വെള്ളിയാഴ്‌ച, ഫെബ്രുവരി 15, 2013

കുടിവെള്ളം അമൂല്യമാണ്

കുടിവെള്ളം വരും തലമുറയ്ക്ക് നഷ്ടപ്പെടാന്‍ സാധ്യത. പാശ്ചാത്യ സംസ്കാരം അനുകരിച്ച നാം ഭൂമിയോട് കാട്ടിയ ക്രൂരതയുടെ ഫലമാണ് കാലാവസ്ഥാ വ്യതിയാനവും വരള്‍ച്ചയും. അങ്ങിങ്ങായി കേരളമൊട്ടുക്ക് ലഭ്യമായിരുന്ന നെല്‍പ്പാടങ്ങള്‍ ശുദ്ധജലസംഭരണികലായിരുന്നു. കുന്നുകള്‍ക്കുള്ളിലെ ജലശേഖരം വേനലില്‍ കനിഞ്ഞിറങ്ങി ഭൂഗര്‍ഭജലനിരപ്പ് പരിപാലിക്കപ്പെട്ടിരുന്നു. കുന്നുകളിടിച്ച് നെല്‍പ്പാടങ്ങള്‍ നികത്തി പരിസ്ഥിതി പരിപാലനം പാടെ മറന്നു. നെല്‍പ്പാടങ്ങളില്‍ വേനല്‍ക്കാലത്ത് ജലം ലഭ്യമാക്കിയിരുന്ന കുളങ്ങള്‍ മലിനജല സംഭരണികളായി മാറി എന്നുമാത്രമല്ല ആഫ്രിക്കന്‍പായല്‍ കുളവാഴ മുതലായവയുടെ കേന്ദ്രങ്ങളായി മാറി. വീടുവീടാന്തിരം കിണറുകളുണ്ടായിരുന്നത് പലരും നികത്തുകയോ, സീവേജ് പിറ്റായി മാറ്റുകയോ ചെയ്തു. 'അണ്‍കണ്‍ഫൈന്‍ഡ് അക്വിഫര്‍' എന്ന വിഭാഗത്തില്‍പ്പെടുന്നതാണ് മേല്‍ത്തട്ടിലെ ജലശേഖരമായ കിണര്‍വെള്ളം. അതിനെ തകര്‍ത്തുകൊണ്ട് ജലവിതരണസംവിധാനം വീടുവീടാന്തിരം പൈപ്പുകളിലൂടെ ഒഴുകിയെത്തി. ജപ്പാന്‍ കുടിവെള്ള പദ്ധതിപോലുള്ള വമ്പന്‍ പദ്ധതികള്‍ ജലവിതരണം ഏറ്റെടുത്തു. റോഡുകളിലും റയില്‍വ്വേസ്റ്റേഷനുകളിലും ലഭ്യമായിരുന്ന കുടിവെള്ള പൈപ്പുകല്‍ നീക്കംചെയ്യപ്പെട്ടു. കുടിവെള്ളം കുപ്പികളിലാക്കി പതിനഞ്ചുരൂപയ്ക്ക് വില്‍ക്കുന്ന സ്വകാര്യ കമ്പനികള്‍ വളര്‍ന്നു.
ഓരോ വ്യക്തിയും കിണര്‍വെള്ളം ഉപയോഗിച്ചിരുന്നതിന്റെ പതിന്മടങ്ങ് പൈപ്പ് വെള്ളമുപയോഗിച്ച് മലിനപ്പെടുത്തുവാന്‍ തുടങ്ങി. ഓരോ പ്രാവശ്യം ക്ലോസെറ്റുകളില്‍ ഫ്ലഷ് ചെയ്യുമ്പോഴും ഇരുപതോളം ലിറ്റര്‍ ജലമാണ് മലിനപ്പെടുന്നത്. മനുഷ്യവിസര്‍ജ്യവും, സോപ്പുവെള്ളവും മറ്റും കൂടിക്കലര്‍ന്ന് ഡ്രയിനേജ് സംവിധാനത്തിലൂടെ ജലാശയങ്ങളിലെത്തിച്ചേര്‍ന്ന് ഒഴുകുന്ന ജലം ഒഴുകുന്തോറും ശുദ്ധീകരിക്കപ്പെടുൂന്ന അവസ്ഥ മാറി ഒഴുകുന്തോറും മലിനപ്പെടുന്ന അവസ്ഥയിലേയ്ക്ക് കൂപ്പുകുത്തി. മനുഷ്യന്‍ നശിപ്പിച്ചത് ജലം മാത്രമല്ല അതിലൂടെ ഒഴുക്കിക്കളയുന്ന ജൈവാംശംകൂടിയാണ്. മണ്ണിലെ ചില ബാക്ടീരിയകള്‍ ജലം ശുദ്ദീകരിച്ചിരുന്നുവെങ്കില്‍ ഇന്ന് അത്തരം ബാക്ടീരിയകളുടെ ആവശ്യമെ ഇല്ല എന്ന നിലയില്‍ കൊണ്ടെത്തിച്ചു. ജലത്തിലൂടെ സസ്യലതാദികള്‍ക്കും പക്ഷിമൃഗാദികള്‍ക്കും മനുഷ്യനും ലഭിക്കേണ്ട സൂഷ്മ അതിസൂഷ്മ മൂലകങ്ങള്‍ താളം തെറ്റുകയും ഗുണത്തേക്കാളേറെ ദോഷം ചെയ്യുകയും ചെയ്യുന്നു. പലതരം ജല ശുദ്ധീകരണ ഉപകരണങ്ങള്‍ മനുഷ്യരെ കബളിപ്പിക്കുന്നു.
കേരളത്തിന്റെ ഭൂപ്രകൃതിയില്‍ തീരപ്രദേശങ്ങളില്‍ 4-5 മീറ്ററിലും വെട്ടുകല്ലും കളിമണ്ണും ഉള്ളിടങ്ങളില്‍ 10-15 മീറ്ററിലുംവയല്‍ഭാഗങ്ങളില്‍ 5-6 മീറ്ററിലും കുന്നിന്‍ പ്രദേശങ്ങളില്‍ 10-15 മീറ്ററിലും കുഴിച്ചാല്‍ കിണര്‍വെള്ളം ലഭിക്കേണ്ടതാണ്. എന്നാലിപ്പോള്‍ ഈ മാനദണ്ഡങ്ങളെല്ലാം മാറുകയാണ്. ജലനിരപ്പ് കുറയുന്നതോടെ വളരെ ആഴത്തിലുള്ള കിണറുകളില്‍പോലും വെള്ളമില്ലാത്ത സ്ഥിതിയാണ്.
ഭൂഗര്‍ഭത്തിലുള്ള പാറകളില്‍ സംഭരിക്കപ്പെട്ട ജലനിരപ്പിനെയാണ് 'അണ്‍ കണ്‍ഫൈന്‍ഡ് അക്വിഫര്‍' വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്നത്. പാറതുരന്ന് വെള്ളമെടുക്കുന്നതിന് ഏറെ ആഴത്തില്‍ കുഴിക്കേണ്ട സ്ഥിതിയാണ്. കൊല്ലം, ആലപ്പുഴ തീരപ്രദേശങ്ങളില്‍ 220 മീറ്ററിലേറെ കുഴിച്ചാണ് ഇത്തരത്തില്‍ വെള്ളം പമ്പുചെയ്യുന്നത്.
നഗരങ്ങളില്‍ ജലാശയങ്ങളില്‍ നിന്ന് പമ്പിങ് സ്റ്റേഷനുകള്‍ മുഖേന കുടിവെള്ള വിതരണം നടക്കുന്നതിനാല്‍ വരള്‍ച്ചയുടെ കെടുതി അനുഭവപ്പെട്ടുതുടങ്ങിയിട്ടില്ല. എന്നാല്‍ ഗ്രാമങ്ങളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളില്‍ നഗരപ്രദേശങ്ങള്‍ക്ക് പുറത്ത് കുടിവെള്ളക്ഷാമം അനുഭവപ്പെടുകയാണ്. കോട്ടയത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളിലും അപകടകരമാംവണ്ണം ജലനിരപ്പ് താഴുകയാണ്.
നദികളിലൂടെ ഒഴുകുന്ന ജലം ശുദ്ധമാകണമെങ്കില്‍ ഓരോ വീട്ടില്‍നിന്നും പുറത്തേയ്ക്കൊഴുകുന്ന ജലം ശുദ്ധമായിരിക്കണം. ജലം വിറ്റുകിട്ടുന്ന വരുമാനം കൊണ്ട് വാട്ടര്‍ അതോറിറ്റിക്ക് ശമ്പളവും പെന്‍ഷനും കൊടുക്കുവാന്‍ ജലത്തിന്റെ വില ഉയര്‍ത്തേണ്ടതായും വരും. ജൈവ ജൈവേതര മാലിന്യങ്ങള്‍ ഉറവിടത്തില്‍ വേര്‍തിരിക്കുകയും, മനുഷ്യരുടെയും മൃഗങ്ങളുടെയും വിസര്‍ജ്യങ്ങള്‍ സംസ്കരിച്ച് മീഥൈന്‍ ഇന്ധനമായി മാറ്റിയും അവശേഷിക്കുന്ന മലിനജലം ശുദ്ധീകരിച്ച് കുഴികളില്‍ നിറച്ച് ഭൂമിയെ റീചാര്‍ജ് ചെയ്യാം. അത്തരം ശുദ്ധീകരണത്തില്‍ പങ്കാളിയാകുവാന്‍ ശേഷിയുള്ള ബാക്ടീരിയകള്‍ കുടിവെള്ളം ശുദ്ധമായിത്തന്നെ ലഭ്യമാക്കും. കിണര്‍വെള്ളം കുടിയ്ക്കുവാന്‍ ഇനിയെങ്കിലും നാം സ്വയം ശ്രമിക്കേണ്ടതായിട്ടുണ്ട്.  വീടുപരിസരവും ശുചിത്വം പാലിക്കുകയും മഴവെള്ള സംഭരണികളുടെ സഹായത്താല്‍ ഭൂലം റീചാര്‍ജ് ചെയ്യുകയും ചെയ്താല്‍ ഏത് വരള്‍ച്ചയെയും ഭയപ്പെടേണ്ട ആവശ്യം തന്നെ ഇല്ല.
കടപ്പാട് മാതൃഭൂമിയോടും ഉണ്ട്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ