ബുധനാഴ്‌ച, ജൂലൈ 15, 2009

മണ്ണുശാസ്ത്രം - ചില അറിവുകള്‍

വി.വി. ഡോക്കുച്ചേവ് (1846- 1903)

വി.വി. ഡോക്കുച്ചേവ് ( V.V. DOKUCHAEV, Photo from Leningrad State University 1898 July 8th) മണ്ണ് ശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന റഷ്യന്‍ ഭൂവിജ്ഞാന ശാസ്ത്രജ്ഞനാണ്. മണ്ണ് എന്നത് കാലാവസ്ഥ, നിമ്നോന്നത, ജൈവമണ്ഡലം എന്നിവ പ്രകൃതി വസ്തുക്കളിന്മേല്‍ (parent material) ഒരു നിശ്ചിത കാലഘട്ടം (time factor) പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ജന്മമെടുക്കുന്ന ഒരു പ്രാകൃതിക വസ്തുവാണ് എന്ന് ആദ്യമായി സിദ്ധാന്തിച്ചതും മണ്ണ് ഒരു ജീവനുള്ള വസ്തുവാണെന്നും അത് മറ്റെല്ലാ ജീവവസ്തുക്കളെയും പോലെ ജനനവും ജീവിതവും പരിചരിക്കപ്പെടാതിരുന്നാല്‍ മാത്രം മരണവും സംഭവിക്കാവുന്ന ഒന്നാണെന്നും കണ്ടെത്തിയ ദീര്‍ഘദര്‍ശിയാണ് ഇദ്ദേഹം. Pedology എന്ന ശാസ്ത്രശാഖ വികസിച്ചത് ഈ ശാസ്ത്രജ്ഞന്റെ പഠനങ്ങളില്‍ നിന്നാണ്.

മണ്ണിനും മരണം സംഭവിക്കാമെന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് കേരളത്തിലെ വെട്ടുകല്‍ മണ്ണുകള്‍ അഥവാ ലാറ്ററൈറ്റുകള്‍. ലോകത്താദ്യമായി ലാറ്ററൈറ്റ് എന്ന ശാസ്ത്രനാമം നിര്‍‌ദ്ദേശിച്ചത് ഫ്രാന്‍സിസ് ഹാമില്‍ട്ടണ്‍ ബുക്കാനന്‍ (1762-1829) എന്ന വിശ്വപ്രസിദ്ധ സഞ്ചാര സാഹിത്യകാരനാണ്. 1800 ല്‍ അദ്ദേഹം കേരളത്തിലെ അങ്ങാടിപ്പുറം സന്ദര്‍ശിച്ചപ്പോള്‍ മണ്ണില്‍ നിന്നും കല്ല് വെട്ടി വീട് നിര്‍മ്മിക്കുന്നത് കാണുവാനിടയാവുകയി. അതുകാരണം ലോകത്താദ്യമായി മണ്ണില്‍ നിന്നും കെട്ടിട നിര്‍മ്മാണത്തിനുള്ള കല്ല് വെട്ടിയെടുക്കുന്നത് കണ്ടെത്തിയ അദ്ദേഹം ഈ കല്ലുകളെ ലാറ്ററൈറ്റ് എന്ന് നാമകരണം ചെയ്തു. ലത്തീന്‍ ഭാഷയില്‍ ലാറ്റര്‍ എന്നാല്‍ ചുടുകല്ല് എന്നാണര്‍ത്ഥം. അതുകൊണ്ടാണ് ഇത്തരം കല്ലുകളെ ലാറ്ററൈറ്റ് എന്ന് നാമകരണം ചെയ്തത്. ലോകത്താകമാനം അത്യുഷ്ണവും അമിത വര്‍ഷപാതവും ഇടവിട്ട് ഉണ്ടാകുന്ന ഭൂവിഭാഗങ്ങളിലെല്ലാം വിവേചനരഹിതമായ കൃഷിരീതികള്‍ കാരണം ലാറ്ററൈറ്റ് മണ്ണുകള്‍ ആവിര്‍ഭവിക്കുന്നു എന്നാണ് ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയും ആഗോള പരിസ്ഥിതി സംഘടനയും മുന്നറിയിപ്പ് നല്‍കുന്നത്. ഇതിലേറ്റവും പ്രധാനം മണ്ണിലെ ജൈവാംശം നഷ്ടപ്പെടുകയും ഇരുമ്പിന്റെയും അലുമീനിയത്തിന്റെയും സംയുക്തങ്ങള്‍ അധികരിക്കുകയും കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ നിര്‍ഗമന ജലത്തോടൊപ്പം നഷ്ടപ്പെടുകയും മണ്ണിലെ അംമ്ലത അധികരിക്കുകയും ചെയ്യുന്നു. (ചിത്രത്തില്‍ കാണുന്നത് മലപ്പുറം ജില്ലയില്‍ അങ്ങാടിപ്പുറത്ത് ബുക്കാനന്റെ പേരില്‍ നിര്‍മ്മിച്ചിട്ടുള്ള സ്മാരക സ്തൂപമാണ്)
കേരളത്തിലെ വിവിധ മണ്ണിനങ്ങളെപ്പറ്റി ശാസ്ത്രീയമായി പഠനം നടത്തുവാനും അവയുടെ വര്‍ഗീകരണം നടത്തുവാനും ഉദ്ദേശിച്ചുകൊണ്ട് ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയുടെയും നെതര്‍ലാന്‍ഡ് ലെ അന്തര്‍ദേശീയ മണ്ണുഗവേഷണ കേന്ദ്രത്തിന്റെയും സഹകരണത്തോടെ കേരള കാര്‍ഷിക സര്‍വ്വകലാശാല സ്ഥാപിച്ച കേന്ദ്രമാണ് കേരള സോയില്‍ റഫറന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍. ഇതിന്റെ ആസ്ഥാനം വെള്ളായണി കാര്‍ഷിക കോളേജിലാണ്. ഇക്കാര്യത്തിനായി നെതര്‍ലന്‍ഡില്‍ നിന്നും പരിശീലനം നേടിയ സോയില്‍ സയന്‍സ് പ്രൊഫസറും വകുപ്പ് മേധാവിയും ആയിരുന്ന ഡോ. തോമസ് വര്‍ഗീസ് ആണ് ഇത്തരം ഒരു കേന്ദ്രത്തിനും കേരളത്തിലെ മണ്ണിനങ്ങളുടെ മ്യൂസിയത്തിനും രൂപകല്പന ചെയ്തത്.

ഡോ. തോമസ് വര്‍ഗീസ് 1999 മേയ് 11 ന് 39 വര്‍ഷത്തെ സേവനത്തിന് ശേഷം കേരള കാര്‍ഷിക സര്‍വ്വകലാശാല വെള്ളായണി ക്യാമ്പസില്‍ നിന്നും റിട്ടയര്‍ ചെയ്തു. സോയില്‍ സയന്‍സ് ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ കെമിസ്ട്രി പ്രൊഫസറും വകുപ്പ് മേധാവിയും ആയിട്ടാണ് അദ്ദേഹം റിട്ടയര്‍ ചെയ്തത്. നിരവധി ഗവേഷണ പ്രബന്ധങ്ങളുടെയും ശാസ്ത്ര ലേഖനങ്ങളുടെയും രചയിതാവായ ഇദ്ദേഹത്തിന് കേരളത്തിലെ അറിയപ്പെടുന്ന പരിസ്ഥിതി ശാസ്ത്രജ്ഞന്‍ കൂടിയാണ്. 1992 ല്‍ ഇദ്ദേഹത്തിന്റെ പരിസ്ഥിതി മേഖലകളിലെ സംഭാവനകളെ മുന്‍നിറുത്തി "പരിസ്ഥിതി മിത്ര" അവാര്‍ഡ് ലഭിക്കുകയുണ്ടായി. കേരളത്തിലെ കുട്ടനാട്ടിലെ പാടശേഖരങ്ങള്‍, എറണാകുളം ജില്ലയിലെ പൊക്കാളി നിലങ്ങള്‍, കണ്ണൂരിലെ കൈപ്പാട് നിലങ്ങള്‍, മധ്യമേഖലയിലെ വെട്ടുകല്‍ മണ്ണുകള്‍, ചിറ്റൂര്‍ പ്രദേശത്തെ ക്ഷാര മണ്ണുകള്‍, വയനാട് ഇടുക്കി ആര്യങ്കാവ് അഗസ്യവനം തുടങ്ങിയ മേഖലകളിലെ വനമണ്ണുകള്‍ എന്നിവയെപ്പറ്റി ആധികാരികമായ പഠനങ്ങള്‍ നടത്തുകയും ദേശീയ അന്തര്‍‌ദ്ദേശീയ പ്രസിദ്ധീകരണങ്ങളില്‍ പഠന വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ ആദ്യമായി മണ്ണ് ശാസ്ത്രത്തെപ്പറ്റി മലയാളത്തിലെഴുതിയ "മൃത്തിക വിജ്ഞാനം" 1972 ല്‍ സംസ്ഥാന ഭാഷാ ഇന്‍സ്റ്റിട്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെട്ടുകല്‍ മണ്ണുകളെപ്പറ്റിയുള്ള ആധികാരിക ഗ്രന്ഥം (ലാറ്ററൈറ്റ് സോയില്‍‌സ്) 1982 ല്‍ കേരള ശാസ്ത്ര സാങ്കേതിത പരിസ്ഥിതി കൌണ്‍സില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇപ്പോള്‍ അദ്ദേഹം കേരള കാര്‍ഷികോത്പന്ന വിലനിയന്ത്രണ കമ്മീഷന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരുന്നു.

ശനിയാഴ്‌ച, ജൂലൈ 11, 2009

പൊതുമുതല്‍ നശിപ്പിക്കല്‍ വീണ്ടും

കെ.എസ്‌.യു. പ്രവര്‍ത്തകര്‍ സര്‍വകലാശാല സ്റ്റഡി സെന്റര്‍ ആക്രമിച്ചു
കോഴിക്കോട്‌: കാലിക്കറ്റ്‌ സര്‍വകലാശാലയുടെ പി.ടി.ഉഷ റോഡിലെ സ്റ്റഡിസെന്ററിന്റെ ജനല്‍ച്ചില്ലുകളും ഓഫീസ്‌ ഉപകരണങ്ങളും കെ.എസ്‌.യു. പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. ഡിഗ്രിക്ക്‌ ക്രെഡിറ്റ്‌ സെമസ്റ്റര്‍ ഏര്‍പ്പെടുത്താനുള്ള സര്‍വകലാശാലയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ്‌ അക്രമം. ഉച്ചയ്‌ക്ക്‌ രണ്ടുമണിയോടെ ഇരുപതോളം വരുന്ന പ്രവര്‍ത്തകര്‍ വടിയുമായി എത്തിയാണ്‌ സ്റ്റഡിസെന്ററിലെ താഴെ നിലയിലെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്തത്‌. ഓഫീസിലേക്ക്‌ ഓടിക്കയറിയ വിദ്യാര്‍ഥികള്‍ ജീവനക്കാരോട്‌ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന്‌ ടൈപ്പ്‌റൈറ്റര്‍ എടുത്തെറിഞ്ഞു. ഓഫീസ്‌ ഉപകരണങ്ങളും നിലത്തെറിഞ്ഞു. എന്‍ക്വയറി കൗണ്ടറിലെ മുഴുവന്‍ ചില്ലുകളും അടിച്ചുതകര്‍ത്തു.

വെള്ളയില്‍ എസ്‌.ഐ. ഇ.പി.രാമദാസിന്റെ നേതൃത്വത്തില്‍ പോലീസ്‌ എത്തുമ്പോഴേക്കും വിദ്യാര്‍ഥികള്‍ ഓടിരക്ഷപ്പെട്ടു. പോലീസ്‌ കണ്ടാല്‍ അറിയാവുന്ന 20 പേര്‍ക്കെതിരെ കേസെടുത്തു.

പി.ടി. ഉഷ റോഡിലെ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി സെന്ററിലെ ജനല്‍ച്ചില്ലുകള്‍ കെ.എസ്‌.യു. പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തപ്പോള്‍
കടപ്പാട് - മാതൃഭൂമി
കാലിക്കറ്റ് സര്‍വകലാശാലയുടെ സ്റ്റഡി സെന്റര്‍ കെഎസ്യു ആക്രമിച്ചു കെ.എസ്.യു. പ്രവര്‍ത്തകര്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ കോഴിക്കോട്ടെ സ്റ്റഡി സെന്റര്‍ ആക്രമിച്ചു.

ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായം നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു അക്രമം.
കടപ്പാട് - മനോരമ

വ്യാഴാഴ്‌ച, ജൂലൈ 09, 2009

നേതാക്കളെ സമീപിച്ചെങ്കിലും..............

നോക്കുകൂലി: യൂണിയന്‍ പോയപ്പോള്‍ മാപ്പപേക്ഷ
തുറവൂര്‍: നോക്കുകൂലി വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സി.ഐ.ടി.യു. യൂണിറ്റ്‌ പിരിച്ചുവിട്ടു. എന്നാല്‍, അധികമായി വാങ്ങിയ തുക തിരികെ നല്‍കാമെന്ന്‌ ഉറപ്പുനല്‍കുകയും മാപ്പപേക്ഷ എഴുതി നല്‍കുകയും ചെയ്‌തതിനെത്തുടര്‍ന്ന്‌ യൂണിറ്റിന്റെ അംഗീകാരം പുനഃസ്ഥാപിച്ചു.

ചേര്‍ത്തല താലൂക്ക്‌ ഹെഡ്‌ലോഡ്‌ വര്‍ക്കേഴ്‌സ്‌ യൂണിയന്റെ തുറവൂര്‍ എന്‍.സി.സി. കവലയിലുള്ള പൂള്‍ നമ്പര്‍ എം. 3 ആണ്‌ ഒരു മാസം മുമ്പ്‌ പിരിച്ചുവിട്ടത്‌. പോലീസ്‌ ഉദ്യോഗസ്ഥനായ തുറവൂര്‍ പാട്ടുകുളങ്ങര കരിപ്പായില്‍ ബിനീഷിന്റെ പരാതിയെത്തുടര്‍ന്നായിരുന്നു ഈ നടപടി. ബിനീഷിന്റെ വീടുപണിയുന്നതിനായി ടിപ്പര്‍ലോറിയില്‍ കരിങ്കല്ല്‌ എത്തിച്ചപ്പോള്‍ ഒരു ലോഡിന്‌ 254 രൂപ വീതം നോക്കുകൂലിയായി വാങ്ങിയത്രെ. 7 ലോഡ്‌ കരിങ്കല്ല്‌ ഇവിടെ ടിപ്പര്‍ലോറിയില്‍ കൊണ്ടുവന്നു. പിന്നീട്‌, സിമന്റ്‌ കൊണ്ടുവന്നപ്പോഴും ചെറിയ തോതില്‍ പ്രശ്‌നമുണ്ടായി. വീടിന്‌ തൊട്ടടുത്ത്‌ ലോറി എത്തുമെന്നിരിക്കെ തൊഴിലാളികള്‍ ശഠിച്ചതുമൂലം ലോറി റോഡരികില്‍ ഇട്ട്‌ ലോഡ്‌ ഇറക്കേണ്ടിവന്നു. ഇതിന്‌ അധിക തുക ചെലവായെന്നും ഇതിന്‌ കാരണക്കാര്‍ തൊഴിലാളികളാണെന്നും ബിനീഷ്‌ പറഞ്ഞു. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നേതാക്കളെ സമീപിച്ചെങ്കിലും തൊഴിലാളികള്‍ക്ക്‌ അനുകൂലമായാണ്‌ അവര്‍ സംസാരിച്ചതത്രെ. ഇതേത്തുടര്‍ന്നാണ്‌ ബിനീഷ്‌ ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ്‌ ചേര്‍ത്തല ഡിവിഷനില്‍ പരാതി നല്‍കിയത്‌.

പരാതിയെ കുറിച്ചന്വേഷിച്ചപ്പോള്‍ കാര്യങ്ങള്‍ സത്യമാണെന്ന്‌ ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന്‌ ഈ യൂണിറ്റ്‌ പിരിച്ചുവിടുകയായിരുന്നു. ഒരു മാസം മുന്‍പായിരുന്നു ഇത്‌. വീട്ടുടമയില്‍ നിന്ന്‌ അധികമായി വാങ്ങിയ 1500 രൂപ തിരികെ നല്‍കാമെന്നുറപ്പു നല്‍കിയ തൊഴിലാളികള്‍ പിന്നീട്‌ മാപ്പപേക്ഷ എഴുതി നല്‍കുകയും ചെയ്‌തു. ഈ സാഹചര്യത്തില്‍ യൂണിറ്റിന്റെ അംഗീകാരം പുനഃസ്ഥാപിച്ചു നല്‍കിയെന്ന്‌ ക്ഷേമനിധി ബോര്‍ഡ്‌ ചേര്‍ത്തല ഡിവിഷന്‍ ചെയര്‍മാന്‍ ഇന്‍-ചാര്‍ജ്‌ മുരളീധരന്‍ നായര്‍ പറഞ്ഞു.
കടപ്പാട് - മാതൃഭൂമി
അപ്പോള്‍ നോക്കുകൂലി വാങ്ങാന്‍ പാടില്ല എന്ന് നിയമം ഉണ്ട് അല്ലെ? പക്ഷെ ഇത് പാര്‍ട്ട് പ്രവര്‍ത്തകര്‍ക്ക് ബോധ്യപ്പെടുന്നില്ല.