തിങ്കളാഴ്‌ച, ജൂലൈ 12, 2010

ഗ്രാഫ്റ്റ് ചെയ്ത നെല്ലിത്തൈ കൂട്ടം മീറ്റ് തന്ന സമ്മാനം

ഡോ. ജയന്‍ ദാമോദരന്‍ കണ്‍വീനറായി നടന്ന കൂട്ടം കേരളമീറ്റ് 2010 തിരുവനന്തപുരത്തുകാര്‍ക്ക് പ്രത്യേകമായി തന്നത് ഗ്രാഫ്റ്റ് ചെയ്ത ഓരോ നെല്ലിത്തൈ വീതമാണ്.


രണ്ടരയടി താഴ്ചയില്‍ കുഴിയെടുത്തശേഷം കുഴിയില്‍ ഉണങ്ങിപ്പൊടിഞ്ഞ പഴക്കംചെന്ന കമ്പോസ്റ്റ് മണ്ണിനോടൊപ്പം കൂട്ടിച്ചേര്‍ത്ത് പ്ലാസ്റ്റിക് കവര്‍ വേരുകള്‍ക്ക് കേട്പറ്റാതെ നീക്കം ചെയ്ത് നട്ട് വെള്ളവും ഒഴിച്ചു. അറിയണമല്ലോ മൂന്നാം വര്‍ഷം നെല്ലിക്ക കായ്ക്കുമോ എന്ന്.
ഗുണങ്ങള്‍, ഉപയോഗങ്ങള്‍
ഇന്ത്യന്‍ ഔഷധശാസ്ത്ര പ്രകാരം ഗുണമേന്മയേറിയ നവോന്മേഷദായകമായ ഒരു രസായനൌഷധമാണ് നെല്ലിക്ക. പ്രധാനമായും കായ്‌കളാണ് ഔഷധ പ്രയോഗങ്ങളില്‍ ഉപയോഗിക്കുന്നതെങ്കിലും ഇല, തൊലി, വേര് എന്നീ ഭാഗങ്ങളും ഉപയോഗിച്ചുവരുന്നുണ്ട്. പ്രകൃതിയില്‍ ലഭ്യമായിട്ടുള്ളതില്‍വെച്ച് ഏറ്റവും പ്രധാനപ്പെട്ട നിരോക്‌സീകാരിയും 'ജീവകം സി'യുടെ സമ്പുഷ്ടമായ കലവറയുമായ നെല്ലിക്കയില്‍ ഓറഞ്ചില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ 20 ഇരട്ടി ജീവകം സിയും ആപ്പിളില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ മൂന്നിരട്ടി പ്രോട്ടീനും 100 ഇരട്ടി അസ്‌കോര്‍ബിക് ആസിഡും അടങ്ങിയിട്ടുള്ളതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ചൂടാക്കുമ്പോഴും ദീര്‍ഘകാലം സംഭരിച്ചു വെയ്ക്കുമ്പോഴും നഷ്ടപ്പെടാത്ത ജീവകം സിയുടെ ഉറവിടം എന്ന പ്രത്യേകത കൂടിയുണ്ടിതിന്. ശരീരത്തിന്റെ ഓജസും ശക്തിയും വര്‍ദ്ധിപ്പിച്ച് ജരാനരകളെ അകറ്റി നിത്യ യൌവ്വനം പ്രദാനം ചെയ്യാന്‍ സാധിക്കും എന്ന് കരുതപ്പെടുന്ന നെല്ലിക്ക പ്രസിദ്ധമായ ച്യവനപ്രാശം, ത്രിഫല എന്നീ ഔഷധക്കൂട്ടുകളിലെ പ്രധാന ചേരുവയാണ്. ഇതിന് പുറമേ ശരീരത്തിലെ വാത, പിത്ത, കഫ ദോഷങ്ങളെ നിയന്ത്രിച്ച് സന്തുലിതമായ ആരോഗ്യം പ്രദാനം ചെയ്യാന്‍ കഴിയുന്ന 105 ല്‍പ്പരം വിവിധ ജീവന്‍രക്ഷാ ഔഷധങ്ങളില്‍ നെല്ലിക്ക ചേരുന്നുണ്ട്.
ശാസ്ത്രീയമായി തയ്യാറാക്കുന്ന ഈ ഔഷധക്കൂട്ടുകള്‍ക്കെല്ലാം പുറമേ നെല്ലിയില, തൊലി, തടി തുടങ്ങിയവ ഉപയോഗിച്ചുള്ള നാടന്‍ പ്രയോഗങ്ങളും പ്രചാരത്തിലുണ്ട്. ശരീരത്തിലുണ്ടാകുന്ന നീര്‍ക്കെട്ടിന് നെല്ലിയില ഉപയോഗിച്ചുള്ള ചികിത്സ, കിണറുകളിലെ വെള്ളം ശുദ്ധീകരിക്കുന്നതിന് നെല്ലിപ്പലകയും നെല്ലിത്തടിയും ഉപയോഗിക്കുക തുടങ്ഹിയവയെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രം.

കടപ്പാട് - സംസ്ഥാന ഔഷധസസ്യ ബോര്‍ഡ്

തിങ്കളാഴ്‌ച, ജൂലൈ 05, 2010

ഇത്തരം ശാസ്ത്രജ്ഞരെ സൂക്ഷിക്കുക

മാതൃഭൂമി ദിനപത്രത്തിലെ കാര്‍ഷികരംഗം പ്രസിദ്ധീകരിച്ച "റബ്ബര്‍ തോട്ടങ്ങളില്‍നിന്ന് കോതുകിനെ അകറ്റുക " എന്ന ലേഖനത്തില്‍ ഡോ. ജേക്കബ് മാത്യു, ഡോ. വി.ടി ജോസ് എന്നിവര്‍ കൂട്ടായി പ്രസിദ്ധീകരിച്ച ലേഖനം പ്രകൃതി സ്നേഹികളുടെ ശ്രദ്ധക്കായി അവതരിപ്പിക്കുകയാണ് ഈ പോസ്റ്റിലൂടെ.

കറയെടുത്തശേഷം ചിരട്ടകള്‍ കമഴ്ത്തിവെയ്ക്കുക എന്നത് ലാറ്റെക്സിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കും. എന്നാല്‍ പ്ലാസ്റ്റിക് മാലിന്യം എന്ന റയിന്‍ ഗാര്‍ഡും നീര്‍ക്കുഴികളില്‍ മണ്ണെണ്ണയും ഡീസലും ഒഴിച്ച് കൊതുകുകളെ അകറ്റാന്‍ നിര്‍ദ്ദേശിക്കുന്നതിന്റെ ദോഷവശങ്ങളും അറിയാത്ത ഈ ശാസ്ത്രജ്ഞരെ എന്തു പറയണം എന്ന് എനിക്കറിയില്ല. റയിന്‍ ഗാര്‍ഡ് റബ്ബര്‍ മരങ്ങള്‍ക്ക് ഹാനികരമാണ് എന്ന സത്യം ഈ ശാസ്ത്രജ്ഞര്‍ക്ക് മനസിലാകില്ല. റയിന്‍ ഗാര്‍ഡ് ചെയ്ത് ടാപ്പ് ചെയ്യുന്നതിലൂടെ മരത്തില്‍ നിന്ന് സൂഷ്മ-അതിസൂഷ്മ മൂലകങ്ങളും ജലവും അമിതമായി നഷ്ടപ്പെടുന്നത് റബ്ബര്‍ മരങ്ങള്‍ക്ക് ഹാനികരമാണ്. മാത്രവുമല്ല റയിന്‍ ഗാര്‍ഡ് ചെയ്ത മരങ്ങളില്‍ മാരകമായ കുമിള്‍ നാശിനികളും ഉപയോഗിക്കേണ്ടി വരുന്നു. പച്ചിലകളിലെ ചാറ് ഊറ്റിക്കുടിച്ച് ജീവിക്കുന്ന ആണ്‍ കൊതുകുകളെ അകറ്റുവാന്‍ മുഴുവന്‍ തോട്ടത്തിലും മണ്ണണ്ണയും ഡീസലും സ്പ്രേ ചെയ്യാന്‍ നിര്‍ദ്ദേശിക്കാത്തത് നന്നായി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മലേറിയ ഇറാഡിക്കേഷന്‍ പ്രോഗ്രാം എന്നപേരില്‍ കൊതുകുകളെ കൊല്ലുവാന്‍ ടണ്‍ കണക്കിന് ഡി.ഡി.ടി പ്രയോഗിച്ചത് പലരും മറന്നുകാണാന്‍ വഴിയില്ല. പഞ്ചാബില്‍ ഉല്പാദിപ്പിച്ച അരിയിലും ഗോതമ്പിലും വരെ ഡി.ഡി.ടി കണ്ടെത്തിയിരുന്നു. കൊതുകു വര്‍ദ്ധന നിയന്ത്രിക്കുവാന്‍ മത്സ്യം വളര്‍ത്തുന്നതിനേക്കാള്‍ നല്ലൊരുപാധി വേറെ ഇല്ലതന്നെ. റബ്ബര്‍ തോട്ടങ്ങളിലും വെള്ളം കെട്ടിനില്‍ക്കാന്‍ സംവിധാനമുണ്ടാക്കി മത്സ്യങ്ങളെ വളര്‍ത്താന്‍ കര്‍ഷകര്‍ തയ്യാറാവണം. മലിനജലത്തിലാണ് ധാരാളമായി കൊതുകുകള്‍ ഉണ്ടാകുന്നത്. അത്തരം ജലത്തിലെ ജൈവേതര മാലിന്യങ്ങള്‍ കൊതുകുകളെ നിത്യരോഗികളായിട്ടാണ് ജന്മം നല്‍കുന്നത്. അവയ്ക്ക രോഗം പരത്തുവാനേ കഴിയുകയുള്ളു. ആരോഗ്യമുള്ള കൊതുകുകള്‍ രോഗം പരത്താറില്ല എന്ന് പലര്‍ക്കും അനുഭവമുണ്ടാകാം.
എന്റെ റബ്ബര്‍ തോട്ടത്തില്‍ ധാരാളം കൊതുകുകള്‍ ഉണ്ട്. അവയില്‍ പലതും എന്നെ കടിക്കാറും ഉണ്ട്. കൊതുക് കടിച്ച് നാളിതുവരെ എനിക്ക് രോഗം വന്നതും ഇല്ല. എന്റെ പുരയിടത്തോട് ചേര്‍ന്ന് കിടക്കുന്ന പഞ്ചായത്ത് വക കുളത്തിലും അതിന് താഴേയ്ക്ക് നെല്‍പ്പാടങ്ങളിലൂടെ ഒഴുകിയിരുന്ന ജലത്തിലും ധാരാളം മാനത്തുകണ്ണി എന്നറിയപ്പെടുന്ന ചെറു മത്സ്യങ്ങള്‍ ഉണ്ടായിരുന്നു. അന്ന് കൊതുകും കുറവായിരുന്നു. ഇന്ന് മത്സ്യങ്ങളും, ഞണ്ടും, തവളയും അപ്രത്യക്ഷമായി പകരം പെറ്റുപെരുകുന്ന കൊതുകുകള്‍ മാത്രം മിച്ചം.
ഇത്തരം ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ച മാതൃഭൂമി ദിനപ്പത്രത്തോട് സഹതാപം തോന്നുന്നു.
ഇത്തരം ശാസ്ത്രജ്ഞരില്‍ വിശ്വസിക്കാത്ത കര്‍ഷകന്‍ ചെയ്യുന്നത് കാണുക
റബ്ബര്‍ മരത്തിന്റെ പിന്‍ഭാഗത്ത് ടെറസിന്റെ ഉയരം കൂടിയ ഭാഗത്ത് മണ്ണിന് മുകളില്‍ ബയോഗ്യാസ് സ്ലറി മരമൊന്നിന് തൊണ്ണൂറ് ലിറ്റര്‍ വീതം ഒഴിക്കുന്നു. അപ്രകാരം അവിടെ വേരുപടലം വര്‍ദ്ധിപ്പിക്കുവാനും മണ്ണൊലിപ്പ് തടയുവാനും ഒലിച്ചിറങ്ങുന്ന എക്കല്‍ താഴ്നഭാഗത്തെത്തിക്കുവാനും കഴിയുന്നു. ഇത് തന്നെയാണ് മണ്ണും ഇലയും ലബോറട്ടറികളില്‍ പരിശോധിക്കാതെയുള്ള വളപ്രയോഗം.

സ്ലറി ഒഴിച്ചിട്ട് നാല്പത്തിയെട്ട് മണിക്കൂര്‍ ആയില്ല വലതുവശത്തുള്ള ചിത്രത്തില്‍ ഒരല്പം മണ്ണ് കമ്പുകൊണ്ടിളക്കിയപ്പോള്‍ കാണാന്‍ കഴിഞ്ഞ കര്‍ഷകന്റെ കലപ്പ എന്ന മണ്ണിര ഇത്രയും ഉയരമുള്ള ഭാഗത്തെത്തിച്ചേര്‍ന്നു എങ്കില്‍ മണ്ണ് കൊത്തിയിളക്കാതെയും കളകള്‍ നീക്കം ചെയ്യാതെയും വളപ്രയോഗം നടത്തുന്നതിലൂടെ ആ പ്രശ്നത്തിനും പരിഹാരം കാണാന്‍ കഴിയും എന്ന് തെളിയിക്കപ്പെടുകയാണ്.

ഇടത് വശത്ത് കാണുന്ന ചിത്രത്തില്‍ റബ്ബര്‍ ബോര്‍ഡില്‍ നിന്ന് സബ്സിഡിയോടെ എടുത്ത നീര്‍ക്കുഴികളില്‍ നിന്ന് കാലാകാലങ്ങളില്‍ നീക്കം ചെയ്യുന്ന എക്കല്‍ മണ്ണ് ടെറസിന്റെ പാളിച്ച തീര്‍ക്കുവാനായി പ്രയോജനപ്പെടുത്താം. നീര്‍ക്കുഴിയില്‍ ഡീസലും മണ്ണെണ്ണയും ഒഴിച്ച് മലിനപ്പെടുത്തലല്ല മറിച്ച് മണ്ണിലെ ബാക്ടീരിയയുടെ സഹായത്താല്‍ ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്ന ജലം ശുദ്ധീകരിക്കുകയാണ് വേണ്ടത്. ഇത് നാളത്തെ കുടിവെള്ളമാണ് അതിനെ നശിപ്പിക്കാതിരിക്കുക.

കോരിയിടുന്ന നീര്‍ക്കുഴിയിലെ എക്കല്‍ മണ്ണിലും ധാരാളം മണ്ണിരകളുണ്ടാവും. അവയെ സംരക്ഷിക്കേണ്ടത് ഒരു കര്‍ഷകന്റെ കടമയാണ്. രാസ, കള, കുമിള്‍, കീടനാശിനികളുപയോഗിച്ച് അവയെ നശിപ്പിക്കുന്നതിനൊപ്പം മനുഷ്യനേയും രോഗികളാക്കല്ലെ പ്രീയപ്പെട്ട ശാസ്ത്രജ്ഞന്മാരെ!!!!

ബുധനാഴ്‌ച, ജൂൺ 30, 2010

ആന തടി കയറ്റിയതിനും നോക്കുകൂലി

അടൂര്‍: ആനയെക്കൊണ്ട് ലോറിയില്‍ തടി കയറ്റിയതിനും നോക്കുകൂലി. അടൂര്‍ മേലൂട് ലക്ഷ്മിശ്രീയില്‍ സുരേന്ദ്രന്റെ പക്കല്‍നിന്നാണ് യൂണിയന്‍കാര്‍ നോക്കുകൂലിയായി 1500 രൂപ ഈടാക്കിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. സി.ഐ.ടി.യു., ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി.,ബി.എം.എസ്. യൂണിയനുകളില്‍പ്പെട്ടവരടങ്ങുന്ന സംഘമാണ് പണം വാങ്ങിയതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.


അടൂര്‍ പുതിയകാവില്‍ ചിറ ഭാഗത്ത് നിന്ന തേക്ക്, വീടുപണിക്കായാണ് സുരേന്ദ്രന്‍ വാങ്ങിയത്. താഴ്ചയില്‍നിന്ന് മുറിച്ച തേക്ക് ലോറിയിലാക്കാന്‍ ആനയെ കൊണ്ടുവന്നു. 2750 രൂപ കൂലിയിനത്തില്‍ ചെലവായി. തടി കയറ്റി ലോറി പുറപ്പെട്ടപ്പോള്‍ യൂണിയന്‍കാരെത്തി തടഞ്ഞു. നോക്കുകൂലിയായി അവര്‍ ആവശ്യപ്പെട്ട പണം കൊടുത്തശേഷമാണ് ലോറി പോകാനനുവദിച്ചത്. ഇതിനിടെ ലോറിയില്‍നിന്ന് റോഡില്‍ വീണ രണ്ടു കഷണം തടി തിരികെ ലോറിയില്‍ കയറ്റാന്‍പോലും യൂണിയന്‍കാര്‍ തയ്യാറായതുമില്ല.
കടപ്പാട് - മാതൃഭൂമി