ബുധനാഴ്‌ച, സെപ്റ്റംബർ 28, 2011

തിരുവനന്തപുരം ഇന്ന് ജൈവേതര മാലിന്യങ്ങളുടെ നഗരം


മലിന ജലവും കക്കൂസ് വിസര്‍ജ്യവും സംസ്കരിക്കുന്ന കാര്യത്തില്‍ ജല അതോറിറ്റിയുടെ പങ്ക് എന്തെല്ലാമാണെന്ന് സര്‍ക്കാര്‍ സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ നഗരമാലിന്യങ്ങളും അതുമൂലമുണ്ടാകുന്ന രോഗങ്ങളും ഡോ. ബ്രിജേഷ് നായര്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. അതില്‍ നിന്നൊരു ചിത്രം ചുവടെ ചേര്‍ക്കുന്നു.


ആമയിഴഞ്ചാന്‍ തോട്ടിലൂടെ മുന്‍കാലങ്ങളില്‍ ഒഴുകിയിരുന്നത് ജൈവാംശം കലര്‍ന്ന മലിന ജലമായിരുന്നു. പാര്‍വതി പുത്തനാറിലൂടെ ആ മലിനജലം ഒഴുകുമ്പോള്‍  രണ്ടു കരയും മണ്ണും വേരുപടലവും നിറഞ്ഞതായിരുന്നു. ജലത്തിലെ ജൈവാംശം വലിച്ചെടുത്ത് ശുദ്ധീകരിക്കുന്നതില്‍ അത് ഒരു നിര്‍ണ്ണായക ഘടകം ആയിരുന്നു. ആളുകള്‍ തുണി നനയ്ക്കുകയും കുളിക്കുകയും ചെയ്തിരുന്നത് അന്നത്തെ സ്ഥിരം കാഴ്ചയായിരുന്നു. രണ്ടു കരയും കല്ല് കെട്ടിയും സിമന്റുചെയ്തും നടത്തിയ പരിഷ്കാരങ്ങള്‍ ഇന്ന് പാര്‍വതി പുത്തനാറില്‍ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നു.
ഒരു കാലത്ത് ചാല, പാളയം തുടങ്ങിയ മാര്‍ക്കറ്റിലെ വേസ്റ്റും വലിയതുറ സീവേജ് ഫാമിലെത്തിയിരുന്ന കക്കൂസ് വിസര്‍ജ്യവും കൂട്ടിക്കലര്‍ത്തി കമ്പോസ്റ്റ് നിര്‍മ്മാണം നടത്തിയിരുന്നു. 1955 അടുപ്പിച്ച് ജാപ്പനീസ് കൂട്ടുകൃഷി സമ്പ്രദായ പ്രകാരം വിളപ്പില്‍ കോ-ഓപ്പറേറ്റീവ് ഫാര്‍മിംഗ് സൊസൈറ്റി ചെറിയ പാടശേഖരങ്ങളില്‍ നെല്‍കൃഷി ചെയ്യുവാന്‍ വലിയതുറ സീവേജ് ഫാമിലെ കമ്പോസ്റ്റാണ് ഉപയോഗിച്ചിരുന്നത്. അക്കാലത്ത് കോര്‍പ്പറേഷനിലെ തെരുവ് നായ്ക്കളെ പിടികൂടി കൊല്ലുന്ന പതിവുണ്ടായിരുന്നു. ചത്ത പട്ടിയെപ്പോലും വലിയതുറയിലെ കമ്പോസ്റ്റില്‍ ലയിപ്പിച്ചിരുന്നു എന്നാണ് എന്റെ ഓര്‍മ്മ. അക്കാലത്ത് ഭാരതത്തില്‍ ശുചിത്വത്തിന് ഭാരതത്തില്‍ തിരുവനന്തപുരത്തിന് ഒന്നാം സ്ഥാനമായിരുന്നു. ലോറികളിലെത്തിച്ചിരുന്ന കമ്പോസ്റ്റ് തലച്ചുമടായാണ് പാടങ്ങളിലെത്തിച്ചിരുന്നത്. ശ്രീ പട്ടം കാണുപിള്ള മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ജാപ്പനീസ് കൂട്ടുകൃഷിയിലൂടെ വിളഞ്ഞുനിന്ന പാടം കൊയ്തുകൊണ്ട് അദ്ദേഹം കൊയ്ത്ത് ഉത്ഘാടനം ചെയ്യുകയുണ്ടായി. ഒരു പറ നിലത്തില്‍ നിന്നും നാല്പതു പറ നെല്ല് ലഭിച്ചതായാണ് കണക്കുകള്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. സൊസൈറ്റി വക പത്ത് സെന്റ് പുരയിടം ശ്രീ കുഞ്ഞന്‍സര്‍ സംഭാവന നല്‍കിയ സ്ഥലത്ത് കരിങ്കല്ലുകൊണ്ടുള്ള ഭിത്തിയോടെ നിര്‍മ്മിച്ച തട്ടുള്ള ഓടിട്ട കെട്ടിടം ഇന്ന് നാഥനില്ലാത്ത അവസ്ഥയിലാണ്.  അത് കൃഷിയുമായി ബന്ധപ്പെടുത്തി നിലനിറുത്താന്‍ പോലും ആര്‍ക്കും സമയമില്ല.
ഇന്ന് നഗരമാലിന്യങ്ങള്‍ കൊണ്ടുചെന്നെത്തിക്കുന്നത് വിളപ്പില്‍ശാല എന്ന സ്ഥലത്താണ്. വിളപ്പില്‍ പഞ്ചായത്തിലെ ആ ഗ്രാമപ്രദേശം ഇന്ന് ജൈവേതര മാലിന്യങ്ങളുടെ കൂമ്പാരമാണ്.താഴെക്കാണുന്ന ചിത്രം കടപ്പാട് - മാധ്യമം.




അവിടെ നിന്ന് കരമന നദിയില്‍ ഒഴുകിയെത്തുന്ന മലിന ജലം കാരണം മത്സ്യങ്ങള്‍ ചത്തുപൊങ്ങുവാന്‍ കാരണമായി. അതേ നദിയില്‍ നിന്നാണ് പമ്പ് ചെയ്ത് പി.ടി.പി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ശുദ്ധജല വിതരണം നടത്തുന്നത്. നദീജലമാലിന്യം കണ്ടെത്തുവാനോ പ്രസിദ്ധീകരിക്കുവാനോ ആരും മെനക്കെടാറില്ല. അഥവാ സാമ്പിള്‍ ശേഖരിച്ച് പരിശോധിച്ചാലും രഹസ്യമായി സൂക്ഷിക്കുകയാണ് പതിവ്.

ഇതിനൊരു പരിഹാരം ഇനിയെങ്കിലും കണ്ടെത്തേണ്ടതായും പരിഹരിക്കേണ്ടതായും ഉണ്ട്.  സ്വന്തം വീട്ടിലെ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് കാണാതിരിക്കരുത്. അത് നിങ്ങളുടെ വരും തലമുറയ്ക്കൊരു ശാപമായി മാറും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ