വ്യാഴാഴ്‌ച, ജൂൺ 25, 2009

അട്ടിമറിക്കൂലി തര്‍ക്കം കാരണം സൌജന്യമായി

അട്ടിമറിക്കൂലിക്കായി തര്‍ക്കം, ഒടുവില്‍ കൂലിയില്ല; പണിയിലൂടെ പരിഹാരം

ആലപ്പുഴ: കൂലിത്തര്‍ക്കത്തെ തുടര്‍ന്ന്‌ ആസ്‌പത്രിയിലേക്കുള്ള ഉപകരണങ്ങള്‍ ഇറക്കുന്നതു തടഞ്ഞ തൊഴിലാളി യൂണിയന്‍ അവസാനം സൗജന്യമായി സാധനം ഇറക്കി തടിയൂരി.

രക്തബാങ്കിലെ ഉപകരണങ്ങള്‍ സൗജന്യമായി മാറ്റാന്‍ വേറെ ആളെത്തിയപ്പോഴാണ്‌ അട്ടിമറിക്കൂലിക്കായി വാശിപിടിച്ച എഐടിയുസി യൂണിയന്‍ നിലപാട്‌ മാറ്റിയത്‌.

ആലപ്പുഴ മെഡിക്കല്‍ കോളേജ്‌ ആസ്‌പത്രിയിലെ രക്തബാങ്കിലെ ഉപകരണങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റുന്നതുമായി ബന്ധപ്പെട്ട്‌ മൂന്ന്‌ദിവസമായി നീണ്ടതര്‍ക്കത്തിന്‌ ഇതോടെ പരിഹാരമായി. 2000 രൂപയ്‌ക്ക്‌ ഉപകരണങ്ങള്‍ മാറ്റാമെന്ന്‌ ആദ്യം സമ്മതിച്ച എഐടിയുസി യൂണിയനില്‍പ്പെട്ട പൊതുമരാമത്ത്‌ ലാന്റിംഗ്‌ ആന്റ്‌ ലോഡിംഗ്‌ തൊഴിലാളികള്‍ തിങ്കളാഴ്‌ച ഇരട്ടിതുക കൂലിയായി ആവശ്യപ്പെട്ടിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന്‌ ഉപകരണങ്ങളുടെ നീക്കം തടസ്സപ്പെട്ടു. ഇത്‌ വാര്‍ത്തയായതോടെ 2000 രൂപയ്‌ക്ക്‌ തന്നെ ബുധനാഴ്‌ച ഉപകരണങ്ങള്‍ മാറ്റാമെന്ന്‌ തൊഴിലാളികള്‍ സമ്മതിച്ചു. ബുധനാഴ്‌ച ഉച്ചയോടെ സൗജന്യനായി ഉപകരണങ്ങള്‍ മാറ്റാമെന്ന്‌ പറഞ്ഞ്‌ പിഡിപി ആലപ്പുഴ ജില്ലാ സെക്രട്ടറി സുനില്‍ ഇസ്‌മയിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ്‌ പ്രശ്‌നം വഴിത്തിരിവിലെത്തിയത്‌. എഐടിയുസി യൂണിയന്‍ തൊഴിലാളികളും പിഡിപി പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കമായി. പിന്നീട്‌ ഉന്തുംതള്ളുമായി. തുടര്‍ന്ന്‌ പോലീസ്‌ ഇടപെട്ടിട്ടും പ്രശ്‌നത്തിന്‌ പരിഹാരമായില്ല. ഒടുവില്‍ എഐടിയുസി ജില്ലാ നേതൃത്വം ഇടപെട്ട്‌ സൗജന്യമായി ഉപകരണങ്ങള്‍ വണ്ടാനത്ത്‌ എത്തിക്കാന്‍ തൊഴിലാളികളോട്‌ നിര്‍ദ്ദേശിച്ചു. വൈകീട്ടോടെ തൊഴിലാളികള്‍ സൗജന്യമായി ഉപകരണങ്ങള്‍ വണ്ടാനത്തേക്ക്‌ മാറ്റുകയും ചെയ്‌തു.

കൂലിത്തര്‍ക്കത്തെ തുടര്‍ന്ന്‌ ഉപകരണങ്ങള്‍ മാറ്റാന്‍ സാധിക്കാതിരുന്നതിനാല്‍ തിങ്കളാഴ്‌ച വണ്ടാനം മെഡിക്കല്‍ കോളേജില്‍ രക്തബാങ്കിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. മൂന്ന്‌ റഫ്രിജറേറ്റര്‍, ഇന്‍കുബേറ്റര്‍, രണ്ട്‌ കസേര, ഒരു കട്ടില്‍ എന്നിവ മാറ്റുന്നതിനായിരുന്നു അട്ടിമറിക്കൂലിയായി 5500 രൂപ ആവശ്യപ്പെട്ടത്‌. നീണ്ട ചര്‍ച്ചയെ തുടര്‍ന്ന്‌ ഇത്‌ പിന്നീട്‌ 4000 ആയും 2000 ആയും കുറച്ചിരുന്നു. ഇതിനിടെയാണ്‌ ആസ്‌പത്രി വികസനസമിതിയിലെ അംഗം കൂടിയായ പിഡിപി ജില്ലാ സെക്രട്ടറി സുനില്‍ ഇസ്‌മയിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ എത്തിയത്‌. അതേസമയം സൗജന്യമായി ഉപകരണങ്ങള്‍ മാറ്റാന്‍ തൊഴിലാളികള്‍ക്ക്‌ നേരത്തെ തന്നെ ജില്ലാ നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരുന്നെന്നും ഇതിനിടയിലാണ്‌ ചിലര്‍ പ്രശ്‌നമുണ്ടാക്കാന്‍ എത്തിയതെന്നും എഐടിയുസി സംസ്ഥാന സെക്രട്ടറി ടി.ജെ. ആഞ്ചലോസ്‌ പറഞ്ഞു.
കടപ്പാട് - മാതൃഭൂമി 25-06-09

തിങ്കളാഴ്‌ച, ജൂൺ 22, 2009

നോക്കുകൂലി ഈ നാടിന്റെ ശാപം

നോക്കുകൂലി തര്‍ക്കം: വാഹനത്തിന്‌ മോചനമില്ല;പോലീസും നോക്കുകുത്തികള്‍
തിരുവനന്തപുരം:നോക്കുകൂലി തര്‍ക്കത്തിന്‌ മുന്നില്‍ പോലീസും നോക്കുകുത്തികള്‍. ഫോര്‍ട്ട്‌ പോലീസ്‌ സ്‌റ്റേഷന്‍ മുതല്‍ കമ്മീഷണര്‍ക്കുവരെ പരാതി പോയിട്ടും നോക്കുകൂലിത്തര്‍ക്കം മൂലം പെരുവഴിയിലാകേണ്ടി വന്ന വാഹനത്തിന്‌ ശാപമോക്ഷമില്ല.നോക്കുകൂലി തര്‍ക്കത്തെത്തുടര്‍ന്ന്‌ മൂന്ന്‌ ദിവസമായി പെരുവഴിയില്‍ കിടക്കുന്ന ലോറി മൂന്നാം ദിവസവും ലോഡിറക്കാനാകാതെ ചെങ്കൊടിയേന്തി വഴിയരികില്‍ കിടക്കുകയാണ്‌. വാഹനത്തിന്റെ കാറ്റഴിച്ചുവിട്ടവരെക്കുറിച്ച്‌ അറിയില്ലെന്നാണ്‌ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡധികൃതര്‍ പറയുന്നത്‌. പൊള്ളുന്ന വിഷയമായതിനാല്‍ പോലീസും അറച്ചുനില്‍ക്കുകയാണെന്ന്‌ ആരോപണമുണ്ട്‌.

തമിഴ്‌നാട്ടില്‍ നിന്നും ആര്യശാലയില്‍ വൈക്കോലുമായി വന്ന ലോറിയാണ്‌ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന്‌ലോഡിറക്കാനാകാതെ വഴിയില്‍ കിടക്കുന്നത്‌. ലോറിയുടെ ടയറിന്റെ കാറ്റഴിച്ചുവിട്ടാണ്‌ ഒരു വിഭാഗം കടന്നുകളഞ്ഞതെങ്കില്‍ മറുവിഭാഗം ചെങ്കൊടി നാട്ടിക്കൊണ്ടാണ്‌ കടന്നുകളഞ്ഞത്‌. ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിനുള്ളിലെ ചേരിതിരിവാണ്‌ അന്യസംസ്ഥാന വാഹനത്തെ പെരുവഴിയില്‍ തള്ളിയ നിലയിലേക്കെത്തിച്ചത്‌.

കടപ്പാട് - മാതൃഭൂമി 22-06-09
കഴിഞ്ഞഭാഗത്തിന്റെ തുടര്‍ച്ചയാണിത്
തമിഴ്‌നാട്ടില്‍ നിന്ന് വക്കോല്‍ കൊണ്ടുവരുന്നത് കാലികള്‍ക്ക് തീറ്റ കൊടുക്കാനാണ്. ക്ഷീര കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളോ അവരുടെ അവസ്ഥയോ നമ്മുടെ ഭരണാധികാരികള്‍ക്ക് നോക്കേണ്ട ആവശ്യമില്ലല്ലോ. അറുപത് ശതമാനം ശുദ്ധമായ പാലിനൊപ്പം മായം കലര്‍ത്തി (സോപ്പുലായനിയും, ഡെക്‌ സ്ട്രോസും, വെളിച്ചെണ്ണയും, വെള്ളവും കലത്തിയും മറ്റും) കവറുകളില്‍ ലഭിക്കുന്നത് പാലിന്റെ വിലയെ നിയന്ത്രിക്കുന്നു. ഒരു ചെറിയ ശതമാനം ഗുണ്ട തൊഴിലാളികളെ ഒപ്പം നിറുത്തി പാര്‍ട്ടിഭേദമന്യേ പോരാടുന്നതിന്റെ തെളിവാണിത്. ഇതിനെ ന്യയീകരിക്കാന്‍ പലരെയും കിട്ടും എന്നത് ഖേദകരം തന്നെയാണ്.
നോക്കുകുത്തികളാകുന്ന പോലീസുകാര്‍!!!!

ശനിയാഴ്‌ച, ജൂൺ 20, 2009

നോക്കുകൂലി തര്‍ക്കം : സി.ഐ.ടി.യുക്കാര്‍ ലോറിയുടെ കാറ്റ് തുറന്ന്‌വിട്ട് കൊടി നാട്ടി

തിരുവനന്തപുരം - നോക്കുകൂലി തര്‍ക്കത്തെത്തുടര്‍ന്ന് സി.ഐ.ടി.യുക്കാര്‍ വയ്ക്കോല്‍ ലോറിയുടെ കാറ്റ് ഊരിവിട്ട് പാര്‍ട്ടിക്കൊടി കെട്ടി.
സംഭവവുമായി ബന്ധപ്പെട്ട രണ്ട് സി.ഐ.ടി.യു തൊഴിലാളികളെ ക്ഷേമബോര്‍ഡ് പിരിച്ചുവിട്ടു.
തലസ്ഥാന നഗരിയില്‍ കിള്ളീപ്പാലത്തിന് സമീപമാണ് വൈക്കോലുമായെത്തിയ ലോറിയുടെ കാറ്റ് തുറന്ന് വിട്ടത്. 44 പേരാണ് കിള്ളീപ്പാലത്ത് ചുമട്ടുതൊഴിലാളികളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 15 പേര്‍ മാത്രമാണ് സ്ഥിരമായി ജോലിക്കെത്തുന്നത്. ജോലിക്കെത്തുന്നവര്‍ക്ക് മാത്രമേ കൂലി വീതിച്ച് നല്‍കാന്‍ കഴിയൂ എന്ന് ഐ.എന്‍.ടി.യു.സി, ബി.എം.എസ് തൊഴിലാളികള്‍ വാദിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.
തര്‍ക്കം വന്നതോടെ ക്ഷേമനിധിബോര്‍ഡ് ഹാജര്‍ ബുക്ക് നിര്‍ബന്ധമാക്കി. വെള്ളിയാഴ്ച രാവിലെ അഞ്ചു മണിയോടെയാണ് വൈക്കോല്‍ കയറ്റിയ ലോറി എത്തിയത്. വൈക്കോല്‍ ഇറക്കാന്‍ വിസമ്മതിച്ച സി.ഐ.ടി.യു തൊഴിലാളികള്‍ ലോറിയുടെ കാറ്റ് തുറന്ന് വിട്ടു.
സി.ഐ.ടി.യു ചാല ജോയിന്റ് സെക്രട്ടറി കെ.രാജേന്ദ്രന്‍ നായര്‍, പൂള്‍ ലീഡറായിരുന്ന ഇ.ഗണേശ് എന്നിവരെയാണ് ജില്ലാക്ഷേമനിധിബോര്‍ഡ് പിരിച്ചുവിട്ടത്.
കടപ്പാട്- മാതൃഭൂമി 20-06-09