ചൊവ്വാഴ്ച, മാർച്ച് 05, 2013

മാധ്യമങ്ങളെ ഭയപ്പെടണം




മാലിന്യംകൊണ്ട് പുഴുക്കുന്ന തലസ്ഥാന നഗരത്തില്‍ ഇതാ ഒരു മാതൃകാ വാര്‍ഡ്- ശ്രീകണേ്ഠശ്വരം. വിളപ്പില്‍ശാല ചവര്‍സംസ്‌കരണ ഫാക്ടറി പൂട്ടി ഒന്നേകാല്‍ വര്‍ഷം പിന്നിട്ടശേഷമാണെങ്കിലും നഗരസഭ പ്രായോഗികമായി ഒരു പദ്ധതി നടപ്പാക്കിയിരിക്കുന്നു. ആദ്യമായി ഒരു വാര്‍ഡിന് ഒരു ബയോഗ്യാസ് പ്ലാന്റ് പദ്ധതി നിലവില്‍ വന്നിരിക്കുന്നു. ഈ വാര്‍ഡില്‍ ഇനി പഴയതുപോലെ കുടുംബശ്രീക്കാര്‍ വീടുകളില്‍ വന്ന് മാലിന്യം ശേഖരിക്കും.
ശ്രീകണേ്ഠശ്വരം പാര്‍ക്കിന് പിന്നിലാണ് പുതിയ ബയോഗ്യാസ് പ്ലാന്റ്. പ്രതിദിനം 1500 കി. ഗ്രാം ജൈവമാലിന്യങ്ങള്‍ ഈ പ്ലാന്റില്‍ സംസ്‌കരിക്കാന്‍ കഴിയും. അതായത് ഈ വാര്‍ഡിലെ മാലിന്യങ്ങള്‍ ഏറെക്കുറെ മുഴുവനും ഇവിടെ സംസ്‌കരിക്കാന്‍ കഴിയുമെന്നര്‍ഥം. ഇതിനുപുറമേ മറ്റൊരു മിനിപ്ലാന്റ് ശ്രീചിത്രാപുവര്‍ ഹോമിലും വയ്ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ശ്രീകണേ്ഠശ്വരം വാര്‍ഡിലെ മാലിന്യപ്രശ്‌നം പൂര്‍ണമായും പരിഹരിക്കപ്പെടും.
വാര്‍ഡ് കൗണ്‍സിലര്‍ രാജേന്ദ്രന്‍ നായരുടെ ശ്രമഫലമായാണ് ശ്രീകണേ്ഠശ്വരം വാര്‍ഡില്‍ ഇത്തരമൊരു ബയോഗ്യാസ് പ്ലാന്റ് യാഥാര്‍ഥ്യമായത്. കാരണം പ്രദേശവാസികളുടെ എതിര്‍പ്പിനെ മറികടന്നാണ് സ്ഥലം കണ്ടെത്തിയത്. മറ്റു വാര്‍ഡ് കൗണ്‍സിലര്‍മാര്‍ ഈ പ്രയത്‌നത്തിന് കാര്യമായി മുതിര്‍ന്നിട്ടില്ല.
ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്തി നല്‍കിയതോടെ മേയര്‍ കെ. ചന്ദ്രിക കെ.എസ്.യു.ഡി.പി. ഫണ്ട് ഇതിനായി മാറ്റിവെച്ചു. 24 ലക്ഷം രൂപയാണ് നഗരസഭ നല്‍കിയത്. 15 ലക്ഷം രൂപയില്‍ പണി പൂര്‍ത്തീകരിച്ചു. തുടര്‍ന്നാണ് ശ്രീചിത്രാപുവര്‍ ഹോമില്‍ മറ്റൊരു സ്ഥലം കണ്ടെത്തി അവിടെ മിനി ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. അങ്ങനെ നിശ്ചയിച്ച തുകയില്‍ രണ്ട് ബയോഗ്യാസ് പ്ലാന്റുകള്‍.
നഗരത്തിലെ നീറുന്ന മാലിന്യപ്രശ്‌നത്തിന് ഒരു വാര്‍ഡിലെങ്കിലും ഇതോടെ പരിഹാരമാകുകയാണ്. 100 വാര്‍ഡുകളില്‍ ബയോഗ്യാസ് പ്ലാന്റ് പൂര്‍ത്തീകരിക്കുന്ന ആദ്യത്തെ വാര്‍ഡു കൂടിയാവുകയാണ് ശ്രീകണേ്ഠശ്വരം. പേരൂര്‍ക്കട ചന്തയില്‍ പൂര്‍ത്തിയായി വരുന്ന ബയോഗ്യാസ് പ്ലാന്റ് പണി അന്തിമഘട്ടത്തിലാണ്.
ശ്രീകണേ്ഠശ്വരത്തെ ബയോഗ്യാസ് പ്ലാന്റിന്റെ പ്രവര്‍ത്തനം പൂര്‍ണമായും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായിരിക്കും. നേരത്തേയുണ്ടായിരുന്നതുപോലെ അവര്‍ വീടുകളിലെത്തി മാലിന്യം ശേഖരിക്കും. പ്ലാന്റിന്റെ 'ഓപ്പറേഷന്‍' കുടുംബശ്രീയ്ക്ക് തന്നെയായിരിക്കും. വെള്ളിയാഴ്ചയാണ് പ്ലാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം. തുടര്‍ന്ന് ഒരാഴ്ചയ്ക്കുള്ളില്‍ ശ്രീകണേ്ഠശ്വരം വാര്‍ഡിലെ മാലിന്യങ്ങള്‍ ഇവിടെ സംസ്‌കരിച്ചുതുടങ്ങും. ഇവിടെ നിന്ന് ശേഖരിക്കുന്ന ഗ്യാസ് വീട്ടുകാര്‍ക്ക് നല്‍കുമെന്ന് കൗണ്‍സിലര്‍ രാജേന്ദ്രന്‍ നായര്‍ പറഞ്ഞു.
ബയോഗ്യാസ് പ്ലാന്റുകള്‍ക്ക് മാലിന്യസംസ്കരണം പൂര്‍ത്തീകരിക്കുവാന്‍ കഴിയുമോ?
ഉത്തരം ഇല്ല എന്നുതന്നെ. കാരണം ബയോഗ്യാസ് പ്ലാന്റുകള്‍ക്ക് എല്ലാവിധ ജൈവമാലിന്യങ്ങളും സംസ്കരിക്കാന്‍ കഴിയില്ല എന്നതാണ്. മാത്രവുമല്ല പ്ലാന്റില്‍ നിന്ന് പുറത്തുവരുന്ന സ്ലറി മറ്റൊരു വിപത്തായി മാറും. സ്ലറിയെ കട്ടിരൂപത്തിലാക്കുവാനും സ്ലരിയില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന ജലം ശുദ്ധീകരിച്ച് ഭൂമിയെ റീചാര്‍ജ് ചെയ്യുവാനും പ്രയോജനപ്പെടുത്താം. പൊതുസ്ഥലങ്ങളില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ അധികനാള്‍ പ്രവര്‍ത്തിക്കില്ല. അതിന് കാരണം പ്ലാന്റിലേയ്ക്കിടുവാന്‍ സാധ്യതയുള്ള അയോഗ്യമായ വേസ്റ്റുകളാണ്. നഗരമാലിന്യങ്ങളില്‍ പ്രധാനപ്പെട്ട കക്കൂസ് വിസര്‍ജ്യം ബയോഗ്യാസ് പ്ലാന്റുകളില്‍ സംസ്കരിക്കാന്‍ പറ്റിയതാണ്. കോഴിയിറച്ചി വേസ്റ്റ്, സ്ലോട്ടര്‍ ഹൌസുകളിലെ മാംസവേസ്റ്റ്,  കട്ടിയുള്ള ജലത്തിലലിയാത്ത ജൈവമാലിന്യങ്ങള്‍ മുതലായവ ബയോഗ്യാസ് പ്ലാന്റുകളില്‍ നിക്ഷേപിക്കുവാന്‍ സാധിക്കില്ല. 
അതേസമയം പലതരം മാലിന്യസംസ്കരണ രീതികള്‍ സമന്വയിപ്പിച്ചുകൊണ്ട് പൂര്‍ണമായും മാലിന്യസംസ്കരണം നടപ്പിലാക്കാം. കുടുംബശ്രീ വര്‍ക്കേഴ്സിനെ ഉള്‍പ്പെടുത്തി  ജൈവേതര മാലിന്യസംഭരണം, അവയുടെ തരംതിരിക്കല്‍, ശരിയായ സംസ്കരണം എന്നിവയും  നടപ്പിലാക്കാം.  
പ്രാവര്‍ത്തികമാക്കുവാന്‍ കഴിയുന്നവ ചുവടെ ചേര്‍ത്തിരിക്കുന്നു.
൧. ജൈവ ജൈവേതര വേര്‍തിരിക്കല്‍ ഉറവിടത്തില്‍ അനിവാര്യം
൨. ബയോഗ്യാസ് ബ്ലാന്റുകളില്‍ നിക്ഷേപയോഗ്യമായവ മാത്രം ശേഖരിച്ച് ബയോഗ്യാസ് പ്ലാന്റില്‍ നിക്ഷേപിക്കുക
൩. ബയോഗ്യാസ് പ്ലാന്റുകളില്‍ നിക്ഷേപയോഗ്യമല്ലാത്ത ജൈവമാലിന്യങ്ങളെ തുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റിംഗ് ടെക്നിക്സ് പോലുള്ള ലീച്ചേജ് ഉണ്ടാവാത്ത, താപത്തിലൂടെ അണുബാധ ഉണ്ടാകാത്ത  രീതിയാവണം.
൪. സ്ലറി ഉണക്കിപ്പൊടിച്ചും, മറ്റ് രീതികളില്‍ കമ്പോസ്റ്റ് ഉണ്ടാക്കിയും പച്ചക്കറി കൃഷി ചെയ്യാം
൫. ഉത്പാദിപ്പിക്കപ്പെടുന്ന മലിനജലം ശുദ്ധീകരിച്ച് മണ്ണില്‍ റീചാര്‍ജ് ചെയ്യാം.
൬. കുടുംബശ്രീ, ജനശ്രീ യൂണിറ്റുകളെ പങ്കാളിയാക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ