വ്യാഴാഴ്‌ച, നവംബർ 17, 2011

മരച്ചീനിയില്‍ നിന്ന് ജൈവകീടനാശിനി; ഗവേഷണത്തിന് ഫലപ്രാപ്തി


തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള രാസ കീടനാശിനികളുടെ മാരകമായ പാര്‍ശ്വഫലങ്ങള്‍ സമൂഹത്തിനെ ആശങ്കയിലാഴ്ത്തുമ്പോള്‍ മരച്ചീനിയില്‍ നിന്ന് ജൈവകീടനാശിനി വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിന് ഫലപ്രാപ്തി. കേന്ദ്ര കിഴങ്ങുവര്‍ഗ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിലെ (സി.ടി.സി.ആര്‍.ഐ) ശാസ്ത്രജ്ഞരാണ് മരച്ചീനിയില്‍ നിന്ന് ജൈവകീടനാശിനി വികസിപ്പിച്ചെടുത്തത്.

ഇന്‍സ്റ്റിറ്റിയൂട്ടിലെ ക്രോപ് പ്രൊട്ടക്ഷന്‍ ഡിവിഷന്‍ മേധാവിയും മലപ്പുറം സ്വദേശിയുമായ ഡോ.സി.എ. ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജൈവകീടനാശിനി വികസിപ്പിച്ചെടുത്തത്. ഒരു ഹെക്ടര്‍ മരച്ചീനിയില്‍ നിന്ന് ഏഴ് ടണ്ണിലധികം ഇല തണ്ടും ഇലകളും ലഭിക്കുന്നുണ്ട്. ഇലയില്‍ ' കട്ട്' എന്ന വിഷവസ്തു ഉള്ളതിനാല്‍ അവ അതേപടി തിന്നുന്ന കന്നുകാലി ചത്തുപോകുന്നു. ഈ വിഷവസ്തുവിനെ കീടനാശിനിയായി ഉപയോഗിക്കാനുള്ള ഗവേഷണത്തിനാണ് ഇപ്പോള്‍ വിജയം കൈവന്നത്.''മരച്ചീനിയിലെ കട്ടിന് നിദാനം സയനോ ഗ്ലൂക്കസൈഡ് എന്ന പദാര്‍ത്ഥമാണ്. ശാസ്ത്രീയമായി കൈകാര്യം ചെയ്താല്‍ മരച്ചീനിയിലെ കട്ടിനെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയും. മരച്ചീനിയിലെ കട്ടിനെ ജൈവകീടനാശിനിയാക്കി മാറ്റാനുള്ള സാങ്കേതിക വിദ്യയാണ് ഞങ്ങള്‍ വികസിപ്പിച്ചെടുത്തത്''- ഡോ.ജയപ്രകാശ് പറയുന്നു. മരച്ചീനി ഇലയും തണ്ടും കിഴങ്ങിന്റെ തൊലിയും വെള്ളം ചേര്‍ത്ത് അരച്ച് പ്രത്യേക ഊഷ്മാവിലും രീതിയിലും വാറ്റിയെടുത്താണ് ഡോ.ജയപ്രകാശും സംഘവും കീടനാശിനി വികസിപ്പിച്ചെടുത്തത്. ഇതിനുവേണ്ട യന്ത്രം നിര്‍മിക്കുന്നതില്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ടെക്‌നിക്കല്‍ ഓഫീസര്‍ സി.എസ്.സാലിമോന്‍ നിര്‍ണായക പങ്ക് വഹിച്ചു. ഐ.എസ്.ആര്‍.ഒ സാങ്കേതിക സഹായം നല്‍കി. ഗവേഷണ വിദ്യാര്‍ത്ഥികളായ എല്‍.രാഗേഷ്, ആര്‍.എസ്.ശ്രീരാഗ് എന്നിവരും ഉദ്യമത്തില്‍ പങ്കുകൊണ്ടു. പ്രശസ്ത ശാസ്ത്രജ്ഞരായ ഡോ.എസ്.എന്‍.മൂര്‍ത്തി, ഡോ.സി.എസ്.പി. അയ്യര്‍, കലിക്കറ്റ് സര്‍വകലാശാലയിലെ മുന്‍ ബയോകെമിസ്ട്രി വിഭാഗം തലവന്‍ ഡോ.നന്ദകുമാര്‍, വി.എസ്.എസ്.സി മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.എന്‍.സുബ്രഹ്മണ്യം തുടങ്ങിയവര്‍ നിരന്തരം ഈ ഗവേഷണത്തില്‍ പങ്കുകൊണ്ടു. വാറ്റിയെടുത്ത കീടനാശിനിയുടെ രാസ, ജൈവ ഘടനകള്‍ ഇവര്‍ പരീക്ഷണ വിധേയമാക്കി. നിരന്തരമായ ശ്രമങ്ങള്‍ക്കൊടുവില്‍ പൂര്‍ണഫലം തരുന്ന ജൈവ കീടനാശിനിയുണ്ടായി. തെങ്ങിന് മാരകമായ ചെമ്പന്‍ ചെല്ലി, വാഴയെ കൊല്ലുന്ന തണ്ടുതുരപ്പന്‍എന്നിവയ്‌ക്കെതിരെ ഈ കീടനാശിനി ഫലവത്തായി. കാസര്‍കോട്ടെ തെങ്ങിന്‍ തോപ്പുകളിലും കോയമ്പത്തൂരിലെ കൃഷിയിടങ്ങളിലും നിരവധി തവണ ഇത് പരീക്ഷിച്ചു. പേറ്റന്റിനായി അപേക്ഷ നല്‍കി കഴിഞ്ഞു. ഒരു കിലോ മരച്ചീനിയിലയില്‍ നിന്ന് എട്ടുലിറ്ററോളം ജൈവകീടനാശിനിയുണ്ടാക്കാം. വാറ്റിനുശേഷം ലഭിക്കുന്ന അവശിഷ്ടം കന്നുകാലികള്‍ക്കും മീനിനുമൊക്കെയുള്ള മാംസസമൃദ്ധമായ ആഹാരമായി ഉപയോഗിക്കാം. പരീക്ഷണഘട്ടത്തില്‍ പോലും ലിറ്ററിന് ഇരുപത് രൂപയില്‍ താഴെ മാത്രമേ ചെലവു വന്നിട്ടുള്ളൂ. വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ചാല്‍ അതിന്റെ നാലിലൊന്ന് വിലയ്ക്ക് വില്‍ക്കാന്‍ കഴിയും.ഫ്യൂരിഡാന്‍ ഉള്‍പ്പെടെയുള്ള രാസകീടനാശിനിയേക്കാള്‍ ഫലവത്തായി ഇത് കീടങ്ങളെ കൊല്ലും. ശരീരത്തില്‍ വീണാലോ ശ്വസിച്ചാലോ പാര്‍ശ്വഫലങ്ങളൊന്നുമില്ല. വാറ്റ് പ്രക്രിയയില്‍ ലഭിക്കുന്ന വാതകം 'പുകയുന്ന രൂപത്തിലുള്ള കീടനാശിനി' ( ബയോ ഫ്യൂമിഗന്റ്) ആയി ധാന്യസംഭരണ ശാലകളില്‍ ഉപയോഗിക്കാന്‍ കഴിയും. ഈ വാതകത്തെ സിലിണ്ടറിലേക്ക് മാറ്റാനുള്ള ഉപകരണം നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ഡോ.ജയപ്രകാശും സംഘവും. കേന്ദ്രസര്‍ക്കാരിന്റെ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ഇതിനുള്ള സാങ്കേതിക സഹായം നല്‍കും.

നിലവില്‍ ആവശ്യക്കാര്‍ക്ക് കുറഞ്ഞയളവിലെങ്കിലും ജൈവകീടനാശിനി നിര്‍മിച്ചു നല്‍കുന്നുണ്ട്. 'നന്മ' യെന്നാണ് ഡോ.ജയപ്രകാശ് ഇതിന് പേരിട്ടിരിക്കുന്നത്. വ്യവസായ സ്ഥാപനങ്ങളുടെയോ സംരംഭകരുടെയോ സഹായത്തോടെ സി.ടി.സി.ആര്‍.ഐ വഴി ജൈവ കീടനാശിനി കര്‍ഷകരിലേക്ക് എത്തിക്കാനുള്ള ശ്രമം ഉടനെ തുടങ്ങും.
കടപ്പാട് - മാതൃഭൂമി
മധ്യത്ത് നില്‍ക്കുന്നതാണ് ഡോ. ജയപ്രകാശ്. സി.ടി.സി.ആര്‍.ഐ സന്ദര്‍ശിച്ച എനിക്ക് അദ്ദേഹം കീടനാശിനിയുടെ ഫലപ്രദമായ പ്രവര്‍ത്തനം കാട്ടിത്തന്നു. തെങ്ങിനെ ആക്രമിക്കുന്ന ചെമ്പന്‍ചെല്ലി, കൊമ്പന്‍ചെല്ലി, വാഴയെ ആക്രമിക്കുന്ന തടപ്പുഴു എന്നിവ നശിപ്പിക്കാന്‍ ഫലപ്രദമാണ്.

1 അഭിപ്രായം: