വ്യാഴാഴ്‌ച, നവംബർ 08, 2012

ക്ഷീരോത്പാദകരെ സഹായിക്കാം

ക്ഷീര കര്‍ഷകരെ സഹായിക്കുവാനും അവര്‍ക്കുവേണ്ടി പ്രസിദ്ധീകരിക്കുവാനും വേണ്ടി മൃഗസംരക്ഷണ വാര്‍ത്തകള്‍ എന്ന പേരില്‍ ഒരു ബ്ലോഗ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ഷീര കര്‍ഷകരെ കണ്ടെത്തുവാനായി ഒരു ഓണ്‍ലൈന്‍ ഡാറ്റാബാങ്ക് ലഭ്യമല്ല. അതിനാല്‍ ലഭ്യമാക്കുവാന്‍ കഴിയുന്ന വിവരങ്ങള്‍ ഇ-മെയില്‍ ഐഡിയോ, മൊബൈല്‍ നമ്പരോ അതല്ലയെങ്കില്‍ രണ്ടും കൂടെയോ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്നു. സര്‍ക്കാര്‍ തലത്തിലെടുക്കുന്ന തീരുമാനങ്ങള്‍ ക്ഷീരകര്‍ഷക്ക് പ്രയോജനപ്രദമാക്കുവാനും പ്രചരിപ്പിക്കുവാനും ഇത് സഹായകമാകും. കര്‍ഷകരെ സഹായിക്കാന്‍ കഴിയാത്തഏറ്റവും വലിയ ഒരു ഉദാഹരണമാണ് ഫാം ലൈസന്‍സിനു വേണ്ടിയുള്ള നടപടി ക്രമങ്ങള്‍. പൊലൂഷന്‍ കണ്ട്രോള്‍ ബോര്‍ഡിന്റെ പരമാധികാരം ക്ഷീര കര്‍ഷകര്‍ക്ക് നേരെ തിരിയുമ്പോള്‍ കര്‍ഷകരനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ മറ്റുള്ളവര്‍ അറിയാതെ പോകുന്നു. പല അവസരങ്ങളിലും ക്ഷീര കര്‍ഷകര്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ ഡോക്ടറുടെ സേവനം ആവശ്യമായി വന്നാല്‍ സൌകര്യമുള്ള ഒരു ഡോക്ടറെ ലഭിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാല്‍ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐഡി ഉല്‍പ്പെടെ ജില്ല തിരിച്ചുള്ള ഡോക്ടര്‍മാരുടെ ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ ഒരു ഡോക്ടറുടെ സേവനം ലഭ്യമാക്കുവാന്‍ ഇത് സഹായകമാകും എന്ന് പ്രതീക്ഷിക്കാം.

ആടുമാടുകള്‍ വളര്‍ത്തുന്ന കര്‍ഷകരെ നിയമത്തിന്റെ നൂലാമാലകളില്‍ ശിക്ഷിക്കുന്ന അവസ്ഥയിലേക്ക്  പോകാതെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു് നടപടികള്‍ ഉണ്ടാകേണ്ടത് ക്ഷീരോത്പാദനമേഖലയെ പുഷ്ടിപ്പെടുത്താന്‍ സഹായകമാകും. യഥാര്‍ത്ഥത്തില്‍ ജൈവേതരമാലിന്യങ്ങളാണ് പരിസ്ഥിതിയെ മലിനപ്പെടുത്തുന്നത്. അത്തരം മാലിന്യ നിര്‍മ്മാതാക്കളെ ശിക്ഷിക്കുവാനോ തടയുവാനോ കഴിയാതെ പോകുന്നത് ഖേദകരം തന്നെയാണ്. ഗോമൂത്രം ഏറ്റവും നല്ല ജൈവ കീടനാശിനി ഉണ്ടാക്കുവാന്‍ പ്രയോജനപ്പെടുത്താം. ചാണകം ദുര്‍ഗന്ധമുണ്ടാകുന്ന ജൈവ മാലിന്യങ്ങളിലെ ദുര്‍ഗന്ധമകറ്റുവാന്‍ കഴിയുന്ന ഒരൊറ്റമൂലിയാണ്. ചാണകത്തിന് എയറോബിക് രീതിയില്‍ ജൈവമാലിന്യങ്ങളെ ദിവസങ്ങള്‍ക്കുള്ളില്‍ കമ്പോസ്റ്റാക്കി മാറ്റുവാനുള്ള കഴിവുണ്ട്. ഒരാഴ്ചക്കുള്ളിലുണ്ടാകുന്ന താപം രോഗാണുക്കളെയും പരാദങ്ങളെയും നശിപ്പിക്കുന്നു.
ചാണകം, ഗോമൂത്രം തുടങ്ങിയവയുടെ മഹത്വം അറിയാത്ത ശാസ്ത്രജ്ഞരും, പരിസ്ഥിതിസ്നേഹികളും, ഭരണകൂടങ്ങളും ഈ നാടിനൊരു ശാപമാണ്. ഒരുകാലത്ത് വീട്ടുറ്റങ്ങളില്‍ മനുഷ്യരുടെയും പട്ടികളുടെയും മൂത്രത്തിന്റെ ദുര്‍ഗന്ധമകറ്റുവാന്‍ നമ്മുടെ മുത്തശ്ശിമാര്‍ ചാണകം കലക്കി തളിക്കുന്നത് കണ്ടു വളര്‍ന്ന നാമെങ്ങിനെ അതിനെ മാലിന്യമായി കണ്ടു? പക്ഷിമൃഗാദികളുടെയും, മനുഷ്യന്റെയും വിസര്‍ജ്യം കൊണ്ട് മണ്ണിനെ പുഷ്ടിപ്പെടുത്തുന്നതിന് പകരം അതിനെ മാലിന്യമായി പരിഗണിക്കുന്നത് അപകടം തന്നെയാണ്. പൂജാമുറികളിലും മറ്റും ഉണങ്ങിയ ചാണക ഉണ്ടകള്‍ വേകിച്ചെടുത്ത ഭസ്മം ഇന്നും പലരും ഉപയോഗിക്കുന്നു. ഉത്തരേന്ത്യയില്‍ ചാണകം പാളികളായി ഉണക്കി അടുക്കിവെച്ച് അടുപ്പിലെ തീ കത്തിക്കാനായി ഉപയോഗിക്കുന്നു. ചുട്ടു പൊടിച്ച ചാണകം പല്‍പ്പൊടിയായും പ്രയോജനപ്പെടുത്തുന്നു.

ഗോമൂത്രവും ചാണകവും പ്രയോജനപ്പെടണമെങ്കില്‍ വീടുവീടാന്തിരം പശുക്കളെ വളര്‍ത്തണം. ഡയറിഫാമുകള്‍ക്ക് അതിന് കഴിയില്ല. മാത്രവുമല്ല ക്ഷീരോത്പാദനത്തിന്റെ പേരും പറഞ്ഞ് അടിച്ചേല്‍പ്പിച്ച ക്രോസ് ബ്രീഡ് ഇനങ്ങളുടെ പാലിലെ "ബീറ്റാകേസിന്‍ എഒണ്‍" മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമാണെന്നിരിക്കെ അത്തരം സങ്കര ഇനം പശുക്കളെ നിരോധിക്കുകയാണ് വേണ്ടത്. വെറ്ററിനറി യൂണിവേഴ്സിറ്റിയുടെ ഗവേഷണഫലങ്ങള്‍ മൃഗഡോക്ടര്‍മാരിലൂടെ കര്‍ഷകരിലെത്തുന്നില്ല. യൂണിവേവ്സിറ്റിയില്‍ നടക്കുന്ന സെമിനാറുകളും മറ്റും വിദേശ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന വെറും ചടങ്ങുകളായി മാറുന്നു. കര്‍ഷകര്‍ക്ക് പ്രയോജനപ്രദമായതൊന്നും മലയാളഭാഷയില്‍ യൂണിവേഴ്സിറ്റിയുടെ സൈറ്റില്‍ ലഭ്യമല്ല.
പ്രീയ ക്ഷീര കര്‍ഷകരെ,
നിങ്ങളുടെ ഡയറിയെ സംബന്ധിച്ച വിവരങ്ങള്‍ നിങ്ങള്‍ക്ക് സ്വയം രേഖപ്പെടുത്താംഇപ്രകാരം ക്ഷീര കര്‍ഷകരെ സംബന്ധിച്ച കാലാകാലങ്ങളില്‍ പുതുക്കുവാന്‍ കഴിയുന്ന ഒരു ഡാറ്റാബാങ്കില്‍ നിങ്ങള്‍ക്കും പങ്കാളിയാകാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ