ശനിയാഴ്‌ച, മേയ് 02, 2009

തീരജ്യോതി റ്റി.റ്റി.ഐ മേനംകുളം കഴക്കൂട്ടം



2009 മേയ് 2 ന് തിരുവനന്തപുരത്തെ കഴക്കൂട്ടം മേനംകുളത്തുള്ള തീരജ്യോതി റ്റി.റ്റി.ഐ യില്‍ ഇന്റെര്‍നെറ്റ്, ഈമെയില്‍, ബ്ലോഗിംഗ്, സെര്‍ച്ചിംഗ്, വെബ്സൈറ്റ്, ഡൊമെയിന്‍ നെയിം, ഹോസ്റ്റിംഗ്, വരമൊഴി എഡിറ്റര്‍, മൊഴി കീമാന്‍, ഓപ്പണ്‍ ഓഫീസ് ഡോട് ഓര്‍ഗ്, ഗ്നു-ലിനക്സ് എന്നിവയെക്കുറിച്ച് ഒരു ക്ലാസെടുക്കുവാന്‍ അവസരം ലഭിച്ചു. പ്രിന്‍സിപ്പല്‍ ലളിത ടീച്ചറുടെ ക്ഷണപ്രകാരം ഞാനും ശ്രീകണ്ഠകുമാറുമൊത്ത് രാവിലെ 11 മണിമുതല്‍ ഉച്ചയ്ക്ക് 1.30 വരെയായിരുന്നു ക്ലാസ്സ്. സ്പെയിസിലെ വിമല്‍ ജോസഫ് വരാമെന്നേറ്റിരുന്നെങ്കിലും ജോലിത്തിരക്കുകാരണം വരാന്‍ സാധിക്കാത്തതിനാലാണ് ശ്രീകണ്ഠകുമാറിനെ ക്ഷണിച്ചതും അദ്ദേഹം പങ്കെടുത്തതും.


അതിനുശേഷം ശരണ്യ എന്ന ഒരു വിദ്യാര്‍ത്ഥിനിയെ ഇന്റെര്‍വ്യൂ ചെയ്യുകയുണ്ടായി. അത് ചുവടെ ചേര്‍ത്തിരിക്കുന്നു.



നന്ദി പ്രകാശിപ്പിച്ച വിദ്യാര്‍ത്ഥിനിയുടെ വീഡിയോ ചുവടെ ചേര്‍ത്തിരിക്കുന്നു.



ഉച്ചയൂണും അവര്‍‌ക്കൊപ്പം കഴിഞ്ഞാണ് ഞങ്ങള്‍ മടങ്ങിയത്.

വ്യാഴാഴ്‌ച, ഏപ്രിൽ 30, 2009

ഐ ഫ്രയിം ഏതെങ്കിലും സൈറ്റിന്റെ ടേംസ് ഓഫ് സര്‍വ്വീസിന് വിരുദ്ധമാണോ?

ഫ്രീയപ്പെട്ട ബൂലോഗരെ,
റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്സ് എന്ന ഒരു പേജ് പ്രസിദ്ധീകരിച്ചതിന്റെ താഴെയറ്റം ഞാന്‍ വിശകലനം ചെയ്ത് പ്രസിദ്ധീകരിക്കുന്ന സ്ഥിതിവിവര കണക്കുകള്‍ ക്രോഡീകരിച്ച സോഴ്സ് എന്ന നിലയില്‍ റബ്ബര്‍ ബോര്‍ഡിന്റെ വെബ് സൈറ്റ് ഐ ഫ്രയിമായി ചേര്‍ത്തിരുന്നു. അത് അവരുടെ ടേംസ് ഓഫ് സര്‍വ്വിസിന് വിരുദ്ധമാണ് എന്ന് കാട്ടി റബ്ബര്‍ ബോര്‍ഡിലെ കമ്പ്യൂട്ടര്‍ സെക്ഷനിലെ ഡപ്യൂട്ടി ഡയറക്ടര്‍ എന്നെ ഫോണില്‍ നേരിട്ട് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഞാനത് നീക്കം ചെയ്യുകയുണ്ടായി. ആംഗലേയത്തില്‍ വലിയ വിവരമില്ലാത്തതിനാലും ഐടി ആക്ടും മറ്റും പൂര്‍ണമായി അറിയാത്തതിനാലും പ്രസ്തുത വിഷയം ഞാന്‍ ബൂലോഗരുടെ മുന്നില്‍ സമര്‍പ്പിക്കുന്നു. റബ്ബര്‍ ബോര്‍ഡിന്റെ സൈറ്റിനെ അതേപടി കോപ്പി പേസ്റ്റ് ചെയ്തതാണെങ്കില്‍ തെറ്റാണ് എന്ന കാര്യം എനിക്കുതന്നെ അറിവുള്ളതാണ്. പക്ഷെ ഐ ഫ്രയിം അപ്രകാരം ഒരു ടേംസ് ഓഫ് സര്‍വ്വീസിന് എതിരാണോ?
വിവരാവകാശ നിയമം പ്രാബല്യത്തില്‍ വന്നശേഷം ഇത്തരം സൈറ്റുകളിലെ ഉള്ളടക്കങ്ങളെല്ലാം പൊതുജനത്തിന് പ്രാപ്യമാണെന്നിരിക്കെ മുന്‍കാലത്ത് നിലവിലുണ്ടായിരുന്ന ടേംസ് ഓഫ് സര്‍വ്വീസസ് ഇപ്പോഴും നിലനില്‍ക്കുന്നത് ഉചിതമാണോ? റബ്ബര്‍ ബോര്‍ഡിന്റെ സൈറ്റിലെ കണക്കുകളിലെ ക്രമക്കേടും സ്ഥിതിവിവര കണക്കിലെ പാളിച്ചകളും ആണ് എന്നെ സ്വന്തം വിയര്‍പ്പും കണ്ണുനീരും പാഴാക്കി ഇത്തരത്തില്‍ ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കാന്‍ പ്രേരിപ്പിച്ചത്. കണക്കുകളിലെ ക്രമക്കേടിനെപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ല. പ്രതിമാസ സ്ഥിതിവിവര കണക്കുകളുടെ പി.ഡി.എഫ് ലിങ്കുപോലും കൊടുക്കണമെങ്കില്‍ സ്റ്റാറ്റിസ്റ്ാറിക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ അനുവാദം വാങ്ങണമെന്നാണ് പറയുന്നത്. എന്നെങ്കിലും പി.ഡി.എഫ് ഫയല്‍ ഡൌണ്‍ലോഡ് ചെയ്ത് അപ്ലോഡ് ചെംയ്തിട്ടുണ്ടെങ്കില്‍ അത് നീക്കം ചെയ്യാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. അപ്രകാരം ഒന്ന് ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കുക.

ഞായറാഴ്‌ച, ഏപ്രിൽ 26, 2009

കേരള മോഡലും വൈകിവന്ന വിവേകവും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അഴിമതിയേറി-മന്ത്രി പാലോളി
കോഴിക്കോട്‌: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അഴിമതി വര്‍ധിച്ചിരിക്കുകയാണെന്ന്‌ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി പാലോളി മുഹമ്മദ്‌കുട്ടി പറഞ്ഞു. മലബാര്‍ മേഖലയിലെ ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റുമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അഴിമതിയുണ്ടെന്ന്‌ പറയാനാവില്ല. എങ്കിലും പലയിടത്തും അഴിമതി കൂടിവരികയാണ്‌. ജീവനക്കാരുടെ അഴിമതി തടയാന്‍ പ്രസിഡന്റുമാര്‍ ജാഗ്രത പുലര്‍ത്തണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതി നിര്‍വഹണത്തിന്റെ കണക്ക്‌ സൂക്ഷിക്കുന്ന കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ്‌ കാണിച്ചത്‌. അഞ്ചോ പത്തോ വര്‍ഷം തുടര്‍ച്ചയായി കണക്ക്‌ പരിശോധിച്ചില്ലെങ്കില്‍ പിന്നീട്‌ ഒന്നും മനസ്സിലാവാത്ത അവസ്ഥയാണ്‌-അദ്ദേഹം പറഞ്ഞു.

ഇ.എം.എസ്‌. ഭവനപദ്ധതിക്കായി വീടില്ലാത്തവരുടെ ലിസ്റ്റ്‌ നല്‌കുന്ന കാര്യത്തിലും പഞ്ചായത്തുകള്‍ അലസത കാട്ടി. ഏഴുലക്ഷം ആളുകള്‍ക്ക്‌ വീടുകള്‍ നല്‌കണമെന്നാണ്‌ പഞ്ചായത്തിന്റെ പട്ടികയില്‍ പറയുന്നത്‌. ഈ ലിസ്റ്റ്‌ പുനഃപരിശോധിച്ചപ്പോള്‍ കണക്ക്‌ തെറ്റാണെന്നു വ്യക്തമായി. കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ ജനകീയാസൂത്രണ പദ്ധതിപ്രകാരം പത്തുലക്ഷം പേര്‍ക്ക്‌ തദ്ദേശ വകുപ്പ്‌ വീടുവെച്ചുനല്‌കി. അന്നത്തെ കണക്കുപ്രകാരം നാലുലക്ഷം പേര്‍ക്കു കൂടിയേ വീട്‌ ആവശ്യമായിട്ടുള്ളൂ. ഗൗരവമായി പട്ടിക തയ്യാറാക്കുന്നതിനു പകരം തികഞ്ഞ അനാസ്ഥയാണ്‌ ഇക്കാര്യത്തില്‍ പഞ്ചായത്ത്‌ അധികൃതര്‍ കാണിച്ചത്‌. അര്‍ഹതയില്ലാത്തവര്‍ പട്ടികയില്‍ കടന്നുകൂടിയിട്ടുണ്ട്‌-അദ്ദേഹം പറഞ്ഞു.

ജനകീയാസൂത്രണ പദ്ധതി ഫണ്ടില്‍ 30 ശതമാനം സേവന മേഖലയിലും 30 ശതമാനം പശ്ചാത്തല മേഖലയിലും 40 ശതമാനം ഉത്‌പാദന മേഖലയിലുമാണ്‌ വിനിയോഗിക്കേണ്ടത്‌. എന്നാല്‍, ഇപ്പോള്‍ ഉത്‌പാദന മേഖലയിലെ ഫണ്ട്‌ പശ്ചാത്തല മേഖലയിലേക്ക്‌ ഒഴുകിപ്പോകുന്നു. ഇത്‌ കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്‌ക്ക്‌ കാരണമായിട്ടുണ്ട്‌. ഈ മേഖലയില്‍ ഉത്‌പാദനം വളരെ കുറഞ്ഞു. ഇവിടെ ഫലപ്രദമായ ഇടപെടല്‍ അനിവാര്യമാണെന്ന്‌ മന്ത്രി അഭിപ്രായപ്പെട്ടു.

തദ്ദേശ സ്വയംഭരണ മേഖലയില്‍ ഇപ്പോള്‍ ബാധ്യത കൂടിവരികയാണ്‌. വരുമാനം കൂട്ടേണ്ടത്‌ അനിവാര്യമാണ്‌. ചില പഞ്ചായത്തുകളില്‍ വസൂലാക്കേണ്ട നികുതി കാര്യക്ഷമമായി ഈടാക്കുന്നില്ല.

തൊഴിലുറപ്പ്‌ പദ്ധതി പഞ്ചായത്തുകളില്‍ കാര്യക്ഷമമായി നടക്കുന്നില്ല. സര്‍ക്കാറിന്റെ പണം എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം എന്ന ചിന്ത പാടില്ല. പദ്ധതി പ്രകാരം തൊഴിലാളികള്‍ക്ക്‌ കൂലിമാത്രം നല്‌കിയാല്‍ പോരാ, അവര്‍ തൊഴിലെടുക്കുന്നുണ്ടോ, അത്‌ നാടിന്‌ ഗുണപ്രദമാണോ എന്നൊക്കെ ഉറപ്പുവരുത്തണം. പല സ്ഥലങ്ങളിലും ജോലി ചെയ്യിക്കാതെതന്നെ കൂലി നല്‌കുന്ന രിതിയുണ്ട്‌. പെന്‍ഷന്‍ നല്‌കാതെ പിടിച്ചുവെക്കുന്ന രീതിയും ചിലയിടത്തുണ്ട്‌-മന്ത്രി പറഞ്ഞു.

പദ്ധതി നിര്‍വഹണത്തിലെ കാലതാമസം ഒഴിവാക്കാന്‍ വ്യക്തമായ ആസൂത്രണം നടപ്പാക്കണം. പദ്ധതി നിര്‍വഹണത്തിന്‌ കാലാവധി നീട്ടിവാങ്ങുന്നത്‌ പതിവായിരിക്കുകയാണ്‌. ഗ്രാമസഭകള്‍ ഇപ്പോള്‍ തട്ടിക്കൂട്ടലുകളായി മാറിയിരിക്കുകയാണ്‌. ആനുകൂല്യം കിട്ടുന്നവരുടെ മാത്രം യോഗമായി മാറിയിരിക്കുന്നു ഇത്‌.

ജനകീയാസൂത്രണ പദ്ധതിയുടെ കോട്ടങ്ങള്‍ പരിഹരിക്കാന്‍ നിയോഗിച്ച ഡോ. ഉമ്മന്‍ ചെയര്‍മാനായുള്ള കമ്മിറ്റി റിപ്പോര്‍ട്ട്‌ സര്‍ക്കാറിന്‌ സമര്‍പ്പിച്ചിട്ടുണ്ട്‌. ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ജനകീയാസൂത്രണ പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കാമെന്നും അദ്ദേഹം പറഞ്ഞു.

ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന യോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്‌.എം. വിജയാനന്ദ്‌, പി.കെ. രവീന്ദ്രന്‍, കോഴിക്കോട്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി. കുഞ്ഞമ്മദ്‌കുട്ടി, മലപ്പുറം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അരിമ്പ്ര മുഹമ്മദ്‌, ഗ്രാമപ്പഞ്ചായത്ത്‌ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ കെ. നാരായണന്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട്‌ ഡയറക്ടര്‍ ബി. ശ്രീകുമാര്‍, പഞ്ചായത്ത്‌ ജോയന്റ്‌ ഡയറക്ടര്‍ ജെ. സദാനന്ദന്‍, പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടര്‍മാരായ അജിത്ത്‌കുമാര്‍, എന്‍. സുരാജ്‌, ഏണസ്റ്റ്‌ എടപ്പള്ളി, ഒ. ബാലകൃഷ്‌ണന്‍, അലക്‌സ്‌ കെ. തോമസ്‌ എന്നിവര്‍ സംസാരിച്ചു.

കടപ്പാട് - മാതൃഭൂമി 26-04-09