താന്‍. എല്ലാറ്റിനും മണ്ണിര കമ്പോസ്റ്റും സാദാ കമ്പോസ്സുമാണ് വളം. കരിയിലകളും മറ്റും കമ്പോസ്റ്റാക്കാന്‍ പറമ്പിലുടനീളം സംവിധാനമുണ്ട്. 15 വര്‍ഷത്തോളമായി പറമ്പില്‍ രാസവളം കയറ്റാറേ ഇല്ലെന്ന് ഡോക്ടര്‍ പറഞ്ഞു.
പ്രകൃതിയോടു മാത്രമല്ല ഭൂമിയിലെ എല്ലാ അവകാശികളോടുമുണ്ട് ഡോക്ടര്‍ക്ക് സ്‌നേഹം. പറമ്പില്‍ കായ്ക്കുന്ന വാഴപ്പഴമോ, സപ്പോട്ടയോ, മാമ്പഴമോ ഏതുമാകട്ടെ അവയെല്ലാം പക്ഷികള്‍ക്കും മറ്റ് ജീവികള്‍ക്കുമുള്ളതാണ്. അവ തിന്ന് ബാക്കിയുള്ളവ മാത്രമേ ഡോക്ടര്‍ എടുക്കൂ. അതുകൊണ്ടുതന്നെ ഒരുവിധം എല്ലാ പക്ഷികളും ഇവിടെ ഉണ്ടാകും. നഗരത്തില്‍ ഈ കാഴ്ച അപൂര്‍വം.
ഇ.എന്‍.ടി. സ്‌പെഷ്യലിസ്റ്റാണ് ഡോ. സുഭാഷ്. കൃഷി സംബന്ധമായ ഒരു ജോലിക്കും പുറമെ നിന്നും ആളെ വിളിക്കില്ല. രാവിലെ എടച്ചേരിയിലെ ക്ലിനിക്കിലേക്ക് പോകുംമുമ്പും രാത്രി തിരിച്ചുവന്നശേഷവുമാണ് കൃഷി പരിചരണം. സഹായത്തിന് ഭാര്യ ഡോ. ശാന്തകുമാരിയുമുണ്ട്. വടകരയിലെ അറിയപ്പെടുന്ന ഗൈനക്കോളജിസ്റ്റാണ് ഡോ. ശാന്തകുമാരി.
ഈ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ വടകര മഹാത്മ ദേശസേവ ട്രസ്റ്റുമായി ചേര്‍ന്ന് ബോധവത്കരണ ക്ലാസുകള്‍ക്കും മറ്റും ഒരുങ്ങുകയാണ് ഡോക്ടര്‍. ഇപ്പോള്‍ തന്നെ അടുക്കളത്തോട്ടങ്ങളെപ്പറ്റി ക്ലാസ് നല്‍കുന്നുണ്ട് ഇദ്ദേഹം.
കടപ്പാട് - മാതൃഭൂമി
കേരളത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാരും, മെമ്പര്‍മാരും, കൃഷി ഓഫീസര്‍മാരും, കൃഷി അസിസ്റ്റന്റ്മാരും ഇന്ന് ചിങ്ങം ഒന്ന് കര്‍ഷക ദിനമായി ആഘോഷിക്കുമ്പോള്‍ ഡോ. സുഭാഷിനെ കണ്ട് പഠിക്കൂ അടുത്ത വര്‍ഷം കൃഷിഭവനുകളില്‍ അവതരിപ്പിക്കാന്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ